
പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനത്ത് സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് സ്ഥലം മാറ്റം ചോദിച്ച വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജിന് രണ്ടു ദിവസം അവധി അനുവദിച്ചു. പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കാണ് വില്ലേജ് ഓഫീസര്‍ അപേക്ഷ സമര്‍പ്പിച്ചത്. നികുതി കുടിശ്ശിക അടയ്ക്കാന്‍ ഫോണിലൂടെ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ കഴിഞ്ഞദിവസം സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു ഓഫീസില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു.
കൂടാതെ ഫോണില്‍ നിരവധി ഭീഷണി കോളുകളും വരുന്നുണ്ട്. അതുകൊണ്ട് നാരങ്ങാനം വില്ലേജ് ഓഫീസില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ ഭയമാണെന്നും, സ്ഥലംമാറ്റം നല്‍കണമെന്നും അതുവരെ അവധി അനുവദിക്കണമെന്നുമാണ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയത്. സ്ഥലംമാറ്റത്തില്‍ റവന്യൂ സെക്രട്ടറിയുമായി കൂടിയാലോചിച്ച് മാത്രമേ നടപടി സ്വീകരിക്കാനാവൂ എന്നാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ പ്രേം കൃഷ്ണന്‍ വ്യക്തമാക്കിയത്.
2024 ഓഗസ്റ്റിൽ സസ്പെൻഷൻ നടപടി നേരിട്ട ആളാണ് വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. എന്നാൽ പരാതിയിൽ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു. എന്നാൽ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും, അന്വേഷണം പൂർത്തിയാകുമ്പോൾ സത്യം തെളിയുമെന്നുമാണ് ഈ വിഷയത്തിൽ വില്ലേജ് ഓഫീസർ ജോസഫ് ജോർജ് പ്രതികരിച്ചത്.
ഭീഷണി സംബന്ധിച്ച് വില്ലേജ് ഓഫീസർ നൽകിയ പരാതി കലക്ടർ ഇന്നലെ തന്നെ ആറന്മുള പൊലീസിന് കൈമാറിയിരുന്നു. അതേസമയം വില്ലേജ് ഓഫീസർക്ക് എതിരായ നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. പ്രകോപിപ്പിച്ചത് വില്ലേജ് ഓഫീസറാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക