ചെറുചിത്രങ്ങളുടെ കിരൊസ്താമി

ജീവിതത്തെ എന്നതു പോലെ സിനിമയേയും അഗാധമായി സ്നേഹിച്ചിരുന്നു അബ്ബാസ് കിരൊസ്താമി
ചെറുചിത്രങ്ങളുടെ കിരൊസ്താമി

ത്തിലേറെ മുഴുനീള ചിത്രങ്ങളിലൂടെ ലോകസിനിമയുടെ മുന്‍നിര സംവിധായകരില്‍ ഒരാളായി അറിയപ്പെടുന്ന അബ്ബാസ് കിരൊസ്താമി, വരുംകാലങ്ങളില്‍ ചെറുചിത്രങ്ങളുടെ മികച്ച ചലച്ചിത്രകാരന്‍ എന്ന നിലയിലും അറിയപ്പെടും. മരണത്തിനു ശേഷം കൂടുതല്‍ പ്രശസ്തനായ ഈ സംവിധായകന്റെ ചെറു ചെറു  ചിത്രങ്ങള്‍ ലോകം ഇനി കാണാനിരിക്കുന്നതേയുള്ളൂ. നുറുങ്ങുചിത്രങ്ങളുടേയും മഹാനായ ഈ ഇറാനിയന്‍ ചലച്ചിത്രകാരന്‍, ജീവിതത്തെ എന്നതു പോലെ   സിനിമയേയും അഗാധമായി സ്നേഹിച്ചിരുന്നു. ഇതിന്റെ ദൃശ്യശ്രാവ്യ സൂചനകളാണ് അദ്ദേഹത്തിന്റെ ഭാവനയില്‍നിന്നും ചിന്തയില്‍നിന്നും പിറന്ന ഡോക്യുമെന്ററികള്‍ അടക്കമുള്ള അന്‍പതിലേറെ വരുന്ന ചലച്ചിത്രങ്ങള്‍. ഏതാനും നിമിഷങ്ങള്‍ മാത്രം നീളമുള്ള രണ്ടു ലൂമിയര്‍സിനിമകള്‍ തൊട്ട്, നൂറ്റിപതിനെട്ട് മിനിറ്റ് നീളമുള്ള 'കാറ്റ് നമ്മളെ കൊണ്ടുപൊക്കോളും' എന്ന ചിത്രം വരെ നീളുന്ന ഈ പട്ടിക നമ്മെ ബോധ്യപ്പെടുത്തുന്നത് കവിയും ഛായാഗ്രാഹകനുമായ ഒരു കലാകാരന്റെ ശബ്ദബോധവും കൂടിയാണ്. അതിസാധാരണം എന്നു തോന്നിയേക്കാവുന്ന ചെറു ചെറു സംഭവങ്ങളുടെ ഈ ചലച്ചിത്രകാരന്റെ അവസാനത്തെ സിനിമയുടെ പേര്, '24 ഫ്രെയിമുകള്‍' (24 Frames Before and After Lumiere) എന്നായിരിക്കുന്നത് ഒരു യാദൃച്ഛികതയല്ല. ചെറുതും ചെറുചെറുതും ആയ ഏറെ ചലച്ചിത്രങ്ങള്‍   സംവിധാനം ചെയ്തിട്ടുള്ള ഈ ചലച്ചിത്രകാരന്‍, നാലര മിനിറ്റിന്റെ ഇരുപത്തിനാലു ചെറുസിനിമകള്‍ കൊണ്ടാണ്  ഒരു മുഴുനീള സിനിമയുടെ  സമഗ്രത,  ഇനിയും പൂര്‍ണ്ണമായി പുറത്തിറങ്ങിയിട്ടില്ലാത്ത ഈ ചിത്രത്തില്‍  വിഭാവനം ചെയ്തിട്ടുള്ളത്.


കുട്ടികളുടേയും കൗമാരപ്രായത്തിലുള്ളവരുടേയും ധൈഷണികമായ അഭിവൃദ്ധി ലക്ഷ്യം വെച്ചു പ്രവര്‍ത്തിച്ചിരുന്ന കാനുന്‍ എന്ന സ്ഥാപനത്തിനുവേണ്ടി ജോലി ചെയ്യുമ്പോള്‍ എടുത്ത പതിനൊന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള 'അപ്പവും ഇടവഴിയും' (Bread and Alley) ആണ് കിരൊസ്താമി സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചെറുസിനിമകളില്‍ ഒന്നാണ് നിയോറിയലിസത്തിന്റെ ആരോഗ്യകരമായ സ്വാധീനം പ്രകടമാകുന്ന ഈ തെരുവുചിത്രം (''Neo realism did a great  service to cinema. It showed us that there is another type of cinema.  We can make films about the people around us and hold up the mirror to ourselves' - A.K). നിയോറിയലിസ്റ്റ് ക്ലാസ്സിക്കുകളായ റോസല്ലിനിയുടെ 'റോം, തുറന്ന നഗരം', ഡിസീക്കയുടെ 'സൈക്കിള്‍ മോഷ്ടാക്കള്‍' തുടങ്ങിയ ചിത്രങ്ങളില്‍ എന്നതു പോലെ, ഈ സിനിമയിലും തെരുവാണ് പശ്ചാത്തലമായിരിക്കുന്നത്. എന്നാല്‍, ഈ ഹ്രസ്വചിത്രം വ്യത്യസ്തമായിരിക്കുന്നത്, തെരുവല്ലാതെ, വാതില്‍പ്പുറദൃശ്യങ്ങളല്ലാതെ മറ്റൊരു പശ്ചാത്തലവും ഇല്ല എന്നതാണ്. അകത്തളങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഒരിക്കല്‍ പോലും ക്യാമറ കാണിക്കുന്നതേയില്ല. അതുകൊണ്ട്, ഒരേ സമയം ഒരു ആണ്‍കുട്ടിയേയും ആ കുട്ടി കടന്നുപോകുന്ന തെരുവുകളേയും കുറിച്ചായിത്തീരുന്നു സിനിമ. ചിത്രം തുടങ്ങുന്നത് വിജനമായ ഒരു തെരുവിന്റെ ദൃശ്യത്തില്‍ നിന്നാണ്. ആ തെരുവിലേയ്ക്കാണ്, കാലുകൊണ്ട് ഒഴിഞ്ഞ ടിന്നിന്റെ ഒരു കൂടും തട്ടിത്തെറിപ്പിച്ചുകൊണ്ട് ഒരു ആണ്‍കുട്ടി റൊട്ടിയും കയ്യില്‍ പിടിച്ചു കടന്നുവരുന്നത്. നടത്തം തന്നെ കളിയായി മാറിയിരിക്കുന്ന ഈ സന്തോഷം പെട്ടെന്നു തന്നെ  മറ്റൊരു വികാരത്തിനു വഴിമാറുന്നു. കുട്ടിയെ കണ്ടിട്ടോ റൊട്ടി കണ്ടിട്ടോ വഴിയരികില്‍  വെച്ചു ഒരു നായ കുരച്ചു ചാടുകയാണ്.  വന്ന വഴിയിലൂടെ പേടിച്ചു തിരിച്ചോടുകയാണ് കുട്ടി. ഇനിയവന് വീട്ടില്‍ അപ്പവും കൊണ്ട് തിരിച്ചെത്തണമെങ്കില്‍ മുതിര്‍ന്നവരുടെ കൂട്ടുണ്ടാകാതെ വയ്യ. തെല്ലിട അവന്‍ കാത്തുനിന്നു. അതാ, കയ്യില്‍ ബാഗും തൂക്കിപ്പിടിച്ച് ഒരു വൃദ്ധന്‍ നടന്നുവരുന്നുണ്ട് (അകമ്പടിയായി പ്രത്യേകം ഒരു പശ്ചാത്തലസംഗീതം ഈ സന്ദര്‍ഭത്തില്‍ സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്). ബാലന്‍ വൃദ്ധന്റെ കൂടെ കുറച്ചു ദൂരം നടന്നു. അപ്പോള്‍ കാണുന്നത്, ഒരു വളവെത്തിയപ്പോള്‍ അയാള്‍ മറ്റൊരു വഴിക്ക് തിരിയുന്നതാണ്. വേറൊരു വഴിയുമില്ലാതെ, പേടിച്ചരണ്ട്, വഴിയോരം ചേര്‍ന്ന്, മുന്നോട്ടു നടന്നു അവന്‍. വീണ്ടും നായയുടെ  കുര. തെരുവില്‍, തൊട്ടടുത്താണ് നായ.  റൊട്ടിയില്‍ നിന്നുമൊരു തുണ്ട് പൊട്ടിച്ചെടുത്ത് നായയ്ക്ക് എറിഞ്ഞുകൊടുത്തു കുട്ടി. നായ അതു തിന്നുകൊണ്ടിരിക്കുമ്പോള്‍, ആശ്വാസത്തോടെ വീട്ടിലേയ്ക്കു നടന്നു കുട്ടി. വാലാട്ടി പിറകെ നായ. കഥ ഇവിടെ അവസാനിക്കുന്നില്ല. വീട്ടുവാതില്‍ക്കല്‍ എത്തി മുട്ടിവിളിച്ചപ്പോള്‍ വീട്ടുകാരി വന്നു വാതില്‍ തുറന്നു; കുട്ടി വീട്ടുമുറ്റത്തേക്ക് കടന്നു. വാലാട്ടിക്കൊണ്ടു കൂടെ പോന്ന പുതിയ കൂട്ടുകാരനെ കണ്ട വീട്ടുകാരി, വാതില്‍ അവന്റെ മുഖത്തു കൊട്ടിയടച്ചു. പരിഭവമൊന്നും കാണിക്കാതെ നായ നായയുടെ സ്വഭാവം കാണിച്ചു. കാവല്‍നായയായി തെരുവില്‍ തന്നെ, വീടിനു മുന്നില്‍ത്തന്നെ ഒരു തെരുവു നായ.

ഇവിടെയും സിനിമ അവസാനിക്കുന്നില്ല. അവസാനത്തെ തെരുവു രംഗത്തില്‍ നാം കാണുന്നത്, തെരുവിന്റെ മറ്റേ അറ്റത്തുനിന്ന് മറ്റൊരു ആണ്‍കുട്ടി നടന്നുവരുന്നതാണ്. അവന്‍ ഒരു കയ്യില്‍ സഞ്ചി  തൂക്കിപ്പിടിച്ചിരിക്കുന്നു മറുകയ്യില്‍ ഒരു പാത്രം പൊക്കിപ്പിടിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഈ കുട്ടി നായയുടെ തൊട്ടടുത്ത് എത്തുമ്പോള്‍, നാം പ്രതീക്ഷിക്കുന്നതു പോലെ പഴയ നായ ഒരു കാവല്‍നായയായി കുരയ്ക്കുകയാണ്. സിനിമ അവസാനിക്കുന്നത്, പേടിച്ചു പകയ്ക്കുന്ന ഈ കുട്ടിയുടെ ദൃശ്യത്തിലാണ്. ഒരു ഫ്രീസ് ഷോട്ട്. മനുഷ്യന്റെ സ്വഭാവത്തെ കുറിച്ചുള്ള, നായയുടെ സ്വഭാവത്തെ കുറിച്ചുള്ള, ശീര്‍ഷകത്തില്‍ അപ്പവും ഇടവഴിയും മാത്രമുള്ള ഈ ചെറുസിനിമ, ഒരു ഉത്തരത്തില്‍ അല്ല, രണ്ടു ചോദ്യങ്ങളിലാണ് അവസാനിക്കുന്നത്. തന്റെ സിനിമകളുടെ അന്ത്യരംഗം എപ്പോഴും ഒരു തുറന്ന പ്രകൃതത്തില്‍ കൊണ്ടുചെന്നെത്തിക്കുന്ന സ്വഭാവക്കാരനായ സംവിധായകന്‍, ഈ ആദര്‍ശദീക്ഷ ആദ്യസിനിമയില്‍ തന്നെ  തുടങ്ങിയിട്ടുണ്ട്. അപ്പത്തെക്കുറിച്ചും ഇടവഴിയെക്കുറിച്ചും എന്ന  സിനിമ, അങ്ങനെ മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സിനിമയായി മാറുന്നു. ഇനി ആണ്‍കുട്ടി എന്താണ് ചെയ്യാന്‍ പോകുന്നത്? നായ, ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്? 

ബ്രെഡ് ആൻഡ് അലെയ്
ബ്രെഡ് ആൻഡ് അലെയ്

മനുഷ്യരുടേയും മൃഗങ്ങളുടേയും പെരുമാറ്റരീതികള്‍ നിരീക്ഷിക്കുന്ന ഈ ചെറുചിത്രത്തില്‍, സംവിധായകന്‍ സംഭാഷണം തീര്‍ത്തും ഒഴിവാക്കിയിരിക്കുകയാണ് (സംഭാഷണത്തിന്, മനുഷ്യര്‍ പരസ്പരം കൈമാറുന്ന വാക്കുകള്‍ക്ക്, തന്റെ മുഴുനീള സിനിമകളില്‍ വലിയ പ്രാമാണ്യമാണ് പിന്നീട് കിരൊസ്താമി നല്‍കിയിട്ടുള്ളത്). അതേസമയം, ദൃശ്യതലത്തിനു നല്‍കിയിരിക്കുന്ന പ്രാധാന്യത്തില്‍നിന്നും ഒട്ടും കുറവല്ല ശബ്ദപഥത്തിനുള്ളത് എന്നതും ശ്രദ്ധേയമാണ്. സിനിമ ശബ്ദങ്ങളുടേയും കല തന്നെ എന്നുറച്ചു വിശ്വസിച്ചിരുന്ന ഈ സംവിധായകന്‍, തന്റെ ആദ്യ ചിത്രത്തില്‍, സാധാരണ ശബ്ദങ്ങളും സംഗീതവും ഉപയോഗിച്ചിരിക്കുന്നത് വളരെ സര്‍ഗ്ഗാത്മകമായിട്ടാണ്.  ക്യാമറയുടെ ചലനവും ക്യാമറയുടെ നിശ്ചലതയും വേണ്ട രീതിയില്‍  ഇടകലര്‍ത്തി സവിശേഷമായ ഒരു താളം സൃഷ്ടിക്കാന്‍ ശ്രമിച്ചിരിക്കുന്നത് ദൃശ്യതലത്തെ  ശ്രദ്ധേയമാക്കിയിരിക്കുന്നു. ക്യാമറാചലനം വരുമ്പോളെല്ലാം ആ ചലനങ്ങള്‍, ഇളകിക്കൊണ്ടിരിക്കുന്ന ക്യാമറയുടേതാണ് (കയ്യിലേന്തിപ്പിടിച്ച ക്യാമറ). അനങ്ങാതിരിക്കുന്ന കാണിയുടെ നേര്‍ക്ക്, അനങ്ങാതിരിക്കുന്ന ക്യാമറയുടെ നേര്‍ക്ക്, ആണ്‍കുട്ടി നടന്നുവരുന്നത്, വൃദ്ധന്‍ നടന്നുവരുന്നത് കിരൊസ്താമി മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. മനുഷ്യചലനത്തിന്റെ ചിത്രീകരണം വഴി ചലച്ചിത്രസ്വഭാവം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഈ രംഗങ്ങള്‍, ജാപ്പനീസ് സംവിധായകനായ ഓസുവിന് സമര്‍പ്പിച്ച അഞ്ചു ഷോട്ടുകളുടെ 'അഞ്ച്' എന്ന ചിത്രത്തിനും പതിനഞ്ചു  വര്‍ഷം മുന്‍പാണ് ഇറങ്ങിയത്. ഈ ആദ്യചിത്രം ചിത്രീകരിച്ചത് എങ്ങനെ എന്ന്, അഭിനയത്തിന്റെ മുന്‍ അനുഭവം ഒട്ടുമില്ലാത്ത അഭിനേതാക്കളെക്കൊണ്ട് അഭിനയിപ്പിച്ചത് എങ്ങനെ എന്ന്, അനുഭവസമ്പന്നനായ ഛായാഗ്രാഹകനുമായി എന്തുകൊണ്ട് ഇടയേണ്ടിവന്നു എന്ന് സംവിധായകന്‍ ഒരിക്കല്‍ വിശദീകരിക്കുകയുണ്ടായി. കുട്ടിയും നായയും അഭിനേതാക്കളായി മാറുന്ന അനുഭവം. കുട്ടികളുടെ സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചത് അകിറ കുറൊസാവയാണ് 'ഒീം റശറ  ്യീൗ മരൗേമഹഹ്യ ാമസല വേല രവശഹറൃലി മര േ വേല ംമ്യ വേല്യ റീ?' ഒരിക്കല്‍, സാന്‍ഫ്രാന്‍സിസ്‌ക്കോ  മേളയില്‍നിന്ന് സമഗ്ര സംഭാവനയ്ക്കുള്ള കുറൊസാവ അവാര്‍ഡ് നേടിയ ചലച്ചിത്രകാരനാകട്ടെ, കിരൊസ്താമിയും.

2
സിനിമയില്‍ ആണ്‍കുട്ടിക്ക് പ്രതീക്ഷയും നിരാശയും പകര്‍ന്ന അതേ 'ഇടവഴി'യിലെ വൃദ്ധകഥാപാത്രമാണ്,  പന്ത്രണ്ടു വര്‍ഷത്തിനു ശേഷം you എടുത്ത 'സംഘഗാനം' (The Chorus) എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത്. ശബ്ദത്തിന് സിനിമയില്‍ ദൃശ്യത്തെക്കാള്‍ പ്രാധാന്യമുണ്ട് എന്നു പറഞ്ഞ കിരൊസ്താമിയുടെ മനോഹരമായ ഈ ചെറുചിത്രം അവതരിപ്പിക്കുന്നത്, ശ്രവണസഹായി ഉപയോഗിക്കുന്ന ഒരു വൃദ്ധന്റെ അനുഭവലോകമാണ്. സ്വാഭാവികമായും അതുകൊണ്ട്  ശബ്ദപഥത്തിന് പ്രത്യേകമായ ഒരു ഊന്നല്‍  ചിത്രത്തിലുണ്ട്. 'സംഘഗാന'ത്തിന്റെ ഘടനയും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്, ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ, ഈ ഊന്നലില്‍ തന്നെ. 

ആദ്യ ചിത്രത്തിലേതുപോലെ ഈ ചിത്രത്തിന്റെ തുടക്കത്തിലും നാം കാണുന്നത്, ഇരുവശവും കെട്ടിടങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഒരു തെരുവാണ്. തീര്‍ത്തും വിജനമായ ഒരു തെരുവ്, തീര്‍ത്തും നിശബ്ദത നിറച്ച ഒരു തെരുവ്. 'അപരാജിത'യില്‍ സത്യജിത് റായ് അവതരിപ്പിച്ച കാശിയിലെ ഗലികള്‍ പോലെ ഇടുങ്ങിയതാണ് എങ്കിലും, ഈ ഇടവഴിയിലൂടെ ചെറിയ ഉന്തുവണ്ടികള്‍ക്കും കടന്നുപോകാനാകും. ആദ്യത്തെ ഷോട്ടില്‍ തന്നെ, ഇടവഴിയുടെ അങ്ങേ അറ്റത്തുനിന്നും  ഒരു ഉന്തുവണ്ടി, ഒറ്റക്കുതിര വലിക്കുന്ന ഉന്തുവണ്ടി, അപ്പത്തിന്റെ ചെറുസിനിമയില്‍ എന്നതുപോലെ, നമ്മുടെ നേര്‍ക്കു കടന്നുവരുന്നു. അനങ്ങാതിരിക്കുകയാണ് പ്രേക്ഷകരായ നാം, ഒട്ടും അനങ്ങാതിരിക്കുകയാണ് നമുക്കുവേണ്ടി ക്യാമറ. പ്രേക്ഷകരായ നമ്മെ നല്ല ശ്രോതാക്കളും ആക്കുക എന്ന സന്മനസ്സായിരിക്കണം ഈ സന്ദര്‍ഭത്തില്‍ സംവിധായകന്റെ ക്യാമറയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത്. നമ്മുടെ നേര്‍ക്കു കൂടുതല്‍ അടുത്തുവരുന്നതിനനുസരിച്ച് വണ്ടിയുടെ ശബ്ദം കൂടിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ മൂന്നു ഷോട്ടുകളിലും സംവിധായകന്റെ ക്യാമറ അനങ്ങുന്നതേയില്ല. ചലനം കുതിരയുടെ, കുതിരവണ്ടിയുടെ മാത്രം. നാലാമത്തെ ഷോട്ടുമുതല്‍ രംഗത്തിനു പുതിയൊരു നാടകീയത പകര്‍ന്നുകൊണ്ട് ക്യാമറാചലനം കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അഞ്ചാമത്തെ ഷോട്ടില്‍, കൂടുതല്‍ സമീപസ്ഥമായ കാഴ്ച്ചപ്പാടില്‍, കുതിരയുടെ കുതിക്കുന്ന കാലുകള്‍, കുതിരവണ്ടിയുടെ ചക്രങ്ങള്‍, കുതിരയുടെ മുഖം. അടുത്ത ഷോട്ടില്‍ ക്യാമറ കുതിരവണ്ടിയുടെ മുന്നിലല്ല, തൊട്ടുപിറകില്‍ തന്നെയാണ്. പിറകില്‍നിന്നു നാം കാണുന്ന ഈ തെരുവുകാഴ്ച്ചയില്‍, തെരുവിനെക്കാള്‍ കൂടുതലായി നമ്മുടെ കണ്ണിനു മുന്നില്‍ വരുന്നത് വണ്ടിക്കാരനും വണ്ടിക്കു മുന്നില്‍ നടക്കുന്ന വൃദ്ധനും ആണ്. ഈ ദൃശ്യത്തിലും പിന്നീടു വരുന്ന എതിര്‍ദൃശ്യത്തിലും ആയി നാം കാണുന്നത്, വൃദ്ധന്റെ ചുമലില്‍ കുതിരയെ തെളിക്കുന്ന തന്റെ ചാട്ടവാര്‍ കൊണ്ട്  തൊടുന്ന വണ്ടിക്കാരനെയാണ്. ''വഴി മാറ്, വഴി മാറ്'' എന്നു പരിഭ്രമിക്കുന്നുണ്ട് അയാള്‍.  ഇനിയാണ്  ദൃശ്യങ്ങളിലൂടെ  നാം കൂടുതല്‍ കഥയറിയുന്നത്.  അടുത്ത  രണ്ടു ദൃശ്യങ്ങള്‍  നാം കാണുന്നത് വൃദ്ധന്റെ കേള്‍വിപ്പാടിലൂടെയാണ്. വൃദ്ധന്റെ വലതുവശത്തുനിന്നുള്ള ഒരു  ദൃശ്യത്തില്‍, മുഖത്തിന്റെ പ്രൊഫൈല്‍ ദൃശ്യത്തില്‍, ചെവിയും ചെവിക്കു  മുകളില്‍ തൂക്കിയിട്ടിരിക്കുന്ന ശ്രവണസഹായിയും. ഒരു വശത്തേയ്ക്ക് ഒതുങ്ങിപ്പോയ വൃദ്ധനെ മറികടന്ന്, കുതിരവണ്ടി അപ്രത്യക്ഷമാകുന്നു. ഈ വേളയില്‍ ശബ്ദപഥത്തിലുള്ളത് ശബ്ദമില്ലായ്മയാണ്(ചലനരഹിത ക്യാമറയുടെ ദൃശ്യങ്ങളും ചലിക്കുന്ന ക്യാമറയുടെ ദൃശ്യങ്ങളും ഇടവിട്ടുപയോഗിക്കുന്ന ദൃശ്യപരിചരണരീതിയും ശബ്ദവും നിശബ്ദതയും ഇടവിട്ടുപയോഗിക്കുന്ന ശബ്ദമിശ്രണരീതിയും ആയിരിക്കണം ചിത്രത്തിന്റെ അടിസ്ഥാന താളം നിശ്ചയിക്കുന്നത്). ഒടുവില്‍ വിജനമായ ഇടവഴിയില്‍ ഒറ്റയ്ക്ക് ഒരു വൃദ്ധന്‍. അയാള്‍, നേരത്തെ ചെവിയില്‍നിന്നും അഴിച്ചുവെച്ച ശ്രവണസഹായി എടുത്ത് കാതില്‍ ചേര്‍ത്തുവെച്ച് വീണ്ടും കേള്‍വിയുടെ അപരലോകം അറിയുന്നു. പിന്നെ, വഴിയോരത്തെ ഒരു തിണ്ടില്‍ ഇരിക്കുന്നു; ഷൂസഴിച്ച് കാലില്‍ തടഞ്ഞിരുന്ന ചെറുകല്ലെടുത്തുകളഞ്ഞ് നടത്തം തുടരുന്നു. കുതിരയും വണ്ടിക്കാരനുമല്ല ഈ ചെറുസിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍ എന്ന്, കേള്‍വിക്കുറവുള്ള ഈ വൃദ്ധനാണ് നായകനെന്ന് ഇപ്പോഴാണ് നാം തിരിച്ചറിയുന്നത്. 

ദ കോറസ്
ദ കോറസ്

മൂന്ന് അദ്ധ്യായങ്ങളില്‍ വികസിക്കുന്ന ഒരു ചെറുചിത്രമായി കാണുകയാണ് എങ്കില്‍ ഇടവഴിയും കുതിരവണ്ടിയും എന്നു പേരിടാവുന്ന ഒന്നാമത്തെ അദ്ധ്യായമാണ് ഇവിടെ അവസാനിക്കുന്നത്. കുതിരവണ്ടിയാണ് ഈ ദൃശ്യലോകത്തില്‍ ഒരു ശബ്ദലോകം സൃഷ്ടിക്കുന്നത്. ഇടവഴിയില്‍നിന്ന് അങ്ങാടിയിലെത്തുന്ന  വൃദ്ധനെ അടുത്ത ഭാഗം അവതരിപ്പിക്കുന്നു. വിജനവും വര്‍ണ്ണഭംഗികള്‍ ഒഴിഞ്ഞതുമായ ആദ്യഭാഗത്തില്‍നിന്നു വ്യത്യസ്തമായി ഈ ഖണ്ഡം  വര്‍ണ്ണവൈവിദ്ധ്യം കൊണ്ട്, ശബ്ദവൈവിദ്ധ്യം കൊണ്ട് ഏറെ സമ്പന്നമാണ്. കുട്ടികളും സ്ത്രീകളും വൃദ്ധരും വാണിഭക്കാരും പണിക്കാരും നിറഞ്ഞ ലോകം. കുതിരവണ്ടിയുടെ കടകട ശബ്ദവും വണ്ടിക്കാരന്റെ മുറവിളിയും മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഇപ്പോള്‍ ചെമ്പുപാത്രക്കടയില്‍  പണിക്കാര്‍ ചുറ്റികകൊണ്ട് പണിയെടുക്കുന്നതിന്റെ ശബ്ദങ്ങള്‍, പലരുടെ സംഭാഷണശകലശബ്ദങ്ങള്‍. പശ്ചാത്തലസംഗീതം പോലെ ഈ ഖണ്ഡത്തിലെ  ശബ്ദലോകത്തില്‍  ഉയരുന്നത്, ചുറ്റികയും ചെമ്പും കൂട്ടിമുട്ടുമ്പോള്‍ ഉണരുന്ന അദ്ധ്വാനത്തിന്റെ സ്വരലയമാണ്.  ഒന്നാം ഖണ്ഡത്തില്‍ എന്നതുപോലെ ഈ ഖണ്ഡത്തിലും ഒരു സന്ദര്‍ഭത്തില്‍ നിശബ്ദതയുടെ ഒരു ഇടവേള സൃഷ്ടിക്കപ്പെടുന്നുണ്ട്. വഴിയോരത്തെ ഒരു ചെരുപ്പുകുത്തിയുടെ മുന്നിലാണ് നായകന്‍.  ലോകത്തോടു മുഴുവനുമുള്ള തന്റെ പരാതികള്‍ നിരത്തി, നിറുത്താതെ വൃദ്ധനോടു സംസാരിച്ചുകൊണ്ടേയിരിക്കുന്നു ചെരുപ്പുകുത്തി. ഇനി കേട്ടതു മതി എന്നു തീരുമാനിച്ച്, നായകന്‍ ശ്രവണസഹായി ഒടുവില്‍ ചെവിയില്‍ നിന്നെടുക്കുന്നു. എല്ലാം താന്‍ കേള്‍ക്കുന്നുണ്ട് എന്ന ഭാവത്തില്‍ അതേസമയം തലയാട്ടുകയും ചെയ്യുന്നു. പ്രേക്ഷകരായ നാം ഇപ്പോള്‍ കേള്‍ക്കുന്നത് നിശബ്ദത തന്നെ. അങ്ങാടിത്തെരുവിലെ വൃദ്ധന്‍ എന്നു പേരിടാവുന്ന ഈ ഖണ്ഡത്തില്‍ പിന്നെ നാം കാണുന്നത്, നായകന്‍ പ്രാവുകള്‍ക്ക് തന്റെ കുപ്പായക്കീശയില്‍നിന്നും ധാന്യം എടുത്ത് വിതറുന്നതാണ്. ഈ ദൃശ്യനിരയില്‍ പറവകളും വൃദ്ധനും മാത്രം. പറന്നുയരുന്ന പറവകളുടെ ചിറകടിശബ്ദങ്ങള്‍ മാത്രം. ദൃശ്യതലത്തെ  ശബ്ദപഥം അത്യന്തം ജീവസ്സുറ്റതാക്കുന്നു. ഒരു മുഹൂര്‍ത്തത്തില്‍ പ്രാവുകള്‍ മാത്രം ഫ്രെയിമില്‍ അവതരിപ്പിക്കപ്പെടുന്നത്, അവയുടെ ചിറകടി ശബ്ദങ്ങള്‍ മാത്രം കേള്‍പ്പിച്ചിരിക്കുന്നത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. രണ്ടാം അദ്ധ്യായത്തിലെ ഒരു ഉപകഥയായി, വേറിട്ട ഒരു നുറുങ്ങുസിനിമയായി, 'പ്രാവുകളും വഴിപ്പോക്കനും' എന്നോ 'ഒരു വൃദ്ധനും കുറെ പ്രാവുകളും' എന്നോ പേരിട്ട് ഈ ചെറുഖണ്ഡത്തെ വിലയിരുത്താവുന്നതാണ്.  ഈ ഉപകഥയുടെ അവസാനത്തെ ദൃശ്യം. ധാന്യം വിതറിക്കൊണ്ട് നടക്കുന്ന വൃദ്ധന്റെ മുഖത്ത് നേരത്തെ സാവകാശം പടര്‍ന്നു തുടങ്ങിയ  ചെറുപുഞ്ചിരി, ഒരു പ്രകാശധാരപോലെ, ഇപ്പോള്‍ ആത്മസംതൃപ്തിയുടെ നിറപുഞ്ചിരിയായി മാറുന്നു. പ്രകാശം പരത്തുന്ന ഈ മുഖപ്രസാദവുമായി വൃദ്ധന്‍ നമ്മുടെ നേരെ, ക്യാമറയുടെ നേരെ നടന്നടുക്കുകയാണ്. ഗോദാര്‍ദ് സിനിമയിലെ പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന   ഒരു കഥാപാത്രത്തെപ്പോലെ, ബോധപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്ന ഒരു ദൃശ്യം. സംവിധായകന്‍ ദൃശ്യനിരകളിലൂടെ നമ്മെ വഴിതെളിച്ചുകൊണ്ടുപോകുന്നത് ശബ്ദങ്ങളുടെ  ഏതോ മാന്ത്രികലോകത്തിലേയ്ക്കു തന്നെ എന്ന് ഈ രംഗം സൂചന നല്‍കുന്നു. ഒരുപക്ഷേ, സാധാരണക്കാരനില്‍ സാധാരണക്കാരനായ ഈ വൃദ്ധനിലും ഒരു അസാധാരണക്കാരന്‍ ഉണ്ട് എന്നു ധ്വനിപ്പിക്കപ്പെടുന്നത് ഇനി വരുന്ന ദൃശ്യങ്ങളിലാണ്. വഴിനടത്തം തുടരുന്ന അയാള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്, കണ്ണാടികളും വിളക്കുകളും വില്‍ക്കുന്ന ഒരു കടയുടെ മുന്നിലാണ്. കണ്ണാടിച്ചുമരിനും അപ്പുറത്തുനിന്നും അയാളെ ഉറ്റുനോക്കുന്ന ഒരു കണ്ണാടിയുടെ മുഖത്തേയ്ക്ക്, അയാളും ഒന്നു തിരിച്ചു നോക്കുന്നു, കണ്ണട ശരിക്കു വെച്ച് താനും ഒരു സ്റ്റൈലന്‍ എന്നു  ആത്മാഭിമാനിയാകുന്നു. തുടര്‍ന്ന് കടയുടെ അകത്തു കടന്നു വിളക്കുകളില്‍ ഒന്നിന്റെ വില ചോദിക്കുന്നു അയാള്‍.  '1400 ടൊമാന്‍'. കണ്ണാടിക്കടയുടെ ലോകം പ്രേക്ഷകര്‍ക്കു മുന്നില്‍ വെളിച്ചങ്ങള്‍കൊണ്ട്, പ്രതിഫലനങ്ങള്‍കൊണ്ട്, ഒരു അത്ഭുതലോകത്തിന്റെ പ്രതീതി  സൃഷ്ടിക്കുന്നു (അവസാനഭാഗത്തെ അകത്തളദൃശ്യങ്ങളില്‍ സമാനമായ ഒരു ധര്‍മ്മമാണ് വെളിച്ചം നിര്‍വ്വ ഹിക്കുന്നത്). കണ്ണാടിക്കടയുടെ രംഗം അവസാനിക്കുന്നതോടെയാണ് വീണ്ടും നാം സാധാരണ ലോകത്തിലേയ്ക്കു തിരിച്ചെത്തുന്നത്.

ചിത്രത്തിന്റെ മൂന്നാമത്തേയും അവസാനത്തേയും ഭാഗം ഈ സാധാരണ ലോകം അവതരിപ്പിക്കുന്നു. കുതിരവണ്ടിയുടെ ഖണ്ഡം രണ്ടേ മുക്കാല്‍ മിനിട്ടും അങ്ങാടിത്തെരുവിന്റെ ഖണ്ഡം ആറര മിനിട്ടും ആണെങ്കില്‍, മൊത്തം പതിനഞ്ചര മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള 'സംഘഗാന'ത്തിലെ ഈ ഖണ്ഡം, ഒമ്പതു മിനിട്ടോളം വരും. 'മുത്തച്ഛനും പേരക്കുട്ടികളും' എന്നോ 'കുട്ടികളുടെ സംഘഗാനം' എന്നോ  പേരിട്ടു വിളിക്കാവുന്ന ഈ ഖണ്ഡത്തിലെ ചെറുസംഭവങ്ങള്‍ തെരുവിലും വീട്ടിലും ആയി അവതരിപ്പിക്കപ്പെടുന്നു. വാതില്‍പ്പുറദൃശ്യങ്ങളും അകത്തളദൃശ്യങ്ങളും ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഈ ഖണ്ഡത്തില്‍,  സമാനമായ ഒരു രീതി ശബ്ദപഥത്തിലും സ്വീകരിച്ചിരിക്കുന്നു. മൂന്നു ശബ്ദങ്ങളാണ് ഈ  ഖണ്ഡത്തിലുള്ളത്. ഒന്നാമത്തെ ശബ്ദം ഒരു റോഡു പണിക്കാരന്‍ തന്റെ കയ്യിലുള്ള യന്ത്രം കൊണ്ട് തെരുവില്‍ ഡ്രില്ലു ചെയ്യുന്നതാണ്. രണ്ടാമത്തെ ശബ്ദം ഒരു സംഘം കുട്ടികളുടെ. മൂന്നാമത്തെ ശബ്ദം നിശബ്ദതയുടേയും. നിശബ്ദതയ്ക്കും ഒരു ശബ്ദമുണ്ടല്ലോ എന്നു തോന്നിപ്പിക്കുന്ന ഒരു പ്രയോഗരീതി ചിത്രത്തിലുണ്ട്. വൃദ്ധന്‍ കണ്ണാടിക്കടയില്‍ നിന്നു നേരെ വീട്ടിലേയ്ക്കു നടക്കുന്നു. വീടിനോട് അടുത്തെത്തുമ്പോളാണ്, ചെറു ശബ്ദവുമായി ടാര്‍വീപ്പയും ഉരുട്ടിക്കൊണ്ട് ആ വഴിക്ക് ഒരു റോഡുപണിക്കാരന്‍ വരുന്നത് കാണാനിടവരുന്നത്. റോഡില്‍ പണി നടക്കുകയാണ് എന്ന് അധികം വൈകാതെ ശബ്ദപഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള തന്റെ വീട്ടില്‍ എത്തിയ നായകന്‍ ഡ്രില്ലിംഗ് യന്ത്രത്തിന്റെ മേടല്‍ കേട്ടു മതിയായി യന്ത്രം ചെവിയില്‍നിന്നും ഊരുന്നു. എങ്കിലും, അപ്പോള്‍ ശബ്ദം തീര്‍ത്തും ഇല്ലാതാകുന്നില്ല. ഒരു നേര്‍ത്ത ഹൃദയമിടിപ്പുപോലെ ആ ശബ്ദം ഒരു തരം നിശബ്ദത സൃഷ്ടിക്കുന്നു. ഇടയ്ക്കു യന്ത്രം പണി നിര്‍ത്തിയ ഇടവേളകള്‍ ഉണ്ടാകുന്നു. ഈ സന്ദര്‍ഭത്തില്‍ മറ്റൊരു തരം നിശബ്ദത, ശുദ്ധമായ നിശബ്ദത ചുറ്റുപാടും വ്യാപിക്കുന്നു. ഇതിനിടയ്ക്ക്, സ്‌കൂള്‍ വിട്ട് പെണ്‍കുട്ടികള്‍ റോഡിലേയ്ക്ക് ഇറങ്ങിവരുന്നു; കുട്ടികളുടെ കലപിലയും ഉച്ചത്തിലുള്ള യന്ത്രശബ്ദവും ഇടകലരുന്നു. തെരുവിലൂടെ നടന്നു വന്ന രണ്ടു പെണ്‍കുട്ടികള്‍, വൃദ്ധന്റെ വീടിനു മുന്നില്‍ വന്ന് സ്‌കെയില്‍ എടുത്ത് കോളിങ്ങ് ബെല്‍ അമര്‍ത്തിപ്പിടിക്കുന്നു. അകത്താണെങ്കില്‍, കേള്‍വിക്കുറവുള്ള  വൃദ്ധന്‍ തന്റെ ചെറുചെറു ജോലികളില്‍ വ്യാപൃതനാണ്. ആദ്യം രണ്ടു പെണ്‍കുട്ടികളാണ് ജനലിനു കീഴില്‍ ചെന്നുനിന്ന് ചെറു കല്ലുകളെടുത്ത് വലിച്ചെറിഞ്ഞും ''വാതില്‍ വന്നു തുറക്കൂ, മുത്തച്ഛാ'' എന്നു വിളിച്ചുപറഞ്ഞും മുത്തച്ഛന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍   ശ്രമിക്കുന്നത്. രണ്ടു പേര്‍ പിന്നീട് കുട്ടികളുടെ ഒരു വലിയ സംഘം തന്നെയായി മാറുന്നു. അതോടെ, കുട്ടികളുടെ ഉച്ചത്തിലുയരുന്ന വാക്കുകള്‍ക്ക്, അര്‍ത്ഥത്തിനും മീതെ പോകുന്ന  ഒരു സംഘഗാനത്തിന്റെ ഈണം, താളം, കൈവരിക്കാനാകുന്നു. ''വാതില്‍ വന്നു തുറക്കൂ, മുത്തച്ഛാ/ വാതില്‍ തുറക്കൂ, മുത്തച്ഛാ'' എന്ന കോറസ്. എന്നാല്‍ അകത്ത്, ചുടു ചായ പകര്‍ന്നു കുടിച്ചും കാരറ്റു കടിച്ചു മുറിച്ചും സിഗരറ്റു പുകച്ചും പേരക്കിടാങ്ങള്‍ ഇനിയും വന്നില്ലല്ലോ എന്നു വാച്ചു നോക്കി ആലോചിച്ചും പുറത്തുനടക്കുന്നതൊന്നും അറിയാതെ, കേള്‍ക്കാതെ നായകനായ മുത്തച്ഛന്‍. താക്കോല്‍കൊണ്ടു വാതില്‍ തുറന്നു വന്ന വൃദ്ധന്‍ അകത്തുകടന്ന ഉടനെ വാതില്‍ തുറന്നിരിക്കാനായി ഒരു കല്ലെടുത്തുവെച്ചിരുന്നത് ഒരു കുറുമ്പന്‍ ആണ്‍കുട്ടി എടുത്തു മാറ്റിയിരുന്നു. തെരുവും അകത്തളവും രണ്ടു വ്യത്യസ്ത ശബ്ദലോകങ്ങളായി, സവിശേഷമായ ഒരു താളം തന്നെയായി പ്രേക്ഷകര്‍ കേട്ടറിയുന്നു. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കാതുകൂര്‍പ്പിക്കുന്ന വൃദ്ധന്‍ ശ്രവണസഹായി കാതില്‍ ചേര്‍ത്തുവെയ്ക്കുന്നു. അതോടെ, പെണ്‍കുട്ടികളുടെ ശബ്ദം മുത്തച്ഛന്റെ കാതുകളിലും സംഗീതധാരയായി നിറയുകയാണ്. തെരുവില്‍ ജനലിനു താഴെ കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികളെ മുത്തച്ഛന്‍ കണ്ണു നിറഞ്ഞു കാണുകയാണ്, കാതു നിറച്ചു കേള്‍ക്കുകയാണ്. സിനിമയുടെ അവസാനത്തെ ദൃശ്യത്തില്‍ നാം കാണുന്നത്, പുഞ്ചിരികൊണ്ടു പ്രകാശിക്കുന്ന മുത്തച്ഛന്റെ മുഖം തന്നെ.  നേരത്തെ നാം കണ്ട പ്രാവുകളുടെ; ആ വിശുദ്ധന്റെ മന്ദസ്മിതം വിരിഞ്ഞ അതേ മുഖം. 

ദ കോറസ് എന്ന ചിത്രത്തിൽ നിന്ന്
ദ കോറസ് എന്ന ചിത്രത്തിൽ നിന്ന്

ലോകസിനിമ, ഇറ്റലിയിലെ നിയൊറിയലിസ്റ്റ് സിനിമയിലാണ്  കുട്ടികളേയും വൃദ്ധരേയും ധാരാളം കണ്ടിട്ടുള്ളത്. എന്നാല്‍, ഇത്തരത്തില്‍ വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള പ്രസാദാത്മകമായ ഒരു ഹ്രസ്വചിത്രം, കുട്ടികളുടെ സിനിമകള്‍ക്കു പേരുകേട്ട ഇറാനില്‍ നിന്നു മാത്രമേ  ഇറങ്ങാനിടയുള്ളൂ. അപരന്റെ ശബ്ദം സംഗീതം പോലെ കേള്‍ക്കുന്ന ഇടമാണ് ഇവിടം എന്നു പറയുകയാണ് ഈ ഇറാന്‍ സിനിമ.  ഒരു വാര്‍ദ്ധക്യജീവിതം  കുട്ടികളെ സംഗീതം പോലെ കാതു തുറന്നു കേള്‍ക്കുന്ന ഒരു ഇടം. ഇംഗ്ലിഷ് കയ്യക്ഷരം നന്നാക്കാന്‍, കൂട്ടക്ഷരം പഠിക്കാന്‍ പണ്ടു കേരളത്തിലെ കുട്ടികള്‍ നാലുവരിപുസ്തകത്തില്‍ കോപ്പി എഴുതുന്നത് ഒരു പതിവു ശീലമായിരുന്നു. അത്തരം  കോ പ്പിപുസ്തകത്തിലെ ഒരു ഏടില്‍ നിന്നാണ്, ആ ഏടില്‍ പ്രത്യക്ഷപ്പെടുന്ന പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയ ശീര്‍ഷകങ്ങളില്‍ നിന്നാണ് 'ഹംസരായന്‍' എന്ന ചെറുസിനിമ  ആരംഭിക്കുന്നത്. ഇത് ക്ലാസ്സിക്കല്‍ പാശ്ചാത്യസംഗീതത്തിന്റെ നോട്ടേഷന്‍ എഴുതിയ ഒരു ചിത്രപ്പേജാണോ എന്നും സംശയം തോന്നിപ്പിക്കുന്ന ദൃശ്യം. ''പൂര്‍ണ്ണമായും സംഗീതം ഒഴിവാക്കിയിട്ടുള്ള ഈ ചെറുസിനിമ, സംശയിക്കേണ്ട, സംഗീതത്തെക്കുറിച്ചു തന്നെ'' എന്നു പറയുവാനായിരിക്കാം സംവിധായകന്‍ തുടക്കത്തില്‍ ശ്രമിച്ചിരിക്കുന്നത്. ചിത്രം അവസാനിക്കുമ്പോള്‍ കുട്ടികളുടെ സംഘഗാനം ഉയരുന്നത് ഈ തുടക്കത്തിന്റെ തുടര്‍ച്ചയാണ്. പ്രകൃതിയിലെ ശബ്ദങ്ങള്‍കൊണ്ടു വേണം സിനിമയിലെ സംഗീതം സൃഷ്ടിക്കേണ്ടത്  എന്ന ഒരു ആദര്‍ശം, റഷ്യയില്‍ നിന്നുള്ള താര്‍ക്കൊവ്സ്‌ക്കിക്കും ഇറ്റലിയില്‍ നിന്നുള്ള അന്റോണിയോണിക്കും ഇന്ത്യയില്‍ നിന്നുള്ള സത്യജിത് റായിക്കും മാത്രമല്ല ഉള്ളത് എന്ന്,   ഇറാനില്‍ നിന്നുള്ള അബ്ബാസ് കിരൊസ്താമിക്കും ഉണ്ടായിരുന്നു എന്ന് 'സംഘഗാനം' ലോകത്തെങ്ങുമുള്ള ചലച്ചിത്ര പ്രേക്ഷകരെ ഇപ്പോള്‍ കേള്‍പ്പിക്കുന്നു.  
                  
  ***
സിനിമയുടെ നൂറാം പിറന്നാള്‍ വേളയില്‍ ലൂമിയര്‍ സഹോദരന്മാര്‍ ഉപയോഗിച്ച അതേ സിനിമാറ്റൊഗ്രാഫ് ഉപയോഗിച്ചെടുത്ത 'ഒരാള്‍ക്കുള്ള ഭക്ഷണം' (Dinner for One), വെനീസ് മേളയുടെ എഴുപതാം വാര്‍ഷികത്തിനെടുത്ത 'തോട്ടക്കാരന്‍ നനയ്ക്കപ്പെടുന്ന ചിത്രം' (For Venice 70-Future Reloaded), ചലച്ചിത്രപ്രേക്ഷകരെക്കുറിച്ച് കാന്‍ മേളയുടെ എഴുപതാം വാര്‍ഷികത്തിനെടുത്ത 'എന്റെ റോമിയോ എവിടെ' (Where is My Romeo) എന്ന നാലര മിനിട്ട് ചിത്രം, പതിനൊന്നു മിനിട്ടിന്റെ 'അനുഭവം' (Experience), സിനിമാനടിയാകാന്‍ ആഗ്രഹിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയെക്കുറിച്ചുള്ള 'വേണ്ട' (No), ഗുണപാഠസിനിമകള്‍ എന്നു വിശേഷിപ്പിക്കാവുന്ന 'ക്രമമോ ക്രമരഹിതമോ' (Orderly or Disorderly), 'പരിഹാരം നമ്പര്‍ ഒന്ന്' (Solution No.1), 'രണ്ടു പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം' (One Solution for Two Problems)... ചെറുസിനിമകളുടെ മഹാനായ ചലച്ചിത്രകാരനാണ് കിരൊസ്താമി എന്നതിനു സാക്ഷ്യം പറയാനായി സിനിമകള്‍ ഇങ്ങനെ നിരവധിയാണ്. ലോകം മുഴുവന്‍ സഞ്ചരിച്ച് നൂറോളം സിനിമയുടെ ശില്പശാലകള്‍ക്കും മറ്റും  നേതൃത്വം നല്‍കിയ അദ്ദേഹം, 'എഴുത്ത്' (Letter), 'വെളുത്ത ഏട്' (White Page), 'കടല്‍കാക്കയുടെ മുട്ടകള്‍' (Seagull's Eggs) തുടങ്ങിയ ഏറെ ഹ്രസ്വസിനിമകള്‍ക്കും പ്രചോദനം പകര്‍ന്നു. ഒരുപക്ഷേ, യൂട്യൂബ് കാലം ഇനി അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയുക, ചെറുചിത്രങ്ങളുടെ ചലച്ചിത്രകാരനായിട്ടായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com