ബിനാലെയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമോ? ബോണി തോമസ് സംസാരിക്കുന്നു

ബോണി തോമസ് തുറന്നു പറയുകയും ചിരിച്ചൊഴിയുകയും ചെയ്യുന്ന കാര്യങ്ങള്‍
ബിനാലെയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമോ? ബോണി തോമസ് സംസാരിക്കുന്നു

കൊച്ചി-മുസ്സിരിസ് ബിനാലെയുടെ തുടക്കം മുതല്‍ക്കെ ഒരു പ്രധാന സംഘാടകനായിരുന്ന, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ട്രഷററായ താങ്കളെ ബിനാലെയുടെ ഓഫീസില്‍ കണ്ടിട്ട് ഒരുപാട് നാളായെന്നാണ് ബിനാലെയില്‍ ജോലിചെയ്യുന്നവര്‍ പറയുന്നു?
ബിനാലെയ്ക്കു വേണ്ടി സമയം ചെലവാക്കാന്‍ കുറച്ചു നാളായി എനിക്ക് കഴിയുന്നില്ല. ഞാന്‍ ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. കൂടാതെ കൊച്ചിയുടെ സമീപം കായലിലെ ദ്വീപില്‍ ഒരു കാര്‍ട്ടൂണ്‍ സ്ഥാപനം നിര്‍മ്മിക്കുന്നു; കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം വന്ന് കാര്‍ട്ടൂണ്‍ വരക്കാനും പ്രദര്‍ശിപ്പിക്കാനും കാണാനും ആസ്വദിക്കാനുമുള്ള ഒരു സ്ഥാപനം. പിന്നെ വായനയും എഴുത്തും വരയ്ക്കലുമൊക്കെ ഉണ്ടല്ലോ. 

വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ബിനാലെ ഫൗണ്ടേഷന്‍ രേഖാമൂലം അറിയിച്ചു, താങ്കള്‍ ബിനാലെ ഓഫീസില്‍ പതിവായി വരാറുണ്ടെന്ന്. എന്തുകൊണ്ടാണ് ബിനാലെ ഇക്കാര്യത്തില്‍ കള്ളം പറയുന്നത്? 
ഉത്തരം പറയാതെ ബോണി തോമസ് ചിരിക്കുന്നു.

ബിനാലെയുടെ ഔദ്യോഗിക കാര്യങ്ങളില്‍ ഏറ്റവും ഒടുവില്‍ ബന്ധപ്പെട്ടത് എന്നാണ് ?
ഡിസംബറില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബിനാലെ നേതൃത്വത്തിന്റെ മീറ്റിംഗ് വിളിച്ചുകൂട്ടിയപ്പോള്‍ അതില്‍ പങ്കെടുത്തു.

ടൂറിസം വകുപ്പ് വിളിച്ച ആ മീറ്റിംഗിന്റെ വിഷയം ബിനാലെ നടത്താന്‍ ഒരു പുതിയ സൊസൈറ്റി രൂപീകരിക്കണമെന്നായിരുന്നു, അതായത് ബിനാലെ ഫൗണ്ടേഷന്‍ ഇനി ബിനാലെ നടത്തേണ്ടതില്ല, പുതുതായി രൂപീകരിക്കുന്ന സൊസൈറ്റി നടത്തട്ടേയെന്ന് ടൂറിസം വകുപ്പ് നിലപാടെടുത്തു. ഈ നിലപാടിന് കാരണമെന്ത്?
ബിനാലെ ഫൗണ്ടേഷന്‍ 2010-ല്‍ രൂപീകരിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. അക്കാലത്ത് ഫൗണ്ടേഷനില്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ട്രസ്റ്റികളായി ഉണ്ടായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ ട്രസ്റ്റില്‍നിന്ന് പിന്‍വലിച്ചു. അങ്ങനെ സര്‍ക്കാര്‍ പ്രതിനിധികള്‍ ബിനാലെ ട്രസ്റ്റില്‍ ഇല്ലാതെ മൂന്ന് ബിനാലെകള്‍ കഴിഞ്ഞുപോയി. ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബിനാലെയില്‍ സര്‍ക്കാര്‍ ട്രസ്റ്റികള്‍ ഉണ്ടാകണമെന്ന് തീരുമാനിച്ചു. അതേ നേരം സൊസൈറ്റി ഉണ്ടാക്കുന്നതാകും ഉചിതമെന്ന് ചില സര്‍ക്കാര്‍ വക്താക്കള്‍ക്ക് അഭിപ്രായമുണ്ടായി. ബിനാലെയില്‍ സര്‍ക്കാര്‍ ട്രസ്റ്റികള്‍ ഉണ്ടാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിനാലെയുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ യോഗത്തില്‍, മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ടൂറിസം മന്ത്രിയുടേയും സാന്നിധ്യത്തില്‍ അറിയിച്ചതോടെ സൊസൈറ്റി രൂപീകരണം വേണ്ട എന്ന് തീരുമാനിച്ചു.

പക്ഷേ, എന്തുകൊണ്ടാണ് സൊസൈറ്റി രൂപീകരണത്തെപ്പറ്റി ടൂറിസം വകുപ്പ് ചിന്തിച്ചത്? ടൂറിസം വകുപ്പാണ് ബിനാലെയ്ക്ക് പണം നല്‍കുന്നത്. മറ്റ് ഏത് വകുപ്പിനെക്കാള്‍ ബിനാലെയെ നന്നായി അറിയുന്നത് ടൂറിസം വകുപ്പിനാണ്. ബിനാലെ ഫൗണ്ടേഷനെപ്പറ്റി ടൂറിസം വകുപ്പിന് വലിയ തൃപ്തികേടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സംശയത്തോടെ നോക്കുന്ന ഒന്നാണ് ബിനാലെയില്‍ സ്റ്റാഫുകളുടെ ശമ്പളം. ബിനാലെയ്ക്ക് ശമ്പളഘടനയുണ്ടോ?
ട്രസ്റ്റ് ഒരു ശമ്പളഘടന അംഗീകരിച്ചിട്ടുണ്ട്.

എന്നു മുതലാണ് ഈ ശമ്പളഘടന നടപ്പാക്കിയത്?
ബിനാലെ ഫൗണ്ടേഷന്‍ ഈ ചോദ്യത്തിന് ഔദ്യോഗികമായി ഉത്തരം തരട്ടെ.

മൂന്ന് ബിനാലെകള്‍ കഴിഞ്ഞു, ബിനാലെ ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ട് ഏഴ് കൊല്ലം കഴിഞ്ഞു. ഈ സാഹചര്യത്തിലും ബിനാലെയില്‍ ട്രസ്റ്റ് അംഗീകരിച്ച ശമ്പളഘടനയെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് താങ്കള്‍ ഒഴിഞ്ഞുമാറുന്നു?
ഒഴിഞ്ഞുമാറുകയല്ല, ഇത്തരം ചോദ്യങ്ങള്‍ക്ക് ഫൗണ്ടേഷന്‍ ഔദ്യോഗികമായി ഉത്തരം നല്‍കുന്നതാണ് ശരിയെന്നാണ് എന്റെ പക്ഷം.

വിവരാവകാശ നിയമപ്രകാരം ചോദ്യം ചോദിക്കുമ്പോള്‍ ബിനാലെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് മറുപടി. എന്നാല്‍, ബിനാലെയ്ക്ക് പണം നല്‍കുന്ന സര്‍ക്കാരിന്റെ അഭിപ്രായം ബിനാലെ വിവരാവകാശ നിയമപ്രകാരം ഉത്തരങ്ങള്‍ നല്‍കണമെന്നാണ്. വിവരങ്ങള്‍ തരാന്‍ മടിക്കുക, തെറ്റായ വിവരം തരുക, ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുക, ബിനാലെ ഫൗണ്ടേഷന്‍ പലതും മറച്ചുവയ്ക്കുന്നതുപോലെ?
ബിനാലെ ഒന്നും മറച്ചുപിടിക്കാനില്ലാത്ത കലാ-സാംസ്‌ക്കാരിക പ്രസ്ഥാനമാണ്.

അങ്ങനെയെങ്കില്‍ മറച്ചുവയ്ക്കാതെ പറയൂ, ട്രസ്റ്റ് അംഗീകരിച്ച ശമ്പളഘടനയെ മറികടന്ന് ബിനാലെയില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഇന്ന് ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം രൂപ പ്രതിമാസം ശമ്പളം പറ്റുന്നുണ്ടെന്നും ഇയാളുടെ ശമ്പളം കഴിഞ്ഞ ആറുകൊല്ലം കൊണ്ടു 400 ശതമാനം വര്‍ധിച്ചെന്നും ട്രസ്റ്റികളുമായി സൗഹൃദമുള്ളവര്‍ക്ക് ഇത്തരം സൗഭാഗ്യങ്ങള്‍ ലഭിക്കുമെന്നും ബിനാലെയുമായി ബന്ധപ്പെട്ടവര്‍ക്കിടയില്‍ വര്‍ത്തമാനമുണ്ട്, ഇതിനെക്കുറിച്ച് പറയൂ?
ആ വര്‍ത്തമാനത്തില്‍ ഞാന്‍ പങ്കുചേരുന്നില്ല.

ഒരു ഫോണ്‍ കോള്‍ കൊണ്ട് ട്രഷറര്‍ എന്ന നിലയില്‍ ബിനാലെയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം സംബന്ധിച്ച ബാങ്ക് രേഖകളോ ഓഫീസ് രേഖകളോ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ച് ഇപ്പോള്‍ത്തന്നെ ഇക്കാര്യത്തെപ്പറ്റി പറയാന്‍ താങ്കള്‍ക്കാവില്ലേ?
(ഉത്തരം പറയാതെ ബോണി തോമസ് ചിരിക്കുന്നു.)

സൊസൈറ്റി രൂപീകരണശ്രമം ബിനാലെയെ കയ്യടക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കമായി ബിനാലെ നേതൃത്വം കണ്ടു. നിങ്ങളില്‍ ചിലര്‍ ചില മാധ്യമ പ്രവര്‍ത്തകരേയും ബുദ്ധിജീവികളേയും ബന്ധപ്പെട്ടിരുന്നു. സര്‍ക്കാരിന് എതിരെ ഒരു അപ്രഖ്യാപിത കാംപെയ്ന്‍ ആരംഭിച്ചിരുന്നു. താങ്കള്‍ നിഷേധിക്കുന്നോ?
ബിനാലെയെ സര്‍ക്കാര്‍ കയ്യടക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. സര്‍ക്കാരാണ് ബിനാലെ ഉണ്ടാക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. 7.5 കോടി രൂപയാണ് കഴിഞ്ഞ ബിനാലെയ്ക്ക് മാത്രം സര്‍ക്കാര്‍ നല്‍കിയത്. സര്‍ക്കാരിന് എതിരെ എന്തിന് നീങ്ങണം?

മുംബെയില്‍ ഏറ്റവും ഒടുവിലത്തെ ബിനാലെ ട്രസ്റ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നോ?
പങ്കെടുത്തു.

കഴിഞ്ഞ മൂന്ന് ബിനാലെകളുടെ കാലത്ത് ഫൗണ്ടേഷന്റെ ഫിനാന്‍സ് മേധാവിയായിരുന്ന ആള്‍ മുംബൈയിലെ ട്രസ്റ്റ് മീറ്റിംഗിനു ശേഷം ആ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടതായി ബിനാലെ ഓഫീസില്‍നിന്നും മനസ്സിലാകുന്നു. മൂന്നു ബിനാലെകളുടെ ഫിനാന്‍സ് കൈകാര്യം ചെയ്ത ആളെ ആസ്ഥാനത്തു നിന്ന് നീക്കിയത് എന്തുകൊണ്ടാണ്? 
ട്രസ്റ്റ് യോഗം ചര്‍ച്ചചെയ്ത് ബിനാലെക്ക് ഗുണകരങ്ങളാകുന്ന തീരുമാനങ്ങള്‍ അതതു സമയങ്ങളില്‍ കൈക്കൊള്ളുന്നു. 

പക്ഷേ, ഫിനാന്‍സ് വിഭാഗത്തിന്റെ മേധാവിയെ മാറ്റുന്നതിന് വ്യക്തമായ കാരണം അല്ലെങ്കില്‍ കാരണങ്ങള്‍ ഉണ്ടാവില്ലേ?
(ബോണി തോമസ് ഉത്തരം പറയാതെ ചിരിക്കുന്നു.)

ബിനാലെയുടെ ഫിനാന്‍സ് ചുമതല ഉണ്ടായിരുന്ന ആള്‍ക്ക് ഫിനാന്‍സ് - എക്കൗണ്ടിംഗ് എന്നിവയില്‍ വിദ്യാഭ്യാസമോ പരിചയമോ ഉണ്ടായിരുന്നില്ലെന്നാണ് അറിഞ്ഞത്. കലയുടെ ഉന്നത നിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ബിനാലെ എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ പണം അഥവാ ജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഒട്ടും പ്രൊഫഷനല്‍ അല്ലാത്ത നിലപാടെടുക്കുന്നത്?
ഫിനാന്‍സ് വിഭാഗത്തില്‍ ഇപ്പോഴുള്ള രണ്ടുപേര്‍ ജോലിയില്‍ പരിചയമുള്ളവരാണ്. നല്ല ഫിനാന്‍സ്-എക്കൗണ്ടിംഗ് വൈദഗ്ദ്ധ്യമുള്ള ഒരാളെ നിയമിക്കണമെന്ന് ട്രസ്റ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.

ബിനാലെകള്‍ വിജയമാണ്. ഇനി സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ബിനാലെ നടത്തണമെന്നും സര്‍ക്കാരില്‍നിന്ന് ബിനാലെ സ്വതന്ത്രമാകണമെന്നും ബിനാലെ നേതൃത്വം ആഗ്രഹിക്കുന്നുണ്ടോ? ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ കെട്ടിടം വാങ്ങാന്‍ ബിനാലെ ശ്രമിച്ചെന്ന് കേള്‍ക്കുന്നു?
ഇത്തരം സ്വപ്നങ്ങള്‍ ഞാന്‍ കാണാറില്ല.

ട്രഷറര്‍ എന്ന നിലയില്‍ ബിനാലെയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണോ?
തൃപ്തിക്കുറവുകള്‍ വസ്തുതകളോടെ ട്രസ്റ്റിനെ അറിയിക്കാറുണ്ടു്.

താങ്കളുടെ തൃപ്തിക്കുറവിന് ഒരു ഉദാഹരണം പറയൂ?
അത് ഞാന്‍ ട്രസ്റ്റിനോടു് പറയാം. (ബോണി തോമസ് ചിരിക്കുന്നു.)

താങ്കള്‍ക്ക് തൃപ്തിയുണ്ടാക്കുന്നവിധം എങ്ങനെയാണ് ബിനാലെ സംഘടിപ്പിക്കുക?
എന്റെ തൃപ്തി അല്ല പ്രശ്‌നം, ബിനാലെ സംഘാടനം കുറ്റമറ്റതും ലളിതവും ഗുണകരവുമാകുകയെന്നതാണ്. എന്റെ അഭിപ്രായത്തില്‍ ബിനാലെയുടെ ചെലവിന്റെ ഭൂരിഭാഗം, കഴിയുമെങ്കില്‍ മുഴുവന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണം. അതായത് 15 മുതല്‍ 20 വരെ കോടി രൂപ ബിനാലെ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കുക. വേദിയും സര്‍ക്കാര്‍ നല്‍കുക. ബിനാലെയുടെ കല സംബന്ധിച്ച മേഖല ക്യുറേറ്ററും ബിനാലെ ഫൗണ്ടേഷനും കൈകാര്യം ചെയ്യട്ടെ. അതില്‍ സര്‍ക്കാര്‍ ഇടപെടരുത്. വിദേശ കലാകാരന്മാര്‍ക്കൊപ്പം കേരളത്തിലേയും ഇന്ത്യയിലേയും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന വിധം അവര്‍ക്ക് ബിനാലെയില്‍ നിശ്ചിത ഇടം കൊടുക്കണം. അതേ നേരം, സര്‍ക്കാര്‍ പ്രതിനിധികള്‍ ട്രസ്റ്റില്‍ ഉണ്ടാകുന്നത് കൂടാതെ ബിനാലെയുടെ സാമ്പത്തികവശം കണിശതയോടെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക സംവിധാനമുണ്ടാകണം. അറിവും അനുഭവവുമുള്ള ഫിനാന്‍സ് വിഭാഗം ബിനാലെയ്ക്കും ഉണ്ടാകണം.
ഇവിടെ നിങ്ങള്‍ ചോദിച്ചതിന് ഞാന്‍ തൃപ്തികരമായി മറുപടി പറഞ്ഞു എന്നാണ് എന്റെ വിശ്വാസം. ഇതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com