'പ്രലോഭനത്തില്‍ വീഴാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു, എന്നിട്ടും മൂസ വീണില്ല'

ജനവിശ്വാസം ആര്‍ജ്ജിക്കുന്നതില്‍ കുറുക്കുവഴികളില്ല; സത്യസന്ധമായ കഠിനാദ്ധ്വാനമല്ലാതെ
'പ്രലോഭനത്തില്‍ വീഴാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു, എന്നിട്ടും മൂസ വീണില്ല'

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പൊലീസ് സംവിധാനത്തിലെ ഏറ്റവും പ്രധാന യൂണിറ്റ്  പൊലീസ് സ്റ്റേഷനാണ്. നാഷണല്‍ പൊലീസ് അക്കാദമിയിലെ പരിശീലനകാലത്തു തന്നെ ഇക്കാര്യം താത്ത്വികമായി മനസ്സിലാക്കിയിരുന്നു. പിന്നീട്, ഫീല്‍ഡ് ട്രെയിനിംഗ് കാലത്ത് സ്വന്തം അനുഭവത്തിലൂടെയും അത് ബോദ്ധ്യപ്പെട്ടു. പൊലീസ് എന്നാല്‍ പേടിച്ചില്ലെങ്കില്‍ പോലും നല്ല കരുതലോടെ കൈകാര്യം ചെയ്യേണ്ടുന്ന എന്തോ ഒന്നാണെന്ന ജ്ഞാനം എല്‍.പി ക്ലാസ്സില്‍ വെച്ചേ എനിക്കുണ്ടായി. അതിനു കാരണമായത് ഞങ്ങള്‍, കുട്ടികള്‍ക്കെല്ലാം വേണ്ടപ്പെട്ടൊരു മനുഷ്യനായിരുന്നു. ചെറിയൊരു കേസില്‍പ്പെട്ട  അദ്ദേഹം ഒളിവിലായിരുന്നപ്പോള്‍, അതേപ്പറ്റി കുട്ടികളോടും പൊലീസ് അന്വേഷിക്കുമെന്നൊരു സന്ദേഹം നാട്ടില്‍ പരന്നു. ഞങ്ങള്‍ ബാലികാബാലകരുടെ അടിയന്തര കമ്മിറ്റി  വരിക്കപ്ലാവിന്‍ ചോട്ടില്‍ കൂടി. എങ്ങനെ പൊലീസിനെ പറ്റിക്കാം എന്നതായിരുന്നു അജണ്ട. ചര്‍ച്ചയില്‍ ഒരു ബുദ്ധിജീവി ബാലിക പറഞ്ഞു: ''ഞാന്‍ പറയും, മാമന്‍ വര്‍ക്കലയാണെന്ന്.'' വര്‍ക്കലയെന്നാല്‍ ഞങ്ങള്‍ക്ക് അന്ന് ന്യൂയോര്‍ക്കിനും കുന്നംകുളത്തിനും മേലേ ആയിരുന്നുവല്ലോ!  
  
പൊലീസ് സ്റ്റേഷന്റേയും സബ്ബ് ഇന്‍സ്പെക്ടറുടേയും പ്രാധാന്യം മനസ്സിലാക്കാന്‍ പിന്നെയും വൈകി. അടിയന്തരാവസ്ഥക്കാലത്ത് നാട്ടിലൊരു കത്തിക്കുത്തുണ്ടായി. വാദിയും പ്രതിയും വേണ്ടപ്പെട്ടവര്‍ തന്നെ. ഞാന്‍ അന്ന് വര്‍ക്കല എസ്.എന്‍. കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്നു. വെളുത്ത് മെലിഞ്ഞ് സത്യസന്ധനും അവിവാഹിതനുമായ ഒരു തോമസ് ആയിരുന്നു വര്‍ക്കല എസ്.ഐ. അവിവാഹിതന്‍ എന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ തോമസിനെ സ്വാധീനിക്കാന്‍ ബുദ്ധിമുട്ടായിരുന്നു, അന്ന്. അധികം കഴിയാതെ വിവാഹം കഴിക്കാന്‍ അദ്ദേഹം അവധിയില്‍ പോയപ്പോള്‍ സ്റ്റേഷന്‍ ചുമതല, പ്രമോഷനിലൂടെ എസ്.ഐ സ്ഥാനത്തെത്തിയ ഒരു ഉദ്യോഗസ്ഥന് കൈവന്നു. ആ അവസരം ഉപയോഗിച്ച് പ്രതിയെ ഹാജരാക്കി, അല്ല നാടകീയമായി അറസ്റ്റ് ചെയ്ത്, വലിയ പരിക്കില്ലാതെ രക്ഷപ്പെടുത്തി. ചെറുപ്പക്കാരായ എസ്.ഐമാര്‍ അഴിമതിക്കതീതരാണ് എന്നതായിരുന്നു അക്കാലത്ത് പൊതു കാഴ്ചപ്പാട്. ഇന്നും അങ്ങനെയാണോ? ആണ് എന്ന് പറയാനാണ് ആഗ്രഹം. എങ്കിലും അത്രയ്ക്ക്  ധൈര്യം പോര. 

എകെ ആന്റണി 
എകെ ആന്റണി 

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ആദ്യ പോസ്റ്റിംഗ്, എ.എസ്.പി എന്നതു തന്നെ ഉപജില്ലാതലത്തിലാണ്. എ.എസ്.പിക്കും പൊലീസ് സ്റ്റേഷനുമിടയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമുണ്ട്. അതുകൊണ്ട് വേണമെങ്കില്‍ എ.എസ്.പിക്ക് അത്യാവശ്യം ചില ജോലികള്‍ മാത്രം ചെയ്ത് മുകളില്‍ പാറിനടക്കാം. ഉദ്ഘാടനം, വാര്‍ഷികാഘോഷം, ഉദ്‌ബോധനം ഇത്യാദികളിലൂടെ 'ബഹുമുഖപ്രതിഭ'യായി. പക്ഷേ, താഴോട്ടിറങ്ങിയാല്‍, അതായത് പൊലീസ് സ്റ്റേഷനില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍, അത് വലിയ പ്രശ്‌നമാണ്. കാരണം വൈവിധ്യമാര്‍ന്ന ശക്തികളുടേയും സങ്കീര്‍ണ്ണമായ മാനുഷികപ്രശ്‌നങ്ങളുടേയുമെല്ലാം സംഘര്‍ഷ മേഖലയാണത്. ആ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ നിയമത്തിലൂടെ നീതി എന്നത് ദുഷ്‌ക്കരമാണ്. അതിനിടയില്‍ ദുഷ്പേരുകളും കേള്‍ക്കേണ്ടിവരുന്നത് പൊലീസ് സ്റ്റേഷനുകള്‍ക്കാണ്. അപ്പോള്‍ പിന്നെ പൊലീസ് സ്റ്റേഷനുകളില്‍നിന്നും അകന്നുനില്‍ക്കുന്നതിലും 'പ്രായോഗികബുദ്ധി'യുണ്ട്. 

എന്നാല്‍, എ.എസ്.പി ആയാലും മറ്റെന്തായാലും നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവും കാര്യക്ഷമതയുടെ അളവുകോലും  പൊലീസ് സ്റ്റേഷനായിരിക്കണം എന്ന ബോധം മനസ്സില്‍ ഊട്ടിയുറപ്പിച്ചത് ഡി.ജി.പിയായി വിരമിച്ച കെ.ജെ. ജോസഫ് സാറാണ്. അന്നദ്ദേഹം ഡി.ഐ.ജിയായി ഏതോ പോസ്റ്റില്‍ ഇരിക്കുകയായിരുന്നു, പത്രഭാഷയില്‍ പറഞ്ഞാല്‍ ഒതുക്കി ഇരുത്തിയിരിക്കുകയായിരുന്നു. എന്റെ അറിവില്‍ നിയമങ്ങളും ചട്ടങ്ങളും വിട്ട് ഒന്നും ചെയ്യാന്‍ പാടില്ല എന്ന നിലപാടിന്റെ പേരില്‍ (ഇതിനെ 'കര്‍ശന നിലപാട്' എന്ന് പലരും വിളിക്കുന്നു!) ഇത്തരം ധാരാളം 'ഒതുക്കലുകള്‍'ക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്. പിന്നെ, അദ്ദേഹമെങ്ങനെ സംസ്ഥാന ഡി.ജി.പി ആയി എന്നു ചോദിച്ചാല്‍, അത് എ.കെ. ആന്റണി എന്ന മുഖ്യമന്ത്രിയുടെ മഹത്വം എന്നെഴുതാന്‍ എനിക്കശേഷം മടിയില്ല. അതവിടെ നില്‍ക്കട്ടെ. 

ഇപ്പോള്‍ ഞാന്‍ എ.എസ്.പിയും അദ്ദേഹം  ഡി.ഐ.ജിയും ആണല്ലോ. തൃശൂര്‍ പൊലീസ് ക്ലബ്ബിലെ വി.ഐ.പി മുറിയില്‍വെച്ചാണ് ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. വി.ഐ.പി മുറിയെന്നാല്‍ അക്കാലത്ത്  മുറി സാധാരണം തന്നെ. പക്ഷേ മുറിക്കു പുറത്ത് വി.ഐ.പി എന്നെഴുതിയിട്ടുണ്ടെന്നു മാത്രം, കെയര്‍ടേക്കര്‍  അരവിന്ദന്റെ മാനേജ്‌മെന്റ് വൈഭവം. ആദ്യത്തെ സാധാരണ ഉപചാരങ്ങള്‍ക്കുശേഷം ജോസഫ് സാര്‍ എന്നെ 'ചോദ്യം ചെയ്യാന്‍' ആരംഭിച്ചു. ചോദ്യം ചെയ്യല്‍ എന്നുതന്നെ പറയണം. അതിങ്ങനെ പോയി: 

''കുന്നംകുളം സബ്ബ് ഡിവിഷനില്‍ എത്ര പൊലീസ് സ്റ്റേഷനുണ്ട്?''  
''സാര്‍, പന്ത്രണ്ട്.''
''ഈ പന്ത്രണ്ട് സ്റ്റേഷനുകളിലും ശരിയായിട്ടുതന്നെയാണോ കാര്യങ്ങള്‍ നടക്കുന്നത്?'' 
മറുപടിക്ക് ഞാന്‍ അല്പം പരുങ്ങി. എങ്കിലും പറഞ്ഞൊപ്പിച്ചു.
''സാര്‍, പൂര്‍ണ്ണമായും ശരിയാണെന്നു പറയാന്‍ കഴിയില്ല.''
''എങ്കില്‍ ആരാണ് ഇതിനുത്തരവാദി? നിയമങ്ങളും പൊലീസ് സ്റ്റാന്റിംഗ് ഓര്‍ഡറുകളും ഒന്നും പാലിക്കേണ്ടതില്ലെന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ?''

പൊലീസ് സ്റ്റേഷന്‍ നേരെ ചൊവ്വെ നടത്താനുള്ള ഉത്തരവാദിത്വം എ.എസ്.പിക്കുണ്ട് എന്ന് തിരിച്ചറിയുവാനുള്ള മാനേജ്‌മെന്റ് വിജ്ഞാനം എനിക്കുണ്ടായിരുന്നു. ആ ധാരണയില്‍ എന്തോ പറഞ്ഞുതുടങ്ങുമ്പോള്‍ കതക് തുറന്ന് തൃശൂര്‍ എസ്.പി രമേഷ് ചന്ദ്രഭാനുസാര്‍ കടന്നുവന്നു. ഞാന്‍ എ.എസ്.പിയെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ചിരിച്ചുകൊണ്ട് ജോസഫ്സാര്‍ എസ്.പിയോട് പറഞ്ഞു. പിന്നീട് ഞാന്‍ കൂടുതലും ആ സംഭാഷണത്തില്‍ ശ്രോതാവായി. കുന്നംകുളത്തേയ്ക്ക് തിരിച്ചു പോകുമ്പോള്‍ പൊലീസ് സ്റ്റേഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രധാന്യം മനസ്സില്‍ രൂഢമൂലമായി.

കെജെ ജോസഫ്
കെജെ ജോസഫ്

പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു മാര്‍ഗ്ഗം സ്റ്റേഷന്‍ ഇന്‍സ്പെക്ഷന്‍ ആണ്. ഉദ്ദേശ്യം ഉദാത്തമാണെങ്കിലും മിക്കപ്പോഴും സ്റ്റേഷന്‍ ചുമതല വഹിക്കുന്ന എസ്.ഐമാരുടെ (ഇപ്പോള്‍ സി.ഐ)  പേടിസ്വപ്നമാണത്. അത്രയ്ക്ക് ജോലിഭാരമുള്ള ചുമതലയാണത്. സാക്ഷാല്‍ ഭഗീരഥനോ അല്ലെങ്കില്‍  ഹെര്‍ക്കുലീസോ  തന്നെയാണ് ആ പദവിയിലെങ്കിലും ഇന്‍സ്പെക്ട് ചെയ്യുന്ന ഉദ്യോഗസ്ഥന് ധാരാളം വീഴ്ചകള്‍ കണ്ടെത്താം. അതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷണനടപടികള്‍ സ്വീകരിക്കാം. അത്രയേറെ നിര്‍ദ്ദേശങ്ങളാണ് എസ്.ഐ പാലിക്കാനുള്ളതും. അയാള്‍ 24 മണിക്കൂറും അവിടെത്തന്നെ ചിലവഴിച്ചാലും അതെല്ലാം പാലിക്കാനാവില്ല.

വടകരയിലെ പരിശീലനകാലത്തെ ഒരു സംഭവം മനസ്സില്‍ വരുന്നു. അതിരാവിലെ തുടങ്ങിയ സ്റ്റേഷന്‍ തിരക്ക് കഴിഞ്ഞ് എവിടെയൊക്കെയോ പലവിധ പ്രശ്നങ്ങളുമായി ചുറ്റിക്കറങ്ങി ആഹാരം കഴിക്കാമെന്നു കരുതി റസ്റ്റ് ഹൗസില്‍ വന്നപ്പോള്‍ ഉച്ചയ്ക്ക് മണി രണ്ട് കഴിഞ്ഞിരുന്നു. കണ്ട ഉടന്‍ കെയര്‍ടേക്കര്‍ കുമാരേട്ടന്‍, ''സാററിഞ്ഞില്ലേ, ഡി.ഐ.ജി വന്നിട്ട് ദേഷ്യത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയിട്ടുണ്ടല്ലോ'' എന്ന് പറഞ്ഞു. ഉദ്യോഗപര്‍വ്വം ഒരുപാട് കണ്ട കുമാരേട്ടന്‍ അപകടം മണത്തു; ഞാനും. ഉടന്‍ സ്റ്റേഷനിലേക്കോടി. വെളിയില്‍ നക്ഷത്രാങ്കിത വാഹനം കണ്ടു. ഉള്ളിലെത്തിയപ്പോള്‍ എന്റെ കസേരയില്‍ ഇരിക്കുന്നു ഡി.ഐ.ജി 'എന്റെ കസേര' എന്നാല്‍ പൊലീസ് സ്റ്റേഷന്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ കസേര എന്നര്‍ത്ഥം.  ആ ചുമതല നിയമപരമായി കൈവരുന്ന ഉയര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ അതിലിരിക്കുന്നത് സാധാരണയാണ്. 

അധികാരത്തിന്റെ കസേരകളികള്‍

ഉദ്യോഗസ്ഥന്‍ എത്ര ഉയരത്തിലാണെങ്കിലും നിയമാനുസരണം പൊലീസ് സ്റ്റേഷന്റെ ചുമതലക്കാരനാകില്ലെങ്കില്‍ ആ കസേരയില്‍ കയറിയിരിക്കുന്നത് ശരിയല്ല. അങ്ങനെ അനാവശ്യമായ ചില കസേരകളികള്‍ അപൂര്‍വ്വമായി  ഉണ്ടാകാറുണ്ട്. ഇവിടെ ഡി.ഐ.ജി ശരിക്കും അവകാശപ്പെട്ട കസേരയിലിരുന്ന് ജനറല്‍ ഡയറി (ജി.ഡി) വായിക്കുകയാണ്. എന്റെ സാന്നിധ്യം അവഗണിച്ച് വായനയില്‍ മുഴുകി. നിങ്ങളില്‍ ഞാനിപ്പോള്‍ സംപ്രീതനല്ല എന്നാകാം സന്ദേശം. അതിനു കാരണവുമുണ്ട്. റസ്റ്റ് ഹൗസിലോ സ്റ്റേഷനിലോ ഞാന്‍ അദ്ദേഹത്തെ സ്വീകരിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ  പ്രോഗ്രാം കിട്ടിയിരുന്നില്ലെന്നുള്ളത് മറ്റൊരു സത്യം. ആ സത്യം അപ്പോള്‍ പറഞ്ഞില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. 

ജി.ഡിയില്‍നിന്നു മുഖമുയര്‍ത്തിയത് ഒരുപിടി ചോദ്യങ്ങളുമായാണ്. ജി.ഡിയില്‍ ഓരോ പ്രവൃത്തിയും അപ്പപ്പോള്‍ എഴുതേണ്ടതാണ്. ഇവിടെ ഡയറി രാവിലെ ഒമ്പതര മുതല്‍ നിശ്ചലമാണ്. ഗുരുതരമായ വീഴ്ചയാണതെന്നു പറഞ്ഞാല്‍ പറഞ്ഞതുതന്നെ. ഡി.ഐ.ജി, അങ്ങനെ വലിയ വീഴ്ചകളുടെ അമ്പുകള്‍ എയ്ത് തുടങ്ങി. ഞാനങ്ങനെ നിസ്സഹായനായി നില്‍ക്കുമ്പോള്‍ ദൂരെ ചക്രവാളസീമയില്‍ പ്രത്യക്ഷപ്പെട്ടു, അഡീഷണല്‍ എസ്.ഐ. രവി. എനിക്ക് ആശ്വാസം തോന്നി. ഒന്ന്, അമ്പേല്‍ക്കാന്‍ ഒരാള്‍ കൂടിയായല്ലോ; രണ്ട്, മുപ്പത് കൊല്ലം ഇതൊക്കെ കണ്ട രവി ഈ പ്രശ്നം പരിഹരിക്കും.  മുന്നില്‍ വരാന്‍ വൈകുന്നല്ലോ എന്നു തോന്നിത്തുടങ്ങിയപ്പോള്‍ രവി ആഗതനായി, കയ്യിലൊരു കരിക്കുമായി. വിനീതനായി അത് ഞങ്ങളുടെ  അതിഥിക്കു നല്‍കി. എനിക്കും കിട്ടി കരിക്ക്. തെങ്ങ് കല്പവൃക്ഷം തന്നെ എന്നെനിക്കു ബോധ്യം വന്നത് അന്നാണ്.   
   
ഇങ്ങനെ പൊലീസ് സ്റ്റേഷനില്‍ ക്രമാതീതമായ ജോലിഭാരം താങ്ങേണ്ടിവരുന്ന എസ്.ഐയ്ക്കു  ഫലത്തില്‍ രണ്ട് യജമാനന്മാരുള്ള അടിമ സ്വതന്ത്രനാണ് എന്നതിനു സമാനമായ അവസ്ഥയുണ്ടാകും. എസ്.ഐ സ്വന്തം സൗകര്യമനുസരിച്ച് മുന്നോട്ട് പോകും. ചിലപ്പോള്‍ അവഗണിക്കപ്പെടുന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാകും. ഞാനാദ്യം ഇന്‍സ്പെക്ഷനു പോയ പേരാമംഗലത്തുനിന്നുതന്നെ അതു മനസ്സിലായി. താരതമ്യേന  തിരക്കു കുറവുള്ള ഒരു സ്റ്റേഷനായിരുന്നു അത്. 

ഡോ. ഉമാദത്തൻ
ഡോ. ഉമാദത്തൻ

അവിടെ പഴയ ക്രിമിനല്‍ കേസുകളുടെ അവസ്ഥ പരിശോധിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം അവിശ്വസനീയമായിരുന്നു. ഏതാണ്ട് 10  വര്‍ഷം മുന്‍പുണ്ടായ ഒരു കൊലപാതകമായിരുന്നു സംഭവം. പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ പ്രകാരം അന്വേഷണമൊക്കെ അന്നേ പൂര്‍ത്തിയായതാണ്. പക്ഷേ, വര്‍ഷം 10 കഴിഞ്ഞിട്ടും കുറ്റപത്രം കോടതിയിലെത്തിയിട്ടില്ല. എന്നു പറഞ്ഞാല്‍ ഇത്ര ഗുരുതരമായ കുറ്റം തെളിഞ്ഞിട്ടും കുറ്റവാളികള്‍ വിചാരണപോലും നേരിടാതെ സ്വതന്ത്രരായി  വിഹരിക്കുകയാണ് എന്നതാണ്. എന്നുമാത്രമല്ല, ആ കേസിന്റെ ഡയറിതന്നെ  പൊലീസ് സ്റ്റേഷനില്‍നിന്ന് അപ്രത്യക്ഷമായിരുന്നു. 

റിട്ടയര്‍മെന്റിന്റെ വക്കത്തെത്തിയിരുന്ന ഒരു സേതുമാധവന്‍ ആയിരുന്നു അന്നവിടെ എസ്.ഐ.  ഈ കേസുണ്ടായ കാലത്ത് അയാള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. കേസിന്റെ കഥയൊക്കെ കുറെ അയാള്‍ക്കറിയാമായിരുന്നു. സംഭവം നടന്ന കാലത്ത് ഉദ്യോഗസ്ഥ തലത്തില്‍ ചില സ്വാധീനങ്ങളൊക്കെ പ്രവര്‍ത്തിച്ചിരുന്നതായിട്ട് അയാള്‍ പറഞ്ഞു. ബോധപൂര്‍വ്വമായ ശ്രമത്തോടൊപ്പം സംവിധാനത്തിനുള്ളില്‍ സംഭവിക്കുന്ന അവഗണനമൂലമുള്ള വീഴ്ചകളും ഇതിലേയ്ക്ക് നയിക്കാം. ഭാഗ്യവശാല്‍ ഈ കേസ്ഡയറിയുടെ പകര്‍പ്പ് എന്റെ ഓഫീസില്‍ ലഭ്യമായിരുന്നു. അതുപയോഗിച്ചാണ് പിന്നീട് കേസ് കോടതിയിലെത്തിച്ചത്. പ്രധാന കേസുകളിലെങ്കിലും സാമൂഹ്യ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരല്‍ചൂണ്ടുന്ന സംഭവമാണിത്. 

അല്പം കൗതുകമുണര്‍ത്തിയ മറ്റൊരു ഫയല്‍ അന്നത്തെ ഇന്‍സ്പെക്ഷനില്‍ ശ്രദ്ധയില്‍പ്പെട്ടു. ആയിടെ സംഭവിച്ച, ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രായമായ ഒരു സ്ത്രീയുടെ മരണമായിരുന്നു അത്. അവര്‍ കിണറ്റില്‍ വീണായിരുന്നു മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഒരു സംശയവും ആരും ഉന്നയിച്ചിരുന്നില്ല. എന്നാല്‍, അവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അതില്‍ 'ഋഹലരേൃീരൗലേറ റൗല ീേ വശഴവ ്ീഹമേഴല ലഹലരേൃശരശ്യേ' (ശക്തമായ  വൈദ്യുതാഘാതം മൂലം മരിച്ചു) എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റുമോര്‍ട്ടം നടത്തിയതാകട്ടെ, മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് മെഡിസിന്‍ പ്രൊഫസറായിരുന്നു. ഒറ്റപ്പെട്ട ഒരു  ഉള്‍പ്രദേശത്ത് വൈദ്യുതിബന്ധം ഇല്ലാത്ത  കുടിലില്‍ ആയിരുന്നു അവര്‍ താമസിച്ചിരുന്നത്. വീണുകിടന്ന കിണറ്റിലോ പരിസരത്തോ ഇലക്ട്രിക്ക് മോട്ടോറോ പമ്പോ ഒന്നുമുണ്ടായിരുന്നില്ല. പിന്നെ എവിടുന്ന് വൈദ്യുതി. അതും അതിതീവ്രം. വല്ല, ഇടിമിന്നലുമുണ്ടായോ? 

പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തിയ ഡോക്ടറോട് വിശദാംശങ്ങള്‍ പിന്നീട് ചോദിച്ചു. മരണമടഞ്ഞ ആ സ്ത്രീയുടെ കൈവെള്ളയില്‍ ധാരാളം നേര്‍രേഖയിലുള്ളതും അല്പം ആഴത്തിലുള്ളതുമായ പാടുകള്‍ ഉണ്ടായിരുന്നത്രെ. ഇത്തരം പാടുകള്‍ ശക്തമായ വൈദ്യുതി പ്രവാഹം കൊണ്ടുണ്ടാകാം. അതാണ് അദ്ദേഹത്തിന്റെ നിഗമനത്തിനാധാരം. മറ്റു രീതിയില്‍ ഇത്തരം പാടുകള്‍ ഉണ്ടാകില്ലേ? അന്വേഷണത്തില്‍ മനസ്സിലായത് മരണമടഞ്ഞ സ്ത്രീ, ചൂരലും മുളയും മറ്റും ഉപയോഗിച്ച് കുട്ടയും വട്ടിയുമൊക്കെ നിര്‍മ്മിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. ഇത്തരം തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ കൈകളില്‍ സ്വാഭാവികമായുണ്ടാകുന്ന പാടുകളായിരുന്നു കണ്ടത്. ഇക്കാര്യം  കേരളത്തിന്റെ മെഡിക്കോലീഗല്‍ അഡ്വൈസര്‍ ഡോക്ടര്‍ ഉമാദത്തനുമായി സംസാരിച്ചു. ഫോറെന്‍സിക് മെഡിസിനില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ശാസ്ത്ര തത്ത്വങ്ങളും വസ്തുതകളും വിശകലനം ചെയ്ത് കാര്യങ്ങള്‍ ക്ഷമയോടെ വിശദീകരിച്ചത് വലിയ മതിപ്പുളവാക്കി.  കയ്യില്‍ കണ്ട ചില പാടുകളുടെ അടിസ്ഥാനത്തില്‍ മാത്രം വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടുവെന്ന നിഗമനത്തിലെത്തിയത് യുക്തിഭദ്രമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റാന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അവധാനത പുലര്‍ത്തേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയ സംഭവമായിരുന്നു അത്. വിദഗ്ദ്ധാഭിപ്രായം പരിഗണിക്കുമ്പോള്‍ത്തന്നെ അഭിപ്രായ രൂപീകരണത്തിന്റെ വഴികളിലും കുറ്റാന്വേഷകന്റെ സൂക്ഷ്മദൃഷ്ടി പതിയേണ്ടതുണ്ട്. 
               
കുറ്റകൃത്യങ്ങളുണ്ടായാല്‍, സാധാരണയായി കുറ്റകൃത്യത്തിനിരയാകുന്ന വ്യക്തി നേരിട്ടോ അല്ലെങ്കില്‍ ഇരയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയാകും സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക. എന്നാല്‍ വ്യത്യസ്ത സ്വഭാവമുള്ള കുറ്റകൃത്യങ്ങളുമുണ്ടാകും. ഉദാഹരണത്തിന്  മയക്കുമരുന്നിന്റെ കാര്യമെടുക്കുക. മയക്കുമരുന്ന് ഉല്പാദിപ്പിക്കുന്നതും കടത്തുന്നതും വിതരണം ചെയ്യുന്നതും, ഉപയോഗിക്കുന്നതുമെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. പക്ഷേ, ആരാണിത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക?  ഉല്പാദനം മുതല്‍ ഉപയോഗം വരെയുള്ള ശൃംഖലയിലെ എല്ലാ കണ്ണികളും കുറ്റകൃത്യത്തില്‍ പങ്കാളികളാണല്ലോ. ഇത്തരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സാമൂഹ്യ ജാഗ്രതയും പൊലീസ് സംവിധാനത്തിന്റെ കാര്യക്ഷമമായ ഇടപെടലും കൂടിയേ  തീരൂ. എന്നാല്‍, പൊലീസുദ്യോഗസ്ഥര്‍ ഏതെങ്കിലും സ്വാധീനത്തിനു വിധേയരായാല്‍ കുറ്റകൃത്യങ്ങള്‍ തഴച്ചുവളരും. ഏതെങ്കിലുമൊക്കെ തലത്തില്‍ നിയമപാലകരുടെ 'മൗനാനുവാദം' കൂടിയാകുമ്പോഴാണ് നിയമലംഘകര്‍ക്ക് ധൈര്യം വരുന്നത്. ഈ അവസ്ഥ എ.എസ്.പിയെന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ടു. 

ചില തലങ്ങളിലെ മൗനസമ്മതത്തോടെയുള്ള സംഘടിതമായ, നിയമവിരുദ്ധമായ ചൂതാട്ടം സംബന്ധിച്ച സൂചനകള്‍ എനിക്കു കിട്ടി. സാമൂഹ്യ പ്രത്യാഘാതങ്ങളുള്ള കുറ്റകൃത്യം തന്നെയാണത്. തൃശൂരിനും കുന്നംകുളത്തിനും ഇടയില്‍   മുണ്ടൂര്‍ എന്നൊരു പ്രദേശം ശ്രദ്ധയില്‍ വന്നു. വിവരം എനിക്കു ലഭിച്ചത് പൊലീസുകാരില്‍നിന്നുതന്നെയായിരുന്നു. ഒരു പൊലീസുകാരനേയും കൂട്ടി എന്റെ സ്വകാര്യവാഹനത്തില്‍ സ്ഥലത്തു പോയി രഹസ്യമായി കാര്യങ്ങള്‍ മനസ്സിലാക്കി. അതിനുശേഷം ഒരു ദിവസം കുന്നംകുളത്തുനിന്നും കുറേ പൊലീസുകാരേയും കൂട്ടി പോയി അവിടെ റെയ്ഡ് നടത്തി. ജില്ലയുടെ വിദൂരങ്ങളില്‍നിന്നുള്ള പലരും അറസ്റ്റു ചെയ്യപ്പെട്ടവരിലുണ്ടായിരുന്നു. ഈ സംഭവം ഒഴിച്ചാല്‍ അവരില്‍ പലരും  മാന്യമായ രീതിയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു.   നിയമപരമായി ശരിയായ നടപടി എന്നതിനപ്പുറം ഒരു വ്യക്തിയേയും അപമാനിക്കുക എന്റെ ലക്ഷ്യമായിരുന്നില്ല.  ചില സ്വാധീനങ്ങളുടെ  പിന്‍ബലത്തില്‍  പൊലീസ് സ്റ്റേഷന്റെ മൗനാനുമതിയോടെ നടത്തിയിരുന്ന പ്രവര്‍ത്തനമെന്ന സംശയമുണ്ടാക്കിയ 'ധാര്‍മ്മികരോഷം' മാത്രമേ എനിക്ക് ഇക്കാര്യത്തിലുണ്ടായിരുന്നുള്ളു. ജാമ്യത്തിന് അര്‍ഹതയുള്ള കേസായതിനാല്‍ നിയമനടപടി പൂര്‍ത്തിയാക്കി അവരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഞാന്‍ തന്നെ സ്വയം ഉദ്യോഗസ്ഥരോട് പറഞ്ഞു. 

കൂട്ടത്തില്‍ പറയട്ടെ, നിയമം നടപ്പിലാക്കുന്നതിലും ചില പ്രശ്‌നങ്ങളുണ്ട്. വിനോദത്തിനുവേണ്ടി, നിയമം അനുവദിക്കുന്ന ചീട്ടുകളിയും  കുറ്റകരമായ ചൂതാട്ടമായി മാറുന്ന കളിയും വേര്‍തിരിക്കുന്ന രേഖ വളരെ നേരിയതാണ്. കളിയില്‍ നൈപുണ്യമാണ് വിജയം നിര്‍ണ്ണയിക്കുന്നതെങ്കില്‍ അത് നിയമപരം; അല്ല, വെറും ഭാഗ്യമാണത് നിര്‍ണ്ണയിക്കുന്നതെങ്കില്‍ ആ കളി നിയമവിരുദ്ധം. അങ്ങനെ വരുമ്പോള്‍ പൊലീസുദ്യോഗസ്ഥനു സൗകര്യപൂര്‍വ്വം വസ്തുതകള്‍ വ്യാഖ്യാനിച്ച് വിനോദത്തെ ചൂതാട്ടവും ചൂതാട്ടത്തെ വിനോദവുമാക്കാം. ചിലപ്പോഴെങ്കിലും നിയമപാലനത്തില്‍, സമൂഹത്തിലെ  ദുര്‍ബ്ബലരുടെ വിനോദം ചൂതാട്ടവും പ്രബലരുടെ ചൂതാട്ടം വിനോദവുമായി മാറുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. കേരളത്തിലെ ചൂതാട്ടനിയമം കാലാകാലങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ളതിന്റെ സ്വഭാവം വസ്തുനിഷ്ഠമായി പഠിക്കുകയാണെങ്കില്‍ അത് നിയമപാലനത്തിലെ അസമത്വങ്ങള്‍ വെളിവാക്കുമെന്ന് എനിക്കു തോന്നുന്നു. 

രമേഷ് ചന്ദ്രഭാനു
രമേഷ് ചന്ദ്രഭാനു

പൊതുവേ തൊഴില്‍പരമായി അന്തസ്സ് പുലര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, തന്റെ അധികാരപരിധിയിലുള്ള പ്രദേശത്ത് മറ്റൊരു ഉദ്യോഗസ്ഥന്‍, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആണെങ്കില്‍പ്പോലും, നേരിട്ടു വന്ന് ഒരു കുറ്റകൃത്യം കണ്ടുപിടിച്ച് കേസെടുക്കുന്ന സാഹചര്യം ഒഴിവാക്കും. അതുകൊണ്ടുതന്നെ ഞാന്‍ നേരിട്ടെടുത്ത കേസ്, മറ്റു പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കി.

നിയമത്തിന്റെ ദൃഷ്ടിയില്‍ ചെറിയ കേസായിരുന്നുവെങ്കിലും അതിനപ്പുറം ചില സാമൂഹ്യമാനങ്ങള്‍ അതിനുണ്ടായിരുന്നു. സാധാരണക്കാര്‍ക്ക് പൊലീസില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്നതാണ് ഇത്തരം സംഭവങ്ങള്‍. വഴിവക്കില്‍ അല്പം വിനോദത്തിനുവേണ്ടി ചീട്ടുകളിക്കുന്നവരെ കൊടിയ കുറ്റവാളികളെപ്പോലെ ഓടിക്കുകയും വലിയ പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ അതിനപ്പുറം നടക്കുമ്പോള്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന നിയമപാലനത്തെ ആരെങ്കിലും ബഹുമാനിക്കുമോ? ഏതായാലും ഈ സംഭവത്തിനുശേഷം  പല കുറ്റകൃത്യങ്ങളെക്കുറിച്ചും നേരിട്ടു വിവരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ഒരു പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരില്‍ ജനങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ സാധാരണക്കാരായ ആളുകള്‍ സഹകരിക്കുകതന്നെ ചെയ്യും. പ്രമാദമായ കേസുകള്‍പോലും  തെളിയിക്കപ്പെടുന്നത് അങ്ങനെയാണ്. ജനവിശ്വാസം ആര്‍ജ്ജിക്കുന്നതില്‍ കുറുക്കുവഴികളില്ല; സത്യസന്ധമായ കഠിനാദ്ധ്വാനമല്ലാതെ. അഴിമതിക്കാരനും സ്വാര്‍ത്ഥനുമായ ഉദ്യോഗസ്ഥന്‍ ചുമതല വഹിക്കുന്ന ഓഫീസിനു മുകളില്‍ 'ജനമൈത്രി' എന്ന് എഴുതിവച്ചാല്‍ നേടാന്‍ കഴിയുന്നതല്ല പൊതുജന സഹകരണം. 

എന്നാല്‍ നേരിട്ട് പൊലീസ് നടപടി സ്വീകരിക്കുമ്പോള്‍ അതില്‍ ചില അപകടങ്ങളും പതിയിരിക്കുന്നുണ്ട്. ഒരു സന്ദര്‍ഭത്തില്‍ ഞാന്‍  അത്തരം ഒരബദ്ധത്തിന്റെ വക്കിലെത്തിയതാണ്. ഒരു കോഫെപോസ വാറണ്ടായിരുന്നു വിഷയം. കള്ളക്കടത്ത് തടയുന്നതിനും വിദേശനാണ്യം സംരക്ഷിക്കുന്നതിനും വേണ്ടി നിയമലംഘകരെ കരുതല്‍തടങ്കലില്‍ വെയ്ക്കുന്നതിനുള്ള അറസ്റ്റു വാറണ്ടാണത്. കുന്നംകുളത്ത് ഞാന്‍ ചാര്‍ജ്ജെടുക്കുമ്പോള്‍ അത്തരം രണ്ടു വാറണ്ടുകള്‍ നിലവിലുണ്ടായിരുന്നു. രണ്ടുപേരും ഒളിവിലായിരുന്നുവെന്നായിരുന്നു ഓരോന്നും അന്വേഷിച്ച പൊലീസുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അക്കാര്യം ഞാന്‍ നേരിട്ട് അവരോട് സംസാരിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ഗുരുവായൂരിനടുത്തുവച്ചൊരു സംഘട്ടനം നടന്നു. അതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയില്‍ ഒളിവിലായിരുന്നുവെന്ന് കരുതിയിരുന്ന പ്രതിയുടെ പേര് പരാമര്‍ശിച്ചിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. പേരും വീട്ടുപേരും ഒരുമിച്ചു വന്നതുകൊണ്ട് വാറണ്ടിലുള്ള വ്യക്തിതന്നെയാണതെന്ന് ഞാന്‍ കരുതി. അപ്പോള്‍ വ്യക്തി ഒളിവിലായിരുന്നുവെന്ന് വാറണ്ട് അന്വേഷിച്ച പൊലീസുകാരന്‍ കളവായി പറഞ്ഞതാണെന്ന് ഉറപ്പിച്ചു. 

സ്വതന്ത്രമായി അയാളുടെ വീടന്വേഷിച്ചു കണ്ടുപിടിച്ചു. എന്റെ ഡ്രൈവറേയും കൂട്ടി സ്വകാര്യകാറില്‍ പോയാണ് അത് ചെയ്തത്. ആ സ്ഥലത്ത് അന്വേഷിച്ചതില്‍ അയാള്‍ ഒളിവിലൊന്നും പോയിട്ടില്ലെന്നു വ്യക്തമായി. ഉടന്‍തന്നെ അയാളെ അറസ്റ്റ് ചെയ്യാമെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. കാരണം, ആളിന്റെ പേര്, വീട്ടുപേര്, സ്ഥലം- ഇത് മൂന്നും ശരിതന്നെ. അറസ്റ്റ് ചെയ്യും മുന്‍പ് അവസാന നിമിഷം ഒന്നുകൂടി വെരിഫൈ ചെയ്യണമെന്ന് എനിക്കു തോന്നി. അപ്പോഴാണറിയുന്നത് പേരും വിലാസവും ഏതാണ്ട് ഒന്നുതന്നെയായിരുന്നെങ്കിലും യഥാര്‍ത്ഥ പ്രതി മറ്റൊരാളായിരുന്നുവെന്ന്. പൊലീസുകാരന്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ അയാള്‍ ഒളിവിലുമായിരുന്നു. കോഫെപോസ വാറണ്ടെന്ന പേരില്‍ തെറ്റായ വ്യക്തിയെ അറസ്റ്റു ചെയ്യുന്നതില്‍നിന്ന് ഞാന്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

നേരിട്ട് ചില റെയ്ഡും  കേസും ഒക്കെ ആയപ്പോള്‍ പ്രതീക്ഷിക്കാത്ത  ഫലങ്ങളും അതുണ്ടാക്കിയെന്നു തോന്നുന്നു. എന്നോടൊപ്പം ക്യാമ്പ് ഓഫീസില്‍  ജോലിയുണ്ടായിരുന്ന പൊലീസുകാരന്‍ മൂസ ഒരു കാര്യം പറഞ്ഞു. വടക്കാഞ്ചേരി സര്‍ക്കിള്‍  അതിര്‍ത്തിയിലുള്ള ഒരു പ്രമാണി ജോലിസ്ഥലത്തു വന്ന  മൂസയെ കണ്ട് സംസാരിച്ച് അടുപ്പം കൂടാന്‍ ശ്രമിച്ചു. അവസാനം അയാള്‍ ഒരു ചെറിയ  സഹായം അഭ്യര്‍ത്ഥിച്ചു. എന്താണ് സഹായമെന്നല്ലേ? അയാള്‍ വടക്കാഞ്ചേരി സര്‍ക്കിള്‍ അതിര്‍ത്തിയില്‍ ഒരിടത്ത് ക്ലബ്ബ് എന്ന പേരില്‍ ചൂതാട്ടവും മറ്റു  ചില പ്രവര്‍ത്തനങ്ങളും  നടത്തുന്നുണ്ട്. എ.എസ്.പി ശല്യം ചെയ്യുമോ എന്നൊരു സംശയം. അക്കാര്യത്തില്‍ മൂസ ഒന്ന് സഹകരിക്കണം; പറ്റുന്ന സഹായമേ വേണ്ടൂ. തിരിച്ചും പ്രയോജനമുള്ള കാര്യമാണെന്നു പ്രത്യേകം പറയേണ്ടല്ലോ. സര്‍വ്വീസില്‍നിന്നും വിരമിക്കാറായ, ജീവിതത്തില്‍ താങ്ങാനാവാത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു ആ മനുഷ്യന്‍ അന്ന്. പ്രലോഭനത്തില്‍ വീഴാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. എന്നിട്ടും മൂസ വീണില്ല. എനിക്ക് വലിയ മതിപ്പുതോന്നി. കാലം കഴിയുന്തോറും ആ പ്രവൃത്തിയുടെ മഹത്വം മനസ്സില്‍ ഏറിവരുന്നു. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com