സ്വപ്‌നവും യാഥാര്‍ത്ഥ്യവും സമരസപ്പെടുത്തിയ നിരൂപകന്‍

മലയാളത്തില്‍ മറ്റൊരു നിരൂപകനും ഇല്ലാത്ത ചില സവിശേഷതകള്‍ എം.കെ. സാനു എന്ന നിരൂപകനുണ്ട്. അദ്ദേഹം സ്വപ്‌നവും യാഥാര്‍ത്ഥ്യവും സമരസപ്പെടുത്തിയ നിരൂപകനായിരുന്നു എന്നും പറയാം
സ്വപ്‌നവും യാഥാര്‍ത്ഥ്യവും സമരസപ്പെടുത്തിയ നിരൂപകന്‍

ചിറ്റൂര്‍ കോളേജിലെ ഞങ്ങളുടെ മലയാള അദ്ധ്യാപകനും അയല്‍വാസിയുമായ ടി.വി. ശശി മാഷില്‍നിന്നാണ് സാനുമാഷെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. സാനുമാഷ് മഹാരാജാസ് കോളേജില്‍ ശശിമാഷുടെ അദ്ധ്യാപകനായിരുന്നു. സാനുമാഷുടെ വീടിന്റെ പേര് 'സന്ധ്യ' എന്നാണെന്ന് അന്നുതന്നെ ശശിമാഷ് ഓര്‍മ്മിച്ചിരുന്നു. അതിനുകാരണം ആശാനാണ്. അല്ലെങ്കില്‍ ഈ പേര് സ്വീകരിക്കുന്നതില്‍ സാനുമാഷിനു പ്രചോദനമായത് ആശാനാണ്.

ആശാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് സന്ധ്യാസമയങ്ങളെയായിരുന്നത്രേ. സ്വജീവിതത്തില്‍ അതുകൊണ്ടുതന്നെ ഒരു സന്ധ്യാവേളയും ആശാന്‍ നഷ്ടപ്പെടുത്തിയിരുന്നില്ല. ഈയൊരു ഇഷ്ടം മനസ്സില്‍ വെച്ചുകൊണ്ടാണത്രേ സാനുമാഷ് സ്വന്തം വീടിന് സന്ധ്യ എന്നു നാമകരണം ചെയ്യുന്നത്.

അതുപോലെ അക്കാലത്തെ സാനുമാഷുടെ പ്രഭാഷണങ്ങളുടെ കാല്പനികഭംഗിയെക്കുറിച്ചും മാഷ് ഓര്‍മ്മിക്കാറുണ്ട്. പ്രഭാഷണ വിഷയങ്ങളെ അതിമനോഹരമായി അവതരിപ്പിക്കാനുള്ള കഴിവ്. സുകുമാര്‍ അഴീക്കോട് പ്രസംഗവേദികളില്‍ കത്തിനില്‍ക്കുന്ന കാലമാണ്. എങ്കിലും അക്കാലത്ത് സാനുമാഷുടെ പ്രസംഗങ്ങള്‍ക്കും നല്ലവണ്ണം കേള്‍വിക്കാരുണ്ടായിരുന്നത്രേ. മാത്രമല്ല, മാഷുടെ പ്രസംഗങ്ങള്‍ക്ക് അന്നത്തെ അദ്ദേഹത്തിന്റെ ശിഷ്യന്മാരടങ്ങുന്ന ഒരു വിഭാഗം യുവാക്കളുടെ പിന്തുണയും ഉണ്ടായിരുന്നു. സാനുമാഷുടെ സ്‌കൂള്‍ എന്നൊക്കെ പറയാവുന്ന രീതിയില്‍.

മലയാളത്തില്‍ മറ്റൊരു നിരൂപകനും ഇല്ലാത്ത ചില സവിശേഷതകള്‍ എം.കെ. സാനു എന്ന നിരൂപകനുണ്ട്. അദ്ദേഹം സ്വപ്‌നവും യാഥാര്‍ത്ഥ്യവും സമരസപ്പെടുത്തിയ നിരൂപകനായിരുന്നു എന്നും പറയാം. എങ്കിലോ സമൂഹമനസ്സിന് ഏറ്റവും പ്രാധാന്യം കൊടുത്ത ആള്‍. തന്റെ കാല്പനിക സ്വപ്‌നങ്ങളേയും സാമൂഹ്യജീവിതത്തേയും പരസ്പരം ബന്ധപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ മാഷിനു കഴിഞ്ഞിരുന്നു.

രണ്ടു മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുമ്പോഴും-നിരൂപകന്‍ എന്നതുപോലെ ജീവചരിത്രകാരന്‍ എന്ന നിലയിലും. അതില്‍ത്തന്നെ ചങ്ങമ്പുഴ, ബഷീര്‍, ആശാന്‍ എന്നീ സാഹിത്യ വ്യക്തിത്വങ്ങളെ അവതരിപ്പിക്കുമ്പോഴും ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍ എന്നീ സാമൂഹ്യ വ്യക്തിത്വങ്ങളെ അവതരിപ്പിക്കുമ്പോഴും സ്വകീയമായ ഒരു രീതിശാസ്ത്രം അവലംബിച്ച വ്യക്തിത്വം.

അക്കാലത്തൊക്കെ സാനുമാഷിനു ക്ലാസ്സും എഴുത്തും പുറമേയുള്ള പ്രസംഗങ്ങളും എല്ലാം ഒന്നിച്ചു ചേരുന്ന ഒരു തുടര്‍ച്ചയുണ്ട്. അതായത് പൊതുസമൂഹവുമായുള്ള ഇന്ററാക്ഷന്‍ പല രീതിയിലാണല്ലോ. ഇത്തരത്തില്‍ പൊതുസമൂഹത്തിനുവേണ്ടി ഒരു എഴുത്തുകാരന്‍ പ്രവര്‍ത്തിക്കുക എന്നതിനു വലിയ അര്‍ത്ഥമുണ്ട് എന്നു തോന്നും. അല്ലെങ്കില്‍ പൊതുസമൂഹത്തിനുവേണ്ടി ഒരു എഴുത്തുകാരന്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന്റെ ദൃഷ്ടാന്തമാണ് മാഷ്. അത്തരം ഒരു സാമൂഹ്യ പ്രക്രിയയിലൂടെയാണ് സാനുമാഷുടെ സാഹിത്യത്തിലെ വളര്‍ച്ചയും വികാസവും എന്നു തോന്നുന്നു. ഈയൊരു പ്രക്രിയയുടെ തുടര്‍ച്ച തന്നെയാണ് പില്‍ക്കാലം അദ്ദേഹത്തിനു ജനപ്രതിനിധി എന്ന രീതിയിലുള്ള മാനം നല്‍കിയതും.

സാനുമാഷുടെ തന്നെ ഓരോ പുസ്തകങ്ങള്‍ക്കും അദ്ദേഹം തന്നെ നല്‍കുന്ന ചില ആമുഖങ്ങളുണ്ട്. ഈ ആമുഖങ്ങളില്‍ അത്തരം ഒരു രചനയിലേയ്ക്ക് എത്തിപ്പെട്ടതിന്റെ വിധം പറയാറുണ്ട്. ഈ വിധമാണ് എന്നെ ആകര്‍ഷിച്ചിട്ടുള്ള ഒരു ഘടകം. നേരത്തേ ശശിമാഷ് സൂചിപ്പിച്ച രീതിയില്‍ സ്വന്തം വീടിന്റെ പേര് കണ്ടെത്തുന്ന ഒരു രീതിപോലെ. ഇത് സാനുമാഷുടെ ഒരു സമീപനരീതി കൂടിയാണ്. അത്തരം ഒന്നിലൂടെ ചിലത് വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ്.

നളിനിയും ലീലയും കരുണയും

ആശാന്റെ ഖണ്ഡകാവ്യങ്ങളില്‍ ഏറ്റവും കുറച്ച് പഠനങ്ങള്‍ വന്നിട്ടുള്ളത് ലീലയെക്കുറിച്ചാണ്. ലീലയെക്കുറിച്ച്, അതിലെ ചില അനുഭവങ്ങളെക്കുറിച്ച് കുട്ടിക്കൃഷ്ണമാരാരും ഒക്കെ നടത്തിയിട്ടുള്ള പരാമര്‍ശങ്ങളെ കാണാതെയല്ല പറയുന്നത്. എങ്കിലും ആശാന്റെ മറ്റു കൃതികളെ സമീപിക്കുന്നതു പോലെയല്ല ലീല എന്ന കൃതിയെ സാനുമാഷ് സമീപിക്കുന്നത്. താന്‍ എന്തുകൊണ്ടാണ് ലീല എന്ന കൃതി തിരഞ്ഞെടുത്തത് എന്ന് 'കുമാരനാശാന്റെ ലീല ഒരു സ്വപ്‌നാടന കാവ്യം' എന്ന പുസ്തകത്തില്‍ തന്നെ മാഷ് വ്യക്തമാക്കുന്നുണ്ട്.

''സമീപവാസികളായ ലീലയും മദനനും ബാല്യകാല ലീലകളിലൂടെ വളരുന്നതിനിടയിലാണ് അനുരാഗബദ്ധരായത്. കുടുംബപരമായ അവസ്ഥാഭേദങ്ങള്‍ അവരറിഞ്ഞതേയില്ല. മാധുര്യവും സ്വഭാവമഹിമയും മദനനില്‍ തുളുമ്പിനിന്നിരുന്നു. ആ അസുലഭഗുണങ്ങളാണ് ലീലയില്‍ അനുരാഗാങ്കുരമുളവാക്കിയത്. അവന് അവള്‍ ഹൃദയമര്‍പ്പിക്കുകയും ചെയ്തു. സ്ത്രീകളെപ്പോലും ലഹരി പിടിപ്പിക്കുന്ന സൗന്ദര്യവും ആ സൗന്ദര്യത്തെ അതിശയിക്കുന്ന സംസ്‌കാരവും ഒത്തിണങ്ങിയ ലീലയില്‍ മദനന്‍ അനുരക്തനായത് തുലോം സ്വാഭാവികം.''

സാനുമാഷ് ഇവിടെ എടുത്തുപറയുന്ന ഒരു കാര്യമുണ്ട്: നളിനി, ലീല, കരുണ എന്നീ കാവ്യങ്ങളില്‍ ലീലാമദനന്മാരുടെ ബന്ധത്തില്‍ മാത്രമാണ് പരസ്പരാനുരാഗത്തിനു സ്ഥാനമുള്ളത്. നളിനിയുടേയും വാസവദത്തയുടേയും അനുരാഗം ഏകപക്ഷീയമാണ്. ആലോചിക്കുമ്പോള്‍ മാഷുടെ ഈ നിരീക്ഷണം വളരെ കൃത്യമാണ് എന്നു മനസ്സിലാക്കാന്‍ കഴിയും.

ആശാന്റെ ഈ മൂന്നു നായികമാരും അവരുടെ പ്രാണനായകന്മാരോടുള്ള പ്രണയത്തില്‍ തീവ്രമാണ്. അവരില്ലാതെ അവര്‍ക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകാനും സാധ്യമല്ല. അനുരാഗതീവ്രതയുടെ പാരമ്യത്തില്‍ നളിനി ആത്മഹത്യയ്ക്കു ശ്രമിക്കുന്നു. വാസവദത്ത തന്റെ ആന്തരികാവസ്ഥ മറ്റൊരു രീതിയില്‍ വെളിപ്പെടുത്തുന്നുണ്ട്:

''അര്‍ത്ഥഭാണ്ഡങ്ങള്‍തന്‍ കനം കുറഞ്ഞുപോകുന്നൂ, തോഴീ -
യിത്തനുകാന്തിതന്‍ വിലയിടിഞ്ഞിടുന്നു.''

എന്തുകൊണ്ടാണ് വാസവദത്ത തനുകാന്തി, അര്‍ത്ഥഭാണ്ഡങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് എന്ന് സാനുമാഷ് വ്യക്തമാക്കുന്നുണ്ട്. ഒരു ഗണികയുടെ ജീവിതത്തില്‍ അവയ്ക്കാണ് പരമപ്രാധാന്യം എങ്കിലും ആ വ്യര്‍ത്ഥതാബോധം ആ ആത്മാവില്‍ മുറ്റി നില്‍ക്കുന്ന ശൂന്യത പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നു. 

മൂന്നുപേരുടേയും അനുരാഗതീവ്രത മൂന്നു രീതിയില്‍ തുല്യമാണെന്നു പറയുന്ന മാഷ് ഇതില്‍നിന്നും വ്യത്യസ്തമായ ലീല എന്ന കാവ്യത്തിന്റെ മറ്റു പരിതോവസ്ഥകളെക്കുറിച്ചുകൂടി പറയുന്നുണ്ട്. ഇത്തരത്തില്‍ കൃതികളേയും അതിലെ സ്ത്രീ കഥാപാത്രങ്ങളേയും വ്യക്തിപരമായും സാന്ദര്‍ഭികമായും സാമൂഹികമായും നിരീക്ഷിക്കാനും അതിന്റെ കൃത്യമായ ഫലസൂചനകള്‍ വെളിപ്പെടുത്താനും സാനുമാഷിനു സാധിക്കുന്നുണ്ട്. 

വികാരവിചാരങ്ങളുടെ സമതുലിതാവസ്ഥയില്‍ ആശാന്‍ കൃതികളെ പഠനവിധേയമാക്കുമ്പോള്‍ ഒരു നിരൂപകന്റെ സാങ്കേതികതയല്ല മാഷെ ഭരിക്കുന്നത്. ലീലാപഠനം മാഷ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

''നളിനിയിലേയും കരുണയിലേയും അന്ത്യഭാഗങ്ങളില്‍ ധിഷണയുടെ സര്‍ഗ്ഗാത്മക ഭാവനയുടേയും തുല്യ പങ്കാളിത്തത്തിന്റെ സമതുലിതാവസ്ഥ നാമനുഭവിക്കുന്നു. ലീലയിലാകട്ടെ, അതീന്ദ്രിയ ലോകം ലക്ഷ്യമാക്കിക്കൊണ്ട് സര്‍ഗ്ഗാത്മക ഭാവന അനിയന്ത്രിതമായി പ്രയാണം ചെയ്യുന്നത് ദര്‍ശിച്ച് അനുവാചകര്‍ (സൗന്ദര്യാനുഭൂതിപരമായ) വിസ്മയത്തിനു വിധേയരായിപ്പോകുന്നു.''

താന്‍ എന്തുകൊണ്ട് ലീലയെ സംബന്ധിച്ചുള്ള ഒരു രചനയിലേയ്ക്ക് വന്നു എന്നതിന് മാഷിനു ചില സാമൂഹിക പ്രതിബദ്ധതകള്‍ കൂടി ഉണ്ട്. ഒരു സംഘം യുവാക്കളാണ് ലീലയെ സംബന്ധിച്ചുള്ള ഇത്തരം ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ മാഷിനു പ്രചോദനമാകുന്നത്. അവരെല്ലാവരും മുപ്പതു വയസ്സിനു താഴെയുള്ളവരായിരുന്നു. എ.ആര്‍. വിചാരവേദി എന്ന രീതിയില്‍ പഠനവും ചര്‍ച്ചയുമായി തുടങ്ങിയ ചില കാര്യങ്ങള്‍ക്ക് കൃത്യമായ ഒരു ഫലപ്രാപ്തി എന്ന രീതിയിലാണ് കുമാരനാശാന്റെ ലീല ഒരു സ്വപ്‌നാടന കാവ്യം ഉണ്ടാകുന്നത്. എന്നാല്‍, ഈ യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ പബ്ലിസിറ്റിക്കും അതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ക്കും വേണ്ടിയായിരുന്നില്ല എന്ന് മാഷ് എടുത്തു പറയുന്നുണ്ട്. നിശബ്ദവും രചനാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാനുമാഷോടൊപ്പം നിന്നവരായിരുന്നു ആ യുവാക്കള്‍. മുപ്പതിലധികം വരാത്ത യുവാക്കള്‍ പൂര്‍വ്വനിശ്ചയത്തോടുകൂടി ഒരു സ്ഥലത്ത് ഒന്നിച്ചുകൂടുന്നതും പല പല സാഹിത്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു കാലം. ഇത്തരം ചില ഓര്‍മ്മകള്‍ കൂടി ചിറ്റൂര്‍ കോളേജിലെ അദ്ധ്യാപകനായ ശശിമാഷ് പങ്കുവെച്ചതോര്‍ക്കുന്നു. സാഹിത്യ സൗഹൃദങ്ങള്‍ക്ക് ഇത്തരം ഒരു ധൈഷണിക മാനം ഉണ്ടാവുക അത്ര ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ അത് എല്ലാ കാലത്തും പ്രസക്തമാണ്.

ജീവചരിത്രം സാഹിത്യചരിത്രമാകുമ്പോള്‍

ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന പുസ്തകം വലിയ തോതില്‍ വായിക്കപ്പെട്ടതിന്റേയും സ്വീകരിക്കപ്പെട്ടതിന്റേയും പിന്നില്‍ ഈയൊരു സമീപനം ഉണ്ട്. അതായത് ഒരു എഴുത്തുകാരന്‍ ഏകപക്ഷീയമായി ഒരു രചന നടത്തുക എന്ന രീതിയിലല്ല മാഷുടെ ഈ പുസ്തകങ്ങളൊന്നും എഴുതപ്പെട്ടിട്ടുള്ളത്. മറിച്ച് അതൊരു ഭാവുകത്വത്തിന്റെ പ്രകാശനമാണ്. അതൊരു കാലഖണ്ഡത്തെ, ചരിത്രഖണ്ഡത്തെ എക്കാലത്തേയും വായനക്കാര്‍ക്കു വേണ്ടി അനാവരണം ചെയ്യുക എന്നുള്ളതാണ്. 'ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍' എന്ന പുസ്തകവും വരുംകാലങ്ങളില്‍ ഈ രീതിയില്‍ത്തന്നെ വായിക്കപ്പെടുമെന്നു തോന്നുന്നു. ഏറെക്കാലത്തെ പരിശ്രമത്തിലാണ് മാഷ് ഇത്തരം ജീവചരിത്ര ഗ്രന്ഥങ്ങള്‍ എഴുതിവരുന്നത്. എഴുതിവരുമ്പോള്‍ അതൊന്നും ജീവചരിത്ര ഗ്രന്ഥങ്ങള്‍ മാത്രമല്ല, മറിച്ച് സാഹിത്യചരിത്ര ഗ്രന്ഥങ്ങള്‍ കൂടിയാണെന്നു മനസ്സിലാകും. ഒപ്പം ഒരെഴുത്തുകാരന്‍ സൃഷ്ടിച്ച ഭാവുകത്വത്തെ പില്‍ക്കാല വായനക്കാര്‍ക്കുവേണ്ടി സമര്‍പ്പിക്കാന്‍ കഴിയുന്നു എന്നതുകൂടിയാണ്. ഇവിടെയൊക്കെയും ഒരു എഴുത്തുകാരന്റെ കൃതിയില്‍ പൊതുസമൂഹത്തിന്റെ ഇടപെടലും പ്രചോദനവും എങ്ങനെ ഫലവത്തായി ഭവിക്കുന്നു എന്നതിന്റെ സൂചനയുണ്ട്.

സഹോദരന്‍ അയ്യപ്പന്‍ എന്ന പേരില്‍ തന്നെയുള്ള നാനൂറോളം പേജുള്ള ജീവചരിത്രരചനയ്ക്ക് അവതാരിക എഴുതിയിരിക്കുന്നത് എം. ഗോവിന്ദനാണ്. സഹോദരന്റെ ജീവിതത്തിലും അതുവഴി അദ്ദേഹം പ്രതിഫലിപ്പിച്ച ഉദ്ബോധനാത്മകമായ ഒന്നിലും സൗന്ദര്യാത്മകമായ ഒരു ലാളിത്യമുണ്ടായിരുന്നു. നീതിയും ശുദ്ധിയും വിശ്വാസവും കലര്‍ന്ന ഒന്ന് ജീവചരിത്രത്തില്‍ പ്രതിഫലിക്കുന്നു. എല്ലാ ജീവചരിത്രങ്ങളും ഒരര്‍ത്ഥത്തില്‍ കഥ തന്നെയല്ലേ എന്നു ചോദിക്കുന്ന എം. ഗോവിന്ദന്‍ അതു രചിക്കുന്ന വ്യക്തിയുടെ അഭിരുചി രചനയില്‍ ഏതു രീതിയില്‍ കടന്നുവരുന്നു എന്നു വ്യക്തമാക്കുന്നുണ്ട്. ജീവചരിത്ര രചനകളില്‍ കടന്നുവരുന്ന ഗഹനതയേയും ദുരൂഹതയേയും സാനുമാഷ് എങ്ങനെ മാറ്റിപ്രതിഷ്ഠിക്കുന്നു എന്നുള്ളതാണ് സാനുമാഷുടെ സമീപനരീതിയുടെ ഏറ്റവും വലിയ പ്രത്യേകതയായി ഗോവിന്ദന്‍ പറയുന്ന ഒരു കാര്യം. ചരിത്ര പുരുഷനോടും വസ്തുതകളോടും അങ്ങേയറ്റത്തെ നീതിയും മര്യാദയും പുലര്‍ത്തുമ്പോള്‍ത്തന്നെ ലിറിസിസത്തില്‍ ചാലിച്ച കാല്പനികതയും എഴുത്തിന്റെ വെളിച്ചമായി ചൊരിയുന്നു. എം.കെ. സാനു എന്ന നിരൂപകന്റെ സാഹിത്യസമീപനരീതി എന്ത് എന്ന് ഇവിടെ വ്യക്തമാകുന്നു.

തന്റെ വ്യക്തിപരമായ ഇഷ്ടത്തില്‍നിന്നു തുടങ്ങുകയും അത്തരം ഇഷ്ടങ്ങളെ എങ്ങനെയാണ് കാല്പനികമായും സാമൂഹികമായും യോജിപ്പിച്ചെടുക്കുക എന്ന ഒരു ദൗത്യം കൂട്ടായ്മയുടെ രസതന്ത്രത്തിലൂടെ മുന്നോട്ടു കൊണ്ടുവരികയാണ് മാഷ് ചെയ്തിട്ടുളളത്. അത് ചരിത്രത്തിന്റേയും ഭാവുകത്വത്തിന്റേയും പുനരവതരണം കൂടിയാണ്.

പ്രകൃതിയെ മറക്കാത്ത പുരുഷചിത്രീകരണം എന്ന വിശേഷണം കൂടി എം. ഗോവിന്ദന്‍ ഈ രചനാരീതിക്കു നല്‍കുന്നുണ്ട്. ''പുരുഷനെ ചിത്രീകരിക്കുമ്പോള്‍ പ്രൊഫ. സാനു പ്രകൃതിയെ മറക്കാറില്ല. ഒന്നില്ലാതെ മറ്റൊന്നു പൂര്‍ണ്ണമാവില്ലല്ലോ. ജീവചരിത്രത്തിന്റെ മുഖ്യധാര കാലികമാണ്. സ്ഥലത്തിന്റെ മാനങ്ങള്‍കൂടി മികച്ചുവരുമ്പോഴേ അതിനു നിറവു വരികയുള്ളൂ. ഇവിടെ പ്രകൃതിയാകട്ടെ, വെറും സ്ഥലമല്ല. ചരിത്രപുരുഷന്റെ തന്നെ ചേരുവയിലെ പ്രകടമായ അംശമാണ്. അരുവിക്കരയായാലും ചെറായിയായാലും അവിടത്തെ പ്രകൃതിയും പ്രതിപാദ്യ പുരുഷനും തമ്മില്‍ ആത്മീയബന്ധമുണ്ട്.''

സാനുമാഷുടെ തന്നെ 'നാരായണഗുരുസ്വാമി' എന്ന പുസ്തകവും ഇവിടെ പരാമര്‍ശവിധേയമാകുന്നുണ്ട്. മാത്രമല്ല, പ്രകൃതിയും പ്രതിപാദ്യ പുരുഷനും തമ്മിലുള്ള ആത്മീയബന്ധം ഏറെ സവിശേഷതയര്‍ഹിക്കുന്നു. ഗോവിന്ദന്റെ ഇതുകഴിഞ്ഞുള്ള ഒരു വാക്യം കൂടി ഏറെ ചിന്തനീയമാണ്. ഈ ജീവചരിത്ര ഗ്രന്ഥങ്ങളുടെ ആഖ്യാനശൈലി നോവലിന്റേതല്ലേ എന്നു ഞാന്‍ സംശയിക്കുന്നു.

ആഖ്യാനശൈലി നോവലിന്റെയല്ലേ എന്നു പറഞ്ഞതിനു പിന്നില്‍ അത്തരത്തിലുള്ള ഒരു സമീപനരീതി ജീവചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ടെങ്കിലും അത് നോവലായി കണക്കാക്കേണ്ടതില്ല എന്നുമാത്രമാണ്. എങ്കിലും എം. ഗോവിന്ദന്റെ ഈ നിരീക്ഷണം സാനുമാഷുടെ കാല്പനികവും സൗന്ദര്യാത്മകവുമായ ജീവചരിത്രക്കുറിപ്പുകളുടെ സ്വഭാവം വ്യക്തമാക്കുന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന കൃതിക്കൊക്കെ ഒരു ഫിക്ഷനിസ്റ്റ് ആഖ്യാനശൈലിയുണ്ട്. അതു കൃതിയുടെ വായനാസുഖം വര്‍ദ്ധിപ്പിക്കുന്നു. ഒരു ജീവചരിത്ര ഗ്രന്ഥത്തിന്റെ വിരസത തീരെയില്ല എന്നുള്ളതു തന്നെയാണിത്.

സാഹിത്യ വ്യക്തിത്വങ്ങളേയും ചരിത്ര വ്യക്തിത്വങ്ങളേയും തിരഞ്ഞെടുക്കുമ്പോഴും സാനുമാഷ് ഇത്തരത്തില്‍ കൂടി ശ്രദ്ധാലുവായിരുന്നു. സി.ജെ. തോമസ്സിനെപ്പോലെ ഒരു വ്യക്തിത്വത്തിലെത്തിച്ചേരുന്നതോടെ ഈ സമീപനം കൂടുതല്‍ വ്യക്തമാവുന്നുണ്ട്. വ്യക്തി എന്ന നിലയിലും നാടകക്കാരന്‍ എന്ന നിലയിലും സര്‍ഗ്ഗാത്മകതയുടെ ആരും കാണാത്ത വഴികളിലൂടെ യാത്ര ചെയ്തയാളായിരുന്നു സി.ജെ. 'സി.ജെ. തോമസ് ഇരുട്ടു കീറുന്ന വജ്രസൂചി' എന്ന നാമകരണംപോലും കാലത്തിന്റെ വീക്ഷണങ്ങള്‍ക്കു നേരെ ചിന്തയുടെ വജ്രസൂചികൊണ്ട് ആഞ്ഞു കുത്തിയ ഒരു പ്രതിഭാശാലിയുടെ ജീവിതരേഖ തന്നെയാണ്.

ഒരു ജീവചരിത്രകാരന്‍ സ്വന്തം ആത്മകഥ രചിക്കുന്നവനല്ലെങ്കിലും മറ്റേതൊരു വ്യക്തിത്വത്തെ അവതരിപ്പിക്കുമ്പോഴും ആത്മം എവിടെയെങ്കിലുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും എഴുത്തുകാരനെ കീഴടക്കിയേക്കാം. എന്നാല്‍, ഇതില്‍നിന്നുള്ള പരിപൂര്‍ണ്ണ വിമുക്തിയിലാണ് സാനുമാഷുടെ ജീവചരിത്ര ഗ്രന്ഥങ്ങള്‍ വാര്‍ന്നുവീണിട്ടുള്ളത്.

നിരൂപണത്തിലും ആസ്വാദനത്തിലും ജീവചരിത്ര രചനയിലും അന്തര്‍ഗതമാകുന്ന കാല്പനികതയുടെ അവസാനിക്കാത്ത ചില ശക്തിവിശേഷങ്ങള്‍ സാമൂഹ്യ വ്യക്തിത്വങ്ങളിലൂടെയും സാഹിത്യ വ്യക്തിത്വങ്ങളിലൂടെയും തോളോടുതോളൊത്തു ചേര്‍ന്നുപോകാന്‍ സാനുമാഷിനു സഹായകമാകുന്നു . മലയാളത്തില്‍ ഇതൊരു വ്യതിരിക്തമായ സാഹിത്യസമീപനം കൂടിയാണ്.

'സി.ജെ. തോമസ് ഇരുട്ടു കീറുന്ന വജ്രസൂചി' എന്ന പുസ്തകത്തിന് ജോണ്‍ പോള്‍ നേരനുഭവത്തിന്റെ അക്ഷരഭാഷ്യം എന്ന പേരില്‍ ഒരാമുഖം കുറിച്ചിട്ടുണ്ട്. അതിന്റെ ഒടുവില്‍ അദ്ദേഹം പറയുന്നു:

''സാനുമാസ്റ്ററുടെ ലേഖനങ്ങളെ Novelised Essays എന്ന് ആദ്യം വിശേഷിപ്പിച്ചു ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും എന്റെ ഗുരുനാഥനുമായ കെ.എന്‍. ഭരതന്‍ സാറിന്റെ മുഖത്തുനിന്നുമാണ്. പിന്നീട് ഗുരുനാഥയായ എം. ലീലാവതി ടീച്ചര്‍ സാനുമാഷുടെ ജീവചരിത്ര രചനകളെ അവലംബമാക്കി എഴുതിയ 'നിലാവിന്റെ പരിമളം' എന്ന പ്രബന്ധത്തില്‍ അവയെ Novelised Biography എന്നു വിശേഷിപ്പിച്ചു കണ്ടു.''  മലയാളത്തില്‍ നോവലൈസ്ഡ് ബയോഗ്രഫിയെ സമ്പന്നമാക്കിയ സാനുമാസ്റ്റര്‍ ആ മേഖലയിലെ രാജശില്പിയാണെന്ന് ലീലാവതി ടീച്ചര്‍ വിശേഷിപ്പിക്കുന്നുണ്ട്. അതിനും മുന്‍പായിരിക്കണം 1980-ല്‍ മദ്രാസിലെ 98, ഹാരീസ് റോഡില്‍നിന്ന് എം. ഗോവിന്ദന്‍ സഹോദരന്‍ കെ. അയ്യപ്പന്‍ എന്ന സാനുമാഷുടെ ജീവചരിത്ര ഗ്രന്ഥത്തിന് എഴുതിയ ആമുഖത്തിലും അതൊരു നോവലൈസ്ഡ് ബയോഗ്രഫി തന്നെയല്ലേ എന്നു സംശയിക്കുന്നത്.

സാനുമാഷുടെ സാഹിത്യസമീപനരീതികള്‍ക്കു കാലവും ചരിത്രവും നല്‍കുന്ന അടിവരക്കുറിപ്പുകളായി ഈ നിരീക്ഷണങ്ങളെയൊക്കെ സമാഹരിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com