

പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട ഫണ്ട് ബോധപൂർവം തടഞ്ഞുവെച്ച് യുഡിഎഫ് സർക്കാർ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമായ എം.ബി. രാജേഷ് ആരോപിച്ചു. പാലക്കാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കേണ്ടതെങ്കിലും, ബോധപൂർവം പണം നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്തെ 1,200-ലേറെ തദ്ദേശ സ്ഥാപനങ്ങളും നിശ്ചലാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
അംഗൻവാടികളിലെ പോഷകാഹാര പദ്ധതി, പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള നിരവധി ക്ഷേമ-വികസന പദ്ധതികൾ പ്രതിസന്ധിയിലായിരിക്കുകയാണെന്നും, സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെട്ടിരിക്കുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
നിലവിലെ ഒമ്പതംഗ ബോർഡ് ഭേദഗതി ചെയ്ത നിയമത്തിലെ നിർബന്ധിത ഘടന പാലിക്കുന്നില്ലെന്ന് പ്രാഥമികമായി വിലയിരുത്തിയ കേരള ഹൈക്കോടതി ജൂലൈ 15-ന് ബോർഡിന്റെ പ്രധാന നയപരമായ തീരുമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ട് അമുസ്ലിം അംഗങ്ങളും ഷിയ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയും ബോർഡിൽ ഇല്ലെന്നതായിരുന്നു ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണം. അന്തിമ വിധി വരുന്നതുവരെ ബോർഡിന്റെ പ്രവർത്തനങ്ങൾ സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണമെന്നും കോടതി നിർദേശിച്ചു.
മുസ്ലിം ലീഗിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. ലീഗ് നേതൃത്വത്തിന് യു.ഡി.എഫിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ആരോപിച്ച അദ്ദേഹം, "സ്‌പെയിൻ ലയണൽ മെസിയെ പൂട്ടിയതുപോലെ ലീഗിനെ മുഖ്യമന്ത്രി പൂട്ടിയിരിക്കുകയാണ്. ലീഗിന്റെ നട്ടെല്ല് സതീശന് അടിയറവെച്ചു. ലീഗിന്റെ മന്ത്രി പോലും ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല," - രാജേഷ് കുറ്റപ്പെടുത്തി.
ഡി.വൈ.എഫ്.ഐയുടെ 'പൊതിച്ചോർ' പദ്ധതിയെ ചൊല്ലിയുള്ള വിവാദത്തെയും എം.ബി. രാജേഷ് വിമർശിച്ചു. "അന്നത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന ഇടുങ്ങിയ ചിന്താഗതിയാണ് യു.ഡി.എഫിനുള്ളത്. പൊതിച്ചോർ വാങ്ങി കഴിക്കുന്നവർ അത് ആരാണ് നൽകുന്നതെന്ന് നോക്കിയല്ല ഭക്ഷണം കഴിക്കുന്നത്. ഡി.വൈ.എഫ്.ഐ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്," അദ്ദേഹം പറഞ്ഞു.
"അന്നത്തിൽ പോലും രാഷ്ട്രീയം കാണുകയാണ്. ബി.ജെ.പി അടുക്കളയിൽ ബീഫ് ഉണ്ടോയെന്ന് നോക്കുന്നതുപോലുള്ള സമീപനമാണ് ചിലർ സ്വീകരിക്കുന്നത്," എന്നും എം.ബി. രാജേഷ് പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates