ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സോമന്റെ ഫോണ്‍ വന്നു- 'വി.ഐ.പി ലോക്കപ്പിലായി!'

''ഒരു പൊലീസുദ്യോഗസ്ഥന്‍ എപ്പോഴും ഡ്യൂട്ടിയിലാണ്; ഇരുപത്തിനാലു മണിക്കൂറും.''
എ. ഹേമചന്ദ്രന്‍ ഐ.പി.എസ്
എ. ഹേമചന്ദ്രന്‍ ഐ.പി.എസ്

പൊലീസിനെക്കുറിച്ച് കൗതുകം തോന്നിയ ഒരു കാര്യം കുട്ടിക്കാലത്ത് വായിച്ചതോര്‍ക്കുന്നു. ഗാന്ധിയനായ പ്രൊഫസര്‍ എം.പി. മന്മഥന്‍ സാറായിരുന്നു അതെഴുതിയത്. അദ്ദേഹത്തിന്റെ അച്ഛന്‍ പൊലീസുകാരനായിരുന്നു. മകനെ പൊലീസുദ്യോഗസ്ഥനാക്കാന്‍ ചില്ലറ പരിശീലനം അച്ഛന്‍ നല്‍കിയിരുന്നുവത്രെ. അതിന്റെ ഭാഗമായി മകനോടൊരു ചോദ്യം: ''ഒരു പൊലീസുദ്യോഗസ്ഥന്റെ ഡ്യൂട്ടി സമയം എപ്പോഴാണ്?'' മകന്‍ ഒരുപാടുത്തരം പറഞ്ഞു. ഒന്നും ശരിയായില്ല. അടിയും കിട്ടി. അവസാനം ശരിയുത്തരം അച്ഛന്‍ തന്നെ പറഞ്ഞുകൊടുത്തു: ''ഒരു പൊലീസുദ്യോഗസ്ഥന്‍ എപ്പോഴും ഡ്യൂട്ടിയിലാണ്; ഇരുപത്തിനാലു മണിക്കൂറും.'' വായിച്ചപ്പോള്‍  കൗതുകം പകര്‍ന്ന ആ അറിവിന്റെ യാഥാര്‍ത്ഥ്യം അനുഭവത്തിലൂടെ മനസ്സിലായി. വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യുക മനുഷ്യസാദ്ധ്യമല്ലല്ലോ. മറ്റു ജോലികളില്‍, ഓഫീസ് സമയം കഴിഞ്ഞാല്‍, സാധാരണയായി ഉദ്യോഗസ്ഥന്‍ സ്വതന്ത്രനാണ്. പൊലീസുദ്യോഗസ്ഥനാകട്ടെ, വീട്ടില്‍ വിശ്രമിക്കുമ്പോഴും ജോലിയുടെ ഉത്തരവാദിത്വത്തില്‍നിന്നും മുക്തനല്ല. ഐ.പി.എസ് ഉദ്യോഗസ്ഥന് ഇതേറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ജില്ലാ എസ്.പി. ആയിരിക്കുമ്പോഴാണ്. ഫോണ്‍കാളിന്റെ രൂപത്തിലാണിത് പ്രത്യക്ഷപ്പെടുന്നത്, മിക്കപ്പോഴും.  
 
രാത്രി എട്ട് മണി കഴിഞ്ഞ്  ജില്ലാ കളക്ടര്‍ ആയിരുന്ന വി.ജെ. കുര്യന്റെ ഫോണ്‍ വന്നപ്പോള്‍ സാധാരണപോലൊരു സൗഹൃദസംഭാഷണമെന്ന സന്തോഷത്തിലാണതെടുത്തത്. എസ്.പി എന്ന നിലയില്‍, ആലപ്പുഴയില്‍ തുടക്കക്കാരനായ എനിക്ക്, അവിടെ നന്നായി വേരോടിക്കഴിഞ്ഞിരുന്ന അദ്ദേഹവുമായുള്ള ആശയവിനിമയം ഇഷ്ടമായിരുന്നു. പല വിഷയങ്ങളുടേയും ചരിത്രവും പശ്ചാത്തലവും മനസ്സിലാക്കാന്‍ അത് ഉപകരിച്ചു. അദ്ദേഹം എറണാകുളത്തേക്കുള്ള ട്രാന്‍സ്ഫറിന്റെ വക്കത്തായിരുന്നു. പക്ഷേ, തികച്ചും  വ്യത്യസ്തമായിരുന്നു അന്നത്തെ ഫോണ്‍. ''ഹേമചന്ദ്രാ, ഇന്നൊരു പ്രശ്നമുണ്ടായി. ഞാന്‍ കുറെ യാത്രയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് വിവരം അറിയുന്നത്.'' ഇങ്ങനെയാണ് അദ്ദേഹം തുടങ്ങിയത്. അന്നുച്ചയ്ക്ക് അദ്ദേഹം വീട്ടിലില്ലാതിരുന്ന സമയത്ത് ഒരാള്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ വന്നു കളക്ടറെ അന്വേഷിച്ചു. സ്ഥലത്തില്ലെന്നും രാത്രിയേ തിരിച്ചെത്തുവെന്നും അറ്റന്‍ഡര്‍ പറഞ്ഞു. അവിടെ ആ സമയം കുര്യന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുളളു, അറ്റന്‍ഡര്‍ക്കു പുറമേ. സ്ഥലംമാറ്റത്തെപ്പറ്റി പറഞ്ഞുകൊണ്ടാണയാള്‍ തുടങ്ങിയത്. മാറിപ്പോകുന്നതിനു മുന്‍പ് സാമാന്യ മര്യാദയുടെ പേരില്‍ സന്ദര്‍ശിക്കാന്‍ വന്ന ആരെങ്കിലുമായിരിക്കുമെന്നാണവര്‍ കരുതിയത്. പെട്ടെന്നാണ് അയാളുടെ ഭാവം മാറിയത്. ''ഇനി ആലപ്പുഴയുടെ ഭരണമെല്ലാം തീര്‍ന്നല്ലോ'' എന്നു തുടങ്ങി സാമാന്യ മര്യാദയുടെ സീമ ലംഘിച്ചുള്ള സംഭാഷണമാണ് നടത്തിയത്. മദ്യലഹരിയിലായിരുന്ന ആ മനുഷ്യന്‍ സഭ്യേതര പദപ്രയോഗങ്ങളും നടത്തിയാണ് മടങ്ങിയത്. ആലപ്പുഴയിലെ പരമ്പരാഗതമായൊരു ബിസിനസ്സ് ഗ്രൂപ്പിലെ ഇളം തലമുറക്കാരനായിരുന്നു അയാള്‍. അവര്‍ക്കെതിരെ നേരത്തെ ചില റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ചിരുന്നു. ജില്ലാ കളക്ടറാണല്ലോ റവന്യൂ വകുപ്പിന്റെ ജില്ലയിലെ മുഖ്യ അധികാരി. ആ നിലയില്‍ കളക്ടറോടുണ്ടായിരുന്ന വിരോധമായിരുന്നു, സ്ഥലം മാറ്റം വന്നുകഴിഞ്ഞപ്പോള്‍ ഈ രീതിയില്‍ പ്രകടിപ്പിച്ചത്. ഇത്രയും കാര്യങ്ങളാണ് കുര്യന്‍ എന്നോടു പറഞ്ഞത്. അദ്ദേഹം  ശാന്തനായിട്ടാണ് സംസാരിച്ചത്. ആര്‍ക്കും ഉണ്ടാകാവുന്ന സ്വാഭാവികമായ അസ്വസ്ഥതയല്ലാതെയൊരു വൈകാരികത ആ വാക്കുകളില്‍ കണ്ടില്ല. പൊലീസ് നടപടി ആവശ്യമായ സംഭവമെന്നതിനപ്പുറം ഞങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാറുള്ള വിഷയങ്ങളില്‍പ്പെട്ട ഒരു കാര്യം എന്ന രീതിയിലുള്ള സംഭാഷണമായിരുന്നു അത്.

ആലപ്പുഴയിലെ അനുഭവം

സംഭവം കേട്ടുകഴിഞ്ഞപ്പോള്‍ ''ഇത് ഗൗരവമായി കാണണം, നിയമാനുസരണം നടപടി എടുക്കാം'' എന്ന് ഞാന്‍ പറഞ്ഞു. ''അവര്‍ കുറച്ച് സ്വാധീനമൊക്കെയുള്ളവരാണ്; ഹേമചന്ദ്രന്‍ ആലപ്പുഴയില്‍ ഇപ്പോള്‍ വന്നിട്ടേ ഉള്ളു. ഞാനിവിടുന്ന് പോകുകയാണല്ലോ, ഒരുപക്ഷേ, അവരെല്ലാം കൂടി വിചാരിച്ചാല്‍ നിങ്ങളെ സ്ഥലം മാറ്റാനും കഴിഞ്ഞേക്കാം'' എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു കാര്യം ശരിയായിരുന്നു. അദ്ദേഹം ആലപ്പുഴയിലെ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു അന്ന്. ഞാനാകട്ടെ, അവിടെ ഇന്നിംഗ്സ് ആരംഭിച്ചിട്ടേ ഉള്ളു. എനിക്ക് വി.ജെ. കുര്യനോട് ഏറ്റവും മതിപ്പുതോന്നിയതും അക്കാര്യത്തിലാണ്. പൊലീസ് നടപടിയിലേക്ക് പോകുന്നത്  വ്യക്തിപരമായി എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്ന് എന്നെ കൃത്യമായി ഓര്‍മ്മിപ്പിച്ചു. എന്റെ ചിന്ത മറ്റൊരു രീതിയിലായിരുന്നു. അത്  പറയുകയും ചെയ്തു. ''ഇന്ന് കളക്ടര്‍ മാറും, നാളെ എസ്.പിയും മാറും. ഇങ്ങനെ മാറ്റം വരുമ്പോള്‍ ഓരോരുത്തര്‍ക്കും വന്ന് ചീത്ത വിളിച്ചിട്ട് പോകാം എന്നൊരു തോന്നല്‍ ആര്‍ക്കും പാടില്ല. നമുക്ക് പിന്നാലെ വരുന്നവര്‍ക്കും അത് പ്രശ്നമാകും. അതുകൊണ്ട് ശരിയായ നിയമനടപടി സ്വീകരിക്കാം.'' അക്കാര്യത്തില്‍ എന്നോട് അദ്ദേഹത്തിനു പൂര്‍ണ്ണ യോജിപ്പുണ്ടായിരുന്നു. അതേസമയം വ്യക്തിപരമായി എനിക്കൊരു തലവേദനയായി മാറുമോ എന്ന ഉല്‍ക്കണ്ഠയും അദ്ദേഹത്തിന്റെ ചിന്തയെ സ്വാധീനിച്ചു. 

ഉടന്‍ തന്നെ ഞാന്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോമനെ ഫോണ്‍ ചെയ്ത് ക്യാമ്പ് ഓഫീസില്‍ വരുത്തി. കളക്ടറില്‍നിന്നും ലഭിച്ച വിവരങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. രാത്രി തന്നെ എഫ്.ഐ.ആര്‍ (ഫസ്റ്റ് ഇന്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ട്) എടുക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും തീരുമാനിച്ചു. ഇത്തരം നടപടികള്‍ കാര്യക്ഷമതയോടെ സമയബന്ധിതമായി ചെയ്യേണ്ടതുണ്ട്. അക്കാര്യത്തില്‍ സോമന്‍ പ്രാപ്തനും വിശ്വസ്തനുമായിരുന്നു. അതും പ്രധാനമാണ്. മറിച്ചായാല്‍ പൊലീസ് നടപടി ഫലപ്രദമാകില്ല. കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടത് അവിടുത്തെ വലിയ സ്വാധീനമുള്ള  ഒരു സമ്പന്നനെയാണല്ലോ. അപ്പോള്‍ ഏതെങ്കിലും നിലയില്‍ വിവരം ചോര്‍ന്ന് പോകുകയോ മറ്റോ ചെയ്താല്‍ പൊലീസ് നടപടി ലക്ഷ്യം കാണില്ല. പക്ഷേ, ഇവിടെ അതൊന്നുമുണ്ടായില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സോമന്റെ ഫോണ്‍ വന്നു: ''വി.ഐ.പി ലോക്കപ്പിലായി.'' ആലപ്പുഴ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍  സാധാരണയായി മോഷ്ടാക്കളും മയക്കുമരുന്ന് കച്ചവടക്കാരും കൊലപാതകികളും ഒക്കെയാണുണ്ടാകുക; അന്ന് രാത്രി അത് ഒരു വി.ഐ.പി വിശ്രമകേന്ദ്രമായി. കൂട്ടത്തില്‍ പറയട്ടെ, ഒരു കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തതയുണ്ടായിരുന്നു. കുറ്റകൃത്യത്തിന് കൃത്യമായ നിയമനടപടി എന്നതിനപ്പുറം, ആ മനുഷ്യനെ ഒരുതരത്തിലും ശല്യം ചെയ്യാനോ   ആക്ഷേപിക്കാനോ ഒന്നും ഉദ്ദേശ്യമില്ലായിരുന്നു. അത്തരമൊരു സമീപനത്തോട് ഒരുകാലത്തും എനിക്ക് യോജിപ്പുമില്ലായിരുന്നു. വി.ജെ. കുര്യന്‍ ആലപ്പുഴയില്‍ വളരെ ജനകീയനും എല്ലാ ഉദ്യോഗസ്ഥര്‍ക്കും സ്വീകാര്യനുമായിരുന്നു. അതുകൊണ്ട്, ''നമ്മുടെ കുര്യന്‍സാറിനെ ചീത്ത വിളിച്ചവനല്ലേ, രണ്ടു കൊടുത്തേക്കാം'' എന്ന് ഏതെങ്കിലും പൊലീസുകാരന് തോന്നിയാലോ എന്ന ജാഗ്രതയും ഞങ്ങള്‍ക്കുണ്ടായിരുന്നു. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ ലോക്കപ്പിലെ വി.ഐ.പിക്കുവേണ്ടി എന്നെ ആരെങ്കിലും ഉറക്കത്തില്‍നിന്നും ഉണര്‍ത്തുമോ എന്ന ചെറിയ തോന്നലുണ്ടായി. ഇല്ല, ഒന്നുമുണ്ടായില്ല. അടുത്ത ദിവസവും ആലപ്പുഴയിലെ സൂര്യന്‍ തികച്ചും സാധാരണപോലെ ഉദിച്ചു, പതിവ് സമയത്ത്.

എന്നാല്‍, പതിവില്ലാതെ, രാവിലെതന്നെ  ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലെ എസ്.ഐ ജോയി വീട്ടിലെത്തി. അവരെല്ലാമാണ് എസ്.പിയുടെ രഹസ്യാന്വേഷണ വിഭാഗം. അവിടെ ഓരോ ജീവനക്കാരേയും ഞാനടുത്തറിഞ്ഞു തുടങ്ങിയിരുന്നു. തുടക്കത്തില്‍ത്തന്നെ നല്ല ബന്ധം സ്ഥാപിച്ച ഉദ്യോഗസ്ഥനായിരുന്നു ഈ ജോയി. കോണ്‍സ്റ്റബിളായി പൊലീസില്‍ ചേര്‍ന്ന് പ്രമോഷനിലൂടെ എസ്.ഐ റാങ്കിലെത്തിയ ഉദ്യോഗസ്ഥനായിരുന്നു  അദ്ദേഹം. സാധാരണ ജോയി സംസാരിക്കാറുള്ളത് അല്പം വെപ്രാളത്തിലും ഒരുപക്ഷേ, അതുകൊണ്ട് ശബ്ദം ഉയര്‍ത്തിയുമാണ്. അന്നു രാവിലെ വീട്ടില്‍വെച്ച്  കാണുമ്പോള്‍ ജോയി, സാധാരണയിലും കവിഞ്ഞ  ഉദ്വേഗത്തിലും ക്ഷോഭത്തിലുമൊക്കെ ആയിരുന്നു. എന്നെ കണ്ട ഉടനെ ''സാറേ, വലിയ പ്രശ്നമായിരിക്കയാണ്'' എന്നാണ് ആദ്യം പറഞ്ഞത്. ''എന്തു പ്രശ്നം?'' എന്ന് കഴിയുന്നത്ര ശാന്തമായി ചോദിച്ചു.

''ഇന്നലെ രാത്രി, ആ എന്തോ സണ്‍സ് എന്നൊക്കെ പറഞ്ഞ് മുതലാളിയെ പിടിച്ചത്.''

''അതു പിന്നെ കളക്ടറുടെ വീട്ടിലൊക്കെ പോയി ചീത്ത വിളിച്ചാല്‍ വിടാന്‍ പറ്റുമോ?'' പക്ഷേ, ജോയി വളരെ അസ്വസ്ഥനായിരുന്നു. ''കഴിഞ്ഞ ആഴ്ചയാണ് സാര്‍ മറ്റേ മുതലാളിയെ പിടിച്ചത്'' എന്ന് ജോയി. ''ഏത് മുതലാളി?'', ''സാര്‍ ആ...,'' ''ജോയീ, അയാള്‍ മദ്യപിച്ച് വാഹനം ഓടിച്ചതിനല്ലേ പിടിച്ചത്. അതിന് ഞാനെന്തു പിഴച്ചു?'' ജോയി തൃപ്തനായില്ല. 

അദ്ദേഹം പറഞ്ഞത് അവിടുത്തെ ബിസിനസ്സുകാരെല്ലാം കൂടി സംഘടിതരായി എനിക്കെതിരെ  തിരിഞ്ഞിരിക്കുയാണെന്നാണ്. രാത്രിയില്‍ അറസ്റ്റ് ചെയ്ത വ്യക്തിയുടെ സ്വാധീനത്തെക്കുറിച്ച് കളക്ടര്‍ സൂചിപ്പിച്ചിരുന്നത് ഞാനോര്‍ത്തു. ജോയിക്കൊരു പരിഹാരം നിര്‍ദ്ദേശിക്കാനുണ്ടായിരുന്നു. എസ്.പിക്കെതിരെ പടയൊരുക്കം നടത്തുന്നുവെന്ന് ജോയി കരുതിയ ബിസിനസ്സുകാരുമായെല്ലാം നല്ല ബന്ധവും സ്വാധീനവുമുള്ള ഒരു ഡി.വൈ.എസ്.പി ഉണ്ടായിരുന്നു. അദ്ദേഹത്തിന് നല്ല 'ലയ്സണ്‍' ആണത്രേ. അതുകൊണ്ട് ഈ വിഷയത്തില്‍ ഉടന്‍ അദ്ദേഹത്തെ ഇടപെടുവിച്ച് ബന്ധപ്പെട്ടവരുമായി സംസാരിപ്പിക്കണം. അതായിരുന്നു ജോയി ഉപദേശിച്ച 'ഒറ്റമൂലി.' എന്തുകൊണ്ടോ 'ഒറ്റമൂലി'കള്‍ ഒരുകാലത്തും എന്നെ ആകര്‍ഷിച്ചിട്ടില്ല. അതുകൊണ്ടുമാത്രം നല്ലവനായ ജോയിയെ എനിക്ക് നിരാശനാക്കേണ്ടിവന്നു. പക്ഷേ, ആ ആത്മാര്‍ത്ഥത എന്നെ സ്പര്‍ശിച്ചു. ജോയി പറഞ്ഞപോലൊരു ജീവന്‍മരണ പ്രശ്നമായൊന്നും എനിക്കത് തോന്നിയില്ല എന്നതാണ് സത്യം. അന്ന് രാവിലെ ഓഫീസിലെത്തിയ ശേഷം ആ സംഭവത്തെക്കുറിച്ച് പൊലീസ് ആസ്ഥാനത്തുനിന്നും ചില ചോദ്യങ്ങളുണ്ടായി എന്നത് നേരാണ്. അതിനപ്പുറം ഒന്നും സംഭവിച്ചില്ല. സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജോയി പറഞ്ഞപോലെ അപ്രതീക്ഷിതമായ അറസ്റ്റ് ആദ്യം കുറെ ഞെട്ടലും എതിര്‍പ്പും ഉണ്ടാക്കിയെങ്കിലും അറസ്റ്റിന്റെ കാരണം മനസ്സിലാക്കിയപ്പോള്‍ അതെല്ലാം  അവസാനിച്ചു.

ജോയി സൂചിപ്പിച്ച 'മറ്റേ മുതലാളി'യുടെ കാര്യവും പരാമര്‍ശിക്കുന്നതാണ് ഉചിതമെന്നു തോന്നുന്നു. ആ സംഭവം നടന്നതൊരു രാത്രിയിലാണ്. കൃത്യമായി പറഞ്ഞാല്‍ നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞ ആഗസ്റ്റ് രണ്ടാം ശനിയിലെ രാത്രി. വള്ളംകളിയെല്ലാം സന്ധ്യയോടെ കഴിഞ്ഞാലും ആഘോഷം തുടരുന്നത് സ്വാഭാവികമാണല്ലോ. രാത്രികാല ജീവിതം എന്താണെന്നു നോക്കാം എന്ന ചിന്തയില്‍ രാത്രി വൈകി ഞാനൊരു ജീപ്പില്‍ ഏതാനും പൊലീസുകാരുമായി പുറത്തിറങ്ങി. മനപ്പൂര്‍വ്വമാണ്  കാര്‍ ഉപേക്ഷിച്ച് ജീപ്പെടുത്തത്. ജില്ലാ എസ്.പി എന്ന ഐഡന്റിറ്റി  ഒഴിവാക്കിയാല്‍ സാധാരണ അവസ്ഥ അറിയാന്‍ കൂടുതല്‍ സഹായിക്കും എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ പൊലീസുകാരുമായി ചുറ്റിക്കറങ്ങി ബീച്ചിലെത്തി. കുറേ ആളുകള്‍ അവിടെയും അങ്ങിങ്ങായി ഉണ്ട്. അവരുടെ സൈ്വരവിഹാരത്തിലൊന്നും ഞങ്ങളിടപെട്ടില്ല. കുറെ വാഹനങ്ങളും അവിടവിടെ പാര്‍ക്കുചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നത് തടയാന്‍ ആവശ്യമായ പൊലീസ് ഇടപെടല്‍ ഞങ്ങള്‍ നടത്തിയിരുന്നു. ആ പ്രവണതയോടെനിക്ക് യോജിപ്പില്ലായിരുന്നു. വെറും നിയമപാലനത്തിനപ്പുറം അതിലുള്ള അപകടസാദ്ധ്യതയെക്കുറിച്ചുള്ള ബോധമായിരുന്നു മുഖ്യം. എത്ര വിലപ്പെട്ട ജീവനുകളാണ് അങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരുന്നത്? അത്തരമൊരു  സുരക്ഷാബോധം നമ്മുടെ നാട്ടില്‍ അന്ന് വളരെ കുറവായിരുന്നു. ഇന്നും വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

മദ്യത്തെക്കുറിച്ചും, മദ്യപാനത്തെക്കുറിച്ചുമൊക്കെ പ്രലോഭനീയമായ രീതിയില്‍ ധാരാളം എഴുതിയിട്ടുള്ള പ്രശസ്ത എഴുത്തുകാരന്‍ ഖുശ്വന്ത് സിംഗ് സ്വന്തം അനുഭവം എഴുതിയതോര്‍ക്കുന്നു. ഇംഗ്ലണ്ടില്‍ താമസിക്കുമ്പോള്‍  മദ്യം കഴിച്ചശേഷം വാഹനം ഓടിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് അങ്ങനെ ഒരവസ്ഥയില്‍ ഒരു രാത്രി അദ്ദേഹം സ്വന്തം കാറില്‍ കിടന്നുറങ്ങി നേരം വെളുപ്പിച്ചു. കാരണം, അവിടെ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ അത്രയ്ക്ക് വലിയ സാമൂഹ്യതിന്മയായിട്ടാണത്രെ കണക്കാക്കുന്നത്. അത് അവിടെ. ഇവിടെ നേരെ മറിച്ചായിരുന്നു. 

അങ്ങനെ ബീച്ചില്‍ നില്‍ക്കുമ്പോള്‍ ഏതാനും ചെറുപ്പക്കാര്‍ ഒരു കാറില്‍ കയറി അത് സ്റ്റാര്‍ട്ടാക്കി ഓടിക്കാന്‍ ശ്രമിക്കുന്നതു കണ്ടു. ഓടിച്ചു മുന്നോട്ട് വന്നപ്പോള്‍ അല്പം പന്തികേട് തോന്നി, ആ വാഹനം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. സംശയം തെറ്റിയില്ല. കാറോടിച്ചിരുന്ന ഡ്രൈവര്‍ പുറത്തിറങ്ങി. അടുത്തു വന്നപ്പോള്‍ത്തതന്നെ മദ്യത്തിന്റെ ഗന്ധം. വാഹനം എടുത്തപ്പോള്‍ തോന്നിയ പന്തികേടിന്റെ കാരണം മനസ്സിലായി. നിയമനടപടിയിലേയ്ക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം ''ഞാന്‍ ബാലന്റെ ഫ്രണ്ടാണ്'' എന്നു പറഞ്ഞു. ഞാന്‍ കേട്ടതായി നടിച്ചില്ല. അപ്പോള്‍ വീണ്ടും അതു പറഞ്ഞു. പെട്ടെന്ന് ഞാന്‍ കരുതിയത് ആ പേരില്‍ എന്റെ ഒരു ബന്ധു കുറച്ചുകാലം മുന്‍പവിടെ ഉണ്ടായിരുന്നു. മദ്യത്തിനോട് നല്ല ആസക്തിയുള്ള മനുഷ്യനായിരുന്നു അദ്ദേഹം. ആ ബന്ധം എന്റെ  ശ്രദ്ധയില്‍പ്പെടുത്തി  നിയമനടപടി ഒഴിവാക്കാനുള്ള ശ്രമമായിരുന്നു അത് എന്നാണ് ഞാന്‍ തെറ്റിദ്ധരിച്ചത്. ''അതുകൊണ്ടെന്താണ്?'' എന്നുമാത്രം പറഞ്ഞ് മെഡിക്കല്‍ ചെക്കപ്പിനായി അയയ്ക്കാനും കേസെടുക്കാനും പൊലീസുദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പിന്നീടെനിക്കു മനസ്സിലായി, ആ വ്യക്തി ഞാനൊരു എസ്.ഐ ആണെന്ന്  ധരിച്ച്, അല്പം കൂടി ഉയര്‍ന്ന റാങ്കുള്ള ഒരുദ്യോഗസ്ഥനുമായുള്ള ബന്ധത്തെക്കുറിച്ചാണ് സൂചിപ്പിച്ചത് എന്ന്. അതിന് അദ്ദേഹത്തെ കുറ്റം പറയാനുമാവില്ല. ആ സമയത്ത് ജില്ലാ എസ്.പി അവിടെ പൊലീസ് ഔദ്യോഗിക വാഹനം ഒഴിവാക്കി പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കില്ലല്ലോ. 

കുന്നംകുളത്തെ 'ദേശസ്‌നേഹി'

മെഡിക്കല്‍ ചെക്കപ്പിനയച്ച ശേഷം ഞാന്‍ അക്കാര്യം മറന്നു. അര്‍ദ്ധരാത്രികഴിഞ്ഞ്  ടൗണ്‍ സി.ഐ സോമന്റെ ഫോണ്‍. ആ സമയത്തെ ഫോണ്‍ വിളിയില്‍ ക്ഷമാപണത്തോടെയാണ് തുടങ്ങിയത്. മദ്യപിച്ച് വാഹനമോടിച്ചതിനു പിടിച്ച ആളിന്റെ വൈദ്യപരിശോധന നടത്തി കേസെടുത്തുവെന്ന് പറഞ്ഞു. പിന്നീട് ആ വ്യക്തിയുടെ പേര് പറഞ്ഞിട്ട് അദ്ദേഹം അറിയപ്പെടുന്ന വലിയ ബിസിനസ്സ് സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍ ആണെന്നു പറഞ്ഞു. ''സാര്‍ തിരുവനന്തപുരത്ത് നിന്നു ഫോണ്‍ വിളി ഇഷ്ടം പോലെ വരും, പുള്ളിക്കുവേണ്ടി. സാറിനെ കിടത്തി ഉറക്കൂല. ജാമ്യം കൊടുത്താലോ സാര്‍'' എന്ന് സി.ഐ ചോദിച്ചു. 'Bailable offence (ജാമ്യം കിട്ടുന്ന കുറ്റം) അല്ലേ ഉള്ളു, ജാമ്യം അവകാശമാണല്ലോ. ജാമ്യം നല്‍കിക്കൊള്ളു. നിയമനടപടിക്കപ്പുറമുള്ള മറ്റൊന്നും നമുക്കില്ലല്ലോ.'' സത്യത്തില്‍ അപ്പോള്‍ മാത്രമാണ് നടപടി സ്വീകരിച്ച വ്യക്തി ആരാണെന്നു ഞാന്‍ അറിയുന്നത്. സോമന്‍ പറഞ്ഞത് ശരിയായിരുന്നു. വെളുപ്പിന് രണ്ടു മണിക്ക് തലസ്ഥാനത്തുനിന്ന് ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്നെ ഫോണ്‍ ചെയ്തു. ജാമ്യത്തില്‍ വിട്ടകാര്യം അറിയിച്ചു. കൂട്ടത്തില്‍ അല്പം 'ഗമ'യോടെ ഞാന്‍ തന്നെയാണ് 'ധീര'കൃത്യം ചെയ്തതെന്നും പറഞ്ഞു. പക്ഷേ, അത് തീരെ ഏശിയില്ല. 'ധീരത'യ്ക്ക് അംഗീകാരമൊന്നും കിട്ടിയില്ല!

ഈ സംഭവത്തില്‍ നിയമനടപടിക്കു വിധേയനായ വ്യക്തിയുമായി ചില അവസരങ്ങളില്‍ ഞാന്‍ പിന്നീട് കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം തികഞ്ഞ സാമൂഹ്യ മര്യാദയോടെ തന്നെയാണ് അദ്ദേഹം എന്നോട് ഇടപഴകിയിട്ടുള്ളത്. അതുതന്നെയാണ് ശരിയായ രീതി. എന്തെന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍   നിയമത്തിന്റെ ഉപകരണം മാത്രമാണ്. അങ്ങനെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനോട് വ്യക്തിവിരോധത്തിന് എന്ത് പ്രസക്തി? പക്ഷേ, മറിച്ച് ചിന്തിക്കുന്നവരുമുണ്ട് സമൂഹത്തില്‍. അതുകൊണ്ടാണല്ലോ നമ്മളാദ്യം കണ്ടപോലെ സ്ഥലം മാറിപ്പോകുന്ന കളക്ടറുടെ വീട്ടില്‍ 'പരാക്രമ'ത്തിനു പോകുന്നത്. സ്വന്തം വീഴ്ച മനസ്സിലാക്കി തെറ്റ് തിരുത്താന്‍ ശ്രമിക്കുന്നതിനു പകരം  നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനു നേരെ തിരിയുന്ന അവസ്ഥ അപൂര്‍വമല്ല. ആ 'രോഗ'ത്തിന്റെ വൈറസ് ബാധിച്ചാല്‍ 'രോഗി' പല പ്രശ്‌നങ്ങളിലും ചെന്നുപെടാം, ചിലപ്പോള്‍ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പിനുള്ളിലും ആകാം.  
  
ഈ വൈറസിന്റെ തന്നെ, ജനിതക വ്യതിയാനം സംഭവിച്ച ഒരിനം എന്നെയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്,  കുന്നംകുളത്ത് ഞാന്‍ എ.എസ്.പി ആയിരിക്കെ. ഒരു ദിവസം ജില്ലാ എസ്.പി ആയിരുന്ന വിന്‍സണ്‍ എം. പോളിനെ കാണാന്‍ പോയപ്പോഴാണ് 'ആക്രമണ' വിവരമറിഞ്ഞത്. ''ഹേമചന്ദ്രനെ ഞാനൊരു കാര്യം കാണിച്ചുതരാം.'' എന്ന് തമാശമട്ടില്‍ പറഞ്ഞിട്ട് ഒരു സ്യൂട്ട്കേസ് തുറന്ന് അതില്‍നിന്ന് രണ്ടു വെള്ളക്കടലാസുകള്‍ എനിക്ക് എടുത്ത് തന്നു. മലയാളത്തില്‍ ടൈപ്പ് ചെയ്ത ഒരു പരാതി ആയിരുന്നു അത്. 'നാടിനെ സ്നേഹിക്കുന്ന ഒരു പൗരന്റെ' പേരിലായിരുന്നു പരാതി. പരാതിയിലെ വിഷയമാകട്ടെ, അടുത്തിടെ കുന്നംകുളത്ത് പോസ്റ്റ് ചെയ്ത എ.എസ്.പി ഹേമചന്ദ്രന്‍ നടത്തുന്ന 'അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളു'മായിരുന്നു. ഞാനതു മുഴുവന്‍ വായിച്ചു, വലിയ കൗതുകത്തോടെ. കുന്നംകുളം, വടക്കാഞ്ചേരി തുടങ്ങി പല സ്ഥലങ്ങളിലും ചീട്ടുകളി ക്ലബ്ബുകള്‍ നടത്താനനുവദിച്ച് അതില്‍ നിന്നൊക്കെ പണം പറ്റുന്നു; ബാര്‍ ഹോട്ടലുകള്‍ തുടങ്ങി മദ്യശാലകള്‍ നടത്തുന്ന അബ്ക്കാരികളില്‍നിന്ന്  പണപ്പിരിവ് നടത്തുന്നു ഇങ്ങനെ പോയി ആരോപണങ്ങള്‍. എന്റെ വീട്ടിലുണ്ടായിരുന്ന ടി.വി, ഫ്രിഡ്ജ് മുതലായ ഉപകരണങ്ങളെക്കുറിച്ച് ഏതാണ്ട് കൃത്യമായി അതില്‍ പറഞ്ഞിരുന്നു. 'പൗരന്‍' എന്നെക്കുറിച്ച് നല്ല ഗവേഷണം നടത്തിയിട്ടുണ്ട്! ഇവയെല്ലാം തന്നെ അഴിമതിപ്പണത്തിലൂടെ വാങ്ങിയതാണത്രെ. എന്നുമാത്രമല്ല, എന്റെ ഭാര്യയുടെ ആഭരണങ്ങളെക്കുറിച്ചുവരെ 'നാടിനെ സ്നേഹിക്കുന്ന പൗരന്‍' കണ്ടെത്തിയിരുന്നു. ഈ പരാതിയെക്കുറിച്ച് ഞാന്‍ ഭാര്യയോട് പറഞ്ഞത് 'നിങ്ങള്‍ സുന്ദരിയുമാണ്' എന്നതു മാത്രമേ 'പൗരന്‍' വിട്ടുപോയിട്ടുള്ളുവെന്നാണ്. ഈ പ്രശംസയ്ക്ക് പിന്നിലെ പ്രചോദനം സോവിയറ്റ് അംബാസഡറായിരുന്ന കെ.പി.എസ്. മേനോന്റെ ആത്മകഥയിലെ രസകരമായ ഒരു പരാമര്‍ശമായിരുന്നുവെന്ന് കുമ്പസരിക്കട്ടെ.
   
ചിരിയും ചിന്തയും ഉണര്‍ത്തിയ അനുഭവമായിരുന്നു ആ വ്യാജ പരാതി. കൂടുതല്‍ ചിരിയും അല്പം ചിന്തയും എന്നതാണ് സത്യം. എന്റെ നടപടികള്‍ മൂലം ബുദ്ധിമുട്ടിലായ ആരോ ആയിരിക്കും പരാതിയുടെ പിന്നില്‍ എന്ന് ഞാന്‍ കരുതി. എന്നെ അത്ഭുതപ്പെടുത്തിയത് പരാതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ബുദ്ധിമുട്ടി എന്റെ വീട്ടിലെ ഗൃഹോപകരണങ്ങള്‍ വരെ കണ്ടെത്തി എന്നതാണ്. പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനും സമ്മര്‍ദ്ദത്തിലാക്കുന്നതിനും അവരുടെ സ്വകാര്യതയിലേയ്ക്കും സൂക്ഷ്മമായി കടന്നുകയറാന്‍ തല്പരകക്ഷികള്‍ ശ്രമിക്കും എന്നും ഞാന്‍ മനസ്സിലാക്കി.

ഊമക്കത്തുകള്‍ എന്നറിയപ്പെടുന്ന ഒരു 'സാഹിത്യശാഖ' നമ്മുടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ പണ്ടുമുതലേ വളര്‍ന്നുവന്നിട്ടുണ്ട്. അതില്‍പ്പെടുന്നതാണ് ഇത്തരം 'കൃതി'കള്‍. ഈ 'സാഹിത്യശാഖ' ബ്രിട്ടിഷ് കൊളോണിയല്‍ ഭരണകാലത്തും ശക്തമായിരുന്നു. അക്കാലത്തെ ഇന്ത്യന്‍ ഭരണസമ്പ്രദായം വിഷയമാകുന്ന ജോര്‍ജ് ഓര്‍വലിന്റെ  'ബര്‍മീസ് ഡേയ്സ്' എന്ന നോവലില്‍  ഇത്തരം 'രചന'കളുടെ സജീവസാന്നിദ്ധ്യം കാണാം. അതിലെ ഒരു കഥാപാത്രം പറയുന്നുണ്ട്, 'A few anonymous letters will work wonders'. (''ഏതാനും ഊമക്കത്തുകള്‍ അത്ഭുതം സൃഷ്ടിക്കും'')  നമ്മുടെ സിവില്‍ സര്‍വ്വീസിന്റെ ദോഷവശങ്ങളെപ്പറ്റി പറയുമ്പോള്‍ അതിനൊരു കാരണം എളുപ്പത്തില്‍ കണ്ടെത്തുന്നത് പഴയ കൊളോനിയല്‍ 'യജമാന'ന്മാരിലാണല്ലോ. പക്ഷേ, ഊമക്കത്ത് സാഹിത്യത്തിന്റെ ഉപജ്ഞാതാക്കള്‍ ബ്രീട്ടിഷുകാരാണെന്നു കരുതാന്‍ ന്യായമില്ല. അതൊരു 'സ്വദേശി'  ഉല്പന്നം  തന്നെയാകണം. എന്തുകൊണ്ടോ, ഊമക്കത്ത് സാഹിത്യകാരന്‍മാര്‍ പില്‍ക്കാലത്ത് എന്നെ കച്ചവടമൂല്യമുള്ള വിഷയമായി പരിഗണിച്ചില്ലെന്നു തോന്നുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com