
മൊബൈല്‍ ആക്‌സസറീസ്, ഫോട്ടോസ്റ്റാറ്റ് കടയില്‍ എന്താണിത്ര തിരക്ക്. പെരുമ്പാവൂരിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ ചെറിയ സംശയം വെളിപ്പെടുത്തിയ വലിയ തട്ടിപ്പിന്റെ കഥയാണ് കേസ് ഡയറി ഇത്തവണ പങ്കുവയ്ക്കുന്നത്.
പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ്റ്റാഡിന് അടുത്തുള്ള ചെറിയ രണ്ട് ഷോപ്പുകള്‍. ഫോട്ടോ കോപ്പി സര്‍വീസ് മുതല്‍ ടിക്കറ്റ് സേവനങ്ങള്‍ വരെ നല്‍കുന്ന ചെറുകിട സ്ഥാപനങ്ങള്‍. രാത്രിയും പകലും പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സ്ഥാപനങ്ങളില്‍ എന്താണിത്ര തിരക്കെന്ന സംശയം ആയിരുന്നു പെരുമ്പാവൂര്‍ പൊലീസിനെ നിരീക്ഷണത്തിന് പ്രേരിപ്പിച്ചത്. തുടര്‍ച്ചയായ നിരീക്ഷണത്തില്‍ ഒരു കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. കടയില്‍ നിന്ന് മടങ്ങുന്നവരുടെ കയ്യിലെ ചില പുത്തന്‍ രേഖകളായിരുന്നു ഉണ്ടായിരുന്നത്. സംശയം ബലപ്പെട്ട പൊലീസ് മാര്‍ച്ച് ആദ്യ വാരത്തില്‍ ഇവിടെ പരിശോധനയ്ക്ക് മുതിര്‍ന്നു. ഇതോടെ പൊലീസിന് മുന്നില്‍ തെളിഞ്ഞത് വ്യാജ രേഖ നിര്‍മാണത്തിന്റെ വലിയ സംഘത്തെ തന്നെയായിരുന്നു.
ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂര്‍ എന്ന പരിപാടിയുടെ ഭാഗമായി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. കടയില്‍ പരിശോധന നടത്തിയ പൊലീസ് സംഘം ലാപ്‌ടോപുകള്‍, പ്രിന്ററുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്ക് പുറമെ 75,000 രുപയും പിടിച്ചെടുത്തു. സംഭവത്തില്‍ അസം സ്വദേശികളായ ഹരിജുള്‍ ഇസ്ലാം (26), റൈഹാനുദ്ധീന്‍ (20) എന്നിവരാണ് പിടിയിലായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കടകള്‍ ലീസിനെടുത്ത് അസം മൊബൈല്‍ ഷോപ്പ്, മൈ3 മൊബൈല്‍ എന്നീ ഷോപ്പുകള്‍ നടത്തിയിരുന്നവരികയായിരുന്നു ഇവര്‍.
റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങ്, മണി ട്രാന്‍സ്ഫര്‍ എന്നിവായിരുന്നു കടകള്‍ പരസ്യമായി വാഗ്ദാനം ചെയ്തിരുന്ന സേവനങ്ങള്‍. ഇതിന് മറവില്‍ ഇവര്‍ ആധാര്‍കാര്‍ഡ് ഉള്‍പ്പെടെ വ്യാജമായി നിര്‍മ്മിച്ച് നല്‍കുകയും ചെയ്തുവരികയായിരുന്നു - ഓപ്പറേഷന്റെ ഭാഗമായി പി എം റാസിക് പറഞ്ഞു. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആയിരുന്നു ഷോപ്പുകളിലെ പ്രധാന ഉപഭോക്താക്കള്‍. ഇവിടെ 300 മുതല്‍ 500 വരെ രൂപയ്ക്കാണ് വ്യാജ ഐഡി കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കിയിരുന്നത്. എസ് ഐ വിശദീകരിച്ചു.
''യഥാര്‍ത്ഥ ആധാര്‍ കാര്‍ഡുകളോ അവയുടെ പകര്‍പ്പുകളോ ഉപയോഗിച്ചായിരുന്നു പ്രതികള്‍ വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചത്. യുണീക്ക് ഐഡി നമ്പറിന്റെ ചില അക്കങ്ങള്‍, പ്രത്യേകിച്ച് അവസാന നാല് അക്കങ്ങള്‍, മാറ്റി, പേരുകളും വിശദാംശങ്ങളും തിരുത്തി. അവര്‍ യഥാര്‍ത്ഥ ഫോട്ടോയ്ക്ക് പകരം വ്യാജ രേഖ തേടുന്ന വ്യക്തിയുടെ ഫോട്ടോ പതിച്ച് നല്‍കുന്നതായിരുന്നു ഇവരുടെ രീതി. റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരം വ്യാജ ആധാര്‍ കാര്‍ഡുകള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാല്‍ മൊബൈല്‍ സിം, മറ്റ് ഔദ്യോഗിക രേഖകള്‍ എന്നിവ സ്വന്തമാക്കാന്‍ ഇത്തരം വ്യാജരേഖകള്‍ ഉപയോഗിച്ചിരുന്നു എന്ന് അന്വേഷിച്ച് വരികയാണ്. വ്യാജ ആധാര്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയവരെ കുറിച്ചും തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിനെ കുറിച്ചും അന്വേഷിച്ച് വരികയാണ്'' എ എസ് പി പറയുന്നു.
വ്യാജ രേഖകകള്‍ സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരുടെ കൈകളില്‍ എത്തിയിട്ടുണ്ടോ എന്നുള്‍പ്പെടെ പരിശോധിച്ച് വരികയാണെന്ന് മറ്റൊരു ഉദ്യോഗസ്ഥനും ചൂണ്ടിക്കാട്ടുന്നു. കൊച്ചിയിലെ എടവനക്കാട് ബംഗ്ലാദേശി ദമ്പതികള്‍ പിടിയിലായ സംഭവവും ഉദ്യോഗസ്ഥന്‍ ഉദാഹരിക്കുന്നു. വ്യാജ ആധാര്‍ കാര്‍ഡുകള്‍, തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡുകള്‍, പശ്ചിമ ബംഗാളില്‍ നിന്ന് ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ വ്യാജ രേഖകളുമായിട്ടായിരുന്നു ദമ്പതികള്‍ കഴിഞ്ഞുവന്നിരുന്നത്. കേരളത്തില്‍ ഈ ദമ്പതികള്‍ വ്യാജ രേഖ ഉപയോഗിച്ച് ഭൂമി പോലും വാങ്ങി. അതിനാല്‍, പെരുമ്പാവൂരിലെ കടകളില്‍ നിന്നുള്ള വ്യാജ ഐഡികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക