കൊച്ചി മുസ്‌രിസ് ബിനാലെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമോ

കൊച്ചി മുസ്‌രിസ് ബിനാലെ നടത്തിപ്പ് ബിനാലെ ഫൗണ്ടേഷനില്‍നിന്നു ട്രസ്റ്റിലേക്കു മാറ്റാന്‍ ശ്രമിച്ച സര്‍ക്കാര്‍ നടപടിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരന്വേഷണം
കൊച്ചി മുസ്‌രിസ് ബിനാലെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമോ

കേരളത്തിന്റെ സാംസ്‌കാരിക അഭിമാനമായി മാറിയ കൊച്ചി മുസ്രിസ് ബിനാലെയുടെ നാലാം എഡിഷന്‍ അടുത്ത ഡിസംബറില്‍ നടക്കാനിരിക്കെ ബിനാലെ ഫൗണ്ടേഷന്റെ സാമ്പത്തിക വിനിമയങ്ങള്‍ സംശയനിഴലില്‍. സംസ്ഥാന സര്‍ക്കാര്‍ ഏഴരക്കോടിയാണ് 2016 ഡിസംബറില്‍ നടന്ന മൂന്നാമത് ബിനാലെയ്ക്ക് നല്‍കിയത്. ഇതുവരെ നല്‍കിയത് 20 കോടിയിലേറെ. ഇത്തവണ ഒരു കോടി രൂപ മുന്‍കൂര്‍ നല്‍കിക്കഴിഞ്ഞു. ഇനി ലഭിക്കാനുള്ള തുക കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതലായിരിക്കും എന്നാണ് സൂചനകള്‍. എന്നാല്‍, വിഖ്യാത കലാകാരന്മാരായ ബോസ് കൃഷ്ണമാചാരി പ്രസിഡന്റും റിയാസ് കോമു സെക്രട്ടറിയുമായ 11 അംഗ ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിനുള്ളിലും ബിനാലെ ഫൗണ്ടേഷനിലും കാര്യങ്ങള്‍ ഭദ്രമല്ല. സംശയനിഴലില്‍ എന്നതിനും ഭദ്രമല്ല എന്നതിനും അഴിമതി എന്നല്ല നേരിട്ട് അര്‍ത്ഥം; എന്നാലോ സുതാര്യമല്ല സാമ്പത്തിക കാര്യങ്ങള്‍ എന്നാണുതാനും. അതത്ര നിസ്സാരവുമല്ല. വ്യക്തമായ സൂചനകള്‍ ബിനാലെയുടെ ഉള്ളില്‍നിന്നുതന്നെ കിട്ടിയതുകൊണ്ടാണ് മലയാളം വാരിക ആ ദിശയില്‍ ഒരു അന്വേഷണവുമായി ഇറങ്ങിത്തിരിച്ചത്. ബോസ് കൃഷ്ണമാചാരിയുമായും ഫൗണ്ടേഷന്‍ ട്രഷററും ആജീവനാന്ത ട്രസ്റ്റിയുമായ ബോണി തോമസുമായും ജനറല്‍ മാനേജര്‍ എന്‍.പി. കുര്യനുമായും മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി.കെ. സിറാജുദ്ദീനുമായും ഞങ്ങള്‍ സംസാരിച്ചു, വിവരാവകാശ നിയമപ്രകാരം ടൂറിസം വകുപ്പില്‍നിന്നും ഫൗണ്ടേഷനില്‍നിന്നും വിവരങ്ങള്‍ തേടി. ചോദ്യാവലിയിലെ ഒരു ഭാഗത്തിന് സര്‍ക്കാരില്‍നിന്നും പിന്നീടുള്ളതിന് ഫൗണ്ടേഷനില്‍നിന്നും മറുപടികള്‍ ലഭിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ. ബാലനുമായും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും ബിനാലെയുടെ തുടക്കം മുതല്‍ ഓരോ ഇഞ്ചിലും ഒപ്പമുണ്ടായിരുന്ന മുന്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവുമായും വിവരങ്ങള്‍ പങ്കുവച്ച് പ്രതികരണം തേടി. ചിലര്‍ തുറന്നടിച്ചു, ചിലര്‍ സൂചനകള്‍ തന്നു. ചിലര്‍ പാതി മറച്ചുവച്ചു സംസാരിച്ചു. ഒരു കുഴപ്പവുമില്ലെന്നും എല്ലാം നന്നായി നടക്കുന്നുവെന്നും ഇവരിലാരും പറഞ്ഞില്ല എന്നത് ശ്രദ്ധേയം. പറഞ്ഞ രീതികള്‍ വ്യത്യസ്തമാണെന്നു മാത്രം. 

''സര്‍ക്കാര്‍ നല്‍കുന്ന പണം മാത്രമല്ല, ബിനാലെ അല്ലാതെയും പണം സമാഹരിക്കുന്നുണ്ട് എന്നതു ശരിതന്നെ. പക്ഷേ, സര്‍ക്കാര്‍ കൂടി നല്‍കുന്ന പണംകൊണ്ടാണല്ലോ ബിനാലെ നടത്തുന്നത്. അതിനൊരു അക്കൗണ്ടബിലിറ്റി ഉണ്ടാകണം. അതാണ് സര്‍ക്കാര്‍ നിലപാട്'' എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 
''കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ കൊടുക്കുന്ന സാഹചര്യത്തില്‍ ഓഡിറ്റിന്റെ പരിധിയില്‍ വരണം. അതുകൊണ്ടാണ് ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിനെ സര്‍ക്കാരിന് നിയന്ത്രണമുള്ള സഹകരണ സംഘമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ഇടപെടുകയും മുഖ്യമന്ത്രി യോഗം വിളിക്കുകയും ചെയ്തതെന്നാണ് മനസ്സിലാകുന്നത്'' എന്ന് മന്ത്രി എ.കെ. ബാലന്‍.

''ബിനാലെയെ സര്‍ക്കാര്‍ കയ്യടക്കാന്‍ ശ്രമിക്കുന്നതായി തോന്നിയിട്ടില്ലെന്നും സര്‍ക്കാരാണ് ബിനാലെ ഉണ്ടാക്കാന്‍ തീരുമാനിച്ചത്'' എന്നും ബോണി തോമസ്. 
''തെറ്റുകള്‍ വന്നാല്‍ പരിഹരിക്കുക തന്നെ വേണം. ഞാന്‍ തന്നെ ആവശ്യപ്പെട്ടിട്ടു ജനറല്‍ മാനേജര്‍ എന്‍.പി. കുര്യനെക്കൊണ്ട് ഒരു ആഭ്യന്തര അന്വേഷണം നടത്തിയത് അതിനുവേണ്ടിയാണ്. എനിക്കറിയണമല്ലോ എന്താണ് നടക്കുന്നതെന്ന്. ഒരാളെയും അതില്‍നിന്ന് ഒഴിവാക്കിയിട്ടില്ല'' എന്ന് ബോസ് കൃഷ്ണമാചാരി.
 
ബിനാലെ നടത്തിപ്പുമായി ബന്ധപ്പെട്ട് പല തലങ്ങളില്‍നിന്നു പുറത്തേയ്ക്കു വരുന്ന പുകപടലങ്ങളാണ് ഈ പ്രതികരണങ്ങള്‍. തീയില്ലാതെ പുകയുണ്ടാകില്ല എന്നത് ലളിത സത്യം. പുകയ്ക്കുള്ളില്‍നിന്നു സത്യം കണ്ടെത്താനുള്ള ശ്രമങ്ങളുടെ തുടക്കമാണിത്. സര്‍ക്കാര്‍ പ്രതിനിധികള്‍ ട്രസ്റ്റില്‍ ഉണ്ടാകുന്നതിനു പുറമേ ബിനാലെയുടെ സാമ്പത്തികവശം കണിശമായി നിരീക്ഷിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക സംവിധാനമുണ്ടാകണമെന്നും ബോണി തോമസ് നിര്‍ദ്ദേശിക്കുന്നു. അറിവും അനുഭവവുമുള്ള ധനകാര്യ വിഭാഗം ബിനാലെയ്ക്കുണ്ടാവുകയും വേണം. കൊച്ചിക്കാരന്‍ എന്ന നിലയിലും കൊച്ചിയേയും കേരളത്തേയും നന്നായി അറിയുന്ന ആള്‍ എന്ന നിലയിലും ബോണി തോമസ് തുടക്കം മുതല്‍ കൊച്ചി ബിനാലെയുടെ ജീവവായു ആയിരുന്നു. മുംബൈയില്‍ ഇക്കണോമിക്ക് ടൈംസില്‍ കാര്‍ട്ടൂണിസ്റ്റും ഇല്ലസ്ട്രേറ്ററുമായിരുന്ന ബോണി തോമസ് ബിനാലെയുടെ രൂപീകരണത്തോടൊപ്പമാണ് കൊച്ചിയില്‍ സ്ഥിരതാമസമായത്. ബിനാലെയുടെ കൊച്ചിയില്‍ ജീവിക്കുന്ന ഏക ആജീവനാന്ത ട്രസ്റ്റി. ബിനാലെയ്ക്കും സര്‍ക്കാരിനും ബിനാലെയ്ക്കും മാധ്യമങ്ങള്‍ക്കും ഇടയിലെ കണ്ണിപോലെ ബോണി പ്രവര്‍ത്തിച്ചു. എന്നാല്‍, മാസങ്ങളായി അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ബിനാലെയില്‍ ഇല്ല. ബിനാലെയ്ക്കായി സമയം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് വിശദീകരണം. ട്രഷറര്‍ എന്ന നിലയില്‍ ബിനാലെയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് മറുപടി ''തൃപ്തികേടുകള്‍ ട്രസ്റ്റിനെ അറിയിക്കുന്നുണ്ട്'' എന്നാണ്. അതൃപ്തിയുണ്ട് എന്നു വ്യക്തം. 

എന്തൊക്കെയാണ് സംഭവിക്കുന്നത്
കൊച്ചി ബിനാലെ നടത്തിപ്പിന് സൊസൈറ്റി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യത്തില്‍ നിന്നുതന്നെ തുടങ്ങണം. മൂന്നു ബിനാലെകളുടെ കാലത്ത് ട്രസ്റ്റിന്റെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്നയാളെ രണ്ടു മാസം മുന്‍പ് മാറ്റിയതിനു പിന്നിലെന്ത് എന്നതാണ് രണ്ടാമത്തെ ചോദ്യം. ഏഴ് വര്‍ഷം മുന്‍പ് രൂപീകരിക്കുകയും മൂന്ന് അന്തര്‍ദ്ദേശീയ ബിനാലെകള്‍ വിജയകരമായി നടത്തുകയും ചെയ്ത കൊച്ചി ബിനാലെ ഫൗണ്ടേഷനെ സര്‍ക്കാരിന് പഴയതുപോലെ വിശ്വാസമില്ലാത്തതു കൊണ്ടാണോ സൊസൈറ്റി രൂപീകരണത്തെക്കുറിച്ച് ആലോചിച്ചത് എന്ന മറ്റൊരു ചോദ്യമാണ് ആദ്യത്തേതിനുള്ള മറുപടി. അതെ എന്ന ഉത്തരത്തിനു കാര്യങ്ങളും കാരണങ്ങളുമുണ്ട്. പൊതുഖജനാവില്‍നിന്ന് വന്‍ തുക ബിനാലെ നടത്തിപ്പിന് നല്‍കുന്നു എന്നതാണ് പ്രധാന കാര്യം; അതിന്റെ വിനിയോഗത്തില്‍ വേണ്ടത്ര സുതാര്യതയില്ല എന്ന ആശങ്ക കാരണങ്ങളില്‍ മുഖ്യവും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം 2017 ഡിസംബര്‍ 20-ന് തിരുവനന്തപുരത്ത് ഇതു സംബന്ധിച്ച ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി, ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക്, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ബിനാലെ ട്രസ്റ്റ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു, ട്രഷറര്‍ ബോണി തോമസ് എന്നിവരും ഉള്‍പ്പെടെ പങ്കെടുത്ത അതീവ ഗൗരവമുള്ള യോഗം. പക്ഷേ, സൊസൈറ്റി എന്ന നിര്‍ദ്ദേശത്തോട് ബിനാലെ ട്രസ്റ്റ് ഭാരവാഹികള്‍ യോഗത്തില്‍ അനുകൂലമായി പ്രതികരിച്ചില്ല. സര്‍ക്കാര്‍ അതിനു സമ്മര്‍ദ്ദം ചെലുത്തിയുമില്ല. എന്നാല്‍, ബിനാലെ ട്രസ്റ്റിനെ അതിന്റെ വഴിക്ക് വിടാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നില്ല സര്‍ക്കാരിന്റെ ആ വിട്ടുവീഴ്ച. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മലയാളം വാരികയോട് ഇതിനേക്കുറിച്ച് പ്രതികരിച്ചതിലും ടൂറിസം വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലും ഇതു വ്യക്തം. മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് ട്രസ്റ്റ് ഭാരവാഹികളേയും അംഗങ്ങളേയും ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പില്‍ വ്യക്തമായും പറയുന്നത് സൊസൈറ്റി രൂപീകരണത്തെക്കുറിച്ചു തന്നെയാണ്. ''കൊച്ചി ബിനാലെ ഫൗണ്ടേഷന് അര്‍ഹമായ പ്രാതിനിധ്യം നല്‍കിക്കൊണ്ട് ഒരു സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി 20.12.2017ന് വൈകിട്ട് അഞ്ച് മണിക്കു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നു. താങ്കള്‍ യോഗത്തില്‍ കൃത്യമായും പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു'' എന്നാണ് ക്ഷണം. സര്‍ക്കാര്‍ പ്രതിനിധികളെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉടക്കിട്ടുനിന്ന ഫൗണ്ടേഷന്‍ താഴേയ്ക്കു വന്നതാണ് ഇപ്പോള്‍ സൊസൈറ്റിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം മാറ്റിവച്ചതിനു കാരണം. ബിനാലെയെക്കുറിച്ച് തുടക്കത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളെ പിന്‍വലിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പരമാബദ്ധം പിണറായി വിജയന്‍ സര്‍ക്കാര്‍ തിരുത്തുകയാണ്. അതാകട്ടെ, ഒന്നും കാണാതെയല്ല എന്നുറപ്പ്.

ലോകമാകെ അറിയുന്ന കേരളത്തിന്റെ സാംസ്‌കാരിക പ്രസ്ഥാനമാണ് ബിനാലെ ഇന്ന്. കൊച്ചി-മുസ്രിസ് ബിനാലെ എന്ന പേരില്‍ രണ്ടു കൊല്ലത്തില്‍ ഒരിക്കല്‍ അന്തര്‍ദ്ദേശീയ കലാപ്രദര്‍ശനം സംഘടിപ്പിക്കുന്ന ബിനാലെ ഫൗണ്ടേഷന്‍ അതിന്റെ ധനകാര്യ വിഭാഗത്തിന്റെ മേധാവിയെ ആസ്ഥാനത്തുനിന്ന് നീക്കിയത് സാധാരണ ഭരണപരമായ നടപടിയായിരുന്നില്ല. ട്രസ്റ്റിലെ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും അതൃപ്തിയോടെ വിരല്‍ചൂണ്ടിയതുകൊണ്ടുമല്ല. സാമ്പത്തിക നടത്തിപ്പ് പാളം തെറ്റിയിരിക്കുന്നു എന്ന് വസ്തുതാപരമായി മനസ്സിലാക്കിയതു കൊണ്ടുതന്നെ. അതുമായി ബന്ധപ്പെട്ട് ഫൗണ്ടേഷനുള്ളില്‍ ഒരു അന്വേഷണം നടന്ന കാര്യം ബോസ് കൃഷ്ണമാചാരി സമ്മതിക്കുകയും ചെയ്തു. മുംബൈയില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തില്‍ ബോണി തോമസ് അറിയിച്ച അതൃപ്തിയാണ് ധനകാര്യ മേധാവിയുടെ സ്ഥാനമാറ്റത്തിന് പ്രധാന കാരണമായതെന്ന സൂചനകള്‍ ലഭിക്കുന്നത് ബിനാലെ കേന്ദ്രങ്ങളില്‍നിന്നു തന്നെയാണ്. എന്നാല്‍, ധനകാര്യ മേധാവിയെ മാറ്റിയതിന്റെ കാരണം ബോണി തോമസും വെളിപ്പെടുത്തുന്നില്ല. ''ബിനാലെയില്‍ അഴിമതി ഇല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും'' എന്നും ''ധനകാര്യ വിഭാഗത്തിലേക്ക് യോഗ്യതയും പരിചയസമ്പന്നതയുമുള്ള ഒരാളെ നിയമിക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ധനവിനിയോഗം ക്രമപ്രകാരവും പരാതികള്‍ക്ക് ഇടനല്‍കാതെയുമാണെങ്കില്‍ നിലവിലുള്ള മേധാവിയെ മാറ്റാനും പുതിയ ആളെ നിയമിക്കാനും തീരുമാനിക്കേണ്ടതില്ല എന്നുറപ്പ്.

''ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിന് സാമ്പത്തിക സുതാര്യത ഇല്ലെന്ന് സര്‍ക്കാര്‍ പറയുന്നില്ല. പക്ഷേ, അത്തരം ചില ആക്ഷേപങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. അതിനെക്കുറിച്ച് അന്വേഷിക്കും'' എന്ന് ടൂറിസം മന്ത്രി പറയുന്നതില്‍ വ്യക്തമായ സൂചനകളുണ്ട്. ബിനാലെയെക്കുറിച്ചു നല്ലതുമാത്രം പറയുന്ന ഒരു അവലോകന റിപ്പോര്‍ട്ട് കഴിഞ്ഞ നവംബറില്‍ സ്വകാര്യ ഏജന്‍സി തയ്യാറാക്കിയിരുന്നു. ഏറെ അഭിമാനത്തോടെയാണ് ബിനാലെ ഭാരവാഹികള്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ചു സംസാരിക്കുന്നത്. അതുപക്ഷേ, ബിനാലെയുടെ ഉള്ളില്‍ നീറുന്ന ഇത്തരം കാര്യങ്ങളിലേക്ക് സ്വാഭാവികമായും പോയിട്ടില്ല. തയ്യാറാക്കിയ റിപ്പോര്‍ട്ടിനെത്തന്നെ കൈയൊഴിയുന്ന പതിവ് വാചകങ്ങള്‍ വായനക്കാര്‍ക്കുള്ള ഔപചാരിക അറിയിപ്പായി അതിന്റെ തുടക്കത്തില്‍ത്തന്നെയുണ്ടുതാനും. ''ഇന്റര്‍നെറ്റില്‍നിന്നും ഗവേഷണ റിപ്പോര്‍ട്ടുകളില്‍നിന്നും ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ആളുകളുമായി സംസാരിച്ചതില്‍നിന്നും ലഭിച്ച വിവരങ്ങളാണ് ഇത് തയ്യാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. അത്തരം വിവരങ്ങളെക്കുറിച്ച് ഞങ്ങള്‍ സ്വതന്ത്ര അന്വേഷണം നടത്തുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല.'' അവരുടെ 'ഡിസ്‌ക്ലെയിമര്‍.'

തുടക്കം, തുടര്‍ച്ച
2012 ഡിസംബര്‍ 12-ന് (12-12-12) കൊച്ചി ബിനാലെ തുടങ്ങുന്നതിന് മുന്നോടിയായ പ്രവര്‍ത്തനങ്ങള്‍ 2010-ല്‍ തുടങ്ങിയപ്പോള്‍ത്തന്നെ സംസ്ഥാന സര്‍ക്കാര്‍ അതിനോട് വളരെ പോസിറ്റീവായ നിലപാടാണ് സ്വീകരിച്ചത്. പിന്തുണ നല്‍കണം എന്നുറപ്പിക്കുകയും ചെയ്തു. അതേസമയം ബിനാലെ നടത്തിപ്പ് തികച്ചും പ്രൊഫഷണലായിരിക്കണം എന്നുകൂടി തീരുമാനിച്ചിരുന്നു. അതായത് ബിനാലെയെ സാമ്പത്തികമായി ഉള്‍പ്പെടെ പിന്തുണയ്ക്കുമ്പോള്‍ത്തന്നെ അതില്‍ ഇടപെടാതിരിക്കുക. അതില്‍നിന്നുള്ള മാറ്റമാണ് ഇപ്പോഴത്തേത്. അത് പെട്ടെന്നുണ്ടായതുമല്ല. 

കുറിപ്പു തയ്യാറാക്കി മന്ത്രിസഭയില്‍ വച്ചു ചര്‍ച്ച ചെയ്താണ് ബിനാലെയെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, 2010-ല്‍ സാംസ്‌കാരിക മന്ത്രി ആയിരുന്ന എം.എ. ബേബിയുടേയും എറണാകുളം എം.പി. കെ.വി. തോമസിന്റേയും ടൂറിസം സെക്രട്ടറി ആയിരുന്ന ഡോ. വി. വേണുവിന്റേയും മറ്റും സഹകരണത്തെക്കുറിച്ചു പറയുമ്പോഴും 'ഞങ്ങള്‍ ഉണ്ടാക്കിയ ട്രസ്റ്റ്' എന്നാണ് ബോസ് കൃഷ്ണമാചാരി പറയുന്നത്. യഥാര്‍ത്ഥത്തില്‍ ആയിരങ്ങളോ ലക്ഷങ്ങളോ നല്‍കി ടൂറിസം വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന വിവിധ പരിപാടികളെക്കാളൊക്കെ പ്രാധാന്യം നല്‍കിയതുകൊണ്ടാണ് മന്ത്രിസഭാതലത്തില്‍ത്തന്നെ തീരുമാനമെടുത്തത്. പിന്തുണയുടെ സ്വഭാവം നിസ്സാരമായിരിക്കരുത് എന്ന ധാരണയും അന്നേ രൂപപ്പെട്ടിരുന്നു. അതിന്റെ രൂപരേഖ ഇങ്ങനെ: ഒരു ട്രസ്റ്റ് രൂപീകരിച്ച് ബിനാലെ നടത്തുക, ആ ട്രസ്റ്റിന് സാമ്പത്തികമായി ഉള്‍പ്പെടെ സര്‍ക്കാര്‍ പിന്തുണ നല്‍കുക. വേറെയും ആളുകളില്‍നിന്നും ട്രസ്റ്റ് പണം വാങ്ങും. ആത്യന്തികമായി ട്രസ്റ്റായിരിക്കും ബിനാലെയുടെ നടത്തിപ്പുകാരും ഉടമസ്ഥരും. സര്‍ക്കാര്‍ അതിന്റെ ഭാഗമാണ്. പക്ഷേ, നിയന്ത്രണത്തിലേക്ക് പോകണ്ട. നിയന്ത്രണത്തിലേക്ക് പോയാല്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ മറ്റു നിയന്ത്രണങ്ങളുടെ സ്വാഭാവിക പരിധിയിലേക്കും ബിനാലെ വരും.

അത് അന്ന് സ്വീകരിക്കപ്പെട്ടു. പക്ഷേ, അന്ന് സര്‍ക്കാരിന് പറ്റിയ ഒരു പിഴവ്, പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നാണ് മന്ത്രിസഭാ കുറിപ്പില്‍ എഴുതിയത്. യഥാര്‍ത്ഥത്തില്‍ അങ്ങനെ എഴുതേണ്ട ആവശ്യമില്ലായിരുന്നു. ഇന്ത്യന്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം പബ്ലിക് ട്രസ്റ്റും പ്രൈവറ്റ് ട്രസ്റ്റുമില്ല. ട്രസ്റ്റേയുള്ളു. ഏതായാലും ആ ട്രസ്റ്റ് രൂപീകരിച്ചു. അതില്‍ സര്‍ക്കാര്‍ പ്രതിനിധികളായി ധനകാര്യം, ടൂറിസം, സാംസ്‌കാരിക വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംകൊടുക്കുന്നതില്‍ സര്‍ക്കാര്‍കൂടി പങ്ക് വഹിക്കുമെന്നും ധാരണയായി. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഉപദേശക അധികാരത്തോടുകൂടി ജനപ്രതിനിധികളുടെ ഒരു സമിതി ഉണ്ടായിരിക്കണം എന്നും തീരുമാനിച്ചു. ഇതാണ്, ഈ വിശാല രൂപമാണ് കൊച്ചി ബിനാലെ ട്രസ്റ്റിന്റെ രൂപമായി അംഗീകരിക്കപ്പെട്ടത്. എന്നാല്‍, നാല് ആജീവനാന്ത അംഗങ്ങളും ഏഴ് ക്ഷണിതാക്കളും ഉള്‍പ്പെട്ട ട്രസ്റ്റല്ലാതെ ഉപദേശക അധികാരമുള്ള ജനപ്രതിനിധികളുടെ സമിതി കടലാസില്‍നിന്നു യാഥാര്‍ത്ഥ്യത്തിലേക്ക് വന്നില്ല. ഒന്നാം ബിനാലേയ്ക്ക് മുന്‍പുതന്നെ ചില പ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ പിന്‍വലിക്കുകയും ചെയ്തു. അതേസമയം, ബിനാലെയ്ക്കു നേരെ പൂര്‍ണ്ണമായി വാതില്‍ കൊട്ടിയടയ്ക്കുന്ന സമീപനം സ്വീകരിച്ചുമില്ല.

2014 ഡിസംബറിലെ അടുത്ത ബിനാലെയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ ഒരു പുതിയ ആശയം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായി. ബിനാലെ നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസും കബ്രാല്‍ യാര്‍ഡും സര്‍ക്കാര്‍ ഏറ്റെടുക്കുക. അത് സര്‍ക്കാരിന്റെ കൈയില്‍ നില്‍ക്കേണ്ടവയാണ് എന്നും സര്‍ക്കാരിന് സാംസ്‌കാരിക ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാവുന്ന സ്ഥലങ്ങളാണ് എന്നും അംഗീകരിക്കപ്പെട്ടു. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ബിനാലെ. അക്കാലത്ത് ബിനാലെയ്ക്കും ഉപയോഗിക്കാം. കളക്ടറോട് റിപ്പോര്‍ട്ട് വാങ്ങുന്നതുള്‍പ്പെടെ ഒരു ഭാഗത്ത് അത് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുപോയി. ഭാവിയില്‍ അത് ഏതുവിധം ഗുണപരമായി വിനിയോഗിക്കാനാകും എന്ന തരത്തിലുള്ള കാര്യങ്ങള്‍കൂടി മുന്നില്‍ കണ്ടുകൊണ്ട് ഏറ്റെടുക്കണം എന്ന് തത്ത്വത്തില്‍ തീരുമാനിച്ചു. അത് സംസ്ഥാന സര്‍ക്കാരിന്റെ പ്ലാനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഏറ്റെടുക്കല്‍ നടക്കാതെ തന്നെ ബിനാലെയുടെ രണ്ടാം എഡിഷനും കഴിഞ്ഞു. 

2016 ഡിസംബറിലെ ബിനാലെയ്ക്കു മുന്‍പുതന്നെ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായി. ബിനാലെ ട്രസ്റ്റില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തേണ്ടതും അവര്‍ അവിടെ സര്‍ക്കാര്‍ നിലപാട് പറയേണ്ടത് ആവശ്യമാണെന്നും ടൂറിസം വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു. തീരുമാനങ്ങളെ സര്‍ക്കാരിന് സ്വാധീനിക്കാനാകണമെങ്കില്‍ അത് കൂടിയേ തീരൂ എന്നാണ് ചൂണ്ടിക്കാണിച്ചത്. ഇതു വ്യക്തമാക്കി ബിനാലെ ഫൗണ്ടേഷന് എഴുതുകയും ചെയ്തു. സര്‍ക്കാര്‍ നേരത്തെ പ്രതിനിധികളെ പിന്‍വലിച്ചതല്ലേ എന്നായിരുന്നു അതിനോട് ബോസ് കൃഷ്ണമാചാരി നടത്തിയ ആദ്യ പ്രതികരണം. ഇനിയിപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിന് സാങ്കേതികമായ ചില തടസ്സങ്ങളുണ്ടെന്നും പറഞ്ഞു. എങ്കില്‍ അത് ഔദ്യോഗികമായി അറിയിക്കണമെന്ന് വകുപ്പും പ്രതികരിച്ചു. അല്ലെങ്കില്‍ പ്രശ്‌നമാകുമെന്നും വ്യക്തമാക്കി. സര്‍ക്കാരിന് ഒരു ഉത്തരവാദിത്ത്വവുമില്ലാതെ പണം തരാന്‍ പറ്റില്ലെന്ന സംശയരഹിതമായ നിലപാടുകൂടിയായിരുന്നു അത്. സര്‍ക്കാര്‍ പണം തരുമ്പോള്‍ സര്‍ക്കാര്‍ കൂടി പങ്കാളികളായാല്‍ മാത്രമേ സര്‍ക്കാര്‍ ഇതിനെ ശ്രദ്ധിച്ചിരുന്നു എന്ന് നാളെ ഒരു അന്വേഷണം വന്നാല്‍ ബോധ്യപ്പെടുകയുള്ളു എന്ന ആ നിലപാട് ജാഗ്രതയോടെയുള്ളതായിരുന്നു. അപ്പോഴും, നിങ്ങളെ നിയന്ത്രിക്കാനല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്ന് ബിനാലെയെ ബോധ്യപ്പെടുത്താനും ശ്രമിച്ചു. 2012-ല്‍നിന്നു 2016-ലേക്കുള്ള മാറ്റം മനസ്സിലാക്കാന്‍ ബുദ്ധിയുള്ള ബിനാലെ ഭാരവാഹികള്‍ക്ക് സാധിച്ചു. സര്‍ക്കാരിനെ പിണക്കിയാല്‍ കാര്യങ്ങള്‍ സുഗമമാകില്ല എന്ന തിരിച്ചറിവുണ്ടായതുകൊണ്ട് അത് അവര്‍ സമ്മതിച്ചു. 

ബിനാലെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഓരോ പ്രതിനിധികളെ ആവശ്യപ്പെട്ടുകൊണ്ട് സാംസ്‌കാരിക വകുപ്പിനും ധനകാര്യ വകുപ്പിനും ടൂറിസം വകുപ്പ് എഴുതി. ഇതുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നില്‍ എത്തിയപ്പോള്‍ ഇനി ഒരു സൊസൈറ്റി രൂപീകരിച്ച് അതിനു കീഴില്‍ ബിനാലെ നടത്തിയാല്‍ മതി എന്ന് അദ്ദേഹം എഴുതി. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമായി പഠിച്ചാണ് ആ തീരുമാനമെടുത്തത്. അത് ബോസ് കൃഷ്ണമാചാരിയുടെ തന്നെ വാക്കുകളില്‍ കേള്‍ക്കുക: '2010 മുതലുള്ള കാര്യങ്ങളെക്കുറിച്ച് വളരെ നന്നായി മുഖ്യമന്ത്രി പഠിച്ചിരിക്കുന്നു. അദ്ദേഹം ആ യോഗത്തില്‍ സംസാരിച്ചപ്പോള്‍ അത് മനസ്സിലായി. എല്ലാവരും അദ്ദേഹത്തിന്റെ സംസാരത്തില്‍ ആകൃഷ്ടരാവുകയും ചെയ്തു.''

എന്നാല്‍, മുഖ്യമന്ത്രിയുടെ തീരുമാനത്തോട് ടൂറിസം വകുപ്പില്‍ ഭിന്നാഭിപ്രായമുണ്ടായി. മന്ത്രിക്കല്ല, വകുപ്പിലെ പ്രമുഖരില്‍ ചിലര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായി എന്നതാണ് ശരി. 

ബിനാലെ നടത്തിപ്പ് ഒരു സര്‍ക്കാര്‍ സഹകരണ സംഘം ഏറ്റെടുത്താല്‍ ഉദ്ദേശിച്ച ഗുണനിലവാരത്തോടെ അത് നടത്താന്‍ പറ്റില്ല എന്ന വാദമാണ് ഉയര്‍ന്നത്. അതേസമയം സര്‍ക്കാര്‍ നിയന്ത്രണം വേണം താനും. സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിനു പുറമേ ടൂറിസം വകുപ്പില്‍നിന്ന് ഉണ്ടായത് മറ്റൊരു നിര്‍ദ്ദേശം കൂടിയാണ്. ആസ്പിന്‍വാള്‍ ഹൗസും കബ്രാല്‍ യാര്‍ഡും കോടികള്‍ മുടക്കി ഏറ്റെടുക്കുമ്പോള്‍ അത് നേരാംവണ്ണം ഉപയോഗിക്കാനും അതിനെ ഒരു സാംസ്‌കാരിക ഇടമായി വളര്‍ത്താനും ഒരു പുതിയ ഭരണസംവിധാനം ആവശ്യമാണ്. 

അതിന് പ്രാദേശിക ജനപ്രതിനിധികളേയും സാംസ്‌കാരിക, ടൂറിസം വകുപ്പ് പ്രതിനിധികളെയുമൊക്കെ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണമുള്ള ഒരു സൊസൈറ്റി രൂപീകരിക്കുക. ബിനാലെ നടത്തേണ്ട സമയത്ത് ആ സംഘം ഇത് രണ്ടും അവര്‍ക്ക് വിട്ടുകൊടുക്കുക. അല്ലാത്തപ്പോള്‍ മറ്റു സാംസ്‌കാരിക പരിപാടികള്‍ നടത്തി വരുമാനം ഉണ്ടാക്കുക. ബിനാലെയെക്കാള്‍ വലിയ ഒരു സംവിധാനമാണ് ആലോചിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാര്യമായി മുന്നോട്ടു പോകുമോ ഇല്ലയോ എന്ന് അറിയാനിരിക്കുന്നതേയുള്ളു. ഏതായാലും ബിനാലെ നടത്തിപ്പിന് സൊസൈറ്റി രൂപീകരിക്കുന്ന കാര്യത്തില്‍ ഡിസംബര്‍ 20-ലെ യോഗത്തില്‍ നിര്‍ബന്ധം പിടിച്ചില്ല. 

ബിനാലെ പോലെ ഒരു കാര്യം നടത്തിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിനുള്ള പരിമിതികളെ സര്‍ക്കാര്‍ ജനാധിപത്യപരമായി മനസ്സിലാക്കി എന്നതാണ് വസ്തുത. ബോസ് കൃഷ്ണമാചാരിയുടേയും റിയാസ് കോമുവിന്റേയും കലാബന്ധങ്ങളും അവര്‍ നിശ്ചയിക്കുന്ന ബിനാലെ ക്യുറേറ്ററുടെ സംഘാടനാ പരിചയവും ബന്ധങ്ങളും ബിനാലെ നടത്തിപ്പില്‍ വലിയ പങ്ക് വഹിക്കുന്ന കാര്യങ്ങളാണ് എന്ന് അംഗീകരിക്കുക കൂടിയാണ് ചെയ്തത്. ഏതെങ്കിലും രൂപത്തില്‍ സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് സാംസ്‌കാരിക ടൂറിസത്തെ അപകടത്തിലാക്കുകയായിരിക്കും ചെയ്യുക എന്ന ഈ തിരിച്ചറിവിനെ ബിനാലെ എങ്ങനെ മനസ്സിലാക്കുന്നു എന്ന് സൂക്ഷ്മനിരീക്ഷണം നടത്തുക കൂടിയാണ് സര്‍ക്കാര്‍.

സര്‍ക്കാര്‍ നല്‍കുന്ന പണം എങ്ങനെ ചെലവാക്കുന്നു എന്നതിന്റെ മുക്കുമൂലകളില്‍ എത്തുന്ന കണ്ണായി മാറുന്ന മേല്‍നോട്ട സംവിധാനം വേണം എന്ന് ട്രസ്റ്റ് ട്രഷറര്‍ തന്നെ ആവശ്യപ്പെട്ടിരിക്കുന്നത് സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. പൊതുഖജനാവില്‍നിന്ന് പണം കൊടുക്കുന്ന എല്ലായിടത്തും കയറി സര്‍ക്കാര്‍ ഇടപെടാറില്ല എന്നതു ശരിതന്നെ. ടൂറിസം വകുപ്പ് ഓരോ വര്‍ഷവും 5000 രൂപ മുതല്‍ 25 ലക്ഷവും 50 ലക്ഷവും രൂപ വരെ ഓരോ പരിപാടികള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാറുണ്ട്. ഈ പണത്തിന്റെയൊന്നും വിനിയോഗ രേഖകള്‍ ചോദിക്കാറില്ല. അങ്ങനെ കൊടുക്കുന്ന പണത്തിന്റെ മൂല്യം കേരള ടൂറിസത്തിനു തിരിച്ചുകിട്ടുന്നത് മറ്റു വിധത്തിലായേക്കാം എന്ന വിലയിരുത്തലാണ് പൊതുവേ ഉള്ളത്. എന്നാല്‍, ബിനാലെയുടെ കാര്യം വ്യത്യസ്തമാണ്. കൊടുക്കുന്ന തുകയുടെ വലിപ്പം തന്നെ ഏറ്റവും പ്രധാനം. ഇത്രയും വലിയ തുക കൊടുക്കുമ്പോള്‍ ചില കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണമെന്ന് അവരുടെ കൂടെയിരുന്ന് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിനു കഴിയണം എന്ന നിലപാടാണ് വീണ്ടും പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിനു പിന്നില്‍. ചില കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണമെന്നും ചില പൊതുതത്ത്വങ്ങള്‍ ബിനാലെയുടെ ഇടപാടുകളില്‍ ഉള്‍പ്പെടുത്തണമെന്നും വ്യക്തമായ സന്ദേശം ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിനു നല്‍കും. 

പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഉത്തരവാദിത്ത്വം വേണമെന്നും മുന്‍പ് സാമ്പത്തിക വിനിയോഗത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നപ്പോള്‍ത്തന്നെ ഇക്കാര്യം ടൂറിസം വകുപ്പിന്റെ തലപ്പത്തുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അത് അവര്‍ നിസ്സാരമായി കണ്ടതിന്റെ അനന്തരഫലം കൂടിയാണ് ഇപ്പോള്‍ വീണിരിക്കുന്ന സംശയത്തിന്റെ നിഴല്‍. അതു വളരാതെ നോക്കാനുള്ള ഉത്തരവാദിത്ത്വം കൂടിയാണ് ഇനിയുള്ള ചുവടുകളില്‍ ബിനാലെ ഫൗണ്ടേഷനെ കാത്തിരിക്കുന്നത്. 


ചില രംഗങ്ങള്‍; ചോദ്യങ്ങള്‍

രംഗം: ഒന്ന്

2017 ഡിസംബര്‍ 31-ന് രാത്രി. ഫോര്‍ട്ടുകൊച്ചി പരഡേ് ഗ്രൗണ്ടില്‍ ആയിരക്കണക്കിനുപേര്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതിന് സാക്ഷികളാകാന്‍ കാത്തിരിക്കുന്നു, കൊച്ചിയിലെ പുതുവര്‍ഷാഘോഷമാണ് കാര്‍ണിവലിന്റെ ഭാഗമായ പപ്പാഞ്ഞികത്തിക്കല്‍. 12 മണിക്കാണ് പപ്പാഞ്ഞിയെ കത്തിക്കുക. അതിനു മുന്‍പ് പാശ്ചാത്യ സംഗീത പരിപാടിയുണ്ട്. സംഗീത പരിപാടി ആരംഭിക്കാനിരിക്കുന്ന വേദിയിലേക്ക് ബിനാലെ ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കടന്നുവന്ന് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു: ''കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് ഈ പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത്.'' ഈ കാര്യം ബോസ് കൃഷ്ണമാചാരിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹവും പറഞ്ഞു. ബിനാലെയിലെ ജീവനക്കാര്‍ ബിനാലെയില്ലാത്ത കാലത്തുപോലും രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്നതിന് ഉദാഹരണമായാണ് കാര്‍ണിവല്‍ നടത്തിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. 

പക്ഷേ, ബിനാലെ ഫൗണ്ടേഷന് എവിടെനിന്ന് കിട്ടി കാര്‍ണിവലിന് സംഗീത പരിപാടി സ്‌പോണ്‍സര്‍ ചെയ്യാനുള്ള പണം എന്ന ചോദ്യം ഉയരുന്നു.
സര്‍ക്കാരിന്റെ കൂടി പണം സ്വീകരിച്ചാണ് ബിനാലെ ഫൗണ്ടേഷന്‍ ബിനാലെ സംഘടിപ്പിക്കുന്നത്. 2018 ഡിസംബറില്‍ ആരംഭിക്കാനിരിക്കുന്ന നാലാമത് ബിനാലെയുടെ മുന്നൊരുക്കത്തിനായി ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ രേഖ വൃക്തമാക്കുന്നു. ഈ പണത്തില്‍നിന്ന് കാര്‍ണിവലിന്റെ സംഗീത പരിപാടിക്ക് പണം ചെലവാക്കാന്‍ ബിനാലെ ഫൗണ്ടേഷന് അധികാരമുണ്ടോ?

സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. അതിനിടയിലും ബിനാലെക്ക് ഒരു കോടി രൂപ നല്‍കി. വിഷമിക്കുന്ന സര്‍ക്കാരില്‍നിന്ന് സഹായം പറ്റുന്ന ബിനാലെ മറ്റൊരു പരിപാടിയില്‍ ആഘോഷത്തിന് പണം ചെലവാക്കുന്നതില്‍ ശരികേടില്ലേ?

എം.എ. യൂസഫലിയെപ്പോലുള്ള വ്യവസായികള്‍ ബിനാലെയെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. പ്രമുഖ കലാകാരന്മാര്‍ സംഭാവന ചെയ്ത കലാസൃഷ്ടികള്‍ ലേലം ചെയ്ത് ബിനാലെയുടെ കടം വീട്ടാന്‍ പണമുണ്ടായത്  വാര്‍ത്തയായിരുന്നു. അത് ബോസും സമ്മതിക്കുന്നു. ബിനാലെയുടെ പ്രസിഡന്റും സെക്രട്ടറിയും പണക്കാരായ കലാകാരന്മാരായി അറിയപ്പെടുന്നവരാണ്. സംഗീതാഘോഷത്തിന് ചെലവാക്കിയ പണം മേല്‍പ്പറഞ്ഞ ഏതെങ്കിലും സ്രോതസ്സില്‍നിന്നായിരുന്നുവെന്നും സര്‍ക്കാരിന്റേതല്ലായിരുന്നെന്നും ബിനാലെക്കാര്‍ക്ക് പറയാം. അങ്ങനെയാണെങ്കില്‍ മറ്റുള്ളവരുടെ പരിപാടി സ്‌പോണ്‍സര്‍ ചെയ്യാന്‍ പ്രാപ്തിയുള്ള സംഘടനയെ സാമ്പത്തിക വിഷമം നേരിടുന്ന സര്‍ക്കാര്‍ എന്തിന് സഹായിക്കണം? 

ബിനാലെയ്ക്കു പണം നല്‍കുന്നത് ടൂറിസം വകുപ്പാണ്. സംഗീത പരിപാടിയെത്തുടര്‍ന്നുള്ള പപ്പാഞ്ഞിയെ കത്തിക്കലിന് എത്താമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാഗ്ദാനം ചെയ്തിരുന്നു. ഓഖി ദുരന്തം മൂലം അദ്ദേഹം പരിപാടിയില്‍നിന്ന് ഒഴിഞ്ഞു. അതല്ലെങ്കില്‍ അദ്ദേഹത്തിന് നേരില്‍ കാണാമായിരുന്നു ബിനാലെയുടെ ഈ ആര്‍ഭാടം.

രംഗം രണ്ട്: 

2017 മാര്‍ച്ച് 29. എറണാകുളം ദര്‍ബാര്‍ഹാള്‍ മൈതാനത്ത് മൂന്നാം ബിനാലെയുടെ സമാപനച്ചടങ്ങില്‍ ഹോര്‍മിസ് തരകന്‍ ആദരിക്കപ്പെടുന്നു. മുന്‍പ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം തലവനും സംസ്ഥാന ഡി.ജി.പിയും ആയിരുന്ന അദ്ദേഹം ആറ് കൊല്ലം ബിനാലെയുടെ ട്രസ്റ്റിയായിരുന്നതിനു ശേഷം പിരിയുകയാണ്.

എന്തുകൊണ്ടാണ് തരകന്‍ ബിനാലെയുടെ ട്രസ്റ്റിയായി തുടരാതിരുന്നത്? ഈ ചോദ്യം ചോദിക്കാന്‍ കൂടിയാണ് ഞങ്ങള്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. പക്ഷേ, കിട്ടിയില്ല. ചോദ്യം ബിനാലെ ഫൗണ്ടേഷനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചു. കാലാവധിയായ ആറു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ വീണ്ടും തുടരണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കണം എന്നുള്ള നിര്‍ദ്ദേശം വച്ച് അദ്ദേഹം അഡൈ്വസറായി തുടര്‍ന്നും ബിനാലെയില്‍ സഹകരിക്കാനും സഹായിക്കാനും തീരുമാനിക്കുകയായിരുന്നു എന്നാണ് മറുപടി. 

ബിനാലെയില്‍ ട്രസ്റ്റികള്‍ രണ്ടുതരമാണെന്ന് നേരത്തെ പറഞ്ഞല്ലോ. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ ആജീവനാന്ത ട്രസ്റ്റികളും അവര്‍ ക്ഷണിച്ചു ട്രസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന ട്രസ്റ്റികളും ഹോര്‍മിസ് തരകന്‍ ക്ഷണിക്കപ്പെട്ട ട്രസ്റ്റിയായിരുന്നു. ആറ് കൊല്ലമാണ് ട്രസ്റ്റിയുടെ കാലാവധി.

ഇതിന് ഒരു മറുപുറമുണ്ട്-ആറ് കൊല്ലം പൂര്‍ത്തീകരിച്ചാലും ആജീവനാന്ത ട്രസ്റ്റികള്‍ക്കും തരകനും താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനു ട്രസ്റ്റിയായി തുടരാമായിരുന്നു. ആറ് കൊല്ലം കഴിഞ്ഞപ്പോള്‍ ബിനാലെ നേതൃത്വം തരകനോട് അഭ്യര്‍ത്ഥിച്ചു ട്രസ്റ്റിയായി തുടരണമെന്ന്. അദ്ദേഹം നിരസിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

ഹോര്‍മിസ് തരകന് സ്‌നേഹമായിരുന്നു ബിനാലെയോട്. ഒന്നാം ബിനാലെ വലിയ കടത്തില്‍ അവസാനിച്ചപ്പോള്‍ ഹോര്‍മിസ് തരകന്‍ സ്വന്തം പോക്കറ്റില്‍നിന്ന് 10 ലക്ഷം രൂപാ കടമായി ബിനാലെ ഫൗണ്ടേഷന് നല്‍കിയത് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി നന്ദിയോടെ ഓര്‍ക്കുന്നു. എന്നാല്‍, ആറ് കൊല്ലം പൂര്‍ത്തീകരിച്ച തരകന്‍ ട്രസ്റ്റിയായി തുടരണമെന്ന ബിനാലെ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന ഹോര്‍മിസ് തരകന്‍ തള്ളി. ഇപ്പോള്‍ ബിനാലെയുടെ ഉപദേശകനാണെന്ന് ബിനാലെ ഫൗണ്ടേഷന്‍ അറിയിക്കുകയും ചെയ്യുന്നു:.

ട്രസ്റ്റിയും ഉപദേശകനും തമ്മില്‍ വലിയ വ്യത്യാസമുണ്ടു്. അധികാരവും ഉത്തരവാദിത്ത്വവും ഇല്ലാത്ത സ്ഥാനമാണ് ഉപദേശകന്റേത്. എന്നാല്‍, ട്രസ്റ്റിയുടേത് അധികാരസ്ഥാനമാണ്. ഉത്തരവാദിത്ത്വവുമുണ്ട്. ഉപദേശകനാകാം ട്രസ്റ്റിയായി തുടരില്ല എന്ന് തരകന്‍ തീരുമാനിച്ചത് എന്തുകൊണ്ടാകാം. ട്രസ്റ്റി എന്ന നിലയില്‍ ബിനാലെയില്‍ ജോലിക്കാരുടെ ശമ്പളഘടന രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തത് അദ്ദേഹമാണ്. ബിനാലെ ഫൗണ്ടേഷന്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. ബിനാലെയ്ക്ക് ഒരു ശമ്പളഘടന രൂപീകരിച്ചെന്ന് വ്യക്തം. എന്നാല്‍, ഈ ശമ്പളഘടന പ്രാവര്‍ത്തികമാക്കിയോ? ഈ ചോദ്യത്തില്‍നിന്ന് ബിനാലെ ഫൗണ്ടേഷന്‍ ഒഴിഞ്ഞുമാറുന്നു.

ബിനാലെയില്‍ ജോലിചെയ്യുന്നവരും മുന്‍പ് ജോലിചെയ്തവരും സ്വകാര്യമായി നല്‍കുന്ന വിവരങ്ങള്‍ കൗതുകകരമാണ്. ബിനാലെയില്‍ നേതൃത്വത്തിന് തോന്നുന്നപടി ഏറിയും കുറഞ്ഞും ശമ്പളം നിശ്ചയിക്കുന്നു. ശമ്പള വര്‍ദ്ധനയുടെ കാര്യവും അങ്ങനെതന്നെ. ഉദാഹരണത്തിന്, ബിനാലെയുടെ ധനകാര്യ മേധാവിയായി ജോലിചെയ്ത ആളുടെ പ്രതിമാസ ശമ്പളം 1,30,000 രൂപ. ഇവരുടെ ശമ്പളം 2011-ല്‍ ബിനാലെയില്‍ ചേരുമ്പോള്‍ 35,000 രൂപയായിരുന്നു. അതായത് ശമ്പളം അതിവേഗം കുത്തനെ കയറി. ആറ് കൊല്ലത്തില്‍ 95,000 രൂപയുടെ കയറ്റം. അമ്പരപ്പിക്കുന്ന മറ്റൊരു വിവരം, ഹോര്‍മിസ് തരകന്‍ മുന്‍കയ്യെടുത്ത് രൂപീകരിച്ച ശമ്പള ഘടനയില്‍ ഏറ്റവും കൂടിയ ശമ്പളം ഒരുലക്ഷം രൂപയായിരുന്നു എന്നതാണ്.

ബിനാലെയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന പി.എം. സിറാജുദീനും ശമ്പളഘടന രൂപീകരിക്കാന്‍ പ്രവര്‍ത്തിച്ചുവെന്ന് ബിനാലെ ഫൗണ്ടേഷന്‍ അറിയിക്കുന്നുണ്ട്. ഇത് സ്ഥിരീകരിച്ച് സിറാജുദീന്‍ പറയുന്നു: ''ശമ്പളഘടനയുണ്ട്. അത് അവര്‍ നടപ്പാക്കി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ബോര്‍ഡ് അംഗീകരിച്ചതെല്ലാം നടപ്പാക്കണം.'' മൂന്നാം ബിനാലെയുടെ ഒരുക്കങ്ങള്‍ക്കിടയില്‍  സിറാജുദ്ദീന്‍ ബിനാലെയില്‍നിന്ന് രാജിവച്ചു.
അന്തര്‍ദേശീയ സമകാലിക കലാപ്രസ്ഥാനമായ ബിനാലെയില്‍ കലയുടെ വിവിധ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസവും പ്രാവീണ്യവുമുള്ള വിദഗ്ദ്ധര്‍ക്ക് ശമ്പളഘടനയില്‍നിന്ന് വ്യത്യസ്തമായ പ്രതിഫലം കൊടുക്കേണ്ടിവന്നേക്കാം. എന്നാല്‍, ബിനാലെയില്‍ മേല്‍പ്പറഞ്ഞ വലിയ ശമ്പളം ലഭിച്ച ആള്‍ക്ക് കലയുമായി ഒരു ബന്ധവുമില്ല. ബിനാലെയില്‍ അവര്‍ ജോലിചെയ്ത ധനകാര്യ - അക്കൗണ്ടിംഗ് മേഖലയിലും അവര്‍ക്കു പഠനമോ പരിചയമോ ഇല്ല. 

എ.കെ. ബാലന്‍
സാംസ്‌കാരിക മന്ത്രി 

ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയില്‍ സാംസ്‌കാരിക വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു ബിനാലെ നടക്കേണ്ടിയിരുന്നത്. എന്നാല്‍, തുടക്കം മുതല്‍ എന്തുകൊണ്ടോ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലാണ്. സാംസ്‌കാരിക വകുപ്പിന്റെ പ്രാതിനിധ്യം ഇപ്പോള്‍ ബിനാലെയുടെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ മാത്രമായി ഒതുങ്ങി. കഴിഞ്ഞ ബിനാലെയുടെ സമാപനത്തില്‍ മാത്രമാണ് ഞാന്‍ പങ്കെടുത്തത്. സാംസ്‌കാരിക വകുപ്പിന്റെ കൂടുതല്‍ പങ്കാളിത്തത്തോടെ നടത്തണമെന്ന് മുഖ്യമന്ത്രി ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുപ്രകാരമായിരിക്കും ഇത്തവണത്തെ ബിനാലെ നടക്കുക. 
കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ കൊടുക്കുന്ന സാഹചര്യത്തില്‍ ഓഡിറ്റിന്റെ പരിധിയില്‍ വരണം. അതുകൊണ്ട് ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിനെ സര്‍ക്കാരിന് നിയന്ത്രണമുള്ള സഹകരണ സംഘമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ഇടപെടുകയും മുഖ്യമന്ത്രി യോഗം വിളിക്കുകയും ചെയ്തുവെന്നാണ് മനസ്സിലാകുന്നത്. അതില്‍ ധനകാര്യ, ടൂറിസം മന്ത്രിമാരും ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഭാരവാഹികളും പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് ട്രസ്റ്റ് ഭാരവാഹികള്‍ അനുകൂലമായിരുന്നില്ല. സര്‍ക്കാര്‍ പ്രതിനിധികളെ വീണ്ടും ട്രസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് ആ യോഗത്തില്‍ ധാരണയുണ്ടായത്. 
സാമ്പത്തിക സുതാര്യതയില്ലായ്മ ഉണ്ടോ എന്ന കാര്യത്തില്‍ ടൂറിസം മന്ത്രിയാണ് പ്രതികരിക്കേണ്ടത്. 

വിവരാവകാശ നിയമം ബാധകമല്ലാത്ത കോടികള്‍? (പ്രത്യേകം കൊടുക്കുക)
സര്‍ക്കാരിന്റെ പ്രതിനിധിയായി ടൂറിസം ഡയറക്ടര്‍ ഒരു വര്‍ഷമായി ബിനാലെ ട്രസ്റ്റില്‍ ഉണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനു ടൂറിസം വകുപ്പില്‍നിന്നു ലഭിച്ച മറുപടി. എന്നാല്‍, ഇപ്പോള്‍ ട്രസ്റ്റില്‍ സര്‍ക്കാര്‍ പ്രതിനിധി ഇല്ലെന്ന് ബോസ് കൃഷ്ണമാചാരിയും ബോണി തോമസും പറയുന്നു. മന്ത്രിമാരുടെ പ്രതികരണങ്ങളില്‍നിന്നു മനസ്സിലാകുന്നതും അതുതന്നെ. ബിനാലെ ട്രസ്റ്റ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതിനെക്കുറിച്ച് സര്‍ക്കാരിനും ട്രസ്റ്റിനുമുള്ള വ്യത്യസ്ത നിലപാട് കൂടി ഈ അന്വേഷണത്തിനിടെ വ്യക്തമായി. 

അതിലേയ്ക്ക്: 
ടൂറിസം വകുപ്പിനു വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങളും മറുപടികളും.

കൊച്ചി ബിനാലെയുടെ നാലാമത് എഡിഷന്‍ സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
2017 ഒക്ടോബര്‍ 19-ലെ സര്‍ക്കാര്‍ ഉത്തരവ് (513/2017/ടൂറിസം) പ്രകാരം ബിനാലെയുടെ നാലാം എഡിഷന് ഒരു കോടി രൂപ ആദ്യഗഡു സഹായം നല്‍കി. പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി സര്‍ക്കാരില്‍ ലഭ്യമല്ല. ബിനാലെയുടെ ഘടനയില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

സര്‍ക്കാര്‍ ഓരോ തവണയും കൂടുതല്‍ പണം നല്‍കുന്നുണ്ടെങ്കിലും കേരളീയ കലാകാരന്മാരുടെ/ കലാകാരികളുടെ എണ്ണം കൂടുന്നില്ല. കഴിഞ്ഞ തവണ ഏഴ് പേര്‍ മാത്രമാണ് മലയാളി/കേരളീയര്‍ ഉണ്ടായിരുന്നത്. ഇതെന്തുകൊണ്ടാണ്?
2018-ലെ കൊച്ചി മുസ്രിസ് ബിനാലെ കേരളത്തിന് പ്രാധാന്യം നല്‍കി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഓരോ ബിനാലെയിലും ക്യുറേറ്റര്‍മാര്‍ മാറിവരുന്നതുപോലെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബോസ് കൃഷ്ണമാചാരിയും സെക്രട്ടറി സ്ഥാനത്തുനിന്ന് റിയാസ് കോമുവും മാറാത്തതെന്തുകൊണ്ടാണ്?
ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവര്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആജീവനാന്ത അംഗങ്ങളാണ്.

ആരൊക്കെയാണ് ബിനാലെ ട്രസ്റ്റിലെ സര്‍ക്കാര്‍ പ്രതിനിധികള്‍?
2016 ഡിസംബര്‍ 19-ലെ സര്‍ക്കാര്‍ ഉത്തരവ് (447/2016/ടൂറിസം) പ്രകാരം വിനോദസഞ്ചാര വകുപ്പ് ഡയറക്ടറെ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ബിനാലെയുടെ ട്രസ്റ്റിയാകാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല എന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?
ഇല്ല. സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. 

ആറ് ചോദ്യങ്ങള്‍ക്ക് വകുപ്പ് നല്‍കിയ മറുപടി ഇക്കാര്യം പരിശോധിച്ചിട്ടില്ല എന്നാണ്. അതില്‍ ''ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നീ കലാകാരന്മാരുടെ പങ്കാളിത്തം ഇല്ലെങ്കില്‍ രാജ്യത്തിന്റെ ഏക അന്തര്‍ദേശീയ ബിനാലെ നിലച്ചുപോകുമോ'' എന്നതൊഴികെ അഞ്ചു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് ചോദ്യാവലിയുടെ പകര്‍പ്പ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു.

ഇവയാണ് ആ ചോദ്യങ്ങള്‍:
ശ്രീ പി.കെ. ഹോര്‍മിസ് തരകന്‍ ഇപ്പോള്‍ ബിനാലെ ട്രസ്റ്റിയായി തുടരാതിരുന്നത് എന്തുകൊണ്ടാണ്?
ബിനാലെയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തെക്കുറിച്ച് ധാരാളം പരാതികള്‍ കേള്‍ക്കുന്നു. റിയാസ് കോമുവിനും ബോസ് കൃഷ്ണമാചാരിക്കും വേണ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ ശമ്പളം, അല്ലാത്തവര്‍ക്ക് കുറഞ്ഞ ശമ്പളം; ശമ്പള വര്‍ധനയുടെ കാര്യവും അങ്ങനെതന്നെ. ബിനാലെയില്‍ ഇതുവരെ ശമ്പളഘടന ഉണ്ടാക്കാതിരുന്നത് എന്തുകൊണ്ടാണ്?
ബിനാലെയില്‍ ശമ്പളഘടന ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പുറത്തുപോകേണ്ടിവരുന്ന സ്ഥിതിയാണെന്ന സൂചനകളുണ്ട്. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന പി.എം. സിറാജുദ്ദീന്‍ പോയത് അത്തരമൊരു സാചഹചര്യത്തിലാണോ?
ബിനാലെയുടെ തുടക്കം മുതലുള്ള സംഘാടകരിലൊരാളും ആജീവനാന്ത ട്രസ്റ്റിയുമായ ബോണി തോമസ് ഇപ്പോള്‍ മിക്കവാറും രംഗം വിട്ടിരിക്കുന്നു.അദ്ദേഹം മറ്റൊരു സ്ഥാപനത്തില്‍ ചേര്‍ന്നു. ബിനാലെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന ബോണി തോമസ് കുറേ നാളുകളായി ബിനാലെയുടെ ഓഫീസില്‍ പോലും പോകുന്നില്ല. എന്താണ് സംഭവിച്ചത്?
റിയാസ് കോമു ആരംഭിച്ച ഉരുവും ബിനാലെയും തമ്മിലുള്ള ബന്ധമെന്താണ്?

ഇതേ ചോദ്യാവലിയാണ് ബിനാലെ ഫൗണ്ടേഷന് വിവരാവകാശ നിയമപ്രകാരം നല്‍കിയ രണ്ടെണ്ണത്തില്‍ ഒന്ന്. അതിനോട് ഫൗണ്ടേഷന്‍ രേഖാമൂലം പ്രതികരിച്ചിരുന്നില്ല. ജനറല്‍ മാനേജര്‍ എന്‍.പി. കുര്യനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ''ബിനാലെ ഫൗണ്ടേഷന്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല'' എന്ന് അദ്ദേഹം സൗമ്യമായി പറഞ്ഞു. ബിനാലെയുടെ നടത്തിപ്പില്‍ സര്‍ക്കാരിന്റ സാമ്പത്തിക പ്രാതിനിധ്യം വിവരാവകാശ നിയമത്തില്‍ വരുന്നിടത്തോളം ഇല്ല എന്നാണ് കാരണം വ്യക്തമാക്കിയത്. എന്നാല്‍, ബിനാലെ ഫൗണ്ടേഷന്‍ വിവരാവകാശ നിയമപരിധിയില്‍ വരുമെന്നും അവിടെ അതുപ്രകാരമുള്ള പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഉണ്ടെന്നും സര്‍ക്കാരിന് സംശയമില്ല. അതാണ് സര്‍ക്കാര്‍ പരിശോധിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ അവിടത്തെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൈമാറിയതായി അറിയിച്ചത്.
ഇത് ലഭിച്ച പിന്നാലെ ബിനാലെ ഫൗണ്ടേഷന്‍ മലയാളം വാരികയ്ക്ക് മറുപടി നല്‍കി. അതിന്റെ ആമുഖം ഇങ്ങനെ: ''കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരികയില്ല. ഫൗണ്ടേഷനില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിച്ചിട്ടുമില്ല. എങ്കിലും ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിക്കാം.''
മുന്‍ ഡി.ജി.പി ഹോര്‍മിസ് തരകന്‍ ഇപ്പോള്‍ കൊച്ചി ബിനാലെയുടെ അഡൈ്വസര്‍ ആണ്. ഇതിനു മുന്‍പുള്ള ആറു വര്‍ഷക്കാലം അദ്ദേഹം കൊച്ചി ബിനാലെയുടെ ട്രസ്റ്റി ആയിരുന്നു. ട്രസ്റ്റിയുടെ കാലാവധി ആറു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ വീണ്ടും തുടരണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും പുതിയ ആളുകള്‍ക്ക് ട്രസ്റ്റില്‍ അവസരം നല്‍കണം എന്ന നിര്‍ദ്ദേശം വച്ച് അദ്ദേഹം അഡൈ്വസറായി തുടര്‍ന്നും ബിനാലെയില്‍ സഹകരിക്കാനും സഹായിക്കാനും തീരുമാനിക്കുകയായിരുന്നു. 
ബോസിനും റിയാസിനും വേണ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ ശമ്പളം അല്ലാത്തവര്‍ക്ക് കുറഞ്ഞ ശമ്പളം എന്നത് തികച്ചും തെറ്റായ ആരോപണമാണ്. കൊച്ചി ബിനാലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പാസ്സാക്കിയ ശമ്പളഘടന നിലവിലുണ്ട്. 
ബിനാലെയില്‍ ശമ്പളഘടന ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പുറത്തുപോകേണ്ടിവരും എന്നത് തികച്ചും തെറ്റായ ആരോപണമാണ്. ട്രസ്റ്റി ഹോര്‍മിസ് തരകന്‍ മുന്‍കൈയെടുത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന പി.എം. സിറാജുദ്ദീന്റെ മേല്‍നോട്ടത്തില്‍ ആണ് ബിനാലെ ഫൗണ്ടേഷനില്‍ പുതിയ ശമ്പളഘടന ഉണ്ടാക്കുകയും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അത് പാസ്സാക്കുകയും ചെയ്തത്. ഈ രണ്ട് മാന്യവ്യക്തികളേയും നേരില്‍ കണ്ട് താങ്കള്‍ക്ക് നിജസ്ഥിതി ചോദിച്ചറിയാവുന്നതാണ്. (ഹോര്‍മിസ് തരകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. പി.എം. സിറാജുദ്ദീന്‍ നല്‍കിയ മറുപടി താന്‍ പോരുന്നതിനു മുന്‍പ് ശമ്പളഘടന ഉണ്ടാക്കിയിരുന്നു എന്നുതന്നെയാണ്. എന്നാല്‍, അത് നടപ്പാക്കിയോ എന്ന് ഫൗണ്ടേഷനോ അദ്ദേഹമോ പറയുന്നില്ല.)
ബോണി തോമസ് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആജീവനാന്ത ട്രസ്റ്റിയും മാനേജിംഗ് കമ്മിറ്റി അംഗവും കൂടാതെ ട്രഷററുമാണ്. ബിനാലെയുടെ ബഹുമാന്യരായ ട്രസ്റ്റികളെല്ലാം പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരാണ്, ബോണി തോമസ് ഉള്‍പ്പെടെ. അദ്ദേഹം ഈ അടുത്ത ദിവസങ്ങളിലും ബിനാലെ ഓഫീസില്‍ വരികയുണ്ടായി. 
ഉരു ആര്‍ട്ട് ഹാര്‍ബര്‍ തികച്ചും സ്വതന്ത്രമായ ഒരു സ്ഥാപനമാണ്. ബിനാലെയ്ക്ക് ഉരുവുമായി പ്രത്യേകം ഒരു ബന്ധവുമില്ല.
ടൂറിസം വകുപ്പില്‍നിന്ന് കൈമാറിക്കിട്ടിയ ചോദ്യങ്ങള്‍ക്ക് 'മറുപടി നല്‍കാന്‍ ശ്രമിച്ച'തല്ലാതെ അതേ ചോദ്യാവലിയിലെ മറ്റു ചോദ്യങ്ങള്‍ക്കും ഒന്‍പത് ചോദ്യങ്ങള്‍ ഉള്‍പ്പെട്ട രണ്ടാമത്തെ ചോദ്യാവലിക്കും ബിനാലെ ഫൗണ്ടേഷന്‍ മറുപടി നല്‍കിയില്ല. എന്നാല്‍, ബോസ് കൃഷ്ണമാചാരിയുമായി നടത്തിയ അഭിമുഖത്തില്‍ ആ ചോദ്യങ്ങളിലൂടെയെല്ലാം ഞങ്ങള്‍ കടന്നുപോയി. ഒരു ചോദ്യത്തില്‍നിന്നുപോലും അദ്ദേഹം ഒഴിഞ്ഞുമാറിയില്ല. 

കടകംപള്ളി സുരേന്ദ്രന്‍
ടൂറിസം മന്ത്രി 

ബിനാലെ സ്വകാര്യ സംരംഭമല്ല
ബിനാലെ ഒരു സ്വകാര്യ സംരംഭമല്ല. അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് ശരിയല്ല. സര്‍ക്കാരും കൂടി അതിനൊപ്പം ചേരുന്നുണ്ട്. രണ്ടും കൂടി ചേരുന്ന സംയുക്ത സംരംഭമാണ്. സര്‍ക്കാരിന് അതിനകത്തൊരു സ്വാധീനം ഉണ്ടാകണം എന്നാണ് കഴിഞ്ഞ ഡിസംബര്‍ 20-നു മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വന്നത്. സര്‍ക്കാര്‍ കൂടി നല്‍കിയ പണംകൊണ്ടാണല്ലോ ബിനാലെ നടത്തുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പണം മാത്രമല്ല, ബിനാലെ അല്ലാതെയും പണം സമാഹരിക്കുന്നുണ്ട്. അതിനൊരു അക്കൗണ്ടബിലിറ്റി ഉണ്ടാകണം. അതാണ് സര്‍ക്കാര്‍ നിലപാട്.
സൊസൈറ്റിയാക്കണം എന്നൊരു അഭിപ്രായം സര്‍ക്കാര്‍ പറഞ്ഞിരുന്നു. ആ നീക്കത്തെ ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഭാരവാഹികള്‍ എതിര്‍ത്തൊന്നുമില്ല. പക്ഷേ, അതിലൊന്നും സര്‍ക്കാര്‍ കടുംപിടുത്തം പ്രകടിപ്പിച്ചില്ല. അതിനുവേണ്ടി കര്‍ക്കശമായി വാദിച്ചുമില്ല. സുതാര്യത വേണം. സര്‍ക്കാര്‍ മുടക്കുന്ന പണത്തിന് അക്കൗണ്ടബിലിറ്റിയുണ്ടെന്ന് അറിയാം. പക്ഷേ, ഉത്തരവാദിത്ത്വം ഉണ്ടായാല്‍ പോരാ, അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക കൂടി വേണമല്ലോ. സര്‍ക്കാര്‍ പ്രതിനിധികള്‍ നേരത്തെ ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ അവരെ പിന്‍വലിക്കുകയോ അവര്‍ പോകാതാവുകയോ എന്തോ ഉണ്ടായി. ഏതായാലും ഇനിയിപ്പോള്‍ ടൂറിസം, ധനകാര്യം, സാംസ്‌കാരികം വകുപ്പുകളുടെ പ്രതിനിധികള്‍ ഉണ്ടാകും.

പി.കെ. സിറാജുദ്ദീന്‍
മുന്‍ സി.ഒ.ഒ.

ഞാന്‍ ഉള്ളപ്പോള്‍ത്തന്നെ ബിനാലെ ഫൗണ്ടേഷന്റെ റെഗുലേഷന്‍ തയ്യാറാക്കിയിരുന്നു. അതില്‍ അവിടുത്തെ ജീവനക്കാരുടെ ശമ്പളഘടനയുണ്ട്. അത് അവര്‍ നടപ്പാക്കി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ബോര്‍ഡ് അംഗീകരിച്ചതെല്ലാം നടപ്പാക്കണം. രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ അവിടെനിന്നു പോന്നു. 

എങ്ങനെയാണ് ഞങ്ങള്‍ രൂപീകരിച്ച ട്രസ്റ്റ് സൊസൈറ്റിയാക്കുക എന്നെനിക്ക് അറിയില്ല.

ബോസ് കൃഷ്ണമാചാരി
പ്രസിഡന്റ്, ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റ് 

ബിനാലെ തുടങ്ങുമ്പോള്‍ ഇത്രയ്ക്കു വലുതും എല്ലാവരും സ്വീകരിക്കുന്ന ഒന്നുമായി ഇത്രവേഗം മാറുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
സത്യത്തില്‍ ഇല്ല. എല്ലാവരും ഇപ്പോള്‍ ബിനാലെയെക്കുറിച്ചു സംസാരിക്കുന്നു. പക്ഷേ, തുടക്കത്തില്‍ ഞങ്ങള്‍ കുറേ ബുദ്ധിമുട്ടി. കെ.വി. തോമസും എം.എ. ബേബിയും ഡോ. വി. വേണുവും മറ്റും നന്നായി സഹായിച്ചു. തുടര്‍ന്നാണ് ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്.

ബിനാലെ ട്രസ്റ്റില്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ ഉയര്‍ന്നു വന്നതെങ്ങനെയാണ്?

സര്‍ക്കാരിന്റെ പ്രതിനിധികള്‍ നേരത്തെ ഉണ്ടായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിവാദങ്ങളും വിജിലന്‍സ് അന്വേഷണവുമൊക്കെ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളെ പിന്‍വലിച്ചു. ഇനി രണ്ട് മൂന്നു പേര്‍ വരാന്‍ സാധ്യതയുണ്ട്. 

അന്നത്തെ പ്രശ്‌നങ്ങളില്‍നിന്നു ബിനാലെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടോ?
ആ പ്രശ്‌നങ്ങളൊക്കെ അവസാനിച്ചു. നമ്മുടെ ചില സുഹൃത്തുക്കള്‍ തന്നെ ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ്. ഞാന്‍ ശരിക്കും ഷോക്കിലായിപ്പോയിരുന്നു അപ്പോള്‍. ഒന്നാം എഡിഷനും രണ്ടാമത്തെ എഡിഷനും കഴിഞ്ഞപ്പോള്‍ കടത്തിലായിരുന്നു. എന്നിട്ടാണ് ക്രമക്കേട് എന്നു ചിലര്‍ പ്രചരിപ്പിച്ചത്. ബിനാലെ നടക്കുമോ എന്ന് കേരളത്തിലും പുറത്തും പല പരിപാടികള്‍ക്കും പോകുമ്പോള്‍ നിരവധിപ്പേര്‍ ചോദിച്ചിരുന്നു. അത് വലിയ വിഷമമായിരുന്നു. ഒരു സാംസ്‌കാരിക പരിപാടി നടത്താന്‍ സാധിക്കില്ലെങ്കില്‍ പിന്നെന്താണ് ഇവിടെ നന്നായി നടക്കുക? ഒരിക്കല്‍ പരാജയപ്പെട്ടാല്‍ പിന്നെ തിരിച്ചുകൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇവിടുത്തെ ജീവനക്കാര്‍ പോലും സ്വര്‍ണ്ണം പണയം വച്ചും മറ്റും സഹായിച്ചിരുന്നു. 17 കോടിയോളമായിരുന്നു ആദ്യ ബിനാലെയ്ക്ക് ചെലവ്; രണ്ടരക്കോടിയോളം രൂപ കടമുണ്ടായി. ട്രസ്റ്റിയായിരുന്ന ഹോര്‍മിസ് തരകന്‍ സര്‍ പോലും സ്വന്തം കൈയില്‍നിന്ന് 10 ലക്ഷം രൂപ കടമായി തന്നു. 

അദ്ദേഹം മാറിയതെന്തുകൊണ്ടാണ്?
ട്രസ്റ്റില്‍ ആജീവനാന്ത അംഗമല്ലാത്തവര്‍ക്ക് ആറു വര്‍ഷമാണ് കാലാവധി. അതു കഴിഞ്ഞപ്പോള്‍ അദ്ദേഹം മാറി. ഇപ്പോള്‍ ബിനാലെ ഫൗണ്ടേന്റെ ഉപദേശകനാണ്. ഡിസംബര്‍ 20-ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത്  വിളിച്ച യോഗത്തില്‍പ്പോലും അദ്ദേഹം വന്നിരുന്നു. 

ആ യോഗത്തെക്കുറിച്ചു പറയാമോ?
സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു, പൊതുപണം നല്‍കുന്നു. അതുകൊണ്ട് സര്‍ക്കാരിന് കൂടി പ്രാധാന്യം വേണമെന്ന് നിര്‍ദ്ദേശിക്കാനാണ് യോഗം വിളിച്ചത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് പ്രാധാന്യക്കുറവൊന്നുമില്ല. പക്ഷേ, സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ പണം നല്‍കുന്നവരുമുണ്ട്. ഇതു നന്നായി നടക്കുന്നുവെന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു കമിറ്റ്മെന്റ് ഉറപ്പാക്കാന്‍ കൂടിയായിരുന്നു ആ യോഗം. അല്ലാതെ ട്രസ്റ്റില്‍ കാതലായ മാറ്റമൊന്നും വരുന്നില്ല. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധ നേടുകയും അതുവഴി കേരളത്തിലെ സാംസ്‌കാരിക ടൂറിസത്തിനു സാമ്പത്തികമായിത്തന്നെ നേട്ടം നല്‍കുന്ന കാര്യത്തില്‍ വിജയിച്ചു നില്‍ക്കുകയുമാണ് കൊച്ചി ബിനാലെ. അതുകൊണ്ട് നന്നായി നടക്കുന്നില്ല എന്ന വിഷയമൊന്നുമില്ല. 
2010 മുതലുള്ള കാര്യങ്ങളെക്കുറിച്ച് വളരെ നന്നായി മുഖ്യമന്ത്രി പഠിച്ചിരിക്കുന്നു. അദ്ദേഹം ആ യോഗത്തില്‍ സംസാരിച്ചപ്പോള്‍ അത് മനസ്സിലായി. എല്ലാവരും അദ്ദേഹത്തിന്റെ സംസാരത്തില്‍ ആകൃഷ്ടരാവുകയും ചെയ്തു. ആ മീറ്റിംഗ് വളരെ നന്നായിരുന്നു. 

ബിനാലെ നടത്തിപ്പ് സൊസൈറ്റിക്കു കീഴിലാക്കാനല്ലേ യോഗം വിളിച്ചത്.?
സൊസൈറ്റിയാക്കുന്നതിനുള്ള തീരുമാനമൊന്നും അതിലുണ്ടായില്ല. ആരാണ് സൊസൈറ്റിയാക്കണം എന്ന് തീരുമാനിക്കുന്നത്? സൊസൈറ്റിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യോഗം വിളിക്കുന്നുവെന്നും പങ്കെടുക്കണമെന്നും ഞങ്ങള്‍ക്കൊരു കത്ത് കിട്ടി. പക്ഷേ, എങ്ങനെയാണ് ഞങ്ങള്‍ രൂപീകരിച്ച ട്രസ്റ്റ് സൊസൈറ്റിയാക്കുക എന്നെനിക്ക് അറിയില്ല. ഏതായാലും അങ്ങനെയൊന്നും സംസാരിക്കേണ്ടിവന്നില്ല. മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ വളരെ വേഗം മനസ്സിലായി. ഞങ്ങള്‍ ഇപ്പോള്‍ ഇത് നന്നായി നടത്തുകയാണല്ലോ. പിന്നെ, മറ്റെന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍; ഉദാഹരണത്തിന്, വേറെ ഭൂമി വാങ്ങുകയോ കെട്ടിടങ്ങള്‍ വാങ്ങുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കില്‍ അതിനുവേണ്ടി മറ്റൊരു സൊസൈറ്റി രൂപീകരിക്കാവുന്നതാണ്. 

സര്‍ക്കാരിന്റെ പിന്തുണയല്ലേ ബിനാലെയെ ഇത്ര വലിയ വിജയമാക്കിയത്?
സര്‍ക്കാരിന്റേയും ജനങ്ങളുടേയും കോര്‍പ്പറേറ്റുകളുടേയും ഉള്‍പ്പെടെ സഹായത്തോടെയാണ് ബിനാലെ വിജയമാക്കിയത് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നാടിനൊരു നല്ല കാര്യമാണ്, നന്നായി നടക്കുന്നു. സാംസ്‌കാരിക ടൂറിസത്തിന് ബിനാലെ നല്ലതായതുകൊണ്ടുതന്നെയാണ് സര്‍ക്കാരും മറ്റെല്ലാവരും ഇതില്‍ പണം നിക്ഷേപിക്കുന്നത്. കേരളത്തിനു പുറത്ത് കേരളത്തിലെ ടൂറിസത്തെക്കുറിച്ച് പറയുന്ന ഒരേയൊരു കാര്യം ബിനാലെയാണെന്നുപോലും പറയുന്നവരുണ്ട്. 

സര്‍ക്കാരിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ട്രസ്റ്റ് ഏതെങ്കിലും ഘട്ടത്തില്‍ തടസ്സം പറഞ്ഞിരുന്നോ?

ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ഘടന തുടക്കത്തിലെപ്പോലെ തന്നെയാക്കി മാറ്റാന്‍ തടസ്സമൊന്നുമില്ല. അതായത് സര്‍ക്കാരിന്റെ പ്രതിനിധികളെ ട്രസ്റ്റില്‍ എക്‌സ്ഒഫീഷ്യോ അംഗങ്ങളായി ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍തന്നെ ക്ഷണിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ പേരാകാം. അത് അവരാണ് തീരുമാനിക്കേണ്ടത്. ടൂറിസം, സാംസ്‌കാരികം, ധനകാര്യം എന്നീ വകുപ്പുകളില്‍ നിന്നായിരിക്കും ഉണ്ടാവുക. 

ടൂറിസം ഡയറക്ടര്‍ ട്രസ്റ്റിലുണ്ടോ?
നിലവില്‍ സര്‍ക്കാരിന്റെ പ്രതിനിധികളാരും ഇല്ല. 

ഇത്തവണ സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്ന തുക എത്രയാണ്?
ഞങ്ങള്‍ കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സാമ്പത്തിക പിന്തുണ സര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ട്. ഒരു കോടി രൂപ അഡ്വാന്‍സ് തന്നു. ബിനാലെയ്ക്ക് ബജറ്റ് വിഹിതം അനുവദിക്കാന്‍ മുന്‍പേതന്നെ തീരുമാനിച്ചതാണല്ലോ. അത് ഓരോ ബജറ്റിലും വര്‍ധിപ്പിക്കുന്നുമുണ്ട്. 

ബിനാലെയില്‍ കേരളീയ പ്രാതിനിധ്യം കുറവാണ് എന്ന വിമര്‍ശനം കേള്‍ക്കാറുണ്ട്. എന്താണ് പ്രതികരണം?
ഇതൊരു അന്തര്‍ദേശീയ ബിനാലെയാണ്. പഠിക്കുന്ന കാലത്ത് ഞാനൊക്കെ ഒറിജിനല്‍ വര്‍ക്ക് കാണാന്‍ ഡല്‍ഹിയിലൊക്കെ പോകേണ്ടിവന്നിട്ടുണ്ട്. അത് ട്രിനാലെ നടന്നുകൊണ്ടിരുന്ന സമയമായിരുന്നു. ട്രിനാലെ പിന്നീട് ഇല്ലാതായി. മുന്നൂറോളം കലാകാരന്മാര്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ ബിനാലെ നടത്താന്‍ ശ്രമിച്ചു. പക്ഷേ, നടന്നില്ല. അതുകൊണ്ടാണ് ഈ ബിനാലെയ്ക്ക് കലാകാരന്മാരുടെ വലിയ തോതിലുള്ള പിന്തുണ ലഭിച്ചത്. മൂന്ന് എഡിഷന്‍ കഴിഞ്ഞപ്പോഴേയ്ക്കും കൊച്ചി ബിനാലെ ലോകത്തിലെത്തന്നെ ഏറ്റവും ഉന്നതമായ ബിനാലെകളിലൊന്നായി മാറി. വെനീസ് ബിനാലെയ്ക്ക് 120 വര്‍ഷത്തെ പഴക്കമുണ്ട് എന്നോര്‍ക്കണം. ഷാര്‍ജ ബിനാലെയില്‍ മലയാളികള്‍പോലും പോകാന്‍ തുടങ്ങിയത് നമ്മുടെ ബിനാലെ തുടങ്ങിയ ശേഷമാണ്. ബിനാലെ അസോസിയേഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അതിന്റെ ഭാരവാഹി കൂടിയായ ഷാര്‍ജ ബിനാലെ ഡയറക്ടര്‍ ഞങ്ങളേയും ക്ഷണിച്ചിരുന്നു. എനിക്ക് പോകാന്‍ കഴിഞ്ഞില്ല, റിയാസ് പോയിരുന്നു. 

ബോണി തോമസ് മുന്‍പത്തെപ്പോലെ ആക്റ്റീവല്ലാതായതിനു പിന്നില്‍ എന്താണ്?
ബോണി ആക്റ്റീവാണോ എന്ന് ചോദിച്ചാല്‍, അദ്ദേഹത്തിനൊരു ജോലി വേണമായിരുന്നു. അദ്ദേഹത്തിന് ഞങ്ങള്‍ ആദ്യം ശമ്പളം കൊടുത്തിരുന്നു. അത് ട്രസ്റ്റിന്റെ ചട്ടത്തിന് എതിരായിരുന്നു. ശമ്പളമായിട്ടല്ല, റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ക്കുള്ള  പ്രതിഫലം എന്ന നിലയിലാണ് കൊടുത്തിരുന്നത്. കൊച്ചിയെക്കുറിച്ച് നന്നായി അറിയാവുന്ന ആള്‍ എന്ന നിലയിലാണ് ബോണി തോമസിനെ ഇതിലുള്‍പ്പെടുത്തിയത്. കേരളത്തെക്കുറിച്ചു നന്നായി അറിയാം, നാട്ടുകാരെ അറിയാം, കമ്യൂണിറ്റികളെയെല്ലാം അറിയാം. ഞങ്ങള്‍ മുംബൈയിലാണല്ലോ. ബോണിയെ റിയാസാണ് കൊണ്ടുവന്നത്. കലയെ അറിയുന്നവര്‍ പലരുമുണ്ടാകും. എന്നാല്‍, ജനങ്ങളെ അടുത്തറിയുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. ഒരു ആര്‍ട്ടിസ്റ്റ് വന്നാല്‍ പ്രധാനപ്പെട്ട സാംസ്‌കാരിക സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കുക, പ്രധാനപ്പെട്ട കമ്യൂണിറ്റികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്തിക്കൊടുക്കുക ഇതൊക്കെയാണ് ബോണിയെക്കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത്. പിന്നെ ട്രഷറര്‍ എന്ന നിലയില്‍ ഓഡിറ്റര്‍മാരെ സഹായിക്കുകയും ചെയ്തു. ആദ്യം ട്രസ്റ്റ് ഓഫീസ് മുംബൈയിലായിരുന്നു, 2010-ല്‍. 2011-ല്‍ ആണ് കൊച്ചിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന് ഇപ്പോള്‍ മറ്റൊരു ജോലി കിട്ടി. ഇപ്പോഴും ട്രസ്റ്റിയായി തുടരുന്നു. അഞ്ചെട്ട് വര്‍ഷമായി ഒന്നിച്ചു ജോലി ചെയ്യുന്ന കലാകാരന്മാരായ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്  യാതൊരു പ്രശ്‌നവുമില്ല. 

ബിനാലെയ്ക്ക് സാംസ്‌കാരിക വകുപ്പിന്റെ പങ്കാളിത്തം കുറവാണോ ഇപ്പോള്‍. എന്താണ് സംഭവിച്ചത്?
സാംസ്‌കാരിക വകുപ്പില്‍നിന്നല്ല പണം വരുന്നത്. പക്ഷേ, ഇതൊരു സാംസ്‌കാരിക പരിപാടിയാണ്. തുടക്കം മുതല്‍ സാംസ്‌കാരിക മന്ത്രിമാര്‍ സഹകരിച്ചിരുന്നു. ഇപ്പോഴത്തെ സാംസ്‌കാരിക മന്ത്രി എ.കെ. ബാലനേയും കഴിഞ്ഞ ബിനാലെയില്‍ ഞങ്ങള്‍ ക്ഷണിച്ചിരുന്നു. സമാപനത്തില്‍ അദ്ദേഹം വരികയും ചെയ്തു. സാംസ്‌കാരിക സെക്രട്ടറിയുമായാണ് കൂടുതല്‍ ഇടപെടേണ്ടിവരുന്നത്. വല്ലപ്പോഴും ഒരിക്കലൊക്കെ മാത്രമേ മന്ത്രിയെ കാണേണ്ടിവരാറുള്ളു. ആ കാര്യങ്ങള്‍ക്കുപോലും ബോണി തോമസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മുന്‍പ് മന്ത്രിമാരെയൊക്കെ പലതവണ പോയി കാണുകയും സമ്മര്‍ദ്ദം ചെലുത്തുകയും വേണ്ടിവന്നിട്ടുണ്ട്. ഇപ്പോള്‍ അതൊക്കെ മാറി. കൊച്ചി ബിനാലെയെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇപ്പോള്‍ നന്നായി അറിയാം. അവര്‍ എത്ര അടുത്തുവരുന്നോ അത്രയും നമ്മളും അങ്ങോട്ട് അടുക്കും. അവരാണ് തീരുമാനിക്കേണ്ടത്. 
ബിനാലെയില്‍ സാമ്പത്തിക സുതാര്യതയില്ലെന്നും തോന്നുന്നതുപോലെയാണ് കാര്യങ്ങളെന്നുമുള്ള വിമര്‍ശനമുണ്ടല്ലോ. സാമ്പത്തിക വിഭാഗം മേധാവിയെ മാറ്റുകയും ചെയ്തു?
സാമ്പത്തിക കാര്യങ്ങള്‍ സുതാര്യമായല്ല നടക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല. സാമ്പത്തിക കാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാ കാര്യത്തിലും വളരെ പ്രൊഫഷണലായാണ് നീങ്ങുന്നത്. പുതിയ ആളുകളെ കൊണ്ടുവരുമ്പോള്‍പ്പോലും അവര്‍ക്ക് ഇതിനോട് എത്രത്തോളം താല്‍പ്പര്യമുണ്ട് എന്നതാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. അല്ലാതെ അവരുടെ വിദ്യാഭ്യാസ യോഗ്യതയല്ല. നമുക്ക് അറിയാത്ത കാര്യങ്ങളില്‍ അറിവുള്ളവരുടെ ഉപദേശം തേടാറുണ്ട്. അങ്ങനെയുള്ള ഒരു പ്രസ്ഥാനമാണ്. പുതിയ സി.ഇ.ഒയുടെ കാര്യം തന്നെ നോക്കുക. അവരുടെ പശ്ചാത്തലം ജേര്‍ണലിസമാണ്. നന്നായി മലയാളം സംസാരിക്കും, എഴുതും. ഇത്തരമൊന്നിന്റെ ചുമതലയില്‍ അവര്‍ ശോഭിക്കുമോ എന്ന് അവര്‍ മുന്‍പ് പ്രവര്‍ത്തിച്ച സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരോടുള്‍പ്പെടെ അന്വേഷിച്ചിട്ടാണ് നിയമിച്ചത്. നമുക്ക് വേണമെങ്കില്‍ ഏത് തസ്തികയിലേക്കും പുറത്തുനിന്ന് വലിയ വിദഗ്ദ്ധരെ കൊണ്ടുവരാം. പക്ഷേ, നാടിനെ അറിയുന്നവരെയാണ് വേണ്ടത്. അല്ലാതെ അക്കൗണ്ട്സ് പഠിച്ചിട്ടുണ്ടോ വെറെ വല്ല സ്ഥാപനത്തിലും സി.ഇ.ഒ ആയിട്ടുണ്ടോ എന്നൊന്നും നോക്കിയിട്ടില്ല. തുടക്കം മുതലുള്ള പരിഗണനകള്‍ അങ്ങനെ തന്നെയാണ്. 
നമ്മുടേത് ഒരു കോര്‍പ്പറേറ്റ് ഓഫീസ് പോലെ രാവിലെ 10-ന് വന്നിട്ട് വൈകുന്നേരം അഞ്ചിന് പോകുന്ന രീതിയല്ല. ബിനാലെ നടക്കുന്ന സമയത്ത് 24 മണിക്കൂറും ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ ജീവനക്കാര്‍. ബിനാലെ ഇല്ലാത്തപ്പോള്‍പ്പോലും അവര്‍ അങ്ങനെ ചെയ്യാറുണ്ട്. ഇത്തവണ ഡിസംബര്‍ 31-ന് കൊച്ചിന്‍ കാര്‍ണിവല്‍ സംഗീത പരിപാടി നടത്തിയത് ഞങ്ങളായിരുന്നു. ഈ കുട്ടികളാണ് കഠിനാധ്വാനം ചെയ്ത് നന്നായി നടത്തിയത്. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം. സാമ്പത്തിക കാര്യത്തില്‍ ഉള്‍പ്പെടെ ഏതു കാര്യത്തിലും അങ്ങനെ തന്നെയാണ്. അക്കൗണ്ട്സ് അറിയാവുന്ന രണ്ടു പേരുണ്ട്. അവരുടെ കൂടെയാണ് സാമ്പത്തിക വിഭാഗം മേധാവി ട്രീസ പ്രവര്‍ത്തിച്ചിരുന്നത്. പുതിയ സി.ഇ.ഒ വരുമ്പോള്‍ പ്രവര്‍ത്തന സൗകര്യങ്ങളുടെ ഭാഗമായി ആരെയെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുന്നത് സ്വാഭാവികമാണ്. അതിലൊന്നും ഞങ്ങള്‍ ഇടപെടാറില്ല. നയപരമായ മാറ്റങ്ങളെന്തെങ്കിലും വരുത്തുകയാണെങ്കില്‍ മാത്രമേ ട്രസ്റ്റിന്റെ അനുമതി വേണ്ടതുള്ളു. നമ്മള്‍ വിശ്വസിക്കുന്ന ഒരാളെയാണല്ലോ വച്ചിരിക്കുന്നത്. ആറുമാസം അവരെ പഠിച്ചിട്ടാണ് വച്ചിരിക്കുന്നത്. 
ട്രീസ ഈ സ്ഥാപനത്തെ മൊത്തത്തില്‍ കൊണ്ടുനടക്കുന്ന ഒരാളാണ്. അവരുടെ സ്വര്‍ണ്ണമൊക്കെ പണയംവച്ച് എത്രയോ തവണ ശമ്പളം കൊടുത്തിരിക്കുന്നു. അങ്ങനെയുള്ളയാളാണ്, ഞങ്ങളുടെ കുടുംബാംഗത്തെപ്പോലെ. അവര്‍ അഹമ്മദാബാദില്‍ ഒരു സ്ഥാപനം നടത്തിയിരുന്ന ആളാണ്. ഭരണപരമായ ശേഷിയുള്ള ആളായിട്ടാണ് മനസ്സിലായത്. അവരെ അക്കൗണ്ട്സിന്റെ ചുമതലയേല്‍പ്പിക്കുമ്പോള്‍ പി.കെ. സിറാജുദ്ദീന്‍ ആയിരുന്നു സി.ഒ.ഒ. അദ്ദേഹത്തിന്റെ ഉപദേശമൊക്കെ ചോദിച്ചാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന സിറാജുദ്ദീനെ കൊണ്ടുവന്നത് ഉദയ് ബാലകൃഷ്ണനാണ്, അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നത് ഹോര്‍മിസ് തരകന്‍ ആണ്. അങ്ങനെ വളരെ വലിയ ബന്ധങ്ങളിലൂടെയാണ് ഇത് വികസിച്ചത്. ഞങ്ങളുടെ ഇപ്പോഴത്തെ ട്രസ്റ്റിമാരിലൊരാളായ മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബില്‍ നിന്നുള്‍പ്പെടെ ഉപദേശം തേടിയാണ് പ്രവര്‍ത്തിക്കുന്നത്. കലയോട് താല്‍പ്പര്യമുള്ളയാളും ഒരു ഗാലറി നടത്തുന്നയാളുമാണല്ലോ അവര്‍. 

സാമ്പത്തിക വിനിയോഗത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ബിനാലെയില്‍ നടക്കുന്ന അന്വേഷണത്തിന്റെ സാഹചര്യം എന്താണ്?
അന്വേഷണം നടത്തിയത് ഞാന്‍ തന്നെ ആവശ്യപ്പെട്ടിട്ടാണ്. തെറ്റുകള്‍ വന്നാല്‍ പരിഹരിക്കുകതന്നെ വേണം. എനിക്കറിയണമല്ലോ എന്താണ് നടക്കുന്നതെന്ന്. ഒരാളേയും അതില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ഈ ഓര്‍ഗനൈസേഷന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്ക് അറിയണം. അതിനുവേണ്ടി തികച്ചും ആഭ്യന്തരമായി നടത്തിയ അന്വേഷണമാണ്. പുറത്തേക്ക് അതിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടി നടത്തിയതല്ല. കാര്യങ്ങള്‍ നന്നായിട്ടു പോകണം എന്നതിനെക്കുറിച്ച് ഞാന്‍ വളരെ കെയര്‍ഫുള്‍ ആണ്. അതിന് താഴേത്തുടങ്ങി മുകളില്‍ വരെയുള്ള എല്ലാവരുടേയും സഹകരണം വേണം. ഓരോ ആളുകളും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നുപോലും നോക്കാറുണ്ട്. അതിനാണ് കുര്യനെപ്പോലുള്ള ഒരാളെ വച്ചിരിക്കുന്നത്. അദ്ദേഹം അഭിഭാഷകനാണ്, മുന്‍പ് ഹോര്‍മിസ് തരകന്റെ കീഴില്‍ പ്രവര്‍ത്തിച്ചയാളാണ്. അങ്ങനെയൊരാളൊക്കെ ഇവിടെയുള്ളപ്പോള്‍ ആളുകള്‍ മോശമായി എന്തെങ്കിലും ചെയ്യാന്‍ പേടിക്കും. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ ഒരു പിശകും കണ്ടെത്തിയിട്ടില്ല. 
അക്കൗണ്ട്സിന്റെ കാര്യത്തിലാണെങ്കില്‍ സി.എ.ജിയുടെ പ്രതിനിധികള്‍ എട്ടോ ഒന്‍പതോ തവണ ഇവിടെ വന്ന് പരിശോധിച്ചു. ബിനാലെ നടക്കുമ്പോള്‍പ്പോലും പരിശോധന നടത്തി. നാലു മാസം പൂര്‍ണ്ണമായും ഇവിടെ നടക്കുന്ന ഓരോന്നും നോക്കി. അവര്‍ കണ്ടെത്തിയത് മുന്‍പ് നമുക്ക് അറിയാന്‍ വയ്യാതെ ചെയ്ത ചെറിയ ചെറിയ തെറ്റുകള്‍ തന്നെയാണ്. അല്ലാതെ പുതിയതായി ഒരു കാര്യവും കണ്ടെത്തിയില്ല. അവര്‍ 17 ചോദ്യങ്ങള്‍ തന്നിരുന്നു. എല്ലാത്തിനും അതിന്റേതായ വിവരങ്ങള്‍ നല്‍കി. ഓഡിറ്റിംഗ് നടക്കുന്ന സമയത്ത് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായത് എന്ന് ഞങ്ങള്‍ക്കേ അറിയാവൂ. അക്കൗണ്ട്സ് വിഭാഗം എപ്പോഴും ജാഗ്രതയിലായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസില്‍നിന്ന് ഏഴ് പേരെയാണ് അയച്ചുതന്നത്. വലിയതോതില്‍ പണം ചെലവഴിക്കുന്നതല്ലേ, ഒരു പൈസ ചെലവഴിച്ചാല്‍ അതിനു കണക്കു വേണം. ഇത് പൊതുപണമാണെന്നതിനെക്കുറിച്ച് ഞങ്ങളും വളരെ ബോധമുള്ളവരാണ്. ഞാന്‍ ബിനാലെയുമായി ബന്ധപ്പെട്ടു യാത്ര ചെയ്താലും എന്റെ സ്വന്തം പണമാണ് ചെലവഴിക്കുന്നത്. തുടക്കത്തില്‍ നമ്മുടെ ട്രസ്റ്റിയാകാന്‍ മടിച്ച സഞ്ജനാ കപൂര്‍ ഇപ്പോള്‍ നമ്മുടെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുറത്തുള്ളവര്‍ക്കൊക്കെ അറിയാം, മുന്‍പ് പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നതാണെന്ന്. എന്നിട്ടുപോലും അവരൊക്കെ വരുന്നത് എല്ലാം അന്വേഷിച്ച് അറിഞ്ഞിട്ടാണ്.

ബിനാലെ ഫൗണ്ടേഷന്റെ അടിസ്ഥാന രേഖയില്‍ വ്യക്തമായി പറയുന്നു; പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി എന്നീ നാല് സ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കണം എന്ന്. എന്നാല്‍, ആറ് വര്‍ഷം കഴിഞ്ഞിട്ടും മാറ്റമില്ല?
ട്രസ്റ്റിന്റെ വ്യവസ്ഥയനുസരിച്ച് ആജീവനാന്ത അംഗങ്ങള്‍ നാലുപേരും മാറേണ്ടതില്ല. ഭാരവാഹിത്വം മാറണോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. ട്രസ്റ്റിലെ മറ്റാരും ഇതുവരെ ഈ നാലുപേര്‍ മാറണം എന്ന് ആവശ്യപ്പെട്ടിട്ടൊന്നുമില്ല. അത് ആഭ്യന്തര കാര്യമാണ്. ജോലി ചെയ്യുക എന്നേയുള്ളു. പക്ഷേ, പേരുദോഷം വരുമ്പോള്‍ ഇതുവരെ അങ്ങനെയൊന്നും കേട്ടിട്ടില്ലാത്ത ഞാനൊക്കെ വലിയ സങ്കടം അനുഭവിച്ചിട്ടുണ്ട്. നമ്മുടെ സൃഷ്ടിയെ വിമര്‍ശിക്കാം, തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. പക്ഷേ, സാമ്പത്തിക കാര്യത്തില്‍ വിമര്‍ശനം കേള്‍ക്കേണ്ടിവരും എന്ന് ചിന്തിച്ചതേയല്ല. ഞാനോ റിയാസോ ബോണിയോ സുനിലോ ഞങ്ങളിലൊരാളും ഒരു പൈസ അവിഹിതമായി എടുക്കുന്നവരല്ല; ആരെങ്കിലും അങ്ങനെ എടുക്കുന്നത് വകവച്ചു കൊടുക്കുന്നവരുമല്ല. അത് അറിയാവുന്നതുകൊണ്ട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവരും സഹകരിച്ചിട്ടേയുള്ളു. 

ബിനാലെയിലെ ജീവനക്കാര്‍ക്ക് നിശ്ചയിച്ച ശമ്പളഘടന നടപ്പായില്ലെന്നും ശമ്പളത്തില്‍ അസന്തുലിതാവസ്ഥയുണ്ടെന്നും കേള്‍ക്കുന്നു. താങ്കള്‍ നേരത്തെ പറഞ്ഞതുപോലെ കഠിനാധ്വാനം ചെയ്യുന്നവര്‍ക്കെല്ലാം ഒരുപോലെ മികച്ച ശമ്പളം കൊടുക്കാത്തതെന്താണ്?
ജീവനക്കാര്‍ക്ക് ഒരു ശമ്പള സ്‌കെയിലുണ്ട്. 2015-ല്‍ സിറാജുദ്ദീന്‍ സര്‍ ആണ് ആ സ്‌കെയിലുണ്ടാക്കിയത്. അതുണ്ട്. ഓരോ സമയത്തും അത് റിവൈസ് ചെയ്യേണ്ടതുണ്ട്. ഞങ്ങള്‍ അക്കാര്യത്തില്‍ വളരെയധികം സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ഹതയുള്ള യുവകലാകാരന്മാരെ സഹായിച്ച് ഉന്നതപഠനത്തിന് അയയ്ക്കുന്നു പോലുമുണ്ട്. നിരവധി ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും. 

അടുത്ത ബിനാലെയെക്കുറിച്ച്?
തുടക്കം മുതല്‍ ഓരോ തവണയും കൂടുതല്‍ നന്നായി വരുന്നു. നാലാമത് എഡിഷന്‍ കൂടുതല്‍ മികച്ചതായിരിക്കും എന്നാണ് ഞങ്ങള്‍ കരുതുന്നത്. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com