'പ്രതി'യുടെ ചെറുപ്പക്കാരിയായ സഹോദരിയില്‍ അയാള്‍ക്കൊരു 'കണ്ണു'ണ്ടായിരുന്നു

ഒരു കാര്യം വ്യക്തമാണ്, പൊലീസുദ്യോഗസ്ഥന്‍ തന്റെ പ്രവര്‍ത്തനമേഖലയില്‍ നടത്തുന്ന അധികാരപ്രയോഗം സമൂഹത്തിന്റെ നന്മയ്ക്ക് ഉതകണമെങ്കില്‍ ആ ഉദ്യോഗസ്ഥന് ഉയര്‍ന്ന നീതിബോധം ഉണ്ടായേ തീരൂ
എ. ഹേമചന്ദ്രന്‍
എ. ഹേമചന്ദ്രന്‍

പൊലീസുദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്നതിനു  വലിയ അധികാരം നിയമം മൂലം ലഭിക്കുന്നുണ്ട്. കുറ്റാന്വേഷണം, ക്രമസമാധാനപാലനം തുടങ്ങിയ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനു മതിയായ അധികാരം ആവശ്യമാണ്. അത് സമൂഹത്തിന്റെ സുരക്ഷയ്ക്കും പൗരന് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സധൈര്യം വിനിയോഗിച്ച് അന്തസ്സോടെ ജീവിക്കുന്നതിനും കൂടിയേ തീരൂ. അത്തരം സാമൂഹ്യബോധമില്ലാതെ അധികാരം തനിക്കു ലഭിച്ച പ്രിവിലേജാണ് എന്ന രീതിയില്‍ വിനിയോഗിക്കുന്ന പൊലീസുദ്യോഗസ്ഥന്‍ ഒരു വലിയ ദുരന്തമായി മാറാം-വ്യക്തികള്‍ക്കും, സമൂഹത്തിനും  അവസാനം തനിക്കുതന്നെയും പൊലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുവരെ ഇത് സംഭവിക്കാം, സംഭവിക്കുന്നുമുണ്ട്. പൊതുവേ രണ്ടു രീതിയിലാണ് ഈ പ്രവണത കണ്ടുവരുന്നത്. ഒന്ന്, സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി എന്ന മിഥ്യാധാരണയില്‍ ഭരണഘടന, നിയമങ്ങള്‍, പൊലീസ് സ്റ്റാന്റിംഗ് ഓര്‍ഡറുകള്‍. സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകള്‍ മുതലായവയിലുള്ള നിയന്ത്രണങ്ങളൊന്നും തനിക്ക് ബാധകമല്ലെന്ന രീതിയില്‍ നടത്തുന്ന അധികാരദുര്‍വിനിയോഗം. തന്റെ മുന്നില്‍ വരുന്ന ഏതു പരാതിയിലേയും എതിര്‍കക്ഷികള്‍ക്കു 'രണ്ട് കൊടുത്തി'ല്ലെങ്കില്‍ 'നീതിദേവത'  തൃപ്തയാകില്ലെന്നു കരുതിയ ഒരു സബ്ബ് ഇന്‍സ്പെക്ടറെ ഞാനോര്‍ക്കുന്നു. എ.ഡി.ജി.പി ആയിരുന്ന എന്റെ ശ്രദ്ധയില്‍ അക്കാര്യം വന്നു. ഒരു മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ മറ്റൊരു വിഷയവുമായി എന്നെ കണ്ട സന്ദര്‍ഭത്തിലും ഇക്കാര്യം പരാമര്‍ശിക്കാനിടയായി. ഞാനാ ഉദ്യോഗസ്ഥനെ നേരിട്ടു വിളിപ്പിച്ചു. അയാളുടെ പ്രവര്‍ത്തനത്തിലെ ഗുരുതരമായ പാളിച്ചകളെക്കുറിച്ചും അതിന്റെ പ്രത്യഘാതങ്ങളെപ്പറ്റിയുമൊക്കെ വസ്തുനിഷ്ഠമായി വിശദീകരിച്ച് ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. ആ ഉദ്യോഗസ്ഥന്‍ കാര്യമായ മറുപടിയൊന്നും പറഞ്ഞില്ല. അയാളുടെ ശരീരഭാഷയില്‍നിന്നും കടുത്ത 'ധാര്‍മ്മികരോഷ'മാണ് ഞാന്‍ വായിച്ചെടുത്തത്. അയാളുടെ instant justice രീതിക്ക് എ.ഡി.ജി.പിയില്‍നിന്ന്   അഭിനന്ദനത്തിനു പകരം വിമര്‍ശനമാണല്ലോ ഉണ്ടായത് എന്ന ഭാവമായിരുന്നിരിക്കാം. 

രണ്ടാമത്തെ രീതിയിലുള്ള അധികാര ദുര്‍വിനിയോഗത്തിനു പിന്നിലുള്ള അടിസ്ഥാന ചേതോവികാരം തന്നെ തികച്ചും സ്വാര്‍ത്ഥവും അത്യന്തം ഹീനവുമാണ്. അത്തരം ഒരു ദുരനുഭവം ജില്ലാ എസ്.പിയായി പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ത്തന്നെ ഉണ്ടായത് വ്യക്തമായി ഓര്‍ക്കുന്നു.

ജില്ലാ എസ്.പിയെ സംബന്ധിച്ചിടത്തോളം മോഷണം, ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ കണ്ടെത്തി അറസ്റ്റുചെയ്യുക എന്നിവ പ്രധാന ഉത്തരവാദിത്വമാണ്. കാരണം, ഇത്തരം സംഭവങ്ങള്‍, അതിലൂടെ ഉണ്ടാകുന്ന ധനനഷ്ടത്തിനപ്പുറം, അതിനിരയാകുന്നവര്‍ക്കും പൊതുസമൂഹത്തിലും വലിയ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നു. സ്വാഭാവികമായും അത്തരം സംഭവങ്ങള്‍ക്കു വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ എസ്.പിമാര്‍ക്കും ഇതുപോലുള്ള കുറ്റവാളികള്‍ക്കെതിരായ കീഴുദ്യോഗസ്ഥരുടെ നിയമനടപടികളെ പ്രോത്സാഹിപ്പിക്കേണ്ടിവരും. ഇത്തരം കാര്യങ്ങളില്‍ ഞാന്‍ സേവനം ആരംഭിച്ചകാലം മുതല്‍, റാങ്കുവ്യത്യാസമില്ലാതെ ജൂനിയര്‍ സഹപ്രവര്‍ത്തകരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. കായംകുളത്തും പരിസരപ്രദേശങ്ങളിലും കുറേയേറെ മോഷണങ്ങളും ഭവനഭേദനങ്ങളുമുണ്ടായത് പൊലീസിനും നാട്ടുകാര്‍ക്കും വലിയ തലവേദന സൃഷ്ടിച്ച കാലമായിരുന്നു അത്. 

അവിടുത്തെ ഡി.വൈ.എസ്.പിയുടേയും സി.ഐയുടേയും നേതൃത്വത്തില്‍ കുറ്റവാളികളെ കണ്ടെത്താനുള്ള തീവ്രശ്രമം തുടങ്ങി. സംശയകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരേയും സ്ഥിരം കുറ്റവാളികളേയും രഹസ്യമായി നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും മറ്റുമായി കുറ്റാന്വേഷണ പ്രവര്‍ത്തനങ്ങളില്‍ അഭിരുചിയുള്ള ചില പൊലീസുകാരെ നിയോഗിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സി.ഐ മുഖേനയും മറ്റുദ്യോഗസ്ഥര്‍ മുഖേനയും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടുപോയി. പല കുറ്റവാളികളേയും കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു.

അനീതി: നായകനും വില്ലനും ഹെഡ്‌കോണ്‍സ്റ്റബിള്‍

അതിനിടയിലാണ് എല്ലാം തകിടംമറിക്കാന്‍ പര്യാപ്തമായ ഒരു സംഭവമുണ്ടായത്. കടുത്ത അനീതിയും അധികാരദുര്‍വിനിയോഗവും വ്യക്തിപരമായ സ്വാര്‍ത്ഥലക്ഷ്യങ്ങളും  ഒക്കെ നിറഞ്ഞ ഒന്നായിരുന്നു അത്. അന്വേഷണത്തില്‍ നല്ല സാമര്‍ത്ഥ്യവും ശുഷ്‌കാന്തിയും ഊര്‍ജ്ജസ്വലതയും എല്ലാം പ്രകടിപ്പിച്ച ഒരു ഹെഡ് കോണ്‍സ്റ്റബിളായിരുന്നു കഥാനായകന്‍. അല്ല, കഥയിലെ വില്ലന്‍. അയാളെ നമുക്ക് നരേന്ദ്രന്‍ എന്നു വിളിക്കാം. നരേന്ദ്രന്റെ കൂടി ശ്രമഫലമായി ആദ്യം ചില കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, അതിനിടെ അയാളുടെ രഹസ്യവിവര ശേഖരണത്തിന്റെ വെളിച്ചത്തില്‍ അടുത്ത ജില്ലയില്‍നിന്നും ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. അയാളൊരു ചുമട്ടുതൊഴിലാളിയായിരുന്നു. ചില അടിപിടി കേസുകളില്‍ നേരത്തെ ഉള്‍പ്പെട്ടിരുന്നുവെങ്കിലും അയാള്‍ക്ക് മോഷണംപോലുള്ള കേസുകളില്‍ ഉള്‍പ്പെട്ട ചരിത്രമില്ലായിരുന്നു. 

ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്രന്റെ 'രഹസ്യവിവരങ്ങള്‍' ആ മനുഷ്യനെതിരായിരുന്നു. ചോദ്യംചെയ്യലില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു മോഷണക്കേസുകളില്‍ അയാളുടെ പങ്കാളിത്തം ബോദ്ധ്യമായില്ല. പക്ഷേ, ഹെഡ് കോണ്‍സ്റ്റബിള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. വിവരങ്ങള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍നിന്നും മനസ്സിലാക്കിയപ്പോള്‍ ഇതിലെന്തോ പന്തികേടുണ്ടെന്നു ഞങ്ങള്‍ക്കു തോന്നി. ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്രന് ഇക്കാര്യത്തില്‍ തെറ്റായ അമിതാവേശത്തിനപ്പുറം മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് അന്വേഷിക്കാന്‍ ഞാന്‍ സി.ഐയോട് നിര്‍ദ്ദേശിച്ചു. അതേസമയം ഈ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിവരം ശേഖരിക്കാന്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിനോടും ആവശ്യപ്പെട്ടു. നിശ്ശബ്ദമായി, കാര്യക്ഷമതയോടെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ധാരാളം ഉദ്യോഗസ്ഥര്‍ അന്ന് അതിലുണ്ടായിരുന്നു. തൊഴില്‍ മികവിന്റെ മാത്രം അടിസ്ഥാനത്തില്‍ ഞാന്‍ തന്നെ നേരിട്ടു തിരഞ്ഞെടുത്തവരായിരുന്നു അവരെല്ലാം. 

അങ്ങനെ നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ കസ്റ്റഡിയിലായിരുന്ന ആ ചുമട്ടുതൊഴിലാളിയുടെ നിരപരാധിത്വം ഏതാണ്ട് പൂര്‍ണ്ണമായും വെളിപ്പെട്ടു. മാത്രമല്ല, ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്രന്റെ അമിതാവേശത്തിന്റെ പിന്നിലുണ്ടായിരുന്ന യഥാര്‍ത്ഥ ലക്ഷ്യവും വെളിച്ചത്തിലായി. കസ്റ്റഡിയിലെടുത്ത വ്യക്തിയെക്കുറിച്ച് അന്വേഷിക്കുന്നതിനും അയാളെ സഹായിക്കുന്നതിനും വേണ്ടി അയാളുടെ സഹോദരിയും അമ്മയും എത്തിയിരുന്നു. രഹസ്യമായി, ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്രന്‍ സഹായവാഗ്ദാനവുമായി അവരോടൊപ്പം കൂടി. 'പ്രതി'യുടെ ചെറുപ്പക്കാരിയായ സഹോദരിയില്‍ അയാള്‍ക്കൊരു 'കണ്ണു'ണ്ടായിരുന്നു. അയാളവരുടെ താമസസ്ഥലത്തുപോയി രഹസ്യമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. എന്നുമാത്രമല്ല, കസ്റ്റഡിയിലായിരുന്ന സഹോദരന്റെ രക്ഷകനെന്ന വ്യാജേന അയാള്‍  അടുത്തുകൂടി ആ സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തിരിക്കാനുള്ള സാദ്ധ്യതയിലേക്കും രഹസ്യാന്വേഷണം വിരല്‍ ചൂണ്ടി. കാര്യങ്ങള്‍ സ്വതന്ത്രമായി അന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇതേ നിഗമനത്തില്‍ തന്നെ എത്തി.
 
സ്പെഷ്യല്‍ ബ്രാഞ്ചുകാര്‍ ഒരു കാര്യം കൂടി കണ്ടെത്തി. അതായത് ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്രന്‍ കസ്റ്റഡിയിലെടുത്ത ചുമട്ടുതൊഴിലാളി താമസിച്ചിരുന്ന പ്രദേശവുമായി ചില ബന്ധങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ അവരെയെല്ലാം മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടാകാമെന്നും അയാള്‍ ദുഷ്ടലാക്കോടുകൂടി ആസൂത്രണം ചെയ്ത് നടത്തിയ നീക്കം തന്നെയായിരുന്നു ചുമട്ടുതൊഴിലാളിക്കെതിരെ 'രഹസ്യവിവര'മെന്ന നിലയില്‍ വ്യാജ ആരോപണം ഉന്നയിച്ചതെന്നും ഏതാണ്ട് വ്യക്തമായി. ഉടന്‍ തന്നെ, കസ്റ്റഡിയിലായിരുന്ന തൊഴിലാളിയെ നിരുപാധികം വിട്ടയച്ചു. 

ഇവിടെ വിവരിക്കുമ്പോള്‍ ദുഷ്ടലാക്കോടുകൂടി അധികാരദുര്‍വിനിയോഗം നടത്തി കുറ്റം ചെയ്യാത്ത ഒരാളെ പ്രതിയാക്കാനുള്ള ഹീനമായ തന്ത്രം എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞതായി തോന്നാം. പക്ഷേ, സത്യമതല്ല. ഇത്തരം കുറ്റാന്വേഷണങ്ങളില്‍ പല കാര്യങ്ങളും രഹസ്യാത്മകമാണ്. എല്ലായ്പോഴും കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളും കൃത്യമായി ബോദ്ധ്യം വരത്തക്കരീതിയില്‍ സ്ഥാപിക്കുക ശ്രമകരമായിരിക്കും. അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായും വസ്തുനിഷ്ഠമായും പ്രസക്തമായ വിവരശേഖരണം നടത്തി അവ സംയോജിപ്പിച്ച് സമഗ്രമായി അപഗ്രഥനം നടത്തിയാല്‍ മാത്രമേ അത് ഫലപ്രദമാകുകയുള്ളു. അതിനിടയില്‍ ഒരു 'നരേന്ദ്രനു'ണ്ടെങ്കില്‍ സൗകര്യപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ നല്ല വാക്ചാതുരിയോടെ സമര്‍ത്ഥമായി അവതരിപ്പിച്ചാല്‍ അന്വേഷണം വഴിതെറ്റുക എളുപ്പമാണ്. പലപ്പോഴും കേസുകള്‍ തെളിയിക്കാനുള്ള അമിതാവേശത്തില്‍ അന്വേഷണച്ചുമതലയുള്ള മേലുദ്യോഗസ്ഥനും അത്തരം ചതിക്കുഴിയില്‍ വീഴാം. കുറ്റാന്വേഷണത്തിന്റെ ഈ സങ്കീര്‍ണ്ണതയും അതില്‍ പതിയിരിക്കുന്ന അപകടങ്ങളും മനുഷ്യാവകാശ ലംഘനത്തിനുള്ള സാദ്ധ്യതകളും കണക്കിലെടുക്കുമ്പോള്‍ ഇതുപോലുള്ള അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന യോഗ്യത professional integrtiy (തൊഴില്‍പരമായ സത്യസന്ധത) ആയിരിക്കണം എന്നാണ് എന്റെ പക്ഷം. ഈ ഗുണമില്ലാത്ത ഉദ്യോഗസ്ഥന്‍ അയാള്‍ക്ക് ഷെര്‍ലക്ക് ഹോംസിന്റെ കുറ്റാന്വേഷണ വൈദഗ്ദ്ധ്യം ഉണ്ടെങ്കിലും പൊലീസിനു മാത്രമല്ല, സമൂഹത്തിനും വലിയ ബാദ്ധ്യതയായി മാറും. ലോകപ്രശസ്ത ധനകാര്യ മാനേജ്മെന്റ് വിദഗ്ദ്ധനായ വാറന്‍ ബഫേ (Warren buffet)യുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. 'In looking for people to hire, you look for three qualities: integrtiy, intelligence and energy. And if they don't have the first, the other two will kill you' (നിങ്ങളൊരാളെ നിയമിക്കുമ്പോള്‍ അയാളില്‍ മൂന്ന് ഗുണങ്ങള്‍ നോക്കുക - സത്യസന്ധത, ബുദ്ധിശക്തി, ഊര്‍ജ്ജസ്വലത, അയാള്‍ക്ക് ആദ്യ ഗുണമില്ലെങ്കില്‍ മറ്റു രണ്ടും കൂടി നിങ്ങളെ നശിപ്പിക്കും). എന്റെ കാഴ്ചപ്പാടില്‍ ഈ വാക്കുകള്‍ കേസന്വേഷണത്തിനു നിയോഗിക്കുന്ന പൊലീസുദ്യോഗസ്ഥനെ തിരഞ്ഞെടുക്കുന്നതില്‍ വിലമതിക്കാനാവാത്ത തത്ത്വം ഉള്‍ക്കൊള്ളുന്നതാണ്. കൃത്യമായി നരേന്ദ്രന്റെ കാര്യത്തില്‍ സംഭവിച്ചത് വാറന്‍ ബഫേ പറഞ്ഞതു തന്നെയാണ്. സമര്‍ത്ഥനും ഊര്‍ജ്ജസ്വലനും തൊഴില്‍പരമായ സത്യസന്ധത അശേഷം പോലും സ്പര്‍ശിച്ചിട്ടില്ലാത്തവനുമായ അയാള്‍ എത്ര വലിയ നശീകരണപ്രവൃത്തിയാണ് ചെയ്തത്. ഹീനമായ സ്വാര്‍ത്ഥലക്ഷ്യത്തിനുവേണ്ടി, അധികാരദുര്‍വിനിയോഗം നടത്തി കേസന്വേഷണത്തെ വഴിതെറ്റിച്ച് നിരപരാധിയായ പാവം മനുഷ്യനെ മോഷണക്കേസില്‍ പ്രതിയാക്കുന്നതില്‍ ഏകദേശം വിജയിച്ച നരേന്ദ്രനെതിരെ ശിക്ഷാനടപടികള്‍ ഉടന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമായിരുന്നു. 

നിയമസഭാ സമ്മേളനം നടക്കുന്ന കാലമായിരുന്നു അതെന്നതിനാല്‍  'നരേന്ദ്രചരിതം' സഭയിലടക്കം വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. അതെന്തായാലും നിയമാനുസരണം കര്‍ശനമായി നടപടി സ്വീകരിക്കണം എന്നതില്‍ അശേഷം സംശയമില്ലായിരുന്നു. അയാള്‍ ചൂഷണത്തിനു വിധേയമാക്കാന്‍ ലക്ഷ്യമിട്ട സ്ത്രീയുടെ പരാതി വാങ്ങി കേസെടുക്കാന്‍ തീരുമാനിച്ചു. പക്ഷേ, എത്ര നിര്‍ബ്ബന്ധിച്ചിട്ടും അവര്‍ അതിനോട് സഹകരിച്ചില്ല. എന്നു മാത്രമല്ല, ഇക്കാര്യങ്ങള്‍ സ്വന്തം സഹോദരന്‍ അറിയുകയാണെങ്കില്‍ തനിക്കു പിന്നെ ജീവിച്ചിരിക്കാനാവില്ല എന്നും അവര്‍ അങ്ങേയറ്റം വൈകാരികമായ നിലപാടെടുത്തു. അതുകൊണ്ടുതന്നെ കേസെടുക്കുക അസാദ്ധ്യമായിത്തീര്‍ന്നു. അവരെ ലക്ഷ്യമിട്ട് ഇല്ലാക്കഥകള്‍ ചമച്ച് ഒരു നിരപരാധിയെ മോഷണക്കേസില്‍ പ്രതിയാക്കുന്നതില്‍ ഏകദേശം വിജയംവരിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്രനെ ആ നിലപാടിന്റെ പേരില്‍ രക്ഷപ്പെടാന്‍ അനുവദിക്കാനാകില്ലല്ലോ. അതിനാല്‍ 'അസാന്മാര്‍ഗ്ഗിക ഉദ്ദേശ്യത്തോടെ' അധികാര ദുര്‍വിനിയോഗം നടത്തി നിരപരാധിയെ മോഷണക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് അയാളെ അന്വേഷണവിധേയമായി സര്‍വ്വീസില്‍നിന്ന് സസ്പെന്റ് ചെയ്തു.

സസ്പെന്‍ഷന്‍ റദ്ദാക്കി സര്‍വ്വീസില്‍ തിരികെ കയറാന്‍ അയാള്‍ നടത്തിയ പരിശ്രമവും അസാധാരണമായിരുന്നു. അന്ന് ഏതാണ്ട് 90 വയസ്സ് പ്രായമുണ്ടായിരുന്ന വന്ദ്യവയോധികനായ ഒരു റിട്ടയേര്‍ഡ് ഹൈസ്‌കൂള്‍ അദ്ധ്യാപകനിലാണ് അയാള്‍ രക്ഷകനെ കണ്ടത്. അന്നേയ്ക്ക് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അച്ഛനെ ഹൈസ്‌കൂളില്‍ പഠിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ശുപാര്‍ശയ്ക്കായി അദ്ദേഹത്തെ തേടിപ്പിടിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്രന്റെ അന്വേഷണവൈഭവം എന്നെ അത്ഭുതപരതന്ത്രനാക്കി. ആ വൈഭവം നേരാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ സുകുമാരക്കുറുപ്പൊക്കെ എന്നേ ജയിലിലാകുമായിരുന്നു. അസാധാരണ വാക്ചാതുര്യമുണ്ടായിരുന്ന കഥാപുരുഷന്‍ വളരെ സമര്‍ത്ഥമായി 'തന്റെ നിരപരാധിത്വം' ആ സാത്വികനെ വിശ്വസിപ്പിച്ചിരുന്നതായി എനിക്ക് സംശയം തോന്നി. എന്നാല്‍, ഞാന്‍ ക്ഷമയോടെ മുഴുവന്‍ വസ്തുതകളും വിശദീകരിച്ചപ്പോള്‍ അദ്ദേഹത്തിനു കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടു. തികച്ചും നീതിപൂര്‍വ്വമായ നടപടിയാണ് ഞാന്‍ സ്വീകരിച്ചത് എന്ന് പറയുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്.

പൊലീസുകാരുടെ മൂല്യബോധം

പൊലീസ് സേനയിലെ താഴ്ന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനുവരെ വഴിതെറ്റിയാല്‍ തന്റെ അധികാരദുര്‍വിനിയോഗത്തിലൂടെ സൃഷ്ടിക്കാന്‍ കഴിയുന്ന കൊടിയ ക്രൂരതയുടെ ഉദാഹരണമാണിത്. എന്തുകൊണ്ടിതു സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. ഇവിടെ മേലുദ്യോഗസ്ഥന്റെ ജാഗ്രതകൊണ്ട് നീതിനിഷേധം കുറേയൊക്കെ ഒഴിവായി എന്നുമാത്രം. എന്നാല്‍ ആ ഉദ്യോഗസ്ഥനും മറ്റൊരു 'നരേന്ദ്രന്‍' ആയിരുന്നുവെങ്കിലോ? ഒരു കാര്യം വ്യക്തമാണ്, പൊലീസുദ്യോഗസ്ഥന്‍ തന്റെ പ്രവര്‍ത്തനമേഖലയില്‍ നടത്തുന്ന അധികാരപ്രയോഗം സമൂഹത്തിന്റെ നന്മയ്ക്ക് ഉതകണമെങ്കില്‍ ആ ഉദ്യോഗസ്ഥന് ഉയര്‍ന്ന നീതിബോധം ഉണ്ടായേ തീരൂ. ഞാന്‍ ബഹുമാനിക്കുന്ന സാമൂഹ്യചിന്തകനായ കെ. വേണു ഏതാണ്ട് 20 വര്‍ഷം മുന്‍പ് ഒരു ടെലിവിഷന്‍  ചര്‍ച്ചയില്‍ (ദൂരദര്‍ശന്‍ എന്നാണോര്‍മ്മ) പൊലീസുദ്യോഗസ്ഥന്റെ മൂല്യബോധത്തെപ്പറ്റി പറഞ്ഞ കാര്യം മനസ്സില്‍ തറഞ്ഞുകിടക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ശരാശരി പൊലീസുദ്യോഗസ്ഥന്റെ മൂല്യബോധം ശരാശരി പൗരന്റെ മൂല്യബോധത്തെക്കാള്‍ ഒരുപടികൂടി ഉയര്‍ന്നതായിരിക്കണം. എങ്കില്‍ മാത്രമേ ജനാധിപത്യ സമൂഹത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനം സമൂഹത്തിനു ഗുണകരമാകുകയുള്ളു. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാനതിനെ ശരിവെയ്ക്കുന്നു. അത് സാധ്യമാകണമെങ്കില്‍ പൊലീസ് വകുപ്പും, സര്‍ക്കാരും ഉന്നതമായ മൂല്യബോധം പൊലീസുദ്യോഗസ്ഥരില്‍ വളര്‍ത്തിയെടുക്കുക എന്നതു തന്നെ ഒരു ലക്ഷ്യമായി അംഗീകരിക്കുകയും ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനു കര്‍ശനമായ ചില നിലപാടുകള്‍ സ്വീകരിക്കുകയും വേണം. പക്ഷേ, യാഥാര്‍ത്ഥ്യമെന്താണ്? ജനകീയ സര്‍ക്കാരുകളും പൊലീസ് വകുപ്പും ഇത്തരം വേന്ദ്രന്മാരെയല്ലേ പ്രോത്സാഹിപ്പിക്കുന്നത്?  

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com