
കണ്ണൂര്‍: അവശനിലയില്‍ കണ്ട, അപൂര്‍വ്വമായി കണ്ടുവരുന്ന വെള്ള വയറന്‍ കടല്‍ പരുന്തിനെ ചികിത്സ നല്‍കി രക്ഷിച്ച് കണ്ണൂര്‍ ജില്ലാ വെറ്ററിനറി ആശുപത്രി. ജില്ലാ വെറ്റിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ. പത്മരാജനാണ് പരുന്തിനെ ചികിത്സിച്ചത്. മൂന്ന് ദിവസത്തെ ചികിത്സയ്ക്കു ശേഷം പരുന്തിനെ തനത് ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടും.
അതീവ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഈ ഇനത്തില്‍പ്പെട്ട പരുന്തിനെ കഴിഞ്ഞ ദിവസം തലശേരി ഉസന്‍ മൊട്ടയിലെ ഒരു വീട്ടില്‍ നിന്നും പക്ഷിമൃഗസ്‌നേഹികളുടെ സംഘടനയായ മാര്‍ക്ക് പ്രവര്‍ത്തകരാണ് രക്ഷിച്ചത്. മാര്‍ക്ക് പ്രവര്‍ത്തകര്‍ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച കടല്‍ പരുന്തിന് വലത്തെ ചിറകിന് പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സ നല്‍കിയത്. ഉയരം കൂടിയ മരങ്ങളില്‍ കൂട്ടുകൂടുന്ന പക്ഷിയാണിത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം കണ്ടുവരുന്നതാണ് വെള്ള വയറന്‍ പരുന്തുകള്‍.
ഹലീറ്റുസ് ലെകൊഗെസര്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവയെ മുന്‍കാലങ്ങളില്‍ ധാരാളമായി കണ്ടിരുന്നുവെങ്കിലും ഇപ്പോള്‍ റെഡ് ലിസ്റ്റില്‍പ്പെട്ട വംശനാശം നേരിടുന്ന പക്ഷിയാണിത്. മാഹി മുതല്‍ ഗോവന്‍ തീരങ്ങള്‍ വരെയാണ് മുന്‍ കാലങ്ങളില്‍ വെള്ളവയറന്‍ പരുന്തുകളെ കണ്ടു വന്നിരുന്നത്. എന്നാല്‍ നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം വിരലില്‍ എണ്ണാവുന്നത്രയും പക്ഷികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളുവെന്ന് മാര്‍ക്ക് പ്രവര്‍ത്തകര്‍ പറഞ്ഞു. ഉയരമുള്ള മരങ്ങളില്‍ കൂടുകൂട്ടി താമസിക്കുന്ന ഇവയുടെ പ്രധാന ആഹാരം കടല്‍ പാമ്പുകളും കടല്‍ ആമകളുമാണ്. മറ്റു പരുന്തുകളെ അപേക്ഷിച്ച് പറക്കുമ്പോള്‍ പൂര്‍ണമായും വെള്ളനിറത്തിലാണ് ഇവയെ ദൃശ്യമാവുക. വയറും ചിറകിന്റെ ഉള്‍വശവും പൂര്‍ണമായും വെള്ളനിറത്തിലാണ്. ഉസന്‍ മൊട്ടയിലെ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മാര്‍ക്ക് പ്രവര്‍ത്തകര്‍ സംരക്ഷണമേറ്റെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ