വിഴിഞ്ഞത്തില്‍ ഇന്ന് നിര്‍ണായകം; വിജിഎഫ് വായ്പയായി സ്വീകരിക്കണോ എന്നതില്‍ തീരുമാനമെടുക്കും

വിജിഎഫ് തുക ലാഭവിഹിതമായി തിരികെ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ വെച്ചിട്ടുള്ളത്
vizhinjam port
വിഴിഞ്ഞം തുറമുഖം
Updated on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതില്‍ ഇന്ന് മന്ത്രിസഭായോഗം തീരുമാനമെടുക്കും. വിജിഎഫ് ഇനത്തില്‍ ലഭിക്കേണ്ടത് 817 കോടി രൂപയാണ്. ദീര്‍ഘകാല വായ്പയായി തുക അനുവദിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

കേന്ദ്രം അനുവദിക്കുന്ന വിജിഎഫ് തുക ലാഭവിഹിതമായി തിരികെ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ വെച്ചിട്ടുള്ളത്. വ്യവസ്ഥകളോടെ ഫണ്ട് സ്വീകരിക്കുന്നതിന് സംസ്ഥാനത്തിന് കടുത്ത എതിര്‍പ്പുണ്ട്. കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

കേന്ദ്ര വ്യവസ്ഥകള്‍ അംഗീകരിച്ച് തുക സ്വീകരിക്കണോയെന്നതില്‍ മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുത്തേക്കും. കേരളം സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ സാധ്യതകളും ആരായും. ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 2028നകം നാലുഘട്ടങ്ങളും പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി ലഭിച്ചതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു. രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്നർ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വർധിപ്പിക്കും. തുറമുഖത്തിന്‍റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com