

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്. അജിത് കുമാറിനു ക്ലീൻചിറ്റ് നൽകിയുള്ള അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിനു കൈമാറി. വീട് നിർമാണം, ഫ്ലാറ്റ് വാങ്ങൽ എന്നിവയിൽ അഴിമതിയില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. പിവി അൻവറിന്റെ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിനുള്ള തടസം മാറും.
അജിത് കുമാറിനെതിരെ അൻവർ നാല് ആരോപണങ്ങളാണ് ഉന്നയിച്ചത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിനു മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു ആരോപണം. ആരോപണം തെറ്റാണെന്നാണ് വിജിലൻസ് കണ്ടെത്തൽ.
കവടിയാറിലെ ആഡംബര വീട് പണിതതിൽ ക്രമക്കേടുണ്ട് എന്നായിരുന്നു മറ്റൊരു ആരോപണം. എന്നാൽ വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്നു അജിത് കുമാർ ഒന്നരക്കോട് വായ്പ എടുത്തുവെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ. വീട് നിർമാണം സർക്കാരിനെ അറിയിച്ചിരുന്നുവെന്നും കണ്ടെത്തി.
കുറുവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലയ്ക്കു മറിച്ചുവിറ്റു എന്നതും ആരോപണമായി ഉയർന്നു. എന്നാൽ കരാർ ആയി എട്ടു വർഷത്തിനു ശേഷമാണ് ഫ്ലാറ്റ് വിറ്റത്. സ്വാഭാവിക വില വർധന മാത്രമാണ് ഫ്ലാറ്റിനുണ്ടായത് എന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മറംമുറിയിൽ അജിത് കുമാറിനു പങ്കണ്ടെന്നായിരുന്നു നാലാമത്തെ ആരോപണം. ഇതിൽ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്തിയില്ല എന്നാണ് വിജിലൻസ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates