
കൊച്ചി: എറണാകുളം കാലടിയിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി (suresh gopi). മഴയില്‍ കാറില്‍ നിന്നിറങ്ങിയ സുരേഷ് ഗോപി റോഡിലെ കുഴികള്‍ പരിശോധിച്ചു. തൊട്ടുപിന്നാലെ എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി പൊതുമരാമത്ത് സെക്രട്ടറിയെ ഫോണ്‍ വിളിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആണ് മന്ത്രി തൃശൂരിലേക്ക് പോകും വഴി ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. പൈലറ്റ് വാഹനത്തില്‍ നിന്നുള്ളവര്‍ ഇറങ്ങി മന്ത്രിയെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പ്രദേശവാസികളെത്തി സുരേഷ് ഗോപിയോട് തങ്ങളുടെ ദുരിതം വിവരിക്കുകയായിരുന്നു. 'പറഞ്ഞ് പറഞ്ഞ് ഞങ്ങള്‍ തോറ്റു സാര്‍. കുഴിയടക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയ്ക്കും ബെന്നി ബഹന്നാന്‍ എംപിയ്ക്കുമെല്ലാം കത്തുനല്‍കി. ഒരാഴ്ചയിലേറെയായിട്ട് ഇങ്ങനെയാണ് സാര്‍ സ്ഥിതി. മഴ തുടരുന്നതിന് മുന്‍പ് തന്നെ ഇക്കാര്യമെല്ലാം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല' നാട്ടുകാരന്‍ മന്ത്രിയോട് പറഞ്ഞു.
നാട്ടുകാരും മാധ്യമങ്ങളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപി റോഡിലിറങ്ങി കുഴികള്‍ പരിശോധിച്ചു. പിന്നാലെ എംപി പൊതുമരാമത്ത് സെക്രട്ടറിയെ വിളിച്ചു. 'കാലടി ഭാഗത്ത് കൂടെ പോകുമ്പോള്‍ നാട്ടുകാരും മാധ്യമങ്ങളും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റോഡില്‍ ഇറങ്ങി പാലത്തില്‍ നില്‍ക്കുകയാണ്. ഈ കുഴിയൊന്ന് അടച്ചുകൊടുത്താല്‍ മതി. ഇപ്പോ തന്നെ ആരെങ്കിലും ഒന്നുവരുമോ?' മന്ത്രി പൊതുമരാമത്ത് സെക്രട്ടറിയോട് ഫോണില്‍ ആവശ്യപ്പെട്ടു. കുഴികള്‍ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പു നല്‍കിയതായി സുരേഷ് ഗോപി പറഞ്ഞു.
കുഴികള്‍ കാരണം കാലടി പാലത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മന്ത്രിയുടെ ഇടപെടല്‍ ഫലം കാണുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ