

തിരുവനന്തപുരം: ഒരുകാലത്തും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സിപിഎം ഒരുഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). എം വി ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അദ്ദേഹം വസ്തുതകള്‍ വിശദീകരിച്ചിട്ടുണ്ട് അതില്‍ ആര്‍ക്കും സംശയം വേണ്ടതില്ല. സിപിഎം സ്വന്തം രാഷ്ട്രീയം എവിടെയും തുറന്നുപറയുന്ന പ്രസ്ഥാനമാണ്. എത്ര വലിയ ശത്രുവിനെ മുന്നിലും തലകുനിക്കാതെ രാഷ്ട്രീയം പറയാനും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാനും കെല്‍പ്പുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ആര്‍ എസ് എസ് ആരാധിക്കുന്നവരുടെ ഫോട്ടോയ്ക്കു മുന്നില്‍ ചിലര്‍ താണുവണങ്ങിയല്ലോ. തലയുയര്‍ത്തിനിന്നുകൊണ്ട് നേരിട്ട് കോണ്‍ഗ്രസിനെയും ബിജെപിയെയും ലീഗിനെയും ചെറുത്തുതോല്‍പ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെത്. കോലീബി സഖ്യവും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നുനിന്ന് ഞങ്ങള്‍ക്ക് നേരെ വന്ന കോണ്‍ഗ്രസിന്റെ ചിത്രവും ആരും മറന്നു പോയിട്ടില്ല. അങ്ങനെ മറക്കാനാവുകയുമില്ല. ഞങ്ങളുടെ 215 ഏറെ സഖാക്കളെയാണ് ആര്‍എസ്എസ് അരും കൊല ചെയ്തത്. ഈ നാട്ടില്‍ ആണല്ലോ അത് സംഭവിച്ചത്. ഏതെങ്കിലും ഒരു കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചതായി പറയാനാകുമോ?നിങ്ങള്‍ ആ സമയത്ത് ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ പോവുകയായിരുന്നില്ലേ? ഏറ്റവും വിശ്വസിക്കാവുന്ന മിത്രം ആയതുകൊണ്ടല്ലേ കാവല്‍ നില്‍ക്കാന്‍ ആര്‍എസ്എസുകാര്‍ കോണ്‍ഗ്രസ് നേതാക്കളെ സമീപിക്കുന്നത് ? ഇതൊക്കെ ഈ നാട്ടുകാര്‍ മനസ്സിലാക്കുന്ന കാര്യങ്ങളാണ്' - മുഖ്യമന്ത്രി പറഞ്ഞു
ആര്‍എസ്എസുമായി തങ്ങള്‍ക്ക് യോജിപ്പിന്റെ ഒരു മേഖലയും ഇല്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്ന ആര്‍എസ്എസിനെതിരെ മുന്നില്‍ നിന്ന് പോരാടുന്നവരാണ് തങ്ങള്‍. സിപിഎമ്മുകാരെ കൊലപ്പെടുത്താന്‍ ആയുധം ഒരുക്കി കാത്തിരിക്കുന്ന ആ വര്‍ഗീയക്കൂട്ടത്തോട് ഒരുതരത്തിലുള്ള സന്ധിയും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ല. കോണ്‍ഗ്രസിനെയോ യുഡിഎഫ് കക്ഷികളെയോ അല്ല; കമ്മ്യൂണിസ്റ്റുകാരെയാണ് അവര്‍ ആഭ്യന്തര ശത്രുക്കളായി കാണുന്നത്. 1925 ല്‍ ആര്‍എസ്എസ് രൂപീകരിക്കപ്പെട്ട ശേഷം ഇന്നുവരെ അവരോട് ഐക്യപ്പെടാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പോയിട്ടില്ല. ഇന്നലെയും യോജിപ്പില്ല; ഇന്നും യോജിപ്പില്ല; നാളെയും യോജിപ്പ് ഉണ്ടാവില്ല. ആര്‍എസ്എസ് എന്നല്ല; ഒരു വര്‍ഗീയ ശക്തിയോടും ഞങ്ങള്‍ ഐക്യപ്പെടില്ല.
50 വര്‍ഷം മുമ്പ് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ അമിതാധികാരവാഴ്ചക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വന്നപ്പോള്‍ ആരുടെയെങ്കിലും തണലില്‍ അല്ല ഞങ്ങള്‍ അതില്‍ പങ്കാളികളായത്. ഭരണകൂടത്തിന്റെ കൊടിയ ആക്രമണങ്ങള്‍ക്ക് ഞങ്ങളുടെ അനേകം സഖാക്കള്‍ ഇരയായി. അര്‍ദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ച അവസാനിപ്പിക്കാനുള്ള പോരാട്ടത്തിലും'അടിയന്തരാവസ്ഥ അറബിക്കടലില്‍ ' എന്ന മുദ്രാവാക്യമുയര്‍ത്തി മുന്നില്‍ തന്നെ നിന്നു. 1977ല്‍ രൂപീകൃതമായ ജനതാ പാര്‍ട്ടിയില്‍ ജനസംഘം എന്ന പാര്‍ട്ടി ലയിച്ചു ചേര്‍ന്നിരുന്നു എന്നത് മറയാക്കി ഞങ്ങളും ആര്‍എസ്എസും തമ്മില്‍ എന്തോ ധാരണയുണ്ടായിരുന്നു എന്ന് ആരോപണം ഉന്നയിക്കുന്നത് ശുദ്ധ അസംബന്ധമാണ്. അടിയന്തരാവസ്ഥ കാലത്ത് സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിട്ടില്ല. ആര്‍എസ്എസ് പോയിട്ട് ജനസംഘവുമായി പോലും സഹകരിച്ചിട്ടില്ല. ജനതാ പാര്‍ടിയുമായുള്ള തെരഞ്ഞെടുപ്പ് സഹകരണം എങ്ങനെയാണ് ജനസംഘവും ആര്‍എസ്എസും ആയുള്ള ബന്ധമാവുന്നത്?
അടിയന്തിരാവസ്ഥയ്‌ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വലിയ ചെറുത്തുനില്‍പ്പാണുണ്ടായത്. പ്രധാനമായും സോഷ്യലിസ്റ്റ് പാര്‍ടികളാണ് വിവിധ സംസ്ഥാനങ്ങളില്‍ ഈ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. 1977 ലെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അന്നത്തെ ആ വിശാല മുന്നണി ജനതാ പാര്‍ട്ടിയായി രൂപപ്പെടുകയായിരുന്നു. അടിയന്തിരാവസ്ഥയിലെ കോണ്‍ഗ്രസ്സ് ഏകാധിപത്യ ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന വിശാല ഐക്യത്തിലുണ്ടായിരുന്ന കക്ഷികള്‍ ഒന്നിച്ചു ചേര്‍ന്നാണ് ജനതാ പാര്‍ടി ഉണ്ടാവുന്നത്. ഭാരതീയ ലോക് ദള്‍, സംഘടനാ കോണ്‍ഗ്രസ്സ്, സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ പാര്‍ടികള്‍ ലയിച്ചാണ് 1977 ജനുവരി 23 ന് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. ഈ ജനതാ പാര്‍ടിയില്‍ പിന്നീട് ജനസംഘവും ലയിക്കുകയായിരുന്നു. ജനസംഘവും മറ്റ് പാര്‍ട്ടികളെ പോലെ അവരുടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടാണ് ജനതാ പാര്‍ട്ടിയില്‍ ലയിച്ചത്. സിപിഎം ഏതായാലും ജനതയില്‍ പോയി ലയിച്ചിട്ടില്ല. അന്ന് സ്വന്തം നിലയില്‍ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്യുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
