'ഇത്രയും വലിയ പ്രശ്‌നമുണ്ടായിട്ടും തൃക്കുന്നപ്പുഴ ശാന്തം, അവിടെ ഒരിലപോലും അനങ്ങുന്നില്ല; ദുരൂഹമായിരുന്നു ആ ശാന്തത'

അന്ന് മതത്തെ, മനുഷ്യനും മനുഷ്യനും തമ്മില്‍ ഭിന്നിപ്പിക്കുന്നതിനുള്ള ഉപാധിയാക്കുന്ന പ്രക്രിയ ബോധപൂര്‍വ്വം നടക്കുന്നുണ്ടായിരുന്നു
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)

''നുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...'' വയലാറിന്റെ അനശ്വരമായ ഒരു സിനിമാഗാനം തുടങ്ങുന്നത് ഇങ്ങനെയാണ്. മതങ്ങളിലൂടെ മനുഷ്യമനസ്സ് വിഭജിക്കപ്പെടുന്ന അവസ്ഥ ലളിതമനോഹര പദങ്ങളില്‍ കവി ആവിഷ്‌കരിച്ചിരിക്കുന്നു. വയലാര്‍ മരണമടഞ്ഞ്, പതിനാറ് വര്‍ഷം കഴിഞ്ഞാണ്, 1991-ല്‍ ആലപ്പുഴയില്‍ ജില്ലാ പൊലീസ് സൂപ്രണ്ടായി ഞാനെത്തുന്നത്. അന്ന് മതത്തെ, മനുഷ്യനും മനുഷ്യനും തമ്മില്‍ ഭിന്നിപ്പിക്കുന്നതിനുള്ള ഉപാധിയാക്കുന്ന പ്രക്രിയ ബോധപൂര്‍വ്വം നടക്കുന്നുണ്ടായിരുന്നു. കവിയും കവിതയും നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ലെന്നാരും പറയരുത്. ബഹുമാനം അങ്ങനെയാകുമ്പോള്‍ പൊലീസിനത് വലിയ തലവേദനയാണ്. വളരെ നിസ്സാരമായ തര്‍ക്കങ്ങളും വിഷയങ്ങളും വരെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനുമുള്ള ആസൂത്രിത ശ്രമങ്ങളുണ്ടായിരുന്നു. സമൂഹത്തിന്റെ പല തലങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ തികഞ്ഞ ജാഗ്രതയോടെ നിരീക്ഷിക്കുകയും സമര്‍ത്ഥമായ ഇടപെടലിലൂടെ യഥാസമയം നേരിടുകയും ചെയ്യേണ്ടുന്നത് സമൂഹത്തിന്റെ സുരക്ഷയ്ക്ക്  അത്യാവശ്യമായിരുന്നു. ദേശീയ അന്തര്‍ദ്ദേശീയ സംഭവഗതികളും മത തീവ്രവാദത്തിന്റെ വിത്തുപാകാന്‍ അനുകൂലമായിരുന്നു. വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റേയും, ഏറ്റുമുട്ടലുകളുടേയും, പൊലീസ് വെടിവെപ്പിന്റേയും ജീവഹാനിയുടേയും സമീപകാല ചരിത്രവും ആലപ്പുഴയ്ക്കുണ്ടായിരുന്നു. ഉപരിതലത്തില്‍ സമാധാന ജീവിതം പുലര്‍ന്നപ്പോഴും അടിയില്‍ അസ്വസ്ഥതകള്‍ പുകയുന്നുണ്ടായിരുന്നു. അതായിരുന്നു പശ്ചാത്തലം.

ഹരിപ്പാട് നിന്നൊരു ഫോണ്‍കോളായിരുന്നു തുടക്കം. സ്പെഷ്യല്‍ ബ്രാഞ്ചിലെ സുരേന്ദ്രന്‍ എന്ന ഹെഡ്  കോണ്‍സ്റ്റബിളാണ് വിളിച്ചത്. ''സാര്‍ ഒരാളെ ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുണ്ട്. വെടിയേറ്റതാണ് സാര്‍.'' തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍  കേരളത്തില്‍  അന്നും ഇന്നും അപൂര്‍വ്വമാണല്ലോ. അതുകൊണ്ട് ശ്രദ്ധിച്ചു കേട്ടു.  തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ഒരു യുവാവിനാണ് പരിക്കേറ്റത് എന്നു മാത്രമേ അപ്പോള്‍ അറിയാമായിരുന്നുള്ളു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയിക്കാമെന്ന്  പറഞ്ഞു. ഫോണ്‍ താഴെ വച്ചയുടന്‍ അടുത്ത വിളിവന്നു. ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ്  വര്‍ഗീസ് ആയിരുന്നു അത്.  തൃക്കുന്നപ്പുഴയില്‍ ഒരു മുസ്ലിം പള്ളിയില്‍നിന്നും പുറത്തു വരുമ്പോഴാണ് സംഭവം എന്നൊരു സംശയം പറഞ്ഞു. ഹരിപ്പാട് ആശുപത്രിയില്‍ പരിശോധിച്ച ശേഷം പരിക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയെന്നും സി.ഐ അറിയിച്ചു. അതിനപ്പുറം വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. തൃക്കുന്നപ്പുഴക്കാരനാണല്ലോ വെടിയേറ്റത് എന്നതിനാല്‍ ഞാന്‍ അവിടുത്തെ എസ്.ഐ ഗോപാലനെ വിളിച്ചു. അത്ഭുതകരമായി തോന്നിയത് അവിടെ യാതൊരു വിവരവുമില്ലായിരുന്നു. മുസ്ലിം പള്ളിക്കടുത്ത് വെച്ചാണെങ്കില്‍ സംഭവം ആരുടെയെങ്കിലും ഒക്കെ ശ്രദ്ധയില്‍പ്പെടേണ്ടതാണല്ലോ. സമയം രാത്രി എട്ട് മണിയോടടുക്കുന്നതേയുള്ളൂ. പക്ഷേ, ആരും സംഭവം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവിടുത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ചുമതലയുണ്ടായിരുന്ന ശിവദാസനും വ്യക്തമായ വിവരമൊന്നുമില്ലായിരുന്നു.  

ഒരാളെ മറ്റൊരാള്‍ തോക്കുപയോഗിച്ച് വെടിവെച്ചാല്‍ സാധാരണഗതിയില്‍ അത് കൊലപാതകത്തിനുള്ള ശ്രമമാണ്. സംഭവം ഗുരുതരമാണ്. അതുടന്‍ പൊലീസില്‍ അറിയിക്കേണ്ടതാണ്. ഇവിടെ അതുണ്ടായിട്ടില്ല. എന്തോ രഹസ്യസ്വഭാവം അതിനു പിന്നിലുണ്ടെന്നു തോന്നി. പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടുന്നതിന്റെ ആവശ്യകത വ്യക്തമായിരുന്നു. ഏതാണ്ട് പത്ത് മിനിട്ട് കഴിയും മുന്‍പേ ജോര്‍ജ് വര്‍ഗീസ് വീണ്ടും ഫോണ്‍ ചെയ്തു.  പരിക്കേറ്റ വ്യക്തിയെ ഹരിപ്പാട് ആശുപത്രിയിലെത്തിച്ചത് ഒരു പ്രാദേശിക രാഷ്ട്രീയ നേതാവായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അദ്ദേഹവുമായി സംസാരിച്ചു. എങ്ങനെയാണ് വെടിയേറ്റത് എന്നതിന് അയാള്‍ പറഞ്ഞ വിവരം വലിയ ഉല്‍ക്കണ്ഠയുണ്ടാക്കുന്നതായിരുന്നു. തൃക്കുന്നപ്പുഴ തീരപ്രദേശത്ത് ഒരു മുസ്ലിം പള്ളിയില്‍ അയാള്‍ നിസ്‌ക്കാരത്തിനു പോയി. തിരികെ മടങ്ങുമ്പോള്‍ ആരോ തോക്കുധാരികളായ നാലഞ്ചാളുകള്‍ വന്ന് വെടിവെച്ചത്രെ. അങ്ങനെയാണ് പരിക്കേറ്റത്. ആരാണ് ഈ തോക്കുധാരികള്‍ എന്നതിന് ആര്‍.എസ്.എസ് പോലുള്ള ആരെങ്കിലുമായിരിക്കും എന്നായി അയാള്‍. 

വെടിവെപ്പിന്റെ പിന്നാമ്പുറക്കഥ

അതിനപ്പുറം എന്താണ് വേണ്ടത്? വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ നന്നായി വ്യാപിച്ചു തുടങ്ങിയ പൊതു അന്തരീക്ഷം. തീരപ്രദേശത്ത് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. സംഭവം നടന്നത് മുസ്ലിം പള്ളിക്കു സമീപം. വെടിയേറ്റത് പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തെത്തിയ ചെറുപ്പക്കാരന്‍. ആരോപണം വര്‍ഗ്ഗീയ ശത്രുക്കള്‍ക്ക് നേരെ. സമയം രാത്രി. ഒരു വലിയ പൊട്ടിത്തെറിക്കുള്ള എല്ലാ ഘടകങ്ങളും അതിലുണ്ട്. പക്ഷേ, ഒരു കാര്യം ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇത്രയും വലിയ പ്രശ്‌നമുണ്ടായിട്ടും തൃക്കുന്നപ്പുഴ ശാന്തം. അവിടെ ഒരിലപോലും അനങ്ങുന്നില്ല. ദുരൂഹമായിരുന്നു ആ ശാന്തത. 

ഒരു കാര്യം വ്യക്തമായിരുന്നു. ഞങ്ങള്‍ക്ക് കിട്ടിയ 'കഥ'യുടെ രണ്ടറ്റവും കൂട്ടിമുട്ടുന്നില്ല. ഏതോ ചില കണ്ണികള്‍ 'കഥ'യില്‍ കാണുന്നില്ലെന്ന് വ്യക്തം. അത് കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അല്ലെങ്കില്‍ അത് അപകടമാണ്. വിഷലിപ്തമായ സാമൂഹ്യാന്തരീക്ഷത്തില്‍ വര്‍ഗ്ഗീയശക്തികള്‍ക്കും അവരെ പ്രത്യക്ഷമായും പരോക്ഷമായും പ്രീണിപ്പിക്കുന്ന  സാമൂഹ്യ-രാഷ്ട്രീയ ശക്തികള്‍ക്കും  ഇത്തരം സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമായി വീണുകിട്ടുന്ന അവസരമാണല്ലോ. അത് പരമാവധി ചൂഷണം ചെയ്യാന്‍ ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കും. അതുകൊണ്ട് അത്തരം ശക്തികള്‍ ഉണരുംമുന്‍പേ പൊലീസ് ഉണര്‍ന്ന്, ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കണം. ഞാനാ വിഷയം ഡി.വൈ.എസ്.പിയോടും മറ്റു ഉദ്യോഗസ്ഥരോടും സ്പെഷ്യല്‍ ബ്രാഞ്ചുകാരോടും എല്ലാം സംസാരിച്ചു. രണ്ടു കാര്യങ്ങളാണ് മുഖ്യമായും പറഞ്ഞത്. ഒന്ന്, നേരം പുലരുമ്പോള്‍ ആലപ്പുഴ മാത്രമല്ല, കേരളം മുഴുവന്‍ സംഘര്‍ഷ മേഖലയാകാനുള്ള എല്ലാ ചേരുവകളും ഈ വെടിവെയ്പിലുണ്ട്. രണ്ട്, നമ്മുടെ മുന്നില്‍  സമയം വളരെ കുറവാണ്. നമ്മള്‍ കേട്ട 'കഥ'യുടെ, നമ്മളോട് പറഞ്ഞ 'കഥ'യുടെ, കാണാത്ത കണ്ണികള്‍ വേഗം കണ്ടെത്തണം. അതുകൊണ്ട് ആ രാത്രി വളരെ പ്രധാനപ്പെട്ടതാണ്. നമുക്ക് 'ഇരുട്ടില്‍ തപ്പണം', അതായത് ആ രാത്രി പരമാവധി അദ്ധ്വാനിക്കണം. എന്റെ സഹപ്രവര്‍ത്തകര്‍ കായംകുളം ഡി.വൈ.എസ്.പി നടരാജനും ഹരിപ്പാട് സി.ഐ. ജോര്‍ജ് വര്‍ഗീസും പൊലീസുകാരും എല്ലാം സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു. 

ഞങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍, പരിക്കേറ്റയാളെ സംഭവത്തിനു ശേഷം ഉടന്‍  ഹരിപ്പാട്ട് ആശുപത്രിയിലെത്തിക്കുകയല്ല ഉണ്ടായതെന്ന് സംശയിച്ചു. അതിന് അരമണിക്കൂര്‍ മതി. അവിടെ അല്പം ഗ്യാപ്പുണ്ട്. മാത്രവുമല്ല, വെടിയുണ്ടയേറ്റ് പരിക്കേറ്റ ആളെ  ആശുപത്രിയില്‍ അഡ്മിറ്റാക്കുന്നതിന് മുന്‍പ് രാഷ്ട്രീയപ്രവര്‍ത്തകനെ കാണേണ്ടതില്ലല്ലോ. ആശുപത്രിയിലെത്തിച്ച ശേഷം മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്ക് ഇടപെടലിനായി പൊതുപ്രവര്‍ത്തകരെ കാണാറുണ്ട്. അതിനുമുന്‍പുള്ള സമ്പര്‍ക്കം അല്പം അസ്വാഭാവികമായി തോന്നി. പരിക്കേറ്റ യുവാവ് എന്തോ  മറയ്ക്കുന്നുണ്ട്; ഞങ്ങള്‍ക്ക് ബലമായ സംശയം തോന്നി. പക്ഷേ, അയാളപ്പോള്‍ 'ഇര'യാണ്. 'ഇര'യെ പൊലീസ് സംശയിക്കുന്നത് വളരെ സൂക്ഷിച്ചുവേണം.

പൊലീസ് ഉദ്യോഗസ്ഥര്‍  ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ തൃക്കുന്നപ്പുഴയിലെത്തി. പൊലീസിന്റെ നെറ്റ്വര്‍ക്കിലൂടെ ചെറുതായി വിവരങ്ങള്‍ വന്നുതുടങ്ങി മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം പോലെ. അതങ്ങനെയാണ്. യഥാസമയം ചലിപ്പിക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്താല്‍ വിവരങ്ങള്‍ പതുക്കെ വെളിപ്പെടും; മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതും. അങ്ങനെ കിട്ടിയ വിവരങ്ങളിലൊന്ന് പരിക്കേറ്റ വ്യക്തി ആദ്യം പോയത് ഹരിപ്പാട് ആശുപത്രിയിലല്ല. തൃക്കുന്നപ്പുഴയില്‍ ഒരു ചെറിയ സ്വകാര്യ ക്ലിനിക്കില്‍ അയാള്‍ പോയിരുന്നു. ആ സ്ഥാപനം കണ്ടെത്തി; അധികം വൈകാതെ തന്നെ. ഉടന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തി. അപ്പോഴേയ്ക്കും ഡോക്ടര്‍ അന്നത്തെ ജോലി കഴിഞ്ഞതിനാലായിരിക്കണം, വീട്ടില്‍ പോയി കഴിഞ്ഞിരുന്നു. രാത്രിയില്‍ത്തന്നെ ഡോക്ടറെ അവിടെ വരുത്തി സംഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ ആദ്യം ഡോക്ടര്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ അല്പം മടിയുണ്ടായിരുന്നു. ഡോക്ടര്‍ അറച്ചറച്ചു നിന്നപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അക്ഷമരായിത്തുടങ്ങി. ഒരുപാട് സമയമെടുത്ത് ദീര്‍ഘമായ മൊഴി രേഖപ്പെടുത്തി അത് ശാസ്ത്രീയ അപഗ്രഥനത്തിനു വിധേയമാക്കി അതിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡോക്ടറെ സത്യത്തിലേയ്ക്ക് നയിക്കാന്‍ എവിടെ സാവകാശം? ഡോക്ടറെ ഒരു മൂലയിലേയ്ക്ക് മാറ്റി ജോര്‍ജ് വര്‍ഗീസ് പറഞ്ഞു: ''ഞാന്‍ ഇതുവരെ മാന്യമായിട്ടാണ് സംസാരിച്ചത്. ഉള്ള കാര്യം വേഗം പറഞ്ഞില്ലെങ്കില്‍ രീതി മാറും. പൊലീസ് പൊലീസാകും.'' ഇവിടെ കുറുക്കുവഴി വിജയിച്ചു. ഡോക്ടര്‍  വേഗം കാര്യം പറഞ്ഞു. 

സന്ധ്യ കഴിഞ്ഞ നേരത്താണ് നെഞ്ചിലൊരു പരിക്കുമായി ആ യുവാവ് ക്ലിനിക്കില്‍ വന്നത്. കൂടെ പള്ളിയുമായി ബന്ധപ്പെട്ട മറ്റൊരാളുമുണ്ടായിരുന്നു. മുറിവ് കണ്ടപ്പോള്‍ത്തന്നെ അത് ബുള്ളറ്റ് കൊണ്ടുള്ളതാണെന്നു സംശയം തോന്നി. നെഞ്ചിലായിരുന്നു പരിക്കെങ്കിലും അയാളുടെ അവസ്ഥ അത്ര  സീരിയസ് ആയിരുന്നില്ല. എങ്ങനെ സംഭവിച്ചുവെന്നതിന് വേഗത്തില്‍ പോകുമ്പോള്‍ പറങ്കിമാവിന്റെ ഒരു കൊമ്പില്‍ അബദ്ധത്തില്‍ തട്ടി മുറിവ് പറ്റി എന്നാണവര്‍ ആദ്യം  പറഞ്ഞത്. മുറിവിന്റെ സ്വഭാവം കണ്ടപ്പോള്‍ അത് കളവാണെന്ന് ഡോക്ടര്‍ക്കു മനസ്സിലായി. അവരോട് ഡോക്ടര്‍ അക്കാര്യം പറഞ്ഞു. അവസാനം, അബദ്ധത്തില്‍ തോക്കില്‍നിന്നും വെടിയേറ്റതാണെന്നവര്‍ സമ്മതിച്ചു. അതായിരിക്കണം സംഭവിച്ചതെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു. മറ്റേതെങ്കിലും ആശുപത്രിയില്‍ പോകുന്നതാണ് നല്ലതെന്ന് പറഞ്ഞയച്ചുവെന്നും പിന്നീടൊരു കാര്യവും അറിയില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. കൂടെ വന്ന ആളെയും ഏതാണ്ട് തിരിച്ചറിഞ്ഞു, അയാള്‍ പള്ളിയുമായി അടുത്തു ബന്ധപ്പെട്ട ഒരു വ്യക്തിതന്നെയായിരുന്നു. 'ഇരുട്ടില്‍ തപ്പുക'യായിരുന്ന പൊലീസിനു ലഭിച്ച ആദ്യത്തെ വെള്ളിവെളിച്ചം അതായിരുന്നു. ഒരു കാര്യം വ്യക്തമായി. സംഭവസ്ഥലത്തിനടുത്തുവെച്ച് പരിക്കേറ്റതിനു ശേഷം ഉടനെ  കണ്ട ഡോക്ടറോട് അബദ്ധത്തില്‍ വെടിയേറ്റതെന്ന് സമ്മതിച്ചെങ്കില്‍, അയാള്‍ ഹരിപ്പാട്ടെത്തിയപ്പോള്‍ അതുമാറി. പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളിയില്‍നിന്ന് മടങ്ങുമ്പോള്‍ വര്‍ഗ്ഗീയ ശത്രുക്കള്‍ വെടിവച്ചുവെന്നായി. അയാളിനി കോട്ടയത്തെത്തുമ്പോള്‍ എന്താകുമോ പുതിയ 'കഥ?' ഒരു കാര്യം ഞങ്ങള്‍ക്കേതാണ്ട് വ്യക്തമായി; കള്ളന്‍ കപ്പലില്‍ത്തന്നെ. 

പക്ഷേ, അതുകൊണ്ടായില്ലല്ലോ. പൊതുബോധ്യം വരുന്ന തെളിവുകള്‍ വേണ്ടെ?  തോക്കില്‍ നിന്നാണ് പരിക്കേറ്റതെങ്കില്‍ ആ തോക്കെവിടെ? പുതുതായി കിട്ടിയ നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 'ഇര'യെ ചോദ്യം ചെയ്യാമെന്ന് കരുതി സി.ഐ. ജോര്‍ജ് വര്‍ഗീസ്  നേരെ കോട്ടയം മെഡിക്കല്‍ കോളേജിനു പുറപ്പെട്ടു. മറ്റൊരു സംഘത്തെ പരിക്കേറ്റ ആളിന്റെ കൂടെ അടുത്തുള്ള ക്ലിനിക്കിലെത്തിയ ആളിനെ കണ്ടെത്താനും മറ്റ് പ്രാദേശിക വിവരങ്ങള്‍ തേടാനും നിയോഗിച്ചു. ഹരിപ്പാട് സി.ഐ. കോട്ടയം മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. പരിക്കേറ്റ യുവാവ് അടിയന്തര ചികിത്സ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അയാള്‍ അപകടാവസ്ഥ തരണംചെയ്തു കഴിഞ്ഞിരുന്നു. അടിയന്തര പ്രാധാന്യമുള്ള ചില വിവരങ്ങള്‍  അയാളില്‍നിന്ന് തേടേണ്ടതുണ്ട് എന്നറിയിച്ചപ്പോള്‍ ഡോക്ടര്‍ അതിനനുവദിച്ചു. മാത്രവുമല്ല, ആ സമയത്ത് അയാള്‍ 'ഇര'യുടെ സ്ഥാനത്താണല്ലോ. അയാളാദ്യം പള്ളിയില്‍നിന്ന് പുറത്തുവരുമ്പോള്‍ തോക്കുധാരികള്‍ ആക്രമിച്ചുവെന്ന 'കഥ' പറഞ്ഞു. പൊലീസിന് കാര്യങ്ങളെല്ലാം മനസ്സിലായിട്ടുണ്ടെന്നും തൃക്കുന്നപ്പുഴയിലെ ഡോക്ടറില്‍നിന്നും വിവരങ്ങളെല്ലാം ലഭിച്ചുവെന്നും പറഞ്ഞപ്പോള്‍ അയാള്‍ നിശ്ശബ്ദനായി. ആദ്യം അയാളൊന്നും പറഞ്ഞില്ല. പെട്ടെന്നയാളുടെ ശാരീരിക അവശത കൂടിയതുപോലെ ഭാവിച്ചു. എന്തെങ്കിലും അബദ്ധം പറ്റിയെങ്കില്‍ അത് പറയുന്നതാണ് നല്ലതെന്നും അതിനുള്ള അവസരം ഇതാണെന്നും സൂചിപ്പിച്ചു. അവസാനം അയാള്‍ പറഞ്ഞു. തന്റെ ഭാഗത്തുനിന്നുള്ള കയ്യബദ്ധമാണതെന്നും പുറത്തുവന്നപ്പോള്‍ ആക്രമിച്ചുവെന്നത് പേടിച്ച് പറഞ്ഞതാണെന്നും അയാള്‍ പറഞ്ഞു. 

അപ്പോഴും ആ തോക്കെവിടെ എന്ന ചോദ്യം അവശേഷിച്ചു. അതിന്മേല്‍ ആദ്യം അയാള്‍ മൗനം പാലിച്ചു. അത് കിട്ടിയില്ലെങ്കില്‍ പൊലീസ് അന്വേഷണം വ്യാപകമാക്കേണ്ടിവരും എന്ന് മനസ്സിലായപ്പോള്‍ അത് തന്നോടൊപ്പം തൃക്കുന്നപ്പുഴ ഡോക്ടറെ കണ്ട സുഹൃത്തിനറിയാം എന്നൊരു സൂചന കിട്ടി. ആ വിവരം കൂടി തൃക്കുന്നപ്പുഴ പൊലീസ് ടീമിനു നല്‍കി. അങ്ങനെ കാര്യങ്ങള്‍ നന്നായി മുന്നോട്ടുപോയി. അവിടെ ഡി.വൈ.എസ്.പി നടരാജനും പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിയത്. രാത്രി മുഴുവന്‍ തൃക്കുന്നപ്പുഴയില്‍ പൊലീസ് സജീവമായി പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി വെടിവെയ്പില്‍ പരിക്കേറ്റ് ആശുപത്രിയിലായ വ്യക്തിയുടെ കൂട്ടാളിയെ കണ്ടെത്താന്‍ കഴിഞ്ഞു. അയാള്‍ ആദ്യം അന്വേഷണവുമായി സഹകരിച്ചില്ല. ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് അയാള്‍ തനിക്കൊന്നുമറിയില്ല എന്ന നിലയില്‍ നിന്നു. അവസാനം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പരിക്കേറ്റ വ്യക്തിയില്‍നിന്നും തോക്കിന്റെ വിവരം പൊലീസിനു ലഭിച്ചു എന്ന് മനസ്സിലാക്കിയപ്പോള്‍ അയാള്‍ കുറേശ്ശെ സഹകരിക്കാമെന്നായി. തോക്ക് കയ്യില്‍ കിട്ടിയെങ്കിലെ പൊലീസിന്റെ രാത്രിയിലെ യജ്ഞം ഫലപ്രദമാകൂ  എന്ന് ഞങ്ങള്‍ക്കെല്ലാം ബോധ്യമുണ്ടായിരുന്നു. പൊലീസുദ്യോഗസ്ഥനെന്ന നിലയില്‍ ഡി.വൈ.എസ്.പി നടരാജന്‍ തന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചു. അത് ഫലം കണ്ടു. പ്രഭാതസൂര്യന്‍ തൃക്കുന്നപ്പുഴയിലെത്തുമ്പോഴേയ്ക്കും  ആ തോക്ക് പൊലീസിന്റെ കയ്യിലായി.

'ദേശസ്‌നേഹി'യായ ഉമ്പായി

സത്യത്തില്‍ അപ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ശ്വാസം നേരെ വീണത്. പൊലീസിന്റെ സര്‍വ്വീസ് റിവോള്‍വറിനെ വെല്ലുന്ന ഒന്നാംതരം കള്ളത്തോക്ക്, നാടന്‍ നിര്‍മ്മിതം. സാക്ഷാല്‍ 'സ്വദേശി.' ഇതിനിടയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയ ജോര്‍ജ് വര്‍ഗീസ്, 'ഇര'യില്‍നിന്നും വളരെ വിലപ്പെട്ട ഒരു വിവരം കൂടി സമര്‍ത്ഥമായി അടര്‍ത്തിയെടുത്തു. നമ്മുടെ 'സ്വദേശി' ഉല്പന്നത്തിന്റെ ഉറവിടം കണ്ടെത്താന്‍ അത് നിര്‍ണ്ണായകമായി. നിലമ്പൂരിനടുത്തുള്ള ഏതോ ഒരു മൂന്നക്ഷരക്കാരന്‍, നമുക്കയാളെ 'ഉമ്പായി' എന്ന് വിളിക്കാം. അയാളാണ് ആയുധ കച്ചവടത്തിന്റെ ഏജന്റ്.  

അങ്ങനെ പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളിയില്‍നിന്ന് മടങ്ങുമ്പോള്‍ ശത്രുക്കള്‍ തോക്കുകൊണ്ട് വെടിവച്ചു എന്ന 'കഥ' ഒറ്റരാത്രികൊണ്ട് പൊളിഞ്ഞുവീണു; പൊലീസിന്റെ  കണ്ടെത്തലിലൂടെ. അന്ന് പൊതുവില്‍ നിലനിന്നിരുന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തില്‍ ആദ്യത്തെ കഥ കേട്ട ചില സംഘടനാ നേതാക്കള്‍ രാവിലെ തൃക്കുന്നപ്പുഴയിലെത്തി. ഹര്‍ത്താല്‍, ബന്ത്, വഴിതടയല്‍ തുടങ്ങി പലതും അജണ്ടയിലുണ്ടായിരുന്നു. പക്ഷേ, 'സ്വദേശി' കള്ളത്തോക്കുള്‍പ്പെടെ പൊലീസിന്റെ കയ്യിലായി എന്നറിഞ്ഞപ്പോള്‍ അവരെല്ലാം അതിവേഗം നിരാശരായി മടങ്ങി; ഒരു പ്രസ്താവനപോലും ഇറക്കാതെ.

ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്ഫോടനാത്മകമായ ഒരു ക്രമസമാധാന സാഹചര്യം എന്ന തലേദിവസത്തെ ഉല്‍ക്കണ്ഠ ഒഴിവായി. അത് മഞ്ഞുമലയുടെ മുകളറ്റം മാത്രമായിരുന്നു. ആരാധനാലയം കേന്ദ്രീകരിച്ച് തോക്കുകൊണ്ടുള്ള  ഈ 'കളി'യുടെ ആഴങ്ങളിലേയ്ക്ക്  പോകേണ്ടത് അത്യാവശ്യമായിരുന്നു. വെടിയേറ്റ് മെഡിക്കല്‍ കോളേജിലായിരുന്ന യുവാവ് രഹസ്യങ്ങളുടെ കലവറയാണെന്നു തോന്നി.  അയാളെ വീണ്ടും ചോദ്യം ചെയ്യാനായി ആലപ്പുഴ കണ്‍ട്രോള്‍ റൂമില്‍ എസ്.ഐ ആയിരുന്ന പി.എം. വര്‍ഗീസിനെ അയച്ചു. അയാളതിനു സമര്‍ത്ഥനായിരുന്നു. വര്‍ഗീസവിടെ പോയി പരിക്കേറ്റ രോഗിയുമായി അടുത്തുകൂടി. ചോദ്യം ചെയ്യലെന്നാല്‍ ലക്ഷ്യബോധത്തോടെയുള്ള സംഭാഷണമാണ്. അത് വിജയിക്കണമെങ്കില്‍ ആദ്യം ആ വ്യക്തിയെ മനസ്സിലാക്കണം. കുറേനേരം സംസാരിച്ചപ്പോള്‍ അയാളൊരു അന്ധവിശ്വാസിയാണെന്ന് വര്‍ഗീസ് മനസ്സിലാക്കി. അതില്‍ പിടിച്ചു മുന്നേറി. ചില പ്രത്യേകതരം പൊടികളുടെ മാന്ത്രികശക്തിയെപ്പറ്റി എല്ലാം സംസാരിച്ചു. അതില്‍ ചിലത് തന്റെ കൈവശമുണ്ടെന്നും അതിന്റെ ദോഷഫലത്തെക്കുറിച്ചും എല്ലാം പറഞ്ഞ് മാനസികമായി അയാള്‍  വര്‍ഗീസിനടിപ്പെട്ടു. പിന്നെ കാര്യങ്ങള്‍ എളുപ്പത്തിലായി. പിടിക്കപ്പെട്ട തോക്കിനു പുറമേ വേറെയും തോക്കുകള്‍ പള്ളിയുടെ  പരിസരത്ത് സൂക്ഷിച്ചിരുന്നതിന്റെ വിലപ്പെട്ട വിവരങ്ങള്‍  അയാള്‍ വെളിപ്പെടുത്തി. ശാസ്ത്രീയമായ  ചോദ്യം ചെയ്യലെന്നാല്‍ ലോക്കപ്പും പീഡനവുമല്ല; മറിച്ച് മനശ്ശാസ്ത്രപരമായ  സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ആശയവിനിമയം മാത്രമാണ് എന്നതിന്റെ വിജയമായിരുന്നു അത്.  അങ്ങനെ തൃക്കുന്നപ്പുഴയില്‍ പൊലീസ് പിടിച്ചെടുത്ത തോക്കുകളുടെ എണ്ണം കൂടി.   

മതതീവ്രതയുടെ ആശയങ്ങള്‍  കേരളത്തിനകത്തും പുറത്തും ശക്തി പ്രാപിക്കുന്ന ഘട്ടമായിരുന്നു അത്. സംഭവം ഗൗരവമായെടുത്ത് ഞങ്ങള്‍ അടുത്തതായി 'സ്വദേശി' തോക്കുകളുടെ ഉറവിടം തേടിപ്പോയി. അങ്ങനെ ഇന്‍സ്പെക്ടര്‍ ജോര്‍ജ് വര്‍ഗീസും എസ്.ഐ. പി.എം. വര്‍ഗീസും നിലമ്പൂരിലേയ്ക്ക് തിരിച്ചു. കൂട്ടത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ കോയയും പൊലീസുകാരന്‍ സ്വാമിനാഥനുമുണ്ടായിരുന്നു. അവരുടെ ഏക പിടിവള്ളി നാടന്‍ തോക്കിന്റെ രഹസ്യ ഏജന്റ് കാളികാവിലുള്ള ഒരു ഉമ്പായി എന്ന അറിവായിരുന്നു. അയാളേതോ ആരാധനാലയത്തെ ചുറ്റിപ്പറ്റിയാണുള്ളത് എന്ന സൂചനയും. കള്ളത്തോക്കിന്റെ ഏജന്റായ ഉമ്പായിയെ കണ്ടെത്തുക അതികഠിനമായിരുന്നു. കാളികാവ് പ്രദേശത്ത് എത്ര ഉമ്പായി ഉണ്ട്? അതിലാരാണ് 'സ്വദേശി' നാടന്‍ തോക്കിനെ പ്രോത്സാഹിപ്പിക്കുന്ന 'ദേശസ്‌നേഹി'യായ ഉമ്പായി? ''കോട്ടയത്ത് എത്ര മത്തായി ഉണ്ട്?'' (ജോണ്‍ എബ്രഹാമിന്റെ പ്രസിദ്ധമായ ചെറുകഥ) എന്ന  പോലല്ലല്ലോ ഇത്.  തപ്പിത്തപ്പി ആദ്യം കാണുന്ന  ഉമ്പായിയോട് ''നിങ്ങളാണോ കള്ളത്തോക്ക് വില്‍ക്കുന്ന ഉമ്പായി'' എന്ന് ചോദിക്കാനാവില്ലല്ലോ? ആ ജോലി നന്നായി നിര്‍വ്വഹിച്ചതില്‍ പ്രധാന പങ്ക് ഹെഡ് കോണ്‍സ്റ്റബിള്‍ കോയയ്ക്കായിരുന്നു. കഴിവും സാമര്‍ത്ഥ്യവും സമര്‍പ്പണവും ഒത്തുചേര്‍ന്ന മനുഷ്യന്‍. തേടിയ വള്ളി കാലില്‍ ചുറ്റിയില്ല. പക്ഷേ, തേടി കണ്ടുപിടിച്ചു; 'ദേശസ്‌നേഹി'യായ ഉമ്പായിയെ.
 
പിന്നെ കാര്യങ്ങള്‍ അതിവേഗം മുന്നോട്ടുപോയി. എസ്.ഐ. വര്‍ഗീസ് ഒരു വന്‍കിട ആയുധ വ്യാപാരിയായി അവതരിച്ചു. ഉമ്പായി, പുതിയ 'സ്വദേശി' ബിസിനസ്സിന്റെ വലിയ സാദ്ധ്യതയില്‍ മയങ്ങിവീണു. പുതിയ ബിസിനസ്സുകാരനും സംഘവും നേരെ കുടില്‍വ്യവസായം പോലെ കള്ളത്തോക്ക് നിര്‍മ്മിക്കുന്ന സ്ഥലത്തെത്തി. അതിന്റെ ചുമതലക്കാരന്‍, മണികണ്ഠനെന്നയാളെ വിളിക്കാം വലിയ ആവേശത്തില്‍ നിര്‍മ്മാണ സാമഗ്രികളും എല്ലാം കാണിച്ചുകൊടുത്തു. കുടില്‍ വ്യവസായമാണെങ്കിലും അവരുടെ സാങ്കേതിക മികവും പ്രാപ്തിയും എല്ലാം വര്‍ഗീസിനു ബോദ്ധ്യപ്പെട്ടു. ഇത്തരം പുലിമടകളില്‍നിന്നും വേഗം പുറത്തുകടക്കേണ്ടതുണ്ട്. പുതുതായി നിര്‍മ്മിക്കേണ്ട തോക്കിന്റെ മോഡലിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ എന്തു മോഡലും ഉണ്ടാക്കാം എന്നായി മണികണ്ഠന്‍. ''ഈ മോഡല്‍ പറ്റുമോ'' എന്ന വാക്കുകളോടെ ഒളിപ്പിച്ചുവെച്ചിരുന്ന സര്‍വ്വീസ് റിവോള്‍വര്‍ വര്‍ഗീസ് പുറത്തെടുത്തു. അതിന്റെ കുഴല്‍, മുന്നില്‍ മിഴിച്ചുനിന്ന മണികണ്ഠന്റെ നെറ്റിയില്‍  സ്പര്‍ശിച്ചപ്പോള്‍ അയാള്‍ക്ക് പുതിയ ബിസിനസ്സുകാരന്റെ യഥാര്‍ത്ഥ സ്വരൂപം മനസ്സിലായി. യാഥാര്‍ത്ഥ്യം ചിലപ്പോള്‍  ജയിംസ് ബോണ്ട് സിനിമയിലെ രംഗം പോലെയാകും. പിന്നെ വൈകിയില്ല. മണികണ്ഠനും കൂട്ടരും തോക്ക്, തിര, തോക്കിന്റെ ഭാഗങ്ങള്‍ തുടങ്ങിയവയുമായി   സമീപത്തുണ്ടായിരുന്ന ജോര്‍ജ് വര്‍ഗീസിന്റെ വാഹനത്തില്‍ പുറത്തേയ്ക്ക്. അഭിമാനകരമായ ആ  ദൗത്യത്തില്‍ അന്വേഷണമികവും പൊലീസ് ഓപ്പറേഷന്റെ  സാമര്‍ത്ഥ്യവും ചങ്കൂറ്റവും എല്ലാം ഉജ്ജ്വലമായിരുന്നു. 

മണികണ്ഠനെ ചോദ്യം ചെയ്തപ്പോള്‍ തോക്ക് നിര്‍മ്മാണത്തിലുള്ള അയാളുടെ വൈദഗ്ദ്ധ്യം എന്നെ അത്ഭുതപ്പെടുത്തി. അറസ്റ്റിലായവരില്‍നിന്നും മതതീവ്രവാദം, വ്യാജ തോക്ക് നിര്‍മ്മാണം, വിതരണം തുടങ്ങിയവ  സംബന്ധിച്ച വിലപ്പെട്ട വിവരങ്ങളാണ് ലഭിച്ചത്. കേരളത്തിലെ ഇതര ജില്ലകളിലേയ്ക്കും കേരളത്തിന് പുറത്തേയ്ക്കും വ്യാപിച്ച കണ്ണികള്‍ വെളിപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ അന്ന് സംസ്ഥാന ഐ.ജി ആയിരുന്ന ജോസഫ് തോമസ് മറ്റു ജില്ലകളിലും  നടപടികള്‍ എടുക്കുന്നതില്‍ വ്യക്തിഗത  താല്പര്യമെടുത്തു. സംസ്ഥാന ഇന്റലിജന്‍സും തുടര്‍നടപടികള്‍  സജീവമായി ഏകോപിപ്പിച്ചു.  മാധ്യമ കോലാഹലങ്ങളില്ലാതെ നടന്ന സമഗ്രമായ പ്രവര്‍ത്തനം വലിയ നേട്ടമായി.

തിരിഞ്ഞുനോക്കുമ്പോള്‍, നിര്‍ണ്ണായകമായ ആ രാത്രിയിലും തുടര്‍ന്നുള്ള ദിവസങ്ങളിലും എന്റെ സഹപ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം അഭിമാനകരമായിരുന്നുവെന്ന് തോന്നുന്നു.   മതതീവ്രതയുടെ വലിയൊരു ശൃംഖല വെളിച്ചത്തായി; അതിന്റെ ആയുധപ്പുരകള്‍ നിയമത്തിന്റെ കൈപ്പിടിയിലായി. സര്‍വ്വസന്നാഹവുമായി മതതീവ്രവാദം പത്തിവിടര്‍ത്തി ആടാന്‍ തയ്യാറെടുക്കുമ്പോള്‍ത്തന്നെ അതിനു  ശക്തമായ പ്രഹരം ഏല്പിക്കാന്‍ കഴിഞ്ഞു. അത് സാദ്ധ്യമാക്കുന്നതില്‍ പങ്കാളിയായിരുന്ന കോയ, എസ്.ഐ ആയിരിക്കെ വാഹനാപകടത്തില്‍ മരണമടഞ്ഞത് വലിയ വേദനയായി. മറ്റുള്ളവര്‍ക്ക്, വിശ്രമ ജീവിതത്തില്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കാം ഈ ദിനങ്ങള്‍. കാരണം, കേരളത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ അതൊരു നിര്‍ണ്ണായക ഇടപെടലായിരുന്നു; പ്രത്യേകിച്ചും വയലാര്‍ എഴുതിയപോലെ ''ആയിരമായിരം മാനവഹൃദയങ്ങള്‍ ആയുധപ്പുരകളാ''കുന്ന കാലത്ത്.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com