ഇ. കണ്ണന്‍; മഹത്വത്തിന്റെ മറ്റൊരു നിദര്‍ശനം

എന്തുകൊണ്ട് അംബേദ്കറുടെ പ്രിയശിഷ്യനായ ഇ. കണ്ണന്‍ ചരിത്രത്തില്‍നിന്നും അപ്രത്യക്ഷനായിപ്പോയി ?
ഇ. കണ്ണന്‍; മഹത്വത്തിന്റെ മറ്റൊരു നിദര്‍ശനം

ബാബാസാഹിബ് അംബേദ്ക്കറുടെ ആദ്യത്തെ മലയാളി ശിഷ്യന്‍ ആരാണ്? അംബേദ്കറുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായക ഘട്ടത്തില്‍ അദ്ദേഹത്തിന്റെ വലംകയ്യായി നിന്നത് മലബാറില്‍നിന്നുള്ള മലയാളി ദളിത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇ. കണ്ണനാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്‌ഡൊണാള്‍ഡ് ഇന്ത്യയിലെ 'അവശസമുദായ'ങ്ങളുടെ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്ററി സഭകളില്‍  അവര്‍ക്കു പ്രത്യേക സംവരണമണ്ഡലം ഉറപ്പുവരുത്തുന്നതിനായി 1932-ല്‍ കൊണ്ടുവന്ന കമ്യൂണല്‍ അവാര്‍ഡിനെതിരെ മഹാത്മാഗാന്ധി നിരാഹാരസമരം പ്രഖ്യാപിച്ച വേളയില്‍ ഡോ. അംബേദ്ക്കറുടെ പ്രധാന അനുയായികളിലൊരാള്‍ അന്ന് ബ്രിട്ടീഷ് ഭരണത്തിലുള്ള മലബാറിലെ കോഴിക്കോട് സ്വദേശി എരഞ്ഞിക്കല്‍ കണ്ണനായിരുന്നു. 1930-ല്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ നാഗ്പൂരില്‍ രൂപംകൊണ്ട ഓള്‍ ഇന്ത്യാ ഡിപ്രസ്സ്ഡ് ക്ലാസ്സസ് കോണ്‍ഗ്രസ്സ് എന്ന ദേശീയ സംഘടനയുടെ ജനറല്‍  സെക്രട്ടറിയായി പ്രവര്‍ത്തിച്ച കണ്ണന്റെ ഉജ്ജ്വലമായ പൊതുജീവിതം ഇന്ന് മലയാളി സമൂഹത്തിന്റെ സ്മൃതിമണ്ഡലത്തില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ഒരു നിലയ്ക്കു നോക്കിയാല്‍ അതൊരു സ്വാഭാവികമായ അപ്രത്യക്ഷമാകലല്ല; ബോധപൂര്‍വ്വമുള്ള തമസ്‌കരണം അതിലുണ്ടായിരുന്നു എന്നു സംശയിക്കണം. കഴിഞ്ഞ നൂറ്റാണ്ടില്‍ മലബാറിലെ ദേശീയപ്രസ്ഥാനം തിളച്ചുമറിഞ്ഞ മുപ്പതുകളില്‍ കോണ്‍ഗ്രസ്സിലെ ഇടതുപക്ഷ വേദികളില്‍ കണ്ണനൊപ്പം സമുന്നത പദവികള്‍ വഹിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടും പി. കൃഷ്ണപിള്ളയും മുഹമ്മദ് അബ്ദുറഹ്മാനും ഇന്നും നമ്മുടെ സമൂഹ സ്മൃതിപഥത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മറുഭാഗത്തു വലതുപക്ഷ കോണ്‍ഗ്രസ്സിന്റെ നേതാക്കളായ കെ. കേളപ്പനും കെ.പി. കേശവമേനോനും കെ. മാധവന്‍നായരും കുട്ടിമാളുഅമ്മയും ഒക്കെ ഇന്നും മലയാളി സമൂഹത്തിന്റെ ഓര്‍മ്മയില്‍ സജീവമായുണ്ട്. എന്തുകൊണ്ട് ഇ. കണ്ണന്‍ ചരിത്രത്തില്‍നിന്നും അപ്രത്യക്ഷനായിപ്പോയി എന്ന ചോദ്യത്തിനുള്ള ഉത്തരം അന്നുമിന്നും പലതരത്തിലുള്ള അവശതകള്‍ക്കും അവഗണനകള്‍ക്കും പാത്രമായ ഒരു സാമൂഹിക വിഭാഗത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത് എന്നതുതന്നെയാവണം. അതിനാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിലെ 'അവശസമുദായ' പ്രസ്ഥാനത്തിലും കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് അനുകൂല പ്രസ്ഥാനത്തിലും നേതൃത്വപരമായ പങ്കാളിത്തം വഹിച്ച കണ്ണന്റെ ജീവിതം ഇന്ന് വീണ്ടും കൂടുതല്‍ പ്രസക്തവും പ്രധാനവുമായി മാറിയിരിക്കുന്നു.

റാംസെ മക്ഡൊണാൾഡ്
റാംസെ മക്ഡൊണാൾഡ്

അംബേദ്കറുടെ പ്രിയശിഷ്യന്‍

ഇ. കണ്ണന്‍ ജനിച്ചത് 1890 ഫെബ്രുവരി 6-ന് മലബാറിലെ വളരെ ദരിദ്രമായ ഒരു ഹരിജന്‍ കുടുംബത്തിലാണ് എന്ന് മദിരാശി നിയമസഭയുടെ രേഖകളില്‍ കാണുന്നുണ്ട്. എന്നാല്‍, അതിലെ തിയ്യതി ശരിയായിക്കൊള്ളണമെന്നില്ല. പഴയ ബ്രിട്ടീഷ് മലബാറിലെ കോഴിക്കോട് താലൂക്കില്‍ പുതിയങ്ങാടി വില്ലേജില്‍ പുത്തൂരിനടുത്ത് എരഞ്ഞിക്കലിലാണ് അദ്ദേഹത്തിന്റെ ജനനം. 1979 ഫെബ്രുവരി 28-ന് മാതൃഭൂമി പ്രസിദ്ധീകരിച്ച ചരമക്കുറിപ്പ് അനുസരിച്ച് അദ്ദേഹത്തിന് മരിക്കുമ്പോള്‍ 83 വയസ്സ് പ്രായമുണ്ടായിരുന്നു. അതായത് ജനനവര്‍ഷം സംബന്ധിച്ചു ചില സംശയങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. നാലുമാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം കഴിഞ്ഞ ശേഷം  പുത്തൂരിലെ സ്വവസതിയിലാണ് അദ്ദേഹം അന്തരിച്ചത്. ആദ്യ ഭാര്യ സരോജിനിയിലോ പിന്നീട് അദ്ദേഹം വിവാഹം കഴിച്ച മടപ്പള്ളി കോളേജിലെ ഹിന്ദി അദ്ധ്യാപിക ദ്രൗപദിദേവീ ജാദവിലോ അദ്ദേഹത്തിനു മക്കള്‍ ഉണ്ടായിരുന്നില്ല. വടകര മടപ്പള്ളി കോളേജിന് അടുത്ത് ഭാര്യ ദ്രൗപദി താമസിച്ചിരുന്ന വീട്ടില്‍ അദ്ദേഹം ഇടക്കൊക്കെ എത്തുന്നത് അറുപതുകളില്‍ അവിടെ പഠിച്ച പലരും ഓര്‍മ്മിക്കുന്നുണ്ട്. ഉത്തരേന്ത്യക്കാരിയായ ദ്രൗപതീദേവി മലയാളം നന്നായി സംസാരിക്കുമായിരുന്നു. എല്ലായ്പോഴും കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചു (തീവണ്ടിയാത്രക്കിടയില്‍ കല്‍ക്കരിപ്പൊടി വീണു അവരുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു) സാരി ഉത്തരേന്ത്യന്‍ ശൈലിയില്‍ മുന്നിലേക്കിട്ടു കോളേജിലെ മാത്രമല്ല, മടപ്പള്ളി ഗ്രാമത്തിലേയും പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ദ്രൗപദിയെ കുട്ടികള്‍ 'ജടായു ടീച്ചര്‍' എന്ന് കളിയാക്കി വിളിച്ചു. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ കേരളം വിട്ട് സ്വന്തം നാട്ടിലേക്കു തിരിച്ചുപോയി. മലബാറില്‍ കണക്കന്‍ എന്നറിയപ്പെട്ട അയിത്തജാതിക്കാരായ സമുദായത്തിലെ അംഗമാണ് താനെന്നും 1967-ല്‍ പട്ടികജാതി & പട്ടികവര്‍ഗ്ഗ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭാ സമിതിയുടെ തെളിവെടുപ്പില്‍ കണ്ണന്‍ പ്രസ്താവിക്കുന്നുണ്ട്. മുപ്പതുകളില്‍ അദ്ദേഹം ജാതിനാശിനി സഭ എന്ന പേരിലുള്ള ഒരു പ്രസ്ഥാനത്തിന് മലബാറില്‍ രൂപംകൊടുത്തിരുന്നു. കേരളാ ആദിദ്രാവിഡ സഭ എന്ന പേരിലുള്ള പ്രസ്ഥാനവുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. 1928 മെയ് മാസത്തില്‍ പയ്യന്നൂരില്‍ നടന്ന കെ.പി.സി.സി നാലാം രാഷ്ട്രീയസമ്മേളനത്തിന്റെ ഭാഗമായി അവിടെ ഒരു ആദിദ്രാവിഡ സമ്മേളനവും നടക്കുകയുണ്ടായി. മലബാര്‍ ഉള്‍പ്പെടുന്ന മദിരാശി പ്രവിശ്യയില്‍ ദിവാന്‍ ബഹാദൂര്‍ ആര്‍.  ശ്രീനിവാസന്‍ 1893-ല്‍ സ്ഥാപിച്ച സമുദായസംഘടന ആദിദ്രാവിഡ മഹാജനസഭയുടെ സ്വാധീനമായിരിക്കാം മലബാറില്‍ ഈ സഭയുടെ രൂപീകരണത്തിനു കാരണം. 

ഡോ. അംബേദ്കർ
ഡോ. അംബേദ്കർ

മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗമെന്ന നിലയില്‍ 1933 മാര്‍ച്ച് 8-ന് അദ്ദേഹം അവതരിപ്പിച്ച ഒരു പ്രമേയത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം, യൂറോപ്യന്‍, ആംഗ്ലോ ഇന്ത്യന്‍, ആദിദ്രാവിഡര്‍ എന്നിവര്‍ക്കു ബോര്‍ഡിന്റെ നിയമനങ്ങളില്‍ 50 ശതമാനം സംവരണം നല്‍കണമെന്ന ആവശ്യമുന്നയിച്ചു. സഭയില്‍ അംഗമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ പ്രമേയത്തെ പിന്താങ്ങി സംസാരിക്കുകയുണ്ടായി. 1935-'36 കാലത്ത് ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ വിവിധ കമ്മിറ്റികളില്‍ മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കൊപ്പം ആദിദ്രാവിഡര്‍ക്കും സംവരണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പിന്നീട് 1937 മുതല്‍ മദിരാശി നിയമസഭയിലെ അംഗമെന്ന നിലയിലും ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഉപാധ്യക്ഷന്‍ എന്ന നിലയിലും അവശസമുദായങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച വിഷയങ്ങളില്‍ അദ്ദേഹം സജീവമായ ഇടപെടലുകള്‍ നടത്തിയതായി രേഖകളില്‍ കാണാം. മുപ്പതുകളുടെ തുടക്കം മുതല്‍ മദിരാശിയിലെ പ്രമുഖ സമുദായ നേതാക്കളായ ആര്‍. ശ്രീനിവാസന്‍, എം.സി. രാജ, വി.ഐ. മുനുസ്വാമിപിള്ള തുടങ്ങിയവരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. രാജയും മുനുസ്വാമിപിള്ളയും നിയമസഭയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പ്രവിശ്യാ മന്ത്രിസഭകളിലെ അംഗങ്ങളും ആയിരുന്നു. ലണ്ടനിലെ വട്ടമേശ സമ്മേളനത്തില്‍ അവശസമുദായ പ്രതിനിധി എന്ന നിലയില്‍ അംബേദ്കര്‍ക്കൊപ്പം പങ്കെടുത്ത നേതാവാണ് ആദിദ്രാവിഡ മഹാസഭയുടെ സ്ഥാപകനായിരുന്ന ആര്‍. ശ്രീനിവാസന്‍. പ്രായത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും ശ്രീനിവാസനുമായി യോജിച്ചാണ് താന്‍ സമ്മേളനത്തില്‍ പൊതുവായ തന്ത്രങ്ങള്‍ രൂപീകരിക്കുന്നത് എന്ന് ലണ്ടനില്‍നിന്നും അംബേദ്കര്‍ മലബാറിലെ സഹപ്രവര്‍ത്തകന്‍ ഇ. കണ്ണന് അയച്ച കത്തുകളിലൊന്നില്‍ പറയുന്നുണ്ട്.

ഇഎംഎസ്
ഇഎംഎസ്

അവകാശസംരക്ഷണത്തിനുള്ള ഇടപെടലുകള്‍

ഒന്നാം ലോകമഹായുദ്ധാനന്തര കാലത്ത് മലബാറില്‍ ദേശീയപ്രസ്ഥാനം ശക്തമായ അന്തരീക്ഷത്തിലാണ് ഇ. കണ്ണന്‍ അടക്കമുള്ള നേതാക്കള്‍ നമ്മുടെ പൊതുരംഗത്തു വരുന്നത്. ഇരുപതുകളുടെ തുടക്കത്തില്‍ നിസ്സഹകരണ പ്രസ്ഥാനവും പിന്നീട് ഒരു പതിറ്റാണ്ടിനുശേഷം സിവില്‍ നിയമലംഘന പ്രസ്ഥാനവും ശക്തമായി അരങ്ങേറിയ പ്രദേശമാണ് കോഴിക്കോട്. മുപ്പതുകളുടെ തുടക്കത്തില്‍ത്തന്നെ ദേശീയതലത്തില്‍ അംബേദ്കര്‍ അടക്കമുള്ള ഉന്നത നേതാക്കളുമായി ബന്ധപ്പെട്ട് കണ്ണന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. 1930 മുതല്‍ അംബേദ്ക്കറുമായും മറ്റു  ദേശീയ നേതാക്കളുമായും അദ്ദേഹം നടത്തിയ കത്തിടപാടുകള്‍ ഇന്ത്യയിലെ അവശസമുദായങ്ങളുടെ അവകാശസംരക്ഷണ ശ്രമങ്ങളില്‍ അദ്ദേഹത്തിന്റെ സുപ്രധാനമായ ഇടപെടലുകളും താല്പര്യവും ചൂണ്ടിക്കാണിക്കുന്നു.  കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ആദ്യ ഡയറക്ടറായിരുന്ന സി.സി. കുഞ്ഞന്‍ ഈ  കത്തുകള്‍  സമാഹരിച്ചു പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇ. കണ്ണന്റെ മരണശേഷം ഭാര്യ ദ്രൗപദിയാണ് ഈ കത്തുകള്‍ അദ്ദേഹത്തെ ഏല്പിച്ചത്. ലണ്ടനിലെ വട്ടമേശ സമ്മേളനത്തിനു മുന്നോടിയായി അവശസമുദായങ്ങളുടെ നിലപാടുകള്‍ ക്രോഡീകരിക്കുന്നതിനായി അംബേദ്കര്‍ 1930 ആഗസ്റ്റ് 7 മുതല്‍ 9 വരെയുള്ള തിയ്യതികളില്‍ നാഗ്പൂരില്‍ ഒരു സുപ്രധാന സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. അതുമായി ബന്ധപ്പെട്ടാണ് കണ്ണനുമായുള്ള അദ്ദേഹത്തിന്റെ  കത്തിടപാടുകള്‍ ആരംഭിക്കുന്നത്. മൊത്തം നാല്‍പ്പതോളം കത്തുകള്‍ സമാഹരിക്കപ്പെട്ടതില്‍ മുപ്പതിലേറെയും അംബേദ്കര്‍ ബോംബെ, ലണ്ടന്‍, സിംല തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് അതാതു സമയത്തെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എഴുതിയ കത്തുകളാണ്. നാഗ്പൂരിലെ സമ്മേളനത്തില്‍  മദിരാശി പ്രവിശ്യയില്‍നിന്നും ഇ. കണ്ണനടക്കം ഏതാനും പേര്‍ പങ്കെടുത്തിരുന്നു. മദിരാശിയിലെ പട്ടികജാതി നേതാവും ബിസിനസ്സുകാരനുമായ മുനുസ്വാമിപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഓള്‍ ഇന്ത്യാ ഡിപ്രസ്സ്ഡ് ക്ലാസ്സസ് കോണ്‍ഗ്രസ്സ് എന്ന പേരില്‍ അഖിലേന്ത്യാ സംഘടനയ്ക്കു രൂപം കൊടുത്തു. അംബേദ്കര്‍ അതിന്റെ അധ്യക്ഷനും ഇ. കണ്ണന്‍ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയമേഖലയെ ആകെ മാറ്റിമറിച്ച കമ്യൂണല്‍ അവാര്‍ഡും അതിനെതിരെ ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹവും പൂനയില്‍ അംബേദ്കറും ഗാന്ധിജിയും തമ്മില്‍  എത്തിച്ചേര്‍ന്ന പൂനാകരാറും അടക്കമുള്ള നിരവധി സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ അംബേദ്കര്‍ കണ്ണന് അയച്ച കത്തുകളില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സി. രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയ മറ്റു ചില നേതാക്കളില്‍ നിന്നുള്ള ഏതാനും കത്തുകളും സമാഹാരത്തില്‍ ഉള്‍പ്പെടുന്നു.

1930 മുതല്‍ ഡോ. അംബേദ്കര്‍ ഇ. കണ്ണന് എഴുതിയ കത്തുകള്‍ ഇരുനേതാക്കളും തമ്മിലുള്ള അടുത്ത ബന്ധങ്ങളും അവശസമുദായ നേതാക്കള്‍ എന്ന നിലയില്‍ ഇന്ത്യയിലെ നാനാഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച സന്നദ്ധപ്രവര്‍ത്തകരുടെ പ്രശ്നങ്ങളും യാതനകളും അവര്‍ക്കിടയിലെ തര്‍ക്കങ്ങളും പിണക്കങ്ങളും ഭിന്നതകളും സംബന്ധിച്ച നിരവധി സൂചനകള്‍ നല്‍കുന്നു. അംബേദ്കറും മദിരാശിയിലെ എ.സി. രാജയും പല കാര്യങ്ങളിലും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്റെ നിലപാടുകളും ആശയങ്ങളും നേതാക്കള്‍ക്കിടയിലും സമുദായത്തിലും വ്യാപകമായി പ്രചരിപ്പിക്കുന്നതിന് അംബേദ്കര്‍ കണ്ണന്റെ സഹായം നിരന്തരം തേടുന്നുണ്ട്. അംബേദ്ക്കറുടെ പ്രസിദ്ധീകൃത കത്തുകളിലും കണ്ണനുമായുള്ള ബന്ധത്തെ സംബന്ധിച്ചും അദ്ദേഹം നല്‍കിയ സംഭാവനകളെക്കുറിച്ചും അനുസ്മരിക്കുന്നുണ്ട്. കണ്ണന്റെ സംഘടനാ സാമര്‍ത്ഥ്യത്തെ പുകഴ്ത്തുന്ന അംബേദ്കര്‍ ഒരവസരത്തില്‍ ദേശീയതലത്തില്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്യുന്നു. ലോതിയന്‍ പ്രഭുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ വോട്ടവകാശ കമ്മിഷനില്‍  അംഗമായി അദ്ദേഹത്തെ വൈസ്രോയി നിയോഗിച്ച ഘട്ടത്തിലാണ് രാജ്യമെങ്ങും തന്റെ കൂടെ സഞ്ചരിച്ച് വിവിധ സമുദായനേതാക്കളുമായി സംസാരിക്കാനും വിഷയങ്ങള്‍ പഠിക്കാനും സഹായിയായി പ്രവര്‍ത്തിക്കാന്‍ അംബേദ്കര്‍ ആവശ്യപ്പെടുന്നത്. അലഹബാദില്‍ പര്യടനം ആരംഭിക്കുന്ന അവസരം മുതല്‍ അതില്‍ ചേരാന്‍ അംബേദ്കര്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം മദിരാശിയില്‍ എത്തിയ സമയത്താണ് കണ്ണന്‍ അദ്ദേഹത്തിന്റെ കൂടെ  പ്രവര്‍ത്തിക്കുന്നത്. 

അംബേദ്കറും മുനുസ്വാമിപ്പിള്ളയും
ശ്രീനിവാസനും 1930ലെ നാ​ഗ്പുർ
സമ്മേളന വേദിയിൽ

1930 സെപ്തംബറില്‍ എഴുതിയ ഒരു കത്തില്‍ തന്നെ വട്ടമേശ സമ്മേളനത്തിലേക്കു പ്രതിനിധിയായി ക്ഷണിക്കുന്ന കാര്യം വൈസ്രോയി അറിയിച്ചതായി അംബേദ്കര്‍ വ്യക്തമാക്കുന്നു. താന്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനോട് കോണ്‍ഗ്രസ്സിനു മാത്രമല്ല, ഡോ. മൂന്‍ജെയുടെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭയ്ക്കും വിരോധമുള്ളതായും അതിനാല്‍ സമുദായത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അംബേദ്കര്‍ മറ്റൊരു കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. അക്കാലത്ത് എ.സി. രാജയും ഡോ. മൂന്‍ജെയും തമ്മില്‍ ഉണ്ടായ ഒരു കരാറിനെയാണ് അംബേദ്കര്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാണ്. 1930 ഡിസംബറില്‍ ലണ്ടനില്‍നിന്നും അംബേദ്കര്‍ എഴുതിയ ഒരു കത്തില്‍ മലബാറിലെ ചില രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. മദിരാശി നിയമസഭയിലേക്കു മലബാറില്‍ നിന്നുള്ള അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തതില്‍ തന്നെ ഒഴിവാക്കി പകരം ഒരു ബ്രാഹ്മണനു സ്ഥാനം  നല്‍കിയതായുള്ള കണ്ണന്റെ പരാതിയെക്കുറിച്ചു പരാമര്‍ശിക്കവേ ഇനിയെങ്കിലും അത്തരം ഏകപക്ഷീയ നാമനിര്‍ദ്ദേശ സംവിധാനത്തിനു അന്ത്യം കുറിക്കാന്‍ വട്ടമേശ സമ്മേളനത്തില്‍ തനിക്കു കഴിയുമെന്ന് അംബേദ്കര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും മദിരാശി നിയമസഭയിലേക്കു 1936-ല്‍ പ്രഖ്യാപിച്ചു പിറ്റേവര്‍ഷം തുടക്കത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇ. കണ്ണനു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുകയും അദ്ദേഹം മലപ്പുറം സംവരണ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് പ്രതിനിധിയായി സഭയില്‍ എത്തുകയുമുണ്ടായി. അംബേദ്ക്കറുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഡിപ്രസ്സ്ഡ് ക്ലാസ്സസ് കോണ്‍ഗ്രസ്സില്‍ പങ്കാളിയായിരുന്ന മുനുസ്വാമിപിള്ളയും  സി. രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ  മന്ത്രിസഭയില്‍ അംഗമായിരുന്നു.  

പി കൃഷ്ണപിള്ള
പി കൃഷ്ണപിള്ള

ഭിന്നതകളും ഒത്തുതീര്‍പ്പുകളും

രണ്ടാം വട്ടമേശ സമ്മേളനത്തിനു ശേഷം ഇന്ത്യയിലെത്തിയ ഗാന്ധിജി പ്രധാനമന്ത്രി റാംസെ മക്ഡൊണാള്‍ഡിന്റെ കമ്യൂണല്‍ അവാര്‍ഡിനെതിരെ യര്‍വാദ ജയിലില്‍ ആരംഭിച്ച നിരാഹാരസത്യഗ്രഹം അംബേദ്കര്‍ അടക്കമുള്ള അവശസമുദായ നേതാക്കള്‍ക്കു മുന്നില്‍ ഉയര്‍ത്തിയ വെല്ലുവിളി ചെറുതല്ല. പ്രത്യേക സംവരണമണ്ഡലം എന്ന നിലപാടില്‍ ഉറച്ചുനിന്ന അംബേദ്കര്‍, ഹിംസയാണ് ഗാന്ധി തങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതെന്നു  കുറ്റപ്പെടുത്തി. എന്നാല്‍ സവര്‍ണ്ണസമുദായം രാജ്യത്താകെ ക്ഷോഭിച്ചിളകുകയും അക്രമാസക്തമായ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ  അംബേദ്കര്‍ക്കു നിലപാടുകളില്‍ മാറ്റം വരുത്തേണ്ടതായി വന്നു. വിഷയം ചര്‍ച്ച ചെയ്യാനായി മദന്‍മോഹന്‍ മാളവ്യ വിളിച്ചുചേര്‍ത്ത ഹിന്ദുസമുദായ നേതാക്കളുടെ യോഗത്തില്‍ അവശസമുദായ പ്രതിനിധികളായി അംബേദ്കര്‍ക്കൊപ്പം പങ്കെടുത്തവരില്‍  സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇ. കണ്ണന്‍, ബോംബയിലെ ഡോ. സോളങ്കി, ബംഗാളിലെ രസിക് ലാല്‍ ബിശ്വാസ്, മദിരാശിയിലെ വി.ഐ. മുനുസ്വാമിപിള്ള തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഗാന്ധിജിയുമായി പൂനകരാര്‍ എന്നറിയപ്പെട്ട ഒത്തുതീര്‍പ്പിനു അംബേദ്കര്‍ തയ്യാറായത്.

ഇരുപതുകളുടെ അന്ത്യത്തിലും മുപ്പതുകളിലും ഇന്ത്യയിലെ അധഃകൃത-പിന്നാക്ക സമുദായങ്ങള്‍ക്കിടയില്‍ സവര്‍ണ്ണ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിനോടും അതിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പ്രസ്ഥാനത്തോടും സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് വ്യത്യസ്ത ചിന്തകളുണ്ടായിരുന്നു. അതേ കാലത്ത് മുസ്ലിംലീഗും കോണ്‍ഗ്രസ്സുമായുള്ള ബന്ധങ്ങളും ശിഥിലമായി. ഈ അവസരത്തില്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തിയ സ്വരാജ് എന്ന മുദ്രാവാക്യത്തോട് അവശസമുദായങ്ങളുടെ നിലപാട് എന്തായിരിക്കണം എന്നതിനെപ്പറ്റി അംബേദ്കറും സഹപ്രവര്‍ത്തകരും തമ്മില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി. മലബാറില്‍ ഇത്തരം ഭിന്നതകള്‍ വളരെ രൂക്ഷമായിരുന്നു. ഈഴവ സമുദായനേതാവും മിതവാദി പത്രാധിപരുമായ സി. കൃഷ്ണന്‍ വക്കീലടക്കമുള്ള പല നേതാക്കളും കോണ്‍ഗ്രസ്സിനെതിരെ ബ്രിട്ടീഷ് അധികാരികളോടു യോജിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. സൈമണ്‍ കമ്മിഷനെ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്സ്  ആഹ്വാനം ചെയ്തപ്പോള്‍ കമ്മിഷനെ സ്വാഗതം ചെയ്തുകൊണ്ട് കൃഷ്ണന്‍ വക്കീലും സംഘവും കോഴിക്കോട്ടെ പാറന്‍ സ്‌ക്വയറില്‍ യോഗം വിളിച്ചുചേര്‍ത്തത് കോണ്‍ഗ്രസ്സുകാര്‍ യോഗത്തിലേക്കു ഇടിച്ചുകേറി പരാജയപ്പെടുത്തി. കോണ്‍ഗ്രസ്സിലെ ഹരിജന്‍ നേതാക്കളില്‍ ഇ. കണ്ണന്‍ അടക്കമുള്ളവരും ഈഴവ നേതാക്കളുടെ ഈ സമീപനത്തോടു വിയോജിച്ചു. കോണ്‍ഗ്രസ്സ് നേതൃത്വവുമായുള്ള ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും സ്വരാജിനുവേണ്ടിയുള്ള സമരത്തില്‍ അവശസമുദായങ്ങളും അണിചേരുകയാണ് അഭികാമ്യം എന്നും കണ്ണനടക്കമുള്ളവര്‍ അത്തരമൊരു സമീപനം സ്വീകരിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അംബേദ്കര്‍ ലണ്ടനില്‍നിന്നും വട്ടമേശ സമ്മേളനത്തിനിടയില്‍ എഴുതിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മുഹമ്മദ് അബ്ദുറഹ്മാൻ
മുഹമ്മദ് അബ്ദുറഹ്മാൻ

പക്ഷേ, പിന്നീടുണ്ടായ ചില അനുഭവങ്ങള്‍ ദുഃഖകരമായിരുന്നു. 1932-ല്‍ ഇ. കണ്ണന്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗമായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വന്ന താലൂക്ക് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ കോണ്‍ഗ്രസ്സ് നേതൃത്വം കണ്ണനെ പരാജയപ്പെടുത്തി. ജാതീയമായ പ്രശ്നങ്ങളാണ് അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ സവര്‍ണ്ണ നേതൃത്വത്തിലുള്ള മലബാറിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നു വ്യക്തം.  അതേക്കുറിച്ച് അംബേദ്കര്‍ ഒരു കത്തില്‍ പറയുന്നത് അത്തരം അനുഭവങ്ങള്‍ അവശസമുദായ നേതാക്കളെ സംബന്ധിച്ച് ഇന്ത്യയിലെങ്ങും നിരന്തരം ആവര്‍ത്തിക്കുന്ന ഒന്നാണെന്നാണ്. അതിനാലാണ് സംവരണ സമുദായങ്ങള്‍ക്കു പ്രത്യേക നിയോജകമണ്ഡലങ്ങള്‍ വേണം എന്നു തങ്ങള്‍ നിര്‍ബ്ബന്ധം പിടിക്കുന്നത്. അതിനാല്‍ ഒരുനിലയ്ക്ക് കണ്ണന്റെ പരാജയം തനിക്കു സന്തോഷം പകരുന്നു. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആവശ്യങ്ങളുടെ ന്യായയുക്തത അധികാരികളെ ബോധ്യപ്പെടുത്താന്‍ ഇത്തരം ഉദാഹരണങ്ങള്‍ പ്രയോജനപ്രദമാകും.

സംഭവം സംബന്ധിച്ച് കണ്ണന്‍ മഹാത്മാഗാന്ധിക്കു നേരിട്ടു പരാതി അയച്ചു. യെര്‍വാദ ജയിലില്‍നിന്നും 1932 ഡിസംബര്‍ 29-നു ഗാന്ധിജി കണ്ണന് അയച്ച മറുപടി രസകരമാണ്. ഇത്തരം വ്യക്തിപരമായ പരാതികള്‍ തീര്‍ക്കാന്‍ തനിക്കു സാധ്യമല്ല. പ്രാദേശിക നേതാക്കളുമായി സംസാരിക്കുക മാത്രമാണ് പോംവഴി. യെര്‍വാദയില്‍ അംബേദ്ക്കറുമായി ഉണ്ടാക്കിയ കരാറിനെ തള്ളിപ്പറയാന്‍ അത്തരം അനുഭവങ്ങള്‍ ന്യായീകരണമല്ല എന്നും ഗാന്ധിജി പറയുന്നു. ഭാവികാലം അതിനു സാക്ഷ്യം വഹിക്കും എന്നാണ് ഗാന്ധിജിയുടെ പ്രസ്താവന. ഏതായാലും കണ്ണന്റെ പരാതി മലബാറിലെ കോണ്‍ഗ്രസ്സ് നേതാവ് കെ. മാധവന്‍ നായര്‍ക്ക് അയക്കുന്നതായും ഗാന്ധിജി അദ്ദേഹത്തെ അറിയിച്ചു. മാധവന്‍ നായര്‍ അക്കാര്യത്തില്‍ എങ്ങനെ പ്രതികരിച്ചു എന്നു വ്യക്തമല്ല. 

കെ കേളപ്പൻ
കെ കേളപ്പൻ

ഗാന്ധിജിയുടെ നിലപാടിനെ സംബന്ധിച്ച് അംബേദ്കര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: വിഷയത്തില്‍ ഗാന്ധിയോടു പരാതിപ്പെട്ടത് നന്നായി.  അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നുപറഞ്ഞു തള്ളിക്കളയാന്‍ അദ്ദേഹത്തിനു എളുപ്പമാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ രാജ്യമെങ്ങും നമ്മുടെ പൊതു അനുഭവമാണ്. അവശസമുദായക്കാരെ ഏതെങ്കിലും പദവിയിലേക്ക് തെരഞ്ഞെടുക്കേണ്ട അവസരം വരുമ്പോള്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ സ്ഥിരം പരിപാടിയാണിത്. ഒന്നുകില്‍ അവര്‍ വോട്ട് ചെയ്യുകയേയില്ല; അല്ലെങ്കില്‍ അര്‍ഹതയുള്ളവരെങ്കിലും സമുദായം നോക്കി തെരഞ്ഞുപിടിച്ചു തോല്‍പ്പിക്കും. ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗമായിട്ടും താങ്കളെ താലൂക്ക് ബോര്‍ഡില്‍ തോല്‍പ്പിച്ച ജാതിഹിന്ദുക്കളുടെ സമീപനം അതിനു നല്ല ഉദാഹരണമാണ് എന്നും അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയപ്രസ്ഥാനത്തിന്റെ വരേണ്യബന്ധം

ദേശീയപ്രസ്ഥാനത്തിന്റെ വരേണ്യ നേതൃത്വവുമായുള്ള ഒരു വൈരുദ്ധ്യാത്മക ബന്ധമാണ് മുപ്പതുകളിലെ പിന്നാക്ക-അവശസമുദായ നേതൃത്വത്തിന്റെ നിലപാടുകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നത്. 1931-ല്‍ വട്ടമേശ സമ്മേളനത്തിന്റെ അവസരത്തില്‍ അംബേദ്കര്‍ എഴുതിയ ഒരു കത്തില്‍ ചൂണ്ടിക്കാട്ടുന്നത് സ്വരാജിനുവേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തില്‍നിന്ന് അവശസമുദായങ്ങള്‍ ഓടിയൊളിക്കുന്നതും അതില്‍നിന്ന് അകന്നുമാറി നില്‍ക്കുന്നതും ആത്മഹത്യാപരമായിരിക്കും എന്നാണ്. അതേസമയം ദേശീയപ്രസ്ഥാന നേതാക്കള്‍ കിട്ടുന്ന അവസരത്തില്‍ അവരെ അപമാനിക്കാനും അകറ്റിനിര്‍ത്താനും ഒരിക്കലും മടിക്കുകയുമുണ്ടായില്ല. അതിനാല്‍ ഓരോ അവസരത്തിലും ഇത്തരം വിഷയങ്ങള്‍ ഗാന്ധിയും നെഹ്റുവും അടക്കമുള്ള പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അംബേദ്ക്കര്‍ നിരന്തരം ഓര്‍മ്മപ്പെടുത്തിയിരുന്നു. ഹിന്ദു സമുദായത്തിലെ അവശസമൂഹങ്ങളുടെ സംരക്ഷണം തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അവരെ താന്‍ ഹരിജനങ്ങള്‍ എന്നാണ് ഭക്തിപൂര്‍വ്വം വിളിക്കുന്നതെന്നും പറഞ്ഞ ഗാന്ധിയും സവര്‍ണ്ണ ഹിന്ദുനേതാക്കളും വാദിച്ചത് ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്കു നല്‍കിയപോലെ പ്രത്യേക മണ്ഡലങ്ങള്‍ അവശസമുദായങ്ങള്‍ക്കു നല്‍കേണ്ടതില്ല എന്നാണ്. അവരുടെ നിലപാടുകളില്‍  യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് അംബേദ്കര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും തങ്ങളുടെ നിത്യജീവിതാനുഭവങ്ങളില്‍നിന്ന് പൂര്‍ണ്ണമായും ബോധ്യമായിരുന്നു. അതിനാല്‍ ഓരോ തവണയും ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രതികരണം തേടാനും അവരുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും പരിശോധനാവിധേയമാക്കാനും അവര്‍ ശ്രമിച്ചു. മിക്ക സന്ദര്‍ഭങ്ങളിലും തങ്ങളുടെ മുന്‍ധാരണകള്‍ ശരിയാണെന്ന വിലയിരുത്തലിലാണ് അവശസമുദായ നേതാക്കള്‍ എത്തിയത്.

കെപി കേശവ മേനോൻ
കെപി കേശവ മേനോൻ

1931-ല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജവഹര്‍ലാല്‍ നെഹ്റു സിലോണ്‍ സന്ദര്‍ശനത്തിനു ശേഷം അലഹബാദിലേക്കു മടങ്ങുംവഴി കോഴിക്കോട് എത്തിയിരുന്നു. നെഹ്റുവിന്റെ സന്ദര്‍ശനം പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കളും മാതൃഭൂമി പത്രവും ആഘോഷമായാണ് കൊണ്ടാടിയത്. മെയ് മാസം അവസാനത്തിലാണ് പത്‌നി കമലാനെഹ്റുവും മകള്‍ ഇന്ദിരയുമൊത്ത് ജവഹര്‍ലാല്‍ കോഴിക്കോട്ടെത്തിയത്. നഗരത്തിലെ വാണിജ്യപ്രമുഖന്‍ നാഗ്ജി സേട്ടുവിന്റെ വീട്ടിലായിരുന്നു നെഹ്റുകുടുംബത്തിനു താമസം ഒരുക്കിയത്. വൈകുന്നേരം ചാലപ്പുറത്തെ വെങ്കിടാചലയ്യരുടെ വസതിയില്‍ തേയിലസല്‍ക്കാരം ഒരുക്കിയിരുന്നു.  നെഹ്റു വഴിയില്‍ കാറില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങിയതും അതു കേട്ടറിഞ്ഞു പരിഭ്രാന്തനായി പി. കൃഷ്ണപിള്ള ഒരു സൈക്കിളില്‍ അങ്ങോട്ടു കുതിച്ചതും സൈക്കിള്‍ കണ്ടപാടെ കൃഷ്ണപിള്ളയെ അതില്‍നിന്നിറക്കി നെഹ്റു അതില്‍ സഞ്ചാരം തുടങ്ങിയതും മാതൃഭൂമി വിസ്തരിച്ചു റിപ്പോര്‍ട്ട്  ചെയ്തിരുന്നു. 

ബോംബെയില്‍ അംബേദ്കറും നെഹ്റുവിന്റെ കോഴിക്കോട് പര്യടനം ശ്രദ്ധിച്ചിരുന്നു. അതേക്കുറിച്ച് കണ്ണന് എഴുതിയ കത്തില്‍ അദ്ദേഹം പറഞ്ഞത് എ.ഐ.സി.സി ജനറല്‍  സെക്രട്ടറിയുടെ സന്ദര്‍ശനസമയത്ത് അവശസമുദായങ്ങളുടെ പ്രശ്നങ്ങളില്‍ നീതിപൂര്‍വ്വകമായ പരിഹാരമുണ്ടാവുമെന്ന് അദ്ദേഹത്തില്‍നിന്ന്  ഉറപ്പുവാങ്ങാന്‍ ശ്രമിക്കണമെന്നാണ്. അദ്ദേഹത്തെ നേരിട്ടുകണ്ടു സമുദായപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം. പ്രത്യേക സംവരണമണ്ഡലങ്ങള്‍ അടക്കമുള്ള 'നമ്മുടെ രാഷ്ട്രീയാവകാശങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍' എന്താണ് കോണ്‍ഗ്രസ്സിന്റെ നിലപാടെന്ന് നെഹ്റുവിനോടു  ചോദിക്കുക. നമ്മള്‍ എന്തെങ്കിലും ആനുകൂല്യം ചോദിക്കുകയാണെന്ന സമീപനം അരുത്; കാരണം നമുക്ക് ആരുടേയും ഔദാര്യം വേണ്ട. നാം ആവശ്യപ്പെടുന്നത് നമ്മുടെ ജന്മാവകാശമാണ്. അതിനാല്‍ നെഹ്റുവുമായി ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കുക. അദ്ദേഹം നല്‍കുന്ന മറുപടികള്‍ക്കു പരമാവധി മാധ്യമശ്രദ്ധ  നേടിയെടുക്കുക. അദ്ദേഹം നഗരം വിട്ടശേഷം തുടര്‍ചര്‍ച്ച എന്ന നിലയില്‍ അദ്ദേഹത്തിനു കത്തെഴുതുന്നതും നല്ലതാണ്. കാരണം സംസാരമധ്യേ നെഹ്‌റു  പറയുന്ന കാര്യങ്ങള്‍ രേഖാമൂലമാക്കി മാറ്റാന്‍ അത് സഹായിക്കും.

കെ മാധവൻ നായർ
കെ മാധവൻ നായർ

കോഴിക്കോടു വെച്ച് കണ്ണനും സഹപ്രവര്‍ത്തകരും നെഹ്റുവിനെ കണ്ടു സംസാരിക്കുകയുണ്ടായി. പിന്നീട് ജൂലൈ 2-ന് എ.ഐ.സി.സി ആസ്ഥാനമായ അലഹബാദിലെ സ്വരാജ് ഭവനില്‍നിന്ന് ഓള്‍ ഇന്ത്യാ ഡിപ്രസ്സ്ഡ് ക്ലാസ്സസ് ജനറല്‍ സെക്രട്ടറി എന്ന വിലാസത്തില്‍ ഇ. കണ്ണന് അയച്ച കത്തില്‍  ഒട്ടും മയമില്ലാത്ത ഒരു സമീപനമാണ് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി സ്വീകരിക്കുന്നത്. താങ്കള്‍ ഭാവിയെക്കുറിച്ചു നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നമ്മള്‍ തമ്മില്‍ നേരിട്ടുകണ്ട  സന്ദര്‍ഭത്തില്‍ത്തന്നെ  വ്യക്തമാക്കിയ പോലെ ഞാനൊരു പ്രവാചകനല്ല; ഭാവിയെക്കുറിച്ച് ഒരു ഉറപ്പും നല്‍കാന്‍ എനിക്ക് സാധ്യവുമല്ല. എന്നാല്‍, ഒരു കാര്യം പറയാം - എല്ലാ വിധത്തിലുള്ള സാമൂഹിക ചൂഷണവും അപമാനവും അക്രമങ്ങളും അവസാനിപ്പിക്കണം എന്നതാണ് എന്റെ നിലപാട്. അതിനായി ഞാന്‍ അന്ത്യം വരെ പോരാടാനും ഉറച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സും അത്തരമൊരു നിലപാട് സ്വീകരിക്കും എന്നാണ് എന്റെ ബോധ്യം. അയിത്തം പോലെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ്സ് വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല എന്ന താങ്കളുടെ പരാതിക്കു കാരണമെന്ത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കോണ്‍ഗ്രസ്സ് എന്നും അത്തരം ശ്രമങ്ങളില്‍ മുന്നിലുണ്ട്. 

ചുരുക്കത്തില്‍ അവശസമുദായങ്ങളെ സംബന്ധിച്ചിടത്തോളം പൊതുപ്രവര്‍ത്തനവും സാമൂഹികജീവിതത്തില്‍ മാന്യമായ സ്ഥാനം ഉറപ്പിച്ചെടുക്കലും അന്ന് അത്യന്തം വിഷമകരമായ ഒരു പ്രക്രിയയായിരുന്നു. ഗാന്ധിയും കോണ്‍ഗ്രസ്സും തങ്ങളാണ് ഇന്ത്യയിലെ അവശസമുദായങ്ങളുടെ സംരക്ഷകരെന്നും അവര്‍ക്കു ന്യായമായ പ്രാതിനിധ്യം തങ്ങള്‍ ഉറപ്പുവരുത്തും എന്നും  പ്രഖ്യാപിച്ചുകൊണ്ടിരുന്ന അതേ അവസരത്തിലാണ് അവരുടെ പ്രാതിനിധ്യത്തെ അട്ടിമറിക്കാനും പൊതുസമൂഹത്തില്‍ ഓരോയിടത്തും അവരുടെ ന്യായമായ പങ്കാളിത്തം പോലും നിഷേധിക്കാനും ഉള്ളതു തട്ടിപ്പറിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നത്. കണ്ണന്റെ അനുഭവം മലബാറില്‍പ്പോലും ഒറ്റപ്പെട്ടതായിരുന്നില്ല. അത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളാകട്ടെ, ഒന്നുകില്‍ ഗാന്ധിയെപ്പോലെ ഒഴിവുകഴിവുകളും അല്ലെങ്കില്‍ നെഹ്റുവിനെപ്പോലെ നിഷേധാത്മകമായ പ്രതികരണവുമാണ് ഉയര്‍ത്തിയത്. ഇന്ത്യയിലെ മറ്റിടങ്ങളിലെപ്പോലെ മലബാറിലും സവര്‍ണ്ണ സമുദായനേതാക്കള്‍ പട്ടികജാതി സമൂഹത്തോടും മുസ്ലിങ്ങളോടും ഒരേപോലെ നിഷേധാത്മക സമീപനമാണ് പുലര്‍ത്തിയത്. അതിനാലാവാം ഇരകള്‍ എന്ന നിലയില്‍ അവര്‍ക്കിടയില്‍ ഒരു ഏകീഭാവം അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. ഉദാഹരണത്തിന്, മലബാര്‍ കോണ്‍ഗ്രസ്സില്‍ ഏറ്റവും ശക്തരായ മുസ്ലിം നേതാക്കളിലൊരാളായിരുന്ന മുഹമ്മദ് അബ്ദുറഹ്മാനും ഇതേകാലത്തു സമാനമായ അനുഭവങ്ങളും പ്രതിസന്ധികളും നേരിടുകയുണ്ടായി. അദ്ദേഹത്തിനും അര്‍ഹിക്കുന്ന പല പദവികളും നിഷേധിക്കപ്പെട്ടു. അതിന്റെ ഫലമായി അക്കാലത്ത് കോണ്‍ഗ്രസ്സിലും മറ്റു പൊതുവേദികളിലും മുഹമ്മദ് അബ്ദുറഹ്മാനും ഇ. കണ്ണനും യോജിച്ചാണ് പ്രവര്‍ത്തിച്ചുവന്നത്. 1937-ല്‍ മുഹമ്മദ് അബ്ദുറഹ്മാനും ഇ. കണ്ണനും അടക്കം ഒമ്പതു കോണ്‍ഗ്രസ്സ് അംഗങ്ങളാണ് മലബാറില്‍നിന്നും മദിരാശി നിയമസഭയിലെത്തിയത്. അബ്ദുറഹ്മാനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസ്ട്രിക്ട് ബോര്‍ഡ് വൈസ് പ്രസിഡന്റ് കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടേയും പൗരപ്രമാണി മഞ്ചേരി സുന്ദരത്തിന്റേയും നേതൃത്വത്തില്‍ രണ്ടു നിവേദകസംഘങ്ങള്‍  രാജാജിയെ കണ്ട് ആവശ്യപ്പെട്ടു. എന്നാല്‍, നിയമസഭയിലെ അംഗങ്ങളില്‍ ഇ. കണ്ണന്‍ മാത്രമാണ് അബ്ദുറഹ്മാനെ പിന്തുണച്ചത്. ബാക്കി ഏഴുപേരും മന്ത്രിസ്ഥാനത്തേക്ക് ഗാന്ധിസംഘത്തിന്റെ നോമിനി കോങ്ങാട്ടില്‍ രാമന്‍മേനോനെ പിന്തുണച്ചു. ഗാന്ധിസംഘം എന്ന പേരില്‍ അറിയപ്പെട്ട കോണ്‍ഗ്രസ്സിലെ സവര്‍ണ്ണനേതൃത്വത്തെ ഞായറാഴ്ച കോണ്‍ഗ്രസ്സ് എന്നാണ് അബ്ദുറഹ്മാന്‍ വിളിച്ചത്. ചാലപ്പുറം ഗാങ് എന്നും പാര്‍ട്ടിയിലെ ഇടതുപക്ഷക്കാര്‍ക്കിടയില്‍ അവര്‍ അറിയപ്പെട്ടിരുന്നു. രൂക്ഷമായ ഈ പ്രതികരണത്തിനു കാരണം പാര്‍ട്ടിനേതൃത്വം മുസ്ലിങ്ങള്‍, പട്ടികജാതിക്കാര്‍, ഇടതുപക്ഷക്കാര്‍ എന്നിവരോടു നിഷേധാത്മകവും ശത്രുതാപരവുമായ സമീപനമാണ് മുപ്പതുകളിലെ സംഘര്‍ഷഭരിതമായ നാളുകളില്‍ സ്വീകരിച്ചത് എന്നതുതന്നെ. അതാണ് പിന്നീട് മുപ്പതുകളുടെ അവസാനം കോണ്‍ഗ്രസ്സില്‍ സവര്‍ണ്ണ നേതൃത്വത്തിനെതിരെ രൂപംകൊണ്ട മഴവില്‍ മുന്നണിയില്‍ അബ്ദുറഹ്മാനോടൊപ്പം ഇ. കണ്ണനും ഇ.എം.എസ്സുമടക്കമുള്ള ഇടതുപക്ഷവുമായി തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കാന്‍ ഇടയാക്കിയത്.  
 
 

എംസി രാജ
എംസി രാജ

ഇടതുപക്ഷവുമായി ഹൃദയൈക്യം 

കഴിഞ്ഞ നൂറ്റാണ്ടില്‍ മുപ്പതുകളുടെ മധ്യത്തോടെ മലബാറിലെ കോണ്‍ഗ്രസ്സില്‍  പ്രസ്ഥാനത്തെ അടക്കിഭരിച്ച സവര്‍ണ്ണമേധാവി നേതൃത്വത്തിനെതിരെ അരികുകളിലേക്കു തള്ളപ്പെട്ട വിവിധ സാമൂഹിക വിഭാഗങ്ങളുടേയും ഇടതുപക്ഷത്തേക്കു നീങ്ങിയ രാഷ്ട്രീയനേതാക്കളുടേയും മേല്‍ക്കയ്യില്‍ ഒരു മഴവില്‍ മുന്നണി ഉയര്‍ന്നുവരികയുണ്ടായി. അവര്‍ക്കിടയില്‍ ഭിന്നതകള്‍ പലതുണ്ടായിരുന്നു. പക്ഷേ, വലതുപക്ഷത്തിന്റെ കടുത്ത വിവേചന നിലപാടുകളാണ് ഒന്നിച്ചുനില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത്. മുപ്പതുകളുടെ മദ്ധ്യം മുതല്‍ കെ.പി.സി.സിയില്‍ ശക്തി നേടാന്‍ തുടങ്ങിയ ഇടതുപക്ഷ നേതാക്കളാണ് അതിനു നേതൃത്വം നല്‍കിയത്. 1934 ഒക്ടോബറില്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍  അവര്‍ പ്രത്യേകമായി സംഘടിച്ചു. ദേശീയതലത്തില്‍ നെഹ്റുവിന്റെ നേതൃത്വം സോഷ്യലിസ്റ്റ്  നേതാക്കള്‍ക്ക് എ.ഐ.സി.സി സംവിധാനത്തില്‍ പ്രധാന ചുമതലകള്‍ നല്‍കിയിരുന്നു. കേരളത്തില്‍ ഇ.എം.എസും കൃഷ്ണപിള്ളയും എ.കെ. ഗോപാലനും ഇടതുപക്ഷത്തെ പ്രധാന നേതാക്കളായി ഉയര്‍ന്നുവന്നു. അവരുമായി ചേര്‍ന്നുകൊണ്ട് ദേശീയ മുസ്ലിം നേതാക്കളും ഇ. കണ്ണന്‍ അടക്കമുള്ള പട്ടികജാതി നേതാക്കളും കെ.പി.സി.സി നേതൃത്വത്തിലെത്തി. 1938-ല്‍ കോഴിക്കോട് നടന്ന കെ.പി.സി.സി തെരഞ്ഞെടുപ്പില്‍ മുഹമ്മദ്  അബ്ദുറഹ്മാന്‍ പ്രസിഡന്റ്, ഇ.എം.എസ് സെക്രട്ടറി, പി. നാരായണന്‍ നായര്‍ ട്രഷറര്‍ എന്നിങ്ങനെ ഈ വിഭാഗത്തിനു പ്രാധാന്യമുള്ള പുതിയ കെ.പി.സി.സി ഭാരവാഹികള്‍ ചുമതലയേറ്റു. ഇ. കണ്ണനും അവരുടെ കൂടെയാണ് നിന്നത്. 1939-ല്‍ കെ.പി.സി.സിയിലേക്ക് കോഴിക്കോട് ടൗണ്‍ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ച സ്ഥാനാര്‍ത്ഥികളിലൊരാള്‍ ഇ. കണ്ണനായിരുന്നു. അദ്ദേഹത്തിന് 2739 വോട്ടുകിട്ടി. മറ്റു രണ്ടു പ്രമുഖ നേതാക്കളായ  മുഹമ്മദ് അബ്ദുറഹ്മാന് 2734 വോട്ടും പി. നാരായണന്‍ നായര്‍ക്ക് 2810 വോട്ടും കിട്ടി. തോറ്റ നേതാക്കളില്‍ ഏറ്റവും വോട്ടുനേടിയ എ.വി. കുട്ടിമാളുഅമ്മയ്ക്ക് കിട്ടിയത് 1997 വോട്ടാണ്.  

അതിനു മുന്‍പ് 1936 ഒക്ടോബര്‍ 4-ന്, മദിരാശി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള കേരള സംസ്ഥാന കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ യോഗം കോഴിക്കോട്ടു നടന്നിരുന്നു. കെ. മാധവന്‍നായരും കേളപ്പനും അടക്കമുള്ള ഗാന്ധിസേവാ സംഘമാണ് അന്ന് പാര്‍ട്ടിയെ നയിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ശുപാര്‍ശകള്‍ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി ബോര്‍ഡിന് സമര്‍പ്പിക്കാനാണ് യോഗം ചേര്‍ന്നത്. സംഘര്‍ഷമയമായ അന്തരീക്ഷത്തിലായിരുന്നു യോഗം. സ്ഥാനമോഹികള്‍ പരസ്പരം ഏറ്റുമുട്ടി. രാവിലെ 11 മണിക്ക് തുടങ്ങിയ യോഗം രാത്രി 9 മണിക്കാണ് അവസാനിച്ചതെന്നും ഇടയ്ക്കു വെറും 15 മിനിറ്റു മാത്രമാണ് ഭക്ഷണത്തിനും വിശ്രമത്തിനുമായി ഇടവേള നല്‍കിയതെന്നും മാതൃഭൂമി റിപ്പോര്‍ട്ട്  ചെയ്തു. അത്രയും നീണ്ട ഒരു യോഗം കെ.പി.സി.സിയുടെ ചരിത്രത്തില്‍ അതിനുമുന്‍പ് നടന്നിട്ടില്ല എന്നാണ് പത്രം വായനക്കാരെ അറിയിച്ചത്. ആദ്യത്തെ അഞ്ചര മണിക്കൂര്‍ നേരം സ്ഥാനാര്‍ത്ഥിപ്പട്ടികയെ സംബന്ധിച്ച നേതാക്കളുടെ രഹസ്യചര്‍ച്ചയെ പത്രം വിശേഷിപ്പിച്ചത് ''സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള ഗൂഢാലോചന''യെന്നാണ്. പിന്നീട് യോഗം ശബ്ദകോലാഹലം കൊണ്ട് മുഖരിതമായി. 'ക്ഷോഭിച്ച വാദപ്രതിവാദം' ഇടയ്ക്കിടെ വളരെ ദൂരെപ്പോലും കേള്‍ക്കാവുന്ന തരത്തിലുള്ള ശബ്ദഘോഷങ്ങള്‍ക്കും കാരണമായി. ഒന്നരമാസം കഴിഞ്ഞ് നവംബര്‍ 21-ന് ബോംബെയില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി അധ്യക്ഷന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പുറത്തുവിട്ട പട്ടികയിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഗാന്ധിസംഘം തന്നെയാണ് സീറ്റുകള്‍ മിക്കതും കൈക്കലാക്കിയത്. എന്നാല്‍, മലപ്പുറം സംവരണമണ്ഡലം ഇ. കണ്ണന് അനുവദിക്കപ്പെട്ടു. മുസ്ലിം സംവരണമണ്ഡലത്തില്‍ മുഹമ്മദ് അബ്ദുറഹ്മാനും സീറ്റുകിട്ടി. ഇരുവരും വലിയ വോട്ടിനു വിജയിക്കുകയും നിയമസഭയില്‍ പ്രവേശിക്കുകയും ചെയ്തു.

വിഐ മുനുസ്വാമിപിള്ള
വിഐ മുനുസ്വാമിപിള്ള

ഇ. കണ്ണന്റെ പൊതുജീവിതത്തിലെ സുപ്രധാനമായ ഒരു പുതിയ ഘട്ടമാണ് മുപ്പതുകളുടെ മധ്യത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പൂനാകരാറിനു ശേഷം കോണ്‍ഗ്രസ്സിലെ പ്രബലവിഭാഗം നിയമലംഘനവും സത്യഗ്രഹവും ഒക്കെ ചുരുട്ടിക്കെട്ടി നിയമസഭാ പ്രവേശനത്തിനു ഒരുങ്ങുകയായിരുന്നു. അതോടെ രാഷ്ട്രീയത്തിന്റെ ചൂട് ദേശീയതലത്തില്‍നിന്ന് പ്രാദേശികതലങ്ങളിലേക്കു മാറി. കണ്ണനും മലബാറിലെ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ അവസരത്തിലാണ്. അതുകൊണ്ടാവാം, 1933 തുടക്കം മുതല്‍ ഏതാണ്ടൊരു പതിറ്റാണ്ടുകാലത്തേക്ക് അംബേദ്കറുമായുള്ള നിരന്തരമായ കത്തിടപാടുകള്‍ കാണുന്നില്ല. മലബാറില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലെ സവര്‍ണ്ണവിഭാഗം തന്നെ ഒതുക്കുന്നതായി നേരത്തെ തന്നെ അദ്ദേഹത്തിനു പരാതിയുണ്ടായിരുന്നു. സമാന പരാതിക്കാരായിരുന്നു മുഹമ്മദ്  അബ്ദുറഹ്മാന്‍ അടക്കമുള്ള മുസ്ലിം നേതാക്കളും ഇ.എം.എസ്  അടക്കമുള്ള ഇടതുപക്ഷക്കാരും. അവര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 1934 ഒക്ടോബറില്‍ ഇടതുപക്ഷക്കാര്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പ്രത്യേക ഗ്രൂപ്പ്  രൂപീകരിച്ച് മലബാറിലെങ്ങും സുശക്തമായ അദ്ധ്യാപക പ്രസ്ഥാനവും വായനശാലകളും വടക്കേ മലബാറില്‍ ശക്തമായ  കര്‍ഷകപ്രസ്ഥാനവും കെട്ടിപ്പടുത്തു. ജന്മിമാരുടേയും കാണക്കാരുടേയും  പീഡനങ്ങളും അക്രമപ്പാട്ടം ഒഴിപ്പിക്കലും മുന്‍കൂര്‍പാട്ടവും പ്രത്യേക അവകാശങ്ങളും അടക്കമുള്ള പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് മലബാറില്‍ കര്‍ഷകപ്രസ്ഥാനം ഉയര്‍ത്തിയത്. വടക്കേ മലബാറിലെ പല ഗ്രാമങ്ങളിലും നാലായിരം മുതല്‍ ഏഴായിരം വരെ ആളുകള്‍ അണിനിരന്ന വമ്പിച്ച ജാഥകള്‍ ഇക്കാലത്തു നടന്നതായി മലബാറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്ഭവം സംബന്ധിച്ച പഠനത്തില്‍ ദിലീപ് മേനോന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ പ്രക്ഷോഭങ്ങളെ അവഗണിക്കാന്‍ മദിരാശിയിലെ രാജാജി മന്ത്രിസഭയ്ക്കും സാധ്യമായില്ല. അതിനാല്‍ 1930-ലെ മലബാര്‍ കുടിയാന്‍ നിയമത്തിന്റെ പരിഷ്‌കരണവും കര്‍ഷകപ്രശ്നങ്ങള്‍ക്കു പരിഹാരങ്ങളും നിര്‍ദ്ദേശിക്കാനായി സര്‍ക്കാര്‍ 1938-ല്‍ പുതിയ  ഒരു കമ്മിറ്റിയെ നിയോഗിച്ചു. മദിരാശിയിലെ അഭിഭാഷകനായ കെ. കുട്ടികൃഷ്ണമേനോന്റെ അധ്യക്ഷതയിലുള്ള  കമ്മിറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങളും ജന്മിമാരുടേയും വന്‍കിട  കാണക്കാരുടേയും പ്രതിനിധികളായിരുന്നു. കര്‍ഷകസംഘത്തിന് അതില്‍ പ്രാതിനിധ്യം കിട്ടിയില്ല. അതിനാല്‍ സാധാരണ കര്‍ഷകരുടേയും  വെറും പാട്ടക്കാരുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതല കമ്മിറ്റിയിലെ ഇടതുപക്ഷ അംഗങ്ങളായി അറിയപ്പെട്ട ഇ.എം.എസ്  നമ്പൂതിരിപ്പാട്, മുഹമ്മദ് അബ്ദുറഹ്മാന്‍, ഇ. കണ്ണന്‍ എന്നിവരുടെ ചുമലില്‍ വീണു. കമ്മിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഇ.എം.എസ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ''കുടിയായ്മാന്വേഷണ  കമ്മിറ്റിയുടെ പര്യടനം തന്നെ വന്‍തോതിലുള്ള ഒട്ടേറെ കര്‍ഷകപ്രകടനങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. കമ്മിറ്റി സഞ്ചരിച്ച ഓരോ സ്ഥലത്തും അതാതിടത്തെ കര്‍ഷകസംഘത്തിന്റെ ശക്തിക്കൊത്ത ഗംഭീരപ്രകടനങ്ങള്‍ നടന്നു. കമ്മിറ്റി മെമ്പര്‍മാരില്‍ ഇടതുപക്ഷ കോണ്‍ഗ്രസ്സുകാരായ മൂന്നുപേര്‍ കൂടി ഈ പ്രകടനങ്ങളില്‍ പങ്കെടുത്തു. അങ്ങനെ കമ്മിറ്റി യോഗനടപടികള്‍ തന്നെ കര്‍ഷകപ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സാരമായി സഹായിച്ചു.'' (കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍,  ഒന്നാം വാല്യം, പേജ് 65). 1938 ഡിസംബര്‍ 29-നു കണ്ണൂരിലെ ഇരിക്കൂറില്‍ നടന്ന ഒരു തെളിവെടുപ്പില്‍ പങ്കെടുത്ത കാര്യം കാഞ്ഞങ്ങാട്ടെ കോണ്‍ഗ്രസ്സ് നേതാവ് എ.സി. കണ്ണന്‍നായര്‍ തന്റെ ഡയറിക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ഷകസംഘം നേതാവ് കെ.എ. കേരളീയന്‍ അടക്കമുള്ളവര്‍ കമ്മിഷനു മുന്നില്‍ ഹാജരായി. ഇ. കണ്ണന്‍ അതില്‍ പങ്കെടുത്തതായി കണ്ണന്‍നായര്‍ എഴുതുന്നു.    

ജവഹർലാൽ നെഹ്റു
ജവഹർലാൽ നെഹ്റു

ദീര്‍ഘമായ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി 1940-ലാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിനു മുന്‍പു തന്നെ രാജാജി മന്ത്രിസഭ രാജിവെച്ചു കഴിഞ്ഞിരുന്നു. അതിനാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. എന്നാല്‍, കമ്മിറ്റിയുടെ പ്രവര്‍ത്തനവും അവര്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പര്യടനങ്ങളും മലബാറിലെങ്ങും വലിയ ആവേശമാണ് ഉയര്‍ത്തിയത്. ജന്മിമാര്‍ക്കും കാണക്കാര്‍ക്കും ഭൂരിപക്ഷമുള്ള കമ്മിറ്റിയെ തങ്ങളുടെ സംഘടിതബലം ബോധ്യപ്പെടുത്താനാണ്  കര്‍ഷകസമൂഹം തയ്യാറായത്. ചില പ്രദേശങ്ങളില്‍ 25,000-ല്‍ അധികം വരുന്ന കര്‍ഷകര്‍ സംഘടിതമായി കമ്മിറ്റിക്കു നിവേദനം നല്‍കാനായി എത്തിയെന്ന്  ഇ.എം.എസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

പൊതുവില്‍ ജന്മിമാര്‍ക്കും വന്‍കിട കാണക്കാര്‍ക്കും അനുകൂലമായ നിലപാടെടുത്ത കമ്മിറ്റിയുടെ ഭൂരിപക്ഷാഭിപ്രായത്തെ എതിര്‍ത്തുകൊണ്ടു നിയമസഭയിലെ ഇടതുപക്ഷ കോണ്‍ഗ്രസ്സ്  അംഗങ്ങളായിരുന്ന മൂന്നുപേര്‍ (മുഹമ്മദ് അബ്ദുറഹ്മാനും  ഇ. കണ്ണനും 1937ലും ഇ.എം.എസ് പിന്നീട് ഒരു ഉപതെരഞ്ഞെടുപ്പിലുമാണ് നിയമസഭയില്‍ എത്തിയത്) നല്‍കിയ ഭിന്നാഭിപ്രായക്കുറിപ്പുകള്‍ കേരളത്തിലെ കാര്‍ഷിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടുകളാണ്. ജന്മിത്ത ചൂഷണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഈ മൂന്ന് കുറിപ്പുകളിലും സാധാരണ കര്‍ഷകര്‍ക്കും വെറും പാട്ടക്കാര്‍ക്കും അനുകൂലമായ നിരവധി ശുപാര്‍ശകള്‍ എഴുതിച്ചേര്‍ത്തിരുന്നു. അതില്‍ ഇ. കണ്ണന്‍ തയ്യാറാക്കിയ എട്ടുപേജ് വരുന്ന വിശദമായ കുറിപ്പ് 1940-ല്‍ മദിരാശി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മലബാര്‍ കുടിയായ്മ അന്വേഷണ റിപ്പോര്‍ട്ടിന്റെ 85-92 പേജുകളിലായി കാണാവുന്നതാണ്. കൃഷിക്കാരല്ലാത്ത കാണക്കാര്‍ക്കു (നഗരങ്ങളിലെ അഭിഭാഷകരും മറ്റുമായ അക്കൂട്ടരുടെ പണി വെറും പാട്ടക്കാരില്‍നിന്ന് നികുതിപിരിവ് മാത്രമായിരുന്നു) ഭൂവുടമാവകാശം നല്‍കരുതെന്നും അവരില്‍നിന്ന് കാണം മാറ്റി വാങ്ങുമ്പോള്‍ അതു ചെറുകിട കര്‍ഷകരേയും വെറും പാട്ടക്കാരേയും ബാധിക്കരുതെന്നും അക്രമപ്പിരിവുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. 

​ഗാന്ധിജി
​ഗാന്ധിജി

കാര്‍ഷിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇ. കണ്ണനെ കേരളത്തില്‍ അന്ന് ശക്തമായി ഉയര്‍ന്നുവന്ന ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റവുമായി ആഴത്തില്‍ ബന്ധിപ്പിക്കുകയുണ്ടായി. മുപ്പതുകളുടെ മധ്യത്തിലാണ് കേരളത്തില്‍ ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും പിന്നീട് 1937-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ആകര്‍ഷിക്കപ്പെടുന്നത്. 1937-ല്‍ കോഴിക്കോട് രഹസ്യമായി യോഗം ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനഘടകം രൂപീകരിച്ച നാലുപേരില്‍ ഇ.എം.എസ്, പി. കൃഷ്ണപിള്ള, കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍ ഇ.എം.എസും കൃഷ്ണപിള്ളയും കെ.പി.സി.സിയുടെ സജീവ നേതാക്കളായിരുന്നു. അവരില്‍ ഇ.എം.എസുമായി അടുത്ത വ്യക്തിബന്ധവും കണ്ണന്‍ സ്ഥാപിക്കുകയുണ്ടായി. കര്‍ഷക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കണ്ണന്‍ അടക്കമുള്ള നേതാക്കള്‍ നല്‍കിയ സംഭാവന ഇ.എം.എസ് പലയിടത്തും അനുസ്മരിക്കുന്നുമുണ്ട്.

പക്ഷേ, 1939-ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഇ.എം.എസ് അടക്കമുള്ള നേതാക്കള്‍ ഒളിവിലായി. രാജാജിയുടെ പൊലീസ് കെ.പി.സി.സി സെക്രട്ടറി ഇ.എം.എസിന്റെ വസതിയില്‍ നടത്തിയ റെയ്ഡ് സംബന്ധിച്ച് മുഹമ്മദ് അബ്ദുറഹ്മാനും ഇ. കണ്ണനും നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തി. നിരോധിക്കപ്പെട്ട ചില പുസ്തകങ്ങള്‍ അവിടെനിന്നും കിട്ടിയിട്ടുണ്ട് എന്നാണ് പ്രധാനമന്ത്രി രാജാജി സഭയെ അറിയിച്ചത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് 1937 നവംബര്‍ 6-ന് കോഴിക്കോടു ചേര്‍ന്ന പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചത് ഇ. കണ്ണന്‍ എം.എല്‍.എ ആയിരുന്നു. രാജാജിയുടെ പൊലീസ് നയത്തില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച യോഗം പൊലീസിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രമേയം അംഗീകരിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുറഹ്മാനായിരുന്നു പ്രമേയാവതാരകന്‍. എന്നാല്‍, മന്ത്രിസഭകള്‍ രണ്ടര വര്‍ഷം കഴിഞ്ഞ സന്ദര്‍ഭത്തില്‍ പൊട്ടിപ്പുറപ്പെട്ട ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എടുത്ത നിലപാടില്‍ പ്രതിഷേധിച്ച് രാജാജി മന്ത്രിസഭയടക്കം വിവിധ പ്രവിശ്യാ സര്‍ക്കാരുകള്‍ രാജിവെച്ചു. നിയമസഭ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. അതിനാല്‍ നിയമസഭാ പ്രവര്‍ത്തനം അസാധ്യമായെങ്കിലും കുടിയായ്മ അന്വേഷണ സമിതിയിലെ അംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയുണ്ടായി.

ആർ ശ്രീനിവാസൻ, അംബേദ്കർ എന്നിവരുടെ തപാൽ വകുപ്പ് ഇറക്കിയ സ്റ്റാംപ്
ആർ ശ്രീനിവാസൻ, അംബേദ്കർ എന്നിവരുടെ തപാൽ വകുപ്പ് ഇറക്കിയ സ്റ്റാംപ്

രണ്ടാം  ലോകമഹായുദ്ധകാലം മലബാറിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കിയ കാലമാണ്. 1940-ല്‍ കെ.പി.സി.സിയുടെ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അടക്കമുള്ള പല നേതാക്കളും ജയിലിലായി; ഇ.എം.എസ് ഒളിവിലും. എന്നാല്‍ സോവിയറ്റ് യൂണിയന്‍ യുദ്ധത്തില്‍ ചേര്‍ന്നതോടെ കമ്യൂണിസ്റ്റുകള്‍ യുദ്ധകാര്യങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്  അനുകൂലമായ നിലപാടിലേക്കു മാറി. കോണ്‍ഗ്രസ്സില്‍ മാത്രമല്ല, കോണ്‍ഗ്രസ്സിലെ വലതുപക്ഷ വിഭാഗത്തെ എതിര്‍ത്തുനിന്ന മഴവില്‍ മുന്നണിയിലും തര്‍ക്കങ്ങളും അന്തച്ഛിദ്രങ്ങളുമുണ്ടായി. പഴയ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും വേറെ ചിലര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും മറ്റൊരു കൂട്ടര്‍ നേതാജി സുഭാഷ് ബോസിന്റെ ഫോര്‍വേര്‍ഡ് ബ്ലോക്കിലേക്കും മുസ്ലിം നേതാക്കളില്‍ പലരും മുസ്ലിംലീഗിലേക്കും കളംമാറ്റി. 

മലബാര്‍ കുടിയായ്മ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 

ഇക്കാലത്തെ ഇ. കണ്ണന്റെ പൊതുജീവിതം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമല്ല. കാരണം, യുദ്ധകാലത്തെ പൊതുജീവിതം തന്നെ ആകെക്കൂടി താറുമാറായി കിടക്കുകയായിരുന്നു. എന്നാല്‍, അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പം നിലനിര്‍ത്തി എന്ന് തീര്‍ച്ചയാണ്. മലബാറിലെങ്ങും ഭക്ഷ്യക്ഷാമവും പട്ടിണിയും നടമാടുന്ന അവസ്ഥ. അക്കാലത്താണ് മലബാറില്‍ റേഷന്‍ സമ്പ്രദായം ആരംഭിക്കുന്നത്. ഒരു ചാക്ക് പഞ്ചസാരയുടെ വില 20 രൂപയില്‍ നിന്ന് 145 രൂപയായി എന്ന് കണ്ണന്‍നായര്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, യുദ്ധകാലത്ത് ജന്മിമാരില്‍ പലരും കയ്യിലുള്ള നെല്ല് കരിഞ്ചന്തയില്‍ വിറ്റു കാശുണ്ടാക്കുന്ന തിരക്കിലായിരുന്നു. പലേടത്തും അത് വലിയ സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കി. ഈ പശ്ചാത്തലത്തില്‍ 1940-ല്‍ സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട മലബാര്‍ കുടിയായ്മ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വളരെ പ്രധാനപ്പെട്ട ഒരു രേഖയായി നിലനില്‍ക്കുന്നു. ഇ. കണ്ണന്‍ അതില്‍ എഴുതിച്ചേര്‍ത്ത ഭിന്നാഭിപ്രായക്കുറിപ്പില്‍ സാധാരണ കര്‍ഷകര്‍ക്കും വെറും പാട്ടക്കാര്‍ക്കും കൃഷിഭൂമിയില്‍ പണിചെയ്തു ജീവിച്ച അവശവിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട അവകാശങ്ങളെ സംബന്ധിച്ച് വിസ്തരിച്ച വിവരണങ്ങളുണ്ട്. മറ്റു പ്രവിശ്യകളിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച പല നിയമനടപടികളും അദ്ദേഹം അതില്‍ ഉദ്ധരിക്കുന്നുമുണ്ട്. റിപ്പോര്‍ട്ടില്‍ ഇ.എം.എസും അബ്ദുറഹ്മാനും നല്‍കിയ ഭിന്നാഭിപ്രായ കുറിപ്പുകളില്‍നിന്നും കണ്ണന്റെ കുറിപ്പിനെ വ്യത്യസ്തമാക്കുന്നത് മറ്റു പ്രവിശ്യകളുമായും ബ്രിട്ടീഷ് അധീനതയിലുള്ള ബര്‍മയിലെ ചില പരിഷ്‌കാരങ്ങളുമായും ബന്ധപ്പെടുത്തി അദ്ദേഹം നടത്തുന്ന താരതമ്യ നിരീക്ഷണങ്ങളാണ്. ഒരു പതിറ്റാണ്ടിലേറെക്കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ വഹിച്ച സജീവ പങ്കാളിത്തവും അംബേദ്കറും മറ്റു നേതാക്കളുമായുള്ള ദീര്‍ഘകാല ബന്ധങ്ങളും റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു ദേശീയ പരിപ്രേക്ഷ്യം സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി എന്നാണ് കരുതേണ്ടത്.

എകെ ​ഗോപാലൻ
എകെ ​ഗോപാലൻ

കേരളത്തില്‍ ഇടതുപക്ഷവുമായും കര്‍ഷകപ്രസ്ഥാനവുമായും സജീവമായ ബന്ധം പുലര്‍ത്തിവന്ന നാല്‍പ്പതുകളില്‍ അദ്ദേഹം അംബേദ്കറുമായുള്ള കത്തിടപാടുകള്‍ പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധേയമാണ്. മാറുന്ന രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഇനിയെന്തു നിലപാട് സ്വീകരിക്കണം എന്ന ചിന്ത സജീവമായിരുന്നു. അംബേദ്കര്‍ അപ്പോഴേക്കും വളരെയേറെ തിരക്കുള്ള ദേശീയനേതാവായി മാറിക്കഴിഞ്ഞിരുന്നു. 1942 ഡിസംബര്‍ 23-നു വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ തൊഴില്‍കാര്യങ്ങളുടെ ചുമതലയുള്ള അംഗമെന്ന നിലയില്‍ ന്യൂഡല്‍ഹിയില്‍നിന്നും അംബേദ്കര്‍ കണ്ണന്റെ ഒരു കത്തിന് അയച്ച മറുപടിയില്‍, കോണ്‍ഗ്രസ്സുമായി യോജിച്ചു പ്രവര്‍ത്തിക്കാനും അതില്‍ അംഗമായി ചേരാനും ഇ. കണ്ണന്‍ അടക്കമുള്ള പല സഹപ്രവര്‍ത്തകരും എടുത്ത തീരുമാനത്തോടുള്ള തന്റെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിക്കുന്നുണ്ട്. തന്നോട് കണ്ണന്‍ പ്രകടിപ്പിക്കുന്ന സ്നേഹബഹുമാനങ്ങള്‍ ആത്മാര്‍ത്ഥവും ഹൃദയം തുറന്നുള്ളതുമാണ് എന്ന കാര്യത്തില്‍ തനിക്കു സംശയമില്ല. എന്നാല്‍, കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താങ്കള്‍ അടക്കമുള്ളവരുടെ തീരുമാനം തന്നെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ്. എപ്പോഴാണ് നിങ്ങളുടെ കണ്ണുകള്‍ തുറക്കാന്‍ പോകുന്നത്? ഈ ചോദ്യം നിങ്ങളോടു ചോദിക്കാതിരിക്കാനാവില്ല; അതിനു മറുപടി കിട്ടുകയെന്നത് പ്രധാനവുമാണ്.  കോണ്‍ഗ്രസ്സില്‍ ചേരാനുള്ള നിങ്ങളുടെ തീരുമാനംകൊണ്ട് അവശസമുദായങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടായില്ല; മറിച്ചു വലിയ പ്രശ്നങ്ങള്‍ അതുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷവും ഏഴ് മാസവും നീണ്ടുനിന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ കാലത്ത് അധഃകൃതര്‍ക്കായി എന്തെങ്കിലും നടപടി എടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതില്‍ നിങ്ങള്‍ക്കു വിജയിക്കാന്‍ കഴിഞ്ഞില്ല. മുസ്ലിം സംരക്ഷണ വിഷയത്തില്‍ മുസ്ലിംലീഗിന് അവര്‍ ചോദിക്കുന്നത് നല്‍കി അവരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ് ഗാന്ധിയും കോണ്‍ഗ്രസ്സും. എന്നാല്‍, അവശസമുദായങ്ങളുടെ കാര്യത്തില്‍ അങ്ങനെയെന്തെങ്കിലും ചെയ്യാന്‍ കോണ്‍ഗ്രസ്സ് ഒരുങ്ങിയിട്ടുണ്ടോ? 

വളരെ കര്‍ക്കശമായ ഭാഷയിലാണ് അംബേദ്കര്‍ ഈ കത്തില്‍ തന്റെ മുന്‍കാല ശിഷ്യനോട് സംസാരിക്കുന്നത്. കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ നിയമസഭയിലെ അംഗത്വം പോലുള്ള സാദ്ധ്യതകള്‍ കണ്ടുകൊണ്ടു പല സമുദായനേതാക്കളും സ്വീകരിച്ച നടപടികളെ അദ്ദേഹം കര്‍ശനമായി വിമര്‍ശിക്കുന്നു. ഈ സമുദായത്തെ സംബന്ധിച്ചു തനിക്കു തന്റേതായ ഒരു ഭാവിപരിപാടിയുണ്ട്. എന്നാല്‍, നിങ്ങള്‍ ഇപ്പോള്‍  അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ഇട്ടെറിഞ്ഞു വരാന്‍ തയ്യാറുണ്ടോ എന്നതാണ് ചോദ്യം. അതില്‍ കൃത്യമായ മറുപടി അറിഞ്ഞശേഷം ഭാവിപരിപാടികള്‍ സംബന്ധിച്ച ചര്‍ച്ചയാവാം എന്നാണ് അംബേദ്കര്‍ ഉപസംഹരിക്കുന്നത്. 

സർദാർ വല്ലഭായ് പട്ടേൽ
സർദാർ വല്ലഭായ് പട്ടേൽ

ഇ. കണ്ണന്റെ രാഷ്ട്രീയജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടമാണിത്. കോണ്‍ഗ്രസ്സ് നേതൃത്വവുമായി അംബേദ്കര്‍ വിയോജിച്ചു നില്‍ക്കുന്ന അവസരത്തിലാണ് കണ്ണനടക്കം പല നേതാക്കളും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായി നിയമസഭകളില്‍ എത്തിയത്. എന്നാല്‍, മന്ത്രിസഭകള്‍ രാജിവെയ്ക്കുകയും നിയമസഭയുടെ പ്രവര്‍ത്തനം മരവിപ്പിക്കപ്പെടുകയും കോണ്‍ഗ്രസ്സില്‍ കടുത്ത ധ്രുവീകരണം വരുകയും ചെയ്തതോടെ ഇനിയെന്ത് എന്ന ചോദ്യം അവരുടെ മുന്നില്‍ ഉയര്‍ന്നുവന്നു. അവരില്‍ പലരും ഒറ്റപ്പെട്ട നിലയിലായിരുന്നു. അതാണ് തന്റെ രാഷ്ട്രീയഗുരുവിന്റെ നിലപാടുകളും നിര്‍ദ്ദേശങ്ങളും തേടി വീണ്ടും അദ്ദേഹത്തെ സമീപിക്കാന്‍ കണ്ണനെ പ്രേരിപ്പിച്ചത്. മാത്രമല്ല, അംബേദ്ക്കറുടെ രാഷ്ട്രീയദര്‍ശനങ്ങളെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനുള്ള ഒരു ശ്രമവും ആ അവസരത്തില്‍ കണ്ണന്‍ തുടങ്ങിയതായി കത്തില്‍നിന്നും വ്യക്തമാണ്. അംബേദ്കര്‍ അതിനകം പ്രസിദ്ധീകരിച്ച ചില പ്രധാന പുസ്തകങ്ങളുടെ കോപ്പിയും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മലബാറില്‍ അത്തരം പുസ്തകങ്ങള്‍ അന്ന് ലഭ്യമായിരുന്നില്ല. അവയെല്ലാം കഴിയുംവേഗം അയക്കാമെന്ന് അംബേദ്കര്‍ ഉറപ്പു നല്‍കുന്നുമുണ്ട്.

എന്നാല്‍, അംബേദ്കര്‍ ആവശ്യപ്പെട്ട പ്രകാരം മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നുള്ള പിന്‍മാറ്റം അന്ന് കണ്ണന് സാധ്യമായിരുന്നില്ല. കാരണം കോണ്‍ഗ്രസ്സിലെ ഇടതുപക്ഷവുമായി അദ്ദേഹം അടുത്തു പ്രവര്‍ത്തിക്കുന്ന കാലമാണത്. മലബാറിലെ ഏറ്റവും ശക്തമായ ബഹുജന പ്രസ്ഥാനമായിരുന്നു അത്. അതിന്റെ മുന്‍നിരയില്‍ നിന്നുള്ള പിന്മാറ്റം അത്ര എളുപ്പമായിരുന്നില്ല. അതിനാലാവാം അംബേദ്കറില്‍ നിന്നുള്ള കത്തുകളില്‍ ഏറ്റവും അവസാനത്തേതും ഇതുതന്നെയായിരുന്നു. അതിനുശേഷം 1945 ജൂണ്‍ മൂന്നിന് കണ്ണൂരിലെ ചെറുകുന്നില്‍ ചേര്‍ന്ന ചിറക്കല്‍ താലൂക്ക് ഹരിജന്‍ സമ്മേളനത്തില്‍ അംഗീകരിച്ച ഒരു പ്രമേയം ഇ. കണ്ണന്‍ അംബേദ്കര്‍ക്ക് അയച്ചുകൊടുത്തത് അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണകൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറിലെ അധഃകൃത സമുദായങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അക്കമിട്ടു നിരത്തിയ നിവേദനം അതില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോടും വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ ഡോ. അംബേദ്കറോടും ആവശ്യപ്പെടുന്നു.       

എൻസി ശേഖർ
എൻസി ശേഖർ

യുദ്ധാനന്തരം 1946-ല്‍ മലബാറില്‍  വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇ. കണ്ണന്‍ കമ്യൂണിസ്റ്റ് പിന്തുണയോടെ മത്സരിച്ചു. പക്ഷേ, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനകാലത്തെ ഒറ്റപ്പെടലും കോണ്‍ഗ്രസ്സ്-മുസ്ലിംലീഗ് ശക്തികളുടെ മുന്നേറ്റവും കാരണം തെരഞ്ഞെടുപ്പില്‍ അവര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. പരാജയം തങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നതായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇ.എം.എസ് രേഖപ്പെടുത്തുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന അവസരത്തില്‍ സുപ്രധാന രാഷ്ട്രീയപ്രശ്നങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ കണ്ടത്. ജയിക്കുന്നതിന്റെ അടുത്തെത്താമെന്നു പ്രതീക്ഷിച്ച ഒരേയൊരു സീറ്റ് കെ.പി. ഗോപാലന്‍ മത്സരിച്ച കണ്ണൂര്‍ മണ്ഡലമായിരുന്നു. ഇ.എം.എസ് മത്സരിച്ച മലപ്പുറം ദ്വയാംഗ മണ്ഡലത്തില്‍ ഹരിജനങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ട സീറ്റിലാണ് ഇ. കണ്ണനും മത്സരിച്ചത്. ഒരു മുസ്ലിം സംവരണസീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. മൊത്തം ആറു സീറ്റുകളില്‍ മത്സരിച്ചതില്‍ ചിലതില്‍ മാത്രമാണ് കെട്ടിവെച്ച പണം തിരിച്ചുകിട്ടിയത്. അന്ന് മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ഇ.എം.സ്  നമ്പൂതിരിപ്പാട്, കെ.പി. ഗോപാലന്‍, എ.കെ. ഗോപാലന്‍, സി.എച്ച്. കണാരന്‍, ഇ. കണ്ണന്‍ എന്നിവരെല്ലാം താരതമ്യേന അപ്രശസ്തരായ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ മുന്നില്‍ പരാജയപ്പെടുകയായിരുന്നു എന്ന് ദിലീപ് മേനോന്‍ എ.ഐ.സി.സി രേഖകള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുള്ളവര്‍ ജനങ്ങളില്‍ 14 ശതമാനം മാത്രമായിരുന്നുവെന്നും നികുതിദായകര്‍ക്കും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കണ്ണന്‍നായരുടെ ഡയറിക്കുറിപ്പിലും ഇ.എം.എസ്സും ഇ. കണ്ണനും അടക്കമുള്ള കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളുടെ പരാജയം സംബന്ധിച്ച് പറയുന്നുണ്ട്.  

അഭയമില്ലാത്ത രാഷ്ട്രീയദുരവസ്ഥ

സ്വാതന്ത്ര്യാനന്തരം ഇതൊരു വലിയ പ്രതിസന്ധിയാണ് ഇ. കണ്ണനെപ്പോലുള്ള നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി മാറുകയുണ്ടായില്ല. കോണ്‍ഗ്രസ്സില്‍ അവര്‍ക്ക് സ്ഥാനവും ഉണ്ടായിരുന്നില്ല. അതേസമയം, മുപ്പതുകളില്‍ അവര്‍ തിരികൊളുത്തിയ അവശസമുദായ മുന്നേറ്റം ആഭ്യന്തരഭിന്നതകളും കോണ്‍ഗ്രസ്സ് നല്‍കിയ മോഹനവാഗ്ദാനങ്ങളും കാരണം ഛിന്നഭിന്നമായി. സ്വാതന്ത്ര്യം ലഭിച്ചതോടെ കോണ്‍ഗ്രസ്സ് നേതാക്കളുടെ മട്ടുംഭാവവും മാറി. ദേശീയതലത്തില്‍ നെഹ്റുവിന്റെ മന്ത്രിസഭയില്‍നിന്ന് അംബേദ്കര്‍ രാജിവെച്ചു; പിന്നീട് ഹിന്ദുമതത്തോടു തന്നെ അദ്ദേഹം വിടചൊല്ലി. മലബാറില്‍ അവശസമുദായ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഒരു സാധ്യതയും നിലനിന്നിരുന്നില്ല. കോണ്‍ഗ്രസ്സില്‍ സവര്‍ണ്ണനേതൃത്വം തിരിച്ചുവന്നു കഴിഞ്ഞിരുന്നു. പഴയകാല വലതുപക്ഷ നേതാക്കളായ കെ. കേളപ്പനെപ്പോലുള്ളവര്‍ കോണ്‍ഗ്രസ്സ് വിട്ടുപോയി; സി.കെ. ഗോവിന്ദന്‍നായരും കോഴിപ്പുറത്തു മാധവമേനോനും അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കി. കമ്യൂണിസ്റ്റുകള്‍ സ്വന്തം വഴി തേടി. എന്നാല്‍, അവിടെയും അധഃകൃതര്‍ക്കു കാര്യമായ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. മലബാറിലെ പഴയ പ്രമാണി തറവാടുകളില്‍നിന്നുള്ളവര്‍ തന്നെയാണ് അവിടെയും നേതൃത്വത്തിലെത്തിയത്. അതോടെ ഇ. കണ്ണനെപ്പോലുള്ളവര്‍ക്ക് എവിടെയും അഭയമില്ലാത്ത ദുരവസ്ഥയാണ് മലബാറിലെ രാഷ്ട്രീയമണ്ഡലത്തില്‍ ഉയര്‍ന്നുവന്നത്.

അതിനാല്‍ അമ്പതുകള്‍  മുതല്‍ മരണം വരെയുള്ള കാലത്ത് ഇ. കണ്ണനെ നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് മുപ്പതുകളില്‍ അദ്ദേഹം തുടങ്ങിയേടത്തു തന്നെയാണ്; സ്വാതന്ത്ര്യസമര സേനാനിയായ ഒരു ഹരിജനനേതാവ് എന്നാണ് അദ്ദേഹത്തിന്റെ ചരമക്കുറിപ്പില്‍ മാതൃഭൂമി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അവസാനത്തെ രണ്ടുമൂന്നു ദശകങ്ങളില്‍ അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനരംഗം സമുദായസേവനം തന്നെയായിരുന്നു. ചെറുതും വലുതുമായ നിരവധി വിഷയങ്ങളില്‍  അദ്ദേഹം അക്കാലത്ത് ഇടപെട്ടതായി പലരും ഓര്‍മ്മിക്കുന്നുണ്ട്. ജാതീയമായ മുന്‍വിധികള്‍ ദളിത് സമുദായത്തിലെ അംഗങ്ങളെ പൊതുസമൂഹത്തിലും വിദ്യാഭ്യാസരംഗത്തും ഉദ്യോഗങ്ങളിലും വല്ലാതെ അലട്ടുന്നതായി അദ്ദേഹം കണ്ടറിഞ്ഞിരുന്നു. അതിനാല്‍ അത്തരം പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ ശ്രമിക്കുകയും ചെയ്തു.

സുഭാഷ് ചന്ദ്ര ബോസ്
സുഭാഷ് ചന്ദ്ര ബോസ്

അതിനിടയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമഭേദഗതി സംബന്ധിച്ച് 1967-ല്‍   നിയമിതമായ പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ ഹാജരായി അദ്ദേഹം ചില പ്രധാന വാദങ്ങള്‍  ഉന്നയിച്ചിരുന്നു. ബംഗാളിലെ ബോല്‍പൂരില്‍ നിന്നുള്ള എം.പി അനില്‍ കെ. ചന്ദ അധ്യക്ഷനായ സമിതിയില്‍ മുകുന്ദപുരം എം.പി  പനമ്പിള്ളി ഗോവിന്ദമേനോനും പൊന്നാനിയില്‍നിന്ന് ജയിച്ച സി.കെ. ചക്രപാണിയും അംഗങ്ങളായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി ആദിവാസി-പട്ടികജാതി സംഘടനകളും അതില്‍ പങ്കാളികളായി. കേരളത്തില്‍ എറണാകുളത്തെ വേങ്ങൂര്‍ ആസ്ഥാനമായ കേരളാ പെരുവണ്ണാര്‍ വേലവര്‍ ആദിസമുദായ ഫെഡറേഷന്‍ മാത്രമാണ്  പങ്കെടുത്തത്. മുപ്പതുകളില്‍ ശക്തമായ അവശസമുദായ-പിന്നാക്ക പ്രസ്ഥാനങ്ങളുടെ വേദിയായിരുന്ന മലബാറില്‍നിന്ന് ഒരു സംഘടനയും അതില്‍ പങ്കെടുത്തില്ല. കോഴിക്കോട്ടു നിന്നുള്ള ഇ. കണ്ണന്‍ മുന്‍ എം.എല്‍.എ എന്ന നിലയിലും എം. രാമുണ്ണി നിയമസഭാംഗം എന്ന നിലയിലുമാണ് ഡല്‍ഹിയിലെത്തി തെളിവെടുപ്പിന് ഹാജരായത്. പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടിലെ 55-62 പേജുകളിലായി നീണ്ടുകിടക്കുന്ന ചര്‍ച്ചയില്‍ സാമുദായിക സംവരണവും വിവിധ സമുദായങ്ങളെ പട്ടികജാതി-പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതും അതില്‍നിന്ന് നീക്കം ചെയ്യുന്നതുമായ പ്രക്രിയയിലെ പല അപാകതകളും പരാമര്‍ശിക്കപ്പെടുന്നുണ്ട്. 'സാമുദായികമായി അപമാനകരമായ' പരാമര്‍ശം എന്ന പേരില്‍ ചണ്ഡാളന്‍, പഞ്ചമന്‍, പറയന്‍ തുടങ്ങിയ നാമങ്ങള്‍ ലിസ്റ്റില്‍നിന്നും ഒഴിവാക്കുന്നത് കേരളത്തിലെ  പറയസമുദായത്തില്‍ ജനിക്കുന്ന കുട്ടികളെ സംവരണപട്ടികയില്‍നിന്നും ഒഴിവാക്കാന്‍ ഇടയാക്കും എന്നതാണ് അവര്‍ നല്‍കിയ മെമ്മോറാണ്ടത്തിലെ  പ്രധാന വിഷയം. കേരളത്തില്‍ അതൊരു ജാതിനാമമാണ്; അതിനാല്‍ അപമാനകരമായ പരാമര്‍ശം എന്നു പറഞ്ഞ് അതു ഒഴിവാക്കാനാവില്ല. അഥവാ ഒഴിവാക്കുകയാണെങ്കില്‍ തെക്കന്‍ കേരളത്തില്‍ അതേ സമുദായത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന സാംബവന്‍ എന്ന പേര് മലബാറിലും ബാധകമാക്കണം. എന്തുകൊണ്ട് അവരുടെ സമുദായസംഘടനകള്‍ നേരിട്ട് അക്കാര്യം ആവശ്യപ്പെടുന്നില്ല എന്ന ചോദ്യത്തിന് ''അവര്‍ക്ക് അതിനു ശേഷിയില്ല'' എന്ന രാമുണ്ണിയുടെ ഉത്തരം മലബാറിലെ അവശസമുദായ പ്രസ്ഥാനങ്ങളുടെ അന്നത്തെ അവസ്ഥയെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. 

കമ്മിറ്റിയുടെ മുന്നില്‍ ഇ. കണ്ണന്‍ ചൂണ്ടിക്കാട്ടുന്ന ഒരുകാര്യം സമുദായങ്ങള്‍ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതി നേടുന്നതനുസരിച്ച് സംവരണപട്ടികയില്‍നിന്നും മാറ്റപ്പെടേണ്ടതിന്റെ ആവശ്യകതയാണ്. അനര്‍ഹര്‍ പലപ്പോഴും സ്ഥാനമാനങ്ങള്‍  തട്ടിയെടുക്കുന്നതിന് ഇതു കാരണമാവുന്നുണ്ട്. ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന പലരും സംവരണം  ദുരുപയോഗിച്ചു നേട്ടം കൊയ്യുന്നു; വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റില്‍  എം.എല്‍.എയും മന്ത്രിയും വരെയായ ആളുകളെ തനിക്കറിയാമെന്നും അദ്ദേഹം പറയുന്നു. ഒരു ചോദ്യത്തിന് ഉത്തരമായി തന്റെ സമുദായത്തെ കോഴിക്കോട് താലൂക്കില്‍ സംവരണ അര്‍ഹതയുള്ളവരുടെ പട്ടികയില്‍നിന്ന് 1970ഓടെ നീക്കം ചെയ്താല്‍ താന്‍ എതിര്‍ക്കുകയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.  

തിരുവിതാംകൂറില്‍  മഹാത്മാ അയ്യന്‍കാളിയും കൊച്ചിയില്‍ പണ്ഡിറ്റ് കറുപ്പനും പോലെയുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ സാമൂഹികരംഗത്തു പ്രവര്‍ത്തിച്ച അതേകാലത്തും തൊട്ടുപിന്നാലെയുള്ള വര്‍ഷങ്ങളിലുമാണ് മലബാറില്‍ ഇ. കണ്ണനും പൊതുരംഗത്തെത്തിയത്. മറ്റു രണ്ടു മഹാരഥന്മാരെക്കാളധികം ഇ. കണ്ണന്‍ ദേശീയതലത്തില്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂറും കൊച്ചിയും നാട്ടുരാജ്യങ്ങളായതിനാല്‍ അവിടെ ദേശീയപ്രസ്ഥാനം ശക്തമായില്ല എന്നതും അതിനൊരു കാരണമാണ്. എന്നാല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ശക്തമായ മലബാറില്‍ ഒരുകാലത്ത് അതിന്റെ ഏറ്റവും പ്രമുഖരായ പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ഇ. കണ്ണന്‍ പില്‍ക്കാലത്ത് പൂര്‍ണ്ണമായും സാമൂഹികശ്രദ്ധയില്‍നിന്ന് മറയ്ക്കപ്പെട്ടു. അംബേദ്ക്കറുടെ ആശയങ്ങളും കീഴാള സമുദായ പ്രസ്ഥാനങ്ങളും ആദ്യഘട്ടത്തില്‍ ശക്തമായി വീശിയടിച്ച മലബാറില്‍ സ്വാതന്ത്ര്യാനന്തരം കീഴാളവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ ശോഷിച്ചുപോകുന്നതാണ്  നമുക്ക് കാണാനാവുന്നത്. ഒരുപക്ഷേ, സവര്‍ണ്ണ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിന്റേയും മുഖ്യധാരാ ഇടതുപക്ഷത്തിന്റേയും ഒരു  സവിശേഷത അതിന്റെ ഭാഗമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കീഴാളരെ സാമൂഹികമണ്ഡലത്തില്‍നിന്നും ക്രമേണ അപ്രത്യക്ഷമാക്കുന്ന രാഷ്ട്രീയമായ മറവിയുടെ ഒരു ഘടകം അവയില്‍ ഉള്‍ച്ചേര്‍ന്നിരുന്നു എന്നതായിരിക്കാം. അംബേദ്കര്‍ അതു തിരിച്ചറിഞ്ഞിരുന്നു; 1942-ല്‍ അദ്ദേഹം കണ്ണനു നല്‍കിയ മുന്നറിയിപ്പില്‍ അതാണ് വ്യക്തമാകുന്നത്. അധഃകൃത സമുദായങ്ങളുടെ 'അപ്രത്യക്ഷമാകല്‍ പ്രക്രിയ'യുടെ ഭാഗമായി മാറാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സ് വെച്ചുനീട്ടുന്ന താല്‍ക്കാലിക ആനുകൂല്യങ്ങള്‍ ഉപേക്ഷിച്ച് വീണ്ടും ശക്തവും ശ്രമകരവുമായ പോരാട്ടങ്ങള്‍ക്കു തയ്യാറാകണം എന്നാണ് അംബേദ്കര്‍ തന്റെ പഴയകാല ശിഷ്യനോടു പറയുന്നത്. അത് പ്രവാചകസ്വഭാവമുള്ള ഒരു പ്രസ്താവനയായിരുന്നു എന്നതിനുള്ള തെളിവ് ഇ. കണ്ണന്റെ പില്‍ക്കാല ജീവിതവും അനുഭവങ്ങളും തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com