ധാര്‍മ്മികത നഷ്ടമായാല്‍, പിന്നെ പൊലീസിനെക്കൊണ്ട് ആര്‍ക്കാണ് ഗുണം

ഇങ്ങനെ ആയാല്‍ പൊലീസിന് വിലയില്ലാതാകും സാര്‍.'' സ്വതേ ശാന്തപ്രകൃതിയായിരുന്ന വിശ്വനാഥന്‍ അപ്പോള്‍ രോഷംകൊണ്ട് തിളയ്ക്കുകയായിരുന്നു
എ ഹേമചന്ദ്രന്‍
എ ഹേമചന്ദ്രന്‍

ങ്ങനെ ആയാല്‍ പൊലീസിന് വിലയില്ലാതാകും സാര്‍.'' സ്വതേ ശാന്തപ്രകൃതിയായിരുന്ന വിശ്വനാഥന്‍ അപ്പോള്‍ രോഷംകൊണ്ട് തിളയ്ക്കുകയായിരുന്നു. വിശ്വനാഥന് പിന്തുണയായി അതിലും ശാന്തനായ ഗോവിന്ദന്‍ പോറ്റിയും. സ്ഥലം ആലപ്പുഴ എസ്.പിയുടെ ക്യാമ്പ് ഓഫീസ്. അവിടെ എന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ആയിരുന്നു വിശ്വനാഥന്‍. പോറ്റി കോണ്‍സ്റ്റബിളും. ജില്ലാ എസ്.പി ആയിരുന്ന എന്റെ മുന്നിലാണ് ഈ വികാരപ്രകടനമെല്ലാം. ''അയാളെ ഒരു പാഠം പഠിപ്പിക്കണം സാര്‍,'' പതിവില്ലാതെ രോഷാകുലനായി പോറ്റിയും. അവരുടെ വികാരപ്രകടനമൊന്നും എസ്.പി ആയിരുന്ന എന്നെ തീരെ സ്പര്‍ശിക്കുന്നുമില്ല. മനുഷ്യന് വികാരമുണ്ടാകുന്നതെങ്ങനെ എന്ന ചില മനഃശാസ്ത്ര സിദ്ധാന്തങ്ങളൊക്കെ പണ്ട് പഠിച്ചിരുന്നു. അതെന്തായാലും, അവരോട് സഹതാപം തോന്നിയെങ്കിലും ആ ദേഷ്യം ഞാന്‍ പങ്കിട്ടില്ല. അവരുടെ ദേഷ്യപ്രകടനത്തിന് അവരുടേതായ ന്യായമുണ്ടായിരുന്നു. രാവിലെ തന്നെ ഡ്രൈവര്‍ വിശ്വനാഥന്‍ എസ്.പിയുടെ ഔദ്യോഗിക വാഹനവുമായി പാതിരപ്പള്ളിക്കടുത്ത പെട്രോള്‍ പമ്പില്‍ ചെന്നു. പമ്പിന്റെ മുതലാളി അവിടെയുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത്രെ ''പൈസ ഇല്ലെങ്കില്‍ പെട്രോളില്ല.'' വിശ്വനാഥന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുതലാളി വഴങ്ങിയില്ല. ഡ്രൈവര്‍ വിശ്വനാഥന് അത് വലിയ അഭിമാനക്ഷതമായി. അദ്ദേഹത്തിന് ഇങ്ങനെ ഒരനുഭവം അതുവരെയുണ്ടായിട്ടില്ല. ജില്ലാ എസ്.പിയുടെ വാഹനത്തിന് ഇന്ധനം നിഷേധിക്കുന്നത് വിശ്വനാഥന് ചിന്തിക്കാനായില്ല. സാധനം വാങ്ങുമ്പോള്‍ വില നല്‍കണം എന്ന വ്യാപാരത്തിന്റെ സാമാന്യയുക്തിയിലല്ല ഡ്രൈവര്‍ ചിന്തിച്ചത്. ഓരോരുത്തര്‍ക്കും അവരുടേതായ യുക്തിയുണ്ടല്ലോ. എന്നോടൊപ്പം അടുത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് സഹപ്രവര്‍ത്തകരുടെ വികാരം കൂടുതല്‍ നേരം അവഗണിക്കാന്‍ വയ്യല്ലോ. അവരുടെ കാഴ്ചപ്പാടില്‍ എസ്.പിയുടെ വാഹനത്തിന് ഇന്ധനം നിഷേധിച്ച ആ പമ്പുടമ ഒരു ധിക്കാരിയാണ്. അയാളെ ഒരു പാഠം പഠിപ്പിക്കണമെന്നാണവരുടെ ആഗ്രഹം. അവരെന്നെ ഓരോന്ന് പറഞ്ഞ് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ''പെട്രോള്‍ ചോദിച്ചത് വീട്ടുകാര്യത്തിനല്ലല്ലോ സര്‍, സര്‍ക്കാര്‍ ആവശ്യത്തിനല്ലേ. അതെങ്കിലും അയാള്‍ ആലോചിക്കേണ്ടേ സാര്‍.'' 

അക്കാലത്ത് ജില്ലയില്‍ പൊലീസിന്റെ  സാമ്പത്തികസ്ഥിതി പരിതാപകരമായിരുന്നു. എല്ലാ വകുപ്പുകളുടേയും അവസ്ഥ അതുതന്നെ ആയിരുന്നു. അതുകൊണ്ട് പെട്രോള്‍ പമ്പുകളിലും മറ്റും ധാരാളം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. പല പമ്പുടമകളും അവര്‍ക്ക് കിട്ടേണ്ട പണത്തിനായി നിരന്തരം ഓഫീസില്‍ കയറിയിറങ്ങുന്ന അവസ്ഥയാണന്നുണ്ടായിരുന്നത്. പൊളിഞ്ഞുകൊണ്ടിരിക്കുന്ന ചിട്ടിക്കമ്പനി ഉടമയുടെ അവസ്ഥയിലായിരുന്നു ഞാന്‍. എല്ലാ പേരോടും പറയും: ''അടുത്ത ആഴ്ച കുറച്ച് അലോട്ട്‌മെന്റ് വരും.  വന്നാല്‍ അതില്‍നിന്ന് നിങ്ങള്‍ക്കു തന്നെ ആദ്യം തരും.'' അങ്ങനെ ആഴ്ചകള്‍ പലതും നീളും. ബാദ്ധ്യത കൂടിക്കൂടി വരും. അവസാനം ഡ്രൈവര്‍ വിശ്വനാഥനു പറ്റിയതുപോലെ സംഭവിക്കും. ഒരു നിവൃത്തിയുമില്ലാതെ പമ്പുടമ പെട്രോള്‍ നല്‍കാന്‍ വിസമ്മതിക്കും. ''അയാള്‍ക്ക് നമ്മളൊരുപാട് രൂപ ഇപ്പോള്‍ത്തന്നെ കൊടുക്കാനുണ്ട്. അയാളും സാമ്പത്തികമായി  ബുദ്ധിമുട്ടിലായിരിക്കും.'' എന്ന് ഞാന്‍ പറഞ്ഞുവെങ്കിലും ഡ്രൈവര്‍ വിശ്വനാഥന്റെ രോഷം കുറഞ്ഞില്ല. ''സര്‍ക്കാര്‍ ആവശ്യത്തിനല്ലേ സാര്‍, ഇത് അയാളുടെ ധിക്കാരം തന്നെയാണ് സാര്‍, നോര്‍ത്ത് എസ്.ഐയെ അങ്ങോട്ടയക്കണം.'' പെട്രോള്‍ പമ്പുടമയെ പൊലീസിനെ വിട്ട് വിരട്ടണമെന്നോ, കസ്റ്റഡിയിലെടുക്കണമെന്നോ ഒക്കെയാണ് ആഗ്രഹം. ''അവര്‍ പലിശയ്ക്ക് കടം വാങ്ങിയായിരിക്കും ബിസിനസ്സ് നടത്തുന്നത്, അവര്‍ക്ക് പൈസ കൊടുക്കാനുള്ളവരോട് സര്‍ക്കാര്‍ എന്നൊന്നും പറയാനാവില്ലല്ലോ.'' ഇങ്ങനെയൊക്കെ വിശദീകരിച്ചിട്ടും  തൃപ്തരാകാതെ വന്നപ്പോള്‍ ഞാന്‍ പച്ചയായിത്തന്നെ പറഞ്ഞു: ''സര്‍ക്കാര്‍ എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഉള്ളത് പറഞ്ഞാല്‍ നമ്മളിപ്പോള്‍ തെണ്ടിക്കൊണ്ടിരിക്കയാണ്. ഒരാള്‍ തന്നില്ലെങ്കില്‍ അടുത്ത സ്ഥലത്ത് പോയി തെണ്ടുക. അല്ലാതെ വഴിയൊന്നുമില്ല. പൊലീസാണെന്നും പറഞ്ഞ് മീശ പിരിച്ചിട്ടൊന്നും കാര്യമില്ല.'' രണ്ടറ്റവും കൂട്ടിമുട്ടാതെ നിരാശാഭരിതരായി വിശ്വനാഥനും പോറ്റിയും ഒരറ്റത്തും അവരുടെ പ്രകോപനത്തിനു വഴങ്ങാതെ ഞാന്‍ മറ്റേ അറ്റത്തും നിന്നു. അങ്ങനെ കുറെ സമയം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതാ ഓടിക്കിതച്ച് വിയര്‍ത്തുകൊണ്ട് കടന്നുവരുന്നു ഒരു മനുഷ്യന്‍. അദ്ദേഹം എന്നെ തൊഴുതുകൊണ്ട്: ''ഒരബദ്ധം പറ്റിപ്പോയി സാര്‍, ക്ഷമിക്കണം'' എന്നു പറഞ്ഞു. അയാളായിരുന്നു എന്റെ ഡ്രൈവര്‍ വിശ്വനാഥന്‍ പറഞ്ഞ പമ്പ് മുതലാളി എന്ന 'ധിക്കാരി.' 'ധിക്കാരി' തുടര്‍ന്നു: ''സാറിന്റെ വണ്ടിയാണെന്ന് അറിഞ്ഞില്ലായിരുന്നു.'' ''അറിഞ്ഞിരുന്നെങ്കിലും എനിക്കതില്‍ പരാതിയൊന്നുമില്ല,'' ഞാന്‍ പറഞ്ഞു. സത്യത്തില്‍, ആ പാവം മനുഷ്യന്‍ വളരെ വലിയ സംഘര്‍ഷത്തിലായിരുന്നു. സാമ്പത്തിക ഞെരുക്കം മൂലം രാവിലെ പെട്ടെന്ന് അങ്ങനെ പറഞ്ഞുപോയെന്നേയുള്ളു. ആരെയും കൊച്ചാക്കാനൊന്നും ആ മനുഷ്യന്‍  ഉദ്ദേശിച്ചിരുന്നില്ല. ഡ്രൈവര്‍ വണ്ടിയുമായി തിരികെ പോയപ്പോള്‍ അതടുത്ത പുലിവാലാകുമോ എന്ന് അയാള്‍ ഭയന്നു. അങ്ങനെ  പിറകെ ഓടി വന്നതാണ്. അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് എനിക്ക് നന്നായി മനസ്സിലായി. ഒരു പരാതിയുമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് കഴിയുന്നത്ര ധൈര്യം നല്‍കിയാണ് അയാളെ മടക്കിയത്. ഡ്രൈവര്‍ വിശ്വനാഥനും പോറ്റിക്കും സന്തോഷമായി. 'പൊലീസിന്റെ അഭിമാനം' തിരിച്ചുകിട്ടിയല്ലോ. 

അക്കാലത്ത് പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അത്രയ്ക്ക്  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. എല്ലാ ഭാരവും അവസാനം ചെന്നെത്തുന്നത് പൊലീസ് സ്റ്റേഷനുകളിലാണ്. ചിലേടത്ത് അത്യാവശ്യത്തിന് വാഹനം പോലുമുണ്ടായിരുന്നില്ല. ഉള്ള വാഹനത്തിനുതന്നെ പെട്രോളിനും ഡീസലിനും വലിയ ബുദ്ധിമുട്ടായിരുന്നു. ഒഴിച്ചു കൂടാനാവാത്ത ആവശ്യങ്ങള്‍ക്കുപോലും സര്‍ക്കാര്‍ സംവിധാനത്തിലൂടെ യഥാസമയം പണം ലഭിക്കുക ഏതാണ്ട് അസാദ്ധ്യമായ അവസ്ഥയാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യം പല ദുഷ്പ്രവണതകളും വളര്‍ത്തിയിരുന്നു. പലേടത്തും മദ്യഷാപ്പുകാരുമായും മറ്റും അവിശുദ്ധ ബന്ധം സ്ഥാപിക്കുന്നതിലേക്ക് അത് നയിച്ചിട്ടുണ്ട്. നേരെ ചൊവ്വെ പോകണം എന്നാഗ്രഹിക്കുന്ന സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ക്കും മറ്റും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യമായിരുന്നു അത്. 

ആദ്യം ഇക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത് ഒരു മാസക്കാലത്തെ പരിശീലനത്തിന് താമരശ്ശേരിയില്‍ പോയപ്പോഴാണ്. അന്നവിടുത്തെ വാഹനത്തിന്റെ ഇന്ധന ക്വാട്ട ഒരു മാസത്തേക്ക് 40 ലിറ്ററായിരുന്നെന്നാണ് ഓര്‍മ്മ. അത് കഴിയാറായപ്പോള്‍ പ്രശ്‌നമായി. ഹെഡ് കോണ്‍സ്റ്റബിള്‍ കൃഷ്ണന്‍കുട്ടി ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. ''നമുക്കൊരു കാര്യം ചെയ്യാം സാര്‍, ആ മോഷണക്കേസിലെ പരാതിക്കാരനെക്കൊണ്ട് ഒരു ടാങ്ക് ഡീസല്‍ അടിപ്പിക്കാം'' അവിടെ ഒരു വീട്ടില്‍നിന്നും കുറെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ പരാതിക്കാരന്റെ കാര്യമാണ് ഹെഡ് കോണ്‍സ്റ്റബിള്‍ സൂചിപ്പിച്ചത്. സ്വര്‍ണ്ണം കള്ളന്മാര്‍ കൊണ്ടുപോയതിന്റെ പിറകെ പണം പൊലീസും കൊണ്ടുപോകുകയോ? കൃഷ്ണന്‍കുട്ടിയെ ഞാന്‍ നിരുത്സാഹപ്പെടുത്തി. പിന്നീട് എന്റെ പങ്കാളിത്തമില്ലാതെ അവര്‍ തന്നെ പ്രശ്‌നം പരിഹരിച്ചിരിക്കണം. അവരുടെ മുന്നില്‍ വേറെ എന്താണ് വഴി?

അകമ്പടി ആഗ്രഹിക്കുന്നവര്‍

പിന്നീട് കുന്നംകുളത്ത് ഞാന്‍ എ.എസ്.പിയായി എത്തിയപ്പോള്‍ അവിടെ ഈ പ്രശ്‌നത്തിന് ജനകീയമെന്നോ വികേന്ദ്രീകൃതമെന്നോ ഒക്കെ വിളിക്കാവുന്ന പരിഹാരം കണ്ടെത്തിയിരുന്നു. തികച്ചും അവിചാരിതമായിട്ടായിരുന്നു ഞാനത് മനസ്സിലാക്കിയത്. ഒരു ദിവസം വൈകുന്നേരം  വെറുതേ സാധാരണ വേഷത്തില്‍ കുന്നംകുളം ടൗണില്‍ ഒന്നു നടക്കാനിറങ്ങി. പ്രത്യേകിച്ച് ഉദ്ദേശ്യം  ഒന്നുമില്ലായിരുന്നു. പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്ത് കുറേ സമയം നിന്നു. ഓരോ ബസും പുറപ്പെടും മുന്‍പ് കണ്ടക്ടര്‍ സ്റ്റാന്റിനുള്ളിലെ കെട്ടിടത്തിനകത്ത്  കയറി ഉടന്‍ തന്നെ  പുറത്തു വന്ന് ബസില്‍ കയറി യാത്ര ആരംഭിക്കുന്നതായിട്ടാണ് കണ്ടത്. എല്ലാ ബസുകാരും അങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ അല്പം ജിജ്ഞാസ തോന്നി. ഞാനും ആ മുറിക്കടുത്തേക്ക് നടന്നു. ഉള്ളില്‍ ഒരു പൊലീസുകാരനുണ്ടായിരുന്നു. അയാളുടെ സമീപത്ത് ഒരു പെട്ടിയും. ഓരോ കണ്ടക്ടറും ഒരു നോട്ട്, രണ്ടു രൂപയാണെന്നു തോന്നുന്നു, ആ പെട്ടിയില്‍ നിക്ഷേപിക്കും. പള്ളിയിലും അമ്പലത്തിലും ഒക്കെ കാണുന്നപോലുള്ള ഒരേര്‍പ്പാട്. ഇവിടെ പൊലീസുകാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നുമാത്രം. ഞാനാമുറിക്കുള്ളില്‍ കയറി. പൊലീസുകാരന്‍ എന്നെ തിരിച്ചറിഞ്ഞില്ല. 'പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം' എന്ന നിലയില്‍ അയാളെന്നെ നോക്കി. അതിനപ്പുറം എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. പിന്നീട് ഞാന്‍ കാര്യം മനസ്സിലാക്കി. കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്വകാര്യ ബസുകളില്‍നിന്നും ഇത്തരം ഒരു 'പൊലീസ് നികുതി' പിരിവ്  നിലനിന്നിരുന്നു. ഈ വരുമാനമായിരുന്നു പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന ചെലവുകള്‍ക്കുള്ള  പ്രധാന സ്രോതസ്സ്. പില്‍ക്കാലത്ത്, പബ്ലിക്ക്-പ്രൈവറ്റ്-പാര്‍ട്ട്ണര്‍ഷിപ്പ് (PPP) എന്നൊക്കെയുള്ള ആകര്‍ഷക ലേബലില്‍, വലിയ 'വികസനതന്ത്ര'ത്തിന്റെ ചില മാതൃകകള്‍ ദേശീയതലത്തില്‍  ഉയര്‍ന്നുവന്നിട്ടുണ്ടല്ലോ. അതിനൊക്കെ എത്രയോ മുന്‍പായിരുന്നു സഹകരണത്തിലൂടെ ധനസമാഹരണം ഉറപ്പാക്കിയ ഈ കുന്നംകുളം പൊലീസ് മോഡല്‍. ഈ മാതൃകയ്ക്ക് നല്ല സാദ്ധ്യതയുണ്ടായിരുന്ന സ്റ്റേഷനുകളിലേക്ക് പൊലീസുകാരുടെ പോസ്റ്റിംഗിനു ഡിമാന്റ് കൂടുതലായിരുന്നു. കാരണം, സ്റ്റേഷന്‍ ചെലവിനപ്പുറമുള്ള വരുമാനം, മുഴുവന്‍ സ്റ്റാഫുകള്‍ക്കുമിടയില്‍ ഏതാണ്ടൊരു സോഷ്യലിസ്റ്റ് രീതിയില്‍ സമത്വം ഉറപ്പാക്കി വിതരണം നടത്തിപ്പോന്നിരുന്നു. നമുക്കീ ജനകീയ സമത്വസുന്ദര സോഷ്യലിസ്റ്റ് കുന്നംകുളത്തുനിന്ന് ആലപ്പുഴയ്ക്ക് മടങ്ങാം.  

അവിടെ തല്‍ക്കാലം പൊലീസിന്റെ 'അഭിമാനം' രക്ഷപ്പെട്ടു നില്‍ക്കുകയാണല്ലോ. ഒരു വശത്ത് സാമ്പത്തിക ബുദ്ധിമുട്ട് മൂലം പൊലീസ് വാഹനങ്ങള്‍ ആവശ്യത്തിന് ഇന്ധനം ലഭിക്കാതെ നിരത്തിലിറക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ തന്നെ മറുഭാഗത്ത് വെറും പൊങ്ങച്ചത്തിനായി പൊലീസ് അകമ്പടി ആവശ്യപ്പെടുന്ന പ്രവണതയും കണ്ടിരുന്നു. സാധാരണയായി ഗൗരവസ്വഭാവമുള്ള സുരക്ഷാഭീഷണിയുണ്ടെങ്കില്‍ മാത്രമേ പൊലീസ് അകമ്പടി വാഹനം കൂടെ പോകേണ്ടതുള്ളു. അതിനാകട്ടെ, സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം  ബന്ധപ്പെട്ട ഏജന്‍സികളുമായിട്ടെല്ലാം ഏകോപിപ്പിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. അല്ലെങ്കില്‍ അപ്രതീക്ഷിത ഹര്‍ത്താലോ ബന്തോ മറ്റെന്തെങ്കിലും പ്രക്ഷോഭങ്ങളോ  ദേശീയപാതയിലും മറ്റും പ്രശ്‌നം സൃഷ്ടിക്കുകയാണെങ്കില്‍ മന്ത്രിമാര്‍ക്കും മറ്റും പൊലീസ് അകമ്പടി ആവശ്യമായി വരും. ഒരു പ്രശ്നവുമില്ലെങ്കിലും തനിക്കു ചുറ്റും പൊലീസുകാര്‍ കൂടിയേ തീരൂ എന്ന് തീവ്രമായി ആഗ്രഹിക്കുന്ന ചില വ്യക്തികളുണ്ട്.  പൊലീസ് കൂടെ ഇല്ലെങ്കില്‍ അത് വലിയ കുറവായിട്ടാണ് അവര്‍ക്ക്  തോന്നുക. ഇത്തരത്തില്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും എ.പി.എസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും കുറെ ഉണ്ടായിരുന്നു. യൂണിഫോമിട്ട പൊലീസുകാരുടെ സാന്നിധ്യം സ്വന്തം പ്രാധാന്യം  വര്‍ദ്ധിപ്പിക്കുമെന്നാണവരുടെ ധാരണ. അര്‍ഹത ഇല്ലാത്ത സൗകര്യങ്ങള്‍ നല്‍കി ചില ഉദ്യോഗസ്ഥര്‍ ഇത്തരക്കാരെ പ്രീണിപ്പിക്കുകയും ചെയ്തിരുന്നു. അതുമൂലമുള്ള നഷ്ടം ജനങ്ങള്‍ക്കു മാത്രമാണല്ലോ. 

ആലപ്പുഴയില്‍ അക്കാലത്ത് ഇത് വലിയ പ്രശ്‌നമായിരുന്നു. ഓച്ചിറ മുതല്‍ അരൂര്‍ വരെ നീണ്ട ഹൈവേയിലൂടെ കടന്നുപോകുന്ന വി.ഐ.പികള്‍ക്കെല്ലാം അകമ്പടി പോകാന്‍ തുടങ്ങിയാല്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് മറ്റു ജോലികള്‍ക്കു പോകാന്‍ വലിയ ബുദ്ധിമുട്ടാകും. ഭാഗ്യത്തിന് ഇതുപോലുള്ള ആവശ്യങ്ങളില്‍ വാശിപിടിക്കുന്നവരുടെ എണ്ണം കുറവായിരുന്നു. പക്ഷേ, അതില്‍ വല്ലാതെ ഭ്രമിച്ച് വശായ അപൂര്‍വ്വം ചിലരും ഉണ്ടായിരുന്നു.  അത്തരം ഒരു മന്ത്രി വടക്ക് എവിടെയോ പോയിട്ട് തിരുവനന്തപുരത്തോട്ടുള്ള യാത്രയ്ക്കിടയില്‍ ആലപ്പുഴ റസ്റ്റ്ഹൗസില്‍ കയറി. ജില്ലയില്‍നിന്ന് പൊലീസ് പൈലറ്റ് വാഹനമൊന്നും നല്‍കിയിരുന്നില്ല. അതിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല. ആലപ്പുഴനിന്നും തെക്കോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന് പൈലറ്റ് ആവശ്യപ്പെട്ടു. മന്ത്രിയുടെ ഗണ്‍മാന്‍ ആലപ്പുഴ സൗത്ത് എസ്.ഐയോടാണ് ആവശ്യപ്പെട്ടത്. എസ്.ഐ സാലി എന്നെ വിവരം അറിയിച്ചു. ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ മന്ത്രിയെക്കാള്‍ നിര്‍ബ്ബന്ധബുദ്ധി കാണിക്കുന്നത് കൂടെയുള്ള ഗണ്‍മാന്‍ ആണ്. ഞാന്‍ എസ്.ഐയോട് കാര്യങ്ങള്‍ വിശദീകരിച്ച് ഗണ്‍മാനെ ധരിപ്പിക്കാന്‍ പറഞ്ഞു. പക്ഷേ, അയാള്‍ വഴങ്ങുന്നില്ല. അവസാനം, പൊലീസ് വാഹനം പൈലറ്റ് ചെയ്യാന്‍ റസ്റ്റ്ഹൗസില്‍ എത്തിയെങ്കില്‍ മാത്രമേ മന്ത്രി പുറപ്പെടുകയുള്ളുവെന്നായി. തിരക്കേറിയ ആ ടൗണ്‍ സ്റ്റേഷനില്‍ ആകെയുള്ള ഒരു വാഹനം ഇങ്ങനെ വെറും പൊങ്ങച്ചം കാണിക്കാനായി ഓടിക്കേണ്ട എന്ന് തീരുമാനിച്ചു. അവസാനം, നിവൃത്തിയില്ലാതെ  ഞങ്ങളും ചെറിയൊരു തന്ത്രം, അല്ല കുതന്ത്രം പ്രയോഗിച്ചു. എസ്.ഐയോട് പൈലറ്റായി പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. ടൗണ്‍ കഴിഞ്ഞ ഉടന്‍ പൈലറ്റ് വണ്ടി നിര്‍ത്തുക. കേടായപോലെ ബോണറ്റ് ഉയര്‍ത്തി പരിശോധന നടത്തുക. മിക്കവാറും റോഡില്‍ കാത്തുകിടക്കാതെ വി.ഐ.പി പൊയ്‌ക്കൊള്ളും. അതായിരുന്നു പ്ലാന്‍. അങ്ങനെ തന്നെ കാര്യം നടന്നു.     

അത്തരം ഒരു മന്ത്രി ആലപ്പുഴയില്‍ ഒരിക്കല്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് മുഖ്യാതിഥി ആയിരുന്നു. തലേന്നു രാത്രി അദ്ദേഹം ആലപ്പുഴയ്ക്കു വന്നത്  ജില്ലയുടെ  വടക്കേ അറ്റമായ അരൂര്‍ വഴിയാണ്. അരൂര്‍ കടന്നപ്പോള്‍ത്തന്നെ കൂടെയുള്ള ഗണ്‍മാന്‍ വയര്‍ലെസ്സില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു വിവരം അറിയിച്ചു. പിന്നീട് ഏതാണ്ട് ഓരോ രണ്ട് മിനിട്ടിനിടയിലും മന്ത്രിയുടെ ലൊക്കേഷന്‍ വയര്‍ലെസ്സിലൂടെ പറഞ്ഞുകൊണ്ടിരുന്നു. ഞാനുമത് കേള്‍ക്കുന്നുണ്ടായിരുന്നു. എനിക്കത് അസാധാരണമായി തോന്നി. എപ്പോഴും ഇങ്ങനെ സ്ഥലം പറയേണ്ട ആവശ്യമില്ല. കുറേ കഴിഞ്ഞപ്പോള്‍ കാര്യം പിടികിട്ടി. ''ബഹുമാനപ്പെട്ട മന്ത്രിയുടെ വാഹനത്തിനു പൈലറ്റില്ല.'' ഗണ്‍മാന്‍ പറഞ്ഞു. ആരും മറുപടി പറഞ്ഞില്ല, ഞാനും. കാരണം സുരക്ഷാകാരണങ്ങള്‍ മൂലം വ്യക്തമായ നിര്‍ദ്ദേശമുണ്ടെങ്കില്‍ മാത്രമേ പൈലറ്റ് നല്‍കിയിരുന്നുള്ളു. അദ്ദേഹത്തിന് പൈലറ്റ് ആവശ്യമില്ലായിരുന്നു.  

അടുത്ത ദിവസം രാവിലെ സ്വാതന്ത്ര്യദിനാഘോഷത്തിനു മുന്നോടിയായി ഞാന്‍ റസ്റ്റ്ഹൗസില്‍ പോയി. പരിപാടി സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ ചീഫ് ഗസ്റ്റായ മന്ത്രിയെ കണ്ട് അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെ അല്പം നേരത്തെ എത്തി. അകത്ത് കയറിയപ്പോള്‍ ജില്ലാ കളക്ടര്‍ റോസ് അവിടെ ഉണ്ടായിരുന്നു. മന്ത്രി എന്നെ  അവഗണിക്കുന്നതുപോലെ തോന്നി. ഞാന്‍ ചോദ്യരൂപേണ കളക്ടറെ നോക്കി.  ഒന്നും പിടികിട്ടുന്നില്ല എന്ന രൂപത്തില്‍ അവര്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. മന്ത്രി  പെട്ടെന്ന് സംസാരിച്ചു തുടങ്ങി: 

''എസ്.പി സ്ഥലത്ത് ഇല്ലായിരുന്നോ?'' എന്നോടാണ് ചോദ്യം. അളന്നുതൂക്കിയ  ഉച്ചാരണം, ഗൗരവഭാവത്തില്‍.
 
''ഉണ്ടായിരുന്നു സാര്‍,'' എന്റെ മറുപടി. പിന്നെ വീണ്ടും  മൗനം; അപ്പോഴും ഭാവം ഗൗരവം.  

 അല്പം കഴിഞ്ഞ് അദ്ദേഹം വീണ്ടും അതേ ശൈലിയില്‍ ''ഉള്ളതുപോലെ തോന്നിയില്ല.'' 

എനിക്കതു കേട്ടപ്പോള്‍ അല്പം സംശയം തോന്നി. എന്തെങ്കിലും സുരക്ഷാപ്രശ്‌നമുണ്ടായോ? മന്ത്രിയുടെ കാറിനിട്ട് ആരെങ്കിലും കല്ലെറിഞ്ഞോ? അങ്ങനെ ഒന്നുമുണ്ടായതായി അറിഞ്ഞില്ലല്ലോ, ഇങ്ങനെയൊക്കെ പോയി ചിന്തകള്‍. സസ്പെന്‍സ് അദ്ദേഹം തന്നെ തീര്‍ത്തു: ''ആലപ്പുഴ ജില്ലയില്‍ കയറിയതു മുതല്‍ അങ്ങനെ തോന്നിയില്ല.'' അപ്പോള്‍ എനിക്ക് കാര്യം പിടികിട്ടി. പൊലീസ് വാഹനം അകമ്പടിക്കില്ലാഞ്ഞതാണ് വിഷയം. തുടര്‍ന്ന് ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനു വരുന്ന മുഖ്യാതിഥിയെ സ്വീകരിക്കേണ്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് അദ്ദേഹം വാചാലനായി. ഞാനധികം വിശദീകരിച്ച് കുളമാക്കാനൊന്നും പോയില്ല. മൗനം പാലിച്ചു. അതിവേഗം ഭാവമാറ്റം സംഭവിച്ചു. മന്ത്രി  ശാന്തനായി. പിന്നെ കളക്ടര്‍ റോസിനോടും എന്നോടും നല്ല സൗഹാര്‍ദ്ദമായി. ''അവിടെ സ്വാതന്ത്ര്യസമര സേനാനികള്‍ ഉണ്ടാകുമല്ലോ.'' അദ്ദേഹം ചോദിച്ചു. 

''ഉണ്ട്, സാര്‍'' ഒരു ധൈര്യത്തിലങ്ങ് പറഞ്ഞു. 

സ്വാതന്ത്ര്യദിനത്തിനെങ്കിലും അവരെ ഓര്‍ക്കാതിരിക്കില്ലല്ലോ.
 
''അവര്‍ക്കെല്ലാം ഞാന്‍ പൂക്കള്‍ നല്‍കി ആദരിക്കും.'' 

മന്ത്രി ആഗ്രഹം അറിയിച്ചു. ഞാന്‍ പുറത്തിറങ്ങി ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോമനോട് സ്വാതന്ത്ര്യസമര സേനാനികളുടേയും പൂക്കളുടേയും കാര്യം പറഞ്ഞു. അല്പം കഴിഞ്ഞ് മുഖ്യാതിഥി പരേഡ് ഗ്രൗണ്ടിലെത്തുമ്പോള്‍ എല്ലാം തയ്യാര്‍, സേനാനികളും പൂക്കളും ഉള്‍പ്പെടെ. പരേഡും പ്രസംഗവും എല്ലാം കഴിഞ്ഞു. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് മന്ത്രി പൂക്കള്‍ നല്‍കി. ഫോട്ടോ എടുത്തു. അതീവ സന്തുഷ്ടനായി മന്ത്രി മടങ്ങി, പൊലീസ് അകമ്പടിയോടെ. 

എന്നാല്‍, ഇക്കാര്യത്തില്‍ വളരെ വ്യത്യസ്തമായ ഒരനുഭവമുണ്ടായത് എടുത്തുപറയേണ്ടതാണ്. അന്നത്തെ സംസ്ഥാന ചീഫ് ജസ്റ്റിസ് ആലപ്പുഴയില്‍ ആദ്യമായി സന്ദര്‍ശിക്കുന്ന അവസരമായിരുന്നു അത്. ജില്ലാ ജഡ്ജി ആയിരുന്ന കൃഷ്ണന്‍നായരുമായി അക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ചീഫ് ജസ്റ്റിസിന് ജില്ലാ അതിര്‍ത്തി മുതല്‍ പൊലീസ് പൈലറ്റ് നല്‍കി. അദ്ദേഹം നേരെ ആലപ്പുഴ റസ്റ്റ്ഹൗസിലാണ് എത്തിയത്. അവിടെ കാത്തുനിന്ന് അദ്ദേഹത്തെ സ്വീകരിക്കാന്‍ ജില്ലാ ജഡ്ജിയോടൊപ്പം ഞാനും ഉണ്ടായിരുന്നു. അദ്ദേഹം ആദ്യമേ തന്നെ പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളോട് പറഞ്ഞു: 'I think I am absolutely safe in Kerala, even without police pilot. Moreover they have a lot of work to do' (പൊലീസ് പൈലറ്റില്ലാതെ തന്നെ ഞാന്‍ കേരളത്തില്‍ പൂര്‍ണ്ണ സുരക്ഷിതനാണെന്നാണ് ഞാന്‍ കരുതുന്നത്.  മാത്രമല്ല, അവര്‍ക്കൊരുപാട് ജോലിയുമുണ്ടല്ലോ) അതൊരു അപൂര്‍വ്വ അനുഭവമായിരുന്നു. ശ്രദ്ധേയമായ വിധികളുടെ പേരില്‍ നിയമലോകം ബഹുമാനിക്കുന്ന ജസ്റ്റിസ് എം. ജഗന്നാഥ റാവു ആയിരുന്നു അത്.  

സാമ്പത്തിക ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനുകളിലും മറ്റും ചില തെറ്റായ പ്രവണതകള്‍ വളര്‍ന്നു വന്നത് നമ്മള്‍ കണ്ടതാണല്ലോ. എന്നാല്‍, ഇതൊരു അവസരമാക്കിയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ ജീപ്പ് നന്നാക്കാന്‍ നടത്തിയ പണപ്പിരിവിന്റെ വിവരം അവിടെ സ്പെഷ്യല്‍ ബ്രാഞ്ചിലുണ്ടായിരുന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ ഗോപിനാഥന്‍ നായര്‍ എനിക്കു നല്‍കി. റിപ്പയറല്ല പുതിയ ജീപ്പ് വാങ്ങാനുള്ള സംരംഭമാണെന്നാണ് തോന്നിയത്. അപൂര്‍വ്വം ചില എസ്.പിമാര്‍ തന്നെ ജില്ലാതല സ്പോര്‍ട്ട്‌സ് എന്നൊക്കെ പറഞ്ഞ് സ്വകാര്യ വ്യക്തികളില്‍നിന്നും കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തി ആര്‍ഭാടമായി ചെലവു ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ പിരിവിനിറങ്ങിയാല്‍ മദ്യ രാജാക്കളും ക്വാറി ഉടമകളും 'തരികിട' ബിസിനസ്സുകാരുമെല്ലാം ആവേശത്തോടെ സഹകരിക്കുമല്ലോ. അഴിമതി വളര്‍ത്തുന്നതിലേക്ക് നയിക്കുന്ന അത്തരം പ്രവണതകളെ   നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് അന്ന് പൊതുവേ ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചുവന്നിരുന്നത്. 

പില്‍ക്കാലത്ത് പൊലീസിന്റെ സാമ്പത്തികാവസ്ഥയില്‍ വലിയ മാറ്റമുണ്ടായി. എന്നാല്‍, പ്രതീക്ഷിക്കുന്നതില്‍നിന്ന് വിരുദ്ധമായി അഴിമതിയിലേക്ക് നയിക്കാവുന്ന സ്വകാര്യ ഫണ്ട് ശേഖരണം  വളര്‍ന്നുവരുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഓഫീസിന്റെ ആര്‍ഭാടം വര്‍ദ്ധിപ്പിക്കുക, പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ പരിപാടികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കായി അനധികൃത ധനശേഖരണം വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യക്തിനിഷ്ഠമായ അഴിമതിക്കുള്ള  സാധ്യത വളരെ വലുതാണ്. അതിനപ്പുറം അനധികൃതമായി ഇങ്ങനെ സ്വകാര്യ വ്യക്തികളില്‍നിന്നും പണം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുകയും പൊലീസ് സംവിധാനത്തെ വില്‍പ്പനച്ചരക്കാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം പ്രവണതകളെ പൊലീസിന്റെ 'കോര്‍പ്പറേറ്റ്വല്‍ക്കരണം' എന്ന്  വിശേഷിപ്പിക്കാം.  ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഈ 'മാതൃക' യുവതലമുറയേയും സ്വാധീനിക്കാം. വലിയ ആത്മ നിയന്ത്രണത്തോടെയും അച്ചടക്കത്തോടെയും നയിക്കേണ്ടതാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതം. തെറ്റായ 'മാതൃക'കളുടെ പ്രലോഭനത്തെ ചെറുക്കേണ്ടതും അച്ചടക്കം തന്നെയാണ്.       നീതിന്യായ വ്യവസ്ഥയുടെ നിര്‍ണ്ണായക ഘടകമായ പൊലീസ് സംവിധാനത്തിന്റെ ധാര്‍മ്മികത നിലനിര്‍ത്തണമെങ്കില്‍ പൊലീസിന്റെ 'കോര്‍പ്പറേറ്റ്വല്‍ക്കരണം' ചെറുക്കേണ്ടതുണ്ട്. ധാര്‍മ്മികത നഷ്ടമായാല്‍, പിന്നെ പൊലീസിനെക്കൊണ്ട് ആര്‍ക്കാണ് ഗുണം.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com