വക്കം മൗലവിയുടെ കൊച്ചുമകന്‍ വിളിച്ചു, ആല്‍ഫാ മാഞ്ഞൂരാന്‍ ഇറങ്ങിവന്നു...

എ. ഹിഷാം എന്ന ബൈലൈന്‍, പീരിയോഡിക്കല്‍ ജേണലിസത്തിന്റെ വസന്തകാലമായ എണ്‍പതുകളിലെ ഹരങ്ങളിലൊന്നായിരുന്നു
വക്കം മൗലവിയുടെ കൊച്ചുമകന്‍ വിളിച്ചു, ആല്‍ഫാ മാഞ്ഞൂരാന്‍ ഇറങ്ങിവന്നു...

എ. ഹിഷാം എന്ന ബൈലൈന്‍, പീരിയോഡിക്കല്‍ ജേണലിസത്തിന്റെ വസന്തകാലമായ എണ്‍പതുകളിലെ ഹരങ്ങളിലൊന്നായിരുന്നു. ഭൂമിയുടെ ആഴങ്ങളെ തിളക്കമേറ്റുന്ന ഡയമണ്ടിന്റേയും ചില്ലുഗ്ലാസ്സുകളുടേയും നാടായ ബെല്‍ജിയത്തിലെ തുറമുഖനഗരമായ ആന്റ്വെര്‍പ്പിലെ വിശാലമായ സര്‍വ്വകലാശാലയിലിരുന്നാണ് ഹിഷാം, സസ്യശാസ്ത്രവും ആരോഗ്യസംരക്ഷണവും സംബന്ധിച്ചുള്ള പഠനാര്‍ഹമായ ലേഖനങ്ങള്‍ അക്കാലത്തെഴുതിയിരുന്നത്. ചെടികളുടെ തോഴനായ ഡോ. ഹിഷാം ഇന്ന് നമ്മോടൊപ്പമില്ല. ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ (2021 സെപ്റ്റംര്‍ 28) തിരുവനന്തപുരത്തെ കേരള അക്കാദമി ഓഫ് സയന്‍സസില്‍, ഹിഷാം അനുസ്മരണ പ്രഭാഷണങ്ങളും ഹിഷാം എന്‍ഡോവ്മെന്റ് പുരസ്‌കാരദാനവും നടക്കുന്ന ചടങ്ങ് രണ്ടാംദിനത്തിലേക്ക് കടന്നിരിക്കുന്നു. കേരള അക്കാദമി ഓഫ് സയന്‍സസ് (കെ.എ.എസ്), ശാസ്ത്രജ്ഞരുടേയും അക്കാദമീഷ്യന്മാരുടേയും ആരോഗ്യ വിദഗ്ദ്ധരുടേയും ടെക്നോക്രാറ്റുകളുടേയും ഒരു പ്രൊഫഷണല്‍ പ്ലാറ്റ്ഫോമാണ്. സസ്യ രസതന്ത്രമായിരുന്നു (ഫൈറ്റോ കെമിസ്ട്രി) ഹിഷാമിന്റെ ഇഷ്ടവിഷയം. തിരുവനന്തപുരം മാര്‍ബസേലിയസ് എന്‍ജിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജി.പി. കൃഷ്ണമോഹന്‍ വര്‍ഷങ്ങള്‍ നീണ്ട തന്റെ പഠനഗവേഷണഫലമായ കംപ്യൂട്ടേഷണല്‍ കെമിസ്ട്രിയും മെറ്റീരിയല്‍ സയന്‍സസുമായി ബന്ധപ്പെട്ട് വികസിപ്പിച്ച 'ഡിജെമോള്‍' എന്ന അതിനൂതന സോഫ്റ്റ്വെയര്‍, ഈയിടെ സമര്‍പ്പിച്ചത് തന്റെ ഗുരുനാഥന്‍ എ. ഹിഷാമിനായിരുന്നുവെന്നതും വാര്‍ത്തകളില്‍ ഇടം പിടിച്ചു.

ഹിഷാം മലപ്പുറം ഗവണ്‍മെന്റ് കോളേജ് അദ്ധ്യാപകനായിരുന്ന കാലത്താണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ പത്‌നി, ആല്‍ഫാ മാഞ്ഞൂരാന്‍ ഇതേ കോളേജില്‍ എന്റെ ഭാര്യയുടെ പ്രിയപ്പെട്ട അദ്ധ്യാപികയുമായിരുന്നു. നവോത്ഥാന നായകന്‍ വക്കം മൗലവിയുടെ കൊച്ചുമകനും 'കേസരി'യുടേയും 'അന്‍സാരി'യുടേയും പത്രാധിപരും എഴുത്തുകാരനുമായിരുന്ന വക്കം അബ്ദുള്‍ ഖാദറിന്റെ മകനുമായ ഹിഷാമിനേയും ഹിഷാമിന്റെ പ്രണയവിപ്ലവത്തേയും ഇപ്പോള്‍ സ്മരിക്കുന്നത്, സാഹിത്യത്തിന്റേയും വിപ്ലവചിന്തകളുടേയും ത്രസിപ്പിക്കുന്ന എണ്‍പതുകളുടെ ഒരോര്‍മ്മ പുതുക്കല്‍ കൂടിയാവുമെന്നു തോന്നുന്നു. പ്രകൃതിയുടെ പ്രണയിയായിരുന്ന ഹിഷാം മികച്ച ഫോട്ടോഗ്രാഫറുമായിരുന്നു. മാതൃഭൂമി, കലാകൗമുദി, ചന്ദ്രിക വാരികകളുടെ അക്കാലത്തെ ഒട്ടേറെ മുഖചിത്രങ്ങള്‍ ഹിഷാമിന്റേതായിരുന്നു. ശാസ്ത്ര സംബന്ധിയായ ലേഖനങ്ങളും യാത്രാവിവരണങ്ങളുമൊക്കെയായി ആനുകാലികങ്ങളില്‍ നിറഞ്ഞുനിന്ന കാലം. ബി. രാജീവനും ഡി. വിനയചന്ദ്രനും ശേഷം മലപ്പുറം കോളേജിലേക്കു വന്ന പ്രസന്നരാജന്‍, ഹിരണ്യന്‍, ഗീതാ ഹിരണ്യന്‍ തുടങ്ങിയവരോടൊപ്പമുള്ള സഹവര്‍ത്തിത്വമാകണം, ഹിഷാമിന്റെ സര്‍ഗ്ഗപഥത്തില്‍ നൂറുമേനിയുടെ വിളവൊരുക്കിയതെന്നു തോന്നുന്നു.

എ ഹിഷാമും ആൽഫാ മാഞ്ഞൂരാനും വിവാഹകാല ചിത്രം
എ ഹിഷാമും ആൽഫാ മാഞ്ഞൂരാനും വിവാഹകാല ചിത്രം

പിന്നീട് ബെല്‍ജിയത്തിലേക്ക് ഉപരിപഠനത്തിനായും അതിനുശേഷം മസ്‌കറ്റിലേക്ക് ജോലിക്കായും പോയതിനുശേഷം ഏറെയൊന്നും ഹിഷാം എഴുതിയില്ല. വീണ്ടും എഴുതാനും എഴുതിയവ സമാഹരിച്ച് പുസ്തകങ്ങളാക്കാനും ഒരുങ്ങവെയാണ് ഹൃദയാഘാതം ആ ജീവന്‍ കവര്‍ന്നത്.

ഹിഷാമിന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്ന അദ്ദേഹത്തിന്റെ പത്‌നി ആല്‍ഫാ മാഞ്ഞൂരാന്‍ തന്നെ പറയട്ടെ. (തിരുവനന്തപുരത്ത് ആല്‍ഫയുടെ അയല്‍വാസി കൂടിയായ എന്റെ സുഹൃത്ത് വി.പി. അനിയനാണ്, വര്‍ഷങ്ങള്‍ക്കു ശേഷം അവരുമായുള്ള ബന്ധം പുതുക്കുന്നതിനു നിമിത്തമായത്).

ആല്‍ഫയുടെ വാക്കുകള്‍ 

ഞാനും ഹിഷാമും ഒരേ പ്രായക്കാരും ഒരേ വര്‍ഷം കോളേജില്‍നിന്നു പഠിച്ചിറങ്ങിയവരുമാണ്. ഹിഷാം 1982-ല്‍ പാലക്കാട് വിക്ടോറിയ കോളേജിലാണ് ജോലിക്ക് ജോയിന്‍ ചെയ്തത്. ഞാന്‍ 1983-ല്‍ മലപ്പുറം ഗവണ്‍മെന്റ് കോളേജിലും. അന്ന് ഹിഷാം കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ ഫുള്‍ടൈം റിസര്‍ച്ച് സ്‌കോളറായിരുന്നു. കോഴിക്കോട് സര്‍വ്വകലാശാലയിലേക്കുള്ള യാത്രാ സൗകര്യത്തിനുവേണ്ടി മലപ്പുറത്തേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി വരികയായിരുന്നു. അന്നോളം പരിചിതനല്ലാത്ത, എന്നാല്‍ ശാസ്ത്രവിഷയങ്ങളില്‍ കൗതുകമുള്ള ഒരു പ്രതിഭയോടുള്ള ഇഷ്ടവും ആദരവും പതിയെ ഞാനറിയാതെത്തന്നെ പ്രണയത്തിലേക്ക് മാറുകയായിരുന്നു. അതു പ്രണയം തന്നെയായിരുന്നുവെന്നു മനസ്സിലായത് വിവാഹാലോചനകള്‍ വന്നുതുടങ്ങിയപ്പോഴാണ്. പിന്നെ പരസ്പരം ഈ ഇഷ്ടം മനസ്സിലായപ്പോള്‍ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു. രണ്ട് കുടുംബങ്ങളില്‍നിന്നും അനുകൂലമായ സമീപനമായിരുന്നില്ല. ഞങ്ങളുടേത് 17-ാം നൂറ്റാണ്ട് മുതല്‍ പ്രബലമായ ചരിത്രമുള്ള തിരു-കൊച്ചിയിലെ മാഞ്ഞൂരാന്‍ കുടുംബം. 1967-ല്‍ സംസ്ഥാന തൊഴില്‍ മന്ത്രിയായിരുന്ന മത്തായി മാഞ്ഞൂരാന്‍, മണ്ണാര്‍ക്കാട് എം.എല്‍.എയായിരുന്ന ജോണ്‍ മാഞ്ഞൂരാന്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ സൈമണ്‍ മാഞ്ഞൂരാന്‍ തുടങ്ങിയവരൊക്കെ ജനിച്ച വലിയ കുടുംബം. അതുപോലെ ഹിഷാമിന്റെ കുടുംബവും പ്രൗഢമായ ഇസ്ലാമിക പാരമ്പര്യത്തിന്റെ വേരോട്ടമുള്ളത്. 

കേരളത്തില്‍ ഇസ്ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്കു തുടക്കമിട്ട വക്കം മൗലവിയുടെ കുടുംബം. സ്വാതന്ത്ര്യസമര പോരാളി, അദ്ധ്യാപകന്‍, പത്രാധിപര്‍, മതപണ്ഡിതന്‍, സമുദായ പരിഷ്‌കര്‍ത്താവ് എന്നീ നിലകളിലൊക്കെ പ്രശസ്തനായിരുന്നു വക്കം മൗലവി. വക്കം മൗലവിയുടെ മകന്‍ വക്കം അബ്ദുല്‍ഖാദറുടെ മകനായ ഹിഷാമിന്റെ ഇക്കാര്യത്തിലുള്ള പ്രയാസം മനസ്സിലാക്കിയ അദ്ദേഹത്തിന്റെ മുത്തശ്ശിയാണ്, നിനക്കിഷ്ടമാണെങ്കില്‍ അവളെ കെട്ടിക്കൊണ്ടുപോരെന്ന് പറഞ്ഞ് പിന്തുണ നല്‍കിയത്. അങ്ങനെ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ മലപ്പുറത്ത് റജിസ്ട്രാഫീസില്‍ വെച്ച് എന്റേയും ഹിഷാമിന്റേയും വിവാഹം നടന്നു. അന്നേരം ഒരു തമാശയുണ്ടായി. മുസ്ലിമായ റജിസ്ട്രാര്‍. എതിര്‍പ്പുകള്‍ക്കിടയിലെ മിശ്രവിവാഹം എന്ന അനുഭവം അദ്ദേഹത്തിനാദ്യം. വിവാഹം നടത്തിത്തരുന്നതിന്റെ വരുംവരായ്കയോര്‍ത്ത് അദ്ദേഹത്തിനു വല്ലാത്ത അങ്കലാപ്പ്. ഇതു ഞങ്ങളേയും അമ്പരപ്പിലാക്കി. അനിശ്ചിതത്വത്തിനിടെ, വിവാഹം കഴിഞ്ഞു നേരെ പോയത് കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ പരിചയക്കാരന്റെ വീട്ടിലേക്കാണ്. ആര്യവൈദ്യശാല കുടുംബവുമായി ഹിഷാമിന് അടുത്ത ബന്ധമായിരുന്നു. ആര്യവൈദ്യശാലയുടെ ഔഷധത്തോട്ടവുമായി ബന്ധപ്പെട്ട് ഡോ. ഇന്ദിരാ ബാലചന്ദ്രനുമൊത്ത് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഹിഷാമിന്റെ വീട്ടില്‍ വച്ച് ഒരു ചെറിയ ചടങ്ങ് നടത്തി. 

ഹിഷാം വിളിച്ചു, ഞാനിറങ്ങി വന്നു. (ഈ സംഭവത്തിന് ഏതാനും വര്‍ഷം മുന്‍പ് മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ മലയാളം അദ്ധ്യാപകന്‍ ബി. രാജീവന്റേയും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിനിയും പിന്നീട് പ്രസിദ്ധ കവയിത്രിയുമായ സാവിത്രിയുമായുള്ള പ്രണയവിവാഹവും നടന്നു. എതിര്‍പ്പുകളെ മറികടന്ന് സാവിത്രി, മലപ്പുറം മേല്‍മുറിയിലെ ഇല്ലത്തുനിന്നു സധൈര്യം ഇറങ്ങിവരികയായിരുന്നു. അവിടത്തെ വിദ്യാര്‍ത്ഥി കൂടിയായിരുന്ന, എസ്.എഫ്.ഐ നേതാവ് യു. അച്ചു, അദ്ധ്യാപകന്‍ ഡി. വിനയചന്ദ്രന്‍, കവി കെ.ജി. ശങ്കരപ്പിള്ള എന്നിവരുടെ അകമ്പടിയയോടെ, കാമുകീകാമുകന്മാര്‍ അര്‍ദ്ധരാത്രി മലപ്പുറത്തുനിന്ന് പട്ടാമ്പിയിലെത്തുകയും പിറ്റേന്ന് പട്ടാമ്പി രജിസ്റ്റര്‍ ഓഫീസില്‍ വിവാഹിതരാവുകയും ചെയ്തു!)

വിവാഹകാലത്തെ എതിര്‍പ്പുകളുടെ മഞ്ഞുരുക്കം സംഭവിച്ചതോടെ രണ്ടു പേരുടേയും കുടുംബവുമായി ഇപ്പോഴും എനിക്ക് നല്ല അടുപ്പമാണ്. വീടുകളിലെ എല്ലാ പരിപാടികളിലും സംബന്ധിക്കാറുണ്ട്.

കോട്ടണ്‍ സാരിയുടുത്ത്, സ്വര്‍ണ്ണാഭരണങ്ങളും വലിയ മേക്ക്അപ്പ് ഒന്നുമില്ലാത്ത പെണ്‍കുട്ടികളും ജീന്‍സും കൈത്തറി ഷര്‍ട്ടും താടിയും സഞ്ചിയും ഒക്കെയായി ചെറുപ്പക്കാരും ആര്‍ട്ട് സിനിമകളും കലയിലും സാഹിത്യത്തിലും ജീവിതത്തിന്റെ സമസ്ത മേഖലകളിലും പരീക്ഷണങ്ങളുമായി ലോകനിലവാരമുള്ള തലമുറ നേതൃത്വം ഉറപ്പിക്കുകയായിരുന്നു. ഞങ്ങളും അതിന്റെ ഭാഗമായി എന്നു പറയുന്നതായിരിക്കും ശരി.

ആൽഫാ മാഞ്ഞൂരാൻ
ആൽഫാ മാഞ്ഞൂരാൻ

മൈത്രിയുടെ മറുപേര്

അന്നത്തെ കാലഘട്ടം എനിക്കു തോന്നുന്നത് കൂടുതല്‍ സത്യസന്ധമായിരുന്നു എന്നാണ്. ആള്‍ക്കാര്‍ തമ്മില്‍ വലിയ നാട്യങ്ങളില്ലാത്ത തുറന്ന ബന്ധം. മലപ്പുറത്ത് അന്ന് ഗള്‍ഫ് യാത്രയൊക്കെ തുടങ്ങുന്നതേ ഉള്ളൂ. ഗ്രാമം പോലൊരു ജില്ലാ ആസ്ഥാനം. വേലിയും മതിലും ഗേറ്റുമൊന്നുമില്ലാത്ത ഓടിട്ട കൊച്ചുവീടുകള്‍. ഞങ്ങള്‍ താമസിച്ചിരുന്ന വീടിനും ഗേറ്റും മതിലുമൊന്നും ഉണ്ടായിരുന്നില്ല. അടുത്ത വീട്ടിലേക്കുള്ള ആള്‍ക്കാരൊക്കെ മുറ്റത്തുകൂടെയാണ് നടന്നുപോവുക. പോകുന്നതിനിടയ്‌ക്കൊരു കുശലവും. തനതായ പ്രാദേശിക ഭാഷയും സംസ്‌കാരവും. അതിഥികളോടുള്ള മലപ്പുറത്തുകാരുടെ അകംനിറഞ്ഞ സ്‌നേഹവും ആദരവും എല്ലാം അനുഭവിച്ചറിയേണ്ടതുതന്നെ. കോളേജില്‍ മുസ്ലിം പെണ്‍കുട്ടികളൊക്കെ അന്നു താരതമ്യേന കുറവ്. വലിയ പൊട്ട് തൊട്ട് തലയൊന്നും മറക്കാതെ ഹിഷാമിന്റെ ഭാര്യയായി നടന്നിട്ടും ഒരു പ്രതിഷേധമോ അവഗണനയോ ആരില്‍നിന്നും ഉണ്ടായില്ല. ലോകം ഇത്രമേല്‍ ചുരുങ്ങിയിട്ടില്ലായിരുന്നു. ജിഹാദ് എന്ന വാക്കൊന്നും കേട്ടിട്ടേ ഇല്ലായിരുന്നു. ഒരു കോളേജ് അദ്ധ്യാപിക എന്ന ബഹുമാനവും സ്‌നേഹവും ധാരാളം കിട്ടി. അഞ്ചുവര്‍ഷം മലപ്പുറത്ത് ഉണ്ടായിരുന്നു. ജീവിതത്തിലെ അവിസ്മരണീയമായ, ഇനിയും തിരികെ കിട്ടാന്‍ കൊതിക്കുന്ന ഒരു കാലഘട്ടം. മലപ്പുറം ജീവിതം എനിക്കു മറക്കാനാവില്ല. മൈത്രിയുടെ മറുപുറമാണ് മലപ്പുറം.

അങ്ങനെ നോക്കുമ്പോള്‍ ഇന്നത്തെ കാലം ഒരു വിപരീത ദിശയിലേക്കാണോ പോകുന്നത് എന്നു ചിന്തിച്ചിട്ടുണ്ട്. ഞങ്ങളൊന്നും പക്ഷേ, ഒരു മാതൃക കാണിച്ചതോ ഒരു സാമൂഹിക വിപ്ലവം നടത്തിക്കാണിച്ചതോ അല്ല. അതൊക്കെ സ്വാഭാവികമായി അങ്ങനെ സംഭവിച്ചുപോയതാണ്.
ഫോട്ടോഗ്രഫിക്കും പച്ചമരുന്ന് ഗവേഷണത്തിനുമൊക്കെ വേണ്ടിയുള്ള ഹിഷാമിന്റെ ട്രക്കിങ്ങും മറ്റും തുടര്‍ന്നും നടന്നു. ഹിഷാമിന്റെ സുഹൃത്തുക്കളൊക്കെ എന്റേയും സുഹൃത്തുക്കളായി. ഒരുപക്ഷേ, ഹിഷാമിന്റെ നിഴലിലായിരുന്നു എന്റെ ജീവിതം എന്നു പറയാം. 32 വര്‍ഷം സര്‍വ്വീസ് ചെയ്യാമായിരുന്ന എനിക്ക് യൂണിവേഴ്സിറ്റി കോളേജില്‍നിന്നു പിരിയുമ്പോള്‍ 16 വര്‍ഷം മാത്രമേ സര്‍വ്വീസ് ഉണ്ടായിരുന്നുള്ളു. ബെല്‍ജിയത്തിലും മസ്‌കറ്റിലും ഒക്കെ ഹിഷാമിന്റെ കൂടെ നടന്നു. അതില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്തി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഗൈഡുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതേ വിഷയത്തില്‍ത്തന്നെയാണ് ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പ് യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്ടറേറ്റ് എടുത്തത്. മൂന്നു വര്‍ഷം ബ്രസ്സല്‍സില്‍ ഉണ്ടായിരുന്നു. പഠനത്തോടും ഗവേഷണത്തോടുമൊക്കെ ആത്മാര്‍ത്ഥമായ സമീപനമായിരുന്നു. കഠിനപ്രയത്‌നം തന്നെ ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ സാറിനൊപ്പം നിലമ്പൂര്‍ കരുളായ് വനത്തിലുള്ള മാഞ്ചീരിയില്‍ ചോലനായ്ക്കരുടെ അടുത്തു പോയിട്ടുണ്ട്. കാട്ടുമരുന്നുകളുടെ ഉപയോഗവും മറ്റും പഠിച്ച് സ്പെസിമനുകള്‍ കൊണ്ടുവന്നു. എത്നോ തെറാപ്യൂട്ടിക്‌സില്‍ അദ്ദേഹം അന്നു ഗവേഷണം നടത്തിയിരുന്നു.

ഔഷധസസ്യങ്ങളുടെ പഠനം ഹിഷാമിന് ആദ്യകാലം മുതലെ താല്പര്യമായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഹെര്‍ബല്‍ ഗാര്‍ഡനു തുടക്കം മുതല്‍ ഹിഷാമിന്റെ സേവനവുമുണ്ടായിരുന്നു.

എ ഹിഷാം
എ ഹിഷാം

യൂറോപ്പിലെ വംശീയത, സ്വിസ്സ് ബാങ്ക്, യൂറോപ്പിലെ ആയുര്‍വ്വേദ ചികിത്സാസാധ്യതകള്‍, പ്രകൃതിയോടിണങ്ങിച്ചേര്‍ന്നുള്ള പഠനം എന്നിവയെക്കുറിച്ചൊക്കെ ഹിഷാം എഴുതിയിരുന്നു. ചിത്രകാരന്‍ എ.എസ്സുമായി നല്ല അടുപ്പമായിരുന്നു. കവര്‍ഫോട്ടോകളൊക്കെ അദ്ദേഹമാണ് തെരഞ്ഞെടുത്തിരുന്നത്. നാട്ടില്‍ വന്നു വീണ്ടും എഴുത്തിലുമൊക്കെ സജീവമാവാനിരിക്കെയായിരുന്നു അന്ത്യം. ഹിഷാം ആഗ്രഹിച്ചതുപോലെ അദ്ദേഹത്തിന്റെ ശാസ്ത്രലേഖനങ്ങളൊക്കെ സമാഹരിച്ച് പ്രസിദ്ധീകരിക്കണം എന്നു കരുതുന്നുണ്ട്. അതായിരിക്കണം, വക്കം മൗലവിയുടേയും വക്കം അബ്ദുല്‍ഖാദറിന്റേയും തലമുറയില്‍പ്പെട്ട ഹിഷാമിനു നല്‍കാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി. 

എതിര്‍പ്പുകള്‍ മറികടന്ന് ഒന്നാവുകയും ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യുന്നതിനിടെ അകാലത്തില്‍ അന്തരിച്ച കുടുംബനാഥന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ വിഷാദപൂര്‍വ്വം ആല്‍ഫാ മാഞ്ഞൂരാന്റെ ആത്മഗതം: എഴുത്തിന്റേയും ശാസ്ത്രപഠനങ്ങളുടേയും ലോകത്ത് എ. ഹിഷാം എന്ന നാമം അടയാളപ്പെടണം. ഞങ്ങളുടെ പ്രണയം അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥകമായിരുന്നുവെന്ന കാലത്തിന്റെ കണക്കെടുപ്പ് അപ്പോള്‍ മാത്രമേ പൂര്‍ണ്ണമാകൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com