
മക്കള്‍ കുറ്റവാളികളായാല്‍ രക്ഷിതാക്കള്‍ എന്ത് ചെയ്യും. വാത്സല്യവും മാറ്റിവച്ച് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് മക്കളെ നിയമത്തിന് വിട്ട് നല്‍കുന്ന രക്ഷിതാക്കളുണ്ടാകുമോ. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ സ്ഫടികത്തിലെ ചാക്കോ മാഷും കിരീടത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും ഇത്തരത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച അച്ഛന്‍മാരാണ്.
യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ ഇത്തരം അച്ഛന്‍മാര്‍ അല്ലെങ്കില്‍ ബന്ധുക്കള്‍ അപൂര്‍വമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. കുറ്റവാളികളെ കുടുംബം സംരക്ഷിക്കുന്ന സാഹചര്യങ്ങളില്‍ ഇവരെ കണ്ടെത്തുക പോലും ബുദ്ധിമുട്ട് നേരിടാറുമുണ്ട്. എന്നാല്‍ വികാരങ്ങള്‍ക്കപ്പുറം മോഷണക്കേസ് പ്രതികളായ മക്കളെ കണ്ടെത്താന്‍ സഹായിച്ച ഒരു പിതാവിന്റെ കഥയാണ് ഇത്തവണ കേസ് ഡയറി പങ്കുവയ്ക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ കരമനയിലാണ് സംഭവം. ആറ്റുകാല്‍ പൊങ്കാല തിരക്കിലേക്ക് നഗരം തിരിയുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി വയോധികരായ രണ്ട് സ്ത്രീകളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നെന്ന പരാതി പൊലീസിന് മുന്നിലെത്തുന്നത്. അനീഷ് കുമാര്‍ (34), സഹോദരന്‍ അജിത്ത് കുമാര്‍ (29) എന്നിവരായിരുന്നു കവര്‍ച്ചയ്ക്ക് പിന്നില്‍ എന്ന വിവരം ലഭിച്ചതോടെ ഇവരെ തേടിയിറങ്ങിയ പൊലീസ് സുപ്രധാനമായ ഒരു വിവരം ഇവരെ കുറിച്ച് ലഭിക്കുകയായിരുന്നു. ഇത് നല്‍കിയത് മറ്റാരുമായിരുന്നില്ല പ്രതികളുടെ പിതാവായ അനില്‍ കുമാര്‍ ആയിരുന്നു.
അനീഷ് കുമാര്‍, അജിത്ത് കുമാര്‍, കാര്‍ത്തിക എന്നിവരായിരുന്നു കവര്‍ച്ചയ്ക്ക് പിന്നില്‍. പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രതികള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖം ഉള്‍പ്പെടെ മറച്ചായിരുന്നു കൃത്യം നടത്തിയത്. എന്നാല്‍ സിസിടിവി നിരീക്ഷണത്തില്‍ നിന്നും പ്രതികളുടെ ശരീര പ്രകൃതി തിരിച്ചറിഞ്ഞാണ് പൊലീസ് അനില്‍ കുമാറിനെ തേടിയെത്തുന്നത്. മക്കള്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ഇതോടെയാണ് പ്രതികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലത്തെക്കുറിച്ച് അനില്‍ പൊലീസിന് വിവരങ്ങള്‍ കൈമാറിയത്. മക്കള്‍ പ്രദേശത്തുണ്ടെന്ന അനില്‍ നല്‍കിയ വിവരങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ പ്രതികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയില്ലായിരുന്നു എന്ന് കരമന സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അനൂപ് പറയുന്നു.
അനില്‍ കുമാര്‍ നല്‍കിയ വിവരവും പൊലീസ് നടത്തിയ അന്വേഷണവും പ്രതികളെ വേഗത്തില്‍ വലയിലാക്കാന്‍ സഹായിച്ചു. മക്കള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞായിരുന്നു അനിലിന്റെ ഇടപെടല്‍. പ്രതികളെ സംബന്ധിച്ച് ഊഹം മാത്രമായിരുന്നു പൊലീസിന് ഉണ്ടായിരുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്കിനെ കുറിച്ചും നാട്ടുകാരില്‍ നിന്ന് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് സുപ്രധാനമായ വിവരം അനില്‍ പങ്കുവയ്ച്ചത്. പിതാവിന്റെ സഹായത്തോടെ രണ്ട് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കാര്‍ത്തിക രക്ഷപ്പെട്ടു. എന്നാല്‍ ഇവരെയും പിന്നീട് പിടികൂടുകയായിരുന്നു.
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം ഇത്തരം ഒരു സംഭവം നടന്നു എന്നത് പൊലീസിനെയും സമ്മര്‍ദത്തിലാക്കിയിരുന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട നഗരം തിരക്കിലേറ്റ് മാറിയാല്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യതയും ഏറെ ആയിരുന്നു. മാത്രമല്ല, കേസ് പരിഹരിക്കുന്നതില്‍ വരുന്ന കാലതാമസം ഉത്സവ ദിവസങ്ങള്‍ മറ്റ് കുറ്റവാളികള്‍ക്ക് പ്രേരണയാകാനുള്ള സാധ്യതയും ഉണ്ടാക്കുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക