

കണ്ണൂർ: ഫേസ്ബുക്കിലൂടെ വധഭീഷണിയും വെല്ലുവിളി പോസ്റ്റുകളുമിട്ടത് താൻ തന്നെയാണെന്ന് അർജുൻ ആയങ്കി പൊലീസിന് മൊഴി നൽകി. സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടാൻ പല സ്ഥലങ്ങളിൽ നിന്നുള്ള പൊതു വൈഫൈ ശൃംഖലകളാണ് ഉപയോഗിച്ചതെന്നും ഇയാൾ വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങൾ അയക്കാൻ അർജുൻ ഉപയോഗിച്ച ഐഫോൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അർജുൻ ആയങ്കിയെ മുൻപ് പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിന് സമീപത്തെ ഷൂ റാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഐഫോൺ 16 പ്രോ ഫോൺ കണ്ടെത്തിയത്. നേരത്തെ അർജുൻ പിടിയിലായ സമയത്ത് ഒരു വിവോ ഫോൺ മാത്രമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാൽ ഈ ഫോണിൽ നിന്നല്ല ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടതെന്ന് അന്വേഷണത്തിൽ തെളിയുകയായിരുന്നു.തലശ്ശേരി സിജെഎം കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട അർജുനെ വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഫേസ്ബുക്ക് കുറിപ്പുകളെക്കുറിച്ചും കമന്റുകളെക്കുറിച്ചും ഇയാൾ വെളിപ്പെടുത്തിയത്. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുന്ന വഴികളിൽ പൊതുയിടങ്ങളിലെ വൈഫൈ കണക്ഷനാണ് ഇതിനായി ഉപയോഗിച്ചതെന്ന് അർജുൻ പറഞ്ഞു.
കസ്റ്റഡി കാലാവധി ആരംഭിച്ചതോടെ അർജുൻ ആയങ്കിയുമായി പൊലീസ് തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു. കണ്ണൂരിൽ ഇയാൾ ഒളിവ് ജീവിതം നയിച്ച പ്രധാന കേന്ദ്രങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് പൂർത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായി തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിയെ എത്തിക്കും. അതേസമയം ചോദ്യം ചെയ്യലിനോട് അർജുൻ ആയങ്കി കൃത്യമായി സഹകരിക്കാത്തത് അന്വേഷണസംഘത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates