ഞാനീ ലോകത്തില്‍ ഒരു ചെറുമണ്‍തരി മാത്രം

എനിക്ക് ഒരു മനുഷ്യനായി ജീവിക്കാന്‍ സാധിച്ചു എന്നുള്ള സംതൃപ്തിയുണ്ട്. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുക എന്നതിലാണ് കാര്യം
ഞാനീ ലോകത്തില്‍ ഒരു ചെറുമണ്‍തരി മാത്രം

95-ന്റെ നിറവില്‍, എന്താണ് പറയാനുള്ളത്?

എനിക്ക് ഒരു മനുഷ്യനായി ജീവിക്കാന്‍ സാധിച്ചു എന്നുള്ള സംതൃപ്തിയുണ്ട്. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുക എന്നതിലാണ് കാര്യം. ആല്‍ബര്‍ട്ട് ഷെയ്റ്റ് സറിന്റെ ജീവിതം പോലെ മനുഷ്യനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പറ്റണം. എന്നെ ഒരുപാട് സ്വാധീനിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പോയി നരഭോജികള്‍ക്കിടയില്‍ ജീവിതം ഉഴിഞ്ഞുവച്ച് അവരെ മനുഷ്യരാക്കിയയാള്‍. കുമാരനാശാന്റെ വരികളില്‍ പറയുന്നപോലെ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ കഴിയുക എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ നന്മ. അപരനുവേണ്ടി ജീവിക്കുക. ഞാനീ ലോകത്തില്‍ ഒരു ചെറുമണ്‍തരി മാത്രമാണ്. ആ ബോധ്യം എനിക്കുണ്ട്. നമുക്ക് കിട്ടുന്നതിനപ്പുറം നമുക്ക് എന്ത് നല്‍കാന്‍ കഴിഞ്ഞു എന്നതിലാണ് നമ്മുടെ സംതൃപ്തി. അത് എന്നാല്‍ കഴിയുന്നവിധം ഞാന്‍ ചെയ്തിട്ടുണ്ട്. അതൊക്കെയേയുള്ളൂ. 

ഞാന്‍ എന്റെ തറവാട്ടിലാണ് ജനിച്ചുവളര്‍ന്നത്. അവിടെ ഒരേ പ്രായത്തിലുള്ള എട്ടുപത്തു കുട്ടികള്‍ ഉണ്ടായിരുന്നു. മൂന്ന് നാല് വയസ്സ് വ്യത്യാസത്തില്‍. ഞങ്ങള്‍ ഒരുമിച്ചാണ് സ്‌കൂളില്‍ പോകുന്നതും വരുന്നതുമെല്ലാം. അന്ന് ചില കളികളും ഉണ്ടായിരുന്നു. ഒന്ന് ചതുരംഗം. മറ്റൊന്ന് ചീട്ടുകളി. ഇത് രണ്ടും അറിയാമെങ്കിലും പോകാത്ത ഒരാള്‍ ഞാനായിരുന്നു. എന്റെ രീതി വ്യത്യസ്തമായിരുന്നു. എന്റെ മനോരാജ്യം, ഒരു അന്തര്‍മുഖത്വം, അതില്‍നിന്നുണ്ടാകുന്ന വിഷാദം ഇതൊക്കെ എന്നെ ബാധിച്ചിരുന്നു. അച്ഛന്‍ മരിച്ചതില്‍ പിന്നെ അത് കൂടി. അതിനു മുന്‍പേയും ഇതൊക്കെയുണ്ട്. അച്ഛനത് അറിയാമായിരുന്നു. അച്ഛന്‍ ഒരുപാട് കഥകള്‍ പറഞ്ഞുതരുമായിരുന്നു. പലതും ശോകകഥകള്‍ ആയിരുന്നു. എന്റെ വിഷാദവീക്ഷണം എന്നും വളര്‍ന്നിരുന്നു. അങ്ങനെ ബാല്യം പിന്നിട്ടു. 

എന്റെ വീട്ടില്‍ രണ്ട് പ്രാവശ്യം ശ്രീനാരായണ ഗുരു വന്നിട്ടുണ്ട്. ഞാന്‍ ജനിക്കുന്നതിനു മുന്‍പ്. അപ്പോള്‍ അവിടെ ഒരു മുറിയില്‍ ഒരു കെടാവിളക്ക് കത്തിക്കുമായിരുന്നു. ആ മുറി എപ്പോഴും അടിച്ചുവാരി വെടിപ്പാക്കി ഇടും. അതെന്താണ് എന്ന് ചോദിച്ചാല്‍ സ്വാമി വന്നതാണ് എന്നു പറയും. സ്വാമിയെന്നാണ് ഗുരുവിനെ പറഞ്ഞിരുന്നത്. വീട്ടില്‍ സന്ധ്യക്ക് ചൊല്ലുന്ന നാമം ദൈവദശകമാണ്. അത് അവസാനിക്കുന്നത് കുമാരനാശാന്റെ ശ്ലോകത്തോടെയും. അതൊക്കെ അന്ന് കടിച്ചാല്‍ പൊട്ടാത്ത വാക്കുകളാണ്. പക്ഷേ, അച്ഛന്‍ അര്‍ത്ഥം പറഞ്ഞുതരും. അന്നേ എനിക്കു താല്പര്യം നിന്നു. എല്ലാറ്റിനുമുപരിയായി മാനുഷരെല്ലാരും ഒന്നുപോലെ, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി - ഇതൊക്കെ എന്റെ മനസ്സില്‍ ദൃഢമായി പതിഞ്ഞ ഒരു ബീജമാണ്. അതിന്റെ വേരുകള്‍ എല്ലാക്കാലത്തും ഇന്നുമുണ്ട്. അതിലൂടെയാണ് ഞാന്‍ ആകൃഷ്ടനാകുന്നത്. അപ്പോള്‍ അദ്ദേഹത്തെപ്പറ്റി എഴുതണമെന്ന് തോന്നി. 

ഞാന്‍ 1956-ല്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ അദ്ദേഹം ആദ്യം പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് പോയി താമസിച്ചു. പുറത്തുനിന്ന് വല്ലതുമൊക്കെ കഴിക്കും. എന്നിട്ട് അവിടെ താമസിക്കും. ആ അരുവിയില്‍ പോയി മുങ്ങിക്കുളിക്കും. കണ്ണുനീരുപോലത്തെ വെള്ളം - ആ ദിവസങ്ങളിലെ കുളി രസകരമായിരുന്നു. ഇന്ന് കരുണാകരഗുരുവായി മാറിയ അദ്ദേഹത്തെ ഞാന്‍ അരുവിപ്പുറത്തുവച്ച് കാണുമായിരുന്നു. ശ്രീനാരായണഗുരുവിന് പദ്യമെഴുതി കൊടുത്തിരുന്നയാളെ ഞാന്‍ അരുവിപ്പുറത്ത് വച്ച് കണ്ടിരുന്നു. സ്വാമി പറഞ്ഞുകൊടുക്കുമായിരുന്നു. അതൊക്കെ കേട്ട് അദ്ദേഹം പകര്‍ത്തിക്കൊടുക്കുമായിരുന്നു. അദ്ദേഹത്തിന്റെ കവിത്വം അങ്ങനെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. 

മേലായമൂലമതിയായലാവൃതം ജനനി നീ...

എന്നൊക്കെ ഒറ്റയിരുപ്പില്‍ പറഞ്ഞുകൊടുത്ത് എഴുതിക്കും. അങ്ങനെ ഒരുതരം ഇഷ്ടം, ആരാധനാഭാവം അദ്ദേഹത്തോട് ഉണ്ടായിരുന്നതിനാലാണ് എഴുതണമെന്ന് തോന്നിയത്. അദ്ദേഹത്തെക്കുറിച്ച് മൂന്ന് നാല് പുസ്തകങ്ങള്‍ മലയാളത്തില്‍ ഞാനെഴുതിയിട്ടുണ്ട്. 

എം.കെ. സാനു
എം.കെ. സാനു

നാരായണഗുരുവിനെപ്പോലെ ജീവിതത്തില്‍ ഏറെ മാഷിന്റെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ ആളാണ് സഹോദരന്‍ അയ്യപ്പന്‍ എന്ന് കേട്ടിട്ടുണ്ട്. സഹോദരന്‍ അയ്യപ്പനെപ്പറ്റി?

സഹോദരന്‍ അയ്യപ്പനെ ഞാന്‍ ഇവിടെ വരുമ്പോഴാണ് കാണുന്നത്. ഞാന്‍ കവിത വായിക്കുമായിരുന്നു. എന്നെ ആദ്യം ആകര്‍ഷിച്ചത് 'സമഭാവന' എന്ന അദ്ദേഹത്തിന്റെ കവിതയാണ്. ശ്രീനാരായണഗുരു 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് പറഞ്ഞപ്പോള്‍ ജാതി വേണ്ട, മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നെഴുതിയ ആളാണ്. ഇത് രണ്ടും എന്നെ ആകര്‍ഷിച്ചു. ശ്രീനാരായണഗുരു അദ്ദേഹത്തോട് പറഞ്ഞത് അയ്യപ്പന്റെ കര്‍മ്മങ്ങളില്‍ ദൈവമുണ്ടല്ലോ എന്നാണ്. നല്ല ഗുരുശിഷ്യബന്ധം. ദൈവം വേണ്ടത് വാക്കിലല്ലല്ലോ കര്‍മ്മങ്ങളിലാണ്. അതിനദ്ദേഹം പറഞ്ഞത് വേണം ധര്‍മ്മം, വേണം ധര്‍മ്മം യഥോചിതം എന്നാണ്. അത് സമഭാവനയിലുണ്ട്. അതിലെ വരി എനിക്കോര്‍മ്മയുണ്ട്. 

''വലുതിന്നിര ചെറുതെന്നത് മൃഗജീവിതനിയമം'' 

അടുത്ത വരിയില്‍ ''ചെറുതിന്‍ തുണ വലുതെ ന്നത് തന്നേ നരധര്‍മ്മം''

കണ്ണില്ലാത്തവനും ഒച്ചയില്ലാത്തവനും പ്രത്യേകം ശ്രദ്ധ വേണമെന്ന, ചെറിയവനു വലിയവന്‍ തുണയാകണമെന്ന ആപ്തവാക്യം. ഞാന്‍ പലരുടെയിടയിലും ഇറങ്ങിത്തിരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍, എച്ച്.ഐ.വി ബാധിച്ച കുഞ്ഞുങ്ങള്‍ - അവിടെയൊക്കെ ചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചതിന്റെ കാരണം ഇതാണ്. അങ്ങനെ അദ്ദേഹത്തെ പോയി പരിചയപ്പെട്ടു. വീട്ടില്‍ പോയി പരിചയപ്പെടുകയായിരുന്നു. കുറ്റിപ്പുഴ, കെ. ബാലകൃഷ്ണന്‍, കെ. അയ്യപ്പപ്പണിക്കര്‍, എം.സി. ജോസഫ് തുടങ്ങിയവരൊക്കെയുണ്ടായിരുന്നു. ഞാനാദ്യം ചെല്ലുമ്പോള്‍ അദ്ദേഹം ഒരു മുണ്ടും ബനിയനുമിട്ട് വാതില്‍ തുറന്നു. മുറിയില്‍ അബ്രഹാം ലിങ്കന്റെ ഒരു പടവുമുണ്ട്. ''ഞാന്‍ അടിമയാകാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ട് യജമാനനാകാനും ഇഷ്ടപ്പെടുന്നില്ല എന്ന വാക്യം.'' സഹോദരന്‍ അയ്യപ്പന്‍ പറയുന്നത് 'എന്നേക്കാള്‍ താഴ്ന്നവനായി ലോകത്താരുമില്ല'' എന്നാണ്. എന്നെ വളരെ ആകര്‍ഷിച്ച ആശയമാണത്. അങ്ങനെ അദ്ദേഹവുമായുള്ള സമ്പര്‍ക്കം വളര്‍ന്ന് വളരെ അടുപ്പത്തിലായി. പിന്നീട് അദ്ദേഹം മരിക്കുംവരെ പുസ്തകങ്ങള്‍ വായിച്ച് കേള്‍പ്പിക്കുമായിരുന്നു. ബെട്രാന്റ് റസ്സലിന്റെ Roads to Freedom ഞാനാണ് വായിച്ചുകൊടുത്തത്. കമ്യൂണിസം, സോഷ്യലിസം, രഘുവംശം അങ്ങനെ പല പുസ്തകങ്ങള്‍. ഇതിലൊക്കെ വിഹരിച്ച മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. നല്ലപോലെ സംസ്‌കൃതം അറിയാം. പക്ഷേ, പച്ചമലയാളത്തിലേ എഴുതുള്ളൂ. പഞ്ചവത്സര പദ്ധതിക്ക് അദ്ദേഹം 'അയ്യാണ്ടുപദ്ധതി' എന്നാണ് എഴുതുക. തനിമലയാളത്തില്‍ ഗദ്യമെഴുതി ശക്തി കാണിച്ച ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹം എന്നെ ആകര്‍ഷിച്ചു. സംശുദ്ധമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വളരെ ലളിതമായ ജീവിതം. ഒരു ഉദാഹരണം പറഞ്ഞാല്‍ തിരുകൊച്ചി മന്ത്രിയായിരിക്കുമ്പോഴാണ് എം.ജി. റോഡ് പ്ലാന്‍ ചെയ്ത ചീഫ് എന്‍ജിനീയര്‍ വേറൊരു വഴിക്ക് പ്ലാന്‍ മാറ്റി, മന്ത്രിയുടെ വീടാണല്ലോ എന്ന് പേടിച്ച് അപ്പോള്‍ അദ്ദേഹം ചോദിച്ചു - അപ്പോള്‍ അയാളുടെ വീട് പോകില്ലേ എന്ന്. അങ്ങനെ അദ്ദേഹത്തിന്റെ വീട് തൊട്ടാണ് ആ റോഡ് പോയത്. അങ്ങനെയൊരു മനസ്സുള്ള ആളാണ്. 

അദ്ദേഹമാണ് ആദ്യമായി വൈപ്പിന്‍ ഗോശ്രീ പാലങ്ങള്‍ക്കുവേണ്ടി പ്ലാന്‍ ചെയ്തത്. അന്ന് അദ്ദേഹം ടെന്‍ഡര്‍ വിളിച്ചതാണ്. ആ ഘട്ടത്തില്‍ത്തന്നെയാണ് മന്ത്രിമാര്‍ ചെലവ് ചുരുക്കണം എന്ന തീരുമാനം ഉണ്ടാകുന്നത്. അപ്പോള്‍ പ്യൂണ്‍, ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകള്‍ കളയണം. അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞ് അദ്ദേഹം മന്ത്രിമാര്‍ ഇല്ലെങ്കിലും നാടു ഭരിക്കാം, എനിക്കാണേല്‍ സുഖമില്ല എന്നു പറഞ്ഞ് രാജിവച്ചു. എന്നിട്ട് സ്റ്റേറ്റ് കാര്‍ വിട്ടുകൊടുത്ത് സഞ്ചിയും തോളിലിട്ട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറി വീട്ടില്‍ വന്നു. ഇതാണ് അദ്ദേഹത്തിന്റെ അധികാരി എന്ന ഭാവം. 

അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ സ്വരാജ് മോട്ടോഴ്സ് ഉടമ ശങ്കുണ്ണിപ്പിള്ള അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ചെന്ന് മണിയടിച്ചു. ഒരാള്‍ മുണ്ടും ബനിയനുമിട്ട് ഇറങ്ങിവന്നു. എനിക്ക് മന്ത്രിയെ കാണണം എന്നു പറഞ്ഞു. ഇരിക്കൂ, ഞാന്‍ തന്നെയാണ് മന്ത്രി എന്നു പറഞ്ഞ് ന്യായമായ കാര്യം ചെയ്തു കൊടുത്തു. ഞാന്‍ അദ്ദേഹത്തെ ആത്മകഥ എഴുതാന്‍ പ്രേരിപ്പിച്ചതാണ്. പക്ഷേ, അദ്ദേഹം എഴുതിയില്ല.

നാരായണ ​ഗുരു
നാരായണ ​ഗുരു

ജീവിതത്തിലുടനീളം സൗഹൃദങ്ങള്‍ക്ക് വലിയ വില നല്‍കുന്ന ആളാണ് സാനുമാഷ്. സാഹിത്യത്തിലെ സൗഹൃദങ്ങള്‍?

സാഹിത്യത്തില്‍ സൗഹൃദങ്ങള്‍ രണ്ട് തരത്തിലുണ്ട്. ഒന്ന് കക്ഷിചേര്‍ന്നുള്ള സൗഹൃദം, അവര്‍ക്ക് താല്പര്യമുള്ളവരുമായിട്ട്. സാഹിത്യസംഘടനകള്‍ പലതുണ്ട്. അത് സാഹിത്യപരിഷത്താകാം; സാഹിത്യസമിതിയാകാം - അത് ഇപ്പോഴില്ല. മുന്‍പ് സാഹിത്യസമിതി ഉണ്ടായിരുന്നു. അവിടെയെല്ലാം സംഘമായിട്ടൊരു സൗഹൃദമുണ്ട്. എന്നുമാത്രമല്ല, അത് ഒരു ചവിട്ടുപടിയാണ്. അവിടുന്ന് കടന്ന് ഗവണ്‍മെന്റിനെ സ്വാധീനം ചെലുത്തിയാല്‍ സാഹിത്യ അക്കാദമി, അങ്ങനെ പലതിലേക്കും പ്രവേശനം കിട്ടുന്ന ഒന്നാണ്. അപ്പോള്‍ അത് താല്പര്യമാക്കിയുള്ള സൗഹൃദം. രണ്ടാമത്തെത് അതല്ല. കേവലം ആശയത്തെ അടിസ്ഥാനമാക്കിയുള്ള സൗഹൃദമാണ്. ആ സൗഹൃദത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതാണ് ഞാനവകാശപ്പെടുന്നതും. അതില്‍ എനിക്കേറ്റവും അടുപ്പം ഉണ്ടായിരുന്ന വ്യക്തികളില്‍ ഒരാള്‍ എം. ഗോവിന്ദനായിരുന്നു. എം. ഗോവിന്ദന്റെ ആദ്യപുസ്തകം - അന്വേഷണത്തിന്റെ ആരംഭം - അതിന്റെ ആമുഖത്തില്‍ കൊടുത്തിരിക്കുന്നത് ജര്‍മന്‍ നാടകകൃത്തും ചിന്തകനുമായ Gotthold Ephraim Lessing - ന്റെ ഒരു വാക്യമാണ്: ദൈവം എന്റെ മുന്നില്‍ വന്ന് വലതു കയ്യില്‍ പൂര്‍ണ്ണസത്യവും ഇടതു കയ്യില്‍ അന്വേഷണത്വരയുമായി നിന്ന് ഏതു വേണമെന്ന് ചോദിച്ചാല്‍ എനിക്ക് സംശയമില്ല ഞാന്‍ പറയും ആ പൂര്‍ണ്ണസത്യം അങ്ങയുടെ കയ്യില്‍ ഇരുന്നുകൊള്ളട്ടെ, എനിക്ക് അന്വേഷിക്കാനുള്ള ആഗ്രഹം തരിക എന്ന്. അങ്ങനെ അന്വേഷണത്തിനായുള്ള തീരുമാനം എടുത്തയാളാണ് എം. ഗോവിന്ദന്‍; ജീവിതാവസാനം വരെ.
 
അന്വേഷണം - അതൊരുതരം അസ്വാസ്ഥ്യമാണ്. ആരംഭം മുതല്‍ അദ്ദേഹം അതന്വേഷിച്ചു; അവസാനം വരെ. അതിനിടയില്‍ മരിച്ചു. ഞാനും ആ വര്‍ഗ്ഗത്തില്‍ പെടുന്നു. അന്വേഷണത്തിലാണ് സത്യത്തിലല്ല. അതിന്റെ അടിസ്ഥാനത്തില്‍ ഈ അന്വേഷകരുടെ ഒരു കൂട്ടായ്മയുണ്ട്. ഗോവിന്ദനും ഞാനുമൊക്കെ അതില്‍പ്പെട്ടയാളുകളാണ്. ഞങ്ങള്‍ തമ്മിലും നല്ല അടുപ്പക്കാരായിരുന്നു. പി.കെ. ബാലകൃഷ്ണനാണ് മറ്റൊരാള്‍. ബാലകൃഷ്ണന്‍ ഒരൊറ്റയാന്‍ ആണ്. എല്ലാവരോടും വിരോധിയാണ് എന്നു വേണമെങ്കില്‍ പറയാം. എന്നോട് വലിയ അടുപ്പമായിരുന്നു. അയ്യപ്പപ്പണിക്കരും ഞാനും തമ്മില്‍ നല്ല അടുപ്പമായിരുന്നു. അടുത്ത ജനറേഷന്‍ തോമസ് മാത്യു. പിന്നെ കുട്ടിക്കൃഷ്ണമാരാര്‍. അദ്ദേഹം ദൈവവിശ്വാസിയായിരുന്നയാളാണ്. എങ്കിലും അദ്ദേഹം സംശയിക്കുന്ന ആളാണ്. വാല്മീകിരാമായണം വേറൊരാള്‍ എഴുതിയില്ല. വളരെയധികം വിഗ്രഹഭഞ്ജകമായ ഒരു ലേഖനമാണത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ച് ഇയാള്‍ വെറും വര്‍ഗ്ഗീയവാദിയാണ് എന്ന് എഴുതിയത് പി.കെ. ബാലകൃഷ്ണനാണ്. അല്ലാതെ ആരും എഴുതിയില്ല. അന്നൊക്കെ അത്തരം ഒറ്റയാന്മാര്‍, അവരവരുടെ വഴിക്ക് അന്വേഷിച്ചു പോകുമായിരുന്നു. അതിന് അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. എങ്കിലും ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ യോജിക്കുന്നു. അതിനു യോജിച്ചവരാണ് ഇവരൊക്കെ ത്തന്നെയും. 

സഹോദരൻ അയ്യപ്പൻ
സഹോദരൻ അയ്യപ്പൻ

പി.കെ. ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ' വളരെ പ്രശസ്തമായ കൃതി ആണല്ലോ. അതേപ്പറ്റി, അതെഴുതുന്ന കാലം. 

പി.കെ. ബാലകൃഷ്ണന്‍ പൊതുവെ സൗഹൃദം ഉള്ളയാളല്ല. ഞാന്‍, അയ്യപ്പപ്പണിക്കര്‍ ഇവരൊക്കെത്തന്നെയേയുള്ളു. അദ്ദേഹം വന്നാല്‍ ആദ്യം മുതല്‍ അവസാനം വരെ മഹാഭാരതത്തെപ്പറ്റിയേ പറയൂ. വായിച്ച് വായിച്ച് ഒരോന്നു പറയും. ഞങ്ങള്‍ പ്രേരിപ്പിച്ച് എഴുതൂ എഴുതൂ എന്ന് പറയുമായിരുന്നു. ഇടയ്ക്ക് മഹാഭാരതം അവിടെയെത്തി ഇവിടെയെത്തി എന്നു പറയും, എഴുതുന്ന സമയത്ത്. ഭാഷ തിരുത്താന്‍ എന്നെയും കാണിച്ച് തരുമായിരുന്നു. വളരെ കഠിനമായ ഭാഷയായിരുന്നു. അതുപോലെ സംസ്‌കൃതപദങ്ങളും. ബാലകൃഷ്ണന്‍ പറയുന്നത് ഇതിഹാസത്തിന്റെ അന്തരീക്ഷത്തില്‍ അത് വേണമെന്നാണ്. (വളരെ ലളിതമായ ഭാഷയാണ് യയാതി.) 'ഇനി ഞാന്‍ ഉറങ്ങട്ടെ' വായനക്കാര്‍ ഏറ്റെടുത്ത നോവലാണ്. വയലാര്‍ അവാര്‍ഡ് കിട്ടിയല്ലോ. ബാലകൃഷ്ണന്‍ മറ്റൊരു നോവലും എഴുതിയിട്ടുണ്ട്. 'പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ' എന്ന, ഒരു കൊച്ചുപട്ടിയെക്കുറിച്ചുള്ള നോവല്‍. ഞാന്‍ ബാലകൃഷ്ണന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്. എന്‍.ബി.എസ് ആണ് പ്രസാധകര്‍. 

പെട്ടെന്നായിരുന്നു ബാലകൃഷ്ണന്റെ മരണം. ഹൃദയാഘാതമായിരുന്നു. ഞാനന്ന് എം.എല്‍.എ ആയിരിക്കുമ്പോഴാണ്. ബാലകൃഷ്ണന്‍ ഇടയ്ക്കിടെ എന്നെ കാണാന്‍ വരും. ചിലപ്പോള്‍ എന്റടുത്ത് പലയാളുകളും ഉണ്ടാകും. അവരെ പരിചയപ്പെടുത്തും. അതൊന്നും ബാലകൃഷ്ണന് ഇഷ്ടമല്ല. ഒരു ദിവസം ബാലകൃഷ്ണന്‍ എന്നോട് എനിക്ക് നിങ്ങളെ കാണണം, നിങ്ങളെ മാത്രമായി കിട്ടണം, എന്റെ വീട്ടില്‍ കൂടാം എന്നു പറഞ്ഞു. ശരി ഞാനങ്ങോട്ട് വരാമെന്ന് പറഞ്ഞു. വരുമ്പോള്‍ അലവലാതികളെ കൂടെ കൂട്ടരുത് എന്ന് ബാലകൃഷ്ണന്‍ പ്രത്യേകമായി പറയും. ആരെയും പുള്ളിക്കിഷ്ടമല്ല. ഒരു ദിവസം രാവിലെ ആറേഴുമണിയായപ്പോള്‍ ഞാന്‍ ബാലകൃഷ്ണന്റെ വീട്ടിലേക്ക് വിളിച്ചു. ഞാന്‍ വരുന്നുണ്ട്, വാക്ക് പാലിക്കുന്നു എന്നു പറയാന്‍. പക്ഷേ, കുറേനേരം ഫോണടിച്ചിട്ടും ആരും എടുത്തില്ല. വീണ്ടും വിളിച്ചപ്പോള്‍ മറുതലക്കല്‍ ഒരു സ്ത്രീ ശബ്ദം. ഞാന്‍ എം.കെ. സാനുവാണെന്ന് പറഞ്ഞ് ബാലകൃഷ്ണനെ ചോദിച്ചപ്പോള്‍ ''അദ്ദേഹം മരിച്ചുപോയി'' എന്നവര്‍ പറഞ്ഞു. ഇപ്പോള്‍ മരിച്ചതേയുള്ളൂ എന്നും. അതായിരുന്നു മരണം. ഞാന്‍ ഫോണുമായി കുറേനേരം താഴെ ഇരുന്നുപോയി ഒന്നും മിണ്ടാനാകാതെ. അത്രയ്ക്ക് വലിയ ഷോക്കായിരുന്നു അത്. ഞങ്ങളുടെ രണ്ട് പേരുടെയും ഒരു സുഹൃത്ത് പ്രസന്നന്‍ എന്നെ വിളിച്ചു. സാനു അവിടെത്തന്നെ നില്‍ക്കൂ, എങ്ങും പോകണ്ട ഞാന്‍ കാറുമായി വരാം എന്നു പറഞ്ഞു. നിയമസഭാ സെക്രട്ടറിയായിരുന്നു ആര്‍. പ്രസന്നന്‍. പിന്നെ അദ്ദേഹത്തിന്റെ കാറില്‍ ഞാന്‍ അവിടെയെത്തി. അവിടെയെത്തുമ്പോള്‍ അയ്യപ്പപ്പണിക്കര്‍ വന്നിട്ടുണ്ട്. അദ്ദേഹം എന്നോട് ഗൗരവം വിടാതെ 'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്നു പറഞ്ഞു. കെ.ആര്‍. ചുമ്മാര്‍ ഒരു ലേഖനമെഴുതാന്‍ മുറിയില്‍ വന്നിരിപ്പുണ്ട്. ഞാന്‍ ചുമ്മാറിനോട് പറഞ്ഞു. ഞാനാകെ തകര്‍ന്നിരിക്കുകയാണ് എന്ന്. പക്ഷേ, സാനു പറഞ്ഞുതരണം എന്നായി. ഞാന്‍ പറഞ്ഞുകൊടുത്തു ഒടുവില്‍. ലേഖനം മനോരമയില്‍ വരികയും ചെയ്തു. അതായിരുന്നു ബാലകൃഷ്ണന്റെ ജീവിതം. 

പികെ ബാലകൃഷ്ണൻ
പികെ ബാലകൃഷ്ണൻ

സാഹിത്യ അക്കാദമിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ അതിനെപ്പറ്റി?

ഞാന്‍ സത്യത്തില്‍നിന്ന് വ്യതിചലിച്ച് ചെയ്ത ഒരു പ്രവൃത്തി സാഹിത്യ അക്കാദമി പ്രസിഡന്റ് ആയതാണ്. അത് എന്നെ ആക്കണമെന്ന് പറഞ്ഞത് ടി.കെ. രാമകൃഷ്ണനാണ്. ഞാനതിനെപ്പറ്റി മുന്‍പ് മാതൃഭൂമിയില്‍ കുറിപ്പെഴുതിയിരുന്നു. എം.ടി. വാസുദേവന്‍ നായര്‍ ആവശ്യപ്പെട്ടിട്ടാണ് അതെഴുതിയത്. സാഹിത്യ അക്കാദമികളെക്കുറിച്ചുള്ള അഭിപ്രായമെന്താണ് എന്ന്. ഞാന്‍ പറഞ്ഞു: ''സാഹിത്യ അക്കാദമികള്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ്. അതുകൊണ്ട് അങ്ങനെയിരിക്കുന്ന ഒന്നില്‍ പോകുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം അടിയറവ് വക്കുകയാണ്.'' അതിന് തലക്കെട്ടായി കൊടുത്തത് 'കൊട്ടാരഷണ്ഡന്മാര്‍' എന്നാണ്. സാഹിത്യത്തിലെ കൊട്ടാരഷണ്ഡന്മാര്‍ എന്ന്. എന്നെ നിയമിച്ചപ്പോള്‍ ആരോ ഇതോര്‍ത്തിരുന്നു. പണ്ടിങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, പറഞ്ഞിട്ടുണ്ട്, ഇപ്പോള്‍ ഞാന്‍ ഷണ്ഡന്മാരുടെ നേതാവായി; അത്രേയുള്ളൂ എന്ന്. അന്ന് കുറേക്കാര്യങ്ങള്‍ക്ക് മാറ്റം വരുത്തി. സാംസ്‌കാരിക ഡയറി ഉണ്ടായത് എന്റെ കാലത്താണ്. സാംസ്‌കാരിക ഡയറി സംസ്‌കാരത്തിന്റെ പൈതൃകമായി കൊടുത്തു. പ്രധാന കവികളുടെ, എഴുത്തുകാരുടെ ജനനം, മരണം അങ്ങനെയുള്ള വിവരങ്ങള്‍. അതൊന്നു കണ്ടുനോക്കണം. നല്ല ഡയറിയാണത്. പിന്നെ മറ്റൊരു പരിഷ്‌കാരവും വരുത്തി. അന്ന് രണ്ട് കമ്മിറ്റികള്‍ ഉണ്ട്. വര്‍ക്കിങ്ങ് കമ്മിറ്റി, ജനറല്‍ കൗണ്‍സില്‍ എന്നിങ്ങനെ. ഇതിലുള്ളവര്‍ ആരും തന്നെ അവാര്‍ഡ് വാങ്ങാന്‍ പാടില്ല എന്ന് തീരുമാനിച്ചു. മുന്‍പ് അവര്‍ അങ്ങനെയായിരുന്നില്ല. എന്റെ കാലത്തെ ഉറച്ച തീരുമാനമായിരുന്നു അത്. പിന്നെ മൂന്നാമതായി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാനായി ശ്രമിച്ചു. എന്റെ കാലത്ത് നടന്നില്ല. പക്ഷേ, പിന്നീട് അതുണ്ടായി. 

ബെട്രാന്റ് റസ്സൽ
ബെട്രാന്റ് റസ്സൽ

ഈ പറഞ്ഞ കാര്യങ്ങള്‍, തീരുമാനങ്ങള്‍ അങ്ങ് അക്കാദമിയില്‍നിന്ന് പോന്നതിനു ശേഷം തുടര്‍ന്നോ?

തുടര്‍ന്നില്ല. തുടരാന്‍ തയ്യാറാകുകയില്ല. എനിക്കതില്‍ തീര്‍ച്ചയായും വിഷമമുണ്ട്. അക്കാദമി അവാര്‍ഡ് കാണുമ്പോള്‍ ഞാനോര്‍ക്കും, പിന്നെ എന്റെയൊരു വിശ്വാസം അക്കാദമി അവാര്‍ഡെന്നല്ല ഏത് അവാര്‍ഡും നിഷേധിക്കാന്‍ പാടില്ല എന്നതാണ്. എന്റെയൊരു പുസ്തകത്തില്‍ ഞാനതെഴുതിയിട്ടുണ്ട്. അവധാരണം എന്ന പുസ്തകത്തില്‍. ഞാനെഴുതിയത് നൊബേല്‍ സമ്മാനത്തെക്കുറിച്ചാണ്. 1902-ലാണ് നൊബേല്‍ സമ്മാനം വരുന്നത്. അന്ന് ഒരു ഫ്രെഞ്ച് കവിക്ക് ലഭിച്ചു. അന്ന് ജീവിച്ചിരുന്ന രണ്ട് എഴുത്തുകാരാണ് ലിയോ ടോള്‍സ്റ്റോയ് - ഒരു എഴുത്തുകാരനെന്ന നിലയില്‍ മഹാത്മാഗാന്ധിയെ വരെ പൂജിച്ചിരുന്നു. അദ്ദേഹം 1910 വരെ ജീവിച്ചിരുന്നു. മറ്റൊരാള്‍ ഇബ്‌സണ്‍. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി എഴുതിയയാള്‍. ഇബ്‌സന്റെ നോറ എന്ന ആദ്യപുസ്തകം എഴുതിയപ്പോള്‍ അതിനെപ്പറ്റി ഒരു നിരൂപകന്‍ എഴുതിയത് - ഭാര്യ എനിക്കടിമയായി ജീവിക്കാന്‍ സാധിക്കില്ല എന്ന് ഭര്‍ത്താവിനോട് പറഞ്ഞിട്ട് വാതില്‍ വലിച്ചടച്ച് പോകുന്നതാണ് ആ നാടകം. ആ നാടകം നോറ വലിച്ചടച്ച വാതിലിന്റെ ശബ്ദം യൂറോപ്പില്‍ എങ്ങും മാറ്റൊലിക്കൊണ്ടു എന്നാണ്. അത്ര പ്രകമ്പനമുണ്ടാക്കിയ എഴുത്താണത്. യൂറോപ്പില്‍ മാത്രമല്ല, അമേരിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യയിലുമെല്ലാം അതിന്റെ തിരയിളക്കമുണ്ടാക്കി. അദ്ദേഹത്തിന് നൊബേല്‍ സമ്മാനം കിട്ടിയില്ല. 1906 വരെ ഇബ്സണ്‍ ജീവിച്ചിരുന്നു. ഒരുകാലത്തും ഈ അവാര്‍ഡ് എന്നത് ഒരു അംഗീകാരമല്ല. തല്‍ക്കാലം ഒരാള്‍ക്ക് പത്രവാര്‍ത്ത കൊടുക്കാന്‍ വേണ്ടി മാത്രമേ ഉള്ളൂ. അതിപ്പോഴും അങ്ങനെ തന്നെയാണ്. 

എം ​ഗോവിന്ദൻ
എം ​ഗോവിന്ദൻ

മാഷ് അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമായിരുന്നിട്ടുണ്ടല്ലോ?

ചിലതിലൊക്കെ ആയിട്ടുണ്ട്. വയലാര്‍ അവാര്‍ഡ് കമ്മിറ്റിയിലൊക്കെയുണ്ടായിരുന്നു. സാഹിത്യത്തില്‍ പലതിലും ഇഷ്ടമല്ലാത്ത കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. അരോചകമായ പല അനുഭവങ്ങളുമുണ്ട്. 

പറയാനുള്ളത് നേരെ പറയുക എന്ന സ്വഭാവം. ചെറുതിലേതന്നെ ഇങ്ങനെയൊരു ശീലമുണ്ടോ?

അതെ, അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ശീലം എപ്പോഴുമുണ്ട്. അതങ്ങനെ മാറ്റാറില്ല. അതുകൊണ്ട് സൗഹൃദവും മാറ്റാറില്ല. അങ്ങനെ പറഞ്ഞതിന് ഒരാള്‍ മാത്രമേ പിണങ്ങിപ്പോയിട്ടുള്ളൂ. അത് അഴീക്കോടാണ്. പോട്ടെ, അത് പറയണ്ട.

പുതിയ തലമുറയെപ്പറ്റി, എഴുത്തുകളെപ്പറ്റി?

ഒരു ജീര്‍ണ്ണതയുടെ കാലമാണ്. സെന്‍സിബിലിറ്റി ഇല്ല. എല്ലാ രംഗത്തും, സൃഷ്ടിരംഗത്തും അതാണ്. ഒ.വി. വിജയന്‍, ശ്രീരാമന്‍, മുകുന്ദന്‍ അവരുടെ നിലവാരത്തിലുള്ള എഴുത്തുകാര്‍ ഇന്നില്ല. എഴുത്തുകാര്‍ ധാരാളമുണ്ട്. പക്ഷേ, ഉയരങ്ങളിലേക്ക് പോകുന്നില്ല. ഫിക്ഷന്റെ കാര്യമെടുത്താലും അങ്ങനെ തന്നെ. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം', സേതുവിന്റെ 'പാണ്ഡവപുരം', മുകുന്ദന്റെ 'മയ്യഴി' അതുപോലെ ഒന്നും എഴുതാന്‍ കഴിയുന്നില്ല. ഇപ്പോള്‍ എങ്ങനെയോ ഉണ്ടാക്കി വക്കുകയാണ്. വിമര്‍ശനവും കഷ്ടമാണ്. 

നല്ല വിമര്‍ശനങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ അത്?

നല്ല വിമര്‍ശനങ്ങള്‍ ഇല്ല. ഒന്നും വ്യക്തമായി അറിയുന്നവരില്ല, എഴുതുന്നവരില്ല. ഒരു വാക്കിന്റെ അര്‍ത്ഥം 'അര്‍ത്ഥരുചി' എന്ന പ്രയോഗമാണ്. പ്രരോദനത്തിലെ വാക്യമാണത്. അതില്‍ ആശാന്‍ പറയുന്നുണ്ട് 'ശങ്കാഭേദമുദിക്കുമര്‍ത്ഥരുചി'യെന്ന്. അത് വായനക്കാര്‍ക്ക് സംശയം കൂടാതെ ഇയാള്‍ ഇന്നതാണ് എന്ന് എഴുതുന്നത് എന്നാണ് അര്‍ത്ഥരുചി. ഇന്നത്തെ എഴുത്ത് മാജിക്കുപോലെയാണ്. തോന്നുംപോലെ എഴുതുന്നവര്‍. വായിച്ചാല്‍ മനസ്സിലാവില്ല. പ്രസംഗവും അങ്ങനെതന്നെയാണ്. 

ടികെ രാമകൃഷ്ണൻ
ടികെ രാമകൃഷ്ണൻ

എഴുത്തുകള്‍ കൂടുതല്‍ സുതാര്യമാവണം എന്നാണോ?

എല്ലാവര്‍ക്കും വായിച്ചാല്‍ മനസ്സിലാക്കാന്‍ പാകത്തില്‍ എഴുതണം. എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ പാകത്തിനുള്ള ഗദ്യം എഴുതുക എന്നത് സാധിക്കുന്നത് ഒരു ലക്ഷ്യോന്മുഖമായ ആശയം പ്രതിപാദിക്കുമ്പോഴാണ്. ചിന്തിക്കുന്ന മനസ്സിനേ എഴുതാന്‍ പറ്റൂ. ഇന്നതില്‍ എനിക്കെത്തിച്ചേരണം, എഴുതി എഴുതി അവിടെയെത്തിക്കാന്‍ അതിനുള്ള മനസ്സില്ല. അതിനാവശ്യമായ വ്യക്തതയുമില്ല. വ്യക്തമായ ഒരാശയം പ്രതിപാദിക്കാന്‍ കഴിവുള്ളവര്‍ ഇല്ലാതായി. 

ഇപ്പോള്‍ സ്മരണകളാണ് അധികവും. ആത്മകഥയും ആത്മപ്രശംസയുമാണ്. ആത്മപ്രശംസക്കുള്ളതല്ല ആത്മകഥ. ഇ.എം.എസിന്റെ ആത്മകഥ ഒരു പാര്‍ട്ടിയുടെ ചരിത്രമാണ്. വി.ടി. ഭട്ടതിരിപ്പാടും എഴുതിയിട്ടുണ്ട്. നമ്പൂതിരി സമുദായത്തെ ഇളക്കിമറിച്ച സംഭവങ്ങളാണത്. 'കണ്ണീരും കിനാവും.' ഞാനെന്റെ പുസ്തകത്തിലും അതുതന്നെ അവകാശപ്പെടുന്നു. എന്നെപ്പറ്റി ഒരു വാഴ്ത്തലും അതിലില്ല. 

ഇന്നത്തെ പല എഴുത്തുകളിലും നിസ്സംഗത നഷ്ടപ്പെടുന്നു. എനിക്ക് ഈ ഭൂമിയില്‍ ഒരു മണല്‍ത്തരിയുടെ സ്ഥാനമേ ഉള്ളൂ. ഞാനത് അറിയുന്നയാളാണ്. ഇത്രയധികം സംഭവങ്ങളും ബുദ്ധിശാലികളായ മനുഷ്യരുമുള്ളപ്പോള്‍ ചെറിയൊരു സ്ഥാനം മാത്രം. ആ സ്ഥാനം ഞാന്‍ ഒരിക്കലും മറക്കില്ല. ഇതേ എനിക്കുള്ളൂ എന്നത്. അതുകൊണ്ട് എനിക്കൊരു അഹന്തയുമില്ല. 

ഇബ്സൻ
ഇബ്സൻ

മാഷ് ഒരുപാട് യാത്രകള്‍ ചെയ്യാന്‍ താല്പര്യം കാണിച്ചിട്ടുള്ള ആളാണെന്നു കേട്ടിട്ടുണ്ട്?

ഞാന്‍ യാത്ര ചെയ്തിരുന്നു. യാത്രകള്‍ എല്ലാം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സ്ഥിതിഗതികള്‍ അറിയാനും മനുഷ്യരുമായി ബന്ധപ്പെടാനുമാണ്. ഞാന്‍ എല്ലായിടത്തും സ്‌നേഹിക്കുന്നവരെയാണ് കണ്ടിട്ടുള്ളത്. ഒരിക്കല്‍ റഷ്യയില്‍ പോയി. ഞാനൊറ്റക്കാണ് കേരളത്തില്‍നിന്ന്. ബംഗാളില്‍നിന്ന് രണ്ട് പേര്‍. അവരും ഞാനുമായി പൊരുത്തപ്പെട്ടില്ല. കുറേയധികം ഡ്രസ്സുകളും ഉണ്ടായിരുന്നു. തണുപ്പുകാലമായതിനാല്‍ ബാഗ് വളരെ വലുതാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു ആസ്ട്രേലിയന്‍ ഉണ്ടായിരുന്നു. വളരെ പൊക്കമുള്ള ഒരാള്‍. അയാള്‍ എന്റെയടുത്ത് വന്നിട്ട് ബാഗ് എടുത്ത് I Will carry it for you, you are weak എന്നു പറഞ്ഞു. നമ്മുടെ നാട്ടുകാര്‍ ആരും വന്നില്ല. പിന്നെ ഞാന്‍ കണ്ട പല ദിക്കിലും ഒരുതരം സമത്വമുണ്ട്. ഞങ്ങളുടെ കൂടെ ഒരു മന്ത്രിയുണ്ടായിരുന്നു. ഒരു ഡിന്നര്‍ പാര്‍ട്ടിക്കിടയില്‍ വിളമ്പുന്നയാളിന് അയാള്‍ സിഗരറ്റ് വലിക്കാന്‍ തുടങ്ങിയപ്പോള്‍ മന്ത്രി അയാള്‍ക്ക് ലൈറ്റര്‍കൊണ്ട് കത്തിച്ചുകൊടുത്തു. അതിലൊരു സമഭാവനയുണ്ട്. നമ്മുടെ നാട്ടില്‍ ഇത് കാണുമോ? പിന്നൊന്ന്, വീതിയേറിയ റോഡില്‍ക്കൂടി വണ്ടിയില്‍ പോകുമ്പോള്‍ സിഗ്‌നല്‍ തെറ്റിച്ച് ഒരാള്‍ നടന്നുപോകുന്നു. ഒരു വൃദ്ധനാണത്. പെട്ടെന്ന് എല്ലാ വണ്ടികളും നിര്‍ത്തിയിട്ടു. അയാള്‍ പോയതിനു ശേഷം മാത്രമേ വണ്ടികള്‍ പോയുള്ളു. അപ്പോള്‍ ഞാന്‍ കൂടെയുള്ളയാളോടു ചോദിച്ചു. അപ്പോള്‍ അയാള്‍ ഇവിടെ ആരും അങ്ങനെ നടക്കാറില്ല, എന്തോ തെറ്റിവന്നതാണ്. ഞങ്ങള്‍ മനുഷ്യജീവന് വിലകല്പിക്കുന്നവരാണ്; ജീവനെ സ്‌നേഹിക്കുന്നവരാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ കുറേ കാര്യങ്ങള്‍ യാത്രയില്‍ കണ്ടു. 

ഒരു റൈറ്റേഴ്സ് യൂണിയനില്‍ പങ്കെടുക്കാനാണ് റഷ്യയില്‍ പോയത്. ലോകത്തിലെ എഴുത്തുകാരുടെ കലാകാരന്മാരുടെയെല്ലാം സംഗമം. അന്ന് ഞാന്‍ പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റാണ്. അന്ന് ഒരു സര്‍ക്കസുകാരനെ കണ്ടു. അയാള്‍ കലാകാരനാണ്. സര്‍ക്കാര്‍ കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. നമ്മുടെ നാട്ടിലെ കലാകാരന്മാര്‍ അനാഥമന്ദിരത്തില്‍ ജീവിച്ച് മരിച്ച കാഴ്ചകള്‍ നാം കണ്ടിട്ടുണ്ട്. ആരും തിരിഞ്ഞുനോക്കില്ല. നാടകക്കാരായാലും സ്റ്റേജില്‍നിന്ന് പോയാല്‍ ആര് തിരിഞ്ഞുനോക്കും. അവര്‍ക്ക് പെന്‍ഷന്‍ കൊടുക്കണമെന്ന് തിരിച്ചുവന്ന് വാദിച്ചു. സ്ത്രീയേയും പുരുഷനേയും തുല്യരായി കാണണം എന്നൊക്കെ വാദിച്ചു. പക്ഷേ, അതൊന്നും ഇവിടെ നടക്കില്ല. 

ഗാന്ധിജി
ഗാന്ധിജി

അന്നത്തെ റഷ്യയുടെ അവസ്ഥയെന്തായിരുന്നു?

ഞാന്‍ പോയത് 1984-ലാണ്. അന്നവിടെ ആഡംബര സാധനങ്ങളോട് ആളുകള്‍ക്ക് താല്പര്യമാണ്. അത് കിട്ടുന്നില്ലവിടെ. എന്നോട് ആളുകള്‍ പറഞ്ഞിരുന്നു. ഞാന്‍ മൂന്ന് റെഡ് പിയേഴ്സ് സോപ്പും സ്‌കാര്‍ഫുകളും ചന്ദനസോപ്പുമൊക്കെ കൊണ്ടുപോയിരുന്നു. അവര്‍ക്കെല്ലാം ഒരേ തരത്തിലുള്ള സോപ്പും വസ്ത്രങ്ങളുമാണ്. റേഷനാണ്. അവര്‍ ഈ സാധനങ്ങള്‍ കാണുമ്പോള്‍ ആര്‍ത്തിയോടെ വരും. ബഹിരാകാശ യാത്രയ്ക്ക് പണം ചെലവഴിച്ച് കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദാരിദ്ര്യം അവരെ വിട്ടുമാറിയില്ല. അതോടൊപ്പം വളരുന്ന മനുഷ്യസ്വഭാവത്തിന്റെ ഒരു ആര്‍ത്തിയുണ്ട്. അതുണ്ടായിരുന്നു അവര്‍ക്ക്. 

സാധാരണ ജനജീവിതത്തെ ബാധിക്കുന്ന ഇത്തരം സംഭവങ്ങളും വികസന പ്രക്രിയകളും നമ്മുടെ നാട്ടിലുമില്ലേ?

അത് വേണ്ടേ എന്ന മറുവശവും ഉണ്ട്. A long step for mankind. പ്രപഞ്ചരഹസ്യം നമ്മള്‍ അറിയുക എന്നതിന്റെ മറുവശം. ഇന്ത്യന്‍ സ്പെയ്സും വളര്‍ന്നുകഴിഞ്ഞു. പല വഴിക്ക് പല ടെക്നോളജീസ് എല്ലാം ആവശ്യമാണ്. പക്ഷേ, കയ്യില്‍ കിട്ടിയാല്‍ ഏത് ദോഷത്തിനും ഉപയോഗിക്കും എന്നതാണ് കുഴപ്പം. ബെര്‍ട്രാന്റ് റസ്സല്‍ അദ്ദേഹത്തിന്റെ Impact of Sciences on Society എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ മനുഷ്യന്റെ ഒരു കയ്യില്‍ പെന്‍സിലിനും മറുകയ്യില്‍ ആറ്റംബോംബുമുണ്ട്. ഏത് ഉപയോഗിക്കണം എന്നാണ് നിശ്ചയിക്കേണ്ടത് എന്ന് പറയുംപോലെ വിവേകം വര്‍ദ്ധിക്കണം. അത് വരുന്നില്ല. 

സുഭാഷ് ചന്ദ്ര ബോസ്
സുഭാഷ് ചന്ദ്ര ബോസ്

നമ്മുടെ വിദ്യാഭ്യാസ രീതിയെക്കുറിച്ച്; ഒരുപാട് മാറ്റങ്ങള്‍ വന്നല്ലോ. 

പണ്ട് സായ്പിന് ഗുമസ്തപ്പണി എന്നു പറഞ്ഞാല്‍പ്പോലും അതിന് ഗുണങ്ങള്‍ ഉണ്ടായിരുന്നു. ഗാന്ധിജി വന്നത് അതില്‍തന്നെയാണ്. സുഭാഷ് ചന്ദ്രബോസ് വന്നതും അങ്ങനെയാണ്. ഈ മനുഷ്യത്വത്തിന്റെ മാനങ്ങള്‍ അന്നത്തെ വിദ്യാഭ്യാസത്തിനുണ്ടായിരുന്നു. തൊട്ടുമുന്‍പുള്ള വിദ്യാഭ്യാസത്തിലും സാഹിത്യം പഠിക്കണം, സയന്‍സ് പഠിക്കണം, ചരിത്രം അങ്ങനെയെല്ലാം സമഗ്രമായി പഠിക്കണം. ഷേക്സ്പിയര്‍ കൃതികള്‍, കുമാരനാശാന്‍, എഴുത്തച്ഛന്‍ ഒക്കെ പഠിക്കേണ്ടിവരും. ഭൂമിശാസ്ത്രം പഠിക്കേണ്ടിവരും ഇതൊക്കെ പഠിക്കാതെ പറ്റില്ലല്ലോ. മനുഷ്യനെ സംബന്ധിച്ച് ഒരു സമഗ്രവിജ്ഞാനം അവന്റെ എല്ലാ മാനങ്ങളിലും ഒരു വികാസം നല്‍കുമായിരുന്നു. ഇന്നിപ്പോള്‍ ടെക്നോളജിക്ക് പ്രാധാന്യമുണ്ട്. ഐ.ടി മതി. എഡ്യുക്കേഷന്‍ ഓഫ് ദ പ്രൊഫഷണല്‍ ഫോര്‍ ടെക്നോളജി. അത് വരുമ്പോള്‍ മനുഷ്യത്വം എന്നു പറയുന്ന അംശം നഷ്ടപ്പെട്ടുപോകുന്നുണ്ട്. ചരിത്രമറിയുന്നവരും വളരെ കുറഞ്ഞുപോകുന്നു. നമുക്കതറിയാതെ മുന്നോട്ട് പോകാനാകില്ല. പൈതൃകമറിയേണ്ടേ?

ഭാഷയിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടല്ലോ. വാക്കുകളുടെ പ്രയോഗങ്ങള്‍, ഭാഷാപഠനം നിലവില്‍ ഉണ്ടെങ്കില്‍ക്കൂടി?

ഉണ്ട്. ഇപ്പോള്‍ എല്ലാം വിഷ്വല്‍ ആയിപ്പോയില്ലേ. അച്ചടിമാധ്യമം കഴിഞ്ഞ് ദൃശ്യമാധ്യമം വന്നപ്പോള്‍ ലക്ഷ്യവും മാര്‍ഗ്ഗവും എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയത് മനുഷ്യന്റെ കയ്യില്‍ ഒരായുധം കിട്ടിയിരിക്കുകയാണ്. സംഘടിതമായും ആസൂത്രിതമായും അസത്യം പ്രചരിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി അത് മാറി എന്നു വരാം. ഈ ആശങ്ക എനിക്കുമുണ്ട്. മികവുറ്റ മാധ്യമങ്ങള്‍ മുഴുവന്‍ മള്‍ട്ടിനാഷണല്‍സിന്റെ കയ്യിലായി. ഒരുപാട് ഇന്‍വെസ്റ്റ് വേണ്ടേ. നമ്മുടെ മെട്രോ തൂണില്‍ എഴുതിയിട്ടുണ്ട് Don't think, Start Advertise എന്ന്. നിങ്ങള്‍ ചിന്തിക്കണ്ട, ഞങ്ങള്‍ ചെയ്‌തോളാം എന്ന്. ഏത് തുണി വാങ്ങണം, ഏത് സാധനം വാങ്ങണം എന്നൊക്കെ ഞങ്ങള്‍ തീരുമാനിക്കും എന്ന്. നിങ്ങള്‍ പരസ്യത്തില്‍ കീഴ്പെട്ടാല്‍ മതി എന്ന്. അത്തരത്തിലായി കാര്യങ്ങള്‍. 

എംകെ സാനുവും എംടി വാസുദേവൻ നായരും ഒരു സാഹിത്യ ചടങ്ങിൽ
എംകെ സാനുവും എംടി വാസുദേവൻ നായരും ഒരു സാഹിത്യ ചടങ്ങിൽ

മഹാരാജാസ് കാലം, അവിടത്തെ ഓര്‍മ്മകള്‍

ഞാന്‍ എസ്.എന്‍. കോളേജില്‍നിന്നാണ് മഹാരാജാസിലേക്ക് വരുന്നത്. അവിടത്തെ പോലയല്ല, കുറേക്കൂടി സമാധാനപരമായി ക്ലാസ്സെടുക്കാം. വെവ്വേറെ ക്ലാസ്സ്മുറികളുമുണ്ട്. ശാന്തരായ കുട്ടികള്‍. എം. തോമസ് മാത്യുവൊക്കെ എന്റെ ശിഷ്യനാണ്. തോമസ് ഐസക്ക് എന്റെ സ്റ്റുഡന്റ് അല്ല. പക്ഷേ, സമര്‍ത്ഥനായ കുട്ടിയാണ്. അങ്ങനെ പലരുമുണ്ടായിരുന്നു. അന്ന് അടിയന്തരാവസ്ഥക്കാലത്ത് തോമസ് ഐസക്കിനേയും മറ്റ് പലരേയും ഓടിച്ചിട്ട് പിടിക്കാന്‍ നോക്കിയിട്ടുണ്ട്. ഞാനതൊക്കെ ആശങ്കയോടെ നോക്കിനിന്നിട്ടുണ്ട്. ഭയങ്കരമായിരുന്നു ആ ദിനങ്ങള്‍. കോളിളക്കങ്ങള്‍ ഒരുപാടുണ്ടായി. അതിനെ ന്യായീകരിക്കാന്‍ വേണ്ടി സാഹിത്യകാരന്മാരുടെ സംഘടനയൊക്കെയുണ്ടായി. പലരുമുണ്ട്. പേര് പറയുന്നില്ല. എം. ഗോവിന്ദന്റെ ജീവചരിത്രത്തില്‍ ഞാന്‍ അതൊക്കെ എഴുതിയിട്ടുണ്ട്. എ.കെ. ആന്റണി, വയലാര്‍ രവി, കെ.എം. റോയ് ഇവരൊക്കെ മഹാരാജാസില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി, വൈക്കം വിശ്വന്‍, ഹരിദാസന്‍ ഇവരൊക്കെ മഹാരാജാസില്‍ പഠിച്ചവരാണ്. 

മാഷിന്റെ ശിഷ്യസമ്പത്തും വളരെ കൂടുതലാണല്ലോ?

പലരുമായും ബന്ധമുണ്ട്. മുന്‍പ് പറഞ്ഞവരെ കൂടാതെ ധാരാളം സ്ത്രീകള്‍ അവിടെ പഠിച്ചിട്ടുണ്ട്. അവര്‍ ഇന്ന് അമ്മൂമ്മമാരാണ്. ചിലര്‍ അവിയല്‍, മീന്‍കറി ഒക്കെ ഉണ്ടാക്കി കൊണ്ടുവന്ന് തന്ന് സ്‌നേഹം പ്രകടിപ്പിക്കും. കാണാനായി മിക്കവാറും ആളുകള്‍ വരും. മനസ്സിന് ഒരുപാട് തൃപ്തി തരുന്നത് അത് മാത്രമാണ്. സെബാസ്റ്റ്യന്‍ പോള്‍ മഹാരാജാസില്‍ പഠിച്ചയാളാണ്. ശിഷ്യനല്ലെങ്കിലും മോഹന്‍ലാലുമായി നല്ല അടുപ്പമുണ്ട്. നെടുമുടി വേണു എന്റെ അടുപ്പക്കാരനായിരുന്നു. കാവാലം എന്റെ ക്ലാസ്മേറ്റാണ്. പഠിക്കുന്ന കാലത്തും ഉടുക്കുകൊട്ടുമായിരുന്നു. കവിതയും വായിക്കും. ശിഷ്യരെപ്പോലെ സൗഹൃദങ്ങളും നല്ല രീതിയില്‍ ഉണ്ടായിരുന്നു. കെ. സരസ്വതിയമ്മ എന്റെ സുഹൃത്തായിരുന്നു. നബീസാ ഉമ്മാള്‍ സഹപാഠിയും സുഹൃത്തുമാണ്. 

എകെ ആന്റണി
എകെ ആന്റണി

എങ്ങനെയായിരുന്നു രാഷ്ട്രീയ പ്രവേശനം?

എനിക്ക് രാഷ്ട്രീയത്തില്‍ എന്നും താല്പര്യമുണ്ട്. എല്ലായ്‌പ്പോഴും. പഠിക്കുന്ന സമയം മുതല്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍. ഞാനൊരു സോഷ്യലിസ്റ്റ് വിശ്വാസിയാണ്. പക്ഷേ, വ്യക്തിസ്വാതന്ത്ര്യം അനുവദിക്കണം. അവിടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള എന്റെ അഭിപ്രായവ്യത്യാസം. എനിക്കൊരഭിപ്രായം പറയണമെങ്കില്‍ ലോകത്തെല്ലാം പറയുന്ന ഒരു പക്ഷക്കാരനാണ് ഞാന്‍. ആ രാഷ്ട്രീയം എന്നും ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നിട്ടും പാലിച്ചുപോന്നിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ പുരോഗമന കലാസാഹിത്യത്തിന്റെ പ്രസിഡന്റായത്. വൈലോപ്പിള്ളിയില്‍നിന്ന് ഞാനാണ് അതേറ്റെടുത്തത്. ഇ.എം.എസ്. അതിന്റെ അധ്യക്ഷനായിരുന്നു. അതുകഴിഞ്ഞ് ഗവണ്‍മെന്റിന്റെ പല നയങ്ങളേയും വിമര്‍ശിച്ച് പോന്നതില്‍ ഞാനുമുണ്ട്. രാഷ്ട്രീയമായി എപ്പോഴും ഞാന്‍ ഇടതുപക്ഷ ചിന്തകനാണ്. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ മുന്‍പത്തെ മന്ത്രിസഭ ഒരുപാട് അഴിമതി നിറഞ്ഞതായിരുന്നു. എന്റെയൊരു വിദ്യാര്‍ത്ഥി എന്റടുത്ത് വന്നു പറഞ്ഞു, അവരെ കാസര്‍ഗോഡ് ഏതോ ഒരു ദിക്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അവര്‍ എച്ച്.എം ആണ്. അവരുടെ മകള്‍ പത്താം ക്ലാസ്സിലെഴുതുന്ന സമയം. അവരോട് ആരോ പറഞ്ഞു എത്രയോ രൂപ കൊടുത്താല്‍ ട്രാന്‍സ്ഫര്‍ പിന്‍വലിപ്പിക്കാമെന്ന്. അങ്ങനെ സങ്കടപ്പെട്ട് എന്റടുത്തു വന്നു. പൈസ കൊടുക്കാന്‍ ഇവരുടെ ഭര്‍ത്താവ് സമ്മതിക്കുന്നുമില്ല. ഞാന്‍ പറഞ്ഞാല്‍ ഭര്‍ത്താവ് കേള്‍ക്കും എന്ന് പറഞ്ഞാണ് വന്നത്. ഞാനയാളെ വിളിച്ചുപറഞ്ഞു പ്രായോഗികമായി ചിന്തിക്കാന്‍. കാശ് കൊടുത്ത് കാര്യം സാധിക്കാന്‍. പിന്നെ ഒരു ടാക്സി പിടിച്ച് അയാള്‍ ചെന്ന് കാശ് കൊടുത്ത് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വാങ്ങി തിരികെ വന്നു. വിദ്യാഭ്യാസരംഗത്തുപോലും അഴിമതി ശക്തമായുണ്ടായിരുന്നു. അതിനെ ഞാന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. അതിനുശേഷമാണ് ഇലക്ഷന്‍ വരുന്നത്. അന്ന് ഇ.എം.എസ് രണ്ട് കാര്യങ്ങള്‍ പ്രസ്താവിച്ചു. ഒന്ന് തത്ത്വാധിഷ്ഠിത രാഷ്ട്രീയമായിരിക്കും ഇത്. സമുദായവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ കക്ഷിയും കൂട്ടുകെട്ടില്‍ ഉണ്ടായിരിക്കില്ല എന്ന്. ഉണ്ടായിരുന്നുമില്ല. ഇ.എം.എസ് രണ്ടാമത് പറഞ്ഞകാര്യം സാംസ്‌കാരികരംഗത്തുനിന്ന് ഞങ്ങള്‍ കുറേ ആളുകളെ സംശുദ്ധമായി നേതൃത്വത്തില്‍ കൊണ്ടുവരും എന്നാണ്. പക്ഷേ, ഞാനതില്‍പ്പെട്ടിരുന്നില്ല എന്നായിരുന്നു എന്റെ ധാരണ. ഒരു ദിവസം കുറേപ്പേര്‍ എന്റെ വീട്ടില്‍ വന്നു. ടി.കെ. രാമകൃഷ്ണന്‍, എം.എം. ലോറന്‍സ്, പള്ളുരുത്തിയിലുള്ള മറ്റൊരാള്‍ - പേര് ഓര്‍മ്മയില്ല. ഞാനെവിടെയോ മീറ്റിങ്ങിന് പോയിവരുമ്പോള്‍ ഇവരെല്ലാം ഇവിടെയിരിക്കുന്നു. എന്താണ് എന്നു ചോദിച്ചു. മാഷ് മത്സരിക്കണം എന്നു പറഞ്ഞു. അയ്യോ നിവൃത്തിയില്ല എന്ന് ഞാന്‍ പറഞ്ഞു. എന്റെ ഡോകട്‌ററോട് ചോദിക്കട്ടെ എന്ന് ഡോ. ഗോപാലകൃഷ്ണനെ കണ്ട് ചോദിച്ചപ്പോള്‍ ചൂടുകാലത്ത് യാത്രയൊക്കെ പ്രശ്‌നമാകും എന്ന് പറഞ്ഞതായി അവരോട് പറഞ്ഞു. പക്ഷേ, മാഷെ ഞങ്ങള്‍ പൊന്നുപോലെ കാത്തുകൊള്ളാം എന്നായി അവര്‍. ഞാന്‍ ഭാര്യയോടും മക്കളോടും പറഞ്ഞപ്പോള്‍ അവരും അതിഷ്ടപ്പെടുന്നില്ല. എന്നിട്ടും വന്നവര്‍ എന്നെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു. ഞാനൊരു ദിവസം കോഴിക്കോട് ഒരു മീറ്റിങ്ങിനു പോയി തിരിച്ചുവരുമ്പോള്‍ പോസ്റ്ററുകള്‍ എഴുതിയിരിക്കുന്നു. സാനുമാഷിന് വോട്ട് ചെയ്യണമെന്നെഴുതിയ പോസ്റ്ററുകള്‍. എന്നുമാത്രമല്ല, ഇ.എം.എസ് എന്നെ വിളിച്ചുപറഞ്ഞു, മാഷേ മാഷിനെ ഞങ്ങള്‍ക്ക് കിട്ടുന്ന ഒരു നിധിയാണ്. മാഷേപ്പോലൊരാള്‍ ഇത് പറ്റില്ല എന്നു പറഞ്ഞാല്‍ ആകെ പ്രശ്‌നമാകുമെന്ന്. മാഷ് നില്‍ക്കണം, സഹായിക്കണം എന്നു പറഞ്ഞപ്പോള്‍ അവസാനം ഞാന്‍ സമ്മതിച്ചു. ഞാന്‍ എന്നിട്ട് വീട്ടുകാരോട് പറഞ്ഞു, ഞാന്‍ തോറ്റുപോകും. ഇത് കോണ്‍ഗ്രസ്സുകാരുടെ കോട്ടയാണ്. പൊട്ടിയാല്‍ ഒന്നോ രണ്ടോ ദിവസം എം.കെ. സാനു പൊട്ടിപ്പോയ്, പൊട്ടിപ്പാളീസായ് എന്നൊക്കെ വിളിച്ചുപറയും. അത് സഹിച്ചാല്‍ മതി; ബാക്കി ഞാന്‍ നോക്കിക്കോളാം എന്ന്. അങ്ങനെയാണ് വിജയിച്ച് എം.എല്‍.എ ആകുന്നത്. 

പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ടായിരുന്നു. അന്നതൊരു മഹാസംഭവമായിരുന്നു. അന്ന് മന്ത്രിയായിരുന്ന എ.എല്‍. ജേക്കബ് എല്ലാവര്‍ക്കും പ്രിയങ്കരനായ ഒരാളാണ് എന്റെ എതിരാളിയായി നിന്നത്. ഞാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നില്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യുമായിരുന്നു. പിന്നീട് ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു. സംഭവിച്ചുപോയി, എന്നോട് പിണങ്ങരുത് എന്നു പറഞ്ഞു. അദ്ദേഹം നല്ല വണ്ണവും പൊക്കവുമുള്ള ഒരാളാണ്. ഞാന്‍ മെലിഞ്ഞ ശരീരവും. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന പടം മനോരമ ഇട്ടിരുന്നു. ആനയും കൊതുകും പോലെ. 

അന്ന് അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ച രത്‌നകലാ മേനോന്‍ ഉള്‍പ്പെടെയുള്ള ചിലരെല്ലാം നോമിനേഷന്‍ കൊടുക്കാന്‍ പോയപ്പോള്‍ എന്റെ കൂടെയുള്ളവരോടായി ചോദിച്ചു, ''എന്തിനാണ് മാഷിനെ വെറുതെ കൊണ്ടുപോയി തോല്‍പ്പിക്കുന്ന''തെന്ന്.

ഇലക്ഷന്‍ വര്‍ക്കിനും രണ്ട് പ്രത്യേകതയുണ്ടായിരുന്നു. ഞാന്‍ എല്ലാവരോടും പറഞ്ഞു, ഒരാളേയും ചീത്തപറയരുത്. എതിരാളികളെ പ്രത്യേകിച്ചും. രണ്ടാമത്തേത് ഞാന്‍ എന്റെ പ്രസംഗത്തില്‍ എനിക്ക് വോട്ടുചെയ്യണമെന്ന് ഒരിക്കലും പറഞ്ഞില്ല. ഞാന്‍ ഇന്ന തത്ത്വത്തിലാണ് വിശ്വസിക്കുന്നത് അതില്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളെനിക്ക് വോട്ടു ചെയ്യണം - അതായിരുന്നു ഞാന്‍ പറഞ്ഞത്. അത് പിന്നീട് അച്യുതമേനോന്‍ പറഞ്ഞിരുന്നു. സാനുമാഷ് ഒരിക്കലും എനിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞിട്ടില്ല എന്ന്. 

തോമസ് ഐസക്
തോമസ് ഐസക്

പിന്നീടുള്ള കാലം? എം.എല്‍.എക്കാലം, പ്രവര്‍ത്തനങ്ങള്‍?

എം.എല്‍.എ എന്നു പറയുന്നത്, അതിന് അതിന്റേതായ പരിമിതികള്‍ ഉണ്ട്. അത് എല്ലാക്കാലത്തും ഉണ്ടാകും. അന്നും ഉണ്ടായിരുന്നു. എന്റെ ആദ്യത്തെ പ്രസംഗം എല്ലാ പത്രങ്ങളും ഉദ്ധരിച്ചു. വളരെ ഗൗരവമായി. അതില്‍ തൃപ്തിയുള്ളത് ബുദ്ധിമാന്ദ്യമുള്ളവര്‍ക്കുവേണ്ടി രണ്ട് പ്രസംഗങ്ങള്‍ ചെയ്തു എന്നതാണ്. രണ്ട് ദിവസം വികാരഭരിതമായി പ്രസംഗിച്ചു. കൈകാലുകള്‍ ഇല്ലാത്തവര്‍ക്ക്, കണ്ണില്ലാത്തവര്‍ക്ക്, സംസാരശേഷിയില്ലാത്തവര്‍ക്ക് അവരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ കഴിയില്ലല്ലോ. അവരുടെ അച്ഛനമ്മമാര്‍ മരിച്ചാല്‍ എന്തുചെയ്യും. അങ്ങനെ അവരുടെ കാര്യത്തില്‍ ഒരു കമ്മിറ്റിയുണ്ടാക്കി. നമുക്ക് ആലോചിക്കാമെന്ന് പറഞ്ഞു. പക്ഷേ, ഒന്നും നടന്നില്ല. 

പിന്നെ മൂപ്പന്‍മാരുടെ ഒരു കോളനി ഇവിടെ ഉണ്ടായിരുന്നു. അവിടെ കറണ്ടില്ലായിരുന്നു. അവര്‍ക്ക് വെളിച്ചം കൊടുത്തു. അങ്ങനെ കുറേക്കാര്യങ്ങള്‍. അതുമാത്രമേ നോക്കിയിട്ടുള്ളൂ. സമ്പന്നരുടെ കാര്യങ്ങള്‍ നോക്കിയിട്ടില്ല. 

ഒരിക്കല്‍ ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു പെണ്‍കുട്ടി അവിടെ ജോലി ചെയ്യുന്നു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവളുടെ അച്ഛന്‍ മരണപ്പെട്ടു. കുടുംബം കഷ്ടപ്പെടുന്നു. എക്സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയായിരുന്ന ആളുടെ മകളാണ്. ആ പിതാവിന്റെ ജോലി മകള്‍ക്കു കിട്ടുമെന്ന് അവര്‍ക്കറിയില്ല. ഞാന്‍ അവരെക്കൊണ്ട് അപേക്ഷ എഴുതിക്കൊടുപ്പിച്ച് അവര്‍ക്ക് ജോലി കിട്ടി. കുറേക്കാലം പരിശ്രമിച്ചു. അവര്‍ കളക്ടറേറ്റില്‍ പ്യൂണ്‍ ആയി വിരമിച്ചു. അങ്ങനെ പാവപ്പെട്ടവര്‍ക്കുവേണ്ടി പലതും ചെയ്യാന്‍പറ്റി എന്നതാണ് എം.എല്‍.എ കാലത്തെ സന്തോഷം.

ഈ നിയോജകമണ്ഡലത്തില്‍ത്തന്നെ ആരും തിരിഞ്ഞുനോക്കാതെ, വികസനം എത്തിപ്പെടാതെ കിടന്ന സ്ഥലമാണ് മുളവുകാട്. റോഡില്ല. ഞാനാവശ്യപ്പെട്ടത് മുളവുകാട് റോഡാണ്. അന്ന് എം.എല്‍.എ റോഡ് രണ്ടുണ്ട്. പക്ഷേ, അനുവദിക്കില്ല. രണ്ട് തരം അനുമതി വേണം. എക്സിക്യൂട്ടീവ് അനുമതി, മറ്റൊരു നിയമത്തിന്റെ അനുമതി. എന്തുചെയ്താലും അവര്‍ അനുവദിക്കില്ല. എന്‍ജിനീയര്‍മാര്‍ക്ക് വെള്ളം താണ്ടി അവിടംവരെ പോകാന്‍ കഴിയില്ല. അവിടെ ആരും എത്താറുമില്ല. വള്ളം കയറി പോകണം. പി.ഡബ്ല്യു.ഡിയുടെ അനുമതിയും വേണം. ഞാനിടപെട്ടപ്പോള്‍ അവസാനം മാഷ് കൈക്കൂലി വാങ്ങിച്ചു എന്ന് കേള്‍ക്കേണ്ടിവരും അത് വേണോ എന്നായി. ഞാന്‍ പറഞ്ഞു, സാരമില്ല എന്നെ പറഞ്ഞോട്ടെ, രണ്ട് ദിവസം അങ്ങനെ പറയുമായിരിക്കും. മൂന്നാം ദിവസം ഞാന്‍ ഇതിലെ വഴിയില്‍ പെറുക്കി നില്‍ക്കുന്നത് ആളുകള്‍ കാണുമെന്ന്. അത് ഞാന്‍ സഹിച്ചോളാം എന്ന്. അങ്ങനെ ആദ്യമായി അവിടത്തെ റോഡ് ഉണ്ടായി. നായനാര്‍ അത് ഉദ്ഘാടനം ചെയ്തു. താന്തോനിത്തുരുത്ത് ഇനിയും വികസിക്കാത്ത ഒരു പ്രദേശമാണ്. ഞാന്‍ കുറേക്കാര്യങ്ങള്‍ ചെയ്തു. ഈ അടുത്തകാലത്തും ഞാനവര്‍ക്കുവേണ്ടി കളക്ടറേയും മുഖ്യമന്ത്രിയേയും വിളിച്ച് സംസാരിച്ചിരുന്നു. മറ്റൊന്ന് ഗ്രന്ഥശാലാ നിയമം അവതരിപ്പിക്കാന്‍ പറ്റി എന്നതാണ്. അത് ഒരു കൂട്ടായ്മയുടെ ഫലമാണ്. ഞാനും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പിന്നെ വൈപ്പിന്‍ പാലങ്ങള്‍ക്കു വേണ്ടി സബ്മിഷന്‍ ഉണ്ടായിരുന്നു. അത് നടന്നില്ല. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ ബോധവല്‍ക്കരിച്ച് കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ചു. അത് ഒരുവിധം നന്നായി നടക്കുന്നുണ്ട്. 

പലപ്പോഴും ഞാനവരുടെ അച്ഛനമ്മമാരെ കാണുമായിരുന്നു. അവര്‍ക്ക് ധൈര്യം കൊടുക്കാന്‍ വേണ്ടി. ഞാനവരോട് ഇങ്ങനെയൊരു കുട്ടിയെ ദൈവം നിങ്ങള്‍ക്ക് നല്‍കിയത് നിങ്ങള്‍ക്കു മാത്രമേ ഇവരെ സംരക്ഷിക്കാനാകൂ എന്നതുകൊണ്ടാണ് എന്ന് കരുതിയാല്‍ മതി എന്നു പറയും. ഞാന്‍ കണ്ട മറുവശം, ഭര്‍ത്താക്കന്മാര്‍ പലപ്പോഴും ഈ കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യമുണ്ട് എന്നു കണ്ടാല്‍ ഇട്ടിട്ടുപോകും. അങ്ങനെ ഒറ്റയ്ക്കായ പല സ്ത്രീകളേയും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ ഈ സ്ത്രീകളാണ് അവരെ നോക്കുന്നത്. ഗര്‍ഭഭാരം ചുമക്കുന്നത് സ്ത്രീയാണ്, ഈ ലോകത്തിലെ ഏറ്റവും വലിയ വേദന സഹിച്ച് അവരെ പ്രസവിക്കുന്നതും സ്ത്രീയാണ്. അവളുടെ നെഞ്ചിലെ ചോരയാണ് മുലപ്പാലാക്കി അവള്‍ കുഞ്ഞിന് കൊടുക്കുന്നത്. അവരുടെ ഓരോ സുഖദുഃഖത്തിലും അവള്‍ പങ്കെടുക്കുന്നു. മണ്ണിലും മഴയിലും പുഴയിലും വീഴാതെ സംരക്ഷിക്കുന്നു. അങ്ങനെയുള്ള സ്ത്രീകളെ നാം പ്രണമിക്കേണ്ടതാണ്. 

ഇഎംഎസ്
ഇഎംഎസ്

മാഷ് വീണ്ടും മത്സരിക്കുന്നില്ല എന്ന് പറഞ്ഞതായി, രാഷ്ട്രീയത്തില്‍ തുടരുന്നില്ല എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. 

വീണ്ടും ആത്മഹത്യ ചെയ്യുന്നില്ല എന്ന് പറഞ്ഞ സംഭവം. രാഷ്ട്രീയത്തില്‍ എനിക്ക് കൂടുതലൊന്നും ചെയ്യാനില്ല എന്നു തോന്നി. സാംസ്‌കാരികരംഗം പോലെയല്ല രാഷ്ട്രീയം, അതിന് പരിമിതിയുണ്ട്. 

കൊച്ചിയിലെ ജീവിതം, സാഹിത്യ - സാംസ്‌കാരിക കൂട്ടായ്മകള്‍?

പത്തറുപത്തഞ്ച് വര്‍ഷമായി കൊച്ചിയില്‍ വന്നിട്ട്. അന്ന് വെറും ഗ്രാമങ്ങള്‍ ആയിരുന്നു. കൊച്ചു കൊച്ചു വീടുകളും അയല്‍ക്കാര്‍ തമ്മിലും നല്ല ബന്ധങ്ങള്‍. അപ്പുറത്ത് മാറി കുറേ പാടങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം നികത്തിപ്പോയി. പനമ്പിള്ളി നഗര്‍, ഗിരിനഗര്‍ ഒക്കെ പാടങ്ങള്‍ ആയിരുന്നു. മേനക - കൊച്ചുറോഡാണ് ഷണ്‍മുഖം റോഡ്. അവിടെ വൈകുന്നേരങ്ങളില്‍ ആളുകള്‍ സിനിമാപ്പാട്ട് കേള്‍ക്കാന്‍ പോയിരിക്കും. അവിടിരുന്ന് സൂര്യാസ്തമയം കാണും. കൊച്ചിയിലെ നല്ല സൂര്യാസ്തമയമാണെന്ന് സായിപ്പന്മാര്‍ കമന്റ് പറയുമായിരുന്നു. 

എഎൽ ജേക്കബ്
എഎൽ ജേക്കബ്

ഞങ്ങള്‍ എഴുത്തുകാരുടെ സംഗമസ്ഥലം കൂടിയാണത്. സി.ജെ. തോമസ്, പി.കെ. ബാലകൃഷ്ണന്‍, പെരുന്ന തോമസ് അങ്ങനെ കുറേപ്പേര്‍ അവിടെ വരുമായിരുന്നു. പൊറ്റെക്കാട്, തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി അവരും വരുമായിരുന്നു. പൊന്‍കുന്നം വര്‍ക്കി സഭയുമായി എതിര്‍പ്പുള്ളയാളാണ്. ഭയങ്കര കുടിയുമായിരുന്നു. പെരുന്ന ട്രേഡ് യൂണിയന്‍ ഉണ്ടാക്കിയ ആളാണ്. ഒറ്റയാന്‍. ബഷീറും ഒരൊറ്റയാനാണ്. സഹോദരന്‍ അയ്യപ്പന്‍ ഒരൊറ്റയാനായിരുന്നു. മാഞ്ഞൂരാന്‍ അന്ന് കേരളത്തിന് കേരളമാകണം - 'ഗുജറാത്തി മാര്‍വാഡി മേധാവിത്വമല്ല വേണ്ടത് എന്ന് പറഞ്ഞ് വാദിക്കുമായിരുന്നു. 

അന്ന് മറൈന്‍ഡ്രൈവില്ല. ഷണ്‍മുഖം റോഡിനപ്പുറം കായലാണ്. എം.ടിയും തിക്കൊടിയനും എന്‍.പി. മുഹമ്മദും പാറക്കടവുമെല്ലാം കൊച്ചിയില്‍ വരുമായിരുന്നു. ചിത്രകാരന്മാര്‍ നമ്പൂതിരി, എം.വി. ദേവന്‍, സി.എന്‍. കരുണാകരന്‍, കാനായി കുഞ്ഞിരാമന്‍ അങ്ങനെ പലരും. ബഷീറിന് ഒരു പുസ്തകശാലയും ഉണ്ടായിരുന്നു പ്രസ്സ് ക്ലബ്ബിനടുത്ത്. വൈകുന്നേരങ്ങള്‍ അങ്ങനെ സജീവ ചര്‍ച്ചകളും പുസ്തകപ്രകാശനങ്ങളുമായി കടന്നുപോയ കാലമാണത്. എം. ഗോവിന്ദന്‍, എം.എന്‍. നമ്പ്യാര്‍ ഇങ്ങനെ പലരും എത്തിയിരുന്നു. 

എപിജെ അബ്ദുൽ കലാമിനോടൊപ്പം
എപിജെ അബ്ദുൽ കലാമിനോടൊപ്പം

പിന്നീട് പഠനകാലം കഴിഞ്ഞ് പുരോഗമന സാഹിത്യം വന്നപ്പോള്‍ ഞാനതിന്റെ പക്ഷത്തായി. അന്ന് പുരോഗമന സാഹിത്യത്തില്‍ രണ്ട് അഭിപ്രായമുണ്ടായി. ഇ.എം.എസ്. സെക്രട്ടറിയും എം.പി. പോള്‍ പ്രസിഡന്റും. മുണ്ടശ്ശേരി, കേശവദേവ്, കുറ്റിപ്പുഴ കൃഷ്ണപിള്ള ഒക്കെ അംഗങ്ങളായിരുന്നു. അപ്പോഴാണ് വഴക്കുണ്ടാകുന്നത്. ഇ.എം.എസ് ഒരു മാനിഫെസ്റ്റോ കൊണ്ടുവന്നു എഴുത്തുകാര്‍ക്കായി. ആദ്യം അതിന്റെ കാറ്റ് ഊതിക്കളഞ്ഞത് എം.പി. പോള്‍ ആയിരുന്നു; അദ്ധ്യക്ഷന്‍. ഇത് രാഷ്ട്രീയപ്പാര്‍ട്ടിയുടെ മാനിഫെസ്റ്റോ ആണ്. എഴുത്തുകാരുടെ മാനിഫെസ്റ്റോ അല്ല എന്നു പറഞ്ഞുകൊണ്ട്. അങ്ങനെ രണ്ടായി പിരിഞ്ഞ ഘട്ടത്തില്‍, ജീവിതത്തെ പകര്‍ത്തലാണ്, അതേപടി പകര്‍ത്തലാണ് സാമൂഹിക പരിഷ്‌കരണത്തിനു വേണ്ടിയാണ് എന്നുള്ള വാദം ശക്തിപ്രാപിച്ച് വന്നു. അപ്പോള്‍ അന്നത്തെ പ്രധാനപ്പെട്ട മാധ്യമം പ്രസംഗമായിരുന്നു. അച്ചടിമാധ്യമങ്ങളെക്കാള്‍ സ്വാധീനം വാചാപ്രസംഗത്തിനാണ്. അന്നത്തെ ഏറ്റവും നല്ല പ്രാസംഗികരിലൊരാള്‍ കെ. ബാലകൃഷ്ണന്‍ ആയിരുന്നു. ഒ.എന്‍.വി, വയലാര്‍ ഇവരെയൊക്കെ രംഗത്ത് കൊണ്ടുവരുന്നത് ബാലകൃഷ്ണനാണ് - കൗമുദി പത്രാധിപര്‍. ടി. പദ്മനാഭന്‍ പുതിയ കഥകളെഴുതിയത് ബാലകൃഷ്ണന്റെ സ്വാധീനത്തിലാണ്. നല്ല പ്രസംഗകനും എഴുത്തുകാരനും തന്റേടമുള്ള മുഖപ്രസംഗം എഴുതുന്നയാളുമായിരുന്നു ബാലകൃഷ്ണന്‍. അങ്ങനെ ഒരു മീറ്റിങ്ങ് വിളിച്ചപ്പോള്‍ തിരുനെല്ലൂര്‍ കരുണാകരന്‍, കാമ്പിശ്ശേരി കരുണാകരന്‍ എന്നിവര്‍ എല്ലാമുണ്ട്. അന്നത്തെ ഏറ്റവും പ്രചാരകരായ പ്രാസംഗികര്‍ ഇവരാണ്. മുണ്ടശ്ശേരി രൂപഭദ്രന്മാര്‍ എന്നാണ് അവരെ വിളിക്കുന്നത്. അപ്പോള്‍ ഞാനതിനെ എതിര്‍ത്തു. രൂപപരമായ പരീക്ഷണമാണ് ഒരു കവിയുടെ ഏറ്റവും വലിയ ബലം എന്ന് ഞാന്‍ പറഞ്ഞു. ഒരര്‍ത്ഥത്തില്‍ കുമാരനാശാന്‍ അങ്ങനെയാണ്. മഹാകാവ്യം ഒക്കെ എഴുതി, പിന്നീടതു വിട്ട് ഖണ്ഡകാവ്യത്തിലേക്ക് തിരിഞ്ഞു. അങ്ങനെ പറഞ്ഞപ്പോള്‍ ബാലകൃഷ്ണന്‍ പറഞ്ഞു, അതെനിക്ക് എഴുതിത്തരണമെന്ന്. അങ്ങനെ നിര്‍ബ്ബന്ധിച്ചപ്പോള്‍ വാള്‍ട്ട് വിറ്റ്മാനെക്കുറിച്ച് ഒരു ലേഖനം എഴുതിക്കൊടുത്തു. അതിനു മുന്‍പും എഴുതിയിരുന്നു. എങ്കിലും അതാണ് ശ്രദ്ധിക്കപ്പെട്ട ലേഖനം. അത് മൂന്ന് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു. അതില്‍ ആദ്യത്തെ ഭാഗം ജീവിതസംഗ്രഹവും രണ്ടും മൂന്നും സാഹിത്യത്തെക്കുറിച്ചും ഫിലോസഫിയെക്കുറിച്ചും ആയിരുന്നു. അത് വായിച്ച് കുറ്റിപ്പുഴ കൃഷ്ണപിള്ള എഴുതി ബാലകൃഷ്ണന്, ആരാണ് ഈ എം.കെ. സാനു എന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ശ്രദ്ധിക്കുന്നുവല്ലോ എന്ന്. അങ്ങനെയാണ് ഞാന്‍ എഴുത്തിലേക്ക് തിരിഞ്ഞത്. 

പിന്നെ സൈദ്ധാന്തികമായി കലയുടെ ലക്ഷ്യം പ്രചാരണമാണോ? അല്ല എന്ന വാദം ഞാന്‍ അവതരിപ്പിച്ചു. ഒ.എന്‍.വി, നബീസാ ഉമ്മാള്‍, തിരുനല്ലൂര്‍ തുടങ്ങിയ എന്റെ പ്രിയപ്പെട്ടവരൊക്കെ എതിര്‍ത്തു. എന്റെ പക്ഷത്ത് ആരുമുണ്ടായിരുന്നില്ല. പക്ഷേ, ഞാന്‍ ഒറ്റയ്ക്ക് ആ വാദത്തില്‍ ഉറച്ചുനിന്നു. അത് ഇന്നും തുടര്‍ന്നുപോരുന്നു. രൂപശില്പത്തിലൂടെയാണ് ആന്തരികഭാവം സാഫല്യം നേടുന്നത്. അത് എന്റെ സൈദ്ധാന്തികപക്ഷമാണ്. അതിന് ഉദാഹരണമായി പലതും എടുത്തുപറയുകയും ചെയ്തു. ക്രൈം ആന്റ് പണിഷ്മെന്റ് എന്റെ അഭിപ്രായത്തില്‍ ദോസ്തയോവ്സ്‌കിയുടെ ഏറ്റവും സുഘടിതമായ, രൂപശില്പപരമായ നോവലാണ്. മഹത്തായ നോവല്‍. അതില്‍ അദ്ദേഹം എഴുതിയിരിക്കുന്നത് മൂന്ന് പ്രാവശ്യം മാറ്റി എഴുതി എന്നാണ്. രൂപപരമായ തികവുണ്ടായെങ്കിലേ തന്റെ അന്തര്‍ഭാവം വെളിപ്പെടുത്താന്‍ പറ്റൂ എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ അതിന് മൂര്‍ത്തരൂപം നല്‍കുന്നത് രൂപശില്പത്തിലൂടെയാണ്. അദ്ദേഹം തന്നെ പാടുപെട്ടെഴുതിയത് കീറിക്കളഞ്ഞിട്ടുണ്ട്. ആ വാദം ഞാനിപ്പോഴും തുടരുന്നു. അതാണ് സാഹിത്യവിമര്‍ശനത്തിന്റെ എന്റെ നിലപാട്.  ഞാന്‍ ഇവരുടെ സംഘങ്ങളില്‍ ഒന്നും പോയില്ല. പൊതുവില്‍ സാഹിത്യസംഘടനകളില്‍ ഒരു പ്രാവശ്യം ചെന്ന് വഴക്കുണ്ടാക്കി; എന്നെ എല്ലാവരുംകൂടി ചീത്ത പറഞ്ഞു. ഞാന്‍ രാജിവച്ച് പോന്നതാണ്. ഒരു സംഘടനയിലും എനിക്ക് വിശ്വാസമില്ല. അങ്ങനെ വന്നപ്പോഴാണ് കലയുടെ ലക്ഷ്യം പ്രചരണമല്ല എന്നുള്ളത് മീറ്റിങ്ങില്‍ അവതരിപ്പിച്ചത്. അത് ചേര്‍ത്തുകൊണ്ട് കാറ്റും വെളിച്ചവും എന്നൊരു പുസ്തകം എഴുതി. അത് എസ്.പി.സി.എസ് പ്രസിദ്ധീകരിച്ചു. ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നല്ല റിവ്യൂ പല ദിക്കുകളിലും വന്നു. ആദ്യമെഴുതിയത് ജര്‍മനിയില്‍നിന്നും ഡോക്ടറേറ്റ് എടുത്ത ഒരു ജി.ബി. മോഹനാണ്. അദ്ദേഹം ''സാഹിത്യത്തെപ്പറ്റി ഏകാഗ്രമായി ചിന്തിച്ച് എഴുതുന്ന ഒരു മനസ്സ് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്'' എന്നെഴുതി. അതെനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനം ആണ്. പിന്നെ കുറേ ലേഖനങ്ങളാണ് മിക്കവരും എഴുതിയത്. 

സിജെ തോമസ്
സിജെ തോമസ്

എങ്ങനെയാണ് ബയോഗ്രഫിയിലേക്ക് തിരിയുന്നത്. കുറേ ആളുകളെപ്പറ്റി എഴുതിയിട്ടുണ്ടല്ലോ. ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, കെ. ബാലകൃഷ്ണന്‍, ചാവറയച്ചന്‍ തുടങ്ങി ഒട്ടേറെ പേരെക്കുറിച്ച്.

അതിന് കാരണം ഞാനാദ്യം വാള്‍ട്ട് വിറ്റ്മാനെക്കുറിച്ച് പറഞ്ഞല്ലോ. ഇപ്പോള്‍ ഒരു നല്ല പുസ്തകം നിങ്ങളെഴുതിയാല്‍ സ്വാഭാവികമായും എനിക്ക് അതെഴുതുന്നയാളിന്റെ ജീവിതത്തെക്കുറിച്ചറിയാന്‍ താല്പര്യം കാണും. അതുവച്ചുകൊണ്ടാണ് ഞാന്‍ ബയോഗ്രഫിയിലേക്ക് തിരിയുന്നത്. 

വേദിയില്‍നിന്ന് വേദിയിലേക്ക് തിരക്കിട്ടുപോയ നാളുകള്‍, പുസ്തകപ്രകാശനങ്ങള്‍, പ്രസംഗങ്ങള്‍ അങ്ങനെ  ആ കാലത്തിനു വിപരീതമായിട്ടുള്ള ഒരവസ്ഥയാണല്ലോ. മഹാമാരിയും മറ്റ് കാരണങ്ങളുംകൊണ്ട്. മാഷിന്റെ ഇപ്പോഴത്തെ ദിനങ്ങള്‍?

ഞാന്‍ പോകാത്തതിലല്ല സങ്കടം. ഇവയെല്ലാം കുറഞ്ഞുപോകുന്നു എന്നതിലാണ്. സാംസ്‌കാരിക പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും മന്ദീഭവിച്ചു. എന്റെ കാര്യത്തില്‍ എനിക്ക് പ്രായമായി. പല്ലുകൊഴിഞ്ഞിട്ടുണ്ട്. പഴയപോലെയല്ല. മുന്‍പ് വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോയിരുന്നു. ഡോ. രാമചന്ദ്രന്‍ വല്ലപ്പോഴും കാറുമായി വരും. ഞങ്ങള്‍ ഒരുമിച്ച് കുറേനേരം അടുത്തെവിടെയെങ്കിലും പോകും. ചിലപ്പോഴൊക്കെ അങ്ങനെ നടക്കും അല്ലാതെ കാര്യമായൊന്നുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com