
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് ക്യാംപസുകളിലെ റാഗിങ്ങും മയക്കുമരുന്ന് ഉപയോഗവും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണത്തിനും നിയമനടപടികള്‍ക്കും അപ്പുറം പോകാന്‍ തീരുമാനിച്ച് കേരള പൊലീസ്. സ്‌കൂളുകളില്‍ വിജയകരമായി നടപ്പാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി (എസ്പിസി) കോളജുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിര്‍ദേശം ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കും.
യുവാക്കളെ ബോധവല്‍ക്കരിക്കുന്നതിനും കാംപസുകളില്‍ നിന്ന് തിന്മകളെ മോചിപ്പിക്കുന്നതിനുമായി കോളജുകളിലേക്ക് കൂടി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ 2026 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് കേരള പൊലീസ് പദ്ധതിയിടുന്നത്. സാമൂഹിക തിന്മകളെ നേരിടാന്‍ സജ്ജരായ, നിയമം അനുസരിക്കുന്നവരും സേവനമനസ്‌കരുമായ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2010ലാണ് കേരളത്തിലെ സ്‌കൂളുകളില്‍ എസ്പിസി പദ്ധതി ആരംഭിച്ചത്. നിലവില്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇതില്‍ ചേരാന്‍ കഴിയൂ.
താല്‍പ്പര്യമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ ഘടനാപരവും നൂതനവുമായ പരിശീലന സിലബസ് തയ്യാറാക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കോളജ് തലത്തിലുള്ള എസ്പിസിയുടെ പ്രധാന ലക്ഷ്യം കേഡറ്റുകള്‍ക്കിടയില്‍ നിയമ അവബോധം സൃഷ്ടിക്കുക, മയക്കുമരുന്ന് ആസക്തി, റാഗിങ് പോലുള്ള തിന്മകളെ ചെറുക്കുക എന്നിവയാണ്. കോളജുകളില്‍ പദ്ധതി നടപ്പാക്കുന്നത് പൊലീസിനെ കോളജ് വിദ്യാര്‍ഥികളുമായി കൂടുതല്‍ കാര്യക്ഷമമായി ഇടപഴകാന്‍ സഹായിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
''സ്‌കൂളുകളില്‍ എസ്പിസി ആരംഭിച്ചതിനുശേഷം, വിദ്യാര്‍ഥി കേന്ദ്രീകൃത കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. പദ്ധതി ഒരു പോസിറ്റിവിറ്റി അന്തരീക്ഷം സൃഷ്ടിച്ചു. ഇത് അധ്യാപക സമൂഹവും സ്‌കൂള്‍ അധികൃതരും അഭിനന്ദിച്ചു. കോളജുകളില്‍ അവതരിപ്പിച്ചാല്‍, പദ്ധതി വിദ്യാര്‍ഥികളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,'- പൊലീസ് വ്യത്തങ്ങള്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍, കോളജ് തലത്തിലുള്ള എസ്പിസി പദ്ധതിയുടെ സിലബസ് രൂപീകരിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അടിസ്ഥാന സിലബസ് ഉണ്ട്. കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ളത് കൂടുതല്‍ സങ്കീര്‍ണ്ണവും ആകര്‍ഷകവുമായിരിക്കണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രായോഗിക പരിശീലന പദ്ധതികള്‍ക്കും കൂടുതല്‍ സാധ്യത ഉണ്ടായിരിക്കണം. അത് യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടാന്‍ കേഡറ്റുകളെ പ്രാപ്തരാക്കും,''- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിലവിലെ എസ്പിസി പരിശീലന സിലബസ് രണ്ട് വര്‍ഷത്തെ ഒരു പ്രോഗ്രാമാണ്. ആരോഗ്യവും ശാരീരികക്ഷമതയും വികസിപ്പിക്കുക, വിദ്യാര്‍ഥികളില്‍ സാമൂഹിക മൂല്യങ്ങളും ശേഷി വികസനവും വളര്‍ത്തുക എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എക്‌സൈസ്, ഗതാഗതം, വനം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹായത്തോടെ പൊലീസ് ആണ് ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക