
കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസമായി മൺസൂൺ സ്വാഭവത്തിലുള്ള മഴയാണ് ലഭിക്കുന്നത്. സാധാരണഗതിയിൽ ഇടവപ്പാതി എന്നറിയപ്പെടുന്ന മഴക്കാലം ആരംഭിക്കുന്നത് കാലാവസ്ഥ കലണ്ടർ പ്രകാരം ജൂൺ ഒന്നിനാണ്. എന്നാൽ പലപ്പോഴും മെയ് മാസം ഈ മഴ കേരളത്തിലെത്താറുണ്ട്. കഴിഞ്ഞ 25 വർഷത്തെ ചരിത്രമെടുത്താൽ ഏറ്റവും കൂടുതൽ തവണ മെയ് മാസത്തിലാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തിയത്. ഇന്ന് കേരളത്തിൽ മൺസൂൺ ( Monsoon)എത്തിയതായി പ്രഖ്യാപനം വന്നു. കാലവർഷകലണ്ടർ പ്രകാരമുള്ള ജൂൺ എന്ന ദിവസത്തേക്കാൾ എട്ട് ദിവസം മുമ്പാണ് ഇത്തവണ മൺസൂൺ കേരളത്തിലെത്തിയത്. എങ്ങനെയാണ് മൺസൂൺ എത്തിയതായി പ്രഖ്യാപിക്കുന്നത്. അതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെ?
ഇത്തവണ മെയ് 27 എന്ന തിയ്യതിയാണ് കാലാവസ്ഥ നിഗമന പ്രകാരം മഴയെത്താനുള്ള ഏകദേശ ദിവസം പ്രവചിച്ചിരുന്നത്. ഈ ദിവസത്തിന് നാല് ദിവസം മുമ്പോ നാല് ദിവസം ശേഷമോ മൺസൂൺ എത്താം. ആ വ്യത്യാസം ഏഴ് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ നീങ്ങാമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഇത്തവണ മെയ് 24 ന് കാലവർഷം എത്തിയേക്കാമെന്ന് ഏതാനും ദിവസം മുമ്പ് വിവിധ കാലവസ്ഥാ മോഡലുകൾ പ്രവചിച്ചിരുന്നു. ആ പ്രവചനം പോലെ മെയ് 24 തന്നെ കേരളത്തിൽ മൺസൂൺ എത്തിയതായി പ്രഖ്യാപനം വന്നു. 15 വർഷത്തിനുള്ളിൽ ഏറ്റവും നേരത്തെ എത്തുന്നത് ഇത്തവയാണ്.
ഇത്തവണ കാലവർഷം എത്തുന്ന പ്രക്രിയയിലും കേരളത്തെ സംബന്ധിച്ച് മാറ്റമുണ്ടായിട്ടുണ്ട്. സാധാരണ ഗതിയിൽ തെക്കൻ പ്രദേശങ്ങളിൽ മഴയാരംഭിച്ച് വടക്കോട്ട് നീങ്ങി ജൂലൈ എട്ടിനും 15 നും ഇടയിൽ രാജ്യമൊട്ടാകെ മഴ വ്യാപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത്തവണ ഇതിന് വിപരീതമായി കേരളത്തിലെ തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ കൂടുതലായി മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.
മൺസൂണിന്റെ ആരംഭം പല ഘട്ടങ്ങളിലായാണ് സംഭവിക്കുന്നത്, ഇന്തോ-പസഫിക് മേഖലയിലെ വലിയ തോതിലുള്ള അന്തരീക്ഷ, സമുദ്ര പ്രവാഹങ്ങളിൽ സംഭവിക്കുന്ന ഒരു പ്രധാന മാറ്റത്തിലൂടെയാണ് മൺസൂൺ രൂപപ്പെടുന്നതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
നിലവിൽ, കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നതായി പ്രഖ്യാപിക്കുന്നതിന് 2016 ൽ സ്വീകരിച്ച പുതിയ മാനദണ്ഡമാണ് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉപയോഗിക്കുന്നത്, ഇത് കേരളത്തിലും അയൽ പ്രദേശങ്ങളിലുമുള്ള 14 മഴ സ്റ്റേഷനുകളിൽ ലഭിക്കുന്ന പ്രതിദിന മഴ, തെക്കുകിഴക്കൻ അറബിക്കടലിലെ കാറ്റിന്റെ ശക്തി, ഭൗമ വികിരണം (ലോങ് വേവ് റേഡിയേഷൻ -OLR- ഭൂമിയുടെ ഉപരിതലം, സമുദ്രങ്ങൾ, അന്തരീക്ഷം എന്നിവ ബഹിരാകാശത്തേക്ക് പുറപ്പെടുവിക്കുന്ന ഊർജ്ജത്തിന്റെ അളവുകോലാണിത് ) എന്നിവയെ അടിസ്ഥാനമാക്കിയാണ്.
കേരളത്തിൽ മഴയുടെ കുത്തനെയുള്ള വർദ്ധനവ്, വലിയ തോതിലുള്ള മൺസൂൺ പ്രവാഹം, 600 ഹെക്ടാപാസ്കൽ- hPa -(അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള യൂണിറ്റാണ് ഹെക്ടാപാസ്കൽ അഥവാ hpa) വരെ പടിഞ്ഞാറൻ കാറ്റിന്റെ വ്യാപനം എന്നിവയാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ പ്രഖ്യാപനത്തിനുള്ള പുതിയ മാനദണ്ഡങ്ങളിൽ പ്രധാനം . എന്നാൽ, മഴയുടെ കുത്തനെയുള്ള വർദ്ധനവും കുറച്ച് ദിവസത്തേക്ക് അതിന്റെ സ്വഭാവസവിശേഷതകളും അന്തരീക്ഷ ചംക്രമണ സവിശേഷതകളിലെ അനുബന്ധ മാറ്റങ്ങളും കണക്കിലെടുത്താകും, മറ്റ് പ്രദേശങ്ങൾക്ക് മൺസൂൺ ആരംഭ/പുരോഗതി തീയതികൾ പ്രഖ്യാപിക്കുന്നത്.
കാലാവസ്ഥാ വകുപ്പ് പട്ടികപ്പെടുത്തിയിട്ടുള്ള 14 മഴ സ്റ്റേഷനുകളിൽ മെയ് 10-ന് ശേഷം, ലഭ്യമായ മഴയുടെ 60%, ( മിനിക്കോയ്, അമിനി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗലാപുരം )എന്നിവിടങ്ങളിൽ തുടർച്ചയായി രണ്ട് ദിവസത്തേക്ക് 2.5 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ ലഭിച്ചിരിക്കണം.
പടിഞ്ഞാറൻ കാറ്റിന്റെ ശക്തി 600 hPa വരെ ഉണ്ടാകണം , അതിർത്തി പങ്കിടുന്ന പ്രദേശത്ത് സോണൽ കാറ്റിന്റെ( ഭൂമധ്യരേഖയ്ക്ക് സമാന്തരമായി ഒരേ അക്ഷാംശത്തിൽ സഞ്ചരിക്കുകയും അന്തരീക്ഷത്തെ താപവൽക്കരിക്കുന്നതിൽ പങ്കു വഹിക്കുകയും ചെയ്യുന്ന കാറ്റുകളെയാണ് സോണൽ കാറ്റ് എന്ന് വിളിക്കുന്നത്. )വേഗത 925 hPa ൽ 15 - 20 Kts ( കാറ്റിന്റെ വേഗത അളക്കുന്നതിനുള്ള യൂണിറ്റാണ് നോട്ട് Knot അഥവാ kts) ആയിരിക്കണം.
ഒ എൽ ആർ OLR മൂല്യം 200 wm-2 (വാട്ട്സ് പെർ സ്ക്വയർ മീറ്റർ എന്ന വികിരണം അളക്കുന്ന അളവ്) ൽ താഴെയായിരിക്കണം.
ഇത്രയും ഘടകങ്ങൾ ഒത്തുവന്നാൽ ആദ്യം പറഞ്ഞ മഴക്കണക്കിനെ അടിസ്ഥാനമാക്കി മൺസൂൺ പ്രഖ്യാപനം നടത്താം.
രാജ്യത്തുടനീളം മൺസൂണിന്റെ കൂടുതൽ വ്യാപനം പ്രഖ്യാപിക്കുന്നത് a) ഉപവിഭാഗങ്ങളുടെ ചില ഭാഗങ്ങളിൽ/സെക്ടറുകളിൽ മഴ പെയ്യുന്നതിനെ അടിസ്ഥാനമാക്കിയും മൺസൂണിന്റെ വടക്കൻ പരിധിയുടെ സ്ഥലപരമായ തുടർച്ച നിലനിർത്തുന്നതിനെ അടിസ്ഥാനമാക്കിയും പ്രഖ്യാപിക്കാം.
ഇതിനൊപ്പം, ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് അനുമാനിക്കപ്പെടുന്നതുപോലെ, പടിഞ്ഞാറൻ തീരത്ത്, പരമാവധി മേഘമേഖലയുടെ സ്ഥാനം ,ജലാംശ വ്യാപ്തി വിലയിരുത്തുന്നതിന് ഉപഗ്രഹ ജലബാഷ്പ ചിത്രങ്ങൾ നിരീക്ഷിക്കുക എന്നീ സംവിധാനങ്ങളും പരിഗണിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണം നടത്തുന്നവർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ