മീനച്ചില്‍ താലൂക്കില്‍ മാത്രം 400 ഓളം പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടമായി; വീണ്ടും വിവാദ പ്രസംഗവുമായി പി സി ജോര്‍ജ്

24 വയസ്സിന് മുമ്പേ പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടണം
pc george
പിസി ജോർജിന്റെ പ്രസം​ഗം ടിവി ദൃശ്യം
Updated on

കോട്ടയം: വീണ്ടും വിവാദ പ്രസംഗവുമായി ബിജെപി നേതാവ് പി സി ജോര്‍ജ്. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 ഓളം പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടമായത്. അതില്‍ 41 എണ്ണത്തെ മാത്രമാണ് തിരിച്ചു കിട്ടിയത്. ഇതിന്റെ വേദനിക്കുന്ന അനുഭവങ്ങള്‍ തനിക്കറിയാമെന്നും പിസി ജോര്‍ജ് പറഞ്ഞു.

മാതാപിതാക്കളോട് പറയാനുള്ളത്, സാറന്മാര്‍ സ്‌കൂളില്‍ പഠിപ്പിച്ചിട്ട്, പിള്ളേരെ പേടിപ്പിച്ചാലൊന്നും നടക്കുകേല. സാറന്മാര്‍ അവരുടെ കുടുംബത്തില്‍ ചര്‍ച്ച ചെയ്ത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടുക. അതോടൊപ്പം ലൗ ജിഹാദും. ക്രിസ്ത്യാനികള്‍ 24 വയസ്സിന് മുമ്പേ പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടണം. മുസ്ലിം പെണ്‍കുട്ടികള്‍ ഇങ്ങനെ പോകുന്നില്ല. എന്താ കാര്യം 18 വയസ്സാകുമ്പോഴേ അവരെ കെട്ടിച്ചു വിടും. ക്രിസ്ത്യാനികള്‍ വല്ല ജോലിയും ഉണ്ടെങ്കില്‍ 28 വയസ്സായാലും കെട്ടിക്കില്ല. ശമ്പളം ഇങ്ങുപോരട്ടെ, ഊറ്റിയെടുക്കാലോ എന്ന വിചാരത്തിലാണ്. അതാണ് പ്രശ്‌നം.

ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മദ്യവും മയക്കുമരുന്നുമാണ്. എന്നാല്‍ അതുമാത്രമാണോ കേരളത്തിന്റെ പ്രശ്‌നം. ഈരാറ്റുപേട്ട നടയ്ക്കല്‍ എന്ന സ്ഥലത്ത് ഒരു കെട്ടിടത്തില്‍ കേരളം മുഴുവന്‍ കത്തിക്കാന്‍ മാത്രമുള്ള സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചിരിക്കുകയാണ്. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകുന്നില്ല. മുമ്പ് കുറവിലങ്ങാട് പള്ളിയില്‍ ബിഷപ്പ് നാര്‍ക്കോട്ടിക് ജിഹാദും ലവ് ജിഹാദും അപകടകരമാണെന്ന് പറഞ്ഞപ്പോള്‍ എന്തു കോലാഹലമായിരുന്നു. ആയിരങ്ങളാണ് അരമനയിലേക്ക് ആക്രമിക്കാനായി വന്നതെന്ന് പിസി ജോര്‍ജ് ചോദിച്ചു.

ക്രൈസ്തവ കുടുംബങ്ങളില്‍ എല്ലാ ദിവസവും സന്ധ്യാപ്രാര്‍ഥന നിര്‍ബന്ധമാക്കണം. ഈ പ്രര്‍ഥനയ്ക്ക് അപ്പനും അമ്മയും മക്കളും ഒരുമിച്ചുണ്ടാകണം. അതിനുശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ആ ദിവസത്തെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യണം. കുട്ടികള്‍ അന്നു നടന്ന കാര്യങ്ങളെല്ലാം വിശദീകരിക്കണം. അപ്പനും അമ്മയും കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ സൗമനസ്യം കാണിക്കുക. ഇത്തരം ചര്‍ച്ചയ്ക്കിടെ മദ്യത്തിന്റെ ആസക്തി മൂലമുണ്ടാകുന്ന അപകടം കുട്ടികളെ പറഞ്ഞു മനസ്സിലാക്കി, കുടുംബങ്ങളിലൂടെയാണ് ബോധവത്കരണം നടത്തേണ്ടതെന്ന് പിസി ജോര്‍ജ് പറഞ്ഞു.

നേരത്തെ ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പ്രസം​ഗത്തിൽ ഈരാറ്റുപേട്ട പൊലീസ് പി സി ജോർജ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കർശന ഉപാധികളോടെയാണ് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചത്. കേസിൽ പി സി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കേരള ഹൈക്കോടതി, കേരള രാഷ്ട്രീയത്തിലെ സീനിയറായ നേതാവായിട്ടും പി സി ജോർജ് ഇത്തരം വിദ്വേഷ പ്രസം​ഗങ്ങൾ ആവർത്തിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com