'പെട്ടെന്നാണ് ആന തുമ്പിക്കൈ ഉയര്‍ത്തിക്കൊണ്ട് രണ്ടു ചുവട് മുന്നോട്ടാഞ്ഞത്'- ഒരാനക്കാര്യം, അല്‍പ്പം അശ്വശാസ്ത്രവും

മൃഗങ്ങളും ഞാനും തമ്മിലുള്ള സഹവര്‍ത്തിത്വം ഒരിക്കലും സുഗമമായിരുന്നില്ല. മൃഗസ്‌നേഹിയൊന്നുമായിരുന്നില്ലെങ്കിലും മൃഗങ്ങളോട് ഹിംസാത്മക സമീപനം എനിക്കില്ലായിരുന്നു 
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)

ക്കുറി ഒരാനക്കാര്യം പറഞ്ഞുകൊണ്ടുതന്നെ തുടങ്ങാം. കുന്നംകുളം സബ്ബ്ഡിവിഷനില്‍ ജോലി ചെയ്യുമ്പോഴുണ്ടായതാണ്. ആനയും മനുഷ്യനും തൃശൂരിലേതു പോലെ ഇത്ര അടുത്തിടപഴകുന്ന ഒരു സ്ഥലം മറ്റെവിടെയെങ്കിലുമുണ്ടോ എന്നെനിക്കറിയില്ല. അമ്പലം, ആഘോഷം, പൂരം തുടങ്ങി എവിടെ ചെന്നാലും ആനയാണ് താരം, തൃശൂര്‍ ജില്ലയില്‍. ഗുരുവായൂരില്‍ എന്റെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കേശവനെ എനിക്ക് മാത്രമറിയാം. എന്നാല്‍ ഗുരുവായൂര്‍ കേശവനെ ആരാണറിയാത്തത്? അതുകൊണ്ടുതന്നെ അവിടെ ധാരാളം ആനക്കമ്പക്കാരും ആന പ്രേമികളും ആന വിദഗ്ദ്ധരും എല്ലാമുണ്ട്. എന്നാല്‍, ഞാനാകട്ടെ ആനയില്‍നിന്നും എല്ലാക്കാലത്തും സുരക്ഷിത അകലം - കൊവിഡ് ഭാഷയില്‍ പറഞ്ഞാല്‍ സാമൂഹ്യ അകലം - പാലിച്ചാണ് ജീവിച്ചിട്ടുള്ളത്, അന്നേ വരെ. തികച്ചും അപ്രതീക്ഷിതമായി സ്വയം സൂക്ഷിച്ചിരുന്ന സുരക്ഷയുടെ ചങ്ങല എനിക്ക് പൊട്ടിക്കേണ്ടിവന്നു. 

അതിനു കാരണമായതാകട്ടെ, ചേലക്കരയിലെ ഒരാന. അവിടെ അമ്പലത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുപോയ ആന മാര്‍ഗ്ഗമദ്ധ്യേ 'സ്വാതന്ത്ര്യം' പ്രഖ്യാപിച്ചു. ആന ആദ്യം തിരിഞ്ഞത് പാപ്പാന്‍മാര്‍ക്കു നേരെ. അവരാണല്ലോ മുഖ്യ പീഡകര്‍. അവര്‍ രണ്ടുപേരും -മുഖ്യനും സഹായിയും-തക്കസമയത്ത് പിന്‍മാറി, തല്‍ക്കാലം രക്ഷപ്പെട്ടു. അങ്ങനെ പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടിയ ആന ചേലക്കരയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തു. പ്രധാന നിരത്തിലൂടെ ഗജരാജാവ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി, ഫ്‌ലാഗില്ലാതെ. ജീവനില്‍ കൊതിയുള്ളവര്‍ വിരണ്ടോടി, സുരക്ഷിതമെന്നു കരുതിയ ഇടങ്ങളിലേയ്ക്ക് മാറി. അത്ര കൊതിയില്ലാത്തവരും സാഹസികരെന്നു സ്വയം തെറ്റിദ്ധരിച്ചവരും സുരക്ഷിതമെന്നവര്‍ കരുതിയ അകലം പാലിച്ചും പാലിക്കാതേയും ആനയുടെ പിറകേ കൂടി. കാര്യങ്ങളിങ്ങനെ മുന്നേറുമ്പോള്‍ എനിക്ക് വയര്‍ലെസ്സില്‍ സന്ദേശം വന്നു. ''ചേലക്കരയില്‍ ആനവിരണ്ടോടി, വലിയ പ്രശ്‌നമാണ്.''

അപ്പോള്‍ സമയം സന്ധ്യയ്ക്ക് ഏഴര കഴിഞ്ഞുകാണും. അന്നത്തേയ്ക്ക് ഓഫീസ് പതുക്കെ കര്‍ട്ടനിട്ട് വീട്ടിലേയ്ക്ക്  ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് ഈ സന്ദേശം. ഉടന്‍ പുറത്തിറങ്ങി, ഡ്രൈവര്‍ രതീഷിനോട് പറഞ്ഞു: ''വേഗം ചേലക്കരയ്ക്ക് പോകാം, അവിടെ ആന വിരണ്ടു.'' കുറച്ചു മുന്നോട്ട് പോയപ്പോഴാണ് ബുദ്ധി ഉദിച്ചത്. അപ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. ഞാനിങ്ങനെ ചാടിപ്പുറപ്പെട്ട് അവിടെ എത്തി എന്തുചെയ്യാനാണ്? ആനയ്ക്ക് പൊലീസെന്നോ ഐ.പി.എസ് എന്നോ വല്ലതുമുണ്ടോ? ഉടന്‍ ഉത്തരവും കിട്ടി. അടുത്ത നിമിഷം വയര്‍ലെസ്സില്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കി. ''വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഫയറിംഗില്‍ വൈദഗ്ദ്ധ്യമുള്ള മൂന്ന് നാല് പൊലീസുകാര്‍ റൈഫിളും ഉണ്ടകളുമായി തയ്യാറായി നില്‍ക്കുക. എന്റെ കൂടെ ജീപ്പില്‍ ചേലക്കരയ്ക്ക് പോകാനാണ്.'' ആനയെ വെടിവയ്ക്കുക അത്രയെളുപ്പമല്ലെന്ന് എനിക്കറിയാം. മദം പൊട്ടി നിയന്ത്രണം വിട്ട് അക്രമകാരിയായ ആനയെ വെടിവെയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുത്തേറ്റ് പൊലീസുകാരന്‍ മരിച്ച സംഭവം കേരളത്തില്‍ത്തന്നെയുണ്ടായിട്ടുള്ളത് എനിക്കോര്‍മ്മ വന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മ്മയില്‍ ഒരാനയെ വെടിവച്ച കഥ ഇന്ത്യന്‍ പൊലീസ് സര്‍വ്വീസിന്റെ (IPS) മുന്‍ഗാമിയെന്നു പറയാവുന്ന ഇംപീരിയല്‍ പൊലീസില്‍ (IP) അംഗമായിരുന്ന മഹാനായൊരു മനുഷ്യന്‍ എഴുതിയിട്ടുളളത് മനസ്സില്‍ വന്നു. (Shooting an elephant എന്ന ജോര്‍ജ് ഓര്‍വലിന്റെ വിഖ്യാത ലേഖനം) ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് (IFS) ഉദ്യോഗസ്ഥനും ഒപ്പം പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുമായിരുന്ന മലയാളി, എന്‍.ആര്‍. നായര്‍, കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവവും ഓര്‍ത്തു. കൂട്ടത്തില്‍ ഒരാശ്വാസ ചിന്തയുമുണ്ടായിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ ഞാന്‍ ചേലക്കരയിലെത്തും മുന്‍പ് ആനയെ നിയന്ത്രണത്തിലാക്കിക്കൂടായ്കയുമില്ല. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും അപകടമാണെന്നു ചിലപ്പോള്‍ ആനയ്ക്കും പെട്ടെന്നു ബോദ്ധ്യമായാലോ.

പക്ഷേ, മൃഗങ്ങളും ഞാനും തമ്മിലുള്ള സഹവര്‍ത്തിത്വം ഒരിക്കലും സുഗമമായിരുന്നില്ല. മൃഗസ്‌നേഹിയൊന്നുമായിരുന്നില്ലെങ്കിലും മൃഗങ്ങളോട് ഹിംസാത്മക സമീപനം എനിക്കില്ലായിരുന്നു. പക്ഷേ, മൃഗങ്ങള്‍ എന്നോട് നീതിപുലര്‍ത്തിയിട്ടില്ല. കടയില്‍നിന്നു വീട്ടിലേയ്ക്ക് നടക്കുന്ന ഒരു നാലാം ക്ലാസ്സുകാരന്‍ കുട്ടിയെ ഒരു പ്രകോപനവുമില്ലാതെ പിറകെ ഓടിച്ച് കടിക്കാന്‍ ശ്രമിച്ച പട്ടിക്കു നേരേയും അവന്‍ കല്ലെടുത്തില്ല. ജീവനും കൊണ്ടോടി. ഓട്ടത്തിനിടയില്‍ ഉച്ചത്തില്‍ അലറിവിളിച്ചതു കേട്ടുവന്ന സാഹസികരായ കൂട്ടുകാരുടെ പ്രത്യാക്രമണംകൊണ്ട് അക്രമിയായ നായ തിരിഞ്ഞോടുകയും ഞാന്‍ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്ത ഒരനുഭവം കുട്ടിക്കാലത്തുണ്ട്. 

പക്ഷേ, ഐ.പി.എസ്സില്‍ ചേര്‍ന്ന് പരിശീലനത്തിന് ഹൈദ്രബാദിലെ നാഷണല്‍ പൊലീസ് അക്കാദമിയിലെത്തിയപ്പോള്‍ അവിടെ മനുഷ്യ-മൃഗ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ഇത്തവണ കുതിരയുടെ രൂപത്തിലെത്തി എന്റെ പീഡകന്‍. കുതിരസവാരി ട്രെയിനിംഗിന്റെ ഭാഗമായിരുന്നു. പൊതുവെ എല്ലാ പ്രൊബേഷണര്‍മാരുടേയും പേടിസ്വപ്നമായിരുന്നു കുതിര. പണ്ടെന്നോ പരിശീലനത്തിനിടെ കുതിരപ്പുറത്തുനിന്ന് വീണ്, കുതിരയുടെ തൊഴിയേറ്റു മരിച്ച ഒരു പാവം പ്രൊബേഷണറുടെ കഥ അവിടെ എല്ലാ പേര്‍ക്കുമറിയാം. സത്യമോ മിഥ്യയോ എന്നൊന്നും ആരും തിരക്കിയില്ല. അതേതായാലും പരിശീലനംകൊണ്ട് അസ്ഥികളുടെ എണ്ണം കൂടിയ പലരുമുണ്ടായിരുന്നുവെന്നത് നഗ്‌നസത്യമായിരുന്നു.
സവാരിക്കുള്ള പ്രത്യേകതരം വസ്ത്രം കൗതുകകരമായിരുന്നു. ബ്രീച്ചസ്സ് (ദേഹത്ത് ഒട്ടിക്കിടക്കുന്ന പാന്റ്‌സ്), പ്രത്യേക തരം ഷൂസ്, തൊപ്പി - എല്ലാം കാണാന്‍ കൊള്ളാം. എന്നാല്‍ ധരിച്ചു തുടങ്ങുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ തുടങ്ങും എന്നതാണ് സത്യം. പക്ഷേ, നിവൃത്തിയില്ലല്ലോ. അതുകൊണ്ട് ഒരുതരം ധീരോദാത്തഭാവം നടിച്ച് ഐ.പി.എസ് മെസില്‍നിന്നു പുറത്തിറങ്ങും. റൈഡിംഗ് ഗ്രൗണ്ട് അടുക്കുന്തോറും ആ ഭാവം ചോര്‍ന്നുതുടങ്ങും. അവിടെ എത്തുന്നത് ശുദ്ധ ഭീരുവായിരിക്കും.

ഹനുമാന്‍ സിംഗ് എന്നൊരു പഴയകാല പടക്കുതിരയായിരുന്നു ഞങ്ങളുടെ ഇന്‍സ്പെക്ടര്‍. ശുദ്ധ രാജസ്ഥാനി ഗ്രാമീണ ഹിന്ദിയില്‍ അദ്ദേഹത്തിന്റെ ക്ലാസ്സ്. 'കബീര്‍കാദോഹ'യൊക്കെ സ്‌കൂളില്‍ പഠിച്ചിട്ടുണ്ടെങ്കിലും ആ സംസാരഭാഷ എനിക്കൊന്നും മനസ്സിലായില്ല. ആകെ പിടികിട്ടിയത് 'ഗോഡേ കാ പീച്ചേ' അതായത് 'കുതിരയുടെ പിന്നില്‍' ഒരിക്കലും പോകരുത്, 'തൊഴികിട്ടും'. ഇതിനൊരു പാഠഭേദം കൂടി പിന്നീട് കേട്ടു. 'ഗോഡേ കാ പീച്ചേ ഔര്‍ ബഡേ സാബ് കാ സാമ്നേ', അതായത് 'കുതിരയുടെ പിന്നിലും വലിയ ഉദ്യോഗസ്ഥന്റെ മുന്നിലും' പോകുമ്പോള്‍ കരുതല്‍ വേണം, രണ്ടും തൊഴിക്കും. ചുരുക്കത്തില്‍ വലിയ ഉദ്യോഗസ്ഥനും കുതിരയും സമാസമം. ഇങ്ങനെ കുറെ അശ്വശാസ്ത്രം ഒക്കെ പഠിച്ചു  കഴിഞ്ഞ ഉടനെ ആയിരുന്നു കുതിരയുമായുള്ള ആദ്യ സമാഗമം.

അടക്കവും ഒതുക്കവുമുള്ള 'കല്യാണി'

കുതിരകളെ  നീണ്ട വരിയായി അല്പം അകലം പാലിച്ച് നിര്‍ത്തിയിരിക്കും. ഓരോ കുതിരയേയും പിടിച്ചുകൊണ്ട് ഒരാള്‍ അടുത്തുണ്ടാകും. അയാള്‍ കുതിരയുടെ പരിചാരകനാണ്. 'സൈസ്' (syce) എന്നു പറയും. ഇംഗ്ലീഷിലും ഹിന്ദിയിലും അങ്ങനെ തന്നെയാണ് പറയുക. അത് ഒരു ഇന്ത്യന്‍ സംഭാവനയാണെന്നു തോന്നുന്നു. പരിചാരക വര്‍ഗ്ഗത്തിനു പല വാക്കുകളും ഇന്ത്യന്‍ സംഭാവനയാണല്ലോ. സൈസ് എനിക്ക് കുതിരയെ പരിചയപ്പെടുത്തി. ''ഇവള്‍ കല്യാണി.'' പേരു കേട്ടിട്ട് കൊള്ളാം. അടക്കവും ഒതുക്കവുമുള്ള പെരുമാറ്റമായിരിക്കും, ഞാന്‍ കരുതി . എന്നെ കണ്ട കല്യാണി എന്തു കരുതിയോ ആവോ? ഹനുമാന്‍ സിംഗ് എന്തൊക്കെയോ പറഞ്ഞു. സൈസ്  എന്തൊക്കെയോ കാണിച്ചു. ഒന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ മനസ്സിലായപോലെ എ ന്തൊക്കെയോ കാട്ടിക്കൂട്ടി. അതിന്റെയൊക്കെ അനന്തരഫലമായി ഞാന്‍  കുതിരപ്പുറത്ത് ഉപവിഷ്ടനായി, അതായത് അശ്വാരൂഢന്‍(?). 

സൈസ് കടിഞ്ഞാണ്‍  എന്റെ കൈയില്‍ തന്നു. 'ഗോഡേ, കദം, കദം' ഹനുമാന്‍സിംഗിന്റെ ഉച്ചത്തിലുളള വാക്കുകള്‍. കുതിരകള്‍ ഒന്നിനു പിറകേ ഒന്നായി നല്ല ചിട്ടയോടെ, പതുക്കെ നീങ്ങിത്തുടങ്ങി. കുറച്ചങ്ങനെ പോകുമ്പോള്‍ 'ദഹനേ', (വലത്ത്), ബായേ ('ഇടത്ത്') ഇങ്ങനെ ഹനുമാന്‍ സിംഗിന്റെ ശബ്ദം. അതനുസരിച്ച് കുതിരകള്‍ നീങ്ങും. അന്നത്തെ ക്ലാസ്സ് ഏതാണ്ടിങ്ങനെ അവസാനിക്കാറായപ്പോള്‍ ''കുതിര സവാരി വലിയ കുഴപ്പമില്ലല്ലോ'' എന്ന ചെറിയ തോന്നല്‍ മനസ്സിലുണ്ടായി. കുതിരപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്കൊരു നിര്‍ദ്ദേശം കിട്ടി. 'സബാഷ് ഗോഡ' എന്നു പറഞ്ഞ് കുതിരയുടെ ദേഹത്ത് രണ്ടുപ്രാവശ്യം കൈകൊണ്ട് തട്ടണം. കുതിരയ്ക്കുള്ള അഭിനന്ദനമാണ്. ഞാനങ്ങനെ അഭിനന്ദിക്കാന്‍ ശ്രമിക്കുമ്പോള്‍ കുതിര കുതറിച്ചാടാന്‍  തുടങ്ങി. എന്റെ അഭിനന്ദനം കല്യാണിയെ പ്രകോപിപ്പിക്കുന്നതുപോലെ തോന്നി. മറ്റൊരു സഹ ഉസ്താദിന്റെ സഹായത്തോടെ കൂടുതല്‍ കുഴപ്പമില്ലാതെ കല്യാണിയെ സൈസിനെ ഏല്പിച്ച് ഒരുവിധം രക്ഷപ്പെട്ടു. എന്റെ ശ്വാസം നേരേയായി. പിന്നീടാണ് സഹ പ്രൊബേഷണര്‍മാരില്‍നിന്നു ഞെട്ടിപ്പിക്കുന്ന ആ വിവരം ഞാന്‍ കേട്ടത്. ഈ കല്യാണി മഹാ അപകടകാരിയാണത്രേ. പലരേയും അവള്‍ നിലംപരിശാക്കിയിട്ടുണ്ട്;  ഇക്കാര്യത്തിലവള്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. 

കുതിരസവാരി അങ്ങനെ ഘട്ടംഘട്ടമായി പുരോഗമിച്ച് കുതിരയെ ഏറ്റവും വേഗത്തില്‍ ഓടിക്കുന്ന അവസ്ഥ, ഗാലപ്പിംഗ് (Galloping) എത്തി. ചമ്പ, ചേതക്ക്, ത്സാന്‍സി റാണി തുടങ്ങി അനുസരണയുള്ള അശ്വങ്ങളിലൂടെയായിരുന്നു എന്റെ പുരോഗതി. അങ്ങനെ മുന്നേറുമ്പോള്‍ ഒരു ദിവസം വീണ്ടും എനിക്കു കിട്ടി കല്യാണിയെ. കണ്ടപ്പോള്‍ത്തന്നെ ഒരുള്‍ക്കിടിലം അനുഭവപ്പെട്ടു. കല്യാണിയെ അറിയിക്കേണ്ടെന്നു കരുതി, ധൈര്യം ഭാവിച്ച് സവാരി തുടങ്ങി. തുടക്കം മുതല്‍ ഒരു പന്തികേടനുഭവപ്പെട്ടു. വരുന്നതു വരട്ടെ എന്നൊരു ഭാവത്തില്‍ മുന്നോട്ടുപോയി. സാമാന്യം നല്ല വേഗമുണ്ടായിരുന്നു.

എന്റെ തൊട്ടു മുന്നില്‍ ഭൂട്ടാനില്‍നിന്നുള്ള പൊലീസ് ഓഫീസര്‍, എന്റെ സുഹൃത്ത് ദോര്‍ജി ആയിരുന്നു. ദോര്‍ജിക്കു നിയന്ത്രണം വിടുന്നതുപോലെ എനിക്കു തോന്നി. എന്റെ ശ്രദ്ധ ഒരു നിമിഷം ദോര്‍ജിയിലേയ്ക്കായി. അടുത്ത നിമിഷം ഞാന്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍. എന്നെ അവിടെ ഉപേക്ഷിച്ച് കല്യാണി മുന്നോട്ട്. എന്തുകൊണ്ടെനിക്കു പരിക്കൊന്നും പറ്റിയില്ലെന്നത് പിന്നീട് അത്ഭുതകരമായി തോന്നി. 'അശ്വമേധം' വിജയകരമായി പൂര്‍ത്തിയാക്കും മുന്‍പ് ഒരിക്കല്‍ക്കൂടി ഞാന്‍ നിലംപതിച്ചു. അന്നെനിക്കു ബോധ്യമായി; വെറുതെ കല്യാണിയെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് പഴങ്കഥ. ഇപ്പോള്‍ ആനയാണ് പ്രശ്‌നം.
     
അങ്ങനെ ഞാന്‍ വടക്കാഞ്ചേരിയില്‍നിന്നും കയറ്റിയ ഫയറിംഗ് വിദഗ്ദ്ധരുമായി ചേലക്കര പൊലീസ് സ്റ്റേഷന്റെ മുന്നിലെത്തി. എ.എസ്.പിയുടെ വണ്ടി കണ്ട് സ്റ്റേഷന്‍ ചാര്‍ജിലുണ്ടായിരുന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ ഓടിവന്നു. ''എവിടെ ആന?'' ഞാന്‍ ചോദിച്ചു. ''സാര്‍, അല്പം മുന്‍പേ സ്റ്റേഷന്റെ മുന്നേക്കൂടെ വന്നിരുന്നു. പിന്നീടതാ ഭാഗത്തേയ്ക്ക് ഓടി.'' ചേലക്കര സെന്ററിലേയ്ക്ക് ചൂണ്ടി അയാള്‍ പറഞ്ഞു: ''വടക്കാഞ്ചേരി സര്‍ക്കിളും എല്ലാം, കൂടെ ഉണ്ട് സാര്‍.'' വാഹനം പതിയെ ആ ദിശയിലേയ്ക്ക് പോകാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. ഏതു സമയത്തും ആന മുന്നില്‍ വന്നു പെടാമെന്നും കരുതി ഇരിക്കാനും കൂടെയുള്ളവരോട് പറഞ്ഞു. ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഘട്ടത്തില്‍ മാത്രമേ വെടിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നുള്ളുവെന്നും എന്നാല്‍ അതിനു റെഡിയായിരിക്കണമെന്നും  ഞാന്‍ പറഞ്ഞു. എന്തിനും തയ്യാറെന്ന ഭാവമായിരുന്നു അവര്‍ക്ക്.  ഏതാനും മിനിറ്റുകള്‍കൊണ്ട് ഞങ്ങള്‍ ജംഗ്ഷനിലെത്തി. 

അവിടെ ചെറിയ ആള്‍ക്കൂട്ടം കണ്ട് ജീപ്പ് നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി. അല്പം തടിച്ച, പ്രായമുള്ള ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ആളുകള്‍ നിന്നത്. അദ്ദേഹം തഹസീല്‍ദാരായിരുന്നു. എക്സിക്യൂട്ട് മജിസ്ട്രേറ്റുണ്ട്, പൊലീസുകാരുണ്ട് റൈഫിളും എല്ലാമുണ്ട്. ഇനി ആനകൂടി സഹകരിച്ചാല്‍ മതി. പ്രശ്‌നം തീരും. എന്നെ കണ്ടപ്പോള്‍ തഹസീല്‍ദാര്‍ക്ക് ആശ്വാസമായെന്നു തോന്നി. അദ്ദേഹം പറഞ്ഞു: ''സാര്‍, വന്നതു നന്നായി.'' അതിന്റെ കാരണം എനിക്ക് പിടികിട്ടിയില്ല. ആനയെ കീഴടക്കാനുള്ള ദിവ്യായുധമൊന്നും എന്റെ കൈവശമില്ലെന്ന് എനിക്കല്ലെ അറിയൂ. ഐ.പി.എസ്സുകാരനല്ലേ, വലിയ പരിശീലനമൊക്കെ കിട്ടിയ ആളല്ലേ, എന്തെങ്കിലും വിദ്യകാണും എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചോ എന്തോ? ധാരണ മാറ്റേണ്ടെന്നു കരുതി ഞാന്‍ ഗൗരവത്തില്‍ തന്നെ ചോദിച്ചു: ''എവിടെ ആന?'' കൂടി നിന്നവര്‍ ഒരു ദിശയിലേയ്ക്ക് ചൂണ്ടികാണിച്ചു. നേരത്തെ ആന ജംഗ്ഷനിലുണ്ടായിരുന്നെന്നും അവിടെനിന്ന് ചെറിയ ഇട റോഡിലൂടെ ഓടിപ്പോയെന്നും വിശദീകരിച്ചു. ആന അല്പം അകലെയാണ്. ആന എങ്ങാനും ഇങ്ങോട്ട് വന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുക തഹസീല്‍ദാരായിരിക്കുമെന്ന് എനിക്കു തോന്നി. അദ്ദേഹത്തിന്റെ പ്രായവും തടിച്ച ശരീരപ്രകൃതിയും എല്ലാം ബുദ്ധിമുട്ടുണ്ടാക്കും. മജിസ്‌ട്രേട്ട്, പൊലീസ് ഇത്യാദികളോടൊക്കെ ആനയ്‌ക്കെന്ത് ബഹുമാനം? പാപ്പാന്‍ മാത്രമാണ് ആനയുടെ ദൈവം. ആ ദൈവത്തേയും ഇപ്പോള്‍ ഓടിക്കുകയാണവന്‍. ഞങ്ങള്‍ നിന്നതിന്റെ അധികം അകലെയല്ലാതെ അല്പം ഉയരമുള്ള ഒരു പഴയ കെട്ടിടമുണ്ടായിരുന്നു. തഹസീല്‍ദാരോട് ആ കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ നിന്നാല്‍ എല്ലാം കാണാമെന്നും അതുകൊണ്ടവിടെ നിന്നാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം ആ കെട്ടിടത്തിലേയ്ക്കും ഞാന്‍ പൊലീസുകാരുമായി ആന നില്‍ക്കുന്നുവെന്നു പറഞ്ഞ ദിശയിലേയ്ക്കും നടന്നു. 

ആ റോഡില്‍ വെളിച്ചം കുറവായിരുന്നു. ആന നില്‍ക്കുന്നുവെന്നു കരുതുന്ന ഭാഗത്തുനിന്ന് ആളുകളുടെ ബഹളം കേള്‍ക്കാം. അവിടെ ചെറിയ വെളിച്ചം കാണാം. അതു ശ്രദ്ധിച്ച്  ഞങ്ങള്‍ നീങ്ങി. ആ സ്ഥലം അടുക്കുന്തോറും ബഹളം വര്‍ദ്ധിച്ചുവന്നു. ആളുകള്‍ ഒച്ചയുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടക്കുകയും ഓടുകയുമൊക്കെ ചെയ്യുന്നുണ്ട്. വിരണ്ടത് ആനയാണോ ഈ ആളുകളാണോ എന്നു സംശയം തോന്നും. ഞങ്ങള്‍ ഏകദേശം അങ്ങോട്ട് എത്തുമ്പോള്‍ അവിടെ നേരത്തെ എത്തിയിരുന്ന പൊലീസുദ്യോഗസ്ഥരെ കണ്ടു. ആ പ്രദേശം ധാരാളം തെങ്ങുകളും മറ്റു വൃക്ഷങ്ങളുമുള്ള ഒരു തോപ്പുപോലെയാണ് തോന്നിയത്. ആന അല്പം കൂടി മുന്നോട്ടായി തോപ്പിന്റെ ഒരറ്റത്ത് നില്‍ക്കുകയായിരുന്നു. 

പൊലീസുദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത് ആന തല്‍ക്കാലം ശാന്തമായിട്ടുണ്ടെന്നാണ്. ഏതാണ്ട് 10 മിനിറ്റോളമായി. പാപ്പാന്‍മാര്‍ രണ്ടുപേരും സ്ഥലത്തെത്തിയിട്ടുണ്ട്. അവരതിനെ അടുക്കാന്‍ പറ്റുമോ എന്നു നോക്കുകയാണ്. അതിനിടയില്‍ ആളുകളുടെ പല കമന്റുകളും കേള്‍ക്കാം. ഇതിനെ വെടിവച്ചേ പറ്റു എന്നു പറഞ്ഞു നടക്കുന്നവരുമുണ്ട്. ആന അത്രയ്ക്ക് അക്രമമായിരുന്നത്രേ. അതൊന്നും വേണ്ട, തൃശൂര്‍ നിന്ന് മയക്കുവെടിക്കാര്‍ വന്നാല്‍ മതിയെന്നു മറ്റൊരു കൂട്ടര്‍. ഏതായാലും ഞാനവിടെ എത്തിയ സമയത്ത് ആന ആളുകളെ ഉപദ്രവിക്കുകയോ ഓടിക്കുകയോ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. ആന ശാന്തമായെന്നു തോന്നി. പക്ഷേ, ആള്‍ക്കൂട്ടം മദമിളകിയ അവസ്ഥയിലായിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനു കഴിഞ്ഞാല്‍ ആനയെ പാപ്പാന്‍മാര്‍ക്ക് മെരുക്കാന്‍ കഴിഞ്ഞേയ്ക്കുമെന്നു തോന്നി.

ആനയോട്ടം ആളുകളുടെ പരക്കംപാച്ചില്‍

ഇരുട്ട് നിറഞ്ഞ ആ അവസ്ഥയില്‍ അതെങ്ങനെ സാധിക്കുമെന്ന് ആലോചിക്കുമ്പോള്‍ പെട്ടെന്നൊരു ബഹളം. ''അവന്‍ ദാ ഓടുന്നു. ഓടിക്കോ, ഓടിക്കോ'' എന്ന വിളി കേള്‍ക്കാം. ആളുകളുടെ നീക്കം ഞങ്ങള്‍ നിന്ന ഭാഗത്തേയ്ക്കായിരുന്നു. ''ഓടിക്കോ സാറേ ഓടിക്കോ'' എന്നവര്‍ ഉച്ചത്തില്‍ വിളിക്കുന്നുമുണ്ട്. അവരുടെ പിന്നാലെ ആനയുണ്ടെന്നു വ്യക്തമായിരുന്നു. ഞങ്ങളും ആ ദിശയില്‍ത്തന്നെ ഓടാന്‍ തുടങ്ങി. ഇരുട്ടത്തങ്ങനെ ഓടുമ്പോള്‍ ആളുകളെവിടെ, ആനയെവിടെ എന്നൊന്നും വ്യക്തമല്ല. കുറച്ചോടിയപ്പോള്‍ വ്യക്തമായി ഞങ്ങള്‍ ആദ്യം നടന്നുപോയ ഇടറോഡിലൂടെയാണ് ഈ തിരിഞ്ഞോട്ടം, നടത്തുന്നതെന്ന്. ഞാന്‍ മുന്നിലും ആന പിന്നിലുമായി ഏതാണ്ട് നേര്‍രേഖയിലായിരുന്നു ആ പലായനം. ആനയുമായുള്ള ആ മത്സരയോട്ടം നീട്ടിക്കൊണ്ടുപോകുന്നത് അപകടമാണെന്നൊരു വെളിച്ചം തലയിലെവിടെയോ മിന്നി. അടുത്തക്ഷണം ഓടുന്ന പാതയുടെ ഇടതുവശത്തൊരു മതില്‍ മങ്ങിയവെളിച്ചത്തില്‍ കണ്ടു. മതിലില്‍ കൈകുത്തി നിഷ്പ്രയാസം ഞാനപ്പുറം കടന്നു. നിലത്തുനിന്നു പെട്ടെന്ന് മതിലിനു മുകളിലൂടെ റോഡിലേയ്ക്ക് നോക്കുമ്പോള്‍ ആന മുന്നോട്ടുതന്നെ ഓടുന്നു, എന്നെ തീരെ മൈന്റ് ചെയ്യാതെ. ആന മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും റോഡിലേയ്ക്ക് തിരികെ പ്രവേശിച്ചു, മതിലിനു മുകളിലൂടെതന്നെ. പക്ഷേ, ഇക്കുറി ചാട്ടം നിഷ്പ്രയാസമായിരുന്നില്ല. പെട്ടെന്ന് മതിലിന് ഉയരം കൂടിയപോലെ. 

ആന വീണ്ടും ജംഗ്ഷനില്‍ വന്ന് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ എതിര്‍ ദിശയിലേയ്ക്ക് നീങ്ങി. ഞങ്ങളും ജംഗ്ഷനിലെത്തി. ആന, തഹസീല്‍ദാര്‍ നിന്നിരുന്ന കെട്ടിടവും കഴിഞ്ഞ് മുന്നോട്ടുപോയി. ജംഗ്ഷനിലെത്തിയപ്പോള്‍, ആ പരിസരത്ത് കാര്യങ്ങള്‍ കുറെ നിയന്ത്രിക്കാമെന്നായി. കാരണം, അവിടെ വെളിച്ചമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവിടെ ഒരുമിക്കാന്‍ അവസരം കിട്ടി.

ആനയുടെ പിന്നാലെയുള്ള ആള്‍ക്കൂട്ടത്തിന്റെ ഓട്ടം അവസാനിപ്പിക്കാന്‍ 'വേണ്ടതെല്ലാം' ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പൊലീസിന്റെ വാക്കാലുള്ള നിര്‍ദ്ദേശം പാലിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കു മനസ്സിലാകുന്ന ഭാഷ 'ലാത്തി'യിലൂടെ പ്രയോഗിക്കാം എന്നായി. അതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ത്തന്നെ കാര്യങ്ങള്‍ കുറേയേറെ എളുപ്പമായി. ആളുകളുടെ പരക്കംപാച്ചില്‍ നിന്നപ്പോള്‍ പതുക്കെ ആന ഓട്ടത്തിന്റെ വേഗത കുറച്ചു. അത് റോഡില്‍നിന്നു മാറി നടന്ന് ഒരു പാടത്തിനടുത്തുപോയി നിന്നു. അവിടെ എത്തിയ ആളുകളെ ആനയില്‍നിന്നും വളരെ ദൂരത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞു. ക്രമേണ ആന ശാന്തമായ പോലെയാണ് തോന്നിയത്. ആള്‍ക്കൂട്ടത്തില്‍ പലരും പിരിഞ്ഞുപോകാന്‍ തുടങ്ങി. ആനയെ വെടിവയ്ക്കുന്ന പോലുള്ള മഹാദൃശ്യങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുവാനുള്ള 'ഭാഗ്യം' നഷ്ടമാകുകയാണെന്നവര്‍ക്കു് തോന്നിയിരിക്കണം. അങ്ങനെ കുറെ സമയം കഴിഞ്ഞപ്പോള്‍ പാപ്പാന്‍മാര്‍ രണ്ടുപേരും ആനയുടെ അടുത്തേയ്ക്ക് നീങ്ങി. ''ആനച്ചോറ്, കൊലച്ചോറ്'' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം അപ്പോള്‍ എനിക്കു മനസ്സിലായി. അവരുടെ ആയുസ്സിന്റെ ബലം കൊണ്ടാണോ എന്തോ, ആനയ്ക്ക് മാനസാന്തരം വന്നപോലെ തോന്നി. ആ പ്രദേശത്തെ മുഴുവന്‍ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ ഗജരാജന്‍, രണ്ട് ദുര്‍ബ്ബലരായ മനുഷ്യരുടെ മുന്നില്‍ കീഴടങ്ങി. പിന്നെയും കുറേക്കഴിഞ്ഞു മാത്രമാണ് ആനയെ തളയ്ക്കാനായി ടൗണിനടുത്തൊരു സ്‌കൂള്‍ കോമ്പൗണ്ടിലേയ്ക്ക് നയിച്ചത്. അപ്പോഴേയ്ക്കും ജനക്കൂട്ടം വലിയൊരു പങ്കും പിരിഞ്ഞിരുന്നു. 'ഭാഗ്യ'മുണ്ടെങ്കില്‍ ആനയെ വെടിവെച്ചു കൊല്ലുന്ന അപൂര്‍വ്വ കാഴ്ച കാണാം, കുറഞ്ഞത് മയക്കുവെടി പ്രയോഗമെങ്കിലും കാണാമെന്നൊക്കെയുള്ള പ്രതീക്ഷ നഷ്ടമായി കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും തൃശൂര്‍ നിന്നും പൊലീസ് സൂപ്രണ്ട് വിന്‍സന്‍ എം. പോളും അവിടെ എത്തി. എല്ലാം ശുഭകരമായി കലാശിച്ചുവെന്നാശ്വസിച്ച് നില്‍ക്കുകയായിരുന്നു ഞങ്ങള്‍. തൊട്ടപ്പുറത്ത് പാപ്പാന്‍മാര്‍ ആനയെ തളയ്ക്കുന്ന ജോലി ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. പെട്ടെന്നാണ് ആന തുമ്പിക്കൈ ഉയര്‍ത്തിക്കൊണ്ട് രണ്ടു ചുവട് മുന്നോട്ടാഞ്ഞത്; ഞാന്‍ അടിയറവ് പറഞ്ഞിട്ടൊന്നുമില്ല എന്ന് പ്രഖ്യാപിക്കുന്നതുപോലെ. അതിവേഗം, അടുത്തുനിന്നിരുന്ന വിന്‍സന്‍ പോള്‍ സാറും ഞാനും നാലടി പിന്നോട്ട് നീങ്ങി. ആന വെറുതെ ഞങ്ങളെ ഒന്നു വിരട്ടിയതായിരുന്നു. അവന്റെ കീഴടങ്ങല്‍ പൂര്‍ണ്ണമായിരുന്നു.

എല്ലാം കഴിഞ്ഞ് വിജയശ്രീലാളിതരെപ്പോലെ ഞങ്ങള്‍ മടങ്ങി. പക്ഷേ, യഥാര്‍ത്ഥ ഹീറോകള്‍ ആ രണ്ടു പാപ്പാന്മാരായിരുന്നു. മദയാനയുടെ രൂപത്തില്‍, മരണത്തിന്റെ കൈകള്‍ അന്ന് എത്ര തവണ അവരെ തൊട്ടു തൊടാതെ പോയി? അന്നുരാത്രി വൈകി എപ്പോഴെങ്കിലും അവര്‍ വിശ്രമിക്കാന്‍ കിടക്കുകയാണെങ്കില്‍ എന്തായിരിക്കും അവരുടെ മനസ്സിലെ ചിന്ത?  അതോ അവര്‍ ചിന്തിക്കാറില്ലേ? ആര്‍ക്കറിയാം. ആനക്കാര്യത്തിനിടയില്‍ വെറുതെ നമ്മളതൊന്നും ആലോചിക്കണ്ട.

(തുടരും)     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com