'അങ്ങനെ, ഇന്നിംഗ്‌സ് തുടങ്ങും മുന്‍പേ എന്റെ വിക്കറ്റ് പോയില്ല; കരുണാകരന്‍ സാറിനു നന്ദി!'

ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തമാണ് ആദ്യ ബോളില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ് ആകുക എന്നത്
കെ. കരുണാകരൻ
കെ. കരുണാകരൻ

ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തമാണ് ആദ്യ ബോളില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ് ആകുക എന്നത്. തടയാനാകാത്ത അത്ര ദുഷ്‌കരമായ ബോളാണെങ്കില്‍ (ക്രിക്കറ്റ് ഭാഷയില്‍ unplayable), ദൗര്‍ഭാഗ്യത്തെ പഴിക്കുക. എന്നാല്‍, അതൊരു 'നോബോള്‍' (no ball) ആയിട്ടും, അമ്പയര്‍ ഔട്ടാക്കാന്‍ വിരലുയര്‍ത്താന്‍ തുടങ്ങിയാലോ. പിന്നെയും ദൗര്‍ഭാഗ്യത്തെ പഴിച്ച് പവിലിയനിലേയ്ക്ക് മടങ്ങുക.  ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഞങ്ങളില്‍ പലര്‍ക്കും ജില്ലാ പൊലീസ് സൂപ്രണ്ടുമാരായി പോസ്റ്റിംഗ് ലഭിച്ച കാലത്ത് ക്രിക്കറ്റിന്റെ  ഭാഷ, എല്ലാ മേഖലകളേയും സ്വാധീനിച്ചിരുന്നു, പൊലീസിനെയും. അങ്ങനെ ആ വിക്കറ്റ് തെറിച്ചു എന്ന് സഹപ്രവര്‍ത്തകനായ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞാല്‍ അതിനര്‍ത്ഥം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഔട്ടായെന്നല്ല, ഒരു യുവ എസ്.പി അപ്രതീക്ഷിതമായി ജില്ലാ എസ്.പി പദവിയില്‍നിന്നു പുറത്തായെന്നാണ്. പലരും ഇന്നിംഗ്‌സ് തുടങ്ങും മുന്‍പേ പുറത്തായി; ചിലരെങ്കിലും 'നോബോളില്‍.' ഞാനും ഏതാണ്ട് അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയി, ആലപ്പുഴ എസ്.പിയായ ഉടന്‍.

ആലപ്പുഴ എസ്.പിയായി ഞാനെത്തിയതുതന്നെ അപ്രതീക്ഷിത കടമ്പകള്‍ കടന്നാണ്. കാരണം, ഞാനന്ന് രാജ്ഭവനില്‍ ഗവര്‍ണറുടെ എ.ഡി.സി ആയിരുന്നല്ലോ. 1991-ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നു. സത്യപ്രതിജ്ഞാ ചടങ്ങ് സംഭവബഹുലമായിരുന്നു. രണ്ട് ഘട്ടമായി നടന്ന ചടങ്ങിന്റെ ഒന്നാംഘട്ടത്തില്‍ അല്പം പ്രശ്‌നങ്ങളുണ്ടായി. ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയ ജനക്കൂട്ടത്തിന്റെ ആവേശം അതിരുകടന്നപ്പോള്‍ പൊലീസ് നിയന്ത്രണങ്ങള്‍ അല്പം പാളി. അതുകൊണ്ട് രണ്ടാംഘട്ട സത്യപ്രതിജ്ഞയുടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അതിനു മുന്‍പുള്ള ദിവസങ്ങളില്‍ ഐ.ജിയും ഡി.ജി.പിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ വന്നിരുന്നു. അവരതൊക്കെ നോക്കിനടക്കുമ്പോള്‍ ഞാനും രാജ്ഭവനിലുണ്ടാകും, ടെന്നീസ് കോര്‍ട്ടിലാണെന്നു മാത്രം. എന്നോടൊപ്പം കളിക്കാന്‍ ചില സഹ ഐ.പി.എസ്സുകാരുമുണ്ടാകും. സര്‍വ്വീസില്‍ ഇളമുറക്കാരായ ഞങ്ങളുടെ ഈ കായികാവേശം  മുതിര്‍ന്ന ഐ.പി.എസ്സുകാരുടെ ഉപശാലകളില്‍ ചര്‍ച്ചയും വിമര്‍ശനവുമായെന്ന് പിന്നീട് കേട്ടു. അവര്‍ എനിക്കല്പം ഇളവ് കല്പിച്ചുതന്നു. കാരണം, ഞാന്‍ രാജ്ഭവനിലാണല്ലോ ജോലി ചെയ്യുന്നത്. ഗവര്‍ണര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും ടെന്നീസാകാം, 'ശീര്‍ഷാസന'വുമാകാം. പക്ഷേ സഹ ഐ.പി.എസ്സുകാരുടെ കാര്യം അതല്ലല്ലോ. രാജ്ഭവനില്‍ എനിക്ക് കാര്യമായ ജോലിയൊന്നും ഇല്ലായിരുന്നുവെന്നതാണ് സത്യം. തൊഴിലില്ലായ്മ കൊണ്ടുള്ള 'ക്ഷീണം' മാറ്റിയത് രാജ്ഭവന്‍ ലൈബ്രറിയിലും പിന്നെ ടെന്നീസ് കോര്‍ട്ടിലുമായിരുന്നു.

സത്യപ്രതിജ്ഞയുടെ രണ്ടാംഘട്ടം വലിയ പ്രശ്‌നമൊന്നുമില്ലാതെ കഴിഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ഗവര്‍ണറുടെ ചായസല്‍ക്കാരമാണ്. പുതിയ മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്‍മാരും ഉന്നത ഉദ്യോഗസ്ഥന്‍മാരും എല്ലാം ഉണ്ടാകും. പുതുതായി ചുമതലയേറ്റ മന്ത്രിമാരെ മറ്റുള്ളവര്‍ അവിടെ വച്ച് അഭിനന്ദിക്കും. അഭിനന്ദനം ഏറ്റുവാങ്ങി അവര്‍ അവിടെ അങ്ങനെ ചുറ്റിക്കറങ്ങും. കൂട്ടത്തില്‍ എനിക്കന്ന് വലിയ കൗതുകമായി തോന്നിയത് ഒരു പുതിയ സ്ഥാനാരോഹിതന്റെ ആനന്ദപ്രകടനമായിരുന്നു. അമിതാവേശംകൊണ്ട് മതിമറന്ന നിലയില്‍ അദ്ദേഹം തലങ്ങും വിലങ്ങും തുള്ളിച്ചാടി നടന്നു. പലരേയും കെട്ടിപ്പിടിച്ചു. ധൃതരാഷ്ട്രാലിംഗനങ്ങളും ഉണ്ടായിരുന്നോ എന്നറിയില്ല. ഏതായാലും  ആവേശത്തിനു  സമാനമായ ശക്തിയില്ലാതിരുന്നതുകൊണ്ട് അപകടമൊന്നുമുണ്ടായില്ല. അദ്ദേഹം പലരേയും  കൈപിടിച്ചു കുലുക്കി, നിര്‍ത്താതെ. ദോഷം പറയരുതല്ലോ, വലിപ്പച്ചെറുപ്പ വിവേചനമില്ലാതെയാണ്  ആഹ്ലാദം പങ്കുവെച്ചത്. അദ്ദേഹം ഗവര്‍ണറുടെ സെക്രട്ടറിയേയും വിട്ടില്ല, അരികില്‍നിന്ന സെക്രട്ടറിയുടെ പ്യൂണിനേയും ഒഴിവാക്കിയില്ല, സന്തോഷപ്രകടനത്തില്‍. വികാരാവേശം, അത് ആഹ്ലാദമായാലും ദുഃഖമായാലും തീവ്രതയുടെ പരമോന്നതിയില്‍ അധികസമയം താങ്ങാനാകില്ല എന്നായിരുന്നു ശരീരശാസ്ത്രത്തെക്കുറിച്ചുള്ള എന്റെ പൊതുവിജ്ഞാനം, അതുവരെ. ഇവിടെ ആവേശം അനുനിമിഷം വര്‍ദ്ധിക്കുകയായിരുന്നു, ഒരു ശാസ്ത്രവും ബാധകമല്ല എന്നപോലെ. വല്ലാതെ കൊതിച്ചുപോയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ അവസ്ഥയായിരുന്നു അത്. ജനാധിപത്യത്തില്‍ മന്ത്രിപദം അത്രയ്ക്ക് കൊതിപ്പിക്കുന്നതാണോ? ഒരുപക്ഷേ, അദ്ദേഹത്തിന്റെ ശുദ്ധഗതികൊണ്ടാകാം ഉള്ളിലൊതുക്കാനാകാത്ത വൈകാരിക പ്രകടനമുണ്ടായത്. സ്ഥാനലബ്ധിയില്‍ സന്തോഷിക്കുക ശരാശരി മനുഷ്യന്റെ സ്വഭാവമാണല്ലോ. എന്നാല്‍,   'ജനസേവനത്തിനുള്ള  സുവര്‍ണ്ണാവസരം' ഇതാ എനിക്ക് കൈവന്നു എന്ന തിരിച്ചറിവിന്റെ പ്രതിഫലനമായി അത്  കാണുക അല്പം പ്രയാസമാണ്. അധികാര സ്ഥാനങ്ങളെ നിസ്സംഗതയോടെ സമീപിക്കാന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണല്ലോ, എല്ലാ രംഗങ്ങളിലും. 

മറികടന്ന പ്രതിസന്ധി     

രാഷ്ട്രീയ അധികാരമാറ്റത്തിന്റെ അടുത്തപടി ഉദ്യോഗസ്ഥതലത്തിലെ മാറ്റമാണല്ലോ. അതാണല്ലോ 'നാട്ടുനടപ്പ്.' രാജ്ഭവനില്‍നിന്ന് മോചനം ലഭിക്കാനുള്ള ഒരവസരം എനിക്കും ഉണ്ടാകാം എന്നു തോന്നി. നേരിയ പ്രതീക്ഷ, അത്രമാത്രം. അതിനപ്പുറം മനസ്സില്‍ 'ഒരു ലഡ്ഡു പൊട്ടി'യതൊന്നുമില്ല. എന്നുമാത്രമല്ല, അക്കാലത്ത് 'മലയാളിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി' തുടങ്ങിയിരുന്നില്ല. ആ പ്രയോഗം  സമീപകാല പ്രതിഭാസമാണല്ലോ. നേരിയ പ്രതീക്ഷയെ തലോലിച്ചുകൊണ്ട് ഓരോ ദിവസവും കടന്നുപോകുമ്പോള്‍ അതാ വരുന്നു പൊലീസ് ആസ്ഥാനത്തുനിന്ന്  ഫോണ്‍വിളി. ഭരണവിഭാഗം ഡി.ഐ.ജി ആയിരുന്ന രാജീവന്‍ സാറായിരുന്നു മറ്റേ തലയ്ക്കല്‍. എന്താ കാര്യം? ഗുണമോ ദോഷമോ എന്നൊന്നും ചിന്തിക്കാനിട നല്‍കാതെ അദ്ദേഹം പറഞ്ഞു: ''ഹേമചന്ദ്രന്‍, എസ്.പിമാരുടെ മാറ്റം ഉടനുണ്ടാകും. പക്ഷേ, നിങ്ങളെ പരിഗണിക്കാനാവില്ല. രാജ്ഭവനിലായതുകൊണ്ട് അതിന് ഗവര്‍ണറുടെ അനുമതി വേണം.'' ''ശരി, സര്‍.'' സംഭാഷണം അവസാനിച്ചു. വീണ്ടും രാജ്ഭവനിലെ 'തൊഴിലില്ലായ്മ'യുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നതിന്റെ ഗുണങ്ങള്‍ കണ്ടെത്തണം. ചെറിയ വിഷമം തോന്നി. 

ഇക്കാര്യം ഗവര്‍ണറോട് പറഞ്ഞാലോ? പെട്ടെന്നു മനസ്സില്‍ തോന്നി. അതിന്റെ  ശരി തെറ്റുകളെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പറയുന്നതില്‍ തെറ്റില്ലെന്നു തോന്നി. തെറ്റല്ലാത്തതെല്ലാം ശരിയാകണമെന്നില്ലല്ലോ. ഗവര്‍ണറുമായി എനിക്കുണ്ടായിരുന്ന ബന്ധം ഊഷ്മളമായിരുന്നു. എല്ലാം കൂടി പരിഗണിച്ചപ്പോള്‍ പറയുന്നതാണ് ശരി എന്നെനിക്കു ബോധ്യം വന്നു. ഒരു മുഖവരയുമില്ലാതെ, രാജീവന്‍ സാര്‍ പറഞ്ഞകാര്യം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹത്തിന്റെ മറുപടി അടുത്ത ക്ഷണം വന്നു: 'If you are posted to a district, you go. Otherwise you be with me. Don't go to 'this branch' or 'that branch' in police.' (''നിങ്ങളെ ജില്ലയില്‍ പോസ്റ്റ് ചെയ്താല്‍, നിങ്ങള്‍ പൊയ്‌ക്കൊള്ളു. അല്ലെങ്കില്‍ എന്റെ കൂടെ നില്‍ക്കൂ. പൊലീസിലെ 'ആ ബ്രാഞ്ചിലും' 'ഈ ബ്രാഞ്ചിലും' ഒന്നും പോകണ്ട'')  എന്നോട് അദ്ദേഹത്തിനു വലിയ ഇഷ്ടമായിരുന്നു. അല്ലെങ്കില്‍ 6 മാസം പോലും തികയും മുന്‍പേ ഇത്തരം ഒരനുമതി അദ്ദേഹത്തിനു നിഷേധിക്കാമായിരുന്നു. തുടര്‍ന്ന്, ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വളര്‍ച്ചയില്‍ ജില്ലാ എസ്.പിയായി ജോലി ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുറെ സംസാരിച്ചു. ഗവര്‍ണര്‍ ബി. രാച്ചയ്യയുടെ ഈ കാഴ്ചപ്പാട് പലപ്പോഴും കണ്ടിട്ടില്ല, രാഷ്ട്രീയ നേതാക്കളില്‍ മാത്രമല്ല, ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ പോലും. ഗവര്‍ണറുടെ അഭിപ്രായം ഞാനന്നുതന്നെ ഡി.ഐ.ജി രാജീവന്‍ സാറിനെ അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് വന്ന സ്ഥലംമാറ്റ ഉത്തരവില്‍ ഞാനും ഉള്‍പ്പെട്ടു. എന്നെ ആലപ്പുഴയില്‍ എസ്.പിയായി നിയമിച്ചു. പക്ഷേ, എ.ഡി.സിയായി പൊലീസില്‍നിന്നും എനിക്ക് പകരക്കാരനെ നിയമിച്ചിരുന്നില്ല. അതിനാല്‍ പുതിയ ചുമതല ഏല്‍ക്കാന്‍ വൈകും എന്നായിരുന്നു പൊലീസ് ആസ്ഥാനത്തുള്ളവര്‍ പ്രതീക്ഷിച്ചിരുന്നത്. ഗവര്‍ണര്‍ക്ക് അത്തരം സംശയമൊന്നുമില്ലായിരുന്നു. ഉത്തരവു വന്ന ഉടന്‍ അദ്ദേഹം തന്നെ സ്വമേധയാ എന്നെ പുതിയ ചുമതല ഏല്‍ക്കാന്‍ അനുവദിച്ചു. അങ്ങനെ ഞാന്‍ ആലപ്പുഴയിലെത്തി.

പൊലീസ് സ്റ്റേഷന്‍ ചുമതല വഹിച്ചിരുന്ന എസ്.ഐമാരും മറ്റുദ്യോഗസ്ഥരും എന്നെ കാണാന്‍ വന്നു. സ്ഥലം മാറ്റം സംബന്ധിച്ച ഉല്‍ക്കണ്ഠകളും പ്രതീക്ഷകളുമാണ് അവരുടെ മനസ്സിനെ അപ്പോള്‍ മുഖ്യമായും ഭരിച്ചിരുന്നതെന്ന് എനിക്കു തോന്നി. അമ്പലപ്പുഴ എസ്.പി ആയിരുന്ന ഒരു അയ്യപ്പന്‍ നായര്‍ പറഞ്ഞത് ഓര്‍ക്കുന്നു. ''സാര്‍ ഞാന്‍ ഈ നവംബറില്‍ റിട്ടയര്‍ ചെയ്യുകയാണ്. എന്നെ അധികം ദൂരോട്ടടിക്കരുത് സര്‍.'' മാറ്റം അനിവാര്യം എന്നദ്ദേഹം കരുതിയിരുന്നുവെന്ന് വ്യക്തം. ''വെറും 4 മാസത്തേയ്ക്ക് എന്തിന് മാറണം?''  ഞാന്‍ മനസ്സില്‍ വന്നത് പറഞ്ഞു. പ്രതീക്ഷിക്കാത്ത ആ മറുപടി അദ്ദേഹത്തിനു  സന്തോഷകരമായി. ആയിടെ ഒരു സീനിയര്‍ നേതാവ് ഫോണ്‍ ചെയ്ത് പറഞ്ഞു: ''നമുക്ക്, പൊലീസ് ആകെ ഒന്ന് ചലനാത്മകമാക്കണം.'' ഞാന്‍ യോജിച്ചു. എന്തിന് വിയോജിക്കണം? ''ശാസ്ത്രീയമായി പരിഷ്‌കരിക്കണം,'' ''നിയമം നിയമത്തിന്റെ വഴിക്കു പോകണം,'' എന്നീ ഗണത്തില്‍ പെടുത്താവുന്നതാണല്ലോ 'ചലനാത്മകതയും.' ''അതിന് കുറച്ച് ട്രാന്‍സ്ഫര്‍ ഒക്കെ ചെയ്യണം. ഞാന്‍ ചില suggestions തരാം.'' ചലനാത്മകത എന്ന ലക്ഷ്യത്തിലെത്താനുള്ള  മാര്‍ഗ്ഗം അദ്ദേഹം നിര്‍ദ്ദേശിച്ചപ്പോള്‍ എന്റെ മറുപടി lukewarm (തണുപ്പന്‍) ആയിപ്പോയെന്ന് പിന്നീടെനിക്കു മനസ്സിലായി. എസ്.പിയുടേത് തണുപ്പന്‍ രീതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി കേട്ടു. അദ്ദേഹത്തില്‍ നിന്നൊരു ലിസ്റ്റ് വാങ്ങി, അതുത്തരവാക്കി അടിയില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് എന്നെഴുതി ഒപ്പുവച്ചില്ല. 'തണുപ്പന്‍' രീതി തന്നെയായിരുന്നു അന്നും എന്നും എനിക്ക്.

എന്നെ കാണാന്‍ വന്നവരില്‍ 2 യുവ എസ്.ഐമാരെ പ്രത്യേകം ഓര്‍ക്കുന്നു. ഒരു സാലിയും കൂട്ടുകാരനും. യുവത്വത്തിന്റെ ഊര്‍ജ്ജവും നിഷ്‌കളങ്കതയും ആദര്‍ശപരതയും അവരില്‍ പ്രതിഫലിക്കുന്നതായി എനിക്കു തോന്നി. അതായിരുന്നു ഫസ്റ്റ് ഇംപ്രഷന്‍. രണ്ടുപേരും അന്ന് കുട്ടനാട്ടില്‍, തീരെ ജോലി കുറഞ്ഞ പൊലീസ് സ്റ്റേഷനുകളിലായിരുന്നു. സത്യത്തില്‍ എനിക്കു നിരാശ തോന്നി. ചെറുപ്പക്കാരായ എസ്.ഐമാരുടെ കുറവുണ്ടായിരുന്ന ആലപ്പുഴയില്‍, താരതമ്യേന ഏറ്റവും ജോലിയില്ലാത്ത സ്റ്റേഷനുകളിലിരുത്തി എന്തിന് ഇവരുടെ സേവനം നഷ്ടമാക്കുന്നു? തൊട്ട് മുന്‍പ് എ.ഡി.സി ആയിരിക്കുമ്പോള്‍ 'തൊഴിലില്ലായ്മ'യുടെ പ്രശ്‌നം ഞാനും അഭിമുഖീകരിച്ചതാണല്ലോ. രണ്ടുപേരേയും കഴിയുന്നതും വേഗം കുട്ടനാട്ടില്‍നിന്നും കരകയറ്റി വലിയ സ്റ്റേഷനുകളില്‍ പോസ്റ്റ് ചെയ്യണമെന്ന് മനസ്സില്‍ തോന്നി.

പക്ഷേ, അത് ചെയ്യാന്‍ എനിക്ക് ധൈര്യക്കുറവുണ്ടായിരുന്നു. കാരണം, എനിക്കും ജില്ലയുടെ ചുമതല പുതിയതാണ്. മതിയായ ആലോചനയില്ലാതെ തുടക്കക്കാരായ ഈ എസ്.ഐമാര്‍ക്ക് വലിയ ഉത്തരവാദിത്വം നല്‍കിയാല്‍ അതു വല്ല  കുഴപ്പവും ഉണ്ടാക്കുമോ? ഇക്കാര്യത്തില്‍ ആരുടെ ഉപദേശം തേടും? അധികാരവും ചുതലയുമുള്ളവര്‍ അഭിപ്രായ രൂപീകരണത്തിന് ആരെ ആശ്രയിക്കുന്നുവെന്നത് പ്രധാനമാണല്ലോ. ഉപദേശം കുഴപ്പമായാല്‍, നഷ്ടം അധികാരിക്കു മാത്രം; ഉപദേശകര്‍ ചേക്കേറാന്‍ പുതിയ ചില്ലകള്‍ തേടും. ഞാനന്ന് എസ്.ഐമാരുടെ സ്ഥലം മാറ്റ വിഷയം, ഭരണവിഭാഗം ഡി.വൈ.എസ്.പി ആയിരുന്ന ടോം ജോസഫുമായി സംസാരിച്ചു. ഞാന്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ ഞങ്ങളുടെ നാട്ടിലെ  കൈക്കൂലി വാങ്ങാത്ത മിടുക്കനായ എസ്.ഐ എന്ന പ്രതിച്ഛായ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം എനിക്ക് ധൈര്യം തന്നു. എങ്കിലും തീരുമാനമെടുക്കും മുന്‍പ് പിന്നെയും ചിന്തിച്ചു. ഉത്തരം കിട്ടുകയും ചെയ്തു. കാര്യമായ ഒരു പരിചയവുമില്ലാതെ എനിക്ക് ജില്ലയിലെ പൊലീസ് സംവിധാനത്തെ നയിക്കാമെങ്കില്‍, എന്തുകൊണ്ട് ചെറുപ്പക്കാരനായ എസ്.ഐയ്ക്ക് വലിയ പൊലീസ് സ്റ്റേഷന്റെ ചുമതല വഹിക്കാന്‍ മേല?  പിന്നെ വൈകിയില്ല. സാലിയെ ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ ചുമതലയില്‍ പോസ്റ്റ് ചെയ്തു. 

അടുത്തത്  സാലിയുടെ കൂട്ടുകാരനേയും കുട്ടനാട് നിന്ന് 'കര'കയറ്റണം എന്ന് മനസ്സില്‍ കരുതി. അപ്പോഴാണ് അയാള്‍ അപ്രതീക്ഷിതമായ വലിയൊരു പ്രശ്‌നത്തില്‍ അകപ്പെട്ടത്. ക്രിക്കറ്റ് ഭാഷയില്‍ പറഞ്ഞാല്‍, ജില്ലാ എസ്.പിയുടെ വിക്കറ്റും തെറിക്കാമായിരുന്ന വിഷയമായി അതു മാറി. 'സംഭവം' നടക്കുമ്പോള്‍ ഞാന്‍ യാത്രയിലായിരുന്നു. ഒരു മീറ്റിംഗില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയ്ക്ക് മടങ്ങുകയായിരുന്നു. അക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതുകൊണ്ട് യാത്രയില്‍ ഫോണ്‍ വരില്ല. അത്യാവശ്യത്തിന് വയര്‍ലെസ് സംവിധാനം ഉപയോഗിക്കാം. എന്നെ നിരന്തരം ഡി.ജി.പി ഓഫീസില്‍നിന്ന്  വിളിച്ചുകൊണ്ടിരിക്കുന്നതായി വയര്‍ലെസ്സിലൂടെ വിവരം കിട്ടി. എന്തെങ്കിലും വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടോ എന്ന്  ജില്ലാ  സ്പെഷ്യല്‍ ബ്രാഞ്ചില്‍ അന്വേഷിച്ചു. അവരാണ് എസ്.പിയുടെ കണ്ണും കാതും. കാര്യമായ 'ഭൂകമ്പ'ങ്ങളൊന്നും ജില്ലയില്‍ ഇല്ലെന്നാണ് എനിക്ക് വിവരം കിട്ടിയത്. 

വീട്ടിലെത്തിയ ഉടന്‍ ഡി.ജി.പിയുടെ ഫോണ്‍. ''വലിയൊരു പൊലീസ് അതിക്രമം അവിടെയുണ്ടായി''  അദ്ദേഹം പറഞ്ഞു. നേരത്തെ പരാമര്‍ശിച്ച കുട്ടനാട്ടില്‍ ജോലി ചെയ്യുന്ന എസ്.ഐയും പൊലീസുകാരും ഒരു ചെറുപ്പക്കാരനെ അറസ്റ്റുചെയ്ത് തല്ലിച്ചതച്ചുവെന്നാണ് ആക്ഷേപം. ഉടുവസ്ത്രം പോലും  പൊലീസ് നല്‍കിയില്ലത്രേ. സര്‍വോപരി, അയാള്‍ ഭരണ കക്ഷിയുടെ യുവ നേതാവും. മുഖ്യമന്ത്രി നേരിട്ടിടപെട്ട വിഷയമാണെന്നും ഞാന്‍ തന്നെ സ്ഥലത്തു പോയി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. അധികം താമസിയാതെ പൊലീസ് ആസ്ഥാനത്തുനിന്ന് ഐ.ജിയും വിളിച്ചു. ആ എസ്.ഐയെ സസ്പെന്റ് ചെയ്യാന്‍ ഉടന്‍ റിപ്പോര്‍ട്ട് വേണമെന്നും പറഞ്ഞു. 

എസ്.ഐ ഒരു ചെറുപ്പക്കാരനെ അറസ്റ്റുചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോയിരുന്നു. അയാള്‍ ഭരണകക്ഷിയില്‍പ്പെട്ട യുവനേതാവും പ്രബലമായിരുന്ന ഒരു തറവാട്ടിലെ അംഗവുമായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് അത് വലിയ ബഹളമായി. പൊലീസ് അയാളെ ജാമ്യത്തില്‍ വിട്ടു. പൊലീസ് മര്‍ദ്ദനമാരോപിച്ച് അയാളെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി; അവിടെ ഡോക്ടര്‍ പരിശോധിച്ച് വിട്ടയച്ചു. വിഷയത്തിന് രാഷ്ട്രീയമാനം കൈവന്നു. രാഷ്ട്രീയാധികാരം കിട്ടിയ ഉടന്‍ ഭരണകക്ഷിക്കാരന് നേരെ പൊലീസ് അതിക്രമമോ?

അടുത്ത ദിവസം തന്നെ ഞാന്‍ സ്ഥലത്തു പോയി അന്വേഷണം നടത്തി. അറസ്റ്റ് ചെയ്ത പ്രതിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തു. അറസ്റ്റ് അവര്‍ക്ക് വലിയ അഭിമാനക്ഷതമായി. മകന്‍ കുറ്റം ചെയ്തില്ല എന്നല്ല; പക്ഷേ, അറസ്റ്റ് അവര്‍ പ്രതീക്ഷിച്ചില്ല, ഭരണ കക്ഷിയല്ലെ? എസ്.ഐയോട് കടുത്ത രോഷത്തിലായിരുന്നു അവരെല്ലാം. ഒരു ഘട്ടത്തില്‍ ''ഞങ്ങള്‍ക്ക് വേണമെങ്കില്‍ പൊലീസ് ബോട്ട് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്താമായിരുന്നെന്നു'' പോലും പറഞ്ഞു, തികച്ചും വൈകാരികമായി. അറസ്റ്റ് ചെയ്യപ്പെട്ട യുവാവ് മറ്റൊരാളെ ദേഹോപദ്രവം ചെയ്ത കേസില്‍ പ്രതിയായിരുന്നുവെന്നതില്‍ തര്‍ക്കമില്ലായിരുന്നു. പൊലീസ് മര്‍ദ്ദനമായിരുന്നു മുഖ്യ ആക്ഷേപം. എന്നാല്‍, മെഡിക്കല്‍ കോളേജിലെ  മുറിവുകളുടെ രേഖ (wound certificate) നോക്കിയതില്‍ ദേഹത്തൊരു പോറല്‍പോലും ഇല്ലായിരുന്നു. എല്ലാ വസ്തുതകളും കണക്കിലെടുക്കുമ്പോള്‍ എസ്.ഐയെ കുറ്റപ്പെടുത്താനുള്ള സാഹചര്യം ഞാന്‍ കണ്ടില്ല. മറുഭാഗത്തിന് ഇതൊരു അഭിമാനപ്രശ്നമായി മാറിയിരുന്നു.  

തലസ്ഥാനത്തും ഇത് വലിയ പ്രശ്നമായിരിക്കണം. അന്വേഷണ റിപ്പോര്‍ട്ടുമായി ഉടന്‍ പൊലീസ്  ആസ്ഥാനത്തെത്താന്‍ എനിക്കു നിര്‍ദ്ദേശം വന്നു. അവിടെയെത്തി, ആദ്യം ഡി.ജി.പിയെ കണ്ടു. അദ്ദേഹത്തോട് ഞാന്‍ വസ്തുതകള്‍ വിവരിച്ച ശേഷം എസ്.ഐയെ സസ്പെന്റ് ചെയ്യുന്നത് ശരിയല്ലെന്നു സൂചിപ്പിച്ചു. എന്റെ നിഗമനത്തില്‍  വിശ്വാസമില്ലെങ്കില്‍, സാറ് ഇതേപ്പറ്റി  ഇന്റലിജന്‍സില്‍നിന്നും റിപ്പോര്‍ട്ട് ചോദിക്കണം എന്നും കൂട്ടിച്ചേര്‍ത്തു. ഉടന്‍ അദ്ദേഹം ''അതൊന്നും ആവശ്യമില്ല, നിങ്ങളെ അവിശ്വസിക്കുന്നതെന്തിന്'' എന്നാണ് പ്രതികരിച്ചത്. ഏതാണ്ടൊരു ധര്‍മ്മസങ്കടത്തില്‍പ്പെട്ട പോലായിരുന്നു അദ്ദേഹം എന്നെനിക്കു തോന്നി. തുടര്‍ന്ന്, ''പക്ഷേ, മുഖ്യമന്ത്രിയോട് ആരിത് പറയും?'' എന്ന് പറഞ്ഞു നിര്‍ത്തി. ''ഞാന്‍ പറയാം;'' ഈ വാക്കുകളാണ് എന്നില്‍നിന്ന് പുറത്തുവന്നത്, വലിയ ആലോചനയില്ലാതെ.    

അതിനുശേഷം ഞാന്‍ ഐ.ജിയെ കണ്ട്  കുട്ടനാട് വിഷയം സംബന്ധിച്ച് ഡി.ജി.പിയുമായുണ്ടായ സംഭാഷണ വിവരമെല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് ''നീ പോയി, ഇതെങ്ങാനും പറഞ്ഞാല്‍ സി.എം ഉടന്‍ നിന്നെ ആലപ്പുഴ നിന്ന് തട്ടും'' എന്നായി ഐ.ജി. അതിനുശേഷം അദ്ദേഹം എസ്.ഐ അയാളെ മര്‍ദ്ദിച്ചില്ല എന്നത് ശരിതന്നെ. പക്ഷേ, അയാളെ മുണ്ട് ഇല്ലാതെയാണല്ലോ ബോട്ടില്‍ കയറ്റിയത്. അത് തല്ലുന്നതിനേക്കാള്‍ ഭീകരമാണ്. അത് എസ്.ഐയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് എന്നെഴുതി ഉടന്‍ പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (CA) വേലായുധന്‍ നായരെ വിളിച്ചുവരുത്തി, അടുത്ത മുറിയില്‍വെച്ച് ഉടന്‍ തയ്യാറാക്കാന്‍ പറഞ്ഞു. 

ഞാന്‍ വേലായുധന്‍ നായരുമായി അടുത്ത മുറിയിലെത്തി. ബോട്ടില്‍ സ്ഥലത്തെത്തിയ എസ്.ഐ, പ്രതിയുടെ വീട്ടിലെത്തി, അറസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍, അയാള്‍ ആദ്യം പൊലീസിന്റെ കൂടെ വന്നതാണ്. എന്നാല്‍, ബോട്ടിനടുത്തെത്തിയപ്പോള്‍, താന്‍ ഉടുത്തിരുന്ന ലുങ്കിമാറ്റി മുണ്ടുടുക്കാന്‍ അവസരം തേടി. എസ്.ഐ അതനുവദിച്ചു. മുണ്ടിനായി വീട്ടിലെത്തിയ പ്രതി ഉള്ളില്‍ കയറിയശേഷം പിന്നിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണുണ്ടായത്. പൊലീസ് പാര്‍ട്ടി കൂടെ ഓടി, ഒരു ചെറിയ വെള്ളക്കുഴിയില്‍ വീണ പ്രതിയുമായി പിടിവലികൂടിയാണ് പിന്നെ കസ്റ്റഡിയിലെടുത്തത്. അതിനിടയില്‍ ലുങ്കി നഷ്ടമാകുകയാണുണ്ടായത്.  പിന്നീടവിടെ കൂടുതല്‍ സമയം തങ്ങുന്നത് പ്രബലമായ പ്രതിയുടെ വീട്ടുകാര്‍ക്ക് ആളെ സംഘടിപ്പിച്ച് പൊലീസിനെ ചെറുക്കുന്ന സാഹചര്യം സൃഷ്ടിക്കുമായിരുന്നു. ആ സ്ഥാനത്ത് ഞാനാണെങ്കില്‍ മറ്റെന്തു ചെയ്യും? ഡിക്ടേഷന്‍ നല്‍കാതെ, അല്പം  ചിന്താധീനനായി. പരിചയസമ്പന്നനായ സി.എ വേലായുധന്‍ നായര്‍ പറഞ്ഞു: ''ഓരോരുത്തരും ഓരോന്ന് പറയും; സാര്‍, സാറിന്റെ ബോധ്യമനുസരിച്ച് എഴുതണം.'' പിന്നെ മടിച്ചില്ല. അതുതന്നെ ചെയ്തു. ആ റിപ്പോര്‍ട്ടുമായി, വീണ്ടും ഞാന്‍ ഐ.ജിയുടെ മുറിയില്‍ കയറി. എന്റെ മുഖത്തുനിന്നും അദ്ദേഹം റിപ്പോര്‍ട്ട് വായിച്ചെടുത്തു. ''ഹേമചന്ദ്രാ, നീ എഴുതിയില്ല, അല്ലേ'',  ദേഷ്യത്തിലല്ല ഐ.ജി അതു പറഞ്ഞത്. എന്നോട് അദ്ദേഹത്തിന് കരുതല്‍ ഉണ്ടായിരുന്നു. അല്പസമയം അദ്ദേഹം നിശ്ശബ്ദനായിരുന്നിട്ട്, ''നമുക്ക് നോക്കാം.'' എന്നു പറഞ്ഞ് എന്നെ യാത്രയാക്കി.

പുറത്തിറങ്ങിയ ഞാന്‍ നേരെ ക്ലിഫ്ഹൗസിലേയ്ക്ക്  പോയി. ഔദ്യോഗികമായി, ആദ്യമായി മുഖ്യമന്ത്രി കെ. കരുണാകരനെ കാണുകയാണ്. ചെന്നയുടന്‍ എനിക്ക് സന്ദര്‍ശനാനുവാദം കിട്ടി. സല്യൂട്ട് ചെയ്ത ശേഷം മുന്നിലെ കസേരയിലിരുന്നു. നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്. ഔപചാരികമായി ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ഞാന്‍ തുടങ്ങി. അദ്ദേഹം ചിരിച്ചുകൊണ്ടുതന്നെ വേഗം ''ആ കുട്ടനാട് പ്രശ്‌നം എന്തായി?'' എന്നു ചോദിച്ചു. വസ്തുതകള്‍ കൃത്യമായി അവതരിപ്പിക്കാന്‍ മനസ്സില്‍ നല്ല തയ്യാറെടുപ്പ്  നടത്തിയിരുന്നു. ഞാന്‍ മുഴുവന്‍ കാര്യങ്ങളും പറഞ്ഞു, കഴിയുന്നത്ര ചുരുക്കം വാക്കുകളില്‍. അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കേട്ടു. എന്താകും പ്രതികരണം എന്ന ഉല്‍ക്കണ്ഠ ഉള്ളിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയുടെ കുറ്റകൃത്യം വിവരിക്കുമ്പോള്‍ സംഭവത്തിന്റെ തീയതിയും  ഞാന്‍ സൂചിപ്പിച്ചു. ആ സന്ദര്‍ഭത്തില്‍, ''നമ്മുടെ ഗവണ്‍മെന്റ് വരുന്നത് നോക്കിയിരിക്കുയായിരുന്നു അവന്‍, തല്ലുനടത്താന്‍,'' തമാശ മട്ടില്‍ അദ്ദേഹം പറഞ്ഞു. ''ഇത്തരമൊരു കാര്യത്തില്‍ സസ്പെന്റ് ചെയ്യുന്നത് ഒഴിവാക്കണം സാര്‍,'' അത് പറഞ്ഞ് ഞാന്‍ നിര്‍ത്തി. ഉടന്‍ തീരുമാനം വന്നു. ''സസ്പെന്റൊന്നും ചെയ്യേണ്ട. തല്‍ക്കാലം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഐ.ജിയോട് പറയാം.'' നന്ദി പറഞ്ഞ് സന്തോഷത്തോടെ, അതിലേറെ ആശ്വാസത്തോടെ  ഞാന്‍ പുറത്തിറങ്ങി. 

അങ്ങനെ, ഇന്നിംഗ്‌സ് തുടങ്ങും മുന്‍പേ എന്റെ വിക്കറ്റ് പോയില്ല. കരുണാകരന്‍ സാറിനു നന്ദി. രാത്രി ആലപ്പുഴയ്ക്ക് മടങ്ങുമ്പോള്‍, ചെറിയൊരു കൊടുമുടി കീഴടക്കിയ പര്‍വ്വതാരോഹകന്റെ ചാരിതാര്‍ത്ഥ്യം മനസ്സിലുണ്ടായിരുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com