

കോഴിക്കോട്: നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നു. അദ്ദേഹം ജയിൽവാസത്തിനിടയിൽ രചിച്ച 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന നോവലിന്റെ പ്രകാശന ചടങ്ങിലാണ് രൂപേഷ് മുഖ്യാതിഥിയാകുന്നത്. രൂപേഷ് ജയിലിലായിരുന്ന സമയത്ത് ഈ നോവൽ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി ജയിൽ അധികൃതർ ബോധപൂർവ്വം വൈകിപ്പിച്ചത് വലിയ വാർത്തയായിരുന്നു. തുടർന്ന് പ്രമുഖ സാംസ്കാരിക-സാഹിത്യ നായകർ രൂപേഷിന് നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
നിലവിൽ താൻ ജാമ്യത്തിലാണെന്നും അതുകൊണ്ടുതന്നെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇനി ആരുടെയും അനുമതി തേടേണ്ടതില്ലെന്നും രൂപേഷ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി. ഇതൊരു വെറുമൊരു പുസ്തക പ്രകാശനം മാത്രമല്ല. ഇപ്പോഴും ജയിലുകളിൽ കഴിയുന്ന നിരവധി രാഷ്ട്രീയ തടവുകാരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കൽ കൂടിയാണ് ഈ ചടങ്ങ്. ജയിലിലുള്ള തടവുകാരുടെ ബന്ധുക്കൾ ചേർന്നാണ് നോവൽ പ്രകാശനം ചെയ്യുക — രൂപേഷ് പറഞ്ഞു.
രൂപേഷ് അവസാനമായി ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടത് 2001-ൽ വയനാട്ടിൽ നടന്ന ഒരു പ്രതിഷേധ സമരത്തിലായിരുന്നു. അതിനുശേഷം ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചിരുന്ന ഇയാളെ 2015-ൽ കോയമ്പത്തൂരിന് സമീപത്തുനിന്നാണ് ഭാര്യ പിഎ ഷൈനയോടൊപ്പം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് വർഷങ്ങളോളം നീണ്ട ജയിൽവാസത്തിന് ശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ് രൂപേഷ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.ജയിൽ ജീവിതത്തിന്റെ അതികഠിനമായ ഒറ്റപ്പെടലിൽ നിന്നും സ്വയം രക്ഷപ്പെടാനുള്ള ഒരു സർഗ്ഗാത്മക ശ്രമമായിരുന്നു ഈ നോവലെന്ന് രൂപേഷ് പറയുന്നു. ആ സർഗ്ഗാത്മക കൂട്ടായ്മയിലൂടെയാണ് താൻ ജയിൽ ദിനങ്ങളെ അതിജീവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 12-ന് തൃശ്ശൂരിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത കവി കെ. സച്ചിദാനന്ദൻ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കും അവരുടെ മോചനത്തിനും വേണ്ടിയുള്ള ഒരു കൂട്ടായ്മയായി കൂടിയാകും ഈ ചടങ്ങ് മാറുകയെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates