
ന്യൂഡല്‍ഹി: സിപിഎമ്മിന്റെ ജനകീയാടിത്തറ ശക്തമാക്കുകയും രാഷ്ട്രീയ സ്വാധീനം വിപുലപ്പെടുത്തുകയുമാണ് പാര്‍ട്ടിയുടെ മുന്നിലെ പ്രധാന ലക്ഷ്യമെന്ന് പി ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ഇളവ് അനുവദിക്കുമോയെന്ന് കാരാട്ട് വ്യക്തമാക്കിയില്ല. ആര്‍ക്കെങ്കിലും ഇളവു നല്‍കേണ്ടതുണ്ടെങ്കില്‍, പാര്‍ട്ടി കോണ്‍ഗ്രസിലാകും അന്തിമ തീരുമാനമെടുക്കുക എന്നും പ്രകാശ് കാരാട്ട് പറഞ്ഞു. പര്‍വേസ് സുല്‍ത്താന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രകാശ് കാരാട്ട് മനസ്സു തുറന്നത്.
കഴിഞ്ഞ തവണ പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി ആയതിനാല്‍ ഇളവ് നല്‍കുകയായിരുന്നു. സര്‍ക്കാരില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുണ്ട്. അതോടൊപ്പം, പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ അദ്ദേഹം ഉണ്ടായിരിക്കണമെന്നും തീരുമാനിച്ചു. ഇത്തവണ പിണറായിക്ക് പ്രത്യേക ഇളവ് അനുവദിക്കണോ എന്ന് പുതുതായി പരിശോധിക്കും. എന്തെങ്കിലും ഇളവ് നല്‍കുകയാണെങ്കില്‍, മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അക്കാര്യം തീരുമാനിക്കും.
പാര്‍ട്ടി നേതൃ കമ്മിറ്റിയില്‍ നിന്നും പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ നേതാക്കളെ മാറ്റുന്നതിനെ പ്രകാശ് കാരാട്ട് ന്യായീകരിച്ചു. പാര്‍ട്ടി കമ്മിറ്റികളെക്കുറിച്ച് സിപിഎമ്മിന് വിശാലമായ നയമുണ്ട്. തുടര്‍ച്ചയ്ക്കും മാറ്റത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. എല്ലാ പാര്‍ട്ടി സമ്മേളനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസുകളിലും, ചില മുതിര്‍ന്ന ആളുകള്‍ സ്ഥാനമൊഴിയുന്നു, പകരം ചില പുതിയ ആളുകള്‍ വരുന്നു. ഇതിനര്‍ത്ഥം പ്രായമായ ആളുകള്‍ പാര്‍ട്ടിയില്‍ നിന്നും പോകുന്നു എന്നല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
തുടര്‍ച്ചയും മാറ്റവും ഒരുമിച്ച് കൊണ്ടുപോകാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. മധുരയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും കേന്ദ്ര കമ്മിറ്റിയിലേക്കും പോളിറ്റ് ബ്യൂറോയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിലും ഇ തത്വമാകും പിന്തുടരുക. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനറല്‍ സെക്രട്ടറി ഇല്ലാതെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറി വരും. കാരാട്ട് പറഞ്ഞു.
പാര്‍ട്ടിക്ക് വനിതാ ജനറല്‍ സെക്രട്ടറി ഉണ്ടാകുമോയെന്ന ചോദ്യത്തിന് കാരാട്ട് വ്യക്തമായ മറുപടി നല്‍കിയില്ല. ലിംഗമോ മറ്റെന്തെങ്കിലും മാനദണ്ഡമോ അടിസ്ഥാനമാക്കിയല്ല ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഏറ്റവും സജ്ജരായവര്‍ ആരാണെന്നാണ് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും വിലയിരുത്തുകയെന്ന് കാരാട്ട് പറഞ്ഞു. 85 അംഗ സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ 15 വനിതകള്‍ മാത്രമേ ഉള്ളൂവെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, സ്ത്രീകളുടെ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ചില മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. പാര്‍ട്ടി തെരഞ്ഞെടുപ്പ് അവലോകനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചുണ്ട്. ചെറിയ പാര്‍ട്ടികളുമായി സഖ്യം കൂടിയ ബിജെപിയുടെ എന്‍ഡിഎ സഖ്യം, കേരളത്തില്‍ 19 ശതമാനം വോട്ടു നേടിയിട്ടുണ്ട്. ആദ്യമായിട്ടാണ് അവര്‍ ഇത്രയധികം വോട്ടുകള്‍ നേടിയത്. നിയമസഭ തെരഞ്ഞെടുപ്പിന്റേത് പോലെയല്ല കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് രീതി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തനങ്ങളുടെ സ്വാധീനത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates