മരണം പെയ്യുന്ന പശ്ചിമഘട്ടം

By കെ. സജിമോന്‍  |   Published: 31st October 2021 11:25 AM  |  

Last Updated: 31st October 2021 11:25 AM  |   A+A-   |  

sajimon

 

''ഉറങ്ങാന്‍ പറ്റുന്നില്ല. പാതിരാത്രിയിലും ഇടയ്ക്കിടെ എഴുന്നേറ്റ് കുന്നിന്‍മുകളിലേക്ക് ടോര്‍ച്ചടിച്ച് നോക്കും. മഴയ്‌ക്കൊപ്പം എപ്പോഴാണ് എല്ലാം കുത്തിയൊലിച്ച് വീണ്ടും വരുന്നതെന്ന് അറിയില്ല. പേടിയാണ് സാറേ... പോകാന്‍ മറ്റൊരു സ്ഥലമില്ല.''

വയനാട് പുത്തുമലയിലെ അബു മറ്റുള്ള സ്ഥലങ്ങളിലെ വിവരങ്ങള്‍ അറിയാന്‍ വിളിച്ചപ്പോള്‍ ഈ രാത്രിയില്‍ പറഞ്ഞതാണിത്. കൂട്ടിക്കലില്‍നിന്നും ഇപ്പോഴും നിലവിളികള്‍ ഉയരുന്നതിന്റെ നടുക്കലുകള്‍ക്കിടെയാണ് അബുവിന്റെ ഫോണ്‍കോള്‍. 2019 ആഗസ്റ്റ് എട്ടിനാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടി ഒരു നാടു മുഴുവന്‍ ഒലിച്ചിറങ്ങിപ്പോയത്. 17 പേരുടെ ജീവനെടുത്ത ആ ദുരന്തത്തില്‍ അബുവിന്റെ വീടിന്റെ ഏതാനും ഭാഗംകൂടി ഒലിച്ചിറങ്ങിയിരുന്നു. ഏതു സമയത്തും നിലംപതിച്ചേക്കാവുന്ന ആ വീട് ദുരന്തബാധിതമായി കണക്കാക്കപ്പെട്ടില്ല. പുത്തുമലയിലുള്ളവരുടെ പുനരധിവാസമേഖലയില്‍ കുടില്‍കെട്ടി സമരം ചെയ്‌തെങ്കിലും എങ്ങുമെത്താതെ അബുവിന്റെ കുടുംബം പുത്തുമലയിലെ ആ വീട്ടിലേക്കുതന്നെ തിരികെയെത്തി. ഓരോ മഴക്കാലത്തേയും ഉറക്കമില്ലാത്ത രാപ്പകലുകളാക്കി അബു കാവലിരിക്കുന്നു.

''വലിയ മഴ കണ്ടാല്‍ എല്ലാവരും ഒരു മുറിയില്‍ കിടന്നുറങ്ങും. പോകുന്നെങ്കില്‍ ഒരുമിച്ചങ്ങ് പോകട്ടെ.'' അബുവിന്റെ വാക്കുകളില്‍ പ്രതീക്ഷയേതുമില്ലായിരുന്നു.

പുത്തുമലയില്‍ ഇപ്പോള്‍ മൂന്നു കുടുംബങ്ങള്‍ മാത്രമാണ് ഈ മഴയേയും ഉരുള്‍പൊട്ടലിനേയും ഭയന്നും ''വേറെ വഴിയില്ലാത്തതുകൊണ്ടാ...'' എന്നുപറഞ്ഞ് തിരികെയെത്തിയത്. പുനരധിവാസം ഇപ്പോഴും നടന്നിട്ടില്ല. 10 ലക്ഷംരൂപ സഹായധനം വാങ്ങി വേറെ വീട് വാടകയ്ക്ക് എടുത്തോ സ്ഥലം വാങ്ങിയോ പോയവരും ബന്ധുവീടുകളിലേയ്ക്ക് താമസം മാറ്റിയവരും വേറെയുണ്ട്.

പുത്തുമലയും കവളപ്പാറയും പെട്ടിമുടിയും ദുരന്തസ്മാരകമായി മുന്നില്‍ നില്‍ക്കുമ്പോഴും കാലം തെറ്റിയ ഓരോ മഴയേയും കേരളമാകെ ഭയപ്പാടോടെ നോക്കിയിരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവരുടെ വേദനകള്‍ കേരളത്തിന്റെ മലയോരങ്ങളില്‍ ഓരോ മഴക്കാലത്തും ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഓരോ വര്‍ഷത്തേയും ഓര്‍മ്മിച്ചെടുക്കാന്‍ ഓരോ മലമ്പ്രദേശങ്ങള്‍ സൂചകങ്ങളായി മാറുന്നു. 2021-ലെ അതിവൃഷ്ടിക്ക് കൂട്ടിക്കല്‍ പ്ലാപ്പിള്ളിയും പീരുമേട് കൊക്കയാറും മുണ്ടക്കയവും സ്മാരകനാമമായി. ഈ വര്‍ഷത്തെ ദുരന്തത്തിന്റെ ആഴം ഇനിയും അളക്കാനിരിക്കുന്നതേയുള്ളൂ. മരണസംഖ്യ ഉയര്‍ന്നേക്കാം. തുടര്‍ന്നും മഴയുടെ സാധ്യത കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്രമഴ തുടരുമെന്ന മുന്നറിയിപ്പ് വരുന്നതോടെ കേരളത്തിന്റെ മലനാട് ഭീതിയോടെ പ്രാര്‍ത്ഥിക്കുകയാണ്: ''ഇവിടെയാവല്ലേ...''

മേപ്പാടിയിലെ പുത്തുമലയിൽ ദുരന്ത നിവാരണ സംഘം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. 2019ലാണ് പുത്തുമലയിൽ ഉരുൾപ്പൊട്ടലുണ്ടായത്

ഓരോ ദുരന്തത്തിനുശേഷവും സര്‍ക്കാര്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും; അടിയന്തര സഹായങ്ങള്‍ പ്രഖ്യാപിക്കും; ദിവസങ്ങള്‍ പൊതുവിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും. ഇതിനിടയില്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകളുടെ കണക്കെടുക്കലും പുനരധിവാസ പാക്കേജുകളും പ്രഖ്യാപിക്കപ്പെടും. മഴക്കാലമൊഴിയും, ഋതുക്കള്‍ മാറി വീണ്ടും ആഗസ്റ്റ് മാസമാകുന്നതോടെ മഴയേയും ഉരുള്‍പൊട്ടലിനേയും പേടിയോടെ നോക്കി മലനാട് നില്‍ക്കും. ഇത് തുടര്‍ക്കഥയാവുകയാണ്. ഈ സാഹചര്യത്തില്‍ ഈ ദുരന്തപരമ്പരകളെ വിശദമായ പഠനപരിശോധനയ്ക്ക് വിധേയമാക്കുന്നു.

കാലാവസ്ഥാ വ്യതിയാനവും ആവര്‍ത്തിക്കുന്ന ദുരന്തങ്ങളും 

ആഗോള കാലാവസ്ഥയില്‍ സ്വാഭാവികമായ വ്യതിയാനം എല്ലാക്കാലത്തും സംഭവിച്ചിരുന്നുവെന്നത് വസ്തുതയാണ്. 'ണമൃാലൃ ശ െയലേേലൃ'' എന്ന് സഹസ്രാബ്ദങ്ങളോളം ചിന്തിച്ച് ഭൂമിയെ ചൂടുപിടിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയ ഒരു ദീര്‍ഘകാലം മനുഷ്യവര്‍ഗ്ഗത്തിനുണ്ടായിരുന്നു. മനുഷ്യന്‍ ഭൂമിയില്‍ പിറവിയെടുത്ത കാലം തൊട്ടുതന്നെ അതു തുടങ്ങുന്നു. ശൈത്യത്തെക്കുറിച്ചായിരുന്നു അവരുടെ ഉല്‍ക്കണ്ഠ.

''കാലാവസ്ഥാ മാറ്റം മനുഷ്യസാധ്യമാണോ?'' എന്ന ചോദ്യം സ്വയം ചോദിച്ച്, ''സാധ്യമാണ്, വനനശീകരണത്തിലൂടെയും ജലസേചനത്തിലൂടെയും'' എന്ന് ഉത്തരം കണ്ടെത്തിയ തിയോഫ്രേസ്റ്റസിന്റെ കാലം തൊട്ടുതന്നെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ആകുലതകളും അന്വേഷണങ്ങളും ആരംഭിച്ചിരുന്നു. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലിന്റെ പിന്‍ഗാമിയും ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവുമായ തിയോഫ്രേസ്റ്റസിന്റെ കാലം ബി.സി. 371-287 ആണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അത്രയേറെ പഴക്കമുണ്ട് എന്നര്‍ത്ഥം. കാലാവസ്ഥാ വ്യതിയാനത്തിനു പിന്നിലെ മനുഷ്യജന്യ ഘടകങ്ങളെ സംബന്ധിച്ച സൂചനകള്‍ അക്കാലംതൊട്ടുതന്നെ ഉണ്ടായിട്ടുണ്ട്. ആഗോളതാപനം, ഓസോണ്‍ പാളിയിലെ വിള്ളല്‍ തുടങ്ങിയ പല വിശേഷണങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ഇന്നു കുറിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ഇടപെടല്‍ കാലാവസ്ഥയില്‍ ഗണ്യമായി മാറ്റം വരുത്തുന്നു; ദുരന്തങ്ങളിലേക്കാണ് അതു ചെന്നെത്തിക്കുക എന്ന് പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് പറയുന്നവര്‍ക്ക് ഉച്ചപ്രാന്താണ് എന്ന് അന്ന് കുറിച്ചിടുകയുണ്ടായി. പക്ഷേ, ആ നട്ടുച്ചപ്രാന്ത് ഇന്ന് പച്ചയായ യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. ഭൂമി എന്ന ഗ്രഹം കാലാവസ്ഥാ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുകയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് 2017 നവംബര്‍ അഞ്ചിന് ലോകത്തിലെ 153 രാജ്യങ്ങളിലെ 11,258 ശാസ്ത്രജ്ഞന്മാരുടെ സഖ്യം ഒരു പ്രസ്താവന പുറപ്പെടുവിച്ചു. പക്ഷേ, അപ്പോഴും ലോകത്തിലെ ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ അതിനെ കണ്ടില്ലെന്നു നടിച്ചു. കാലാവസ്ഥാ വ്യതിയാനം ഇന്ന് ആവര്‍ത്തിച്ചുവരുന്ന ദുരന്തങ്ങളിലൂടെ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

2004 ഡിസംബറില്‍ ഉണ്ടായ സുനാമി തൊട്ടിങ്ങോട്ട് അതിവൃഷ്ടി, അത്യുഷ്ണം, വരള്‍ച്ച, ചുഴലിക്കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ നീണ്ട നിരതന്നെ കേരളത്തെ ആക്രമിച്ചുകൊണ്ടിരുന്നു. 30 വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന ചൂട് പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തപ്പെട്ടത് 2016-ലായിരുന്നു (മലമ്പുഴ, 41.9ഡിഗ്രി സെല്‍ഷ്യസ്). പിന്നീടുള്ള വര്‍ഷങ്ങളില്‍ ശരാശരി അന്തരീക്ഷ താപനിലയില്‍ രണ്ടു മുതല്‍ നാല് ഡിഗ്രിവരെയുള്ള വ്യത്യാസം ഏറിയും കുറഞ്ഞും കേരളത്തില്‍ അനുഭവപ്പെട്ടു. 2019-ല്‍ പാലക്കാടും പുനലൂരും 40 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. സൂര്യാഘാതംപോലുള്ള ആരോഗ്യപ്രശ്‌നങ്ങളും കുടിവെള്ള ക്ഷാമവും കേരളത്തില്‍ സ്വാഭാവികമായിത്തുടങ്ങി. 2017-ലെ 'ഓഖി' കൊടുങ്കാറ്റ് തൊട്ട് കേരളതീരത്തെ തൊട്ട് കടന്നുപോയ ചുഴലിക്കാറ്റും അടിക്കടി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളും ഒരു ശീലമായി മാറിത്തുടങ്ങി.

കൂട്ടിക്കലിൽ നടന്ന രക്ഷാപ്രവർത്തനം

മണ്‍സൂണിനു ശേഷമുള്ള കാലയളവില്‍ അറബിക്കടലില്‍ അതിതീവ്ര കൊടുങ്കാറ്റുകളുടെ എണ്ണം കൂടുമെന്ന് അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മുരക്കമിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ 2013-ല്‍ പ്രവചിച്ചു. ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലമായിട്ടാണ് ഈ മാറ്റമെന്ന് ശാസ്ത്രജ്ഞസംഘം വിലയിരുത്തിയിരുന്നു. ഇത് തെളിയിക്കുന്നതായിരുന്നു 2019-ല്‍ വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈക്ലോണുകളുടേയും ന്യൂനമര്‍ദ്ദങ്ങളുടേയും അതിഭീകര വര്‍ദ്ധനവുണ്ടായത്. എട്ട് സൈക്ലോണുകളും നാല് അതിതീവ്ര ന്യൂനമര്‍ദ്ദങ്ങളും അടക്കം 12 വലിയ കാറ്റുകളുണ്ടായി.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭൂമധ്യരേഖയോടു ചേര്‍ന്ന പടിഞ്ഞാറന്‍ ഉപരിതലം കിഴക്കു ഭാഗത്തിനെ അപേക്ഷിച്ച് ചൂടു കൂടുന്ന അവസ്ഥയെ പോസിറ്റീവ് ഇന്ത്യന്‍ ഓഷ്യന്‍ ഡെപ്പോള്‍ എന്നാണ് അറിയപ്പെടുന്നത്. 2019-ല്‍ അന്തര്‍വാര്‍ഷിക വ്യതിയാനത്തിന്റെ ഭാഗമായി പോസിറ്റീവ് ഇന്ത്യന്‍ ഓഷ്യന്‍ ഡെപ്പോള്‍ എന്ന പ്രതിഭാസമുണ്ടായിരുന്നു എന്നതാണ്. ഇത് വര്‍ഷാവസാനംവരെ നീണ്ടുനിന്നതാണ് അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ക്ക് 2019 സാക്ഷ്യം വഹിച്ചതിനു കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ പോസിറ്റീവ് ഇന്ത്യന്‍ ഓഷ്യന്‍ ഡെപ്പോള്‍ ഉണ്ടാകുന്ന വര്‍ഷങ്ങളില്‍ ഭാവിയിലും ചുഴലിക്കാറ്റുകളും ന്യൂനമര്‍ദ്ദങ്ങളും പ്രതീക്ഷിക്കാവുന്നതാണെന്നും വിലയിരുത്തലുണ്ടായി. അസാധാരണമായ നിലയിലേയ്ക്ക് ന്യൂനമര്‍ദ്ദങ്ങളും അവയുടെ ഗതികളും മാറിമറിഞ്ഞതോടെ അതിതീവ്രമഴയ്ക്ക് കേരളം സാക്ഷ്യം വഹിച്ചു.

24 മണിക്കൂറിനുള്ളില്‍ 200 മില്ലിമീറ്റര്‍ വരെ പെയ്യുന്ന മഴയെയാണ് അതിതീവ്രമഴ എന്നു പറയുന്നത്. കഴിഞ്ഞദിവസം പൂഞ്ഞാറില്‍ വെറും നാലുമണിക്കൂറിനിടെ 200 മില്ലിമീറ്റര്‍ മഴയാണ് പെയ്തത് എന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. അതുതന്നെയാണ് വെള്ളപ്പൊക്കത്തിനു കാരണമാക്കിയത്.

ഉരുള്‍പൊട്ടലുകളുടെ സ്വഭാവം

മണ്ണും പാറകളും ചേര്‍ന്ന മിശ്രിതം ജലപൂരിതാവസ്ഥയില്‍ കുന്നിന്‍ചെരിവുകളില്‍നിന്നും ദ്രുതവേഗത്തില്‍ അതിശക്തമായി താഴേക്ക് പതിക്കുന്നതാണ് ഉരുള്‍പൊട്ടല്‍. അടര്‍ന്ന് തെന്നിനില്‍ക്കുന്ന ദ്രവിച്ച പാറകളും ജലസാന്ദ്രീകൃതമായ മേല്‍മണ്ണും ദൃഢമായ പാറപ്രതലത്തില്‍നിന്നും തെന്നിമാറി അതിവേഗത്തില്‍ താഴ്ചകളിലേക്ക് പതിക്കുന്നു. ചെങ്കുത്തായ പ്രതലത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് ജലവും പാറകളും സൃഷ്ടിക്കുന്ന ആഘാതത്തില്‍ അവയുടെ സഞ്ചാരപഥത്തില്‍ എത്തുന്ന എന്തിനേയും കുത്തിയൊലിപ്പിച്ച് കൂടെ കൊണ്ടുപോകാനുള്ള ശേഷി ആര്‍ജ്ജിക്കുന്നു. കേരളത്തിന്റെ പശ്ചിമഘട്ടത്തില്‍ ഈയൊരു പ്രതിഭാസം വളരെ ശക്തമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നിരവധി പഠനങ്ങള്‍ മുന്നെതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2018 മണ്‍സൂണ്‍ കാലയളവില്‍, ജൂണ്‍-ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍, കണ്ണൂര്‍ തൊട്ട് പത്തനംതിട്ട വരെയുള്ള പത്ത് ജില്ലകളില്‍ ഏതാണ്ട് 260-ല്‍പ്പരം സ്ഥലങ്ങളിലായി ആയിരത്തോളം ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുകയുണ്ടായി. അതിതീവ്ര, തീവ്ര സ്വഭാവമുള്ള ഉരുള്‍പൊട്ടലുകളുടെ എണ്ണമാണ് ഇത്. വനമേഖലയില്‍ സംഭവിച്ച ഉരുള്‍പൊട്ടലുകളുടെ യഥാര്‍ത്ഥ സ്വഭാവവും കണക്കെടുപ്പും ഇനിയും നടക്കേണ്ടതുണ്ട്. ഇടുക്കി (218), പത്തനംതിട്ട (175), കോഴിക്കോട്(200), വയനാട് (250) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്, ഇവയില്‍ 100-ഓളം ഉരുള്‍പൊട്ടല്‍ തീവ്രത കൂടിയ (etxremely vulnerable) വിഭാഗത്തില്‍ പെടുന്നവയാണ് എന്നാണ്. മണ്ണിടിച്ചില്‍ (Landslip), മണ്ണമരല്‍ (Land Subsidence) എന്നിവ കൂടാതെയുള്ള കണക്കുകളാണിവ.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ മേഖല, വയനാട് ജില്ലയിലെ ആഢ്യന്‍പാറ, കുറിച്യാര്‍ കുന്ന്, അമ്പലവയല്‍, മക്കിമല, മട്ടിക്കുന്ന്, കോഴിക്കോട് ജില്ലയിലെ കണ്ണപ്പന്‍കുണ്ട്, പുല്ലൂരാന്‍പാറ, കരിഞ്ചോല, കക്കാടംപൊയില്‍, മലപ്പുറം ജില്ലയിലെ അകമ്പാടം, മണലിയാംപാടം, ചെട്ടിയാംപാറ, കേരളാംകുണ്ട്, കരുവാരക്കുണ്ട്, ചേനപ്പാടി 2005 റീപ്ലാന്റേഷന്‍ ഏരിയ, പാലക്കാട് ജില്ലയിലെ അലുവാശ്ശേരി (മണ്ണാര്‍ക്കാട്), ആനമൂളി (മണ്ണാര്‍ക്കാട്), കരടിയോട് (തിരുവിഴാംകുന്ന്), തൃശൂര്‍ ജില്ലയില്‍ കുറാഞ്ചേരി, വെട്ടിക്കുഴി (അതിരപ്പള്ളി), കോട്ടയം ജില്ലയില്‍ തീക്കോയി, ഇളംകാട് വല്യന്ത, ഞര്‍ക്കാട്, കട്ടുപ്പാറ (മംഗളഗിരി-കട്ടുപ്പാറ), പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കുട്ടിക്കല്‍, ഇടുക്കി ജില്ലയിലെ ചെറുതോണി, നെടുങ്കണ്ടം, സീതത്തോട്, അടിമാലി, കമ്പിളിക്കണ്ടം, വാഴത്തോപ്പ്, വെള്ളത്തൂവല്‍, രാജാക്കാട്, കുഞ്ചിത്തണ്ണി, തൊമ്മന്‍കുത്ത് (തൊടുപുഴ), കീരിത്തോട് എന്നിവിടങ്ങളിലും അതിശക്തവും തുടര്‍ച്ചയായതുമായ ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുകയുണ്ടായി. മഴക്കാലത്തിന്റെ ആരംഭകാലത്ത് തന്നെ ഉരുള്‍പൊട്ടലുണ്ടായ പല പ്രദേശങ്ങളും അതിവൃഷ്ടി നടന്ന ആഗസ്റ്റ് മാസങ്ങളിലും തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകള്‍ക്ക് സാക്ഷ്യംവഹിക്കേണ്ടിവന്നു. 

കേരളത്തിന്റെ കിഴക്കന്‍ മേഖലകളെ കോട്ടപോലെ സംരക്ഷിച്ചുനിര്‍ത്തുന്ന പശ്ചിമഘട്ടം രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പാറയിടിച്ചില്‍ (Rock falls), പാറ തെന്നല്‍ (Rock slips), ഉരുള്‍പൊട്ടല്‍ (Landslides, debris flows), മണ്ണിടിച്ചില്‍ (Landslips), മണ്ണമരല്‍ (Land subsidence) തുടങ്ങിയ പ്രതിഭാസങ്ങളാണ് ഈ മേഖലയില്‍ സാധാരണയായി കണ്ടുവരുന്നത്. പടിഞ്ഞാറന്‍ താഴ്വര കുന്നുകളടക്കം (ളീീ േവശഹഹ)െ കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ ഏതാണ്ട് 40 ശതമാനത്തോളം (15545 ചതുരശ്ര കിലോമീറ്റര്‍) വരും പശ്ചിമഘട്ട മേഖല. 25 ഡിഗ്രിയിലും കൂടുതല്‍ ചരിവുള്ള ഈ മലമ്പ്രദേശങ്ങളില്‍ ഏതാണ്ട് 1700-1900 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീവ്ര ഉരുള്‍പൊട്ടല്‍ ഭീഷണിയുടെ നിഴലില്‍ കഴിയുന്നവയും 3750 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീവ്രത കുറഞ്ഞ മേഖലകളുമാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ പത്തനംതിട്ട (170 ച.കി.മീ), ഇടുക്കി (388 ച.കി.മീ), പാലക്കാട് (324 ച.കി.മീ), മലപ്പുറം (198 ച.കി.മീ), കണ്ണൂര്‍ (168 ച.കി.മീ), വയനാട് (102 ച.കി.മീ) എന്നിവ തീവ്ര ഉരുള്‍പൊട്ടല്‍ സ്വഭാവമുള്ള മേഖലകളായും തിരിച്ചിട്ടുണ്ട് (KSDMA, 2010). 

കേരളത്തില്‍ പശ്ചിമഘട്ട മലനിരകളിലെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച കാലനിര്‍ണ്ണയ പഠനം സൂചിപ്പിക്കുന്നത്, ഈ മേഖലയിലെ ഉരുള്‍പൊട്ടല്‍ തുടര്‍ച്ചയായ സംഭവങ്ങളായി മാറുന്നത് '90-കളോടെയാണെന്നാണ് (Kuriakose, 2010). 1961 മുതല്‍ 2009 വരെ നടന്ന ഉരുള്‍പൊട്ടലുകളെ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. '90-കള്‍ക്കു ശേഷമുള്ള ഉരുള്‍പൊട്ടലുകളുടെ തുടര്‍ച്ച ശക്തിപ്പെടുന്നതും അവയുടെ വിനാശസ്വഭാവം വര്‍ദ്ധിക്കുന്നതായും കാണാന്‍ സാധിക്കും. 2017, 2018, 2019 കാലയളവില്‍ നടന്ന ഉരുള്‍പൊട്ടലുകളിലും സമാന സ്ഥിതിവിശേഷം കാണാവുന്നതാണ്. ഉരുള്‍പൊട്ടല്‍ മറ്റ് പ്രകൃതി ദുരന്തങ്ങളെപ്പോലെ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും ഇതുസംബന്ധിച്ച അപകട മേഖലാ ഭൂപടം (Hazards Zonation Map) തയ്യാറാക്കിയത് ഭൂവിനിയോഗ രംഗത്ത് ഉപയോഗപ്പെടുത്തിക്കൊണ്ട് ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നത് ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.

വയനാട്ടിലെ പത്തുമലയിൽ ദുരന്തനിവാരണ സംഘം രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു/ ഫോട്ടോ: ടിപി സൂരജ്

ഉരുള്‍പൊട്ടലിനുള്ള കാരണം അതിവൃഷ്ടിയാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട സംഗതിയാണ്. കാലാവസ്ഥാവ്യതിയാനത്തിനു മനുഷ്യ ഇടപെടല്‍ ആക്കം കൂട്ടിയതുപോലെ ഉരുള്‍പൊട്ടലിലുമുണ്ടായിട്ടുണ്ട് എന്നു കാണേണ്ടതുണ്ട്. അശാസ്ത്രീയമായ ഭൂവിനിയോഗം, ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുത്തല്‍, 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള മലമേഖലകളില്‍ മഴവെള്ള സംഭരണി നിര്‍മ്മിക്കല്‍, കെട്ടിടനിര്‍മ്മാണം തുടങ്ങിയ മനുഷ്യ ഇടപെടല്‍ കൂടുന്നതോടുകൂടി ഉരുള്‍പൊട്ടലുകളുടെ എണ്ണത്തിലും തീവ്രതയിലും വര്‍ദ്ധനവ് സംഭവിക്കുന്നു. അതിവൃഷ്ടി നിയന്ത്രിക്കുക എന്നത് മനുഷ്യനു സാധിക്കാത്ത കാര്യമാണെങ്കിലും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ മനുഷ്യ ഇടപെടല്‍ പരമാവധി കുറയ്ക്കുക എന്നത് സര്‍ക്കാരിനു ചെയ്യാന്‍ പറ്റുന്ന കാര്യമാണ്.

കൂട്ടിക്കലിലെ ഉരുള്‍പൊട്ടലിനു കാരണമായത് ക്വാറികളാണെന്ന് ഇപ്പോള്‍ത്തന്നെ പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 16 ക്വാറികളും അതിനെതിരായ ശക്തമായ ജനകീയ സമരവും നടക്കുന്ന സ്ഥലമാണ് കൂട്ടിക്കല്‍ എന്ന് ഓര്‍ക്കേണ്ടതുണ്ട്. 2018-ല്‍ 14 ഉരുളുകളാണ് പൊട്ടിയത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അതിലോല പ്രദേശമെന്ന് കൂട്ടിക്കലിനെ വിശേഷിപ്പിക്കുകയുണ്ടായി. 45 ഡിഗ്രി ചരിവുള്ള സ്ഥലത്ത് ക്വാറിക്ക് അനുമതി കൊടുക്കരുതെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്. എന്നാല്‍, എണ്‍പതോ അതില്‍ക്കൂടുതലോ ഉള്ള പ്രദേശമായിട്ടും കൂട്ടിക്കലില്‍ ക്വാറിക്ക് അനുമതി ലഭിച്ചുകഴിഞ്ഞു. ഇതു ദുരന്തത്തെ വരവേല്‍ക്കാനുള്ള ഒരുക്കമായിരുന്നു എന്നുവേണം കരുതാന്‍. മനുഷ്യ ഇടപെടലാണ് ദുരന്തങ്ങളുടെ തുടര്‍ച്ചയ്ക്ക് ഇടയാക്കിയത് എന്നതിന് ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.

36 പേരുടെ മരണത്തിനിടയാക്കിയ കേരളത്തില്‍ നാളിതുവരെ സംഭവിച്ചതില്‍ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കുന്ന അമ്പൂരി ഉരുള്‍പൊട്ടല്‍ (തിരുവനന്തപുരം ജില്ല) നടന്നത് ഒരു റബ്ബര്‍ എസ്റ്റേറ്റിലാണ്. ഇവിടെ നിര്‍മ്മിച്ച ബണ്ടുകളാണ് ഈ ഉരുള്‍പൊട്ടലിന് കാരണമായിത്തീര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. 2019 ആഗസ്റ്റ് ആദ്യവാരത്തില്‍ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ സംഭവിച്ച ഉരുള്‍പൊട്ടലിനു സമാനമായ മണ്ണിടിച്ചിലിനു പ്രദേശത്തെ ക്വാറികളുമായുള്ള ബന്ധത്തെക്കുറിച്ച് ഗൗരവമായ പഠനം നടക്കേണ്ടതുണ്ട്. കാരണം, കവളപ്പാറയ്ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ 27-ഓളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സോണ്‍ 1-ല്‍ ഉള്‍പ്പെടുത്തിയ പ്രദേശമാണിതെന്നുകൂടി ഓര്‍മ്മിക്കുക.

വയനാട് പുത്തുമലയില്‍ നടന്ന ദുരന്തത്തിന്റെ കാരണവും വ്യത്യസ്തമല്ല. ''കുട്ടിക്കാലത്ത് ഞങ്ങളുടെ മലയില്‍ നിറയെ മരങ്ങളുണ്ടായിരുന്നു. വലിയ മരങ്ങള്‍ നിറഞ്ഞ കാട്. പക്ഷേ, അതെല്ലാം 100 ശതമാനവും മുറിച്ചുമാറ്റിയാണ് റിസോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്. അതുതന്നെയാണ് ഞങ്ങളുടെ ദുരന്തത്തിനു കാരണം'' എന്നാണ് പുത്തുമലയിലെ അബു സാക്ഷ്യപ്പെടുത്തുന്നത്. 2019 ആഗസ്റ്റ് എട്ടിനാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടുന്നത്. ആഗസ്റ്റ് ഏഴിനു രാത്രിയില്‍ ആദ്യത്തെ ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത് പുത്തുമലയുടെ മറ്റൊരു ചരിവായ പച്ചക്കാട് ഭാഗത്താണ്. അവിടെ പ്രദേശവാസികളുടെ ഇടപെടലിനെത്തുടര്‍ന്ന് തൊട്ടു മുന്നത്തെ വര്‍ഷം പൂട്ടിയ ഒരു ക്വാറിയുണ്ടായിരുന്നു. ആ ക്വാറിക്ക് സമീപത്തുനിന്നായിരുന്നു ആദ്യ ഉരുള്‍പൊട്ടലുണ്ടാകുന്നതും ഒരു വീട് പൂര്‍ണ്ണമായും ഒലിച്ചിറങ്ങുന്നതും.

കേരളത്തില്‍ ക്വാറിപ്രവര്‍ത്തനങ്ങള്‍ ശക്തമായി ആരംഭിച്ച 1980-'90 കാലയളവ് തൊട്ട് തന്നെയാണ് പശ്ചിമഘട്ട മേഖലയിലെ ഉരുള്‍പൊട്ടലുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് സംഭവിച്ചിരിക്കുന്നത്. പാറ പൊട്ടിക്കുമ്പോള്‍ സംഭവിക്കുന്ന ഇലാസ്തിക തരംഗ(Shear Wave)ങ്ങള്‍ മലഞ്ചെരിവുകളുടെ ഭൗതിക ഘടനയില്‍ വരുത്തുന്ന മാറ്റങ്ങളെ സംബന്ധിച്ച കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ കേരളത്തില്‍ നടക്കേണ്ടതുണ്ട്. വളരെച്ചെറിയൊരു ഭൂപ്രദേശത്ത് ഇത്രയധികം ഖനനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതുകൊണ്ടുതന്നെ ജനങ്ങളുടെ സുരക്ഷയേയും പരിസ്ഥിതി സന്തുലനത്തേയും മുന്‍നിര്‍ത്തി ഇക്കാര്യം ഗൗരവപൂര്‍വ്വം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാകണം.

ഉരുള്‍പൊട്ടലിനുള്ള സുപ്രധാന ഘടകം സ്വാഭാവിക ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളുടെ നാശമാണ്. മലമ്പ്രദേശങ്ങളിലെ തോട്ടംമേഖലകളിലും മറ്റും അശാസ്ത്രീയമായി കോണ്ടൂര്‍ ബണ്ടുകള്‍ നിര്‍മ്മിക്കുന്നത് സ്വാഭാവിക നീരൊഴുക്കിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ നടക്കുന്ന ഉരുള്‍പൊട്ടലുകളുടെ പിന്നിലെ ഒരു പ്രധാന കാരണം ഇത്തരം ബണ്ടുകളാണ്. ഈ രീതിയില്‍ ഓരോ ഉരുള്‍പൊട്ടലുകളേയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ നീര്‍ച്ചാലുകളുടെ നാശം പ്രധാന കാരണമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതുപോലെതന്നെ സ്ഥിരതയില്ലാത്ത പാറകളില്‍ നിര്‍മ്മിക്കുന്ന തടയണകളും മറ്റ് ജലസംഭണികളും ഇതേരീതിയില്‍ ഉരുള്‍പൊട്ടലിനു കാരണമായി മാറുന്നു. 2020 ജൂണ്‍ മാസത്തില്‍ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ കട്ടിപ്പാറയില്‍ നടന്ന ഉരുള്‍പൊട്ടലിനു കാരണമായത് മലമുകളില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച തടയണയായിരുന്നുവെന്നും കണ്ടെത്തുകയുണ്ടായി.

നരിക്കോട്ട് മലയിലെ ക്വാറിയുടെ ​ദൃശ്യം/ ഫോട്ടോ: എ സനേഷ്

കേരളത്തിലെമ്പാടുമായി 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ 2557 ക്വാറികള്‍ ജലനിര്‍ഗ്ഗമന പ്രദേശങ്ങളില്‍നിന്നു കേവലം 100 മീറ്റര്‍ മാത്രം അകലത്തിലുള്ളതാണെന്നും 1457 ക്വാറികള്‍ വനമേഖലയില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ളതാണെന്നും 1486 എണ്ണം പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട് (T.V. Sajeev & C.J. Alex, 2017). കേരളത്തിലെ ക്വാറികളില്‍ 96 ശതമാനവും ജലനിര്‍ഗ്ഗമന പ്രദേശങ്ങളുടെ സംരക്ഷിത ദൂരത്തിന്റെ (Buffer distance) 500 മീറ്റര്‍ പരിധിക്കുള്ളില്‍ പെടുന്നതാണെന്നും ഇതേ പഠനം സൂചിപ്പിക്കുന്നുണ്ട്. ക്വാറികളും ഉരുള്‍പൊട്ടലുകളും തമ്മിലുള്ള ബന്ധം എത്രമാത്രം ശക്തമാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഉരുള്‍പൊട്ടലിനു ശേഷമുള്ള മണ്ണൊലിപ്പിന് ഉത്തേജകശക്തിയായി (triggering factor) ഖനനപ്രവര്‍ത്തനങ്ങള്‍ ഇടയാക്കുന്നുണ്ടെന്നതിനുള്ള തെളിവുകള്‍ ലഭ്യമാണ്. ക്വാറികള്‍ സൃഷ്ടിക്കുന്ന സ്ഥാനീയ കമ്പനങ്ങള്‍ (localised vibrations) മലഞ്ചരിവുകളുടെ ദൃഢതയെ (ടഹീുല ടമേയശഹശ്യേ) പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട് (K.S.Sajinkumar, et al 2014). ഉരുള്‍പൊട്ടല്‍ സാധ്യതാ മാപ്പില്‍ 'ഉയര്‍ന്ന അപകടം' (high hazards) അടയാളപ്പെടുത്തിയ ഇടങ്ങളില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്, ദ്രവിച്ച പാറകള്‍ക്കിടയിലെ വിള്ളലുകള്‍ വര്‍ദ്ധിക്കുന്നതിനു കാരണമാകുകയും മേല്‍മണ്ണും ഉരുളന്‍പാറകളും ചേര്‍ന്ന ഉപരിതലവും താഴെയുള്ള കരിങ്കല്‍പ്പാറകളുമായി ചേരുന്ന ദുര്‍ബ്ബല പ്രതലങ്ങളില്‍ അമിതമായി ജലം ശേഖരിക്കപ്പെടുകയും താഴോട്ട് കിനിഞ്ഞിറങ്ങാതെ അതിശക്തമായി കുത്തിയൊലിച്ച് പുറത്തേയ്ക്ക് നിര്‍ഗ്ഗമിക്കുകയും ചെയ്യും.

ഖനനപ്രവര്‍ത്തനങ്ങള്‍ മലഞ്ചരിവുകളുടെ ദൃഢതയെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെയെന്നും അവ സ്ഥാനീയ കമ്പനങ്ങള്‍ക്കു കാരണമാകുന്നതെങ്ങനെയെന്നും സംബന്ധിച്ച് വയനാട്ടിലെ ബാണാസുരമലയിലെ നരിപ്പാറയില്‍ കെ. സജിന്‍ കുമാറും സംഘവും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 2007ല്‍ നരിപ്പാറയില്‍ നടന്ന പത്തോളം തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകള്‍ക്ക് അവിടുള്ള ക്വാറികളും ഹിമഗിരി എസ്റ്റേറ്റിലെ സ്റ്റോണ്‍ ക്രഷറുകളും കാരണമായിട്ടുണ്ടെന്നു പഠനം ചൂണ്ടിക്കാട്ടുന്നു. അതിവൃഷ്ടി, ഖനനപ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമായ മഴക്കുഴി നിര്‍മ്മാണം തുടങ്ങിയ മനുഷ്യ ഇടപെടല്‍ ഭൂവിനിയോഗത്തില്‍ വരുത്തിയ മാറ്റങ്ങള്‍ മലഞ്ചരിവുകളെ ദുര്‍ബ്ബലപ്പെടുത്തുന്നതായും അതുവഴി ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിക്കുന്നുവെന്നും ഉള്ള നിഗമനങ്ങളാണ് പഠനം മുന്നോട്ട് വെയ്ക്കുന്നത്.

സര്‍ക്കാര്‍ ചെയ്യുന്നത് 

അനിയന്ത്രിതമായി ക്വാറികള്‍ക്ക് അനുമതി നല്‍കിക്കൊണ്ടിരിക്കുകയാണ്. ദുരന്ത സാധ്യതകളെ മുന്നില്‍ കണ്ടുകൊണ്ട് അതിലോലമായ പ്രദേശങ്ങളിലുള്ള നിര്‍മ്മാണങ്ങളും ക്വാറിപ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റും സര്‍ക്കാറിന്റെതന്നെ നിയമസഭ കമ്മിറ്റിയുമൊക്കെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, അതു മറിച്ചുനോക്കാന്‍പോലും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. മാത്രമല്ല, 2021 ജൂലായ് രണ്ടിന് ഇറങ്ങിയ സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരം പാറമടകള്‍ക്ക് അനുയോജ്യമായ റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്തി ഖനനത്തിന് അതിവേഗ അനുമതി കൊടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. പശ്ചിമഘട്ടത്തിന്റെ താഴ്വരകളില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ അലമുറകളാല്‍ മുഖരിതമായിരിക്കുമ്പോഴും അതിനു വഴിവെയ്ക്കുന്നതായി നിരവധി പഠനങ്ങള്‍ കണക്കാക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനത്തെ വിപുലപ്പെടുത്താനുള്ള സര്‍ക്കാറിന്റെ ശ്രമം ദുരന്തനിവാരണ സമിതികൊണ്ടൊന്നും തടയിടാന്‍ പറ്റുന്നതായിരിക്കില്ല എന്ന് ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ദുരന്തത്തിനുശേഷമുള്ള കണക്കെടുപ്പുകളല്ല, ദുരന്തത്തെ മുന്നില്‍ക്കണ്ട് തടയിടാനുള്ള ശ്രമങ്ങളാണ് ചെയ്യേണ്ടതെന്ന് ഇനി ഏതു പഠനത്തിലൂടെയാണ് സര്‍ക്കാര്‍ മനസ്സിലാക്കേണ്ടത്?

വനത്തിലെ ഉരുള്‍പൊട്ടല്‍ 

കേരളത്തിന്റെ വനമേഖലകളില്‍നിന്നുണ്ടായ ഉരുള്‍പൊട്ടലുകളും ചെറിയ സംഖ്യയായിരുന്നില്ല. മണ്ണിലെ ജലസാന്ദ്രീകരണം വളരെ വേഗത്തില്‍ സംഭവിക്കുന്നതിന്റെ പ്രധാന കാരണം ജലാംശം സംഭരിക്കാനുള്ള മണ്ണിന്റെ ശേഷി കുറയുന്നതാണ് എന്ന വസ്തുത ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ജലം കിനിഞ്ഞിറങ്ങാനുള്ള മണ്ണിന്റെ ശേഷിയും (Soil permeabiltiy) മണ്ണിന്റെ സ്ഥിരതയും തമ്മിലുള്ള ബന്ധം വ്യക്തമാണ് (Vergani & Graf, 2015). അതുപോലെതന്നെ മണ്ണിന്റെ ജലവാഹകത്വശേഷിയും (Hydraulic Conductivtiy) ഉരുള്‍പൊട്ടല്‍ സംവേദകത്വവും (Landslide Susceptibltiy) തമ്മിലുള്ള ബന്ധവും പ്രധാനമാണ്. മണ്ണിലെ ജൈവാംശത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചും ചപ്പുചവറുകള്‍ കൊണ്ടുള്ള പുതപ്പുകളുടെ കനം വര്‍ദ്ധിപ്പിച്ചും മാത്രമേ ഈയൊരു പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. മണ്ണില്‍ ഉണ്ടായിരിക്കേണ്ട ജൈവാംശത്തിന്റെ (Organic matter) അഭിലഷണീയ അളവ് 6-8 കിലോഗ്രാം പ്രതി ടണ്‍ ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലെ മണ്ണിലെ ജൈവാംശത്തിന്റെ അളവ് 800-900 ഗ്രാം പ്രതി ടണ്‍ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നതായും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വനമേഖലയിലെ മനുഷ്യ ഇടപെടല്‍ വര്‍ദ്ധിക്കുന്നതിന്റേയും അടിക്കാടുകളുടേയും വനത്തിന്റെ തന്നെയും നാശവും ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. അതുകൊണ്ടുതന്നെ വനമേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ഉരുള്‍പൊട്ടലിന്റെ കാരണം മനുഷ്യ ഇടപെടല്‍ മൂലമുണ്ടായ വനനാശം തന്നെയാണെന്നു കണ്ടെത്താന്‍ വലിയ വിഷമമില്ല.

പ്രളയദുരന്തങ്ങളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ 

2018-ലെ മഹാപ്രളയത്തില്‍ ജീവനും സമ്പത്തിനുമുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച കണക്കെടുപ്പുകള്‍ നടന്നിട്ടുണ്ട്. 35,000 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായത് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 480-ല്‍പ്പരം ആളുകളുടെ ജീവന്‍ കവര്‍ന്നു. നാല് ലക്ഷം പക്ഷികളും 18,532 ചെറിയ മൃഗങ്ങളും 3,766 വലിയ മൃഗങ്ങളും ചത്തൊടുങ്ങിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും തകര്‍ന്നുപോയ വീടുകളുടെ എണ്ണം പതിനായിരക്കണക്കിനു വരും. കാര്‍ഷിക മേഖലയിലെ തകര്‍ച്ച ഇടിത്തീയായി വീണ കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും വരുംകാല ദിനങ്ങള്‍ ദുരിതപൂര്‍ണ്ണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സംഭവിച്ചുകഴിഞ്ഞ പ്രളയദുരന്തം സൃഷ്ടിച്ച സാമ്പത്തിക നഷ്ടം നിലവിലുള്ള സാമ്പത്തിക മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി വിലയിരുത്താനും കണക്കെടുപ്പ് നടത്താനും സാധിക്കുമ്പോള്‍ തന്നെ, സാമ്പത്തിക അളവുകോല്‍ വെച്ച് വിലയിടാനാകാത്ത വന്‍തോതിലുള്ള, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക തകര്‍ച്ചകളുണ്ടായിട്ടുണ്ട്.

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടുതന്നെ ഇവിടുത്തെ മണ്ണിടിച്ചിലിന്റെ സാധ്യത വളരെ കൂടുതലാണ്. ഭൂപ്രദേശത്തിന്റെ 80 ശതമാനത്തിനു മുകളിലും 'ഉയര്‍ന്ന', 'മധ്യനിര' മേഖലകളായി കണക്കാക്കിയിരിക്കുന്ന നമ്മുടെ സംസ്ഥാനത്ത്, മണ്ണൊലിപ്പിന്റെ നിരക്ക് ദേശീയ ശരാശരിയെക്കാളും (16.3ടണ്‍/ഹെക്ടര്‍/വര്‍ഷം) വളരെ കൂടുതലാണ്. ചരിഞ്ഞ പ്രദേശങ്ങള്‍ കൂടുതലുള്ള നമ്മുടെ സംസ്ഥാനത്ത് പ്രതിവര്‍ഷം 30-50 ടണ്‍ (3050 ടണ്‍/ഹെക്ടര്‍/വര്‍ഷം) എന്ന കണക്കിലാണ് മേല്‍മണ്ണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇതിനര്‍ത്ഥം, ഏതാണ്ട് അഞ്ച് മുതല്‍ 10 വരെ സെന്റിമീറ്റര്‍ മേല്‍മണ്ണാണ് ഓരോ വര്‍ഷവും നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നാണ്. മണ്ണൊലിപ്പിനു പുറമെ അമ്ലീകരണം അടക്കമുള്ള പല പ്രശ്നങ്ങളും കേരളത്തിലെ മണ്ണ് നേരിടുന്നുണ്ട്. അമ്ലത നിറഞ്ഞ മണ്ണിനെ സംബന്ധിച്ച പഠനം സൂചിപ്പിക്കുന്നത്, കേരളത്തിലെ 60 ശതമാനം ഭൂമിയും അമ്ല സ്വഭാവമുള്ളതാണെന്നാണ്. മണ്ണൊലിപ്പ്, അമ്ലീകരണം, ലവണീകരണം, മരുവല്‍ക്കരണം തുടങ്ങിയ പ്രശ്‌നങ്ങളിലൂടെ സംഭവിക്കുന്ന മണ്ണിന്റെ ജീര്‍ണ്ണാവസ്ഥയിലൂടെ കേരളം പ്രതിവര്‍ഷം നഷ്ടമാക്കുന്നത് 517.8 മില്യണ്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ തുകയാണെന്നാണ് (2014ലെ കണക്കനുസരിച്ച് ഏകദേശം 3213 കോടി രൂപ) കണക്കാക്കപ്പെട്ടിരിക്കുന്നത് (Energy & Resources Institute, 2018). 2018 മുതലുണ്ടായ അതിവൃഷ്ടിയിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും സംഭവിച്ചിരിക്കുക ഇതിന്റെ പതിന്മടങ്ങിനും മുകളിലുള്ള നഷ്ടമായിരിക്കും.

പ്രതിവിധികള്‍ 

വര്‍ദ്ധിച്ചുവരുന്ന ഉരുള്‍പൊട്ടലിനും മേല്‍മണ്ണ് നാശത്തിനും തടയിടാന്‍ ദീര്‍ഘകാല, ഹ്രസ്വകാല പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഉരുള്‍പൊട്ടലിനും മണ്ണൊലിപ്പിനും പ്രകൃതിപരവും കൃത്രിമവുമായ നിരവധി കാരണങ്ങള്‍ ഉണ്ട്. പ്രകൃതി പ്രതിഭാസങ്ങള്‍ക്കു തടയിടാന്‍ നമുക്ക് സാധിക്കില്ല എന്നതുകൊണ്ടുതന്നെ ഉരുള്‍പൊട്ടലിനു കാരണമാകുന്ന മനുഷ്യ ഇടപെടല്‍ എന്താണെന്നു വ്യക്തമായ ധാരണയുണ്ടായിരിക്കണം. ഏറ്റവും സുപ്രധാനമായ കാരണം ഭൂവിനിയോഗത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ തന്നെയാണ്. ഓരോ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുമാത്രമേ ഇനിയെങ്കിലും ഏതു തരത്തിലുള്ള ഇടപെടലും നടത്താവൂ എന്നു തീരുമാനിക്കേണ്ടത് അത്യാവശ്യമാണ്. 

* ചരിഞ്ഞ പ്രദേശങ്ങളിലെ വനനാശത്തിന് അറുതിവരുത്തുക എന്നത് പ്രധാനമാണ്. അവശേഷിച്ച തുരുത്തുകളെങ്കിലും സംരക്ഷിക്കേണ്ടിയിരിക്കുന്നു. കൂടാതെ ഓരോ പ്രദേശത്തിന്റെ തനത് വൈവിധ്യങ്ങള്‍ മനസ്സിലാക്കി മരവല്‍ക്കരണം സാധ്യമാക്കണം.

* ഭൂമിയുടെ കിടപ്പ് പരിഗണിക്കാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉരുള്‍പൊട്ടലിനും മണ്ണൊലിപ്പിനും കാരണമാക്കുന്നുവെന്നത് വസ്തുതയാണ്. ചരിഞ്ഞ പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നെ വിശദമായ പഠനം നടത്തേണ്ടതുണ്ട്. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ ചരിവ് സംരക്ഷണം ഉറപ്പ് വരുത്തിക്കൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ സാധ്യമാക്കാവൂ.

* സ്വാഭാവിക ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ നശിപ്പിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തലാണ്. റോഡ്, കനാല്‍ നിര്‍മ്മാണവേളയില്‍ ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ സംരക്ഷിച്ചും ആവശ്യമായവ നിര്‍മ്മിച്ചും വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തേണ്ടതാണ്.

* തീവ്ര, അതിതീവ്ര ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും ആളുകളെ നിര്‍ബ്ബന്ധമായും മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്. ആള്‍നാശവും സ്വത്തുനാശവും കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഇതേരീതിയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയുടെ കീഴ്പ്രദേശങ്ങളിലുള്ളവരേയും മാറ്റിത്താമസിപ്പിക്കാന്‍ നടപടികള്‍ കൈക്കൊള്ളണം.

* നിശ്ചിത ഡിഗ്രിയില്‍ കൂടുതലുള്ള ചരിഞ്ഞ പ്രദേശങ്ങളിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒഴിവാക്കുക. ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെപ്പിക്കുക.

* മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതപ്രദേശങ്ങള്‍ കണ്ടെത്തി അത്തരം പ്രദേശങ്ങളില്‍ താങ്ങ് ഭിത്തി (Retaining Wall) നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിക്കേണ്ടതുണ്ട്. തുടര്‍ പൊട്ടലുകളും (Secondary landslip) മറ്റു നാശനഷ്ടങ്ങളും കുറയ്ക്കാന്‍ ഇതു സഹായിക്കും.

* മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും സുപ്രധാന കാരണം പ്രദേശത്തിന്റെ ഹരിതമേലാപ്പ് ഇല്ലാതാകുന്നതാണ്. ഹരിതാവരണം നഷ്ടമാകുന്നതിലൂടെ രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് സംജാതമാകുന്നത്. ഒന്ന്, മേല്‍മണ്ണിനെ സംരക്ഷിച്ചു നിര്‍ത്തുന്ന സസ്യങ്ങളുടെ വേരുകള്‍ ഇല്ലാതാകുന്നു. മറ്റൊന്ന്, മണ്ണില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ജൈവാംശം നഷ്ടമാകുന്നു. ഭൂമിയില്‍ പതിക്കുന്ന മഴവെള്ളത്തോടൊപ്പം മേല്‍മണ്ണ് കുത്തിയൊലിച്ചുപോകുന്നതിന് ഇതു കാരണമാകുന്നു. മണ്ണിന്റെ ആഴത്തിലേക്ക് വേരുകള്‍ പടര്‍ത്തുന്ന മരങ്ങളും ചെടികളും കൊണ്ട് ഹരിതമേലാപ്പ് തീര്‍ക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഉരുള്‍പൊട്ടല്‍ പോലെ പെട്ടെന്നുണ്ടാകുന്നതും ഭീതിജനകവും ആയ ഒരു പ്രക്രിയ അല്ലെങ്കില്‍ കൂടിയും മണ്ണൊലിപ്പ് സമൂഹത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തില്‍ അനുഭവവേദ്യമല്ല എന്നതുകൊണ്ടുതന്നെ മണ്ണൊലിപ്പിന്റെ പ്രശ്‌നങ്ങള്‍ നിസ്സാരമായി കണക്കാക്കുകയാണ് പതിവ്. എന്നാല്‍ ഭൂമിയിലെ മേല്‍മണ്ണിന്റെ അളവിനെക്കുറിച്ചും അവയുടെ നാശത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെങ്കില്‍ നമ്മുടെ ഉദാസീനത എത്രവലിയ കുറ്റകൃത്യമാണെന്നു നാം തിരിച്ചറിയും. 

മണ്ണിന്റെ മുകള്‍ത്തട്ടില്‍ കേവലം ആറിഞ്ച് കനത്തില്‍ മാത്രമേ ഉര്‍വ്വരതയുള്ള മേല്‍മണ്ണുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ആറിഞ്ച് കനമുള്ള ആവരണമാണ് സസ്യങ്ങളുടെ വളര്‍ച്ചയ്ക്കും അതുവഴി മുഴുവന്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിനും ആധാരമായിരിക്കുന്നത്. ഏറ്റവും വിലപിടിപ്പുള്ള ഈ മണ്ണ് സംരക്ഷിച്ചുനിര്‍ത്തേണ്ടത് ജീവജാലങ്ങളുടെ നിലനില്‍പ്പില്‍ താല്പര്യമുള്ള എല്ലാവരുടേയും കടമയാണ്. കാര്‍ഷിക വൃത്തികള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് മണ്ണിന്റെ നാശവും സംരക്ഷണവും നിലകൊള്ളുന്നത്. കാര്‍ഷിക മേഖലയില്‍, പ്രത്യേകിച്ചും ചരിഞ്ഞ പ്രദേശങ്ങളില്‍ മണ്ണ് സംരക്ഷണത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാണ്.

മണ്ണിലാണ്ടുപോയ സഹോദരിയെ കാത്തിരിക്കുന്ന യുവാവ്. മലപ്പുറം കവളപ്പാറയിൽ നിന്നുള്ള ദൃശ്യം

* ചരിഞ്ഞ പ്രദേശങ്ങളില്‍ കയ്യാലകളും ബണ്ടുകളും നിര്‍മ്മിക്കുക. ബണ്ടുകള്‍ പുല്ലുകള്‍ നട്ട് ഇടിയില്ലെന്ന് ഉറപ്പുവരുത്തുക.

* മണ്ണ് സംരക്ഷണത്തോടൊപ്പം ജലസംരക്ഷണവും ഉറപ്പാക്കുവാന്‍ കല്ല് കയ്യാലകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. 

* തട്ടുതിരിച്ച് കൃഷി ഭൂമി തയ്യാറാക്കുന്നത് മണ്ണിടിച്ചിലും മണ്ണൊലിപ്പും പ്രതിരോധിക്കുന്നു.

* ജൈവവേലികള്‍ നിര്‍മ്മിക്കുക.

* ചരിഞ്ഞ പ്രദേശങ്ങളില്‍ ഉഴവ് ഒഴിവാക്കുക. ഹരിതാവരണത്തിലൂടെയും പുതയിടലിലൂടെയും കുറഞ്ഞ കാലയളവ്‌കൊണ്ടുതന്നെ മണ്ണ് നന്നാക്കിയെടുക്കാവുന്നതാണ്.

* നീര്‍ച്ചാലുകളുടെ സംരക്ഷണം മണ്ണ് സംരക്ഷണത്തിന് പ്രധാനമാണ്. 

ഇവയൊക്കെ കാര്‍ഷിക മേഖലയില്‍ പ്രയോഗിക്കാവുന്ന ചെറു മാര്‍ഗ്ഗങ്ങളാണ്. അതേസമയം മേല്‍മണ്ണിനോടും പ്രകൃതിവിഭവങ്ങളോടും ഉള്ള മനോഭാവം പ്രധാനമാണ്. പ്രകൃതിവിഭവങ്ങള്‍ അനന്തമാണെന്നും അവ നമ്മുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിച്ച് വലിച്ചെറിയാമെന്നുമുള്ള ധാരണകളാണ് ആദ്യം തിരുത്തേണ്ടത്. മണ്ണ് സംരക്ഷണം കര്‍ഷകരുടെ മാത്രം ഉത്തരവാദിത്വമല്ല. അലക്ഷ്യമായി നാം വലിച്ചെറിയുന്ന അജൈവമാലിന്യങ്ങളെല്ലാം തന്നെ മണ്ണിന്റേയും ജലത്തിന്റേയും നാശത്തിനു കാരണമാകുന്നുവെന്ന ബോദ്ധ്യം ഇനിയെങ്കിലും ഉണ്ടാകണം.

ഓരോ ദുരന്തത്തിനുശേഷവും തെരുവില്‍ സമരം ചെയ്യുന്ന ജനതയുടെ എണ്ണം കൂടിവരികയാണ്. കവളപ്പാറയിലും പുത്തുമലയിലും ഇത് ആവര്‍ത്തിച്ച് എത്തിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന അതിവൃഷ്ടിയേയും ന്യൂനമര്‍ദ്ദങ്ങളേയും ഇനി നമ്മള്‍ കൂട്ടിയാല്‍ കൂടില്ലായിരിക്കും. പക്ഷേ, ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മനുഷ്യ ഇടപെടലിലൂടെയാണ് ഇത്രത്തോളം ഭീകരമാക്കിയത്. അത് മുന്നില്‍ കണ്ട് ഇടപെടലുകള്‍ നടത്തി ദുരന്തസാഹചര്യത്തെ ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്.

പുത്തുമലയിലെ അബുവിനെപ്പോലെ കൂട്ടിക്കലിലും കൊക്കയാറിലും ആരൊക്കെയോ ഇനി ഇടിയും മഴയുമുള്ള പാതിരാത്രികളില്‍ വീടിനു പിന്നിലെ മലയെ നോക്കി, ''എന്നെ നീ കാത്തുകൊള്ളണേ, വേറെ ഗതിയില്ലാത്തതുകൊണ്ടാ...'' എന്നു വിലപിക്കാതിരിക്കട്ടെ. പശ്ചിമഘട്ടത്തിന്റെ താഴ്വരകള്‍ പ്രശാന്തസുന്ദരമായിത്തന്നെ നിലനില്‍ക്കട്ടെ.

(വിവരങ്ങള്‍ക്ക് കടപ്പാട്: ട്രാന്‍സിഷന്‍ സ്റ്റഡീസ് തൃശ്ശൂര്‍, കെ. സഹദേവന്‍, ഡോ. സ്മിത പി. കുമാര്‍, നീതുദാസ്, എസ്. അഭിലാഷ്, സി.എസ്. അഭിറാം നിര്‍മ്മല്‍)