'സാറെ, ഞാനയാളെ വെട്ടിയേനെ'- സാധാരണക്കാരിയായ ആ വീട്ടമ്മയുടെ ധൈര്യവും അന്തസ്സും എത്ര വലുതായിരുന്നു

പി.എസ്.സി ചെയര്‍മാനായി വിരമിച്ചശേഷം പൊതുപ്രവര്‍ത്തകനായിരുന്ന പ്രൊഫസര്‍ ഗോപാലകൃഷ്ണക്കുറുപ്പ് ആയിരുന്നു ഫോണില്‍
എ. ഹേമചന്ദ്രന്‍ ഐ.പി.എസ്
എ. ഹേമചന്ദ്രന്‍ ഐ.പി.എസ്

ന്തൊക്കെയാണ് ഈ പൊലീസുകാര്‍ കാട്ടിക്കൂട്ടുന്നത്?'' പി.എസ്.സി ചെയര്‍മാനായി വിരമിച്ചശേഷം പൊതുപ്രവര്‍ത്തകനായിരുന്ന പ്രൊഫസര്‍ ഗോപാലകൃഷ്ണക്കുറുപ്പ് ആയിരുന്നു ഫോണില്‍. സാധാരണയായി അദ്ദേഹം അമിതാവേശത്തോടെ സംസാരിക്കാറില്ല. പക്ഷേ, അന്ന്  വാക്കുകളില്‍ രോഷം പ്രകടമായിരുന്നു. ''നെടുമുടി ഭാഗത്തുനിന്ന് ഒരു വീട്ടമ്മ പരാതിയുമായി വന്നിട്ടുണ്ട്. വളരെ ഗുരുതരമായ പ്രശ്നമാണ്. അനാവശ്യമായി ഒരു പൊലീസുകാരന്‍ അവിടെ ചെന്ന് ആ സ്ത്രീയോട് എന്തതിക്രമമാണ് കാണിച്ചത്? അങ്ങേയറ്റം വൃത്തികെട്ട പെരുമാറ്റം, സംസ്‌കാരശൂന്യമായ പ്രവൃത്തി, അറുവഷളത്തരം,'' ഇങ്ങനെ പോയി ആ വാക്കുകള്‍. സംസാരിക്കുന്തോറും രോഷത്തിന്റെ തീവ്രത കൂടുകയായിരുന്നു. എന്തോ കാര്യമായ പ്രശ്‌നമുണ്ടായിക്കാണണം, എനിക്കു തോന്നി. പീഡനത്തിനു വിധേയയായ സ്ത്രീ നേരിട്ട് അദ്ദേഹത്തെ കണ്ട് പറഞ്ഞതായിരുന്നു. അവരെ എന്റെ ഓഫീസിലേയ്ക്ക് ഉടന്‍ അയയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നം ഗൗരവമായിട്ടെടുക്കാം എന്ന് ഞാന്‍ വാക്കുനല്‍കി. 

സ്ത്രീപീഡനം എന്ന വാക്കിനന്ന് നാട്ടില്‍ വലിയ പ്രചാരമുണ്ടായിരുന്നില്ല. കേരളത്തിലെ സ്ഥലനാമങ്ങളൊന്നും സ്ത്രീപീഡനത്തിന്റെ പര്യായമായി അറിയപ്പെട്ടുതുടങ്ങിയിരുന്നുമില്ല. സംസ്ഥാന പൊലീസിലാകട്ടെ, വനിതാസെല്‍പോലും അന്ന് ജന്മമെടുത്തിട്ടില്ല. കേരളത്തില്‍ അന്നു് വനിതാകമ്മിഷനില്ല. പൊലീസ് വനിതാ ഹെല്‍പ്ലൈന്‍ ഇല്ല. പിങ്ക്‌പൊലീസില്ല. പില്‍ക്കാലത്ത് സ്ത്രീ സംരക്ഷണം എന്ന ലേബലില്‍ അങ്ങനെ പല പ്രസ്ഥാനങ്ങളും തളിര്‍ക്കുകയും കരിയുകയും പുനര്‍ജ്ജനിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ സര്‍ക്കാര്‍ ഉത്തരവുകളും പൊലീസ്, സമൂഹ്യക്ഷേമം പോലുള്ള വകുപ്പുകളുടെ സര്‍ക്കുലറുകളുമൊക്കെ നോക്കിയാല്‍ സ്ത്രീ സംരക്ഷണത്തിന് എന്തെല്ലാം ഔദ്യോഗിക സംവിധാനങ്ങളാണ് നാട്ടില്‍. ചൊട്ട മുതല്‍ ചുടലവരെ സ്ത്രീ സുരക്ഷാ കവചങ്ങളാണ്. 

ഈ സംരക്ഷണ ഉത്തരവുകള്‍ മാത്രം വായിക്കുന്ന ഏതൊരു മുതിര്‍ന്ന വനിതയ്ക്കും  അവരുടെ ഇളമുറക്കാരെ ഓര്‍ത്ത് സന്തോഷിക്കാം, വേണമെങ്കില്‍ അസൂയപ്പെടുകയും ചെയ്യാം; സ്വന്തം മനോനില അനുസരിച്ച്. തങ്ങള്‍ക്കു കിട്ടാത്ത എന്തെല്ലാം സുരക്ഷാസംവിധാനങ്ങളാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്കു കിട്ടുന്നത്. അങ്ങനെ ഔദ്യോഗിക രേഖകള്‍മാത്രം  വായിച്ച് രോമാഞ്ചം കൊള്ളാന്‍ വരട്ടെ; ഒരു വശത്ത് സുരക്ഷാകവചങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും മറുഭാഗത്ത് സ്ത്രീ പീഡനങ്ങളും - ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെ - ഏറിവരുന്നു, എന്നതാണ് യാഥാര്‍ത്ഥ്യം.

പൊലീസ് ഉദ്യോഗസ്ഥനായി ഞാന്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ കാലത്ത്, നേരിട്ട് പരാതികളിലൂടെയും മാധ്യമങ്ങളിലൂടെയും ധാരാളമായി പൊലീസ് ഇടപെടല്‍ ആവശ്യമായി ഉയര്‍ന്നിരുന്ന സ്ത്രീ പ്രശ്‌നം 'പൂവാലശല്യം' ആയിരുന്നു. പഴയകാലത്തെ 'പൂവാലന്മാരെ' പൊതുവേ 'ഉത്തരാധുനിക കാല'ത്തെ 'സ്ത്രീപീഡനക്കാരെ'പ്പോലെ അത്ര മാരകമായ ഒരിനമായി അന്ന്  സമൂഹം കണ്ടിട്ടില്ലെന്നു തോന്നുന്നു. പൂവാലന്‍ എന്നാല്‍  സുന്ദരവിഡ്ഢി എന്നൊരര്‍ത്ഥം നിഘണ്ടുവില്‍ കണ്ടു. മഹാനായ ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്തനാടകമായ 'ഒഥല്ലോ'യില്‍ റൊഡ്രിഗോ എന്നൊരു കഥാപാത്രമുണ്ട്. 'ഒഥല്ലോ' മലയാളത്തില്‍ കഥാപ്രസംഗമായി ആവിഷ്‌കരിച്ച വിശ്രുത കാഥികന്‍ വി. സാംബശിവന്‍ ദുര്‍ന്നടപ്പുകാരനായ റൊഡ്രിഗോയെ എളുപ്പത്തില്‍ അവതരിപ്പിച്ചത് മലയാളിക്കു നല്ല പരിചയമുള്ള പൂവാലസങ്കല്പം കൂടി പ്രയോജനപ്പെടുത്തിയാണ്. ഷേക്സ്പിയറിന്റെ കാലത്തെ യൂറോപ്പിലും പൂവാലന്മാരുണ്ടായിരുന്നിരിക്കണം.

കേരളത്തിലെ പൂവാലപ്രശ്‌നം പലപ്പോഴും അങ്ങേയറ്റം അസഹ്യമായിരുന്നുവെന്ന് പൊലീസ് സ്റ്റേഷന്‍ ട്രെയിനിംഗ് കാലത്തുതന്നെ മനസ്സിലായി. പൊലീസ് ഉദ്യോഗസ്ഥനായ ശേഷം വടകര പൊലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു ഞാനാദ്യം പൂവാലനെ കണ്ടത്. ഓട്ടോഡ്രൈവറുടെ രൂപത്തിലാണ് അയാള്‍ പ്രത്യക്ഷപ്പെട്ടത്. ഒരു സ്ത്രീയെ ടൗണ്‍ ബസ്സ്റ്റാന്റിന്റെ പരിസരത്തുവെച്ച്  കണ്ടപ്പോള്‍ത്തന്നെ ഓട്ടോഡ്രൈവര്‍ക്ക് അവരുടെ സദാചാരനിഷ്ഠയിലൊരു സന്ദേഹം. അതായിരുന്നു തുടക്കം. പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും അയാള്‍ക്കങ്ങനെയൊരു 'തോന്നല്‍.' കഷ്ടകാലത്തിന് ആ സ്ത്രീ യാത്രയ്ക്കായി അയാളുടെ ഓട്ടോറിക്ഷ തന്നെ വിളിച്ചു. അയാളുടെ ഉള്ളിലെ 'തോന്നലൊ'ന്നും അവരറിയുന്നില്ലല്ലോ. കിട്ടിയ അവസരം ഉപയോഗിച്ച് അല്പം സ്വതന്ത്രമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ ആദ്യം അവര്‍ക്ക് സംശയമൊന്നും തോന്നിയില്ല. ഉള്ളിലെ 'തോന്നല്‍' പതുക്കെ പുറത്തുവരാന്‍ തുടങ്ങി. അങ്ങനെ  സ്വാതന്ത്ര്യം പരിധികടന്നപ്പോള്‍ അവര്‍ക്ക് 'രോഗം' മനസ്സിലായി. പന്തികേട് തോന്നിയ സ്ത്രീ, തന്ത്രപൂര്‍വ്വം ഓട്ടോറിക്ഷ പൊലീസ് സ്റ്റേഷന് അടുത്തെത്തിയപ്പോള്‍, ഉടന്‍ വരാമെന്നു പറഞ്ഞിട്ട് നേരെ പൊലീസ് സ്റ്റേഷനില്‍ വന്ന് വിവരം പറഞ്ഞു.

അവര്‍ ഒരു പൊതുപ്രവര്‍ത്തകയായിരുന്നു. അങ്ങനെ ഡ്രൈവര്‍ സ്റ്റേഷനിലായി. അപ്പോള്‍ കണ്ടാല്‍ ആള് പഞ്ചപാവം. 'അബദ്ധം' പറ്റിപ്പോയെന്നായിരുന്നു അയാളുടെ വിശദീകരണം. പലര്‍ക്കും അങ്ങനെയാണ്. പൊലീസ് സ്റ്റേഷനിലെത്തുമ്പോഴാണ്  സ്വബോധം വീണ്ടുകിട്ടി  'അബദ്ധം' തിരിച്ചറിയുന്നത്. പരാതിക്കാരിക്ക് കേസൊന്നും വേണ്ടായിരുന്നു. പൊലീസ് അയാളെ 'കൈകാര്യം' ചെയ്തു വിട്ടാല്‍ മാത്രം മതി. കേസെടുത്ത് നടപടി എടുക്കാന്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ വകുപ്പുണ്ടല്ലോ എന്ന് ഞാന്‍ സൂചിപ്പിച്ചപ്പോള്‍, ''ആ പൊല്ലാപ്പിനൊന്നും പോകാതെ തീര്‍ത്താല്‍ മതി''  എന്നായി  പരാതിക്കാരി. പൊലീസുകാരും യോജിച്ചു. ഞാനേതായാലും 'ആക്ഷന്‍ ഹീറോ ബിജു'വൊന്നുമായില്ല. പൊലീസുകാര്‍ തന്നെ വിഷയം 'കൈകാര്യം' ചെയ്ത് 'സത്വരനീതി' ഉറപ്പാക്കി.  പരാതിക്കാരി പൂര്‍ണ്ണ തൃപ്തയായിരുന്നു. 

ഇത്തരം സംഭവങ്ങള്‍ക്ക് അഖില കേരള സ്വഭാവമുണ്ടായിരുന്നെന്ന് ട്രെയിനിംഗ് അനുഭവങ്ങള്‍ പങ്കിട്ടപ്പോള്‍ സഹ ഐ.പി.എസ്സുകാരില്‍നിന്നും മനസ്സിലായി. ആലപ്പുഴയില്‍ പരിശീലനത്തിലായിരുന്ന ശങ്കര്‍ റെഡ്ഡി പറഞ്ഞത് ഓര്‍ക്കുന്നു. അവിടെ ബസില്‍വെച്ച് ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു പൂവാലശല്യത്തിനിരയായത്. ആ കുട്ടിയാകട്ടെ, അവിടുത്തെ ഒരു ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ മകളായിരുന്നു. വിവരമറിഞ്ഞ മജിസ്ട്രേട്ടിനും കേസൊന്നും വേണ്ടായിരുന്നു. മകളെ ശല്യം ചെയ്തവന് പൊലീസുകാര്‍ അടി കൊടുത്തോ എന്ന് മാത്രമായിരുന്നു മജിസ്ട്രേട്ടിന്, അല്ല ആ  അച്ഛന് അറിയേണ്ടിയിരുന്നത്. 

വടകരയിലെ പൂവാലന്മാര്‍

നമ്മുടെ പൊതു ഇടങ്ങളിലെല്ലാം തന്നെ വലിയ തോതില്‍ സ്ത്രീകളോട് മോശമായ പെരുമാറ്റം ഉണ്ടാകുന്നുണ്ടെന്നുള്ള കാര്യം അന്നേ ശ്രദ്ധയില്‍പ്പെട്ടു. 'മോശമായ പെരുമാറ്റം' എന്ന വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന തെറ്റായ പ്രവൃത്തിയുടെ വ്യാപ്തി വളരെ വലുതാണ്. മാന്യതയുടെ അതിര്‍ത്തി ലംഘിച്ചുള്ള പദപ്രയോഗം മുതല്‍ ഗുരുതരമായ ശാരീരിക പീഡനം വരെ അതിലുള്‍പ്പെടും. അസഹ്യമായ ഓരോ പ്രവൃത്തിയും ക്രിമിനല്‍ കേസാക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ പലതുമുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ മാനസിക വൈകൃതം പ്രകടമായിരുന്നത് ടെലിഫോണിലൂടെയാണ്. വനിതാ  ഉദ്യോഗസ്ഥരാരെങ്കിലും ഫയലുമായിട്ടോ മറ്റെന്തെങ്കിലും ഔദ്യോഗിക കാര്യവുമായിട്ടോ  മുന്നില്‍പ്പെട്ടാല്‍, അവരെ കാണാത്ത മട്ടില്‍  അയാള്‍ ടെലഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെടും. ഈ സംഭാഷണത്തിന്റെ ഉള്ളടക്കം സഭ്യതയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തായിരിക്കും. ഇത്തരം വൈകൃതങ്ങളെ എങ്ങനെ വ്യവസ്ഥാപിതമായി നേരിടും?

നിയമത്തിന്റെ വഴിയില്‍ പൂവാലന്‍മാരെ നേരിടാനുള്ള ഒരു പരീക്ഷണം വടകരയില്‍ ഞാന്‍  നടത്തിനോക്കിയിരുന്നു. ടൗണിലും പരിസരപ്രദേശങ്ങളിലും സര്‍വ്വീസ് നടത്തിയിരുന്ന ജീപ്പുകളും മറ്റും പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം കേന്ദ്രീകരിച്ച് ഒരു ദുഷ്പ്രവണത കുറേക്കാലമായി നിലനിന്നിരുന്നു. അതുവഴി നടന്നുപോകുന്ന സ്ത്രീകളായിരുന്നു 'ആക്രമണ'ത്തിനു വിധേയരായിരുന്നത്. വാക്കുകള്‍ക്കു പുറമേ ചിലപ്പോള്‍ ശരീരഭാഷയുടെ സാദ്ധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ 'കലാപരിപാടി' അരങ്ങേറിയത്. പക്ഷേ, ആരും രേഖാമൂലം പരാതിയുമായി മുന്നോട്ടുവന്നില്ല. ഒരു  പൊതുപ്രവര്‍ത്തകന്‍ ഇക്കാര്യം എന്നോട് സൂചിപ്പിക്കുകയുണ്ടായി. അന്വേഷിച്ചപ്പോള്‍ സംഗതി ശരിയാണെന്നു ബോദ്ധ്യപ്പെട്ടു. അങ്ങനെ   ഒരു ദിവസം 'കലാകാരന്‍മാരെ' എല്ലാവരേയുംകൂടി കസ്റ്റഡിയിലെടുത്തു. പീനല്‍കോഡിലെ 509 എന്ന വകുപ്പ് അവരുടെ 'രോഗ'ത്തിനുള്ള പ്രതിവിധിയാണെന്ന ധാരണയില്‍ കേസെടുത്തു. വാക്കുകളും ചേഷ്ടകളും മുഖേന സ്ത്രീകളെ അപമാനിക്കുന്ന പ്രവൃത്തി ഈ വകുപ്പ് കുറ്റകരമാക്കിയിരുന്നു. പരാതി പറയാന്‍ പലരും മുന്നോട്ടുവന്നെങ്കിലും കേസില്‍ സാക്ഷിയാകാന്‍ ഒരു സ്ത്രീയും തയ്യാറായില്ല. അതിനവരെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല എന്ന് എനിക്കു പിന്നീട് ബോദ്ധ്യപ്പെട്ടു.

നമ്മുടെ നീതിന്യായ പ്രക്രിയയില്‍ പൊലീസ് സ്റ്റേഷനും കോടതിയുമൊക്കെ കയറിയിറങ്ങി നീതി ഉറപ്പാക്കുക സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒട്ടും സുഗമമല്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.
സ്വമേധയാ കേസെടുത്ത ഉദ്യോഗസ്ഥനെന്ന നിലയില്‍ സാക്ഷിയായി മൊഴി നല്‍കാന്‍ ഏതാണ്ടൊരു വര്‍ഷം കഴിഞ്ഞ് ഞാന്‍ കോടതിയില്‍ ഹാജരായിരുന്നു. മൊഴി നല്‍കുകയും ചെയ്തു. കുറ്റകൃത്യത്തിനിരയായ സ്ത്രീകളൊന്നും സാക്ഷികളല്ലാത്തതിനാല്‍ കേസ് ശിക്ഷിക്കാന്‍ പ്രയാസമാണ് എന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞതോര്‍ക്കുന്നു. അങ്ങനെ പരിശീലനകാലത്തെ ആ പരീക്ഷണം  പരാജയപ്പെട്ടു. പക്ഷേ, പരാജയത്തിന്റെ പാഠങ്ങള്‍ വിലപ്പെട്ടതായിരുന്നു.  ഇത്തരം കുറ്റകൃത്യങ്ങള്‍ നിയമപരമായി നേരിടുന്നതിലെ സങ്കീര്‍ണ്ണതകളെക്കുറിച്ച് ലഭിച്ച ഉള്‍ക്കാഴ്ച പില്‍ക്കാലത്ത് ഏറെ പ്രയോജനപ്പെട്ടു. 

പ്രതികള്‍ പല പ്രാവശ്യം കോടതി കയറിയിറങ്ങിയിട്ടുണ്ട്, അതുതന്നെയാണ് ശിക്ഷ. പ്രോസിക്യൂട്ടര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നുവെന്ന് എനിക്ക് പിന്നീടും തോന്നിയിട്ടുണ്ട്, പലപ്പോഴും. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ആ പ്രക്രിയതന്നെയാണ് ശിക്ഷ എന്ന് ആശ്വസിക്കേണ്ട ദു:സ്ഥിതിയുണ്ട്. ''അവനെ ഞാന്‍ കോടതി കയറ്റും'' എന്ന് കുട്ടിക്കാലത്ത് ചില നാട്ടുവിദഗ്ദ്ധര്‍ എതിരാളികളെ ഭീഷണിപ്പെടുത്തുന്നത് കേട്ടിട്ടുണ്ട്. അതിന്റെ അര്‍ത്ഥം എനിക്കു മനസ്സിലായി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പൊലീസ് സ്റ്റേഷന്‍, കോടതി തുടങ്ങിയ സംവിധാനത്തിലൂടെയുള്ള നീതിയുടെ വഴി ഒരുപാട് വൈതരണികള്‍ നിറഞ്ഞതാണ്.

കാലക്രമേണ ധാരാളം സ്ത്രീപക്ഷ നിയമങ്ങളും സംവിധാനങ്ങളും നിലവില്‍ വന്നിട്ടുണ്ടെങ്കിലും പഴയ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല എന്നതാണ് അപ്രിയ യാഥാര്‍ത്ഥ്യം. ഇതിന്റെയൊക്കെ കൂടി ഫലമാണെന്നു തോന്നുന്നു 'കസ്റ്റഡിമര്‍ദ്ദനം' എന്ന 'പൊലീസ് അതിക്രമത്തിന്' പല സാഹചര്യങ്ങളിലും സാമൂഹ്യപിന്തുണ ലഭിക്കുന്നത്, ഇപ്പോഴും. തൃശൂരില്‍ എസ്.പി ആയിരിക്കുമ്പോള്‍ അവിടെ നേരത്തെയുണ്ടായ ഒരു പീഡനക്കേസിന്റെ കാര്യം ഡി.വൈ.എസ്.പി ആയിരുന്ന മോഹനനുമായി സംസാരിച്ചത് ഓര്‍ക്കുന്നു. ക്രൂരമായ പീഡനമായിരുന്നു സംഭവം. അവസാനം കേസ് കോടതിയിലെത്തുമ്പോഴേയ്ക്കും സാക്ഷികള്‍ ഓരോരുത്തരായി പിന്മാറാന്‍ തുടങ്ങി. കേസ് അന്വേഷിച്ചത് വളരെ മികച്ച ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു. അദ്ദേഹം സാദ്ധ്യമായ എല്ലാ തെളിവുകളും പ്രതികള്‍ക്ക് എതിരെ ശേഖരിച്ച് കോടതിയിലെത്തിച്ചിരുന്നു. പക്ഷേ, അവര്‍ കോടതിയില്‍ കാലുമാറിയാല്‍ കോടതിയും അന്വേഷണ ഉദ്യോഗസ്ഥനും എന്തു ചെയ്യാനാണ്? കുറ്റകൃത്യത്തിനിരയായ സ്ത്രീക്കും നീതിനിഷേധത്തിലേക്കുള്ള യാത്ര നിസ്സഹായയായി നോക്കിനില്‍ക്കേണ്ടിവന്നു. എല്ലാം കഴിയുമ്പോള്‍ അവസാനത്തെ ചിരി കുറ്റവാളിയുടേതാണെങ്കില്‍, പീഡിപ്പിക്കപ്പെട്ട സ്ത്രീ എങ്ങനെയാണ് ആശ്വസിക്കുക? ''അവന്മാര്‍ക്ക് കിട്ടേണ്ടത് ആ സര്‍ക്കിള്‍ സാര്‍ കൊടുത്തിട്ടുണ്ട്, എനിക്കത് മതി.'' പ്രതികളെ കസ്റ്റഡിയില്‍വെച്ച് സി.ഐ നല്ല രീതിയില്‍ ദേഹോപദ്രവം ഏല്പിച്ചിരുന്നുവത്രെ. അവസാനം പീഡനത്തിനിരയായ സ്ത്രീ അതിലാണ് ആശ്വാസം കണ്ടെത്തുന്നത്. മറ്റെന്ത് തത്ത്വശാസ്ത്രത്തിലാണ് ശരാശരി മനുഷ്യന്‍ അഭയം തേടുക?പൊലീസിന്റെ മനുഷ്യാവകാശ ലംഘനത്തെ ആഴത്തില്‍ നോക്കിയാല്‍ അതില്‍ ഇങ്ങനെ ഗൗരവ പൂര്‍ണ്ണമായ പഠനം ആവശ്യമായ ചില വിഷയങ്ങള്‍ കൂടി അന്തര്‍ഭവിച്ചിട്ടുണ്ട് എന്നു കാണാം.  കോടതിയില്‍നിന്ന് ശിക്ഷ കിട്ടാതെ പുറത്തിറങ്ങി പീഡിപ്പിക്കപ്പെട്ട സ്ത്രീയെ നോക്കി പല്ലിളിച്ച് കടന്നുപോകുന്ന പ്രതിയെ കാണുമ്പോള്‍ അയാള്‍ക്ക് രണ്ടു തല്ലെങ്കിലും കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനു് അവരുടെ മനസ്സില്‍ ഒരു ഹീറോയുടെ പരിവേഷം ലഭിക്കും. പക്ഷേ, പൊലീസിനെ സംബന്ധിച്ചിടത്തോളം അപകടകരമായ അവസ്ഥയാണിത്. കാരണം, ഹീറോയില്‍നിന്ന് വില്ലനിലേയ്ക്കുള്ള ദൂരം അധികമില്ല. പൊലീസ് ചരിത്രത്തില്‍ മുന്‍കാല ഹീറോകള്‍ പില്‍ക്കാല വില്ലന്മാരായ ഉദാഹരണങ്ങള്‍ ധാരാളമുണ്ട്, കേരളത്തിലും പുറത്തും.

നമുക്ക് നെടുമുടിയിലേയ്ക്ക് മടങ്ങാം. അവിടെ നിയമപാലകന്റെ സ്ത്രീയോടുള്ള പരാക്രമമായിരുന്നല്ലോ ആക്ഷേപം. ടെലിഫോണില്‍ വിവരം കേട്ട് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് ആലപ്പുഴ എസ്.പി ഓഫീസില്‍ പരാതിക്കാരി നേരിട്ടെത്തി. ഞാനുടനെ അവരെ കേട്ടു, സാമാന്യം ദീര്‍ഘമായിത്തന്നെ. അവര്‍ ഒരു കര്‍ഷകത്തൊഴിലാളിയും വീട്ടമ്മയുമായിരുന്നു.  അയല്‍പക്കത്തുണ്ടായ ഒരു  ആത്മഹത്യയിലായിരുന്നു തുടക്കം. പരാതിക്കാരിക്കും നന്നായറിയാവുന്ന ഒരു പെണ്‍കുട്ടിയായിരുന്നു മരണമടഞ്ഞത്. ആരോ അടുപ്പം കൂടി അവസാനം കാലുമാറിയതിനെത്തുടര്‍ന്ന് ജീവിതം ഒടുക്കിയതാണെന്നാണ് കരുതിയത്. അന്വേഷിക്കാന്‍ അന്നവിടെ പൊലീസ് വന്നിരുന്നു. അന്നാണ് പൊലീസുകാരനെ ആദ്യം കാണുന്നത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ ആണെന്നു തോന്നുന്നു. ''അപ്പോഴേ  അയാളുടെ നോട്ടം ശരിയല്ലാ എന്നെനിക്കു ചെറിയ  സംശയം തോന്നി.'' അവര്‍ പറഞ്ഞു. അവിടുത്തെ ജോലിയെല്ലാം കഴിഞ്ഞ് പൊലീസ് മടങ്ങി. 

ഒരാഴ്ച കഴിഞ്ഞ് വീണ്ടും പൊലീസ് സ്ഥലത്തു വന്നു. മരണദിവസം കണ്ട ഹെഡ്‌കോണ്‍സ്റ്റബിളും കൂടെ ഒരാളുമുണ്ടായിരുന്നു. ആദ്യമവര്‍ മരണം നടന്ന വീട്ടില്‍ പോയി, എന്തൊക്കെയോ ചോദിച്ചു. കുറേ സമയം കഴിഞ്ഞ് അവര്‍ അയല്‍പക്കത്തെ ചില വീടുകളില്‍ പോയി പലരോടും  അന്വേഷിക്കുന്നപോലെ തോന്നി. കൂട്ടത്തില്‍, അവര്‍ പരാതിക്കാരിയുടെ വീട്ടിലും എത്തി. വീട്ടിലപ്പോള്‍ അവരൊറ്റയ്ക്കായിരുന്നു. ഹെഡ്‌കോണ്‍സ്റ്റബിളാണ് സംസാരിച്ചത്. ആദ്യം പേരു ചോദിച്ചു. പേരു പറഞ്ഞപ്പോള്‍ അയാള്‍ക്കൊരു ചിരി. ആവശ്യമില്ലാതെ 'കൊള്ളാമല്ലോ' എന്നൊരു കമന്റ്.  പരാതിക്കാരി രൂക്ഷമായി നോക്കിയപ്പോള്‍ കേസില്‍ സാക്ഷിയാകേണ്ടിവരുമെന്നും മറ്റും പറഞ്ഞു. അവര്‍ വീടിനു പുറത്തുനിന്നായിരുന്നു സംസാരിച്ചത്. അയല്‍പക്കത്തെ മരണത്തെപ്പറ്റി അധികമൊന്നും ചോദിച്ചില്ല. എന്നാല്‍, സംസാരിക്കുന്നതിനിടയില്‍ അയാള്‍ വീട്ടില്‍ ആരെല്ലാമുണ്ടെന്നും മറ്റും ചോദിക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവിന്റെ കാര്യം പറഞ്ഞപ്പോള്‍, ജോലിക്കു പോകുകയും വരുകയും ചെയ്യുന്ന സമയവും മറ്റും ചോദിച്ചു. ''അയാളുടെ മട്ടും രീതിയും ഒന്നും ശരിയായിരുന്നില്ല.'' കേസിന്റെ കാര്യത്തിന് കോടതിയില്‍ പോകേണ്ടിവരും എന്നൊക്കെ പറഞ്ഞ് അന്നയാള്‍ പോയി. അതോടെ ശല്യം  അവസാനിച്ചു എന്നാണവര്‍ കരുതിയത്. പക്ഷേ, അങ്ങനെ അവസാനിച്ചില്ല. 

വില്ലനായ ഹെഡ്‌കോണ്‍സ്റ്റബിള്‍

പരാതിക്കാരി എന്നെ കണ്ട ആ ദിവസം ഉച്ചകഴിഞ്ഞ നേരത്ത് അയാള്‍, ആ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഒറ്റയ്ക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു. വീട്ടില്‍ അവരൊറ്റയ്ക്കായിരുന്നു. അന്നവര്‍ക്ക് പണിയില്ലാത്ത ദിവസമായിരുന്നു. ആ സമയം അയാള്‍  മനപ്പൂര്‍വ്വം തെരഞ്ഞെടുത്തതാണെന്ന് അവര്‍ക്കു സംശയം തോന്നി. ചെറിയ വീടിന്റെ മുന്‍വശത്തെ കതക് തുറക്കുമ്പോള്‍ അതിനോട് ചേര്‍ന്ന് അവരെ  ഏതാണ്ട് തടയുന്ന രീതിയിലാണ് അയാള്‍ നിന്നിരുന്നത്. അവര്‍ സ്വാഭാവികമായും അല്പം പിന്നോട്ട് മാറി. അയാളും രണ്ടു മൂന്നു് ചുവട് മുന്നോട്ടുവെച്ച് അകത്തേയ്ക്ക് നീങ്ങി. അയാള്‍  യൂണിഫോമില്‍ത്തന്നെയായിരുന്നു. എന്നാല്‍,  അയാളുടെ നില്‍പ്പും  നോട്ടവും ഒന്നും ശരിയായിരുന്നില്ല. കേസന്വേഷണ ത്വരയായിരുന്നില്ല അയാളെ നയിച്ചിരുന്നത്. ആ സമയം അയാളവിടെ വന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് അവര്‍ക്ക് ഏതാണ്ട് വ്യക്തമായിരുന്നു.  അടുത്തെവിടെയോ പോയപ്പോള്‍ വെറുതെ ''കണ്ടിട്ട് പോകാന്‍ തോന്നി'' കയറിയതാണെന്നു തന്നെയാണ് അയാളും പറഞ്ഞത്. ''മര്യാദയ്ക്ക് നിങ്ങള്‍ ഇറങ്ങിപ്പോകണം.'' അവരുടെ ശക്തമായ  വാക്കുകള്‍ അയാളുടെ മുന്നോട്ടുള്ള നീക്കം ഒന്ന്  തടഞ്ഞു. ഏതാനും സെക്കന്റുകള്‍ മാത്രം. അയാള്‍ ബലമായി കയറിപ്പിടിച്ചേക്കും എന്നവര്‍ക്കു തോന്നി. അവര്‍ നിന്നതിന് അടുത്ത് ഒരു വലിയ വെട്ടുകത്തി ഇരിപ്പുണ്ടായിരുന്നു. അയാളില്‍നിന്ന് കണ്ണെടുക്കാതെ അവര്‍ സാവധാനം അതിനടുത്തേയ്ക്ക് നീങ്ങി. വെട്ടുകത്തി അവരുടെ വലം കയ്യിലായി. അവരുടെ ശക്തമായ വാക്കുകള്‍ അയാളെ അല്പം ഒന്നു തടഞ്ഞുവെങ്കിലും ആസക്തിക്കടിപ്പെട്ട ആ മനുഷ്യന്‍ അവിടെനിന്ന് ചില അശ്ലീല പ്രദര്‍ശനങ്ങള്‍ക്കു മുതിര്‍ന്നു. ''സാറെ, ഞാനയാളെ വെട്ടിയേനെ,'' അവരെന്നോട്  പറഞ്ഞു. ആ  വാക്കുകള്‍ക്ക് എന്തൊരുറപ്പ്.  വളരെ സാവധാനമാണ് അവര്‍ പറഞ്ഞത്. ആ വാക്കുകള്‍ കേട്ടാല്‍, അതുപോലെതന്നെ പ്രവര്‍ത്തിക്കാനുള്ള മനസ്സ് അവര്‍ക്കുണ്ടെന്നു വ്യക്തം. ''പെട്ടെന്ന് ഞാനെന്റെ ഭര്‍ത്താവിനേയും കുട്ടിയേയും ഓര്‍ത്തു.'' അവര്‍ കൂട്ടിച്ചേര്‍ത്തു. പുറമേ കണ്ടാല്‍ ശാന്തമെന്നു തോന്നുന്ന ആ സ്ത്രീയുടെ ഉള്ളില്‍ അപ്പോഴും ഒരഗ്‌നിപര്‍വ്വതം തിളച്ചുമറിയുന്നുണ്ടായിരുന്നു.  എനിക്കവരെപ്പറ്റി വലിയ മതിപ്പുതോന്നി. സ്ത്രീയെ അബലയെന്നു വിളിച്ചതാരാണ്? നാട്ടിന്‍പുറത്തുകാരിയായ, സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഇടയ്ക്ക് കൃഷിപ്പണിക്കു പോകുന്ന സാധാരണക്കാരിയായ ആ വീട്ടമ്മയുടെ ധൈര്യവും അന്തസ്സും എത്ര വലുതായിരുന്നു. സ്ത്രീശാക്തീകരണത്തിന്റെ ബോധവല്‍ക്കരണ ക്ലാസ്സില്‍നിന്നും കൈവന്നതായിരുന്നില്ല അത്. ഇതുപോലുള്ള 'ചെറിയ' മനുഷ്യരാണ് വലിയ മാതൃക കാട്ടുന്നത് എന്നു തോന്നുന്നു.

ആ ധീരമായ  നിലപാട് ബോദ്ധ്യമായപ്പോള്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍, അതിവേഗം പിന്നോട്ടടിച്ചു. ജീവഭയത്തിനു മുന്നില്‍ ആസക്തി കീഴടങ്ങിയിരിക്കണം. അത് അയാള്‍ക്കു നന്നായി. അല്ലെങ്കില്‍, പില്‍ക്കാലത്ത് തലസ്ഥാന നഗരിയില്‍ ഒരു സ്വാമിക്കു സംഭവിച്ചപോലുള്ള അംഗഭംഗം അന്നാ ഹെഡ്‌കോണ്‍സ്റ്റബിളിനും ഉണ്ടാകുമായിരുന്നു.

ഈ കഥാപാത്രത്തെ നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ട്. ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദ്രന്‍. അയാളൊരു നിരപരാധിയെ മോഷണക്കുറ്റം ആരോപിച്ച് ഒരു കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവം ഓര്‍ക്കുന്നുണ്ടാകാം. സമാനമായ ദുരുദ്ദേശ്യം തന്നെയാണ് അന്നും അയാളെ നയിച്ചത്. മാനഹാനി ഭയന്ന് അന്ന് കസ്റ്റഡിയിലെടുത്ത ആ പാവം മനുഷ്യന്റെ സഹോദരിയും മറ്റും അച്ചടക്കനടപടിയുമായി തീരെ സഹകരിച്ചില്ല. അതിനാലാണ് അന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദ്രന്‍ സസ്പെന്‍ഷനിലായെങ്കിലും അന്വേഷണത്തില്‍നിന്നും രക്ഷപ്പെട്ട് യൂണിഫോം തിരികെ കിട്ടിയത്. പക്ഷേ, ആ അനുഭവത്തില്‍നിന്ന് അയാളൊരു പാഠവും പഠിച്ചില്ല.  അണ്ണാന്‍ മരം കയറ്റം മറക്കില്ലല്ലോ. 

പക്ഷേ, ഇത്തവണ അയാള്‍ രക്ഷപ്പെടില്ലെന്നുറപ്പായിരുന്നു. കാരണം ആ കുട്ടനാട്ടുകാരി വീട്ടമ്മ ശക്തമായ വ്യക്തിത്വമായിരുന്നു; പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും എല്ലാമപ്പുറം. അതു തന്നെ സംഭവിച്ചു. കാലതാമസമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കി അയാളെ സര്‍വ്വീസില്‍നിന്നും പിരിച്ചുവിട്ടു. അച്ചടക്കനടപടി സ്വീകരിച്ച ചില സന്ദര്‍ഭങ്ങളില്‍ ചില ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്യേണ്ടിവന്നിട്ടുണ്ട്. അപ്പോഴെല്ലാം തീരുമാനത്തിന്റെ ശരിതെറ്റുകളെക്കുറിച്ച് പലവട്ടം ആലോചിച്ചിട്ടുമുണ്ട്. എല്ലാം കണക്കിലെടുക്കുമ്പോള്‍ കഠിനമായ തീരുമാനം അനിവാര്യമായി വരുന്നു എന്നതിനപ്പുറം വ്യക്തിപരമായ സന്തോഷം സാധാരണ തോന്നിയിട്ടില്ല. പക്ഷേ, ഇത് അസാധാരണമായിരുന്നു.

പൊലീസ് സര്‍വ്വീസിലുടനീളം ചെറുതും വലുതുമായ സ്ത്രീ പ്രശ്നങ്ങള്‍ എന്റെ മുന്നില്‍ വന്നിട്ടുണ്ട്. നാഷണല്‍ പൊലീസ് അക്കാദമിയിലായിരിക്കുമ്പോള്‍ എത്രയോ ദേശീയ സെമിനാറുകളിലും ക്ലാസ്സ്മുറികളിലും ഈ വിഷയം ചര്‍ച്ചചെയ്ത് പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ തോറും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുതിയ സ്ത്രീ സുരക്ഷാകവചങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. പക്ഷേ, പീഡനസംഭവങ്ങള്‍ കുറയുന്നില്ല. സ്ത്രീയുടെ ഏറ്റവും വലിയ രക്ഷാകവചം കുട്ടനാട്ടിലെ ആ വീട്ടമ്മ അണിഞ്ഞിരുന്നതുതന്നെയാണെന്നു തോന്നുന്നു. ഇല്ല, തോന്നലല്ല; അതാണെന്റെ ബോദ്ധ്യം.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com