

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമായ നിയമപോരാട്ടത്തിലേക്ക്. നിയമപ്രകാരം നിശ്ചിത ഇടവേളകളിൽ കൗൺസിൽ യോഗങ്ങൾ വിളിച്ചുചേർക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി നഗരസഭാ ചെയർപേഴ്സൺ എംകെ ജയസുധയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ മുസ്ലിം ലീഗ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
മുനിസിപ്പൽ നിയമപ്രകാരം ഒരു മാസത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും കൗൺസിൽ യോഗം ചേരണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് ലീഗ് നേതാക്കളായ പിഎംഎ. ജലീൽ, എം ഉമർ ഫാറൂഖ്, ടി.ഫൈസ്, പിപി.മുഹമ്മദ് കാസിം എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം രണ്ട് തവണ കൗൺസിൽ യോഗങ്ങൾ ചേരുന്നതിൽ വലിയ കാലതാമസമുണ്ടായിട്ടുണ്ട്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 47 ദിവസത്തെയും, ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ 39 ദിവസത്തെയും ഇടവേളയ്ക്ക് ശേഷമാണ് കൗൺസിൽ യോഗങ്ങൾ ചേർന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.
കൗൺസിൽ യോഗങ്ങൾ കൃത്യസമയത്ത് ചേരാത്തത് മൂലം റോഡ് വികസനം, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, തെരുവുനായ നിയന്ത്രണം തുടങ്ങിയ പ്രധാന ജനകീയ-നഗര വികസന വിഷയങ്ങൾ ഉന്നയിക്കാൻ കൗൺസിലർമാർക്ക് സാധിച്ചില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ലീഗ് കൗൺസിലർമാർ വാർഡ് സഭകൾ വിളിച്ചുചേർത്തില്ലെന്ന് ആരോപിച്ച് മൂന്ന് പേർ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മുൻ വാർഷിക പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും പദ്ധതികൾക്കുള്ള ഫണ്ട് ഉറപ്പാക്കുന്നതിലും നഗരസഭ വരുത്തിയ വീഴ്ചയാണ് വാർഡ് സഭകൾ വൈകാൻ കാരണമെന്നാണ് ലീഗിന്റെ വിശദീകരണം.
എന്നാൽ മുസ്ലിം ലീഗിന്റെ ആരോപണങ്ങൾ എൽഡിഎഫ് നേതൃത്വവും നഗരസഭാ അധ്യക്ഷയും പൂർണ്ണമായും തള്ളി. എല്ലാ മാസങ്ങളിലും കൃത്യമായി കൗൺസിൽ യോഗങ്ങൾ ചേർന്നിട്ടുണ്ടെന്നും യാതൊരുവിധ നടപടിക്രമ ലംഘനങ്ങളും ഉണ്ടായിട്ടില്ലെന്നും ചെയർപേഴ്സൺ എംകെ ജയസുധ വ്യക്തമാക്കി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷയെ നീക്കാൻ അവിശ്വാസ പ്രമേയത്തിലൂടെ മാത്രമേ സാധിക്കൂ എന്നും, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പുറത്താക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണപക്ഷം ആരോപിച്ചു. ഇരുപക്ഷവും വ്യത്യസ്ത നിയമവഴികൾ തേടിയതോടെ ഒറ്റപ്പാലം നഗരസഭയിലെ തർക്കം പുതിയ രാഷ്ട്രീയ-നിയമ പോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates