
തൃശൂർ: ചാലക്കുടി ചിറങ്ങരയിൽ ജനവാസമേഖലയിൽ ഇറങ്ങിയ പുലിയെ പിടിക്കാനുള്ള കൂടൊരുക്കി വനം വകുപ്പ്. പുലിയെ കണ്ട മേഖലയിലാണ് കെണി വച്ചിരിക്കുന്നത്. പച്ചില കൊണ്ടു മൂടി പ്രകൃതിയുമായി ഇണങ്ങുന്ന വിധത്തിൽ കൂടൊളിപ്പിച്ചാണ് പുലിയെ കുടുക്കുന്നത്. അതീവ വൈദഗ്ധ്യത്തോടെ വനം ജീവനക്കാർ ഒരുക്കിയ കെണിക്കൂട്ടിൽ പുലിയെ ആകർഷിക്കാൻ കറുത്ത ആട്ടിൻ കുട്ടിയെയും കെട്ടിയിട്ടുണ്ട്. വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലിക്കായി കെണി ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞദിവസം നായയെ പുലി പിടികൂടിയ സ്ഥലത്തിന് സമീപം തന്നെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. നാല് ഫോറസ്റ്റ് വാച്ചർമാർ ഉൾപ്പെടെ അഞ്ചംഗ വനപാലക സംഘം പുലിയെ നിരീക്ഷിക്കാൻ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആട്ടിൻകുട്ടിയുടെ ശബ്ദവും ഗന്ധവും പുലിയെ ആകർഷിക്കും എന്നാണ് പറയുന്നത്. ഇപ്പോൾ ഒരു കൂട് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കോർമലയിൽ സ്ഥാപിച്ചിട്ടുള്ള മറ്റൊരു കൂടും ഇവിടെ എത്തിക്കുമെന്ന് ലക്ഷ്മി പറഞ്ഞു.
ഇന്നലെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനു മുമ്പുള്ള ദിവസം നാല് കാമറകൾ സ്ഥാപിച്ചെങ്കിലും പുലിയുടെ ചിത്രം ഇവയിൽ ഒന്നും പതിഞ്ഞില്ല. കുറച്ചു ദിവസമായി പ്രദേശവാസികൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
ഇതോടൊപ്പം പുലിയെ കണ്ടു എന്ന വ്യാജ പ്രചരണവും സജീവമാണ്. ഇക്കഴിഞ്ഞ 14നാണ് ചിറങ്ങരയിൽ ധനേഷിന്റെ വീട്ടുമുറ്റത്ത് നിന്നും വളർത്തു നായയെ അജ്ഞാത ജീവികടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത്. വനം വകുപ്പ് നടത്തിയ പരിശോധനയിൽ പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക