'തൃശൂരില്‍ നിന്ന് പുറപ്പെട്ട് ആറ്റിങ്ങലില്‍ അവസാനിക്കേണ്ടതായിരുന്നു കെഎസ്ആര്‍ടിസി ബസിന്റെ ആ യാത്ര'

അപകടത്തെക്കുറിച്ച് അപ്പോഴേയ്ക്കും പല വിവരങ്ങളും പലേടത്തുനിന്നുമായി വരുന്നുണ്ടായിരുന്നു
ചേര്‍ത്തല ബസപകടത്തില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിയാന്‍ പറ്റാതിരുന്നവരെ പൊതുശ്മശാനത്തില്‍ അടക്കം ചെയ്യുന്നതിന് മുന്‍പ് സര്‍വമത പ്രാര്‍ത്ഥന നടത്തുന്നു
ചേര്‍ത്തല ബസപകടത്തില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിയാന്‍ പറ്റാതിരുന്നവരെ പൊതുശ്മശാനത്തില്‍ അടക്കം ചെയ്യുന്നതിന് മുന്‍പ് സര്‍വമത പ്രാര്‍ത്ഥന നടത്തുന്നു

'Now there is more human blood than bitumen on our road surface' (ഇപ്പോള്‍ നമ്മുടെ റോഡിന്റെ പ്രതലത്തില്‍ ടാറിനേക്കാള്‍ കൂടുതല്‍ മനുഷ്യരക്തം ആണ്). വലിയൊരു റോഡപകടത്തെക്കുറിച്ചുള്ള  അന്വേഷണ റിപ്പോര്‍ട്ടിന്റെ ആദ്യവാചകമാണിത്. മുന്‍  ആലപ്പുഴ ജില്ലാ ജഡ്ജി  എന്‍. ഹരിദാസ് ആയിരുന്നു അന്വേഷണ കമ്മിഷന്‍. സംഭവം നടക്കുമ്പോള്‍ ഞാനവിടെ എസ്.പി ആയിരുന്നു. 1994 ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. മിനിട്ടുകള്‍ക്കകം ഞാനതറിഞ്ഞു, തികച്ചും ആകസ്മികമായി. അന്ന് കൊച്ചുകുട്ടിയായിരുന്ന എന്റെ മകന്‍ ഉറക്കത്തിനിടെ ചുമയ്ക്കാന്‍ തുടങ്ങി. കഫ് സിറപ്പ് കൊടുക്കാം എന്ന് കരുതി അതെടുക്കാനായി മുറിക്ക് പുറത്തുകടന്നു. ബെഡ്‌റൂമിനോട് ചേര്‍ന്നുള്ള വലിയൊരു ഹാളിലെ അലമാരയിലായിരുന്നു മരുന്നു വെച്ചിരുന്നത്. ആ ഹാള്‍ ഒരു ചെറിയ ഓഫീസും കൂടിയായിരുന്നു. അവിടിരുന്നു ചിലപ്പോള്‍ ഫയല്‍ നോക്കും. ഒരു വയര്‍ലെസ്സ് സംവിധാനവും അവിടെ സ്ഥാപിച്ചിരുന്നു. ഈ വയര്‍ലെസ്സിന് രാത്രി ഉറക്കമില്ല. എന്തെങ്കിലും ആവശ്യത്തിന് ഞാന്‍ ഉണരുമ്പോള്‍, അസമയമായാലും അത് ശ്രദ്ധിക്കാനാകും. മൊബൈല്‍ ഫോണ്‍ ഭാവനയില്‍പ്പോലും ഇല്ലാതിരുന്ന അക്കാലത്ത് വയര്‍ലെസ്സിന്റെ പ്രയോജനങ്ങള്‍ വളരെ വലുതായിരുന്നു. നിരന്തരം എസ്.പി  വയര്‍ലെസ്സ് ശ്രദ്ധിക്കുന്നതിന്റെ പ്രയോജനം നെയ്യാറ്റിന്‍കര സബ്ബ് ഡിവിഷണില്‍ ജോലി ചെയ്യുമ്പോള്‍, അവിടെ എസ്.പി  ആയിരുന്ന ഭാഗ്യനാഥന്‍ നാടാരില്‍നിന്നും കണ്ടു പഠിച്ചതാണ്. അദ്ദേഹം ആരില്‍നിന്നാണാവോ ഈ വിദ്യ അഭ്യസിച്ചത്?  

മരുന്നെടുക്കാന്‍ പോകുമ്പോള്‍ കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍നിന്നും വയര്‍ലെസ്സില്‍  തൊട്ടടുത്ത അരൂര്‍ പൊലീസ് സ്റ്റേഷന്‍  വിളിക്കുന്നു. അവിടെ ഫയര്‍ സ്റ്റേഷനില്‍ ബന്ധപ്പെട്ട് അടിയന്തരമായി ഒരു ഫയര്‍ എന്‍ജിന്‍ കുത്തിയതോടിനടുത്ത് എരമല്ലൂര്‍ക്കയയ്ക്കണം. ഇതാണ് കേട്ടത്. ചെറിയ തീപിടിത്തങ്ങള്‍ വല്ലപ്പോഴും ഉണ്ടാകാറുണ്ട്. അങ്ങനെ എന്തെങ്കിലും ആകാം എന്നാണ്  കരുതിയത്. എങ്കിലും വയര്‍ലെസ്സില്‍ കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു. സംഭവം എന്താണെന്നു ചോദിച്ചു. അവിടെ ഒരു റോഡപകടം ഉണ്ടായെന്നും അതേത്തുടര്‍ന്ന് തീ പിടിച്ചതായി വിവരം കിട്ടിയെന്നും പറഞ്ഞു. അതിനപ്പുറം ഒന്നും അറിയില്ലായിരുന്നു. പൊലീസുദ്യോഗസ്ഥര്‍ ആരാണ് സംഭവസ്ഥലത്തേയ്ക്ക് പോയിട്ടുള്ളതെന്നു ചോദിച്ചപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിവരം അറിയിച്ചതായി പറഞ്ഞു. ഒരു ജോസ് ആയിരുന്നു അവിടുത്തെ സി.ഐ. വൈപ്പിന്‍ ജോസ് എന്നാണ് അദ്ദേഹം പൊലീസ് വൃത്തങ്ങളില്‍  അറിയപ്പെട്ടിരുന്നത്. വൈപ്പിനില്‍ പണ്ട് മദ്യദുരന്തമുണ്ടായപ്പോള്‍ ജോസ് അവിടെ എസ്.ഐ ആയിരുന്നെന്നും അദ്ദേഹമന്നു മികച്ച പ്രവര്‍ത്തനം നടത്തിയെന്നും അതേത്തുടര്‍ന്നാണ് ജോസ് വൈപ്പിന്‍ ജോസ് ആയതെന്നുമാണ് പൊലീസ് പുരാണം. ഞാനദ്ദേഹത്തെ വയര്‍ലെസ്സില്‍ വിളിച്ചു. ആദ്യം കിട്ടിയില്ലെങ്കിലും ഏതാണ്ട് ഒരു മിനിട്ടിനുള്ളില്‍ ജോസ് വയര്‍ലെസ്സില്‍ വന്നു. അദ്ദേഹം സംഭവസ്ഥലത്തേയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും അഞ്ചുമിനിട്ടിനുള്ളില്‍ സ്ഥലെത്തെത്തി, അവിടെ നിന്നും വിളിക്കാമെന്നും പറഞ്ഞു.

ഒട്ടും വൈകാതെ സി.ഐ  ജോസ് വിളിച്ചു: ''സാര്‍, ഭയങ്കര തീയാണ്. അടുക്കാന്‍ പറ്റുന്നില്ല'' എന്നായിരുന്നു ആദ്യം പറഞ്ഞത്. തുടര്‍ന്ന് ഏതാനും സെക്കന്റുകള്‍ കഴിഞ്ഞ് വലിയ സംഭവമാണെന്നും ആളപായം കൂടുതല്‍ ഉണ്ടാകുമെന്ന് തോന്നുന്നുവെന്നും ജോസ് അറിയിച്ചു. ഇന്റര്‍കോം ഫോണില്‍  ഡ്രൈവര്‍ സുനിലിനോട് ഉടന്‍ കാറെടുക്കാന്‍ പറഞ്ഞ ശേഷം വേഗം യൂണിഫോം ധരിച്ച് ഇറങ്ങി. അതിനിടയില്‍ കളക്ടര്‍ റോസിനോട് സംഭവം പറഞ്ഞു. ഞാനുടന്‍ പുറപ്പെടുകയാണെന്നും വിവരങ്ങള്‍ പിന്നീട് തരാമെന്നും പറഞ്ഞിട്ട് കാറില്‍ കയറി. ചെറുപ്പക്കാരനായിരുന്ന ഡ്രൈവര്‍ സുനില്‍ പരമാവധി വേഗത്തിലാണ് ഓടിച്ചത്. ഞാന്‍ മുഴുവന്‍ സമയവും വയര്‍ലെസ്സില്‍ സംസാരിക്കുകയായിരുന്നു. എറണാകുളത്തുനിന്നും ആലപ്പുഴയിലെ മറ്റു ഫയര്‍ സ്റ്റേഷനുകളില്‍നിന്നും കൂടുതല്‍ ഫയര്‍ എന്‍ജിനുകളെത്താന്‍ നിര്‍ദ്ദേശം നല്‍കി. അതിനിടയില്‍ അപകടസ്ഥലത്തുനിന്നും കൂടുതല്‍ വിവരങ്ങള്‍ വരുന്നുണ്ടായിരുന്നു. ധാരാളം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. അപകടവിവരം ഉടനെ ജില്ലാ മെഡിക്കല്‍ ഓഫീസറേയും മെഡിക്കല്‍ കോളേജിലും എല്ലാം   അറിയിക്കുവാനും നിര്‍ദ്ദേശം നല്‍കി. ഇത്തരം നിര്‍ദ്ദേശങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും താഴെത്തട്ടില്‍നിന്നും  വിവിധ തലങ്ങളില്‍നിന്നും പ്രസക്തമായ വിവരങ്ങള്‍ അപ്പപ്പോള്‍ എസ്.പിയെ അറിയിക്കുന്നതിനും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന   സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ്  സംവിധാനം ആലപ്പുഴയില്‍ എനിക്കുണ്ടായിരുന്നു.  എറണാകുളം ജില്ലയിലെ  ആശുപത്രികളുടേയും സഹായം ലഭിക്കാന്‍  ആവശ്യമായ അറിയിപ്പുകള്‍  നല്‍കി. ആലപ്പുഴ ജില്ലയിലെ മുഴുവന്‍ പൊലീസുദ്യോഗസ്ഥരേയും അപകടം നടന്ന സ്ഥലത്തേയ്ക്ക് അയയ്ക്കുവാനും നിര്‍ദ്ദേശിച്ചു. 

ഞങ്ങള്‍ ചേര്‍ത്തല കടക്കുമ്പോള്‍ ഫയര്‍ ഫോഴ്സിന്റെ ഒരു വാഹനം റോഡരുകില്‍ കിടക്കുന്നതു കണ്ടു. അപകടസ്ഥലത്തേയ്ക്ക് തിരിച്ച ആ ഫയര്‍ ഫോഴ്സ്  വാഹനം യന്ത്രത്തകരാറ് മൂലം വഴിയില്‍ വീണു പോയത് വലിയ ആക്ഷേപത്തിനിട നല്‍കി. ഞാന്‍ സ്ഥലത്തെത്തുമ്പോള്‍ സി.ഐ ജോസും ചേര്‍ത്തല ഡി.വൈ.എസ്.പി ജിനരാജനും അവിടെ ഉണ്ടായിരുന്നു. ആ സമയം തീ പൂര്‍ണ്ണമായും അണഞ്ഞിരുന്നില്ലെങ്കിലും തീവ്രത കുറഞ്ഞിരുന്നു. വലിയ ജനക്കൂട്ടം അവിടെയുണ്ട്. പലരും രോഷാകുലരാണ്. അവരുടെ രോഷം മുഴുവന്‍ അഗ്‌നിരക്ഷാ സേനയ്‌ക്കെതിരായിരുന്നു. ഫയര്‍ ഫോഴ്സില്‍നിന്നും വാഹനമെത്താന്‍ വൈകി എന്നും എത്തിയപ്പോള്‍ ഫയര്‍ എന്‍ജിനില്‍ വെള്ളമില്ലായിരുന്നു എന്നുമൊക്കെ പറയുന്നുണ്ടായിരുന്നു. ആദ്യം ചേര്‍ത്തല ഫയര്‍ സ്റ്റേഷനില്‍നിന്നും പുറപ്പെട്ട ഫയര്‍ എന്‍ജിന്‍ വഴിയില്‍ കേടായതിനെ തുടര്‍ന്ന് അടുത്ത വാഹനം വരാന്‍ അല്പം വൈകി എന്നത് സത്യമായിരുന്നു. വെള്ളമില്ലാത്ത ഫയര്‍ എന്‍ജിനാണ് വന്നത് എന്നത് തെറ്റായി പ്രചരിച്ചതാണ്. ആദ്യം  സ്ഥലത്തെത്തിയ ഫയര്‍ എന്‍ജിനില്‍ ഉണ്ടായിരുന്ന വെള്ളമുപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല; അപ്പോഴേയ്ക്കും ടാങ്കിലെ വെള്ളം തീര്‍ന്നുപോയി. അടുത്തതായി പരിസരത്തുള്ള ഏതെങ്കിലും ജലസ്രോതസ്സ് കണ്ടെത്തി വെള്ളം പമ്പുചെയ്യുകയാണ് വേണ്ടത്. അര്‍ദ്ധ രാത്രിയോടടുത്ത ആ സമയത്ത് അതൊക്കെ  ഏര്‍പ്പാട് ചെയ്യുന്നതില്‍ തടസ്സങ്ങളുണ്ടായി.
 
പരിക്കേറ്റ ധാരാളം ആളുകള്‍ റോഡരുകില്‍ പല അവസ്ഥകളിലുണ്ടായിരുന്നു. പലര്‍ക്കും പൊള്ളലേറ്റിരുന്നു.  ധാരാളം പേര്‍ക്ക് ഉന്തിലും  തള്ളിലുമൊക്കെ വലിയ പരിക്കുണ്ടായിരുന്നു. അവരെയെല്ലാം കഴിയുന്നതും വേഗം ആംബുലന്‍സുകളില്‍ ചേര്‍ത്തലയ്ക്ക് വിടാന്‍ ശ്രമിച്ചു. അവിടെ പരിസര നിവാസികളും ഒത്തുകൂടിയ ജനങ്ങളും പൊലീസും എല്ലാം രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടു. പൊലീസുമായി ഏറ്റവും നല്ല നിലയില്‍ ആളുകള്‍ സഹകരിക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ് അവശരായ വ്യക്തികള്‍ക്ക് അയല്‍വീടുകളില്‍നിന്നും കുടിവെള്ളം നല്‍കാന്‍ ആളുകള്‍ മുന്നോട്ടുവന്നു. പരിക്കേറ്റ പലരും പരിക്കിന്റെ അവസ്ഥ അനുസരിച്ച് റോഡരുകില്‍ത്തന്നെ കിടക്കുകയോ ഇരിക്കുകയോ നില്‍ക്കുകയോ ഒക്കെ ആയിരുന്നു. ആ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്ന വ്യക്തികളും ഒക്കെയുണ്ടായിരുന്നു. രക്ഷപ്പെട്ട പലരും ഒപ്പം കൂടെ വന്നവരെ കണ്ടെത്തുന്നതിനുള്ള പരക്കംപാച്ചിലായിരുന്നു. മിക്കവാറുമെല്ലാം നിഷ്ഫലമായ ഓട്ടമായിരുന്നു. കാണാത്ത കൂട്ടുകാരെ കണ്ടെത്താനുള്ള ഓട്ടം ഹൃദയഭേദകമായിരുന്നു. അവസാന നിമിഷം കഷ്ടിച്ച് രക്ഷപ്പെട്ട പലര്‍ക്കും കൂട്ടത്തിലുണ്ടായിരുന്നവര്‍ മരണപ്പെട്ടിരിക്കാമെന്ന സംശയമുണ്ടായിരുന്നു. എങ്കിലും നേരിയ പ്രതീക്ഷയില്‍ അവരവിടെത്തന്നെ ലക്ഷ്യമില്ലാത്ത മട്ടില്‍ ഓടിനടന്നു.  

നിയതിയുടെ ഗൂഢപദ്ധതി

അതിനിടയില്‍ ആലപ്പുഴ ജില്ലാ ആശുപത്രിയിലെ ശിശുരോഗവിദഗ്ദ്ധനായ ഡോക്ടര്‍ സുരേഷിനെ കണ്ടു. ആലപ്പുഴയിലെ ജനകീയനായിരുന്ന ഡോക്ടറെ എനിക്കും നന്നായി അറിയാമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയും ഭര്‍ത്താവും അപകടത്തില്‍പ്പെട്ട  കെ.എസ്.ആര്‍.ടി.സി ബസില്‍ ഉണ്ടായിരുന്നു. അവര്‍ മഹാരാഷ്ട്രയില്‍ താമസക്കാരായിരുന്നു. കുടുംബത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു. എറണാകുളത്ത് നിന്നും അവര്‍ ആലപ്പുഴയിലേയ്ക്ക് ഈ ബസില്‍ കയറി. അപകടത്തില്‍ ഭര്‍ത്താവ് എങ്ങനെയോ തിക്കിലും തിരക്കിലും ബസില്‍നിന്ന് പുറത്തുവന്നു. അദ്ദേഹവും ഡോക്ടര്‍ സുരേഷിനൊപ്പം  ഉണ്ടായിരുന്നു. പുറത്ത് കടക്കാനുള്ള ശ്രമത്തില്‍ അദ്ദേഹത്തിന്റെ തൊട്ടുപിന്നില്‍ ഭാര്യയുമുണ്ടായിരുന്നു. പക്ഷേ, പിന്നീടവരെ കണ്ടില്ല. ''അവള്‍ അവസാനം വരെ കൂടെയുണ്ടായിരുന്നു. അവള്‍ രക്ഷപ്പെട്ടുകാണും'', പ്രതീക്ഷയോടെയാണ് ആ മനുഷ്യന്‍ സംസാരിച്ചത്. ബഹളത്തിനിടയില്‍ ഭാര്യയെ കണ്ടുപിടിക്കാന്‍ ഞങ്ങളും ശ്രമിച്ചു. പക്ഷേ, അവരെ പിന്നീട് ജീവനോടെ  കണ്ടില്ല. ആംബുലന്‍സുകളില്‍ കുറേപ്പേരെ ചേര്‍ത്തലയുള്ള ആശുപത്രികളിലേയ്ക്ക് മാറ്റിയിരുന്നതുകൊണ്ട് കണ്ടുകിട്ടാനുള്ളവര്‍ അവിടെ ഉണ്ടാകാം എന്ന് പറഞ്ഞ് അവശേഷിച്ച യാത്രക്കാരേയും ആശുപത്രിയിലേയ്ക്കയയ്ക്കാന്‍ ശ്രമിച്ചു. ഏതാണ്ടൊരു രണ്ട് മണിക്കൂര്‍ സമയംകൊണ്ട് അപകടത്തില്‍ പരിക്കേറ്റവരെ എല്ലാം വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റിയിരുന്നു. കൂടുതല്‍ പേരെയും ചേര്‍ത്തലയിലുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലേയ്ക്കാണയച്ചത്. ഗുരുതരമായി പരിക്കേറ്റ കുറേപ്പേരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും എറണാകുളത്ത് സ്വകാര്യ ആശുപത്രികളിലും അയച്ചിരുന്നു. അപ്പോഴും ബസ് യാത്രക്കാരില്‍ ധാരാളം പേരെ കാണാനുണ്ടായിരുന്നില്ല. ബസില്‍നിന്നും സാദ്ധ്യമായ മുഴുവന്‍ ആളുകളേയും രക്ഷപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതിനുശേഷം ഞങ്ങള്‍ ബസിന്റെ ഉള്‍വശം പരിശോധിച്ചു.
 
അപകടത്തെത്തുടര്‍ന്ന് ബസ് ഇടത്തോട്ട് മറിഞ്ഞുവീണ അവസ്ഥയിലായിരുന്നു. ഇടത്തോട്ടുവീണ ബസില്‍ യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും  ചെയ്യുന്ന ഫുട്‌ബോര്‍ഡ് അടിയിലായതാണ് യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. അപകടസമയത്ത് ബസില്‍ തിക്കിത്തിരക്കി യാത്രക്കാരുണ്ടായിരുന്നു; ഏതാണ്ട് 105  ഓളം ആളുകള്‍. ലോറിയുമായുള്ള നേര്‍ക്കുനേര്‍ ഇടിയുടെ ആഘാതത്തില്‍ അത്രയും യാത്രക്കാര്‍, മറിഞ്ഞുവീണ ബസിനുള്ളില്‍ നിയന്ത്രണമില്ലാതെ വലിച്ചെറിയപ്പെടുകയാണല്ലോ സംഭവിക്കുക. പലരും ഉറക്കത്തിലായിരുന്നു. ആ അവസ്ഥയില്‍  ബസിനുള്ളിലെ ചുരുങ്ങിയ ഇടത്ത് മരണ വെപ്രാളത്തില്‍ ഉണ്ടായിരിക്കുവാനിടയുള്ള തിക്കും തിരക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ഇതെല്ലാം നടക്കുന്നതാകട്ടെ, കൂരിരുട്ടിലും. ഫുട്‌ബോര്‍ഡ് കൂടി അടിവശത്തായതോടെ യാത്രക്കാരുടെ സ്വാഭാവിക രക്ഷാമാര്‍ഗ്ഗം അടഞ്ഞു. ആ അവസ്ഥയിലാണ് ബസിന് തീ പിടിക്കുന്നത്. അപകടമുണ്ടായ സമയം ബസിന്റെ ഇരുവശത്തുമുള്ള ജനലുകള്‍ റെക്സിന്‍ ഷീറ്റ്‌കൊണ്ട് മൂടിയ അവസ്ഥയിലും ആയിരുന്നു.

തീ പൂര്‍ണ്ണമായും കെടുത്തിക്കഴിഞ്ഞ ശേഷം  ജീവന്റെ തുടിപ്പുകള്‍ വല്ലതും അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍  വീണുകിടന്ന ബസിനുള്ളില്‍ നോക്കുമ്പോഴത്തെ കാഴ്ച ബീഭത്സമായിരുന്നു. കത്തിക്കരിഞ്ഞ്  വ്യത്യസ്ത അവസ്ഥയിലുള്ള മനുഷ്യശരീരങ്ങള്‍. ബസിന്റെ ഏറ്റവും പിന്നിലുള്ള ഗ്ലാസ്സ് കൊണ്ടുള്ള  മൂടി പൊട്ടിച്ച് അവിടെ തിങ്ങിച്ചേര്‍ന്നിരുന്ന് കത്തിയമര്‍ന്ന കുറേ ദേഹങ്ങള്‍; വളരെ ഇടുങ്ങിയ ആ രക്ഷാമാര്‍ഗ്ഗത്തില്‍  മരണവെപ്രാളത്തിലെ അവസാന പരാക്രമത്തില്‍  ഞെങ്ങി ഞെരുങ്ങി പ്രാണന്‍  നഷ്ടപ്പെട്ട ഹതഭാഗ്യര്‍.    അതുപോലെ ചില ജനാലകളിലൂടെയും തിക്കിത്തിരക്കി പുറത്ത് കടക്കാന്‍  ശ്രമിച്ച മനുഷ്യര്‍ അതില്‍ പരാജയപ്പെട്ടപ്പോള്‍ അവിടെ ഞെരുങ്ങി കത്തിക്കരിഞ്ഞ അവസ്ഥയില്‍ കാണപ്പെട്ടു.  ചില ശരീരഭാഗങ്ങള്‍ വേര്‍പെട്ടിരുന്നു.  സ്ത്രീയെന്നോ പുരുഷനെന്നോ കുട്ടിയെന്നോ പ്രായമുള്ള വ്യക്തിയെന്നോ ഒന്നും തിരിച്ചറിയാനാകാത്ത സ്ഥിതി. ആ  അവസ്ഥയില്‍   ഓരോ മനുഷ്യ ശരീരവും  വേര്‍പെടുത്തി പുറത്തെടുക്കുക  വളരെ ദുഷ്‌കരമായിരുന്നു. ആ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്കുവഹിച്ചത് അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരായിരുന്നു. ബുദ്ധിമുട്ടുള്ള ആ ജോലി അവര്‍  നന്നായി നിര്‍വ്വഹിച്ചു. 

ആ അവസ്ഥയില്‍ മരണമടഞ്ഞ മനുഷ്യരെ എങ്ങനെ  തിരിച്ചറിയും എന്നത് വലിയ വെല്ലുവിളിയായിരുന്നു.  ശരീരത്തിലുണ്ടായിരുന്ന അഗ്‌നിക്കിരയാകാത്ത  ആഭരണം, വാച്ച് തുടങ്ങിയ  ഏതെങ്കിലും അടയാളത്തിന്റെ അടിസ്ഥാനത്തിലേ തിരിച്ചറിയാനാകൂ.  അതിനുള്ള സൗകര്യമൊരുക്കാന്‍ ആ ശരീരങ്ങളെല്ലാം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടെ, അടുത്ത ദിവസം രാവിലെ ഒരു പന്തല്‍ കെട്ടി തരിച്ചറിയാനുള്ളവരുടെ ബന്ധുക്കള്‍ക്ക്   പരിശോധിക്കാന്‍ സൗകര്യമുള്ള രീതിയില്‍ മൃതശരീരം ക്രമീകരിക്കുവാനും  തീരുമാനിച്ചു. ഞാനവിടെ എത്തി അധികം കഴിയും മുന്‍പേ അപകടത്തിന്റെ തീവ്രത അറിഞ്ഞപ്പോള്‍, ജില്ലാ കളക്ടര്‍ റോസും അവിടെ എത്തിയിരുന്നു.  ഞങ്ങള്‍ പരസ്പരധാരണയോടെയാണ്  മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്തിയത്. സംഭവസ്ഥലത്ത് ചെയ്യേണ്ട കാര്യങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായപ്പോള്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ ആലോചിച്ചു. ആശുപത്രിയിലായവരുടെ ചികിത്സാപ്രശ്‌നങ്ങളും തൊട്ടടുത്ത ദിവസം ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും സംസാരിച്ച് ധാരണയിലായ ശേഷം, അതൊക്കെ ബന്ധപ്പെട്ടവരുമായി സംസാരിച്ച് നടപടി  സ്വീകരിക്കുന്നതിന് കളക്ടര്‍ ആലപ്പുഴയ്ക്ക് മടങ്ങി. 

അപകടത്തെക്കുറിച്ച് അപ്പോഴേയ്ക്കും പല വിവരങ്ങളും പലേടത്തുനിന്നുമായി വരുന്നുണ്ടായിരുന്നു. കുറേയേറെ ആകസ്മിക സംഭവങ്ങള്‍ നിയതിയുടെ ഗൂഢപദ്ധതി പോലെ ഒത്തുചേരുമ്പോഴാണ് അതൊരു ദുരന്തമായി മാറുന്നത് എന്ന് സംശയിച്ചുപോകും. തൃശൂരില്‍നിന്ന് പുറപ്പെട്ട് ആറ്റിങ്ങലില്‍ അവസാനിക്കേണ്ടതായിരുന്നു കെ.എസ്.ആര്‍.ടി.സി ബസിന്റെ ആ യാത്ര. അതിനിടയില്‍ എറണാകുളത്ത് വെച്ച് ഒരു പോക്കറ്റടി പരാതിയുണ്ടായി. തുടര്‍ന്ന് ബസ് ഒരു മണിക്കൂറോളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ആ സമയ നഷ്ടമുണ്ടായില്ലെങ്കില്‍ ബസും ലോറിയും ചമ്മനാട് എന്ന ആ സ്ഥലത്ത് കൂട്ടിമുട്ടാനിട വരില്ലായിരുന്നു. പൊലീസ് സ്റ്റേഷനില്‍ സമയനഷ്ടം വന്നപ്പോള്‍ നാലഞ്ചു യാത്രക്കാര്‍  അവിടെ ഇറങ്ങിപ്പോയിരുന്നു. അതവരുടെ ഭാഗ്യം. അന്ന് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ദിവാകരന്‍ കെ.എസ്.ആര്‍.ടി.സിയില്‍ 17 വര്‍ഷം അപകടരഹിതമായി വാഹനം ഓടിച്ചിട്ടുള്ള വ്യക്തിയാണ്. ''റോഡില്‍ വട്ടം കയറിവന്ന സൈക്കിളുകാരനെ രക്ഷിക്കാന്‍ വണ്ടി വെട്ടിച്ചപ്പോഴാണ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് കയറി വന്ന ലോറിയുമായി ഇടിച്ചത്.'' ബസ് ഡ്രൈവര്‍, ആശുപത്രിയില്‍വെച്ച്  ബോധം വന്നപ്പോള്‍ ഇങ്ങനെയാണ് പറഞ്ഞത്. ചികിത്സയിലിരിക്കെ പിന്നീട്  ഡ്രൈവര്‍ മരണപ്പെട്ടു.   ലോറി കൊല്ലത്തുനിന്നും കയറും കയറ്റി മധ്യപ്രദേശിലെ ഇന്‍ഡോറിലേയ്ക്ക് ഒരു ദീര്‍ഘയാത്രയ്ക്ക് പുറപ്പെട്ടതാണ്. അതിലുണ്ടായിരുന്ന രണ്ടു ഡ്രൈവര്‍മാരും അപകടത്തില്‍ മരണപ്പെട്ടു. നേരിട്ടുള്ള ഇടിയെത്തുടര്‍ന്ന് ഇരുവാഹനങ്ങളും നിയന്ത്രണം വിട്ട് ഇടത്തോട്ട് ചരിഞ്ഞുവീണു. ഈ ആഘാതത്തില്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി ഡീസല്‍ പുറത്തേക്കൊഴുകിയാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് പിന്നീട് കണ്ടെത്തിയത്. എന്നാല്‍ അക്കാലത്ത് സ്ഫോടകവസ്തുക്കള്‍ മുതല്‍ അനധികൃത സ്പിരിറ്റ് വരെയുള്ള കഥകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നു.

അപകടത്തിന്റെ തൊട്ടടുത്ത ദിനങ്ങളും  അങ്ങേയറ്റം വിഷാദമയമായിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രി  പരിസരത്തൊരു പന്തലില്‍ കത്തിക്കരിഞ്ഞതിന്റെ ശേഷിപ്പായ മുപ്പതിലധികം  മനുഷ്യശരീരങ്ങള്‍ നിരത്തിക്കിടത്തി. അതില്‍നിന്നും ഉറ്റവരും ഉടയവരും തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്തുവാന്‍ ലഭ്യമായ അടയാളങ്ങള്‍ വച്ച് തിരഞ്ഞു. ഏറ്റവും ദുഃഖകരമായത് കൊല്ലത്തുനിന്നും പാറശ്ശാലയില്‍നിന്നുമുള്ള കുറേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണമായിരുന്നു. ബാലമന്ദിരങ്ങളിലായിരുന്ന ആ പാവപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് പോയതായിരുന്നു. അതിരാവിലെ ആഹ്ലാദപൂര്‍വ്വം യാത്ര പുറപ്പെട്ട ആ കുട്ടികള്‍ക്ക് അത് അവരുടെ ജീവിതയാത്രയുടെ അന്ത്യമായി മാറി. ദുരിതത്തില്‍ പിറന്ന് അഗതിമന്ദിരത്തില്‍ ജീവിച്ച് ദുരന്തത്തില്‍ പൊലിഞ്ഞ ആ കൗമാരങ്ങള്‍ വലിയ വേദനയായി. 105-ല്‍ അധികം യാത്രക്കാരില്‍നിന്ന്  38 പേര്‍ മരണമടഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും 9 മൃതദേഹങ്ങള്‍ തിരിച്ചറിയാനായില്ല. അവ പൊതുവായി സംസ്‌കരിച്ചു. 65-ല്‍ അധികം യാത്രക്കാരെ രക്ഷിക്കാനായി. 

അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമെല്ലാം അവിടെ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അഗ്‌നിരക്ഷാസേനയ്‌ക്കെതിരെ ചില വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ കൂടി ഞാനദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിപക്ഷനേതാവ് അവിടെ വന്നപ്പോള്‍, പൊലീസിനെപ്പറ്റി നാട്ടുകാര്‍ക്കു നല്ല അഭിപ്രായമാണല്ലോ എന്ന് പറഞ്ഞു. ''ജനങ്ങളും നന്നായി സഹകരിച്ചു'' എന്ന് ഞാനും പറഞ്ഞു. 

ആലപ്പുഴ ജില്ലാ ജഡ്ജി ആയിരുന്ന എന്‍. ഹരിദാസിനെ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. അദ്ദേഹം ഏറ്റവും  സമഗ്രമായി വിവരശേഖരണം നടത്തി. ബസ് ഡ്രൈവറുടെ വീഴ്ച അപകടകാരണമായി എന്നതായിരുന്നു കമ്മിഷന്റെ നിഗമനം. ഗതാഗത സുരക്ഷ സംബന്ധിച്ച് കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ദ്ധരുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് അദ്ദേഹം പഠനം  നടത്തി എന്ന കാര്യം എടുത്തു പറയേണ്ടതാണ്. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ റോഡു സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള മികച്ച ശുപാര്‍ശകളുള്ള റിപ്പോര്‍ട്ട് അദ്ദേഹം സമര്‍പ്പിച്ചു. പക്ഷേ, ശുപാര്‍ശകള്‍ പലതും അടുത്തകാലത്ത് അദ്ദേഹം മരണപ്പെടുന്നതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല.    
 
അപകടത്തെത്തുടര്‍ന്ന് വെളുപ്പിന്  രണ്ടു മണി കഴിഞ്ഞപ്പോള്‍  അടിയന്തര നടപടികളെല്ലാം പൂര്‍ത്തിയാക്കി, ദേശീയപാതയില്‍ ഗതാഗതവും പുന:സ്ഥാപിച്ചു.   ഈ സമയം എറണാകുളത്ത് നിന്നും ഡി.ഐ.ജി എന്നെ വയര്‍ലെസ്സില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തോട് സംഭവത്തിന്റെ വിശദാംശങ്ങളെല്ലാം പറഞ്ഞു.  എറണാകുളത്തുനിന്നും കുറേ പൊലീസുദ്യോഗസ്ഥരെ അങ്ങോട്ട് അയക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് അപ്പോള്‍ ആവശ്യമില്ലെന്ന് അറിയിച്ചുവെങ്കിലും  അങ്ങനെ കുറെ ഉദ്യോഗസ്ഥര്‍ അരമണിക്കൂറിനുള്ളില്‍ എത്തി. അതിലൊരാളിന്റെ വാഹനത്തില്‍ എറണാകുളത്തെ ഒരു പത്രപ്രവര്‍ത്തകനുമുണ്ടായിരുന്നു. പത്തു പതിനഞ്ച് മിനിട്ടിനകം ഞങ്ങളെല്ലാം മടങ്ങി. ഞാന്‍ ആലപ്പുഴയ്ക്കും എറണാകുളത്തുനിന്ന് വന്നവര്‍ എറണാകുളത്തേയ്ക്കും. അടുത്ത ദിവസം അതിരാവിലെ തുടര്‍നടപടികള്‍ക്കായി ചേര്‍ത്തലയ്ക്ക് പോകാനിറങ്ങുമ്പോള്‍ കളക്ടര്‍ റോസിന്റെ ഫോണ്‍ കാള്‍ ''ഇതെന്തു തോന്ന്യാസമാണ് എസ്.പി.'' എനിക്ക് കാര്യം മനസ്സിലായില്ല. വലിയ ധാര്‍മ്മികരോഷത്തോടെയാണവര്‍ സംസാരിച്ചത്. ഒരു പത്രത്തിലെ വാര്‍ത്തയായിരുന്നു  കളക്ടറെ പ്രകോപിപ്പിച്ചത്. അതിലെഴുതിയിരുന്നത് അപകടം ഉണ്ടായ ഉടന്‍ എറണാകുളത്ത് നിന്നെത്തിയ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നാണ്. ഔദ്യോഗിക വാഹനത്തില്‍ പത്രപ്രവര്‍ത്തകനെക്കൂടി കയറ്റിക്കൊണ്ടുവന്നതിന്റെ നന്ദിപ്രകടനമായിരുന്നിരിക്കണം അതെന്നെനിക്കു തോന്നി. ''ഒരുപാടാളുകള്‍ വെന്തുമരിച്ച ഒരു വലിയ ദുരന്തത്തിലാണ് നമ്മളിപ്പോള്‍, അതിനിടയില്‍ നമുക്കിതങ്ങു വിടാം'' എന്ന് ഞാന്‍ പറഞ്ഞു. ''എങ്കിലും മിനിമം മര്യാദയൊക്കെ വേണ്ടേ''  എന്ന  റോസിന്റെ മറുപടിയോടെ ഞങ്ങളതുവിട്ടു. ദുരന്തങ്ങള്‍ മനുഷ്യസ്വഭാവത്തെക്കുറിച്ച് വലിയ പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. പാഠങ്ങള്‍,  ഇങ്ങനെയും ഉണ്ട്. 

ദുരന്തമുഖത്ത് നല്ലവരായ നാട്ടുകാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് ഇത്രയേറെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്. അത് കേരളത്തിന്റെ കരുത്താണ്. വ്യക്തിപരമായ ദുരന്തത്തിനിടയിലും ഒരു മനുഷ്യന്‍ എന്നെ വിസ്മയിപ്പിച്ചു; ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധനായിരുന്ന ഡോക്ടര്‍ ഇ.ജി. സുരേഷ്. അപകടത്തില്‍പ്പെട്ട സ്വന്തം സഹോദരിയെ അന്വേഷിച്ച് രാത്രി വൈകി അദ്ദേഹം അവിടെ വന്നിരുന്നു. രാത്രിയില്‍ ഞങ്ങള്‍ക്ക് അവരെ കണ്ടെത്താനായില്ല. അടുത്ത ദിവസം കത്തിക്കരിഞ്ഞ മനുഷ്യശരീരങ്ങളില്‍നിന്ന് അവരെ തിരിച്ചറിഞ്ഞു. മരണാനന്തര കര്‍മ്മങ്ങള്‍ ആലപ്പുഴയിലുള്ള ഡോക്ടറുടെ വീട്ടില്‍ നടത്തി. എല്ലാം കഴിഞ്ഞപ്പോള്‍ സന്ധ്യയായി. അദ്ദേഹം പിന്നെ ചെയ്തത്,  ജില്ലാ ആശുപത്രിയില്‍ പോയി, തന്റെ ചികിത്സയിലുണ്ടായിരുന്ന  കുട്ടികളെ പരിശോധിക്കുകയായിരുന്നു. കുറേസമയം രോഗികളായ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചിട്ട് വീട്ടിലേക്കു മടങ്ങി. തീവ്രമായ സ്വകാര്യദുഃഖത്തില്‍, ഡോക്ടര്‍ സുരേഷ് സാന്ത്വനം കണ്ടതിങ്ങനെയാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ രോഗികള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചിരുന്ന എന്റെ സുഹൃത്ത് അഞ്ച് വര്‍ഷം  കഴിഞ്ഞ് അര്‍ബ്ബുദത്തിനു കീഴടങ്ങി. 
 
(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com