ഗാന്ധിവധം; ഗൂഢാലോചനയുടെ കാണാപ്പുറങ്ങള്‍

By എസ്. ജയചന്ദ്രന്‍ നായര്‍  |   Published: 19th December 2021 03:56 PM  |  

Last Updated: 19th December 2021 03:56 PM  |   A+A-   |  

gandhi

 

ഹാത്മജിയെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയെപ്പറ്റി, എഴുപതില്‍പ്പരം കൊല്ലങ്ങള്‍ പിന്നിട്ടെങ്കിലും വസ്തുനിഷ്ഠമായി പരിശോധിക്കുകയോ അക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. 1948 ജനുവരി മുപ്പതാം തീയതി, ''മഹാത്മജിയുടെ കൈകള്‍ എന്നു വിശേഷിപ്പിച്ചിരുന്ന'' മനുവും ആഭയുമൊത്ത് ബിര്‍ലാമന്ദിരത്തിലെ പ്രാര്‍ത്ഥനായോഗസ്ഥലത്തേക്ക് നടന്നുവരികയായിരുന്ന കൃശഗാത്രനായ മഹാനായ ആ മനുഷ്യന്റെ ജീവിതം മൂന്നു വെടിയുണ്ടകള്‍കൊണ്ട് അവസാനിപ്പിച്ചതിനെപ്പറ്റി ലഭ്യമായ രേഖകള്‍ സംഭരിച്ച് പരിശോധിച്ച് എഴുതപ്പെട്ട 'ദ മര്‍ഡറര്‍, ദ മൊണാര്‍ക്ക് ആന്റ് ദ ഫക്കീര്‍' (The Murderer The Monarch And The Fakir) എന്ന ഗ്രന്ഥം ബോധപൂര്‍വ്വം മറച്ചുവയ്ക്കുകയോ അവഗണിക്കുകയോ ചെയ്ത് നിര്‍മ്മിക്കപ്പെട്ട ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ ഒരു വിടവ് നികഴ്ത്തുന്ന ശ്രദ്ധേയമായ രേഖയാണ്. രാഷ്ട്രീയമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കതീതമായാണ് ലഭ്യമായ രേഖകളെ ഗ്രന്ഥകര്‍ത്താക്കളായ അപ്പു എസ്തോസ് സുരേഷും പ്രിയങ്ക കോതം രാജുവും (Appu Esthos Suresh and Priyanka Kotamraju) സമീപിച്ചിരിക്കുന്നത്. ഗൂഢാലോചനയില്‍ വിട്ടുപോയ കണ്ണികള്‍ കണ്ടെത്തുന്ന അവര്‍ ഹിന്ദുത്വത്തിന്റെ ആധാരം ബലിഷ്ഠമാക്കാന്‍ മഹാത്മജിയെ ഒഴിവാക്കേണ്ടത് അനുപേക്ഷണീയമാണെന്ന് ദൃഢമായി വിശ്വസിക്കുന്നവരുടെ പങ്കാളിത്തം വ്യക്തമാകുമ്പോഴാണ്, ചരിത്രത്തെ വികൃതമായി വളച്ചൊടിക്കാന്‍ നടക്കുന്ന ഹീനതന്ത്രങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നത്.

അടുത്തകാലത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ ഒരു നിരീക്ഷണം, ഈ തന്ത്രങ്ങള്‍ എത്രമാത്രം ആഴത്തിലുള്ളതാണെന്നു വെളിവാകുന്നതാണ്. ''രാജ്യദ്രോഹക്കുറ്റം ചുമത്തി സവര്‍ക്കറെ ആന്‍ഡമാന്‍ ജയിലില്‍ അടച്ച സംഭവത്തെ പരാമര്‍ശിക്കവെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് സമര്‍പ്പിച്ച അപേക്ഷയെ ഗാന്ധിജി അനുകൂലിച്ചിരുന്നുവെന്നും ആ പിന്തുണയുടെ ധാര്‍മ്മികതയാണ് അത്തരമൊരു ശ്രമത്തിന് സവര്‍ക്കര്‍ക്ക് ശക്തി പകര്‍ന്നതെന്നുമായിരുന്നു ആ നിരീക്ഷണം. തുടര്‍ന്ന്, ഹിന്ദുത്വ അനുകൂലികളും അതിന്റെ എതിരാളികളും തമ്മില്‍ വലിയ പോരാട്ടം നടന്നു. ഒടുവില്‍ വ്യക്തമായത്, അത്തരമൊരു മാപ്പപേക്ഷ നല്‍കാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചിരുന്നില്ല എന്നായിരുന്നു. ഇത്തരമൊരു നിരീക്ഷണം നടത്തുകയും അതിന്റെ പേരില്‍ സംവാദം സൃഷ്ടിക്കുകയും ചെയ്യുകയെന്നതിന്റെ പിന്നില്‍ ഇന്ത്യയുടെ സ്വാതന്ത്ര ശില്പിയായ രാഷ്ട്രപിതാവിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കുകയെന്ന ദുരുദ്ദേശ്യമാണുള്ളതെന്ന്, വര്‍ത്തമാനകാല സംഭവങ്ങള്‍ ശ്രദ്ധിക്കുന്ന ഏവര്‍ക്കും അറിയാവുന്നതാണ്. 

മഹാത്മജിയെ ഒഴിവാക്കാനായി നടന്ന ഗൂഢാലോചനയുടെ ചുരുളുകള്‍ അഴിക്കുന്ന ഗ്രന്ഥകര്‍ത്താക്കള്‍ എത്തുന്നത്, 1947 ഓഗസ്റ്റ് എട്ടാം തീയതി ബോംബെയില്‍നിന്നും ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യയുടെ ഒരു വിമാനം യാത്ര ചെയ്തതിലാണ്. അതില്‍ സഞ്ചരിച്ചിരുന്ന മൂന്നു പേരില്‍ ഒരാള്‍, ''ഹിന്ദു മഹാസഭയുടെ സ്ഥാപകനും ഹിന്ദുത്വത്തിന്റെ ജനയിതാവുമായ'' വിനായക് ദാമോദര്‍ സവര്‍ക്കറായിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായികളായ നാഥുറാം ഗോഡ്‌സേയും നാരായണ്‍ ആപ്തേയുമായിരുന്നു മറ്റു രണ്ടുപേര്‍. മഹാസഭാ അംഗങ്ങളായ അവര്‍ 'ഹിന്ദുരാഷ്ട്രം' എന്ന പേരില്‍ ഒരു ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. 1937 മുതല്‍ '45 വരെ പ്രസിഡന്റായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന സവര്‍ക്കര്‍ അനാരോഗ്യം മൂലം സജീവമായ പ്രവര്‍ത്തനങ്ങളില്‍നിന്നൊഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് മടങ്ങിയിരുന്നു എങ്കിലും അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ വര്‍ക്കിംഗ് കമ്മറ്റിയോഗം നടക്കുന്ന ഡല്‍ഹിയില്‍ പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്, സ്വാതന്ത്ര്യലബ്ധിയോടെ അവഗണിക്കപ്പെട്ട ഹിന്ദു മഹാസഭയുടെ സാന്നിദ്ധ്യം പ്രഖ്യാപിക്കുന്ന തീരുമാനങ്ങളില്‍ പങ്കാളിയാവാനായിരുന്നുവെന്നതാണ്. പിന്നീട് അക്കാര്യം അദ്ദേഹം വിശദീകരിച്ചതിങ്ങനെയായിരുന്നു: ''കോണ്‍ഗ്രസ്സും മഹാസഭയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ രൂപീകരിക്കപ്പെടുന്ന ഭരണകൂടത്തെ സഹായിക്കാനായി സംയുക്ത മുന്നണിയാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ദേശീയ പതാക ഞാന്‍ അംഗീകരിച്ചത്. ശാരീരികമായി സൗഖ്യമില്ലായിരുന്നുവെങ്കിലും അതു വിഗണിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന ആള്‍ പാര്‍ട്ടി ഹിന്ദുസമ്മേളനത്തില്‍ ഞാന്‍ അദ്ധ്യക്ഷനായതും മഹാസഭയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തതും. അപ്പോള്‍ കേന്ദ്രത്തിലെ ഭരണകൂടത്തെ പിന്താങ്ങുന്ന പ്രമേയം മഹാസഭയുടെ വര്‍ക്കിംഗ് കമ്മിറ്റി പാസ്സാക്കുകയുണ്ടായി. 

സവര്‍ക്കറുടെ രാഷ്ട്രീയ ജീവിതം, ഗ്രന്ഥകര്‍ത്താക്കള്‍ പ്രതിപാദിക്കുന്നതിങ്ങനെയാണ്: ''നാസിക്കി(മഹാരാഷ്ട്ര)നടുത്തുള്ള ഭാഗൂര്‍ എന്നിടത്ത്, ദേശീയവാദികളായ ചിത്പവന്‍ ബ്രാഹ്മണ കുടുംബത്തില്‍ 1883 മെയ് ഇരുപത്തിയെട്ടാം തീയതി, സഹപ്രവര്‍ത്തകര്‍ക്കിടയില്‍ 'തത്ത്യാ' എന്ന് അറിയപ്പെടുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ ജനിച്ചു. രാഷ്ട്രീയ കാര്യങ്ങളോട് ചെറുപ്പത്തിലേ താല്പര്യം പ്രദര്‍ശിപ്പിച്ച അദ്ദേഹം സ്‌നേഹിതരുമൊത്ത് ആരംഭിച്ച മിത്രമേളയാണ് പില്‍ക്കാലത്ത് അഭിനവ് ഭാരത് സൊസൈറ്റിയായി അറിയപ്പെട്ടത്. സര്‍ കഴ്സണ്‍ വൈലിയുടെ വധത്തിനു പിന്നില്‍ ഈ സൊസൈറ്റി അംഗങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അവരില്‍ ഒരാളായിരുന്നു ഗണേശ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സഹോദരനായ ബാബു റാവു. വധക്കുറ്റം ചുമത്തി അദ്ദേഹത്തെ ശിക്ഷിച്ച് ആന്‍ഡമാനിലേക്ക് അയച്ചു. സവര്‍ക്കറേയും കാത്തിരുന്നത് അതായിരുന്നു. നിയമപഠനത്തിനായി ബ്രിട്ടനില്‍ പോയ സവര്‍ക്കര്‍ ഇന്ത്യാ ഹൗസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. അക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സജീവകേന്ദ്രമായിരുന്നു ആ സ്ഥാപനം. ആ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്, ഇന്ത്യയുടെ ആദ്യത്തെ സായുധസമരമെന്ന് വിശേഷിപ്പിച്ച 1857-ലെ ശിപായി കലാപത്തെക്കുറിച്ച് അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചു. (പില്‍ക്കാലത്ത് മലബാര്‍ കലാപത്തെ ഉപജീവിച്ചും അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്). ആ ഗ്രന്ഥം നിരോധിക്കപ്പെട്ടു. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആന്‍ഡമാന്‍ ദ്വീപിലേക്ക് അയച്ചു. ഇരട്ട ജീവപര്യന്തം ശിക്ഷയായിരുന്നു അദ്ദേഹത്തിന്റെമേല്‍ ചുമത്തിയത്. 1910-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയപ്പോഴാണ് സവര്‍ക്കറെ അറസ്റ്റു ചെയ്യുന്നതും ശിക്ഷിക്കുന്നതും. ആന്‍ഡമാനിലെ കുപ്രസിദ്ധമായ സെല്ലുലാര്‍ തടവറയിലാക്കിയ അദ്ദേഹത്തെ ആപല്‍ക്കാരിയായ തടവുകാരന്‍ (ഡി-ക്ലാസ്സ്) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. തടവുകാരനായി ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍, മോചനത്തിനായി അപേക്ഷിക്കുന്ന ഒരു ദയാഹര്‍ജി അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തിന് സമര്‍പ്പിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തോട് വിധേയത്വം വ്യക്തമാക്കിയ ദയാഹര്‍ജിയില്‍ അദ്ദേഹം ഇങ്ങനെ എഴുതി: ''ഇംഗ്ലീഷ് ഗവണ്‍മെന്റിനോട് (ബ്രിട്ടന്‍) വിധേയത്വം പുലര്‍ത്തുകയും വ്യവസ്ഥാപിതമായ പുരോഗതിയെ വിട്ടുവീഴ്ചയില്ലാതെ നിലനിര്‍ത്തുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍.'' (ആറു ദയാഹര്‍ജികള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് സവര്‍ക്കര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊതുമാപ്പു നല്‍കി മോചിപ്പിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും ബി.ബി.സി രേഖപ്പെടുത്തിയിട്ടുണ്ട്). ദയാഹര്‍ജി അംഗീകരിച്ച് മോചിപ്പിച്ച സവര്‍ക്കറെ രത്‌നഗിരിയിലുള്ള ജയിലിലേക്കാണ് അയച്ചത്. അതിനുശേഷം ഹിന്ദുത്വത്തെ ഒരു രാഷ്ട്രീയ വിശ്വാസപ്രമാണമാക്കി സ്ഥാപിക്കുന്ന വിശ്രുതമായ തന്റെ ഗ്രന്ഥം അദ്ദേഹം രചിച്ചു. ആയിടയ്ക്കായിരുന്നു തന്റെ വിശ്വസ്ത അനുയായി ആയി മാറിയ ചെറുപ്പക്കാരന്‍ നാഥുറാം ഗോഡ്‌സേയുമായി അദ്ദേഹം പരിചയപ്പെടുന്നത്. 

ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സവര്‍ക്കര്‍ 1920 അവസാനത്തോടെ സജീവമായി. ഏതാണ്ട് പത്തുലക്ഷത്തോളം ഹിന്ദുക്കളുടെ പിന്തുണയുള്ള മഹാസഭയുടെ രാഷ്ട്രീയ ഭാവി നിശ്ചയിച്ചത് അദ്ദേഹമായിരുന്നു. ഹിന്ദുരാഷ്ട്രത്തിന്റ നിര്‍മ്മിതിക്കുള്ള പ്രധാന തടസ്സം മുസ്ലിങ്ങളുടെ സാന്നിദ്ധ്യമാണെന്ന് ദൃഢമായി വിശ്വസിച്ച ഹിന്ദുമഹാസഭ മുസ്ലിംവിരുദ്ധ നിലപാടില്‍ ഉറച്ചുനിന്നു. 

നാഥുറാം ഗോഡ്‌സേ

ഗോഡ്‌സെയുടെ ജീവിതം

പൂനെയ്ക്കടുത്തൊരിടത്ത് ഒരു സാധാരണ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ 1910-മെയ് പത്തൊന്‍പതാം തീയതി ജനിച്ച നാഥുറാം ഗോഡ്‌സേയെ കുഞ്ഞുന്നാളില്‍ ഒരു പെണ്‍കുട്ടിയായാണ് വളര്‍ത്തിയത്. ആണ്‍കുട്ടികള്‍ വാഴുകയില്ലെന്ന വിശ്വാസമായിരുന്നു. ഗോഡ്‌സേയ്ക്ക് മുന്‍പ് ജനിച്ച മൂന്ന് ആണ്‍കുട്ടികള്‍ മരിച്ചിരുന്നു. മൂക്കുകുത്തിയിടാനായി നാസികയില്‍ സുഷിരമിട്ട് നാലാമത്തെ പുരുഷ സന്താനത്തെ മാതാപിതാക്കള്‍ പെണ്‍കുട്ടിയാക്കി. വായിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തിയ നാഥുറാമിന് മട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കാനായില്ല. അപ്പോഴാണ് 1929-ല്‍ രത്‌നഗിരിയില്‍ പോസ്റ്റുമാസ്റ്ററായിരുന്ന അദ്ദേഹത്തിന്റെ പിതാവിന് മാറ്റം കിട്ടിയത് പത്തൊന്‍പതുകാരനായ നാഥുറാമിനെ ഏറെ സന്തോഷിപ്പിച്ചു. വായനയിലൂടെ പരിചയമായിരുന്ന സവര്‍ക്കര്‍ മോചിതനായ ശേഷം രത്‌നഗിരിയിലെ ജയിലിലായിരുന്നു. രത്‌നഗിരിയിലെത്തി മൂന്നാം നാള്‍ തന്നെ നാഥുറാം ഗോഡ്‌സേ അദ്ദേഹത്തെ പോയിക്കണ്ടു. ഗോഡ്‌സേയുടെ ജീവിതത്തെ മാറ്റിമറിച്ചതായിരുന്നു ആ കൂടിക്കാഴ്ച. അപ്പോള്‍ സവര്‍ക്കര്‍ക്ക് നാല്‍പ്പത്തിയാറും ഗോഡ്‌സേയ്ക്ക് പത്തൊന്‍പത് വയസ്സുമായിരുന്നു പ്രായം. 

1937-ല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ബോംബെ പ്രസിഡന്‍സിയുടെ ഭരണച്ചുമതല ഏറ്റയുടന്‍ ചെയ്ത ആദ്യ നടപടി സവര്‍ക്കറുടെ തടവുശിക്ഷ റദ്ദാക്കുകയായിരുന്നു. മോചിതനായ അദ്ദേഹത്തെ രത്‌നഗിരിയില്‍നിന്ന് ഘോഷയാത്രയായിട്ടാണ് ബോംബെയില്‍ കൊണ്ടുപോയത്. മഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ആഴ്ന്നിറങ്ങിയ സവര്‍ക്കര്‍, ആ പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ ദിശാബോധം നല്‍കി. വര്‍ത്തമാനകാല ജീവിതത്തില്‍ ഒരു മഹാവൃക്ഷമായി വളര്‍ന്നു പരിലസിക്കുന്ന ഹിന്ദുത്വത്തിന്റെ ആധാരമിട്ടത് അദ്ദേഹമായിരുന്നു. സവര്‍ക്കറുടെ പ്രവര്‍ത്തനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു 1925-ല്‍ കേശവ് ബലിറാം ഹെഗ്‌ഡേവാര്‍ ആര്‍.എസ്.എസ്. രൂപീകരിക്കുന്നത്. കോണ്‍ഗ്രസ്സിനെപ്പോലെ ജനപിന്തുണ നേടാന്‍ മഹാസഭയ്ക്ക് സാധിക്കാത്തതിന്റെ അപര്യാപ്തത പരിഹരിക്കാന്‍ ആര്‍.എസ്.എസ്സിന് സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. 

സവര്‍ക്കര്‍

ഇതിനിടയില്‍ മഹാസഭയുടെ അധികാരശ്രേണിയില്‍ നാഥുറാം ഗോഡ്‌സേ കയറുന്നുണ്ടായിരുന്നു. മഹാസഭയുടെ പൂനെ സിറ്റി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം സെക്രട്ടറിയായി. തുടര്‍ന്ന് മഹാരാഷ്ട്ര പ്രൊവിന്‍ഷ്യല്‍ ഹിന്ദുസഭാ സെക്രട്ടറിയായി. ആള്‍ ഇന്ത്യ ഹിന്ദുമഹാസഭയില്‍ അംഗമാകാനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാകാനും അധികനാള്‍ അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നില്ല. ഇക്കാലമെല്ലാം സവര്‍ക്കറുടെ നിഴലായി അദ്ദേഹത്തെ പിന്തുടര്‍ന്ന, ഇതിനിടയില്‍ ഗൂഢാലോചനയില്‍ നിര്‍ണ്ണായക പങ്കുണ്ടായിരുന്ന നാരായണ്‍ ദത്താത്രേയ ആപ്തേയുമായി ബന്ധപ്പെട്ടു. 1941-ലാണ് പൂനെയില്‍വച്ച് അവര്‍ ബന്ധപ്പെട്ടത്. വളരെ വേഗം ദൃഢമായ മൈത്രീബന്ധമായി ആ അടുപ്പം വളര്‍ന്നു. ബിരുദധാരിയായ ആപ്തേ സാമ്പത്തികമായും മെച്ചപ്പെട്ട നിലയിലായിരുന്നു. 

ഗോഡ്‌സേ ആരംഭിച്ച ധൈനിക് അഗ്രാണി (പിന്നീടതിന്റെ പേരും ഹിന്ദുരാഷ്ട്ര എന്നാക്കി)യില്‍ ആപ്തേ സഹപ്രവര്‍ത്തകനായി. മഹാത്മജിയെ നഖശിഖാന്തം എതിര്‍ക്കുന്നതില്‍ ഒരിക്കല്‍പ്പോലും വിട്ടുവീഴ്ച കാണിക്കാത്ത സവര്‍ക്കറുടെ രാഷ്ട്രീയ വിശ്വാസത്തേയും സമീപനത്തേയും സമ്പൂര്‍ണ്ണമായി സ്വീകരിക്കുക മാത്രമല്ല, ഒരു വീഴ്ചയും വരുത്താതെ അതു നടപ്പാക്കുന്നതില്‍ ബദ്ധശ്രദ്ധരുമായിരുന്നു അവര്‍. പതുക്കെയെങ്കിലും ഗാന്ധിജിയോടുള്ള മഹാസഭയുടെ എതിര്‍പ്പും പ്രതിഷേധവും പൊതുവേദിയില്‍ ഇക്കാലത്ത് എത്തിത്തുടങ്ങിയിരുന്നു. 1944-ല്‍ പഞ്ചഗനിയില്‍ വിശ്രമത്തിനെത്തിയ ഗാന്ധിജിക്കെതിരായി അരങ്ങേറിയ പ്രതിഷേധ പ്രകടനം അതിനൊരു ഉദാഹരണമായി. വിഭജനത്തിന് അനുകൂലിയാണെന്ന് അദ്ദേഹത്തെ മഹാസഭക്കാര്‍ ആക്ഷേപിച്ചു. ഒരു പ്രതിഷേധ പ്രകടനത്തില്‍ ''പാകിസ്താന്റെ രൂപീകരണത്തെ അനുകൂലിച്ച താങ്കളെ ഞാന്‍ അപലപിക്കുന്നു'' എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് ആപ്തേ പങ്കെടുത്തത്. 

1947 ഓഗസ്റ്റില്‍ നടന്ന ഡല്‍ഹി യാത്രയ്ക്കു മുന്‍പായി ദിഗംബര്‍ ബാഡ്‌ജേയെ സന്ദര്‍ശിക്കാന്‍ അഹമ്മദ്‌നഗറില്‍ ആപ്തേ പോയി. പൂനെയിലെ ശാസ്ത്ര ഭണ്ഡാര്‍ ഉടമയായിരുന്ന ബാഡ്‌ജേയ്ക്കും ആയുധങ്ങളുടെ കള്ളക്കച്ചവടമുണ്ടായിരുന്നു. 'കുറച്ച്' ആയുധങ്ങളും ആയിരത്തി ഇരുന്നൂറു രൂപയ്ക്ക് ഒരു സ്റ്റെണ്‍ 'ഗണ്ണും' വേണമെന്ന ആവശ്യവുമായാണ് അയാളെ ആപ്തേ സന്ദര്‍ശിച്ചത് (ഗാന്ധി വധക്കേസ് വിചാരണയില്‍ ബാഡ്‌ജേ മാപ്പുസാക്ഷിയായി) സ്റ്റെണ്‍ ഗണ്‍ വാങ്ങുമ്പോള്‍ ആപ്തയോടൊപ്പം, ഗൂഢാലോചനാ സംഘത്തില്‍ അംഗമായിരുന്നു. വിഷ്ണു കരകാരേയും ഉണ്ടായിരുന്നു. വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയപ്പോഴാണ് മറ്റൊരു ഹൈന്ദവ തീവ്രവാദിയായ ദത്താത്രേയ പര്‍ച്ചൂരയുമായി ഗോഡ്‌സേയും ആപ്തേയും പരിചയപ്പെട്ടത്. 

ഗ്വാളിയര്‍ക്കാരനായ ഡോക്ടര്‍ പര്‍ച്ചൂര സ്വന്തം നിലയില്‍ ഹിന്ദുരാഷ്ട്ര സേനയെന്ന പേരില്‍ വോളണ്ടിയര്‍മാരെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. മഹാത്മജിയെ വധിക്കാന്‍ ഗോഡ്‌സേ ഉപയോഗിച്ച ബെറേറ്റ തോക്ക് പര്‍ച്ചൂരയാണ് ഏര്‍പ്പാടാക്കിയത്. ജനുവരി ഇരുപതാം തീയതി നടന്ന വധശ്രമം പരാജയപ്പെട്ടപ്പോള്‍ അറസ്റ്റിലായ മദന്‍ലാല്‍ പപ്വയും ഹിന്ദുമഹാസഭക്കാരനായിരുന്നു. 

മദന്‍ലാലിന്റെ വധശ്രമം

ജനുവരി ഇരുപതാം തീയതി നടന്ന വധശ്രമത്തിന്റെ ചുക്കാന്‍ അഭയാര്‍ത്ഥിയായ മദന്‍ലാലിന്റെ കൈകളിലായിരുന്നു. മദന്‍ലാല്‍ നടത്തിയ വധശ്രമം പാളുകയും അയാള്‍ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. ''കോട്ടണ്‍ സ്ലാബിന് പിന്നാലെ ഹാന്‍ഡ് ഗ്രനേഡ് എറിയേണ്ട ഉത്തരവാദിത്വം മദന്‍ലാലിനായിരുന്നു. തുടര്‍ന്ന് മറ്റൊരു ദിക്കിലേക്ക് സ്ലാബ് എറിഞ്ഞ് ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ തിരിക്കണം. അപ്പോള്‍ ഗോപാല്‍ ഗോഡ്‌സേയും ബാഡ്‌ജേയും ഉന്നം പിടിച്ച് വെടിവയ്ക്കണം.'' ആപ്തേയുടെ വിശദീകരണം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത് ആപ്തേയായിരുന്നു. അതനുസരിച്ച് പ്രവര്‍ത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ മദന്‍ലാല്‍, ദിംഗബര്‍ ബാഡ്‌ജെ, വിഷ്ണു കര്‍കരെ,  നാരാണ്‍ ആപ്തേ, നാഥുറാം ഗോഡ്‌സേ, ഗോപാല്‍ ഗോഡ്‌സേ എന്നിവര്‍ ജനുവരി ഇരുപതാം തീയതി വൈകിട്ട് നാല് മണിക്ക് ബിര്‍ലാ ഹൗസിലെത്തി. അതിന് ഏതാനും ദിവസം മുന്‍പ്, പതിമൂന്നാം തീയതി നടത്തിയ ഒരു പ്രഖ്യാപനത്തില്‍, താന്‍ അവസാനത്തെ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മഹാത്മജി വെളിപ്പെടുത്തിയിരുന്നു. വിഭജനത്തെ തുടര്‍ന്ന് പാകിസ്താനുള്ള അന്‍പത്തിയഞ്ച് കോടി രൂപ ഇന്ത്യാ ഗവണ്‍മെന്റ് നല്‍കാത്തതിലുള്ള അഹിതം അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. സമാധാനം പുനഃസ്ഥാപിച്ച് പ്രാണഭയമില്ലാതെ മുസ്ലിങ്ങള്‍ക്ക് ഡല്‍ഹിയില്‍ നടക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതുവരെ താന്‍ സത്യഗ്രഹം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വവിശ്വാസികളെ കോപിഷ്ഠരാക്കിയതായിരുന്നു മഹാത്മജിയുടെ നിലപാട്. അങ്ങനെ അദ്ദേഹത്തിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ ജനുവരി ഇരുപതാം തീയതി നടത്തിയ ശ്രമം വിഫലമായി. സംഘാംഗങ്ങള്‍ ഓരോരുത്തരും അവരവരുടെ വഴിക്കുപോയി. ആപ്തേയുമൊത്ത് ഗോഡ്‌സേ ബോംബെയിലേക്കാണ് പോയത്. ഇരുപത്തിമൂന്നാം തീയതി പഞ്ചാബ് മെയിലില്‍ ബോംബെയിലെത്തിയ അവര്‍ എല്‍ഫിന്‍സ്റ്റണ്‍ ഹോട്ടലില്‍ കള്ളപ്പേരില്‍ മുറി വാടകയ്‌ക്കെടുത്ത് ഭാവിപരിപാടി ചര്‍ച്ച ചെയ്തു. രക്ഷപ്പെടാന്‍ പഴുതില്ലാത്ത പ്ലാനുമായി സഹകരിക്കാന്‍ ആപ്തേ വിസമ്മതിച്ചെങ്കിലും വ്യക്തിഗതമായ ത്യാഗത്തിന് തയ്യറാവാതെ വധശ്രമം ഫലവത്താകുകയില്ലെന്ന ഗോഡ്‌സേയുടെ നിലപാടിനോട് അര്‍ദ്ധമനസ്സോടെ സഹകരിക്കാന്‍ ഒടുവില്‍ നിര്‍ബ്ബന്ധിതനായി. എന്തു ത്യാഗത്തിനും താന്‍ ഒരുക്കമാണെന്ന നിലപാടായിരുന്നു ഗോഡ്‌സേയുടേത്. അങ്ങനെ അയാളുമായി ഒത്തുപോകാന്‍ അയാളും തയ്യാറായി. അങ്ങനെയാണ് ജനുവരി 29-ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അവര്‍ എത്തിയത്. അന്നവിടെ റിട്ടയറിംഗ് മുറി വാടകയ്‌ക്കെടുത്ത് താമസിച്ചു. അടുത്ത ദിവസം അവര്‍ പിരിഞ്ഞ് ബിര്‍ലാ മന്ദിറില്‍ ഒരു ടോംഗോയിലെത്തിയ ഗോഡ്‌സേ കുറച്ചുനേരം ശിവാജിയുടേയും ബാജിറാവു പേപ്വയുടേയും പ്രതിമകളുടെ മുന്‍പില്‍ ചെലവിട്ടു. അവിടെനിന്ന് മറ്റൊരു ടോംഗയില്‍ അയാള്‍ ബിര്‍ല ഹൗസിലേക്ക് പോയി. ഏഴ് വെടിയുണ്ടകള്‍ നിറച്ച ഒരു ബെറേറ്റ തോക്ക് അപ്പോള്‍ അയാളുടെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്നു. മഹാത്മജിയെ കാത്തിരിക്കുകയായിരുന്നവരില്‍ ഒരാളായി അയാള്‍. കൃത്യം അഞ്ച് മണി പതിനേഴ് മിനിട്ടായപ്പോള്‍ മഹാത്മാഗാന്ധി നടന്നുവരികയായിരുന്നു. ആ വൃദ്ധ ഫക്കീര്‍ നടന്നുവരുന്നത് നോക്കിയിരുന്ന ഗോഡ്‌സേ, അപ്പോള്‍ പാന്റിന്റെ പോക്കറ്റില്‍ കൈ ഇട്ടു....

''അതോടെ ഇന്ത്യക്കാരുടെ ജീവിതത്തില്‍നിന്ന് വെളിച്ചം അപ്രത്യക്ഷമായി. ബിര്‍ലാ ഹൗസില്‍വച്ച് ഒരു കൊലപാതകി വര്‍ഷിച്ച മൂന്ന് വെടിയുണ്ടകള്‍ മഹാത്മാഗാന്ധിയുടെ ജീവന്‍ അപഹരിച്ചു.''

നെഞ്ചിലും ആമാശയത്തിലും വെടിയുണ്ടകള്‍ തറച്ച്, പ്രാര്‍ത്ഥനായോഗസ്ഥലത്തിന് ഏതാനും അടികള്‍ക്ക് ദൂരെയായി എഴുപത്തിയെട്ടുകാരനായ ആ ഫക്കീര്‍ നിലത്തുവീണു എന്ന് എഴുതുന്ന ഗ്രന്ഥകര്‍ത്താക്കള്‍, ചരിത്രത്തിലെ ഒരു മഹാപാതകത്തിന്റെ പിന്നിലുള്ള ഗൂഢാലോചനയുടേയും അതിനു പിന്നിലുള്ളവരുടേയും യഥാര്‍ത്ഥ ചിത്രം പ്രതിപാദിക്കുന്നതു വഴി, പുതിയ തലമുറയില്‍നിന്ന് മറച്ചുവയ്ക്കാന്‍ നടക്കുന്ന ബോധപൂര്‍വ്വ ശ്രമത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആരെയും അവര്‍ കുറ്റപ്പെടുത്തുന്നില്ല. ചരിത്രകാരന്റെ നിഷ്പക്ഷ സമീപനം സ്വീകരിക്കുന്ന അവര്‍ അസാധാരണമായ ഈ ഗ്രന്ഥത്തെ മൂന്നു ഭാഗങ്ങളായി വേര്‍തിരിക്കുന്നു. കൊലപാതകി ആരെന്ന് അന്വേഷിക്കുന്ന അവര്‍, മഹാരാജാവ് (The Monarch), ഫക്കീര്‍ (The Fakir) എന്നീ രണ്ട് ഖണ്ഡങ്ങളിലൂടെ ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത രേഖകളുടെ ആധാരത്തില്‍ അതിഹീനമായ ഗൂഢാലോചനയെ തുറന്നുകാട്ടുന്നുണ്ട്. എന്നിട്ട് അവര്‍ ഇങ്ങനെ ഉപസംഹരിക്കുന്നു. ''ഗോഡ്‌സേയും അയാളുടെ അനുചരന്മാരും ഏതു ഗാന്ധിയെയാണ് വധിച്ചത്. ദേശവിരുദ്ധനോ രാഷ്ട്രവിരുദ്ധനോ അല്ലാത്ത ഒരു ഗാന്ധിയെയാണ് അവര്‍ കൊന്നത്. സമത്വത്തില്‍ അഗാധമായി വിശ്വസിച്ചിരുന്ന ഒരു ഗാന്ധിയെ അവര്‍ വധിച്ചു. അഹിംസയെ വിശ്വാസപ്രമാണമാക്കിയ ഒരു ഹിന്ദുവിനേയും ആത്മീയതയില്‍ ആഴത്തില്‍ വിശ്വസിക്കുന്ന ഒരാളെയുമാണ് അവര്‍ വധിച്ചത്. ചുരുക്കത്തില്‍, ഗോഡ്‌സേയും അയാള്‍ പ്രതിനിധാനം ചെയ്തവര്‍ക്കും വേണ്ടി വധിച്ചത്, പൂര്‍ണ്ണമായി അവര്‍ തെറ്റിദ്ധരിച്ച ഒരു ഗാന്ധിയെയായിരുന്നു. അദ്ദേഹത്തെ തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള നൈതിക ബോധമോ ആത്മീയമായ ഔന്നത്യമോ ഇല്ലാത്തവരായിരിക്കണം അവര്‍. 

പ്രിയങ്ക കോതം രാജു, അപ്പു എസ്തോസ് സുരേഷ് 

ഹിന്ദുസ്ഥാന്‍ ടൈംസിലും ഇന്ത്യന്‍ എക്സ്പ്രസ്സിലും മിന്റിലും പ്രവര്‍ത്തിച്ചിട്ടുള്ള, ഗ്രന്ഥകര്‍ത്താക്കളിലൊരാളായ അപ്പു എസ്തോസ് സുരേഷ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സിലെ സീനിയര്‍ അറ്റ്‌ലാന്റിക്ക് ഫെല്ലോയാണിപ്പോള്‍. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിനിയായ പ്രിയങ്കയും സീനിയര്‍ അറ്റ്‌ലാന്റിക്ക് ഫെല്ലോയാണ്. എട്ടുകൊല്ലത്തെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ അവര്‍ രചിച്ച ഈ ഗ്രന്ഥത്തിലൂടെ നേടുന്നത് പുതിയ തലമുറയുടെ സ്‌നേഹവും ആദരവുമാണ്. ഈ ഗ്രന്ഥത്തിലൂടെ അവര്‍ വെളിച്ചം വീശുന്നത്, ഇന്ത്യയുടെ ജനാധിപത്യ ജീവിതരീതിയെ തകിടം മറിക്കാന്‍ പരിശ്രമിക്കുന്ന ഇരുണ്ട ശക്തികളുടെ നേര്‍ക്കാണ്.