ഓര്‍മ്മയില്‍ ഒരു വള്ളംകളി

ആലപ്പുഴ ജില്ലയിലെ ഏറ്റവും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഹേമചന്ദ്രന്‍ നേരിട്ട ഒരു വെല്ലുവിളിയെക്കുറിച്ച്
ഓര്‍മ്മയില്‍ ഒരു വള്ളംകളി

ലപ്പുഴയിലെ  ഏറ്റവും വലിയ ആഘോഷം ഏതാണെന്ന് ചോദിച്ചാല്‍ നെഹ്‌റു ട്രോഫി വള്ളംകളി എന്നാണ് ഉത്തരം. വലിയ ആഘോഷങ്ങള്‍ വലിയ തലവേദനയുമാണ്, പ്രത്യേകിച്ച് പൊലീസിന്. ജില്ലാ എസ്.പി എന്ന നിലയില്‍ ആദ്യം ഞാനഭിമുഖീകരിച്ച വെല്ലുവിളി ആയിരുന്നു ഈ  വള്ളംകളി.  പരമ്പരാഗതമായി ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണത്  നടക്കുക. അതിനു കഷ്ടിച്ച് ഒരുമാസം മുന്‍പ് മാത്രമാണ് ഞാനവിടെ ചാര്‍ജെടുക്കുന്നത്.

അല്പമെങ്കിലും ചുമതലാബോധമുള്ള ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം വളരെ വലിയ 'ജോലിഭാര'മാണ് എസ്.പിയ്ക്ക് വഹിക്കാനുള്ളത്. ജോലിഭാരം എന്ന പ്രയോഗം വ്യക്തിപരമായി എനിക്കിഷ്ടമല്ല, പ്രത്യേകിച്ചും പൊലീസിന്റെ കര്‍മ്മമേഖലയില്‍. സത്വര നടപടി ആവശ്യമുള്ള  മാനുഷിക പ്രശ്‌നങ്ങളിലാണ് മിക്കപ്പോഴും പൊലീസ് ഇടപെടുന്നത്. ഉദാഹരണത്തിന്, സ്‌കൂളില്‍ പോയ മകള്‍ തിരികെ എത്തിയില്ലെന്ന് ഒരമ്മ പരാതിപ്പെടുന്നു.  ആ കുട്ടിയെ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അതൊരു ഭാരമാകാന്‍ പാടില്ലല്ലോ. 'ഭാര'മാകാതിരിക്കാനുള്ള അവസ്ഥ സൃഷ്ടിക്കേണ്ടതുണ്ട്. അതവിടെ നില്‍ക്കട്ടെ.

ജില്ലാ എസ്.പി വഹിക്കേണ്ടുന്ന ചുമതലകളുടെ ബാഹുല്യവും വലിപ്പവും ആദ്യ ദിനങ്ങളില്‍ തന്നെ മനസ്സിലായി തുടങ്ങി.  ആദ്യ ആഴ്ചയില്‍ ഒരു ദിവസം വൈകുന്നേരം ഓഫീസ്  സമയം കഴിഞ്ഞ്, ഫയലുകള്‍ തീര്‍ക്കാന്‍  നിശ്ചയദാര്‍ഢ്യത്തോടെ ഓഫീസില്‍ തുടര്‍ന്നു. മുറിയുടെ അങ്ങേ അറ്റത്തായി ഒരു ബഞ്ചില്‍ ഫയലുകള്‍ കൂനകളായി  അടുക്കിവെച്ചിരുന്നു. പൊലീസുകാരന്‍ വിദ്യാധരന്‍ കൂനകള്‍ ഓരോന്നായി എന്റെ മേശപ്പുറത്ത് കൊണ്ടുവെയ്ക്കും. വാശിയോടെ ഞാന്‍ ഓരോ ഫയലായി നോക്കിവിടും. എല്ലാം  തീര്‍ന്നിട്ടേ  ഓഫീസില്‍ നിന്നിറങ്ങൂ  എന്ന് മനസ്സില്‍ കരുതി. ഇടയ്ക്കത് വിദ്യാധരനോട് പ്രഖ്യാപിക്കുകയും ചെയ്തു.  ഒളിക്കാന്‍ ശ്രമിച്ച ഒരു ചിരി അയാളുടെ മുഖത്ത് മിന്നിയോ? സംശയം തോന്നി. അതവഗണിച്ച് ഫയലുകളില്‍ മുഴുകി.

അങ്ങനെ സമയം രാത്രി ഏറെയായി. അപ്പോഴും ദൂരെ ആ ബഞ്ചില്‍ നിറയെ ഫയല്‍ കൂമ്പാരം തന്നെ, ഒരു കുറവുമില്ല. അവസാനം പൊലീസുകാരനോട് ചോദിച്ചു: ''വിദ്യാധരാ, തീരാറായോ,'' ''ആയി സര്‍, ഇനി  ഒരു നാലു ബെഞ്ചേ കാണൂ  സാര്‍.'' വളരെ നിസ്സാരമട്ടില്‍ മറുപടി. അതു കേട്ടു ഞാന്‍ ഞെട്ടി. പക്ഷേ, പുറത്ത് കാട്ടിയില്ല.  എല്ലാ ഫയലും തീര്‍ത്തേ ഓഫീസ് വിട്ടിറങ്ങു എന്ന വാശി ഉപേക്ഷിച്ച്, ''ബാക്കി ഫയലങ്ങ് വീട്ടിലേയ്‌ക്കെടുത്താലോ'' എന്നായി.  ''അത് വളരെ നന്നായിരിക്കും സാര്‍.'' വിദ്യാധരന്‍ പ്രോത്സാഹിപ്പിച്ചു.  അതിനു കാരണമുണ്ട്. ഞാനിറങ്ങിയെങ്കിലേ  അയാള്‍ക്കും വീട്ടില്‍ പോകാനാകൂ. അക്കാലത്ത് വിദ്യാധരന്‍ അവിവാഹിതനായിരുന്നെങ്കിലും അര്‍ദ്ധരാത്രിക്കു മുന്‍പ് വീട്ടിലെത്തണം എന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ. ഓഫീസ് കാര്യങ്ങള്‍ വീട്ടില്‍ കൊണ്ടുപോകരുത് എന്ന ചില വിദഗ്ദ്ധരുടെ  ഉദ്‌ബോധനം അന്നു ഞാന്‍ ലംഘിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. ഇങ്ങനെ പലവിധ തിരക്കുകള്‍ക്കിടയില്‍ നെഹ്റു ട്രോഫിയും വന്നുകയറി. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊലീസുദ്യോഗസ്ഥരുടെ മീറ്റിംഗ് വിളിച്ചു. ഞാന്‍ കൂടുതലും അതില്‍ ശ്രോതാവായി. അനുഭവസമ്പത്തുള്ള ധാരാളം ഉദ്യോഗസ്ഥരുണ്ടായിരുന്നു. മുന്‍കാലങ്ങളിലെ പല സംഭവങ്ങളില്‍നിന്നും പലതും പഠിക്കാനുമുണ്ടായിരുന്നു. ഒരു കാര്യം ഉദ്യോഗസ്ഥര്‍ പറഞ്ഞത് വള്ളംകളി എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'വെള്ളംകളി' കൂടിയാണ്. 'വെള്ള'മെന്നാല്‍ പുന്നമടക്കായലില്‍ അലയടിക്കുന്നതല്ല. ആഘോഷത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളണമെങ്കില്‍ ഉള്ളില്‍ സ്പിരിറ്റ് അഥവാ മദ്യം കൂടിയേ തീരൂ  എന്ന് കരുതുന്നവരും ധാരാളമാണ്. അങ്ങനെ അത് 'വെള്ളംകളി'യായി മാറും.

പൊലീസിന് അതൊരു വെല്ലുവിളിയാണെന്ന് എനിക്കു തോന്നി. റിപ്പബ്ലിക്ക് ദിന പരേഡ് നടത്തുന്ന ചിട്ടയോടും അച്ചടക്കത്തോടും കൂടി വള്ളംകളി നടത്താനാകില്ലല്ലോ. അതൊരു ആഘോഷത്തിമിര്‍പ്പാണ്. എന്നാല്‍, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യമുണ്ടായിരിക്കുകയും ചെയ്യും. പരിധിവിട്ട ആഘോഷം പലവിധ പ്രശ്‌നങ്ങളും സൃഷ്ടിക്കാം. പൊലീസ് നിയന്ത്രണങ്ങളുടെ ആധിക്യം ആഘോഷത്തിന്റെ പൊലിമ ചോര്‍ത്താം. എന്നാല്‍, ആഘോഷത്തിന്റെ പേരില്‍ ആഭാസത്തരമാകരുത്, കുറ്റകൃത്യങ്ങളും ഉണ്ടാകരുത്. ജനാവലിയുടേയും അതിഥികളായി എത്തുന്നവരുടേയും സുരക്ഷ പ്രധാനമാണ്. ഇതൊക്കെ ആയിരിക്കണം പൊലീസ് നിയന്ത്രണങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നത് എന്ന് പൊതുധാരണയുണ്ടാക്കി. അനാവശ്യമായ അധികാരപ്രയോഗം ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിച്ചു.

വള്ളംകളി മത്സരത്തില്‍ ചില  പ്രശ്‌നമേഖലകള്‍ ഉണ്ട്.  ഉദാഹരണത്തിന് സ്റ്റാര്‍ട്ടിംഗ് പോയിന്റ്. കരയില്‍ ഒരു ഓട്ടമത്സരം നടത്തുന്നതില്‍നിന്ന് വളരെ വ്യത്യസ്തമാണത്. മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളെ പൂര്‍ണ്ണമായും നിശ്ചലാവസ്ഥയില്‍ നിര്‍ത്തുക അസാധ്യമാണല്ലോ. ഒരു ചുണ്ടന്‍ വള്ളം അതിന്റെ ട്രാക്കില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് വരുമ്പോള്‍ അത് ഒന്നോ രണ്ടോ അടി സ്റ്റാര്‍ട്ടിംഗ് പോയിന്റ് കടന്നുപോയെന്നു കരുതുക. പിന്നെ അതിനെ തിരികെ ആ ദൂരം പിന്നിലേയ്ക്കാക്കുക ശ്രമകരമാണ്. അവരതിന് എളുപ്പം വഴങ്ങില്ല. കാരണം, പിന്നോട്ടെടുത്ത് സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്‌ക്കെത്തുമ്പോള്‍ അതിന്റെ ആയം (momentum) പിന്നോട്ടാണ്. സ്റ്റാര്‍ട്ട് ചെയ്യാന്‍ സിഗ്‌നല്‍ കിട്ടുമ്പോള്‍ ആയം മുന്നോട്ടാണോ, പിന്നോട്ടാണോ എന്നത് മത്സരത്തില്‍ നിര്‍ണ്ണായകമാണ്. മത്സരാവേശത്തില്‍ ഇത്തരം പല കാര്യങ്ങളിലും രൂക്ഷമായ തര്‍ക്കം ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് കരുത്തുറ്റ പൊലീസ് ഇടപെടല്‍ വേണം. മറ്റൊരു സുഭാഷിതവും അവിടെ വിജയിക്കില്ല. മുന്‍പൊരു വര്‍ഷം അത്തരമൊരു സന്ദര്‍ഭത്തില്‍, ''ഇപ്പം ശരിയാക്കാം'' സ്റ്റൈലില്‍ തര്‍ക്കത്തില്‍ ചെന്നുപെട്ട ഒരു വനിതാ എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് വെള്ളം കുടിച്ചുപോയ കഥ മീറ്റിംഗില്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.സി. സോമന്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. ഇത്തരം വള്ളംകളി പുരാണങ്ങളില്‍നിന്നുള്ള പാഠം ഉള്‍ക്കൊണ്ട് പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ ഇതുപോലെ 'തന്ത്രപ്രധാന'മായ സ്ഥലങ്ങളില്‍  വിനിയോഗിക്കാന്‍ തീരുമാനിച്ചു.

ഒരു ഉദ്യോഗസ്ഥന്റെ നിലപാട് തികച്ചും അപ്രതീക്ഷിതമായിരുന്നു. അദ്ദേഹം റിട്ടയര്‍ ചെയ്യാന്‍ രണ്ടോ മൂന്നോ മാസമേ ഉണ്ടായിരുന്നുള്ളു. തന്നെ  നെഹ്‌റു ട്രോഫി ബോട്ട് റേസ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന്   അഭ്യര്‍ത്ഥിച്ചു. അതെനിക്ക് വളരെ അസാധാരണമായി തോന്നി. ആ ഉദ്യോഗസ്ഥന്റെ ദീര്‍ഘമായ സര്‍വ്വീസും പ്രായവും എല്ലാം മനസ്സില്‍ വച്ച് ഞാന്‍ പറഞ്ഞു. ''ഇത് നിങ്ങളുടെ അവസാനത്തെ നെഹ്‌റു ട്രോഫിയാണ്. എത്രയോ വര്‍ഷം, എസ്.ഐ ആയിരുന്നതു മുതല്‍ നിങ്ങളിതു ചെയ്തിട്ടുണ്ട്. എന്റെ ആഗ്രഹം, ഇത്തവണയും നിങ്ങളുണ്ടാവണം എന്നാണ്. എന്ത് ഡ്യൂട്ടി എന്നത് നിങ്ങള്‍ക്കു തെരഞ്ഞെടുക്കാം.'' ഒഴിവാക്കണമെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. വളരെ സൗമ്യമായും സൗഹൃദമായുമാണ് സംസാരിച്ചത്. ഞാനും നിലപാട് ആവര്‍ത്തിച്ചപ്പോള്‍ അവസാനം ''എന്നാല്‍ സാറിന്റെ ഇഷ്ടം പോലെ.'' എന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞ രീതിയില്‍ നിഷേധത്തിന്റെ ലാഞ്ഛന പോലും ഞാന്‍ കണ്ടില്ല. എങ്കിലും എന്തോ ദുരൂഹത തോന്നി.

അടുത്ത ദിവസം ഉച്ചകഴിഞ്ഞ നേരത്ത് മറ്റാരുമില്ലാത്ത സമയം അദ്ദേഹം എന്റെ മുറിയില്‍ വന്നു. വീണ്ടും പഴയ ആവശ്യം ആവര്‍ത്തിച്ചു. എന്തുകൊണ്ടാണ് ഒഴിവാകുന്നത് എന്നു ഞാന്‍ ചോദിച്ചെങ്കിലും  കാരണമൊന്നും പറഞ്ഞില്ല. എന്തൊക്കെയോ സംഘര്‍ഷങ്ങള്‍ അദ്ദേഹം അനുഭവിക്കുന്നതായൊരു സംശയം എനിക്കുണ്ടായി. പെട്ടെന്നു കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് എഴുന്നേറ്റു. വളരെ പരിമിതമായ പരിചയമേ എനിക്കന്ന് അദ്ദേഹവുമായി ഉണ്ടായിരുന്നുള്ളു. എന്തെങ്കിലും കൂടുതല്‍ പറയും മുന്‍പേ അഭിവാദ്യം ചെയ്തു  മടങ്ങി. വെറുമൊരു ഡ്യൂട്ടിക്കപ്പുറം മറ്റെന്തൊക്കെയോ ആ മനസ്സിലുണ്ട്, എനിക്കു തോന്നി.

സംഭവബഹുലമായ വള്ളംകളി

അതേ, അദ്ദേഹത്തിന്റെ മനസ്സ് ആലപ്പുഴയ്ക്കും വള്ളംകളിക്കുമൊക്കെ അപ്പുറത്തുള്ള ഒരു ലോകത്തായിരുന്നു. അന്ന് രാത്രി അധികം വൈകും മുന്‍പേ എനിക്ക് ഫോണ്‍ വന്നു. മറുതലയ്ക്കല്‍ ടൗണ്‍ സി.ഐ വി.സി. സോമന്‍, വലിയ വെപ്രാളത്തിലാണ് കാര്യം പറഞ്ഞത്.  ഒറ്റയ്‌ക്കൊരു മുറിയില്‍ ആ ഉദ്യോഗസ്ഥന്‍ ധാരാളം രക്തം വാര്‍ന്ന നിലയില്‍ കാണപ്പെട്ടു.  മിനിറ്റുകള്‍ക്കകം ഞാനും അവിടെയെത്തി. ഞങ്ങള്‍ അദ്ദേഹത്തെ അതിവേഗം മെഡിക്കല്‍ കോളേജിലെത്തിച്ചു. സത്യത്തില്‍ പ്രതീക്ഷയറ്റ നിലയിലായിരുന്നു അവിടെയെത്തിയത്. ജീവന്റെ നേരിയ തുടിപ്പുമാത്രം. അതൊരു ആത്മഹത്യാശ്രമമായിരുന്നു. അവിടുത്തെ ഡോക്ടര്‍മാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ബുദ്ധിമുട്ട് പ്രതീക്ഷിച്ചത് ആവശ്യത്തിന് രക്തം കിട്ടാനാണ്. അ നെഗറ്റീവ് ഗ്രൂപ്പായിരുന്നു വേണ്ടത്. അക്കാര്യത്തില്‍ അവിടുത്തെ ഒരു സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകരായ യുവാക്കള്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അങ്ങനെ അത്ഭുതം സംഭവിച്ചു. അദ്ദേഹം രക്ഷപ്പെട്ടു. എന്തുകൊണ്ട് നെഹ്‌റുട്രോഫി ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന് നിര്‍ബ്ബന്ധം പിടിച്ചു എന്ന ദുരൂഹത നീങ്ങി? പക്ഷേ, എന്തുകൊണ്ടങ്ങനെ ശ്രമിച്ചു എന്ന ചോദ്യം  അപ്പോഴും ബാക്കിയായി, ഒരിക്കലും ഉത്തരം കിട്ടാതെ.   

ആഗസ്റ്റിലെ രണ്ടാം ശനി, അന്നാണല്ലോ നെഹ്‌റുട്രോഫി വള്ളംകളി, കൂടുതല്‍ കലുഷിതമാകുന്ന മറ്റു ലക്ഷണങ്ങളും കണ്ടുതുടങ്ങി. ശനിയുടെ അപഹാരം എന്നൊക്കെ കേട്ടിട്ടുണ്ട്, ജ്യോതിഷത്തില്‍ വിശ്വസിച്ചിട്ടില്ലെങ്കിലും. ഏറ്റുവും ഒടുവില്‍ പ്രശ്‌നം ഉയര്‍ന്നുവന്നത് വി.ഐ.പിയുടെ രൂപത്തിലായിരുന്നു. അന്ന് കേന്ദ്ര വ്യോമയാന മന്ത്രിയും കോണ്‍ഗ്രസ്സിന്റെ സമുന്നതനായ ദേശീയ നേതാവുമായിരുന്ന മാധവറാവു സിന്ധ്യ ആയിരുന്നു വള്ളംകളിയുടെ മുഖ്യാതിഥി. ആയിടെ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന ദേശീയതലത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി (BJP)യില്‍നിന്നും കടുത്ത പ്രതിഷേധം ഉളവാക്കി. പലേടത്തും അദ്ദേഹം പങ്കെടുത്ത പൊതുപരിപാടികള്‍ തീവ്രമായ പ്രതിഷേധ പ്രക്ഷോഭങ്ങളുടെ വേദിയായി. അത്തരമൊരു പശ്ചാത്തലത്തിലാണ് നെഹ്‌റുട്രോഫി മത്സരത്തിന്റെ  മുഖ്യാതിഥിയായി മാധവറാവു സിന്ധ്യ എത്തുന്നത്. അദ്ദേഹത്തിന്റെ കേരളത്തിലെ പ്രധാന പരിപാടിയായിരുന്നു അത്.  വള്ളംകളി സ്ഥലത്ത്, ആ ജനസമുദ്രത്തിന്റെ നടുവില്‍ വി.ഐ.പി പവിലിയനില്‍ മൂന്ന് മണിക്കൂറിലധികം  അദ്ദേഹം ഉണ്ടാവുകയും ചെയ്യും. അതുപോലൊരു സുവര്‍ണ്ണാവസരം ഏതു പ്രതിഷേധക്കാരേയും പ്രലോഭിപ്പിക്കും. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ആഗസ്റ്റിലെ ആ രണ്ടാം ശനിയുടെ അപഹാരം എന്റെ ഔദ്യോഗിക ജീവിതത്തേയും ബാധിക്കും  എന്നത് വ്യക്തമായിരുന്നു.

കൂനിന്മേല്‍ കുരുപോലെ കുറേ ഇന്റലിജന്‍സ് സന്ദേശങ്ങളും വന്നു. കേന്ദ്രമന്ത്രി വരും; വരുമ്പോള്‍ ബി.ജെ.പി പ്രതിഷേധിക്കും; അത് വലിയ പ്രശ്‌നമാകാം. ഇതെല്ലാം പരസ്യമാണ്. പക്ഷേ, പരസ്യമായ ഇക്കാര്യം രഹസ്യവിവരമായി മുകളില്‍ 'പരമരഹസ്യം' എന്നെഴുതി ഒരു റിപ്പോര്‍ട്ടായി കിട്ടി.  പിന്നെ കുഴപ്പമുണ്ടായാല്‍ ഇന്റലിജെന്‍സ് മുന്നറിയിപ്പ്   ഉണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല എന്നാകും. അപ്പോള്‍ സുരക്ഷാവീഴ്ച അതീവ ഗുരുതരമാകും.  കേരളത്തില്‍ കോണ്‍ഗ്രസ്  ഭരിക്കുമ്പോള്‍ ഇവിടെവച്ചൊരു ദുരനുഭവമുണ്ടായാല്‍ അത് വളരെ ഗൗരവമായി വീക്ഷിക്കും എന്നതും  സ്വാഭാവികമാണ്. 

എങ്ങനെ ആ സാഹചര്യം ഒഴിവാക്കണമെന്ന് ഞാന്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ചു. അക്കാലത്ത് അവിടെ ഉണ്ടായിരുന്ന സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി, പി.എം. മാന്വല്‍ വളരെ സഹായകമായിരുന്നു. സാങ്കേതികമായി എന്റെ കീഴിലായിരുന്നില്ല മാന്വല്‍. എന്നിട്ടും എന്റെ ആലപ്പുഴക്കാലം മുഴുവന്‍ ആ നല്ല മനുഷ്യന്‍ നല്‍കിയ പിന്തുണ എത്ര വിലപ്പെട്ടതായിരുന്നു?

കേന്ദ്രമന്ത്രി മൂന്ന് മണിക്കൂര്‍ ആലപ്പുഴയില്‍ ഉണ്ടായിരിക്കുമ്പോള്‍, അതും വലിയൊരു ജനാവലി വള്ളംകളിക്കായി ഒത്തുചേര്‍ന്നിരിക്കുന്നതിനിടയില്‍ പ്രതിഷേധം പലവിധ പ്രശ്‌നങ്ങളുമുണ്ടാക്കാം. എല്ലാം കണക്കിലെടുത്തപ്പോള്‍ ജനാധിപത്യ രീതിയില്‍ സമാധാനപരമായ പ്രതിഷേധം നടത്താന്‍ അവസരം ഉണ്ടാക്കുന്നതായിരിക്കും നല്ലത് എന്നൊരു നിഗമനത്തില്‍ ഞങ്ങളെത്തി. ഇക്കാര്യം എങ്ങനെ പ്രായോഗികമാക്കാം എന്നായി ആലോചന. ഞാനന്നവിടെ പുതിയ ആളാണല്ലോ. പരിചയസമ്പന്നനായ ഒരുദ്യോഗസ്ഥന്‍ തനിക്ക് ബി.ജെ.പി ഭാരവാഹികളെ അറിയാമെന്നും അദ്ദേഹം അക്കാര്യം ഉറപ്പുവരുത്താമെന്നും പറഞ്ഞു. അതെനിക്ക് ആശ്വാസമായി. പക്ഷേ, കാര്യങ്ങള്‍ വ്യക്തമായ ധാരണയിലേയ്ക്ക് നീങ്ങുന്നുണ്ടായിരുന്നില്ല. ആ ഘട്ടത്തില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി, പി.എം. മാന്വല്‍, ''സാറിതില്‍ നേരിട്ടിടപെട്ട് സംസാരിക്കണം.'' എന്ന് എന്നോട് പറഞ്ഞു. അതനുസരിച്ച് ബി.ജെ.പി ജില്ലാ ഭാരവാഹികള്‍ ഓഫീസില്‍ വന്ന് എന്നെ കണ്ടു. ''ഞങ്ങള്‍ക്കു ശക്തമായ പ്രതിഷേധമുണ്ട്; അതു രേഖപ്പെടുത്തും'' അവര്‍ വ്യക്തമാക്കി. ജനാധിപത്യപരമായ പ്രതിഷേധത്തിന് പൊലീസ്  എതിരല്ലെന്നും വള്ളംകളി അലങ്കോലമാകരുതെന്നേയുള്ളുവെന്നും ഞാന്‍ പറഞ്ഞു.  ഒപ്പം നാനാ ഭാഗത്തുനിന്നും വരുന്ന ആളുകളുടെ സുരക്ഷാപ്രശ്‌നം പ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു. നെഹ്റുട്രോഫി വള്ളം കളിയെന്ന ജനകീയ പരിപാടി അലങ്കോലമാകാതെയുള്ള പ്രതിഷേധം എന്ന്  താത്ത്വികമായി  യോജിപ്പിലെത്താന്‍ പ്രയാസമുണ്ടായില്ല. പക്ഷേ, അതുകൊണ്ടായില്ലല്ലോ. പ്രതിഷേധം  മാധവറാവു സിന്ധ്യയുടെ സജീവ ശ്രദ്ധയില്‍ വരുത്തണം എന്ന ചിന്ത   അവര്‍ക്കുണ്ടായിരുന്നുവെന്ന് എനിക്കു തോന്നി.   പൊലീസുമായി ഏറ്റുമുട്ടലിനു നില്‍ക്കില്ലെന്നും സമാധാനം പാലിക്കുമെന്നും അവര്‍ ഉറപ്പുനല്‍കി. 

ആശങ്കകള്‍ക്കു നടുവില്‍

അക്കാര്യങ്ങളില്‍ പ്രതിഷേധക്കാരുടെ പിന്നീടുള്ള നീക്കങ്ങള്‍ മനസ്സിലാക്കുന്നതിനായി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍മാരെ നിയോഗിച്ചു. സംഘടിതമായി നേതാക്കള്‍ നയിക്കുന്ന വലിയ പ്രതിഷേധങ്ങളെ നേരിടുന്നതിനേക്കാള്‍ പലപ്പോഴും പൊലീസിനെ ബുദ്ധിമുട്ടിക്കുന്നത് ഒറ്റപ്പെട്ട അപ്രതീക്ഷിത  പ്രതിഷേധങ്ങളാണ്. വള്ളംകളിയാകുമ്പോള്‍ കരയിലും ജലാശയത്തിലും ശ്രദ്ധ വേണം. അതിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കി.  നേതാക്കളുമായി ആശയവിനിമയം നടത്തി എന്നതുകൊണ്ട് പൊലീസ് ജാഗ്രത കുറച്ചില്ല. കാരണം, അത് അപകടകരമാണ്. അവര്‍ വാക്കു പാലിച്ചാല്‍ത്തന്നെ പ്രതിഷേധം ചിലപ്പോള്‍ നേതൃത്വത്തിന്റെ നിയന്ത്രണത്തിനപ്പുറമാകാം. വാക്കുപാലിക്കുമെന്ന് ഉറപ്പുമില്ല.

അങ്ങനെ ചെറുതും വലുതുമായ പ്രശ്‌നങ്ങളും ഉല്‍ക്കണ്ഠകളുമായി ആഗസ്റ്റിലെ രണ്ടാം ശനി എത്തി. ഡ്യൂട്ടിക്കുള്ള മുഴുവന്‍ പൊലീസുകാരോടും ഞാന്‍ നേരിട്ട് വിശദമായി സംസാരിച്ചു. ആഘോഷത്തിന്റെ പ്രാധാന്യം, പ്രതിഷേധത്തിന്റെ പ്രശ്‌നം, സുരക്ഷാ നിയന്ത്രണങ്ങള്‍, അമിതാധികാര പ്രവണത ഒഴിവാക്കുന്നതിന്റെ കരുതല്‍ അങ്ങനെ പോയി അത്. മുഴുവന്‍  പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഈ  ആശയവിനിമയം വളരെ പ്രധാനമാണ്.

മുഖ്യാതിഥി എത്തുന്നതിനു തൊട്ടുമുന്‍പ് ഞാന്‍ വീണ്ടും വി.ഐ.പി പവിലിയനില്‍ പോയി. അതേതാണ്ട് നിറഞ്ഞിരുന്നു. ഒരിടത്തും ദൃഷ്ടിയുറപ്പിക്കാതെ എല്ലാം നോക്കിയുള്ള ആ നടത്തത്തില്‍ ഒരു സഫാരികോട്ടുധാരി ശ്രദ്ധയില്‍പ്പെട്ടു. ആ സഫാരിക്കാരനായിരുന്നു അപ്പോഴത്തെ മുഖ്യ ആകര്‍ഷണം. അക്കാലത്ത് സഫാരി ആയിരുന്നു 'ദിവ്യന്‍'മാരുടെ വേഷം, വന്‍കിട  തട്ടിപ്പുകാരുടേയും. പിന്നെ, അതന്യം നിന്നു. സഫാരിയുടെ സ്ഥാനം പിന്നീട് സ്യൂട്ടും കോട്ടും കയ്യടക്കി. ഉയര്‍ന്ന ഉദ്യോഗസ്ഥരും വി.ഐ.പികളുമെല്ലാം അദ്ദേഹത്തിനടുത്തു ചെന്ന് കുശലാന്വേഷണമോ പരസ്പരം ആദരം പ്രകടിപ്പിക്കലോ ഒക്കെ നടത്തുന്നുണ്ടായിരുന്നു. വലിയ കൗതുകവും അല്പം താല്പര്യവും തോന്നിയെങ്കിലും ഞാന്‍ മാത്രം സഫാരിയില്‍നിന്ന് സാമൂഹ്യ അകലം പാലിച്ചു, കൊവിഡ് ഇല്ലാതിരുന്ന കാലത്തും. ഈ അകലം പിന്നീട് പ്രയോജനം ചെയ്തു. 

പ്രതീക്ഷിച്ച സമയത്തുതന്നെ - ഉച്ചയ്ക്ക് രണ്ടു മണിയോടെ, കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യ എത്തി. പ്രതിഷേധക്കാരില്‍നിന്നും മറയ്ക്കാനും ഒളിക്കാനും ഒന്നും ശ്രമിച്ചില്ല. പൊലീസ് കണ്‍ട്രോള്‍  റൂമിനടുത്തുള്ള ബോട്ട്‌ജെട്ടി വരെ സുഗമമായി എത്തി. അവിടെനിന്ന് ബോട്ടില്‍ കയറിയപ്പോള്‍ തോടിന്റെ മറുകരയില്‍ പ്രതിഷേധക്കാരുണ്ടായിരുന്നു, വളരെ സംഘടിതരായി. അവിടെ പൊലീസിനേയും വിന്യസിച്ചിരുന്നു. ബോട്ട് വള്ളംകളി സ്ഥലത്തേയ്ക്ക് നീങ്ങിയപ്പോള്‍ കരയിലൂടെ സമാന്തരമായി പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭക്കാരും മുന്നേറി, വലിയ ആവേശത്തില്‍.  കുറെ മുന്നോട്ട് പോയപ്പോള്‍ പൊലീസ് അവരെ തടഞ്ഞു. മുന്‍ധാരണ പോലെ,  പ്രശ്‌നമൊന്നുമില്ലാതെ അതവിടെ അവസാനിച്ചു. അങ്ങനെ പ്രതിഷേധം വിജയിച്ചു, തല്‍ക്കാലം ഞങ്ങളും. കേന്ദ്രമന്ത്രിയെ സുരക്ഷിതനായി വി.ഐ.പി പവിലിയനിലെത്തിച്ചതോടെ പകുതി ആശ്വാസമായി. 

ഒറ്റപ്പെട്ട ഏതെങ്കിലും പ്രതിഷേധക്കാര്‍ വി.ഐ.പി പവിലിയനു മുന്നിലുള്ള കായലിലൂടെ  വരുമോ എന്നൊരു സന്ദേഹമുണ്ടായിരുന്നു. ആ മുന്‍കരുതല്‍  ഗുണം ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ചുകാര്‍ അടങ്ങുന്ന ഒരു സംഘം സ്പീഡ് ബോട്ടില്‍ പട്രോള്‍ ചെയ്തിരുന്നു. അവര്‍ അത്തരമൊരു ശ്രമം വളരെ അകലെ വച്ചുതന്നെ സമര്‍ത്ഥമായി ഇടപെട്ട് പരാജയപ്പെടുത്തി.  ആശങ്കകള്‍ക്കിടയിലും  വള്ളംകളി അരങ്ങേറി, ആവേശോജ്ജ്വലമായിത്തന്നെ. പക്ഷേ, ''പുന്നമടക്കായലിന്റെ ചിറ്റോളങ്ങളെ തീ പിടിപ്പിക്കുന്ന മത്സരത്തിന്റെ ലഹരിയോ'' വഞ്ചിപ്പാട്ടിന്റെ ''തിത്തയ്  തകതോ''മോ ഒന്നും എന്റെ മനസ്സില്‍ കാര്യമായി പതിഞ്ഞില്ല. 

എല്ലാം കുഴപ്പമില്ലാതെ തീരാറായപ്പോള്‍ വരുന്നു, അവസാനത്തെ പുലിവാല്‍.  മഹാനായ ജവഹര്‍ലാല്‍ നെഹ്‌റു പണ്ട് ചുണ്ടന്‍ വള്ളത്തില്‍ യാത്രചെയ്ത കഥ കേട്ടപ്പോള്‍ മാധവ റാവു സിന്ധ്യയ്ക്കും ആവേശമായി. അദ്ദേഹത്തിനും ചുണ്ടന്‍വള്ളത്തില്‍ കയറണം. അപ്രതീക്ഷിതമായ ആ പരിപാടി, അപ്പോഴത്തെ ആവേശത്തിലും ബഹളത്തിലും അപകടം പിടിച്ചതായിരുന്നു. വി.ഐ.പിയോടൊപ്പം പലരും ഇടിച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം ബുദ്ധിമുട്ടായി. കുറേ പൊലീസുദ്യോഗസ്ഥരെക്കൂടി കയറ്റി തിരിക്കുമ്പോള്‍ ഇതെങ്ങാനും മുങ്ങുമോ എന്നൊരാശങ്ക എന്റെ മനസ്സിലുണ്ടായിരുന്നു. കേന്ദ്രമന്ത്രിയെ കിട്ടിയപ്പോള്‍ തുഴച്ചില്‍ക്കാര്‍ക്കും എല്ലാം വലിയ ആവേശം. ആട്ടവും പാട്ടും ആയി ആടിയുലഞ്ഞ  ചുണ്ടന്‍ വള്ളം  മുങ്ങിപ്പോകാതെ കരയടുത്തു. മാധവ റാവു സിന്ധ്യയെ സുരക്ഷിതനായി യാത്രയാക്കി. ഞങ്ങള്‍ക്ക് ശ്വാസം നേരെയായി.     
            
മഴപെയ്തു തീര്‍ന്നാല്‍ പിന്നെ മരം പെയ്യുമല്ലോ. വള്ളംകളി കഴിഞ്ഞാലും അതിന്റെ വിശേഷങ്ങള്‍ തീരാന്‍ സമയമെടുക്കും. പത്രമാധ്യമങ്ങളിലും ഉദ്യോഗസ്ഥ ഉപശാലകളിലും മറ്റും അത് പിന്നെയും തങ്ങിനില്‍ക്കും. എല്ലാ ഭീഷണികളേയും അതിജീവിച്ച് കേന്ദ്രമന്ത്രി സുരക്ഷിതനായി മടങ്ങിയതോടെ, സുരക്ഷാവീഴ്ചയെന്ന പ്രിയപ്പെട്ട പല്ലവി അപ്രസക്തമായി. മാധ്യമങ്ങള്‍ വള്ളംകളി സംഘാടനത്തിലെ മദ്യലോബിയുടെ സ്വാധീനം, മദ്യമാഫിയകളുടെ വി.ഐ.പി പവിലിയനിലെ നിറസാന്നിദ്ധ്യം മുതലായ മേഖലകളിലേയ്ക്കു്  തിരിഞ്ഞു. ഈ ആരോപണങ്ങള്‍ പൊലീസിതര വകുപ്പുകളെയാണ് ലക്ഷ്യം വച്ചത്. ഇപ്പറഞ്ഞ 'മാഫിയ'യുടെ മുഖ്യനായിരുന്നു  നേരത്തെ പരാമര്‍ശിച്ച നമ്മുടെ സഫാരിധാരി. അറിഞ്ഞോ അറിയാതേയോ സഫാരിയില്‍നിന്നും എസ്.പി സൂക്ഷിച്ച സാമൂഹ്യഅകലം മാധ്യമപ്രവര്‍ത്തകര്‍ കാണാതിരുന്നില്ല എന്ന് വാര്‍ത്തകള്‍ വ്യക്തമാക്കി. 

എന്നെ ശരിക്കും ബുദ്ധിമുട്ടിച്ചത് മറ്റൊരു കാര്യമാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഡി.വൈ.എസ്.പി മദ്യലഹരിയിലായിരുന്നെന്ന് മറ്റൊരു വകുപ്പിലെ വളരെ ഉത്തരവാദപ്പെട്ട ഒരു  ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു. കേന്ദ്രമന്ത്രി ചുണ്ടന്‍വള്ളത്തില്‍ മടങ്ങുമ്പോള്‍ അതിലെ ബഹളത്തിനിടയില്‍ അദ്ദേഹവും അല്പം വഞ്ചിപ്പാട്ടൊക്കെ പാടി എന്നത് നേരാണ്. അതിന്റെ പ്രചോദനം മദ്യമായിരുന്നെങ്കില്‍ അത് അവഗണിക്കാനാവില്ല. വാസ്തവം  മനസ്സിലാക്കാന്‍ ഞാന്‍ ഏറെ ശ്രമിച്ചു. മറ്റാരും അത് ശരിവെച്ചില്ല. എന്നോട് പറഞ്ഞ ഉദ്യോഗസ്ഥന്‍ തെറ്റിദ്ധരിച്ചതാണോ?  സംശയം ബാക്കിയായി. ഡി.വൈ.എസ്.പിയെ മാറ്റിനിര്‍ത്താന്‍  റിപ്പോര്‍ട്ടയച്ചാലോ?   പൂര്‍ണ്ണബോധ്യം വരാത്തതിനാല്‍ മനസ്സില്ലാ മനസ്സോടെ ആ  ഉദ്യമത്തില്‍നിന്നും പിന്തിരിഞ്ഞു. അപ്പോഴും സംശയം ബാക്കിനിന്നു. പക്ഷേ, ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ഞാന്‍ മനസ്സിലാക്കി, ആ ഉദ്യോഗസ്ഥന്‍ കടുത്ത മദ്യവിരോധി ആയിരുന്നുവെന്ന്. ശക്തമായ  ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായിരുന്ന ആ ഉദ്യോഗസ്ഥന്റെ റിട്ടയര്‍മെന്റ് ചടങ്ങില്‍ ഞാനുമുണ്ടായിരുന്നു. മറുപടി പ്രസംഗത്തില്‍ അദ്ദേഹം ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന മൂന്ന് കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. അതിലൊന്ന് മദ്യപാനമായിരുന്നു. അദ്ദേഹത്തെ നന്നായി അറിയാവുന്നവരെല്ലാം അത് ശരിവച്ചു. അങ്ങനെയുള്ള മനുഷ്യനെതിരെ ഞാന്‍ റിപ്പോര്‍ട്ട് അയച്ചിരുന്നെങ്കില്‍ അതെത്ര വലിയ അനീതിയാകുമായിരുന്നു? എനിക്ക് അതൊരു  പാഠമായിരുന്നു. സംശയം എത്ര ശക്തമായാലും അത് വിശ്വാസയോഗ്യമായ  തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ബോധ്യത്തിനു പകരമാകുന്നില്ല. 

കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യ കൊല്ലത്തെത്തിയപ്പോള്‍ ബി.ജെ.പി പ്രതിഷേധം  പ്രശ്‌നമായി. ദൗര്‍ഭാഗ്യവശാല്‍, ജില്ലാ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സസ്പെന്‍ഷനിലുമായി. ഏതായാലും,  ആഗസ്റ്റിലെ രണ്ടാം ശനി എന്നെ അപഹരിച്ചില്ല, ഭാഗ്യംകൊണ്ട് മാത്രം.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com