കൈയൊഴിഞ്ഞിട്ടില്ല സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം; നടപ്പാക്കുന്നത് കാലാനുസൃത പരിപാടികള്‍

അഖിലേന്ത്യാതലത്തില്‍ ഡി.വൈ.എഫ്.ഐ യുടെ അമരക്കാരനായി മാറിയ എ.എ. റഹിം തന്റെ സംഘടനയും കാലവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും  സംഘടനയുടെ ദൗത്യത്തെപ്പറ്റിയും സംസാരിക്കുന്നു
കൈയൊഴിഞ്ഞിട്ടില്ല സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം; നടപ്പാക്കുന്നത് കാലാനുസൃത പരിപാടികള്‍

രാഷ്ട്രീയ ശത്രുക്കളുടെ കടന്നാക്രമണങ്ങളില്‍ സി.പി.എമ്മിനെ പടച്ചട്ടപോലെ പ്രതിരോധിക്കുന്ന യുവനേതൃനിരയിലെ ഒന്നാംപേരുകാരില്‍ എ.എ. റഹീമുണ്ട്. ടി.വി ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടേയും എല്‍.ഡി.എഫ് സര്‍ക്കാരിന്റേയും മുഖം മാത്രമല്ല, മാറിയ കാലത്തെ യുവജന സംഘടനാ പ്രവര്‍ത്തനരംഗത്ത് ഡി.വൈ.എഫ്.ഐയുടെ പ്രാധാന്യം നിലനിര്‍ത്തുന്നതില്‍ വിജയിച്ച നേതാവാണ്. അഖിലേന്ത്യാ പ്രസിഡന്റിന്റെ ചുമതലയിലേക്കുള്ള ഇപ്പോഴത്തെ മാറ്റത്തിലും സി.പി.എം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി അംഗമായ ഈ ചെറുപ്പക്കാരനില്‍ പാര്‍ട്ടി നേതൃത്വം വയ്ക്കുന്നതു വലിയ പ്രതീക്ഷകള്‍.  

''അരാഷ്ട്രീയവല്‍ക്കരിക്കപ്പെടാന്‍ ഇടയുള്ള ചെറുപ്പത്തെ എങ്ങനെ പ്രായോഗികമായി സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഉള്‍പ്പെടുത്താം എന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഇന്നിപ്പോള്‍ കേരളത്തില്‍ ഒരു പുരോഗമനകാരിയുടെ അടിയന്തര കടമ ഏതെന്നു ചോദിച്ചാല്‍ അത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വലതുപക്ഷവല്‍ക്കരണത്തിനെതിരായ സമരമാണ്'' -റഹീം പറയുന്നു. വര്‍ഗ്ഗീയതയ്‌ക്കെതിരായ സമരം ഒരു ദിവസം ആരംഭിച്ച് ഒരു ദിവസം അവസാനിപ്പിക്കേണ്ടതല്ല. നിരന്തരം, വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രചരണ പരിപാടികളിലും ഏറ്റെടുക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ട ഒന്നാണ്. ഞങ്ങളതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.''
----
തൊഴിലില്ലായ്മക്കെതിരെ മന്ത്രിമാരുടെ വഴിതടയല്‍പോലെയുള്ള വലിയ പ്രക്ഷോഭങ്ങളും ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും സംരക്ഷണത്തിന് മനുഷ്യച്ചങ്ങലപോലുള്ള ഇടപെടലുകളും സംഘടിപ്പിച്ച സംഘടനയാണ് ഡി.വൈ.എഫ്.ഐ. എന്നാല്‍, ഇപ്പോള്‍ അതൊരു ഔദ്യോഗിക യുവജന സംഘടനയുടെ റോളിലേക്ക് ചുരുങ്ങിപ്പോവുകയാണോ? 

ഒരിക്കലുമില്ല. ഞങ്ങള്‍ പുതിയ മേഖലകളിലേക്കുകൂടി വികസിക്കുന്നു എന്നുള്ളതാണ്. പഴയതൊന്നും ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. സാമ്രാജ്യത്വവിരുദ്ധ പോരാട്ടം, ഇന്ത്യയുടെ മതനിരപേക്ഷത സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരം, നാടിന്റെ പുരോഗമന സ്വഭാവവും ശാസ്ത്രാവബോധവും നിലനിര്‍ത്തുന്നതിനുള്ള ക്യാംപെയ്നുകള്‍. ഇതൊക്കെത്തന്നെയാണ് അന്നുമിന്നും ഡി.വൈ.എഫ്.ഐയെ വ്യത്യസ്തമാക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ ലെഗസി സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റേതാണ്. ഇന്ത്യയിലെ മറ്റൊരു യുവജന സംഘടനയ്ക്കും അത് അവകാശപ്പെടാനാകില്ല. ഭഗത്സിംഗിന്റേയും സുഖ്ദേവിന്റേയും രാജ്ഗുരുവിന്റേയും ചന്ദ്രശേഖര്‍ ആസാദിന്റേയുമൊക്കെ ജ്വലിക്കുന്ന അനുഭവങ്ങളും ഓര്‍മ്മകളും രക്തസാക്ഷിത്വവുമാണ് ഞങ്ങളുടെ പൈതൃകം. ഈ സംഘടനയുടെ വേരുകള്‍ ചെന്നുനില്‍ക്കുന്നത് അവിടെയാണ്. ഞങ്ങളതുതന്നെയാണ് ശക്തമായി തുടരുന്നത്. പക്ഷേ, പുതിയ മേഖലകളിലേക്കു കൂടി വികസിച്ചു. പുതിയ കാലത്തിന് അനുസരിച്ചുള്ള അത്തരമൊരു വികാസം വേറാര്‍ക്കും സാധിച്ചിട്ടുമില്ല. ആ പുതിയ മേഖലകള്‍ എല്ലാവരും കൗതുകത്തോടെ നോക്കിക്കാണുന്നു. നമ്മള്‍ ജീവിക്കുന്നത് നവലിബറല്‍ കാലത്താണ്. അരാഷ്ട്രീയവല്‍ക്കരണത്തിന്റെ കാലം. അതുകൊണ്ടുതന്നെയാണ് ഈ വര്‍ഗ്ഗീയ സംഘടനകളൊക്കെ മുന്‍പത്തെക്കാളധികം കടന്നുവരുന്നത്. അങ്ങനെ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടാന്‍ ഇടയുള്ള ചെറുപ്പത്തെ ഏറ്റവും ഫലപ്രദമായി ആക്റ്റീവാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഞങ്ങളുടെ പ്രവര്‍ത്തനരീതി മാറ്റി. ഉദാഹരണത്തിന്, കൊവിഡ് കാലത്ത് സര്‍ക്കാരിനെ സഹായിക്കാന്‍ പണം സമാഹരിച്ച രീതി. റീ സൈക്കിള്‍ കേരള എന്ന മോഡലിലൂടെ 11 കോടിയോളം രൂപയാണ് സമാഹരിച്ചത്. സ്വന്തം കാര്യം നോക്കി വീട്ടിലിരുന്നുകൊള്ളണം എന്ന വാക്കുകള്‍ കേള്‍ക്കാതെ, ചെറുപ്പക്കാര്‍ ഇറങ്ങി കല്ലു ചുമക്കുകയും ടാറിന്റെ പണി ചെയ്യുകയും ആക്രി പെറുക്കുകയുമൊക്കെ ചെയ്തു. പൊതിച്ചോറു വാങ്ങാന്‍ പോകുന്നതു വേറെ. കൊവിഡ് സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 6344 മൃതദേഹങ്ങള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അത്യാവശ്യ സാഹചര്യത്തില്‍ സഹായമെത്തിക്കാന്‍ സ്‌നേഹവണ്ടികള്‍ ഒരുക്കി. വിവിധ പരീക്ഷകള്‍ക്കു പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്കും ഈ വാഹനങ്ങള്‍ ഉപകരിച്ചു. 14 ജില്ലകളിലുമായി 5893 സ്‌നേഹവണ്ടികളാണ് ഓടിയത്. തിരുവനന്തപുരത്തു മാത്രം 616. യുവതലമുറയെ സാമ്രാജ്യത്വവിരുദ്ധരും വര്‍ഗ്ഗീയവിരുദ്ധരും പുരോഗമന മൂല്യബോധമുള്ളവരുമാക്കി മോള്‍ഡ് ചെയ്‌തെടുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ഞങ്ങളാലാകുന്നവിധം ചെയ്യുന്നുണ്ട്. 

ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന എഎ റഹിം
ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന എഎ റഹിം

വര്‍ഗ്ഗീയ ശക്തികളുടെ അജന്‍ഡയ്ക്കനുസരിച്ച് ഇടതു യുവജനപ്രസ്ഥാനത്തിന്റെ അജന്‍ഡ ചിലപ്പോഴെങ്കിലും മാറിപ്പോകുന്നില്ലേ. അതിന് ഉദാഹരണമല്ലേ ഹലാല്‍ വിവാദത്തിലെ ഫുഡ് സ്ട്രീറ്റ് പോലുള്ളവ. അതിന്റെ രാഷ്ട്രീയം എങ്ങനെ വിശദീകരിക്കും? 

ആ വിമര്‍ശനത്തില്‍ കഴമ്പില്ല. ഫുഡ് സ്ട്രീറ്റ് എന്ന ക്യാംപെയ്ന്‍ സമീപകാലത്ത് സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിനെതിരായ ഏറ്റവും വലിയ അടിയാണ്. രണ്ടു കാര്യങ്ങള്‍ നോക്കണം. അത്തരമൊരു അപകടകരമായ പ്രചരണം കേരളത്തില്‍ നടന്നപ്പോള്‍ പ്രതികരിക്കാന്‍ പേടിച്ചു മാറിനിന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. ഞാനത് കേട്ടില്ല എന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. വി.ഡി. സതീശന്‍ ഒരക്ഷരം അതിനേക്കുറിച്ച് ഇതുവരെ മിണ്ടിയില്ല. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടന അതിനെതിരെ ഇറങ്ങിയില്ല. തൃശൂരില്‍ അവരുടെ പ്രാദേശിക ഘടകം നടത്തിയ ഒരു ഒറ്റപ്പെട്ട പരിപാടി മാത്രമാണുണ്ടായത്. സമൂഹമാധ്യമങ്ങളില്‍പ്പോലും അതിനെക്കുറിച്ചു പറയാന്‍ ഭയമായിരുന്നു അവര്‍ക്ക്. പക്ഷേ, ഡി.വൈ.എഫ്.ഐക്ക് അങ്ങനെയൊരു ഭയമുണ്ടായില്ല; അത്തരം സാഹചര്യത്തില്‍ എന്തു നിലപാടെടുക്കണം എന്നു വ്യക്തതക്കുറവുമില്ല. അത് സംഘപരിവാറിന്റെ എല്ലാത്തരത്തിലുമുള്ള വിദ്വേഷ പ്രചരണങ്ങള്‍ തുറന്നുകാട്ടാനാണ് ചെയ്തത്. സംഘപരിവാര്‍ ശ്രമിക്കുന്നത് ഇസ്ലാമോഫോബിയ വളര്‍ത്താനാണ്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഇസ്ലാംവിരുദ്ധത വളര്‍ത്തുക, ഇസ്ലാമോഫോബിയ കെട്ടഴിച്ചുവിടുക. അതുവഴി സാമുദായിക വിഭജനവും രാഷ്ട്രീയ നേട്ടവുമുണ്ടാക്കുക. അതാണ് അവരുടെ രാഷ്ട്രീയ അജന്‍ഡ. അതിനു നിന്നുകൊടുക്കാന്‍ മനസ്സില്ല. ആ വിവാദം കെട്ടടങ്ങാന്‍ ഞങ്ങളുടെ ക്യാംപെയ്ന്‍ വലിയ പരിധിവരെ കാരണമായില്ലേ. ശരിയായ സമയത്തെ ഇടപെടലായിരുന്നു അത്. 

കേരളത്തില്‍ ബി.ജെ.പിക്ക് നിയമസഭാ പ്രാതിനിധ്യമില്ല എന്നതു ശരിയാണ്. പക്ഷേ, സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗീയ മനോഭാവമുള്ള ഒരു സമൂഹം മുന്‍പെന്നത്തേക്കാളധികം ഇവിടെ വികസിച്ചിട്ടില്ലേ. ആ ഉല്‍ക്കണ്ഠ പൊതുവേ കേരളം ഇപ്പോള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്താണ് ഡി.വൈ.എഫ്.ഐയുടെ വിലയിരുത്തല്‍. കേരളത്തെ തിരിച്ചുപിടിക്കേണ്ടത് എങ്ങനെയാണ്? 

ഈ ആശങ്ക പൂര്‍ണ്ണമായും അംഗീകരിക്കുന്നു. കേരളത്തില്‍ ബി.ജെ.പിക്ക് എം.എല്‍.എമാരും എം.പിമാരും ഉണ്ടാകുന്നില്ലെങ്കിലും അവര്‍ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയം കേരളത്തിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ പഴയതിനേക്കാള്‍ സ്വാധീനം ചെലുത്തുന്നു. ഇത് യാഥാര്‍ത്ഥ്യബോധത്തോടെതന്നെ കാണേണ്ടതുണ്ട്. ആ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടാണ് എറണാകുളത്തു ചേര്‍ന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി വിപുലമായ പ്രചാരണ പരിപാടി തുടങ്ങാന്‍ തീരുമാനിച്ചത്. അതായത് എന്നാണ് അവസാനിപ്പിക്കുക എന്നു നിശ്ചയിക്കാത്ത ഒരു ക്യാംപെയ്ന്‍. അതാണ് കേരളത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിനെതിരായ പ്രചാരണം. കേരളത്തിന്റെ മതനിരപേക്ഷ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുക എന്നതാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത് ഒരു രാഷ്ട്രീയ തന്ത്രം. അവര്‍ക്കറിയാം, കേരളത്തിന് ഒരു പുരോഗമന ഇക്കോ സിസ്റ്റമുണ്ട്; വളരെ പുരോഗമനപരമായ സാമൂഹിക രാഷ്ട്രീയ ആവാസ വ്യവസ്ഥ. അതിനെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സംഘടിതമായ പുരോഗമന സ്വഭാവത്തെ ഇല്ലാതാക്കുക. അന്ധവിശ്വാസങ്ങളും ജാതിബോധവും വര്‍ദ്ധിപ്പിക്കുകയും വിദ്വേഷ പ്രചരണങ്ങള്‍ അഴിച്ചുവിടുകയും മനുഷ്യകേന്ദ്രീകൃതമല്ലാത്ത, വിപണി കേന്ദ്രീകൃതമായ പൊതുബോധത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത്തരത്തില്‍ പല പരീക്ഷണങ്ങള്‍ പലപ്പോഴായി സംഘപരിവാര്‍ ഇവിടെ നടത്തിയിട്ടുണ്ട്. അങ്ങനെ കേരളം കീഴടങ്ങില്ല. അരുവിപ്പുറം പ്രതിഷ്ഠയ്ക്കു ശേഷം ശ്രീനാരായണഗുരു അവിടെ എഴുതിവച്ചത് ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്നായിരുന്നു. അത് കേരളത്തിന്റെ പൈതൃകമാണ്. അന്നു മുതല്‍ക്കേ കേരളത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന പുരോഗമന സ്വഭാവമുള്ള ഒരു ചരിത്രം കേരളത്തിനുണ്ട്. അതിനെ എല്ലാക്കാലത്തും കേരളം പരിപാലിച്ചിട്ടുമുണ്ട്. ഇടതുപക്ഷ സര്‍ക്കാരുകളിലൂടെ കേരളത്തിനു സാധ്യമായ വികസനം, സാമൂഹിക മുന്നേറ്റം, വിദ്യാഭ്യാസം ഇതെല്ലാം ഈ പുരോഗമന സ്വഭാവം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വളരെ ആസൂത്രിതമായി നുണവാര്‍ത്തകള്‍ ലോകമാകെ സമാധാനത്തിനു ഭീഷണിയായി മാറുന്നു എന്നതാണ് പുതിയ പ്രവണത. വ്യാജ വാര്‍ത്തകളുടെ ഭ്രമണപഥത്തിനു നടുവിലാണ് ഇപ്പോള്‍ ഓരോ മലയാളിയും കഴിയുന്നത്. ഫോര്‍വേഡുകളുടെ ലോകത്താണ്. 2021-ലെ സമാധാന നൊബേലിന് അര്‍ഹയായ മരിയ റെസ്സ 'റാപ്ലര്‍' എന്ന അവരുടെ മാധ്യമ സ്ഥാപനത്തിലൂടെ നടത്തിക്കൊണ്ടിരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരായ ഇടപെടലുകളുടെ പേരിലാണ് അംഗീകാരം നേടിയത് എന്നതും കാണണം. അത്രയേറെ സമാധാനവും വ്യാജവാര്‍ത്തകളും തമ്മില്‍ ബന്ധമുണ്ട്. നിര്‍മ്മിതബുദ്ധിയുടെ കൂടി സഹായത്തോടെ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് കേരളത്തിന്റെ മതേതര അടിത്തറ തകര്‍ക്കാന്‍ സംഘടിത പ്രചരണം നടക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കുക എന്നത് ചെറിയ പണിയായല്ല ഞങ്ങള്‍ കാണുന്നത്. പക്ഷേ, ഇന്നത്തെ ഈ പ്രതിസന്ധിയേയും നമ്മള്‍ നേരിടുമെന്നും അതിജീവിക്കുമെന്നും ഞങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. കാരണം ഇത് ശ്രീനാരായണഗുരുവിന്റേയും വാഗ്ഭടാനന്ദന്റേയും അയ്യന്‍കാളിയുടേയും വക്കം മൗലവിയുടേയും മന്നത്തു പത്മനാഭന്റേയും പി. കൃഷ്ണപിള്ളയുടേയും ഇ.എം.എസ്സിന്റേയുമെല്ലാം നാടാണ്. ഈ നാട് തലകുനിക്കില്ല, കീഴടങ്ങില്ല.

ഭരണത്തുടര്‍ച്ച, സംഘടനാപരമായും രാഷ്ട്രീയമായും പ്രതിപക്ഷത്തിന്റെ ശക്തിക്ഷയം ഇതു രണ്ടും കേരളത്തിലെ ഇടതുപക്ഷത്തെ, പ്രത്യേകിച്ചും സി.പി.എമ്മിനെ രാഷ്ട്രീയമായി ഒരല്പം അലസമാക്കിയിട്ടുണ്ടോ? ഇപ്പോള്‍ നടക്കുന്ന സമ്മേളനങ്ങളില്‍ എത്രത്തോളം സ്വയംവിമര്‍ശനമുണ്ട്? 

സി.പി.എം സമ്മേളനങ്ങളില്‍ നല്ല സ്വയം വിമര്‍ശനവും നല്ല ചര്‍ച്ചകളും വ്യാപകമായി നടക്കുന്നുണ്ട് എന്നാണ് പാര്‍ട്ടിയുടെ ഒരു അംഗമെന്ന നിലയില്‍ എനിക്കു പറയാന്‍ കഴിയുന്നത്. കേരളത്തിലെ രണ്ടോ മൂന്നോ മാധ്യമങ്ങള്‍ കുറച്ചുകാലം മുന്‍പ് സമ്മേളനങ്ങളുടെ അജന്‍ഡ 'നിശ്ചയിക്കുന്ന' പതിവുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ നടക്കാത്തത്. കാഴ്ചക്കാരായി നില്‍ക്കാനല്ലാതെ ഇപ്പോള്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ഇത്തരത്തിലുള്ള മാധ്യമങ്ങള്‍ക്ക് ഒരു റോളും ഇല്ലാതായിരിക്കുന്നു. സമ്മേളനകാലങ്ങളില്‍ അവര്‍ എന്തൊക്കെയാണ് ഒരു ഘട്ടത്തില്‍ എഴുതിപ്പിടിപ്പിച്ചത് എന്നു മറിച്ചുനോക്കിയാല്‍ വളരെ രസകരവും കൗതുകകരവുമായ കാര്യങ്ങളുണ്ടാകും. അതൊന്നും ഇപ്പോള്‍ നടക്കുന്നില്ല എന്നത് മാറ്റിനിര്‍ത്തിയാല്‍ പാര്‍ട്ടിക്കകത്ത് നല്ല വിമര്‍ശനവും നല്ല ചര്‍ച്ചകളും ഉയര്‍ന്നുവരുന്നു. മാത്രമല്ല, കാണാതെ പോയിക്കൂടാത്ത വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. എത്ര യുവതികളാണ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കു വരുന്നത്. സ്ത്രീകള്‍ ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുകളിലേക്ക് ഉയര്‍ന്ന ഉത്തരവാദിത്വങ്ങളിലേക്കു വരുന്നു, ഏരിയാ സെക്രട്ടറിയാകുന്നു. സ്ത്രീശാക്തീകരണവും സ്ത്രീ പുരുഷ തുല്യതയും കേരളത്തിന്റെ പുരോഗമന സ്വഭാവം നിലനിര്‍ത്തുന്നതില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണല്ലോ. കേരളത്തിന്റെ പൊതുപുരോഗതിക്കും അത് പ്രധാനമാണ്. അതിലെല്ലാം വളരെ ക്രിയാത്മകമായി ഇടപെടല്‍ നടത്താന്‍ പാര്‍ട്ടിയുടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമ്മേളനങ്ങള്‍ക്കു സാധിക്കുന്നുണ്ട്. 

വിദ്യാർത്ഥി നേതാവായിരിക്കെ പൊലീസ് വലയത്തിൽ എഎ റഹിം (ഫയൽ ചിത്രം)
വിദ്യാർത്ഥി നേതാവായിരിക്കെ പൊലീസ് വലയത്തിൽ എഎ റഹിം (ഫയൽ ചിത്രം)

ഭരണത്തുടര്‍ച്ച സി.പി.എമ്മിനേയും എല്‍.ഡി.എഫിനേയും സംഘടനാപരമായി കുറച്ചൊരു അലസരാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായില്ല. സമ്മേളനങ്ങള്‍ നടക്കുന്നു, കേന്ദ്രവിരുദ്ധ സമരങ്ങളും നടക്കുന്നു, ശരിതന്നെയാണ്. പക്ഷേ, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിരുന്ന സി.പി.എമ്മിന്റേയും മുന്നണിയുടേയും രീതിയൊന്ന് തണുത്തുപോയിട്ടുണ്ടോ. ഇടതുപക്ഷ പ്രൊഫൈലുകളില്‍നിന്നുതന്നെ അങ്ങനെയുള്ള വിമര്‍ശനങ്ങള്‍ വരുന്നു? 

അങ്ങനെയല്ല. ഒരു കാര്യമുണ്ട്. ഭരണത്തുടര്‍ച്ച എന്നത് കേരളത്തിലെ സി.പി.ഐ.എമ്മിന് ആദ്യ അനുഭവമാണ്. അതുകൊണ്ട് ഭരണത്തുടര്‍ച്ചയുടെ കാലത്ത് കൂടുതല്‍ ശരിയായും കൂടുതല്‍ ശ്രദ്ധയോടേയും നോക്കിപ്പോകേണ്ടതുണ്ട്; ആ തിരിച്ചറിവും ഞങ്ങള്‍ക്കുണ്ട്. ഭരണത്തുടര്‍ച്ച ദീര്‍ഘകാലമുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലുമൊക്കെ ഉണ്ടായ അനുഭവങ്ങള്‍ സി.പി.ഐ.എമ്മിനു മുന്നിലുണ്ട്; തീര്‍ച്ചയായിട്ടുമുണ്ട്. ഞങ്ങള്‍ തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. അങ്ങനെയുള്ള വിജയത്തിന്റേതാകട്ടെ, പരാജയത്തിന്റേതാകട്ടെ; അനുഭവങ്ങളില്‍നിന്ന് എന്താണ് ഉള്‍ക്കൊള്ളേണ്ടത്, എന്താണ് തിരുത്തേണ്ടത് എന്നതിനെ സംബന്ധിച്ച് നല്ല ബോധ്യമുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എം. അതുകൊണ്ട് കേരളത്തില്‍ ഇക്കാര്യത്തില്‍ മുന്‍ അനുഭവങ്ങള്‍ ഇല്ലെങ്കിലും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം, എങ്ങനെയാണ് സംഘടനയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കേണ്ടത്, പുതിയ കാലത്തെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ എങ്ങനെയാണ് സംഘടനയെ പ്രാപ്തമാക്കേണ്ടത്, നവീകരിക്കേണ്ടത് എന്ന കൃത്യമായ ധാരണയുണ്ട്. 

കേരളത്തില്‍ മാധ്യമങ്ങളില്‍ ഒരു വിഭാഗം സി.പി.എമ്മിനെ പ്രത്യേകിച്ചും ഇടതുപക്ഷത്തെ പൊതുവേയും ഉന്നമിടുന്നു എന്ന വിമര്‍ശനം സി.പി.എം മറച്ചുവയ്ക്കാറില്ല. പക്ഷേ, മാധ്യമ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് മാനേജ് ചെയ്യുന്നു എന്നാണ് താങ്കള്‍ ആരോപിച്ചത്. അതിന്റെ അടിസ്ഥാനമെന്താണ്? 

ആര്‍.എസ്.എസ് കേരളത്തിലെ മാധ്യമങ്ങളെ പല രീതിയില്‍ മാനേജ് ചെയ്യുന്നുണ്ട്. കേരളത്തിലെ ബി.ജെ.പി നേതാക്കളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതില്‍ ഒരു ചാനല്‍ വഹിച്ച പങ്ക് ചെറുതല്ല. അവരുടെ ന്യൂസ് അവറുകളാണ് ഇന്നത്തെ ബി.ജെ.പി നേതാക്കളെയെല്ലാം കേരളത്തിനു പരിചയപ്പെടുത്തിക്കൊടുത്തത്. ആ ന്യൂസ് അവറില്‍ അതിഥികളായി വന്നപ്പോഴാണ് അവരെ കേരളം കൂടുതല്‍ പരിചയപ്പെടുന്നത്. ഇതൊരു കാര്യം. മാധ്യമപ്രവര്‍ത്തകരെ, മാധ്യമ സ്ഥാപനങ്ങളെ മാനേജ് ചെയ്യുന്നതിന് കേന്ദ്ര ഏജന്‍സികളെ അവര്‍ ഉപയോഗിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ എന്നതിനപ്പുറത്ത് മാധ്യമ മാനേജ്മെന്റുകളെ പ്രലോഭിപ്പിക്കാനും ബ്ലാക്മെയില്‍ ചെയ്യാനും ഭംഗിയായി അവര്‍ അത് ഉപയോഗിക്കുന്നു. ഉത്തരേന്ത്യയില്‍ നന്നായി ചെയ്തതാണ്, ഇവിടേയും ചെയ്യുന്നു. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മുതലാളിമാര്‍ക്ക് മറ്റു പല ബിസിനസ്സുകളുമുണ്ടാകും. അവരുടെ ഒരു ബിസിനസ്സ് മേഖല മാത്രമാണ് ഇന്ന് കേരളത്തിലെ പല മാധ്യമങ്ങളും. ചിലപ്പോള്‍ സിംഗിള്‍ മാനേജ്മെന്റായിരിക്കും, അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളായിരിക്കും. പണം മുടക്കിയിരിക്കുന്ന ഒരു കൂട്ടം ആളുകളും മറ്റുപല ബിസിനസ്സുകളും ഉള്ളവരായിരിക്കും. അവരുടെ ഒരു നിക്ഷേപം മാത്രമായിരിക്കും ഇത്. മറ്റു നിക്ഷേപങ്ങളില്‍ അവര്‍ക്ക് കേന്ദ്ര ഏജന്‍സികളുടെ പല സഹായങ്ങളും ആവശ്യമായി വരും. ഇല്ലെങ്കില്‍ ഇവരെ ബുദ്ധിമുട്ടിക്കാന്‍ അവര്‍ക്ക് കഴിയും. അങ്ങനെ തലവേദനകളുണ്ടാക്കും എന്ന് ബ്ലാക്മെയില്‍ ചെയ്യാനും ഇവരെ ഗണ്‍ പോയിന്റില്‍ നിര്‍ത്താനും കേന്ദ്ര ഏജന്‍സികള്‍ക്കു സാധിക്കുന്നുണ്ട് എന്നതാണ് ശരിയായ വിവരം. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ചാനല്‍ ബ്ലാക്മെയില്‍ ചെയ്യപ്പെട്ടത് കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതല്ലേ. പ്രധാനപ്പെട്ട രണ്ടുമൂന്ന് പരസ്യദാതാക്കളെ ബി.ജെ.പി ഇത്തരം ഏജന്‍സികളെ ഉപയോഗിച്ച് ശക്തമായി ഭീഷണിപ്പെടുത്തി. നിങ്ങളുടെ ചാനലിനു തരുന്ന പരസ്യം നിര്‍ത്തേണ്ടിവരും എന്ന് ആ പരസ്യ ദാതാക്കള്‍ ചാനലിനോടു പറഞ്ഞു. അതോടെ ചാനലിന് അവരുടെ നിലപാടില്‍ വെള്ളം ചേര്‍ക്കേണ്ടിവരികയാണ്, സംഘപരിവാര്‍ വരച്ചിട്ട വഴിയിലൂടെ അവര്‍ക്ക് പോകേണ്ടി വരികയാണ്. ആര്‍.എസ്.എസ്സിന്റെ ഇത്തരം ഇടപെടലുകള്‍ കേരളം ഗൗരവത്തോടെ കാണണം. ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ അജന്‍ഡകള്‍ക്ക് വലിയ സ്വാധീനം ചെലുത്താനാകുന്നില്ല. ചില തെരഞ്ഞെടുപ്പു ഫലങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമാണ്. സമൂഹമാധ്യമങ്ങളുടെ കാലത്ത് അവരുടെ വിശ്വാസ്യത വലിയ തോതില്‍ ചോദ്യം ചെയ്യപ്പെടുകയും സോഷ്യല്‍ സ്‌ക്രൂട്ടിനിക്ക് അവര്‍ വിധേയരാവുകയുമൊക്കെ ചെയ്യുന്നുണ്ട്. ഏകപക്ഷീയമായ സ്വാധീനശക്തിയാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെന്നു കരുതാന്‍ കഴിയില്ല. കാലം മാറി, പുതിയ കാലത്തിന്റെ സവിശേഷതയാണത്. പക്ഷേ, നവതലമുറ മാധ്യമങ്ങളിലും സ്വാധീനം ചെലുത്താന്‍ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നവതലമുറ മാധ്യമങ്ങളെക്കൂടി അഭിസംബോധന ചെയ്യുന്ന മാധ്യമ സാക്ഷരതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 

എഎ റഹിം/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
എഎ റഹിം/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കെതിരായ വിമര്‍ശനങ്ങളില്‍ ചര്‍ച്ചകളുടേയും ബോധ്യപ്പെടുത്തലിന്റേയും വഴി സ്വീകരിക്കാന്‍ എന്താണ് ഇടതു സര്‍ക്കാര്‍ മടിക്കുന്നത്. എതിര്‍പ്പുകളെ ഡി.വൈ.എഫ്.ഐയും സി.പി.എമ്മും കണ്ടില്ലെന്നു നടിക്കുകയാണോ, അങ്ങനെ മുന്നോട്ടു പോകാന്‍ കഴിയുമോ? 

അല്ല. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കിയത് പൊലീസ് ശക്തി ഉപയോഗിച്ചായിരുന്നില്ല. സില്‍വര്‍ലൈന്‍ പദ്ധതിയും അതുപോലെ ചര്‍ച്ചകളിലൂടെ മാത്രമേ നടപ്പാക്കുകയുള്ളു. മറിച്ചുള്ളത് തെറ്റിദ്ധാരണയാണ്. പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങള്‍ക്കും ഏറ്റെടുക്കുന്ന ഭൂമിക്കും വലിയ വിലയാണ് കൊടുക്കുന്നത്. പഴയതുപോലെ ഭൂമി വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ല. ഭൂമിയുടെമേല്‍ ആളുകള്‍ക്ക് വൈകാരികതയുണ്ട്. പക്ഷേ, അതൊക്കെ ചര്‍ച്ചകളിലൂടെയും ക്യാംപെയ്നിലൂടെയും ബോധ്യപ്പെടുത്തിക്കൊണ്ടു ചെയ്യാന്‍ കഴിയും. പക്ഷേ, ആ ക്യാംപെയ്നെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകണം. സര്‍ക്കാരിനു മാത്രമായി ഏകപക്ഷീയമായി ചെയ്യാന്‍ കഴിയുന്നതല്ല ഇതൊന്നും. സി.പി.എമ്മും എല്‍.ഡി.എഫും ഡി.വൈ.എഫ്.ഐയും സ്വന്തം ഉത്തരവാദിത്വങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍വ്വഹിക്കും. പക്ഷേ, മറുവശം ആലോചിച്ചുനോക്കൂ. കെ റെയില്‍ വിരുദ്ധ സമരം എന്തിനാണ്. ഗെയിലിനെതിരായ സമരം എന്തിനായിരുന്നു. പരിസ്ഥിതിയെയാണ് ഇതിലൊക്കെ അവര്‍ പലപ്പോഴും കൊണ്ടുവന്നു കൂട്ടിക്കെട്ടുന്നത്. ഇതൊരു ഹരിത പദ്ധതിയല്ലേ? എന്താണ് പരിസ്ഥിതിയുടെ ആഘാതവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നം? കാലാവസ്ഥാവ്യതിയാനമാണ്. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന അതിതീവ്ര മഴ, അത് താങ്ങാനാകാതെ ഉണ്ടാകുന്ന മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍. ഇതിനൊക്കെ കാരണം അറബിക്കടലിന്റെ സ്വഭാവം മാറിയതാണ്. മുന്‍പ് ശാന്തമായിരുന്ന അറബിക്കടല്‍ ഇന്ന് വലിയ തോതില്‍ മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് കാരണം. അത് ലോകത്തിന്റെ പ്രശ്‌നമാണ്, കേരളത്തിന്റെ മാത്രമല്ല. കാലാവസ്ഥാവ്യതിയാനത്തിനു പരിഹാരമായി ലോകമാകെ നിര്‍ദ്ദേശിക്കുന്ന ഒരു മാര്‍ഗ്ഗം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നതാണ്. അതു കഴിയണമെങ്കില്‍ ലോകമാകെ അംഗീകരിച്ചിട്ടുള്ള വഴികളിലൊന്നാണ് പൊതുഗതാഗത സംവിധാനം വികസിപ്പിക്കുക എന്നത്. നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ട് എത്താന്‍ കഴിയുന്ന പൊതുഗതാഗത സംവിധാനമുണ്ടെങ്കില്‍ പകരം ആരെങ്കിലും കാര്‍ ഉപയോഗിക്കുമോ? ഓരോ ദിവസവും പതിനായിരക്കണക്കിനു വാഹനങ്ങള്‍ റോഡില്‍ കുറയ്ക്കാന്‍ സാധിക്കും. അതിന്റെ കണക്കുകളുണ്ട്. അതുവഴി എത്രകണ്ട് കാര്‍ബണ്‍ ബഹിര്‍ഗമനം നമുക്കു കുറയ്ക്കാന്‍ കഴിയും? ലോകത്തെ കാലാവസ്ഥാവ്യതിയാനത്തിന് അത് നല്‍കുന്ന സംഭാവന ചെറുതായിരിക്കാം. പക്ഷേ, എന്നാല്‍പോലും അത്തരം സംരംഭത്തെ പോസിറ്റീവായി കാണുകയല്ലേ വേണ്ടത്. അതില്‍ പ്രൊഡക്റ്റീവായി എന്തെങ്കിലും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനുണ്ടെങ്കില്‍ അതാകാമല്ലോ. സര്‍ക്കാര്‍ സംവാദത്തിനു തയ്യാറാണ്. നമുക്കു വര്‍ത്തമാനമാകാം. പക്ഷേ, ഇത് അതല്ലല്ലോ. ഞങ്ങളിതു നടപ്പിലാക്കാന്‍ വിടില്ല എന്നല്ലേ വെല്ലുവിളി. അത് ആരോടുള്ള വെല്ലുവിളിയാണ്? അത് പൊളിറ്റിക്കലാണ്. അതിനുവേണ്ടിയൊരു സംയുക്തവേദി രൂപപ്പെടുകയാണ്. അവിശുദ്ധ സഖ്യം. ബംഗാളില്‍ രൂപപ്പെട്ടതുപോലെ ഒരു മഴവില്‍ സഖ്യം. ജമാഅത്തെ ഇസ്ലാമിയും ബി.ജെ.പിയും പോപ്പുലര്‍ ഫ്രണ്ടും കോണ്‍ഗ്രസ്സും ആര്‍.എം.പിയും മുസ്ലിം ലീഗുമൊക്കെ ചേരുന്ന സഖ്യം. ഒരുവിഭാഗം മാധ്യമങ്ങളും അതിനൊപ്പം ചേരുന്നു. കേരളത്തിലെ ഒരു ചാനല്‍ അതിന് അവസരമുണ്ടാക്കുന്നവിധം ക്യാംപെയ്ന്‍ നടത്തിക്കൊടുത്തില്ലേ. ഒരു യുവജന സംഘടനയുടെ പ്രതിനിധി എന്ന നിലയില്‍ ഞാന്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു: കേരളത്തില്‍ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ വേണം. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളിലുണ്ടായ മാറ്റത്തോടെ അവിടുത്തെ സാധ്യതകള്‍ മങ്ങി. ഗള്‍ഫ് രാജ്യങ്ങളിലേക്കു പ്രത്യേകിച്ചുമുള്ള പ്രവാസത്തിന്റെ അളവ് കുറയുകയാണ്. രണ്ടാമത് നമ്മള്‍ ആശ്രയിച്ചിരുന്ന പ്രധാനപ്പെട്ട ഒരു മേഖല കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു. അവിടെ സ്വകാര്യവല്‍ക്കരണം അതിവേഗത്തില്‍ വ്യാപകമാകുന്നു. പി.എസ്.സി മുഖേനയുള്ള നിയമനങ്ങള്‍ ശക്തിപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് പരിഹാരം. കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കിക്കൂടി മാറ്റിക്കൊണ്ടേ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയുള്ളു. അതിന് അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കണം. ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ശരിയായ പാതയിലൂടെ സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഇത് വലതുപക്ഷത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഈയൊരു മാറ്റമുണ്ടായാല്‍ എല്‍.ഡി.എഫ് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വേരാഴ്ത്തും. ഇടതുപക്ഷം വികസന വിരോധികളാണ് എന്നായിരുന്നു പണ്ടുമുതലുള്ള പ്രചരണം. എന്നാല്‍, അതു സത്യമല്ല എന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയാണ്. രാഷ്ട്രീയമായി തങ്ങള്‍ക്കുണ്ടാകാവുന്ന നഷ്ടം തിരിച്ചറിഞ്ഞുകൊണ്ട് കേരളത്തിന്റെ വികസനത്തെ ഏതുവിധവും തടയാനുള്ള അവിശുദ്ധ നീക്കമാണ് നടത്തുന്നത്. അതിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുന്നത് വര്‍ഗ്ഗീയ ശക്തികളാണ്. തീവ്ര ഇടതുപക്ഷവും തീവ്ര വലതുപക്ഷവുമുണ്ട്. അവര്‍ക്കു മുന്നില്‍നിന്നു കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു. ഇത് അപകടകരമായ രസതന്ത്രമാണ്, 

പൊതുവേദിയിൽ
പൊതുവേദിയിൽ

വലതുപക്ഷം മാത്രമല്ല ഇടതുപക്ഷത്തിന്റെ ഭാഗമായ, സി.പി.എം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ശാസ്ത്രസാഹിത്യപരിഷത്ത് പോലും പ്രതിഷേധ കൂട്ടായ്മകളുടെ ഭാഗമായി മാറുന്നു? 

പരിഷത്ത് ആത്മപരിശോധന നടത്തണം. കാര്യങ്ങളെ സമഗ്രമായി കാണാന്‍ ശ്രമിക്കണം. അതാണു പറയാനുള്ളത്. പ്രൊഡക്റ്റീവായ നിര്‍ദ്ദേശങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ ഉണ്ടെങ്കില്‍ അതാകാം. എതിര്‍പ്പുള്ള സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ഒക്കെയാകാം അത്. അങ്ങനെയാണല്ലോ നമ്മുടെ സമൂഹം ചെയ്യേണ്ടത്. ഇത് അതല്ല. ഇങ്ങനെയൊരു പദ്ധതിയേ വേണ്ട എന്നു പറയുകയാണ്. പരിസ്ഥിതിക്കുള്ള ആഘാതം ലഘൂകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ കാര്യം നടപ്പാക്കുന്നത്. അതു വ്യക്തമായിക്കഴിഞ്ഞു. ഇനിയും എന്തെങ്കിലുമുണ്ടോ. അതും ചര്‍ച്ച ചെയ്യാം. പക്ഷേ, ഇതു പാടില്ല എന്ന് പറഞ്ഞ് സര്‍ക്കാര്‍വിരുദ്ധ മുന്നണി രൂപപ്പെടുമ്പോള്‍ അവിടെ പരിഷത്ത് പോയിട്ടുണ്ടെങ്കില്‍ പരിഷത്ത് ആത്മപരിശോധന നടത്തേണ്ട കാര്യമാണ്. 

സംഘപരിവാറിന്റെ ഫാസിസ്റ്റു വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ഏറ്റവും ഫലപ്രദമായി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്നത് തങ്ങളാണ് എന്നത് സി.പി.എമ്മിന്റെ ഏറ്റവും ശക്തമായ അവകാശവാദങ്ങളില്‍ ഒന്നാണ്. മറുവശത്ത് സി.പി.എമ്മും സര്‍ക്കാരും പലപ്പോഴും മുസ്ലിം വിരുദ്ധ നിലപാട് എടുക്കുന്നു എന്ന പ്രചാരണം അസാധാരണമാംവിധം താഴേത്തട്ടില്‍ നടന്നുകാണ്ടിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. എന്താണ് വസ്തുത? 

അതിനു പിന്നില്‍ ഒന്നാമതായി ജമാഅത്തെ ഇസ്ലാമിയാണ്; രണ്ട് പോപ്പുലര്‍ ഫ്രണ്ടാണ്; പിന്നെ ജമാഅത്ത്വല്‍ക്കരിക്കപ്പെട്ട മുസ്ലിം ലീഗുകാരാണ്. ഇത് ഗൗരവത്തോടുകൂടി കേരളം കാണണം. പ്രത്യേകിച്ചും മുസ്ലിം സമുദായാംഗങ്ങള്‍ ഇതിനെ ശക്തമായ ജാഗ്രതയോടുകൂടി കാണണം. സമുദായാടിസ്ഥാനത്തിലുള്ള ചര്‍ച്ചകളും വിഭാഗീയതയും വര്‍ദ്ധിക്കണം എന്ന് ആഗ്രഹിക്കുന്ന ആര്‍.എസ്.എസ് നിലപാടിന്റെ സാധൂകരണമാണ് ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ചെയ്തുകൊടുക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ശക്തിപ്പെടുക എന്നത് ആര്‍.എസ്.എസ്സിന്റെ കൂടി ആഗ്രഹമാണ്. മുസ്ലിം ഏകീകരണം ഉണ്ടായാല്‍ അപ്പുറത്ത് ഹിന്ദു ഏകീകരണവും സംഭവിച്ചുകൊള്ളും. അപ്പോള്‍ ആര്‍.എസ്.എസ്സിന് വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ കഴിയും. ആര്‍.എസ്.എസ്സിന്റെ വര്‍ഗ്ഗീയ പദ്ധതിക്ക് മണ്ണൊരുക്കിക്കൊടുക്കുകയാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍. മുന്‍കാലങ്ങളില്‍ ലീഗ് അങ്ങനെ ചെയ്തിരുന്നില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ലീഗ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ലീഗിലെ എല്ലാവരുമല്ല, ഒരു വലിയ വിഭാഗം ജമാഅത്തെ ഇസ്ലാമിവല്‍ക്കരിക്കപ്പെടുകയും അവരുടെ ആശയങ്ങള്‍ക്ക് കീഴ്പെടുകയും ചെയ്തിട്ട് അവരുടെ പ്രൊപ്പഗാന്‍ഡ ടൂള്‍ ആയി മാറുകയാണ്. ലീഗ് വ്യക്തമാക്കേണ്ടത് തങ്ങളൊരു രാഷ്ട്രീയ പാര്‍ട്ടിയാണോ അതോ തീവ്ര നിലപാടുകളുള്ള മതസംഘടനയാണോ എന്നാണ്. ഈ വിദ്വേഷ പ്രചരണത്തെ ഞങ്ങള്‍ ചെറുതായി കാണുന്നില്ല. അവരുടെ ലക്ഷ്യം ഇടതുപക്ഷത്തിനു കിട്ടുന്ന അംഗീകാരം ഇല്ലാതാക്കുക എന്നുള്ളതാണ്. അതും ആര്‍.എസ്.എസ്സിന്റെ അജന്‍ഡയാണ്. വലിയ തോതിലുള്ള അരക്ഷിതാവസ്ഥയാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക്. അത് ലോകസാഹചര്യവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിലെ സംഘപരിവാര്‍ ഭരണം അവരുടെ അജന്‍ഡുകള്‍ നടപ്പാക്കിത്തുടങ്ങിയതും ആ അരക്ഷിതബോധം വര്‍ദ്ധിപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍, പഴയതില്‍നിന്നു വ്യത്യസ്തമായി ഇടതുപക്ഷമാണ് ബദല്‍ എന്നു തിരിച്ചറിഞ്ഞ് ആ ബദലിലേക്ക് അടുക്കുകയാണ്. ആ രാഷ്ട്രീയ പ്രക്രിയ കേരളത്തില്‍ കൃത്യമായി നടക്കുന്നുണ്ട്. അത് അവസാനിപ്പിക്കാനാണ് കമ്യൂണിസ്റ്റോഫോബിയ ഇവര്‍ ഉല്പാദിപ്പിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ മുസ്ലിം വിരുദ്ധരും ഇസ്ലാം വിരുദ്ധരുമാണ് എന്ന തോന്നല്‍ വളരെ ആസൂത്രിതമായി പ്രചരിപ്പിക്കുന്നു. ഇത് ആത്യന്തികമായി സഹായിക്കുന്നത് സംഘപരിവാറിനെയാണ്. ഇന്ത്യയില്‍ ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യുക ആര്‍.എസ്.എസ്സിന്റെ പ്രധാന കാര്യപരിപാടിയാണ്. അത് വിചാരധാര മുതല്‍ ത്രിപുരയിലെ തോല്‍വിക്കു ശേഷം കേരളത്തിലെ ചുവപ്പുകൂടി ഞങ്ങള്‍ ഇല്ലാതാക്കും എന്ന വെല്ലുവിളി വരെ നീളുന്നതാണ്. കമ്യൂണിസ്റ്റോഫോബിയയുടെ നോക്കുകൂലിയിലാണ് എല്ലാക്കാലത്തും കേരളത്തിലെ വലതുപക്ഷം ഭരണം നടത്തിക്കൊണ്ടിരുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാക്കി നിര്‍ത്താന്‍ അവര്‍ ഉപയോഗിച്ച വഴി കമ്യൂണിസ്റ്റുകാര്‍ വിശ്വാസത്തിനും മതത്തിനും എതിരാണ് എന്ന വ്യാജ പ്രചരണങ്ങളാണ്. അങ്ങനെ ഉല്പാദിപ്പിക്കപ്പെട്ട ഇടതുവിരുദ്ധതയെ വോട്ടാക്കി മാറ്റുകയാണ് യു.ഡി.എഫ് ചെയ്തിരുന്നത്. '90-കള്‍ക്കു ശേഷം ഇതില്‍ വലിയ മാറ്റമുണ്ടായി. ഇടതുപക്ഷത്തിന്റെ പ്രസക്തി അവര്‍ തിരിച്ചറിയാന്‍ തുടങ്ങി. ലീഗിന്റെ കോട്ടകള്‍ എന്നു പറയാവുന്ന സ്ഥലങ്ങള്‍ കുറഞ്ഞുവരികയാണ്. അവര്‍ക്ക് നഷ്ടമുണ്ടാകുന്നു എന്നു മാത്രമല്ല, ലീഗ് ജയിച്ച മണ്ഡലങ്ങളില്‍പോലും ചില ഇടങ്ങളില്‍ നാമമാത്ര ഭൂരിപക്ഷമേയുള്ളു. ഈ മാറ്റം വളര പ്രകടമാണ്. ആ മാറ്റം മറികടക്കാനാണ് അവര്‍ ജമാഅത്തെ ഇസ്ലാമിവല്‍ക്കരണത്തിനു വിധേയമാകുന്നത്. സംഘപരിവാര്‍ എന്ന അപകടത്തെ നേരിടേണ്ടത് മതേതരവേദി ശക്തിപ്പെടുത്തിക്കൊണ്ടാണ്. സെക്കുലറിസമാണ് സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനു ബദല്‍. 

എഎ റഹിമും അടുത്തിടെ അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവും വിദ്യാർത്ഥി നേതൃത്വത്തിൽ നിന്ന കാലത്ത് (ഫയൽ ചിത്രം)
എഎ റഹിമും അടുത്തിടെ അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവും വിദ്യാർത്ഥി നേതൃത്വത്തിൽ നിന്ന കാലത്ത് (ഫയൽ ചിത്രം)

ഈ പറഞ്ഞതൊക്കെ രാഷ്ട്രീയമായി ശരിയായിരിക്കുമ്പോള്‍ത്തന്നെ ഭരണപരമായ ചില നടപടികള്‍ അവരുടെ വാദത്തെ ശരിവയ്ക്കുന്നില്ലേ. ഉദാഹരണത്തിന്, വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടതും ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ വിടാത്തതും. വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്ക് താരതമ്യം എളുപ്പമാക്കിക്കൊടുക്കുകയല്ലേ അത്? 

വഖഫ് ബോര്‍ഡിന്റെ വിഷയംതന്നെ എടുക്കാം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറങ്ങിയത്. അതിനു മുന്‍പുതന്നെ ഈ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചു. അതില്‍ പങ്കെടുത്ത എം.എല്‍.എമാരായ രണ്ട് ലീഗ് അംഗങ്ങള്‍ അതില്‍ വിയോജിപ്പു രേഖപ്പെടുത്തി. ആ തീരുമാനം വന്നപ്പോഴോ ഓര്‍ഡിനന്‍സ് വന്നപ്പോഴോ അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിലോ വലിയ ചര്‍ച്ചാവിഷയമാകാതിരുന്ന ഒരു വിഷയം അതിന്റെ സ്വാഭാവിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന സമയത്ത്, ഇപ്പോള്‍ ഉയര്‍ന്നുവരാനുള്ള കാരണമെന്താണ്. തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായി കാലിടറിയതുകൊണ്ടാണ്. പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ നടന്ന ചര്‍ച്ചകളില്‍ പലതിലും ഞങ്ങള്‍ ചോദിച്ച ഒരു കാര്യമുണ്ട്. സര്‍ക്കാര്‍ കഴിയുന്നത്ര നിയമനങ്ങള്‍ പി.എസ്.സിക്കു വിടുകയാണല്ലോ, കഴിഞ്ഞ ദിവസമല്ലേ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടത്. എന്നാല്‍, വളരെക്കുറച്ചു നിയമനങ്ങള്‍ മാത്രം നടക്കുന്ന അവിടുത്തെ നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടതിനെക്കുറിച്ചാണ് വീരസ്യം പറയുന്നത് എന്ന തരത്തിലാണ് ആ ചര്‍ച്ചയില്‍ പങ്കെടുത്ത യൂത്ത് ലീഗിന്റെ ഉള്‍പ്പെടെ നേതാക്കള്‍ പ്രതികരിച്ചത്. എന്നിട്ടിപ്പോള്‍ രാഷ്ട്രീയമായി അവരുടെ നിലനില്‍പ്പ് പ്രതിസന്ധിയിലായപ്പോള്‍ മാറ്റിപ്പറയുകയാണ്. ചരിത്രത്തിലാദ്യമായി ലീഗിനെപ്പോലുള്ള ഒരു വലതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിപക്ഷത്തു വീണ്ടും തുടരേണ്ടിവരുന്നത് ചെറിയ പ്രതിസന്ധിയല്ല അവര്‍ക്കുള്ളില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതിന്റെ ഹാലിളക്കമാണ് ഇത്തരം വിദ്വേഷ പ്രചരണത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അതിനു കേരളം വശംവദരാകില്ല. ദേവസ്വം ബോര്‍ഡ് നിയമനങ്ങളുമായി ഇതു താരതമ്യം ചെയ്യുന്നത് അസംബന്ധമാണ്. ദേവസ്വം നിയമനങ്ങള്‍ നടത്തുന്നതിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡുണ്ട്. എന്തുകൊണ്ട് അത് റിക്രൂട്ട്മെന്റ് ബോര്‍ഡും ഇത് പി.എസ്.സിയും എന്നു ചോദിച്ചാല്‍, നൂറോളം തസ്തികകള്‍ മാത്രമാണ് വഖഫ് ബോര്‍ഡില്‍ ആകെയുള്ളത്. എല്ലാ തസ്തികകളിലും എപ്പോഴും നിയമനം വരില്ലല്ലോ. ഏതാനും ഒഴിവുകള്‍ മാത്രമാണ് എപ്പോഴെങ്കിലും വരിക. അതിനു മാത്രമായി ഒരു റിക്രൂട്ട്മെന്റ് ബോര്‍ഡ് പ്രായോഗികമല്ല. ദേവസ്വം നിയമനങ്ങളാകട്ടെ, വ്യത്യസ്ത വിഭാഗങ്ങളിലായി ആയിരക്കണക്കിനുണ്ട്. പള്ളിയിലെ ഇമാമിനേയും മുഅദ്ദീനേയും നിയമിക്കുന്നത് വഖഫ് ബോര്‍ഡല്ല; ക്ലര്‍ക്കിനേയും പ്യൂണിനേയുമൊക്കെയാണ് നിയമിക്കുന്നത്. എന്‍ട്രി കേഡറില്‍ വേറൊരു നിയമനവും നടക്കുന്നില്ല. അത് പി.എസ്.സി വഴി നടത്തിയാല്‍ പോരേ? മുസ്ലിം സമുദായത്തിന് അത് സംവരണം ചെയ്യുന്നുമുണ്ട്. എന്നാല്‍, പൂജാരിയും കഴകക്കാരും മുതല്‍ ക്ഷേത്രങ്ങളിലെ മുഴുവന്‍ ജീവനക്കാരേയും നിയമിക്കുന്നത് റിക്രൂട്ട്മെന്റ് ബോര്‍ഡ് മുഖേനയാണ്. വളരെ വ്യക്തമാണ് കാര്യങ്ങള്‍. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതുവഴി ആരുടേയും ഒരവസരവും നഷ്ടപ്പെടുന്നില്ല. മാത്രമല്ല, നയപരമായ തീരുമാനമെടുക്കുന്നവരെയല്ലല്ലോ നിയമിക്കുന്നത്. 

ബോര്‍ഡിന്റെ സ്വഭാവത്തില്‍ ഇതുവഴി ഒരു മാറ്റവും ഉണ്ടാകുന്നില്ല. സമുദായ ധ്രുവീകരണം ഉണ്ടാകാതെ ലീഗിനു നില്‍ക്കക്കള്ളി ഇല്ലാതായിരിക്കുന്നു. അതാണ് കാര്യം. ഇത് അപകടകരമാണ്. അതുകൊണ്ട് ലീഗില്‍ ജനാധിപത്യ മതേതര ബോധമുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇത്തരം പ്രവണതകളില്‍നിന്നു പിന്തിരിപ്പിക്കണം. സമസ്തയുടെ ജിഫ്രി തങ്ങള്‍ എത്ര മാതൃകാപരമായ നിലപാടാണെടുത്തത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേരളത്തിലെ മതനിരപേക്ഷ ശക്തികള്‍ക്ക് എത്രമാത്രം ആത്മവിശ്വാസമാണ് പകര്‍ന്നത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആദ്യമേ തന്നെ ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ക്കു ഞാനില്ല എന്നു പറഞ്ഞു മാറിനിന്നു. എം.ഇ.എസും മാറിനിന്നല്ലോ. ഇവരുടെ വിദ്വേഷ പ്രചരണത്തിന്റെ മറുപുറമാണത്.

മുസ്ലിം സമുദായത്തിന്റെ പിന്തുണ എളുപ്പത്തില്‍ നേടാനും നിലനിര്‍ത്താനും കഴിയുന്ന ഒന്നാണെന്നും അവര്‍ക്കു നിലവിലെ സാഹചര്യത്തില്‍ വേറെ വഴിയില്ല എന്നുമുള്ള തോന്നല്‍ സി.പി.എമ്മിനുണ്ടായിരിക്കുന്നു എന്നാണ് ഒരു വിമര്‍ശനം. ഇതിനെ എങ്ങനെ കാണുന്നു? 

മുസ്ലിം ജനവിഭാഗം ഇടതുപക്ഷത്തോട് അടുക്കുന്നത് സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതിലുപരി ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും പോലുള്ള സംഘടനകള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. അവരുടെ രാഷ്ട്രീയത്തിന് പ്രസക്തി നഷ്ടപ്പെടുകയാണല്ലോ. മുസ്ലിങ്ങള്‍ എന്ന നിലയ്ക്കല്ല സംഘടിക്കേണ്ടതെന്നും മതനിരപേക്ഷ കൂട്ടായ്മകളുടെ ഭാഗമാവുകയാണ് വേണ്ടതെന്നുമുള്ള നിലപാടാണ് എല്ലാ തലമുറയിലും പെട്ട മുസ്ലിങ്ങള്‍ ഇന്നു സ്വീകരിക്കുന്നത്. അതല്ല എന്നു സ്ഥാപിക്കേണ്ടത് അവരുടെ ആവശ്യമാണ്. അതാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച്, ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും ആത്മവിശ്വാസവും കൊടുക്കുക എന്നത് രാഷ്ട്രീയ കടമയായാണ് കാണുന്നത്. അതൊരു തെരഞ്ഞെടുപ്പ് അജന്‍ഡയല്ല ഞങ്ങള്‍ക്ക്. തെരഞ്ഞെടുപ്പില്‍ എങ്ങനെ ബാധിക്കുമെന്നു നോക്കിയിട്ടല്ല ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നത്. 

ഡിവൈഎഫ്ഐ യൂത്ത് ബ്രി​ഗേഡിനൊപ്പം
ഡിവൈഎഫ്ഐ യൂത്ത് ബ്രി​ഗേഡിനൊപ്പം

ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും തുല്യമായി താരതമ്യം ചെയ്യുന്നത് രാഷ്ട്രീയമായി ശരിയല്ല എന്നാണല്ലോ സി.പി.എം നിലപാട്. പക്ഷേ, ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും സ്വാധീനശക്തികളായി മാറിയിരിക്കുന്ന കേരളത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ തുല്യശക്തികളായി മാറി എന്നു കാണാന്‍ കഴിയുമോ. സമീപകാലത്ത് സി.പി.എമ്മിന്റെ ക്യാംപെയ്നുകള്‍ അങ്ങനെ മാറിയിട്ടുണ്ടോ?
 
ഇല്ലില്ല. ആര്‍.എസ്.എസ് ആണ് ഏറ്റവും അപകടകാരി. ഇതെല്ലാം ആര്‍.എസ്.എസ്സിന്റെ പദ്ധതികളാണ്. ഇവര്‍, നേരത്തെ പറഞ്ഞതുപോലെ ആ പദ്ധതിക്ക് മണ്ണൊരുക്കിക്കൊടുക്കുകയാണ്. അതല്ല ബദല്‍ എന്നും മതനിരപേക്ഷ പ്ലാറ്റ്ഫോം ശക്തിപ്പെടണം എന്നുമുള്ളതാണ് ഞങ്ങളെടുക്കുന്ന നിലപാട്. മറ്റൊന്ന്, ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും സ്വാധീനശക്തികളായി മാറിയിരിക്കുന്നു എന്നത് വസ്തുതാപരമായി ശരിയല്ല. അവര്‍ സ്വാധീനശക്തികളായി മാറിയിട്ടില്ല. കണക്കുകളുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നുണ്ടല്ലോ. അവരുടെ വോട്ട് ഷെയര്‍ എത്രയാണ്? എസ്.ഡി.പി.ഐ മത്സരിക്കുന്നു. അവര്‍ക്കെത്ര വോട്ടു കിട്ടുന്നുണ്ട്? കേരളത്തിലെ ആകെ മുസ്ലിങ്ങള്‍ എത്രയാണ്? വളരെ പ്രധാനപ്പെട്ട ഒരു യാഥാര്‍ത്ഥ്യം, ഹിന്ദുത്വ വര്‍ഗ്ഗീയതയും ഇസ്ലാമിസ്റ്റ് വര്‍ഗ്ഗീയതയും തീവ്ര വലതുപക്ഷമാണ് എന്നതാണ്. തീവ്ര വലതുപക്ഷത്തിനും തീവ്ര ഇടതുപക്ഷത്തിനും എതിരായ സമരത്തിലൂടെ തന്നെയാണ് കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി വളര്‍ന്നത്. 

പൊലീസിന്റെ വഴിവിട്ട പ്രവൃത്തികളുടെ പേരുദോഷവും ദോഷവും രണ്ടാം പിണറായി സര്‍ക്കാരിനേയും ബുദ്ധിമുട്ടിലാക്കുകയാണല്ലോ. പക്ഷേ, പൊലീസിനെ നിര്‍ത്തേണ്ടിടത്തു നിര്‍ത്താന്‍ ഇപ്പോഴും ഇടതുമുന്നണി സര്‍ക്കാരിനു കഴിയാത്തതെന്തുകൊണ്ടാണ്? 

രാജ്യത്തെ ഏറ്റവും മേന്മയുള്ള പൊലീസ് സംവിധാനം തന്നെയാണ് കേരളത്തില്‍ ഇപ്പോഴുമുള്ളത്. കൊവിഡ് പ്രതിരോധം, പ്രളയം തുടങ്ങിയതിലൊക്കെ പൊലീസ് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ കണ്ടതാണ്. അതൊന്നും പറയാതെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് ചിലര്‍ പറയുന്നത്. തീര്‍ച്ചയായും പൊലീസിന് പൊലീസിന്റേതായ സ്വഭാവമുണ്ട്. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി ഭരണത്തില്‍ വന്നുവെന്നു പറഞ്ഞാല്‍ ഭരണനേതൃത്വം മാത്രമാണ് മാറിവരുന്നത്. ഭരണയന്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും മാറിവരുന്നില്ല, ഉദ്യോഗസ്ഥ സംവിധാനമാകെ മാറുന്നില്ല. അതൊക്കെ തുടര്‍ന്നുവരുന്ന ചില രീതികളുണ്ട്. അതിനെയൊക്കെ മാറ്റിയെടുക്കാനുള്ള ശ്രമകരമായ പദ്ധതികളും ഇടപെടലുകളുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിവരുന്നത്. മുന്‍കാലങ്ങളില്‍ ജനമൈത്രി പൊലീസ് ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. 

പൊലീസിലെ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചു. അതെല്ലാം പൊലീസ് സേനയുടെ സ്വഭാവത്തില്‍ വലിയ തോതിലുള്ള മാറ്റമുണ്ടാക്കി. അന്വേഷണം കൂടുതല്‍ ശാസ്ത്രീയമാക്കി. അവരുടെ അമിത ജോലിഭാരം പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. അതു കുറയ്ക്കുന്ന വിധത്തിലുള്ള കൂടുതല്‍ വിഭജനങ്ങളുണ്ടായി. പുതിയ സബ് ഡിവിഷനുകള്‍ വന്നു; കൂടുതല്‍ സി.ഐമാരും ഡി.വൈ.എസ്.പിമാരും വന്നു; സ്റ്റേഷന്‍ ചുമതല സി.ഐമാര്‍ക്കു നല്‍കി. 

ഈ മാറ്റങ്ങളൊക്കെ പൊലീസിനെ കൂടുതല്‍ ജനകീയവല്‍ക്കരിക്കുന്നതിനുള്ള ഭരണപരമായ തീരുമാനങ്ങളായിരുന്നു. പഴയ സൗകര്യങ്ങളും അമിത ജോലിഭാരവും നിലനിര്‍ത്തിക്കൊണ്ട്, നിങ്ങളങ്ങു മാറിയേക്കണം എന്നു പറഞ്ഞാല്‍ യാന്ത്രികമായി മാറില്ല. ഇത് കണ്ടറിഞ്ഞുകൊണ്ടുതന്നെ ക്രമേണ മാറ്റങ്ങള്‍ വരുന്നതിനുള്ള പോസിറ്റീവായ ശ്രമങ്ങളാണ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതിനെ ശ്ലാഘനീയമായി കാണണം. പിന്നെ, ഈ ഒറ്റപ്പെട്ട സംഭവങ്ങളോട് സര്‍ക്കാരിന്റെ സമീപനമെന്താണ് എന്നതാണു പ്രധാനം. അഴിമതിക്കാരോടും പ്രവൃത്തിദോഷമുള്ളവരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. ഇതൊക്കെ കരുത്തുള്ള ഒരു ഭരണസംവിധാനത്തിന്റെ സാന്നിധ്യമാണ് കാണിക്കുന്നത്. പക്ഷേ, ഒറ്റപ്പെട്ട സംഭവങ്ങളെ സര്‍ക്കാരിനെതിരെ പൊതുവായും ആഭ്യന്തരവകുപ്പിനെതിരെ പ്രത്യേകിച്ചുമുള്ള രാഷ്ട്രീയനീക്കമായി കൊണ്ടുവരുന്നത് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പദ്ധതിയാണ്. 

ഡിവൈഎഫ്ഐ യൂത്ത് ബ്രി​ഗേഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിൽ
ഡിവൈഎഫ്ഐ യൂത്ത് ബ്രി​ഗേഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിൽ

പുതിയ അഖിലേന്ത്യാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐയുടെ സംഘടനാപരമായ മുന്‍ഗണനകള്‍ എന്തെല്ലാമാണ്? 

ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയില്‍ ഊന്നിയതാണെന്ന് അറിയാമല്ലോ. പ്രസിഡന്റോ സെക്രട്ടറിയോ അങ്ങനെ ഏതെങ്കിലും വ്യക്തിയോ അല്ല തീരുമാനിക്കുന്നത്. രാജ്യവ്യാപകമായി തൊഴിലില്ലായ്മക്കെതിരായ സമരം ശക്തിപ്പെടുത്തുന്നതിനാണ് ഡി.വൈ.എഫ്.ഐയുടെ മുന്‍ഗണന. കേരളത്തിലെപ്പോലെയല്ല പല സംസ്ഥാനങ്ങളിലും. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തു. അവിടെ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ മുഖേന നിയമനങ്ങളേ നടക്കുന്നില്ല. അതൊരു ഉദാഹരണമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന നിയമനനിരോധം യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്കെതിരാണ്. കര്‍ഷകരുടെ സമരവിജയം നമ്മള്‍ കണ്ടു. ഇനി അടുത്തത് ഇന്ത്യയിലെ ചെറുപ്പക്കാരുടെ സമരമാണ്. സംഘടന കൂടുതലായി കെട്ടിപ്പടുക്കുക എന്ന പ്രധാന ദൗത്യവും ഈ സമരങ്ങള്‍ വികസിപ്പിച്ചുകൊണ്ടേ സാധിക്കുകയുള്ളു. പുതിയ തലമുറയെ പരമാവധി ഡി.വൈ.എഫ്.ഐയുടെ ഭാഗമാക്കാന്‍ ശ്രമിക്കും. അതിനു സംഘടനാ പ്രവര്‍ത്തനരീതി കൂടുതല്‍ നൂതനവല്‍ക്കരിക്കും. ഓരോ പ്രദേശത്തിനും ഓരോ സംസ്ഥാനത്തിനും സാഹചര്യങ്ങളുടെ സവിശേഷതകളുണ്ട്. അതെല്ലാം വ്യക്തമായി മനസ്സിലാക്കിക്കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com