തടവറയില്‍ ഒരു സ്വപ്നാടകന്‍

By ജി. ഷഹീദ്   |   Published: 05th December 2021 12:25 PM  |  

Last Updated: 05th December 2021 12:25 PM  |   A+A-   |  

mandela

 

നലിനും വാതിലിനും ഇരുമ്പഴികള്‍ ഇല്ലാത്ത സ്വപ്നതുല്യമായ ജയില്‍. തടവുകാരന് സുഖസൗകര്യങ്ങള്‍ ഒരുക്കിയ ഒരു അസാധാരണ ജയിലായും വിശേഷിപ്പിക്കാം.

തടവുകാരനായി ഒരേ ഒരാള്‍ മാത്രം -നെല്‍സണ്‍ മണ്ടേല.

വാതില്‍ തുറക്കാനോ അടയ്ക്കാനോ വാര്‍ഡര്‍മാര്‍ ഇല്ലാത്തതിനാല്‍ താക്കോല്‍ കൂട്ടങ്ങളുടെ കിലുക്കവുമില്ല. ജയില്‍ നിയമവും ചട്ടവും തല്‍ക്കാലം ഇല്ല. തടവുകാരന് ഏറെ സ്വാതന്ത്ര്യം. മുറിയിലിരുന്നു മടുത്താല്‍ പുറത്ത് പൂന്തോട്ടത്തില്‍ ഇരുന്നു കാറ്റുകൊള്ളാം. സൂര്യന്‍ ജ്വലിച്ചു നിന്നാലും മനസ്സു കുളിര്‍ക്കുന്ന സുഖകരമായ തണുത്ത കാറ്റ് സമുദ്രത്തില്‍നിന്നും ഒഴുകിയെത്തും. രാത്രി കാതോര്‍ത്താല്‍ സാഗരസംഗീതമായി മാറുന്ന തിരമാലകളുടെ ഗര്‍ജ്ജനം. ചായയോ കാപ്പിയോ വീഞ്ഞോ എപ്പോള്‍ ചോദിച്ചാലും തളികയില്‍ വെച്ചു നല്‍കും. ബ്രിട്ടീഷ് കോളനിയായ ദക്ഷിണ ആഫ്രിക്കയാണ് രംഗം. പ്രേതകഥകളെ ഓര്‍മ്മിപ്പിക്കുന്നു കരിമ്പാറ കൂട്ടങ്ങളും നിബിഡ വനങ്ങളുമുള്ള റോബന്‍ ദ്വീപ്. അറ്റ്ലാന്റിക് സമുദ്രത്തില്‍ കേപ്ടൗണ്‍ നഗരത്തില്‍നിന്നും നാലു മൈല്‍ അകലെ ദ്വീപിലെ കരിങ്കല്‍ കെട്ടിടത്തിലെ ഇരുണ്ട, ഇടുങ്ങിയ, ശുദ്ധവായു വേണ്ടത്ര ലഭിക്കാത്ത മുറിയില്‍ മണ്ടേല ഏകാന്തതടവ് അനുഭവിക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടായി. അദ്ദേഹത്തിന്റെ ദുരന്തത്തിനു വിരാമം ഇടുവാന്‍ ഒരു ദിവസം പെട്ടെന്ന് പ്രാകൃത ജയിലില്‍നിന്നും പുതിയൊരു ജയിലിലേയ്ക്കു മാറ്റി. കേപ്ടൗണില്‍നിന്ന് 35 മൈല്‍ അകലെയുള്ള വിക്ടര്‍ വേഴ്സ്റ്റര്‍ ജയില്‍. ഈ ജയിലിലേയ്ക്കുള്ള മാറ്റത്തിനു രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നു. 

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ നിരവധി രാജ്യങ്ങളില്‍ മറ്റു വിദേശ രാജ്യങ്ങളുടെ കോളനി വാഴ്ച അവസാനിച്ചിട്ടും ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് ഭരണം ഞെട്ടിപ്പിക്കുന്ന മനുഷ്യാവകാശ ധ്വംസനമായി ലോകരാഷ്ട്രങ്ങള്‍ അപലപിച്ച കാലമായിരുന്നു അത്. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ മണ്ടേലയും മറ്റ് ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരേയും മോചിപ്പിച്ച് ജനാധിപത്യവും പൗരാവകാശങ്ങളും സ്ഥാപിക്കണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയം 1985-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ വിറകൊള്ളിപ്പിച്ചിരുന്നു. 

ദക്ഷിണാഫ്രിക്കയെ ഐക്യരാഷ്ട്ര സംഘടനയുടെ അംഗത്വത്തില്‍നിന്നു നീക്കുകയും ചെയ്തു. നാട്ടുകാരായ കറുത്തവര്‍ഗ്ഗക്കാരെ വിദ്വേഷത്തോടെ അകറ്റിനിര്‍ത്തിക്കൊണ്ടുള്ള ബ്രിട്ടീഷ് വര്‍ണ്ണവിവേചന നയം ഐക്യരാഷ്ട്രസഭ ശക്തിയായി അപലപിച്ചിരുന്നു. മണ്ടേലയെ അന്യായ തടങ്കലില്‍നിന്നും മോചിപ്പിക്കണം എന്നുള്ള മുറവിളി യൂറോപ്പിലും അമേരിക്കയിലുമുള്ള തെരുവുകളില്‍ മുഴങ്ങി. ജന്മനാടായ ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാരായ നാട്ടുകാര്‍ നടത്തിയ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് ഭരണകൂടം മൃഗീയമായി അമര്‍ച്ച ചെയ്തിരുന്നു. മണ്ടേലയെ പോലെയുള്ളവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടച്ചു. വെള്ളക്കാരായ ജഡ്ജിമാര്‍ അവര്‍ക്കു ശിക്ഷ വിധിച്ചു. ബ്രിട്ടീഷ് ഭരണകൂട ഭീകരത ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കാലം.

1964 മുതല്‍ മണ്ടേല റോബന്‍ ദ്വീപിലെ ജയിലില്‍ ആണ്. അതിനുമുന്‍പുള്ള ശിക്ഷ പ്രിട്ടോറിയയിലും മറ്റുമായി അനുഭവിച്ചിരുന്നു.

ഇന്നേയ്ക്ക് 33 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1988 ഡിസംബര്‍ ഒന്‍പതിനാണ് അദ്ദേഹത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ വിക്റ്റര്‍ വേഴ്സ്റ്റര്‍ ജയിലിലേക്ക് മാറ്റിയത്. അവിടെ എത്തിയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ച റോബന്‍ ജയില്‍ മേധാവി മേജര്‍ മറൈസ് വിനയത്തോടെ പറഞ്ഞു:

''വേണ്ടത്ര സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്; കുറവുകള്‍ ഉണ്ടെങ്കില്‍ പറയുക. ഉടനടി പരിഹരിക്കും.''

തടവുകാരനോട് ജയില്‍മേധാവി അത്യപൂര്‍വ്വ വിനയത്തോടെ സംസാരിച്ചു. ഇത് ലോക ജയിലില്‍ ചരിത്രത്തിലാദ്യമായിരുന്നു. ലോകരാഷ്ട്രങ്ങള്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് ബ്രിട്ടന്റെ ദക്ഷിണാഫ്രിക്കന്‍ നയങ്ങള്‍ ഗതിമാറി ഒഴുകാന്‍ തുടങ്ങിയത്. അതിന്റെ സാക്ഷ്യപത്രം ആയിരുന്നു ജയില്‍ മാറ്റം.

പാള്‍ എന്ന ചെറു നഗരത്തിലായിരുന്നു പുതിയ ജയില്‍. തനി ഗ്രാമീണ അന്തരീക്ഷം. ഡച്ച് ഭരണകാലത്ത് രൂപപ്പെട്ട പ്രദേശം. ചായം തേച്ചു മിനുക്കിയ ഒരു ചെറിയ കെട്ടിടം. കാഴ്ചയില്‍ ഒരു വീട്. കോട്ടേജ് എന്ന് മണ്ടേല വിളിച്ചു.

ചുറ്റും ഹൃദയഹാരിയായ പച്ചപ്പ്. പ്രകൃതിയുടെ മരതക മണിമുത്തുപോലെയാണ് ഭൂപ്രദേശം. സമൃദ്ധമായ മുന്തിരിത്തോപ്പുകള്‍ തണല്‍ വിരിക്കുന്ന വന്‍ വൃക്ഷങ്ങള്‍. മണ്ടേല ചുറ്റും നോക്കി. അവിശ്വസനീയമായ കാഴ്ച. പ്രേത ദ്വീപില്‍നിന്നും സ്വര്‍ഗ്ഗകവാടത്തിലേയ്ക്ക് പ്രവേശിക്കുന്ന അനുഭൂതി.

സ്വതന്ത്രനായ ശേഷം മണ്ടേല റോബൻ ദ്വീപിലെ വിക്ടർ വേഴ്സ്റ്റർ ജയിൽ സന്ദർശിച്ചപ്പോൾ

പെട്ടെന്നുള്ള ജയില്‍മാറ്റം മണ്ടേലയെ അലോസരപ്പെടുത്തിയെങ്കിലും അദ്ദേഹം പ്രകൃതി സൗന്ദര്യത്തില്‍ ലയിച്ചുപോയി. മണ്ടേലയുടെ ഗൃഹപ്രവേശനം നാടകീയം ആയിരുന്നു. ഔദ്യോഗിക രേഖകളില്‍ മാത്രമാണ് അതൊരു ജയില്‍. പക്ഷേ, ഒരു തടവുകാരനെ വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളാണ് അവിടെ ഭരണകൂടം ഒരുക്കിയിരുന്നത്. കാല്‍നൂറ്റാണ്ട് കാലത്തെ ജയില്‍ ജീവിതത്തിനിടയില്‍ മണ്ടേല ഒരു സ്വപ്നാടകനായി മാറി. ജയിലിലേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു ചുവന്ന പരവതാനിയുടെ അഭാവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തടവുകാരനെ വരവേല്‍ക്കാന്‍ ആയുധധാരികളായ സുരക്ഷാഭടന്മാര്‍ ഉണ്ടായിരുന്നു. 

ആകര്‍ഷകമായ കിടപ്പുമുറി. ജനല്‍ കര്‍ട്ടന്‍ നീക്കിയപ്പോള്‍ നീലജലാശയം പോലുള്ള ഒരു നീന്തല്‍ക്കുളം കണ്ടു. പ്രകൃതിസൗന്ദര്യം വിരിഞ്ഞുനില്‍ക്കുന്നതുപോലെ. മണ്ടേല ജയില്‍ മേധാവിയോട് ചോദിച്ചു: ''എന്തിനാണ് മുന്നറിയിപ്പില്ലാതെ മാറ്റിയത്? റോബന്‍ ദ്വീപ് ദുരന്തം ആയിരുന്നുവെങ്കിലും ഞാന്‍ ഇതിനകം പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു. നൂറുകണക്കിനു മറ്റു തടവുകാരുമായി ആത്മബന്ധം പടുത്തുയര്‍ത്തിയിരുന്നു. അതു തകരുന്നതുപോലെ. അവരില്‍ നിന്ന് അകന്നുനില്‍ക്കുക വേദനിപ്പിക്കുന്ന അനുഭവമാണ്.''

മേധാവി പറഞ്ഞു: ''താങ്കളുടെ അനാരോഗ്യം കണക്കിലെടുത്താണ് ജയില്‍മാറ്റം എന്നു തോന്നുന്നു. എനിക്കു മുകളില്‍നിന്നു കിട്ടിയ ആജ്ഞ നടപ്പിലാക്കാനേ കഴിയൂ.''

തകര്‍ന്നുപോയ ആരോഗ്യം

ശ്വാസകോശ രോഗവും ക്ഷയവും മണ്ടേലയെ നിരന്തരമായി അലട്ടിയിരുന്നു. മൂന്നു വര്‍ഷം മുന്‍പ് രോഗം മൂര്‍ച്ഛിച്ചു. ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചു. ജനങ്ങള്‍ അറിഞ്ഞപ്പോള്‍ തെരുവ് നിറഞ്ഞു. മണ്ടേലയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആഭ്യന്തര കലാപമുണ്ടാകുമെന്നു രഹസ്യ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. വിദഗ്ദ്ധചികിത്സ കിട്ടിയതിനാല്‍ സുഖം പ്രാപിച്ചു വീണ്ടും ജയിലിലേയ്ക്കു മടങ്ങി. അപ്പോഴും ഏകാന്ത തടവില്‍ മാറ്റം ഇല്ലായിരുന്നു. മേധാവി പറഞ്ഞു: ''ഇവിടെ താങ്കള്‍ മാത്രമാണ് താമസിക്കുക. ഒരു ജയിലായി കരുതേണ്ട. താങ്കള്‍ പറയുന്നതുപോലെ ഒരു കോട്ടേജ്. അയല്‍വാസി ഡോക്ടര്‍ ആണ്. താങ്കള്‍ വിളിച്ചാല്‍ വരും. മരുന്നുകള്‍ കൃത്യമായി അദ്ദേഹം നല്‍കും. ഇനി പുതിയ ഭക്ഷണക്രമം ഡോക്ടര്‍ നിര്‍ദ്ദേശിക്കും.''

''താങ്കള്‍ക്ക് ഔദ്യോഗികമായി ഒരു വിദഗ്ദ്ധ പാചകക്കാരന്‍ ഉണ്ട്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണം കൂടാതെ താങ്കള്‍ ആവശ്യപ്പെടുന്ന ഏതു വിഭവവും മേശപ്പുറത്ത് ഉണ്ടാകും.'' ''ഇന്നു മുതല്‍ താങ്കള്‍ക്ക് ജയിലില്‍ യൂണിഫോം ഇല്ല. ഇഷ്ടമുള്ള ഷര്‍ട്ടും പാന്റും ധരിക്കാം. റെഡിമെയ്ഡ് ഡ്രസ്സുകള്‍ അലമാരിയില്‍ ഉണ്ട്. ജയിലില്‍ തടവുകാരന്‍ വാച്ചുകെട്ടാന്‍ പാടില്ല. എന്നാല്‍, സമയം അറിയാന്‍ ക്ലോക്ക് ഉണ്ട്. ഭിത്തിയില്‍ കലണ്ടറും.'' സന്ദര്‍ശകരെ അനുവദിച്ചിട്ടുണ്ട്. അവരെ സല്‍ക്കരിക്കാന്‍ പാചകക്കാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ''ജയില്‍ ചട്ടങ്ങള്‍ ഇവിടെ പ്രാബല്യത്തില്‍ ഇല്ല. പക്ഷേ, പുറത്തേയ്ക്കു പോകാന്‍ മാത്രം അനുമതി ഇല്ല.''

ആത്മകഥയായ 'ലോങ്ങ് വാക്ക് ടു ഫ്രീഡത്തില്‍' മണ്ടേല എഴുതി: ''എനിക്ക് ഇഷ്ടമുള്ളപ്പോള്‍ രാവിലെ എഴുന്നേല്‍ക്കാം. ഇഷ്ടമുള്ളപ്പോള്‍ രാത്രി കിടക്കാം. ഇഷ്ടമുള്ള സമയത്ത് ഭക്ഷണം കഴിക്കാം. അതിനു ക്യൂ നില്‍ക്കണ്ട.''

ജയിലില്‍ പ്രവേശിച്ചപ്പോള്‍ തന്നെ വാതിലിന് അഴികള്‍ ഇല്ലാത്തത് മണ്ടേല ശ്രദ്ധിച്ചു. കൈകള്‍ നോക്കി. റോബന്‍ ദ്വീപ് ജയിലിലെ ഇരുമ്പഴികളില്‍ പിടിച്ചുനിന്നു കൈകള്‍ക്ക് തഴമ്പുണ്ടായിരുന്നു. കാല്‍നൂറ്റാണ്ടിന്റെ തഴമ്പ്. പുതിയ ജയിലിലെ വാതിലുകള്‍ കണ്ടപ്പോള്‍ അഴിയുന്നുണ്ടെന്ന ധാരണയില്‍ കൈകള്‍ അറിയാതെ ഉയര്‍ന്നുപോയി.

ഭാര്യ വിന്നിയോടൊപ്പം

സ്വീകരണമുറിയില്‍ പോളിഷ് ചെയ്തു മിനുക്കിയ ഫര്‍ണിച്ചര്‍. ടീപ്പോയില്‍ പത്രം. മാസികകള്‍. റേഡിയോ, ടെലിവിഷന്‍, ബുക്ക് ഷെല്‍ഫില്‍ കുറച്ചു പുസ്തകങ്ങള്‍. സന്ദര്‍ശകരെ അനുവദിച്ചത് വലിയ ആശ്വാസമായി മണ്ടേല കരുതി. വര്‍ഷങ്ങളായി അറ്റുപോയ ബന്ധങ്ങള്‍ക്ക് പുനര്‍ജന്മം കിട്ടും. പഴയ ജയിലില്‍ ആറുമാസത്തിലൊരിക്കല്‍ ആയിരുന്നു സന്ദര്‍ശകരെ അനുവദിച്ചത്. ഭാര്യ വിന്നിയാണ് വന്നത്. സംസാരിക്കുമ്പോള്‍ ജയില്‍ വാര്‍ഡന്‍ അതു കേള്‍ക്കും. 10 മിനിറ്റ് മാത്രം. വീട്ടുകാര്യം അല്ലാതെ മറ്റൊന്നും സംസാരിക്കാന്‍ പാടില്ല. ഒരു കടലാസ് കഷണംപോലും കൈമാറാന്‍ അനുവാദമില്ല.

ഒരിക്കല്‍ വിന്നി വന്നപ്പോള്‍ രണ്ടു മണിക്കൂര്‍ കാത്തിരുന്നു. ചില വാര്‍ഡന്മാര്‍ മോശമായി പെരുമാറി. മറ്റുചിലര്‍ ലൈംഗിക ചുവയോടെ സംസാരിച്ചു. ആറുമാസത്തിലൊരിക്കല്‍ ആണ് എഴുത്ത് സ്വീകരിക്കാന്‍ അനുമതി. പുറത്തേയ്ക്ക് അയക്കാനും ആറുമാസം. പക്ഷേ, സെന്‍സര്‍ ചെയ്യും. ഇതിനിടയില്‍ പാചകക്കാരന്‍ വാറണ്ട് ഓഫീസര്‍ സ്വാര്‍ട്ട് എത്തി. അദ്ദേഹം പറഞ്ഞു: ''പ്രത്യേക വിഭവങ്ങള്‍ വേണമെങ്കില്‍ പറയാന്‍ മടിക്കരുത്.''

മണ്ടേല ഓര്‍മ്മിച്ചു: ആദ്യകാലത്ത് റോബന്‍ ദ്വീപ് ജയിലില്‍ പേരിനു മാത്രം ഭക്ഷണം. അതും രുചിയില്ലാത്ത മരവിച്ചത്. ഭക്ഷണം ഇല്ലാതെ മനസ്സ് വേദനിച്ചു. വിശപ്പുകൊണ്ട് മാത്രം കഴിച്ചു പോകും. ജയില്‍ അന്തരീക്ഷം മെച്ചപ്പെട്ടപ്പോള്‍ തടവുകാരില്‍ ചിലര്‍ പാചകത്തില്‍ പങ്കാളികളായി. അങ്ങനെയാണ് രുചിയുള്ള ഭക്ഷണം കിട്ടാന്‍ തുടങ്ങിയത്. ആദ്യകാലത്ത് കുടിക്കാന്‍ കടലിലെ ഉപ്പുവെള്ളം നല്‍കി തടവുകാരെ ദ്രോഹിച്ചു. കാലം മാറിയപ്പോള്‍ ക്രിസ്മസിനും പുതുവത്സരത്തിന് ഏറ്റവും രുചിയുള്ള ഭക്ഷണം കഴിച്ച് ജയിലില്‍ വസന്തകാലം ആഘോഷിച്ചു. തടവുകാര്‍ പാട്ടുപാടി നൃത്തംവെച്ചു. നാടകം അഭിനയിച്ചു. സൗഹൃദം ആസ്വദിച്ചു. ആത്മകഥയില്‍ മണ്ടേല എഴുതി: ''വിദഗ്ദ്ധരായ പാചകക്കാരനാണ് സ്വാര്‍ട്ട്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. തന്റെ സഹോദരനെപ്പോലെ അദ്ദേഹത്തെ സ്‌നേഹിച്ചു.'' രാത്രി അത്താഴം കഴിച്ചപ്പോള്‍ മണ്ടേല പറഞ്ഞു: ''എത്ര രുചികരമായ ഭക്ഷണം; കാല്‍നൂറ്റാണ്ട് കാലത്തിനിടയില്‍ കഴിച്ചിട്ടില്ല.''

അത്താഴം കഴിഞ്ഞപ്പോള്‍ മണ്ടേല പൂന്തോട്ടത്തിലെ ഊഞ്ഞാല്‍ കട്ടിലില്‍ വിശ്രമിച്ചു. കടല്‍ക്കാറ്റ് ആസ്വദിച്ചു. അല്പം മയങ്ങിപ്പോയി. സ്വാര്‍ട്ട് അദ്ദേഹത്തെ വിളിച്ചെഴുന്നേല്‍പ്പിച്ചു. ഒരു സ്വപ്നാടകനെപ്പോലെ മണ്ടേല മുറിയിലേയ്ക്ക് നടന്നു. സ്വാര്‍ട്ട് പറഞ്ഞു: ''രാത്രി കഴിക്കാന്‍ ഉള്ള മരുന്നുണ്ട്. ഗുളികകള്‍. കിടക്കാന്‍ പൂമെത്ത. കാല്‍നൂറ്റാണ്ടിനുശേഷം മണ്ടേല ആദ്യമായി പൂമെത്തയില്‍ കിടന്നു. സുഖമായി ഉറങ്ങി. പിറ്റേന്നു രാവിലെ ചൂടുള്ള ബെഡ് കോഫി കിട്ടി. ദ്വീപിലെ ജയിലില്‍ 10 വര്‍ഷങ്ങള്‍ക്കുശേഷമാണ് കിടക്കാന്‍ പേരിന് ഒരു ചെറിയ ഒരു കിടക്ക കിട്ടിയത്. ആദ്യകാലങ്ങളില്‍ കീറിയ ഒരു കരിമ്പടം നിലത്തു വിരിച്ചുകിടന്നു. ശൈത്യകാലത്ത് വിറച്ചു കിടക്കും. ഒരു കമ്പിളി കൂടി ചോദിച്ചാല്‍ 'ഇല്ല' എന്നായിരിക്കും വാര്‍ഡരുടെ ഉത്തരം. ചില വാര്‍ഡര്‍മാര്‍ പറഞ്ഞു: കൂടുതല്‍ കമ്പിളി കിട്ടാന്‍ ജയിലില്‍ മന്ത്രി അനുവദിക്കണം. ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. കാലം കഴിഞ്ഞപ്പോള്‍ ജയിലിലെ സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ മൂന്ന് കമ്പിളിവരെ യുവാക്കളായ വാര്‍ഡര്‍മാര്‍ നല്‍കിയിട്ടുണ്ട്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര് വാര്‍ഡര്‍മാര്‍ ആയപ്പോഴാണ് ജയിലിലെ അന്തരീക്ഷത്തില്‍ വലിയ മാറ്റം വന്നത്. അവര്‍ പലരും സൗഹൃദമായിരുന്നു. ചിലര്‍ക്ക് സാഹിത്യാഭിരുചിയുണ്ടായിരുന്നു. സംഗീതപ്രേമികള്‍ ആയിരുന്നവര്‍ ഉണ്ട്. ജിംനാസ്റ്റിക്കുകള്‍, സ്പോര്‍ട്സ്മാന്മാര്‍, ഗേറ്റിനു പുറത്ത് ഡ്യൂട്ടിയിലുള്ള കാവല്‍ക്കാരുമായി ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ എപ്പോഴും ബന്ധപ്പെട്ടിരുന്നു. അതിസുരക്ഷയുള്ള ജയിലിലെ ഏക തടവുകാരന്‍ അതിസുരക്ഷാ ജയിലില്‍ കഴിയുന്ന കറുത്തവര്‍ഗ്ഗക്കാരായ തടവുകാരന്‍ ആയിരുന്നു. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിനു പ്രതീകമായി ലോകമെമ്പാടും അദ്ദേഹത്തെ വാഴ്ത്തിയ കാലം. ജയില്‍ജീവിതം മണ്ടേലയെ ഇതിഹാസ പുരുഷനാക്കി. എല്ലാ ലോകരാഷ്ട്രങ്ങളുടേയും കണ്ണുകള്‍ ജയില്‍ മുറിയിലാണ് പതിച്ചത്. 1988 ഡിസംബര്‍ ഒന്‍പതിന് റോബന്‍ ദ്വീപ് ജയില്‍ മേധാവി മേജര്‍ മറൈസ് തിടുക്കത്തില്‍ ആകാംക്ഷയോടെയാണ് മണ്ടേലയുടെ മുറിയില്‍ എത്തിയത്. കൂടെ ആയുധധാരികളായ നിരവധി അംഗരക്ഷകരും.

എഫ്ഡബ്ല്യുഡി ക്ലർക്ക്

''നമുക്ക് വേഗം പോകാം, പാക്ക് ചെയ്യൂ. എടുക്കാന്‍ ഉള്ളതെല്ലാം എടുക്കൂ'' മേധാവി പറഞ്ഞു. ''എങ്ങോട്ട്?''

''അതൊക്കെ പിന്നീട് പറയാം. ക്ഷമിക്കണം മണ്ടേല. കൂടുതല്‍ സംസാരിക്കാന്‍ സമയമില്ല.'' 

മേധാവി ധൃതികൂട്ടി. മണ്ടേല ചോദിച്ചു: ''എപ്പോള്‍ തിരിച്ചുവരും?''

''അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. പ്ലീസ് ടേക്ക്.'' മേധാവി അക്ഷമനായെങ്കിലും വിനയത്തോടെ പറഞ്ഞു. മണ്ടേല മനസ്സില്ലാ മനസ്സോടെ തന്റെ ചില പുസ്തകങ്ങളും കടലാസുകളും മറ്റും ഒരു ബാഗിലാക്കി എഴുന്നേറ്റു. തുടര്‍ന്നു മിന്നല്‍വേഗത്തില്‍ മണ്ടേലയെ അള്ളിപ്പിടിച്ചു ജയില്‍മേധാവി മുറിയില്‍നിന്നും പുറത്തിറങ്ങി; അംഗരക്ഷകന്‍ മണ്ടേലയെ പൊക്കിയെടുക്കുന്നതു പോലെയായിരുന്നു. ബോട്ട് ജെട്ടിയില്‍ കാത്തുനിന്ന ബോട്ടില്‍ കയറി. കേപ്ടൗണില്‍ എത്തിയപ്പോള്‍ നിരവധി പൊലീസ് വാഹനങ്ങള്‍. മണ്ടേലയെ ജീപ്പില്‍ കയറ്റി. 35 മൈല്‍ അകലെയുള്ള വിക്റ്റര്‍ വേഴ്സ്റ്റര്‍ ജയിലിലേയ്ക്ക് വാഹനവ്യൂഹം പറന്നു.

റോബന്‍ ദ്വീപിലെ ജയിലില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ അടുത്ത മുറിയിലെ തടവുകാരോട് മണ്ടേല ആംഗ്യം കാണിച്ചു: ''പോകുന്നു എങ്ങോട്ടെന്ന് അറിയില്ല.'' ഒരു മണിക്കൂറിനുള്ളില്‍ സഹതടവുകാര്‍ക്കിടയില്‍ വാര്‍ത്ത കാട്ടുതീപോലെ പരന്നു. മണ്ടേലയെ മറ്റൊരു ജയിലിലേയ്ക്ക് മാറ്റി ഒരുപക്ഷേ, മോചിപ്പിക്കും. അഭ്യൂഹങ്ങള്‍ പരന്നു. പലരേയും മണ്ടേലയുടെ വേര്‍പാട് വേദനിപ്പിച്ചു. എല്ലാവര്‍ക്കും കരുത്തു പകര്‍ന്ന നേതാവായിരുന്നു. പുതിയ ജയിലിലെത്തിയപ്പോള്‍ മേധാവി പറഞ്ഞു: ''ഇനി റോബന്‍ ദ്വീപിലേക്ക് മടങ്ങില്ല.''
മണ്ടേല പറഞ്ഞു: ''ദ്വീപിലെ ഏകാന്തതടവ് ദുരന്തമായിരുന്നെങ്കിലും ഞാന്‍ പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു. മറ്റൊരു തടവുകാരുമായുള്ള ആത്മബന്ധം തനിക്ക് കരുത്തു നല്‍കി. ആരോടും യാത്ര പറയാന്‍ കഴിഞ്ഞില്ല. അതു മനസ്സില്‍ മുറിപ്പാടുകള്‍ ഉണ്ടാക്കും. അവരെ പിരിഞ്ഞു ജീവിക്കല്‍ വേദനിപ്പിക്കുന്ന അനുഭവമാണ്'' -മേധാവിയോട് മണ്ടേല പറഞ്ഞു.

തടവുപുള്ളിയ കാണാന്‍ ജയില്‍മന്ത്രി

പിറ്റേന്ന് മണ്ടേലയെ കാണാന്‍ ജയില്‍ നീതിന്യായ വകുപ്പ് മന്ത്രി കൊബി കെറ്റ്സെ എത്തി. മണ്ടേലയെ പഴയ ജയിലില്‍ സന്ദര്‍ശിച്ച് പലപ്പോഴും ചര്‍ച്ചകള്‍ നടത്തിയിരുന്നത് മന്ത്രിയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടീഷ് ഭരണകൂടം നടത്തുന്ന ജനാധിപത്യ ധ്വംസനം അവസാനിപ്പിക്കുവാന്‍ നിരവധി ലോകരാഷ്ട്രങ്ങളുടെ ശബ്ദം പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന് അതു ഗൗനിക്കാതെ നിവൃത്തിയില്ലായിരുന്നു. ഇതേത്തുടര്‍ന്ന് മണ്ടേല മുഖ്യ നേതാവായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ഭരണകൂടം രഹസ്യ ചര്‍ച്ചകള്‍ 1984 മുതല്‍ അതീവ രഹസ്യമായി നടത്തിയിരുന്നു. പലപ്പോഴും ചര്‍ച്ചകള്‍ക്കായാണ് മന്ത്രി ദ്വീപിലെ ജയിലില്‍ എത്തിയിട്ടുള്ളത്. മന്ത്രി നിറഞ്ഞ പുഞ്ചിരിയോടെ മണ്ടേലയെ അഭിവാദ്യം ചെയ്തു. അദ്ദേഹം പറഞ്ഞു: ''ജയില്‍ അല്ല ഒരു വീടാണിത്. അതെ കോട്ടേജ്'' മണ്ടേല പറഞ്ഞു. ''ഗൃഹപ്രവേശം നമുക്ക് ആഘോഷിക്കാം; ഞാന്‍ വീഞ്ഞുകുപ്പികള്‍ ആയിട്ടാണ് വന്നിട്ടുള്ളത്.'' മന്ത്രി ആവേശത്തിലായിരുന്നു. മണ്ടേല ആത്മഗതത്തില്‍ ആയിരുന്നു. ''വിരോധാഭാസം? തടവുപുള്ളിയെ സ്വീകരിക്കാന്‍ ജയില്‍ മന്ത്രി വീഞ്ഞുമായി വരുന്നു. കേട്ടുകേള്‍വിയില്ലാത്ത ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.''

മണ്ടേല ചിരിച്ചു. മദ്യപാനവും പുകവലിയും ശീലം ആകാത്ത വ്യക്തിയായിരുന്നു മണ്ടേല. ''നന്ദി ഇത് ഇവിടെ ഇരിക്കട്ടെ. സുഹൃത്തുക്കള്‍ വരുമ്പോള്‍ നല്‍കാം'' -മണ്ടേല പറഞ്ഞു.

ആകാംക്ഷയോടെ അദ്ദേഹം മന്ത്രിയോട് ചോദിച്ചു: ''ഒരു മുന്നറിയിപ്പുമില്ലാതെ തന്നെ എന്തിനു മാറ്റി?''

മന്ത്രി പറഞ്ഞു: ''ചര്‍ച്ചകള്‍ ഇനിയും നടത്താന്‍ ഉണ്ട്. ഇവിടെ അതിനു സൗകര്യം ഉണ്ട്. താങ്കളുടെ ആരോഗ്യസ്ഥിതികൂടി കണക്കിലെടുത്താണ് ജയില്‍മാറ്റം. മോചനത്തിനു മുന്‍പുള്ള കാലം ആകാം ഇത്.'' ''സൗകര്യങ്ങളില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ പറയണം; അതു പരിഹരിക്കും.'' സ്വാര്‍ട്ട് അപ്പോഴേക്കും കാപ്പിയുമായി എത്തി. മന്ത്രി സ്വാര്‍ട്ടിനോട് പറഞ്ഞു: ''താങ്കള്‍ പാചകവിദഗ്ദ്ധന്‍ ആണെന്ന് അറിയാം. മണ്ടേല ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ തയ്യാറാക്കണം; അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നല്ല ഭക്ഷണം വേണം.'' അല്പനേരത്തെ സംഭാഷണത്തിനുശേഷം മന്ത്രി യാത്ര പറഞ്ഞു. തടവറയും സ്വാതന്ത്ര്യത്തിനും ഇടയിലുള്ള ഒരു പാതയായി ഈ ജയിലിനെ മണ്ടേല കണ്ടു. അതിന്റെ സൂചന മന്ത്രി നല്‍കുകയും ചെയ്തു. ആത്മകഥയില്‍ അദ്ദേഹം എഴുതി: ''ഈ ജയില്‍ സ്വര്‍ണ്ണം പൂശിയ ഒരു തടവറയാണ്'' സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മിഥ്യാബോധം അതു നല്‍കി. പിറ്റേന്നു മുതല്‍ നിരവധി സുഹൃത്തുക്കള്‍ മണ്ടേലയെ കാണാന്‍ വന്നു. കാല്‍നൂറ്റാണ്ടായി അറ്റുപോയ സുഹൃദ് ബന്ധത്തിനു കണ്ണികള്‍ കൂട്ടിയോജിപ്പിക്കാന്‍ പുതിയ ജയിലിനു കഴിഞ്ഞു. സന്ദര്‍ശകര്‍ക്കെല്ലാം സ്വാര്‍ട്ട് ചായയും കാപ്പിയും മികച്ച ഭക്ഷണവും പലപ്പോഴും നല്‍കി. ഭക്ഷണം കഴിക്കാന്‍ മാത്രം സുഹൃത്തുക്കള്‍ എത്തിയെന്ന് മണ്ടേല ആത്മകഥയില്‍ എഴുതി. ചില സുഹൃത്തുക്കള്‍ക്കൊപ്പം മണ്ടേല അല്പം വീഞ്ഞ് നുകര്‍ന്നു സൗഹൃദത്തിന്റെ മാതൃക അനുഭവിച്ചു. പുതിയ ജയിലനുഭവങ്ങള്‍ അങ്ങനെ അവിസ്മരണീയമായി. ദക്ഷിണാഫ്രിക്കയെ ബ്രിട്ടീഷ് കോളനിവാഴ്ചയില്‍നിന്നും മോചിപ്പിക്കാനാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പ്രക്ഷോഭം നടത്തിയത്. നാട്ടുകാരായ കറുത്തവരെ ബ്രിട്ടീഷ് പൊലീസ് മൃഗീയമായി അടിച്ചമര്‍ത്തി. കരിനിയമങ്ങള്‍ ഉപയോഗിച്ച് ആയിരക്കണക്കിനു പേരെ അറസ്റ്റ് ചെയ്തു ജയില്‍ നിറച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി മണ്ടേലയേയും മറ്റും 1964-ല്‍ 20 വര്‍ഷത്തേക്ക് ശിക്ഷയ്ക്ക് വിധിച്ചു. അതിനുമുന്‍പുള്ള കേസുകളില്‍ ആറു വര്‍ഷം ശിക്ഷ മണ്ടേലയ്ക്ക് വേറെ ഉണ്ടായിരുന്നു. 27 വര്‍ഷത്തെ ശിക്ഷയില്‍ 18 നീണ്ട വര്‍ഷങ്ങള്‍ റോബന്‍ ദ്വീപിലെ ജയിലിലായിരുന്നു. 14 മാസങ്ങള്‍ വിക്ടര്‍ വേഴ്സ്റ്റര്‍ ജയിലിലും. ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടീഷ് ഭരണകൂടം ഭീകരത നടത്തിവന്ന ജനാധിപത്യ ധ്വംസനം 1980 മുതല്‍ ലോകരാഷ്ട്രങ്ങള്‍ അപലപിക്കാന്‍ തുടങ്ങി. ആഫ്രിക്കയിലെ പല രാജ്യങ്ങളും വിദ്യാര്‍ത്ഥികളും യുവാക്കളും തെരുവിലിറങ്ങി. മണ്ടേല ആയിരുന്നു ശ്രദ്ധാകേന്ദ്രം. മണ്ടേലയെ മോചിപ്പിക്കുക എന്ന വാള്‍പോസ്റ്ററുകളും തെരുവില്‍ പ്രത്യക്ഷപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലുമെല്ലാം പ്രക്ഷോഭങ്ങളുടേയും യോഗങ്ങളുടേയും ശക്തി വര്‍ദ്ധിച്ചു. ഇന്ത്യയിലും അതിന്റെ അലയടികളുണ്ടായി. ബ്രിട്ടനിലെ തെരുവുകളും മുദ്രാവാക്യങ്ങള്‍കൊണ്ട് മുഖരിതമായ കാഴ്ച ബ്രിട്ടീഷ് ഭരണകൂടത്തെ അലോസരപ്പെടുത്തി.

ബ്രിട്ടനില്‍ത്തന്നെ പ്രതിഷേധത്തിന് ജ്വാല ഉയര്‍ന്നിരുന്നു. ലണ്ടന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ മണ്ടേലയുടെ മോചനത്തിനായി പ്രതിഷേധറാലി നടത്തി. 1981 ഗ്ലാസ്ഗോ നഗരത്തില്‍ മേയര്‍മാരും നേതാക്കളും സമ്മേളിച്ചു. 

ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തെരുവുകള്‍ക്കും പൂന്തോട്ടങ്ങള്‍ക്കും മണ്ടേലയുടെ പേര് നല്‍കി. ബ്രിട്ടനില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് വീശി. നില്‍ക്കക്കള്ളിയില്ലാതെ എപ്പോള്‍ മണ്ടേലയെ മോചിപ്പിക്കാനും രാജ്യത്തിനു സ്വാതന്ത്ര്യം നല്‍കാനും ചര്‍ച്ചകള്‍ നടത്തി. ലോകമെങ്ങും പൊതുജനാഭിപ്രായം രൂപീകരിക്കാനും മണ്ടേലയെ പോരാട്ടത്തിന്റെ പ്രതീകമായി ഉയര്‍ത്താനും ദൃശ്യമാധ്യമങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പോരാട്ടത്തിനു കരുത്തു പകര്‍ന്നത് മാധ്യമങ്ങളാണ്. അപ്പോഴും ദക്ഷിണാഫ്രിക്കന്‍ പത്രങ്ങള്‍ സെന്‍സറിംഗിനു വിധേയമായി. മണ്ടേലയുടെ മോചനത്തിലേക്ക് വഴിതെളിയിച്ച് ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിന് ഇടയാക്കിയത് പ്രമേയമാക്കിയ 'ബ്രേക്ക് ത്രൂ' എന്ന ഗ്രന്ഥം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17-നാണ് പ്രകാശനം ചെയ്തത്. മണ്ടേലയോടൊപ്പം മന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജനായ മാക് മഹാരാജ, പാര്‍ട്ടി നേതാവ് ജോര്‍ഡനും ചേര്‍ന്നാണ് പ്രശസ്തമായ ഗ്രന്ഥം എഴുതിയിട്ടുള്ളത്. രഹസ്യചര്‍ച്ചകളും രാഷ്ട്രീയ അടിയൊഴുക്കുകളും നേതാക്കള്‍ക്കിടയില്‍ ഉണ്ടായ ചില തെറ്റിദ്ധാരണകളും ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മണ്ടേലയെ താമസിപ്പിച്ച റോബൻ ജയിലിലെ തടവറ

ജയില്‍ മോചിതനായ മണ്ടേല

1990 ജനുവരി രണ്ടിന് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു നിരോധനം നീക്കി. ഫെബ്രുവരി 10-ന് മണ്ടേലയും മറ്റു നേതാക്കളും മോചിതരായി. വിക്ടര്‍ വേഴ്സ്റ്റര്‍ ജയിലില്‍നിന്നു ഭാര്യയായ വിന്നിയുടെ കൈപിടിച്ചുകൊണ്ടാണ് പുറത്തിറങ്ങിയത്. ലോകത്തിലെ നിരവധി ദൃശ്യമാധ്യമങ്ങള്‍ മണിക്കൂറോളം സംപ്രേഷണം ചെയ്ത പരിപാടിയായിരുന്നു അത്. ജയില്‍ മോചിതനായ കരുത്തനായ പോരാളിയെ കാണാന്‍ ജനസമുദ്രം ഇരമ്പി. രണ്ടാഴ്ച നീണ്ടുനിന്ന സ്വീകരണമാണ് മണ്ടേലയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ കിട്ടിയത്. രാത്രിയെ പകലാക്കി ആയിരുന്നു ചരിത്രസംഭവമായി മാറിയ സ്വീകരണ ചടങ്ങുകള്‍.

1994-ല്‍ ദക്ഷിണാഫ്രിക്കയില്‍ ജനാധിപത്യ രീതിയിലുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നു. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് ആദ്യമായി വോട്ടവകാശം കിട്ടി. മണ്ടേല ആദ്യമായി വോട്ട് ചെയ്തു.

അദ്ദേഹം നയിച്ച ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം നേടി. കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യത്തെ പ്രസിഡന്റായി മണ്ടേല എന്ന ഇതിഹാസ പുരുഷന്‍ 1994 മെയ് 10-ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പിന് ഒരുക്കം ആയി. പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ടേല വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ''ഇല്ല, ഇനി പുതിയ തലമുറ വരട്ടെ'' -മണ്ടേല പറഞ്ഞു. അദ്ദേഹം വീണ്ടും മത്സരിച്ചില്ല. രാഷ്ട്രീയത്തില്‍നിന്നും വിരമിച്ച് വിശ്രമജീവിതം ആഗ്രഹിച്ചെങ്കിലും മണ്ടേല അപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 2013 ഡിസംബര്‍ അഞ്ചിന് 95-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. 1993-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മണ്ടേലയും മുന്‍ പ്രസിഡന്റ് എഫ്.ഡബ്ല്യു.ഡി. ക്ലര്‍ക്കും പങ്കിട്ടു. വര്‍ണ്ണവിവേചനം അവസാനിപ്പിക്കാനും പൊതു തെരഞ്ഞെടുപ്പിനുള്ള വഴി സുഗമമാക്കാനും ഇരുവരും നല്‍കിയ പങ്കിനാണ് പുരസ്‌കാരം.

ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മണ്ടേലയാണ് രാഷ്ട്രപിതാവ്. 1990-ലെ ഭാരതരത്‌നം പുരസ്‌കാരം നല്‍കി ഇന്ത്യാ ഗവണ്‍മെന്റ് ആദരിച്ചു.

പ്രസിഡന്റ് ആയി അദ്ദേഹം ചുമതലയേറ്റപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടവ്യക്തികളില്‍ ഫിദല്‍ കാസ്ട്രോയും ഉള്‍പ്പെടും. ജയില്‍ വിമോചിതന്‍ ആയപ്പോള്‍ അദ്ദേഹം ആദ്യം ക്യൂബ സന്ദര്‍ശിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ തെരുവുകളില്‍ ആഹ്ലാദ ചടങ്ങുകള്‍ മണിക്കൂറോളം നീണ്ടുനിന്നു. ഇന്ത്യയിലും മണ്ടേല എത്തി. അന്നത്തെ രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ റോബന്‍ ദ്വീപിലെ എല്ലാ വാര്‍ഡര്‍മാരേയും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. സ്വതന്ത്ര ദക്ഷിണാഫ്രിക്കയുടെ പതാക അദ്ദേഹം ഉയര്‍ത്തിയപ്പോള്‍ വാര്‍ഡര്‍മാര്‍ എല്ലാവരും ചേര്‍ന്ന് മണ്ടേല നീണാള്‍ വാഴട്ടെ എന്ന് ഉറക്കെ വിളിച്ചു.

റോബന്‍ ദ്വീപ് ജയില്‍ ഇന്ന് ചരിത്ര മ്യൂസിയം ആണ്. മണ്ടേല കിടന്ന മുറിയില്‍ നിരവധി ലോകനേതാക്കള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന എ.പി.ജെ. അബ്ദുല്‍ കലാം മണിക്കൂറോളം മ്യൂസിയത്തില്‍ ചെലവഴിച്ചു.

പ്രസിഡന്റ് ആയിരുന്നപ്പോഴും അതിനുശേഷവും മ്യൂസിയമായ മുന്‍ ജയിലില്‍ മണ്ടേല പലപ്പോഴും സന്ദര്‍ശിച്ചിട്ടുണ്ട്. 1964-ല്‍ ആദ്യമായി അവിടെ തടവുകാരനായി എത്തിയപ്പോള്‍ മൃഗതുല്യമായ ഒരു വെള്ളക്കാരന്‍ ജയില്‍ വാര്‍ഡര്‍ ആയി ഉണ്ടായിരുന്നു. യുവാവായിരുന്ന മണ്ടേലയെ കരണത്തടിച്ച് ലാത്തികൊണ്ട് മര്‍ദ്ദിച്ചശേഷം വാര്‍ഡര്‍ അലറി: ''നീയാണല്ലെ കറുത്ത പോരാളി? സമരനായകന്‍? നിന്റെ അന്ത്യം ഈ ജയിലില്‍ തന്നെയായിരിക്കും. അന്ന് അന്ത്യകൂദാശയ്ക്ക് ആരുമുണ്ടാകില്ല. ജയിലിലെ പതിവ് വേറെയാണ്. മൃതദേഹം ചാക്കില്‍ കെട്ടി അറ്റ്ലാന്റിക് സമുദ്രത്തില്‍ ഒഴുക്കും.''

പ്രസിഡന്റ് ആയ ശേഷം നടത്തിയ ചടങ്ങുകളില്‍ മണ്ടേല പറയാറുണ്ടായിരുന്നു: ''ദ്വീപിലെ ജയിലില്‍ കിടന്ന ഞാന്‍ മരിച്ചില്ല. പിന്നെ ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്ത ഭരണാധികാരിയാക്കി. ആ വാര്‍ഡറുടെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി. ജനങ്ങളുടെ കരഘോഷം അപ്പോള്‍ മുഴങ്ങി.''