1980 ക്ഷുഭിതയൗവ്വനത്തിന്റെ പ്രതിഷേധങ്ങളുടെ കാലം കൂടിയായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനു മുന്‍പുള്ള കാലം. കേരളത്തിന്റെ തെരുവോരങ്ങളില്‍നിന്ന് ഒരു ഗായക സംഘം കൈചൂണ്ടിക്കൊണ്ട് ചില പാട്ടുകള്‍ പാടി. നാടകം കളിച്ചു. ബര്‍ത്തോള്‍ഡ് ബ്രഹ്ത്തിന്റെ കവിതകളായിരുന്നു പാടിയത്. ''നാളെ നേതാക്കളായ് മാറേണ്ട നിങ്ങള്‍ക്ക്, കാലം അമാന്തിച്ചുപോയില്ല...'' എന്നാരംഭിക്കുന്ന എന്തിന്നധീരത? എന്ന ഗാനം. പാട്ടിനു നേതൃത്വം കൊടുത്തത് വി.കെ. ശശിധരന്‍ എന്ന ഗായകനായിരുന്നു. ആ സംഘത്തിന്റെ ക്യാപ്റ്റന്‍ ഇതെഴുതുന്ന ആളായിരുന്നു. മറ്റുള്ളവരൊക്കെ ക്യാപ്റ്റനേക്കാള്‍ വലിയ കലാകാരന്മാരും കവികളുമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ശാസ്ത്ര കലാജാഥ. 37 ദിവസം ഒരു യജ്ഞം. കാരക്കോണം മുതല്‍ കാസര്‍ഗോഡു വരെ. ദിവസവും നാലും അഞ്ചും പരിപാടികള്‍. സ്‌കൂളുകള്‍, കോളേജുകള്‍, തെരുവോരങ്ങള്‍, മൈതാനങ്ങള്‍. രാത്രി ഏറെ വൈകി കിടക്കുന്നത് സ്‌കൂളില്‍ ബഞ്ച് കൂട്ടിയിട്ട് അതിനു മുകളില്‍. വെയിലും മഴയും ഒന്നും വകവെയ്ക്കാത്ത കലായാത്ര. മലയാളികള്‍ ഏറെ ശ്രദ്ധിച്ച, പുതുമയുള്ള ഈ ബഹുജന വിദ്യാഭ്യാസ പരിപാടി 1981, 1982 വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായി തുടര്‍ന്നപ്പോഴും അതിനു നേതൃത്വം കൊടുത്തത് വി.കെ.എസ് എന്ന വി.കെ. ശശിധരന്‍ തന്നെ. ഗായകനായ ഒരു ആക്ടിവിസ്റ്റ് (കര്‍മ്മംകൊണ്ട് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍) ജനകീയ ഗായകനായി മാറുന്നതിന്റെ തുടക്കം അങ്ങനെയാണ്.
കഴിഞ്ഞ മൂന്നാലു വര്‍ഷം മുന്‍പുവരെ കവിതയും പാട്ടുമായി കേരളത്തിനകത്തും പുറത്തുമായി വി.കെ.എസ്. നിരന്തരം സഞ്ചരിച്ചു. ചെറുതും വലുതുമായ എണ്ണമറ്റ സദസ്സുകള്‍ കാതുകൂര്‍പ്പിച്ചിരുന്ന് ആ ഗാനങ്ങളും കവിതകളും നെഞ്ചോടു ചേര്‍ത്തുവെച്ചു. പുരോഗമന പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങളില്‍ ആസ്വാദനത്തിനു പുതിയ മാനങ്ങള്‍ തീര്‍ത്തുകൊണ്ട് അദ്ദേഹത്തിന്റെ ആലാപനശൈലി പടര്‍ന്നുകയറി. അങ്ങനെ ശക്തിയുടെ കവിയായ ഇടശ്ശേരിയുടെ 'പൂതപ്പാട്ടും' മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'യും കൂടുതല്‍ ജനകീയമായി. ''എത്ര മനോഹരമാണവിടുത്തെ, ഗാനാലാപനശൈലി'' എന്ന ടാഗോറിന്റെ വരികള്‍ അദ്ദേഹത്തെക്കുറിച്ചു തന്നെയാണോയെന്നു ജനം സംശയിച്ചു. കുട്ടികളുടെ വലിയ സദസ്സുകളില്‍ അവരുടെ തലത്തിലേക്കു വളര്‍ന്നുകൊണ്ട് ഇഴുകിച്ചേര്‍ന്ന് അവരിലൊരാളായി മാറാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ''കൂട്ടുകാരേ'' എന്നു സ്‌നേഹപൂര്‍വ്വം വിളിക്കുമ്പോള്‍ ഉള്ളിന്റെയുള്ളില്‍നിന്നാണതു വന്നത്. ക്രമേണ കുട്ടികളോട് സമര്‍ത്ഥമായി സംവദിക്കാനുള്ള ഒരു രീതിശാസ്ത്രം തന്നെ വി.കെ.എസ്. വളര്‍ത്തിയെടുത്തു. അതു സ്‌നേഹമസൃണവും സംഗീതസാന്ദ്രവും എന്നാല്‍, ശക്തവുമായിരുന്നു. (കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പലരും ഇതു യാന്ത്രികമായി അനുകരിച്ചു പരാജയപ്പെടുന്നതും കണ്ടിട്ടുണ്ട്). ഈ ശിശുസൗഹൃദ ആലാപനത്തിന്റെ ഏറ്റവും ഉദാത്തമായ അനുഭവമായിരുന്നു 1987-ല്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നടന്ന അഖിലേന്ത്യാ ബാലോത്സവത്തിന്റെ ഉള്ളടക്കം. പാഠപുസ്തകങ്ങളിലും മറ്റു പുസ്തകങ്ങളിലും ചിതറിക്കിടന്ന ആരും ശ്രദ്ധിക്കാതിരുന്ന കുട്ടിക്കവിതകള്‍ക്കു സായൂജ്യം ഉണ്ടായി. കുട്ടികളുടേയും അദ്ധ്യാപകരുടേയും ചുണ്ടില്‍ ആ കവിതകള്‍ വിടര്‍ന്നുവിലസി. 'കൂട്ടപ്പാട്ട്' എന്നൊരു സങ്കേതം തന്നെ കുട്ടികള്‍ക്കു വേണ്ടി വികസിപ്പിക്കുന്നതിനു കഴിഞ്ഞ വലിയ ഗായകനാണ് വി.കെ.എസ്.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാനതല പ്രവര്‍ത്തകനെന്ന നിലയില്‍ 30 വര്‍ഷത്തിലധികം ശാസ്ത്രകലാജാഥകള്‍ക്കായി എണ്ണമറ്റ ഗാനങ്ങള്‍ക്കും കവിതകള്‍ക്കും ഈണം പകര്‍ന്നു. ബാലോത്സവ ജാഥകള്‍ക്കും വനിതാ കലാജാഥകള്‍ക്കും അഖിലേന്ത്യാ സര്‍ഗ്ഗോത്സവങ്ങള്‍ക്കും എല്ലാ ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ശാസ്ത്രഗീതങ്ങളും സംഗീത ശില്പങ്ങളും ചിട്ടപ്പെടുത്തിയത് ഈ ജനകീയ ഗായകന്‍ തന്നെ. കേരളം കണ്ട വന്‍ ജനകീയ മുന്നേറ്റങ്ങളായ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിനും '96-ലെ ജനകീയാസൂത്രണ പരിപാടിക്കും ഊര്‍ജ്ജം പകര്‍ന്നത് വി.കെ.എസ്. ഈണം പകര്‍ന്ന വരികളാണ്. ''നേരമൊട്ടും വൈകിയില്ല, കൂട്ടുകാരേ പോരൂ, പേരെഴുതാം വായിക്കാം ലോക വിവരം നേടാം... ലോക വിവരം നേടാം'' എന്ന മുല്ലനേഴിയുടെ വരികള്‍ ഉള്ളിലേക്കൊഴുകി വരുന്നത് വി.കെ.എസ്സിന്റെ ഹൃദയഹാരിയായ ഈണത്തിലൂടെയാണ്. ഇത് ഒരു കാലഘട്ടത്തില്‍ കേരളീയ സമൂഹം മുഴുവന്‍ ഏറ്റുപാടി. ''അക്ഷരം തൊട്ടു തുടങ്ങാം, നമുക്കൊരേയാകാശം വീണുകിട്ടാന്‍...''എന്ന ഗാനവും ''ആത്മാഭിമാനക്കൊടിക്കൂറ പൊക്കുവാന്‍ കൂട്ടുകാരേ നമുക്കൊത്തു ചേരാം...'' എന്ന ഗാനവും ഇതുപോലെ പ്രചാരം നേടിയതാണ്. ഒ.എന്‍.വി., മുല്ലനേഴി, സുഗതകുമാരി, കരിവെള്ളൂര്‍ മുരളി, കുരീപ്പുഴ, കെ.ടി. രാധാകൃഷ്ണന്‍, കൊടക്കാട് ശ്രീധരന്‍, കെ.കെ. കൃഷ്ണകുമാര്‍, കെ.എന്‍. സുഖദന്‍, കുഞ്ഞുണ്ണി മാഷ്, ആര്‍. രാമചന്ദ്രന്‍, എം.എം. സചീന്ദ്രന്‍, മണമ്പൂര്‍ രാജന്‍ ബാബു, പി.കെ. ഗോപി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, ഒ.വി. ഉഷ, പി. മധുസൂദനന്‍... അങ്ങനെ പ്രസിദ്ധരും അറിയപ്പെടാത്തവരുമടങ്ങിയ എത്രയോ കവികളുടെ കവിതകള്‍ ഈണം പകര്‍ന്ന് ഇമ്പമുള്ളതാക്കി ജനമനസ്സുകളില്‍ പ്രതിഷ്ഠിച്ചു. അകാലത്തില്‍ അന്തരിച്ച ഡോ. എ. സുഹൃത്ത് കുമാറിന്റെ അക്ഷരമുത്തുകള്‍ കൊത്തിയെടുക്കും കുഞ്ഞരിപ്രാവുകള്‍ എന്ന കുട്ടിക്കവിതയും പറയുവാനെന്തുണ്ടു വേറെ! വീണ്ടും പൊരുതുക എന്നതല്ലാതെ, പറയുവാനെന്തുണ്ടു വേറേ...'' എന്ന ഗാനവും എടുത്തു പറയേണ്ടതാണ്.
ഏതു പാട്ടിനും കവിതയ്ക്കും ഈണം പകര്‍ന്നാലും വി.കെ.എസ്. അതു ഹൃദിസ്ഥമാക്കിയിരിക്കും. കടലാസ് നോക്കി പാടുന്ന സമ്പ്രദായം അദ്ദേഹത്തിനില്ല. ഹാര്‍മോണിയമോ ശ്രുതിപ്പെട്ടിയോ ഉപയോഗിച്ച് ട്യൂണ്‍ ചെയ്യാറുമില്ല. മനസ്സില്‍ ഉള്‍ക്കൊണ്ടുകഴിഞ്ഞാല്‍ അതിന്റെ ഭാവാര്‍ത്ഥതലങ്ങളിലേക്കു സംഗീതയാത്ര നടത്തുന്ന ഒരു തീവ്രയത്‌നമാണ് അദ്ദേഹം നടത്തുന്നത്. കവിതയുടെ അര്‍ത്ഥവും ഭാവവും വ്യക്തമാക്കുന്നതിനു ചിലപ്പോള്‍ താളവും ശബ്ദവും ബ്രേക്ക് ചെയ്തു മൗനത്തിന്റെ കരുത്തും ആവാഹിക്കാറുണ്ട്.
വടക്കന്‍ പറവൂരില്‍ ജനിച്ച് കൊല്ലത്തു സ്ഥിരതാമസമാക്കി തൊഴില്‍പരമായി ഇലക്ട്രിക്കല്‍ എന്‍ജിനീയറും അതേസമയം ആക്ടിവിസ്റ്റുമായി മാറിയ വി.കെ.എസ്. തന്റെ ജന്മസിദ്ധമായ സര്‍ഗ്ഗവൈഭവത്തെ സാമൂഹ്യമാറ്റത്തിനുള്ള ശക്തമായ ടൂളായി പ്രയോഗിച്ചു; ജീവിതാന്ത്യം വരെ. സമ്പന്നമായ പശ്ചാത്തലത്തില്‍നിന്നല്ല അദ്ദേഹം സാമൂഹ്യപ്രവര്‍ത്തനത്തിനിറങ്ങിയത്. ആയതിനാല്‍ ദരിദ്ര പക്ഷപാതിത്വം ഒരു പ്രത്യയശാസ്ത്രമായി അവസാനം വരെ അദ്ദേഹം മുറുകെ പിടിച്ചു.
ജീവിത സായാഹ്നത്തിലും കവിതാലാപനം തന്നെയായിരുന്നു മുഖ്യ പ്രവര്‍ത്തനം. ആലാപനത്തിന്റെ അനന്തസാദ്ധ്യതകള്‍ കണ്ടെത്തി പുതിയ മാനങ്ങള്‍ സൃഷ്ടിച്ച് കവിയുടെ സര്‍ഗ്ഗസൃഷ്ടിയുടെ മറ്റൊരു രൂപം തീര്‍ക്കുകയാണദ്ദേഹം. സുഗതകുമാരി ടീച്ചര്‍ ഒരിക്കല്‍ പറയുകയുണ്ടായി. ''ശശിയുടെ കാവ്യാലാപനത്തിന്റെ സ്ഥായീഭാവം ദു:ഖമാണ്. കുട്ടികളുടെ കവിതകളില്‍പ്പോലും'' എന്ന്. ഒരു പരിധിവരെ ഈ വിലയിരുത്തല്‍ ശരിയാണ്. പൂതപ്പാട്ടില്‍ പ്രത്യേകിച്ചും. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തി യുവതീയുവാക്കളെക്കൊണ്ടു പാടിക്കുമ്പോള്‍ ഇതിനു മാറ്റം വരുന്നു. 'പടയൊരുക്കപ്പാട്ടുകള്‍' എന്നത് അദ്ദേഹത്തിന്റെ ഒരു ആല്‍ബത്തിന്റെ പേരാണ്. ഗീതാഞ്ജലിക്കു പുറമേ പ്രണയഗീതങ്ങളും ശ്യാമഗീതങ്ങളും മുക്കുറ്റിപ്പൂവിന്റെ ആകാശവും കളിക്കൂട്ടവുമൊക്കെയുണ്ട്. യാത്രകള്‍ക്കും അലച്ചിലുകള്‍ക്കുമിടയില്‍ വര്‍ണ്ണങ്ങള്‍ പാടി സാധകം ചെയ്യുന്ന പതിവും അവശനാകുന്നതുവരെ തുടര്‍ന്നിരുന്നു.
പാട്ടുകൂട്ടങ്ങളുടെ പ്രിയ ഗായകന്‍
കേരളത്തിലെ എട്ടു ജില്ലകളില്‍ കുട്ടികള്‍ക്കുവേണ്ടി പാട്ടുകൂട്ടങ്ങള്‍ ഉണ്ടാക്കിയത് ഒരു സംഘടനയുടേയും തീരുമാനപ്രകാരമല്ല. അദ്ദേഹത്തിന്റെ മൗലികമായ മറ്റൊരു സംഭാവന. സ്വന്തം ജന്മദേശമായ ചേന്ദമംഗലത്ത്, അമ്മാവനായ കെടാമംഗലം പപ്പുക്കുട്ടി ലൈബ്രറിയില്‍ ഉണ്ടാക്കിയ കുട്ടികള്‍ക്കുവേണ്ടിയുള്ള 'പാട്ടുമാടം' ഇവയില്‍ ഏറ്റവും ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയില്‍ കോട്ടയ്ക്കല്‍നിന്നാണ് 'കുട്ടിപ്പാട്ടു കൂട്ടം' എന്ന ആശയം മനസ്സില്‍ രൂപം കൊണ്ടത് എന്ന് വി.കെ.എസ്. പലവട്ടം പറയുമായിരുന്നു. മാതൃഭാഷയ്ക്കും മലയാളത്തിലെ കുഞ്ഞുങ്ങള്‍ക്കുമായി അദ്ദേഹത്തിന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം സമയം നീക്കിവെച്ചിരുന്നു. ടാഗോറിന്റേയും ഇടശ്ശേരിയുടേയും വരികള്‍പോലെ അദ്ദേഹം പുതിയ കവികളുടേയും കവിതകള്‍ വിലമതിച്ചിരുന്നു. കവിതകള്‍ പലതും സമൂഹത്തിലും സാഹിത്യത്തിലും ഒരു സമരായുധമാക്കാമോ എന്നാണ് വി.കെ.എസ്. ചിന്തിച്ചത്.
1981-ല്‍ കൊല്ലം പരവൂരില്‍ നെടുങ്ങോലത്ത് സംസ്ഥാന കലാപരിശീലനക്കളരി നടക്കുകയാണ്. വി.കെ.എസ്സാണ് നേതൃത്വത്തിലുള്ളത്. ആത്മമിത്രമായ പി.കെ. ശിവദാസുമുണ്ട്. (ശിവന്‍-ശശി എന്ന പേരില്‍ ചലച്ചിത്രരംഗത്തും നാടകരംഗത്തും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്). ഉച്ച സമയത്ത് പുറത്തുനിന്ന് ഒരാള്‍ കടന്നുവന്നു ഭക്ഷണം ആവശ്യപ്പെട്ടു. ക്യാമ്പില്‍ ഭക്ഷണം തയ്യാറായിട്ടില്ല. എല്ലാവരും റിഹേഴ്‌സലിന്റെ മൂര്‍ധന്യത്തിലാണ്. വി.കെ.എസ്. പെട്ടെന്ന് അകത്തു പോയി കീശയില്‍നിന്നു കുറച്ചു പണമെടുത്ത് അയാള്‍ക്കു കൊടുത്തു. അതു വേണ്ടിയിരുന്നില്ലെന്നു പറഞ്ഞ ക്യാമ്പിലെ നവാഗതനോട് ''നീ പട്ടിണി കിടന്നിട്ടുണ്ടോ?'' എന്നു ചോദിച്ച ചോദ്യം ഇന്നുമെന്റെ കാതില്‍ മുഴങ്ങുന്നുണ്ട്.
ആദ്യകാലത്ത് കലാജാഥയില്‍ പങ്കെടുക്കുന്നവര്‍ക്കു ശമ്പളമില്ലാത്ത അവധിക്കു നഷ്ടപരിഹാരമോ പ്രതിഫലമോ ഒന്നും നല്‍കിയിരുന്നില്ല. ആരും വാങ്ങിയിരുന്നുമില്ല. 1981-ല്‍ ഞാനറിയാതെ എന്റെ പിതാവിന് അദ്ദേഹം മണിഓര്‍ഡര്‍ അയച്ചുകൊടുത്തിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഗ്രാമീണ കവിയും കലാജാഥാംഗവുമായ പനങ്ങാട് തങ്കപ്പന്‍ പിള്ളയ്ക്ക് അല്പം സാമ്പത്തിക വിഷമം നേരിട്ട ഘട്ടത്തില്‍ സ്വന്തം ചെലവില്‍ 'കറക്കം' എന്ന കൃതി പ്രസിദ്ധീകരിക്കാനുള്ള ചുമതല എന്നെ ഏല്പിച്ചു. ഇത് എനിക്കും വി.കെ.എസ്സിനും അല്ലാതെ തങ്കപ്പന്‍ പിള്ളയ്ക്കുപോലും അറിയുമായിരുന്നില്ല. ആ പുസ്തകം വിവിധ ജില്ലകളില്‍ പ്രചരിപ്പിച്ചു തല്‍ക്കാലം കവിയുടെ കടം വീട്ടി. സി.ഡിയും കാസെറ്റും ചെലവഴിക്കുന്ന കാലത്ത് നിര്‍മ്മാണച്ചെലവു കഴിഞ്ഞു കിട്ടുന്ന തുകയെല്ലാം ഇരുചെവിയറിയാതെ അര്‍ഹതയുള്ളവരെ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ക്ഷണം സ്വീകരിച്ചു പോയി. ദിവസങ്ങളോളം കവിതകളും ഗാനങ്ങളുമായി തങ്ങി. അന്നവിടെ കുട്ടികളുടെ ഒത്തുചേരല്‍ നടത്തി. ഇതിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമായി എല്ലാ വര്‍ഷവും അവിടെ കുട്ടികള്‍ക്കുവേണ്ടി സമ്മര്‍ ക്യാമ്പ് നടക്കാറുണ്ട്. (കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഓണ്‍ലൈനായി നടന്നു). ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലും പലവട്ടം കവിതാലാപന സദസ്സുകളും ക്യാമ്പുകളും നടന്നിട്ടുണ്ട്. ഡല്‍ഹിയില്‍ എന്‍.സി.ആര്‍.റ്റിയില്‍ നടന്ന ജോയ് ഓഫ് ലേണിങ് വര്‍ക്ക്‌ഷോപ്പില്‍ കേരളത്തില്‍നിന്നു പോയ വലിയ സംഘം ബാലവേദി പ്രവര്‍ത്തകര്‍ക്കും അദ്ധ്യാപകര്‍ക്കും ആവേശം പകര്‍ന്നത് വി.കെ.എസ്സാണ്.
സംഗീതത്തില്‍ സ്വീകരിക്കുന്ന ലാളിത്യവും ഋജുത്വവും ജീവിതത്തിലുമുണ്ട്. യാത്രയ്ക്ക് പൊതു ഗതാഗത സംവിധാനം തന്നെ. അവശനാകുന്നതുവരെ. ട്രെയിന്‍ യാത്രയാണധികവും. ടിക്കറ്റ് ചാര്‍ജ്ജിലും അധികം കൊടുത്താല്‍ ബാക്കി പ്രവര്‍ത്തകരുടെ കീശയില്‍ തിരികെ നിക്ഷേപിക്കും. ആഡംബര വിവാഹങ്ങളില്‍ പങ്കെടുക്കാറില്ല. ആചാരങ്ങളില്‍ അഭിരമിക്കാറില്ല. അംഗീകാരങ്ങള്‍ക്കു പിന്നാലെ പോകാറില്ല. അവാര്‍ഡുകള്‍ നിരസിച്ചിട്ടുണ്ട്. സദസ്സില്‍ കവിത ചൊല്ലുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം. ഇടയ്ക്ക് മറ്റു ശബ്ദകോലാഹലങ്ങള്‍ ഉണ്ടായാല്‍ ആലാപനം അവിടെ നിര്‍ത്തും. ഏകാഗ്രതയും ശ്രദ്ധയും ആദ്യന്തം അദ്ദേഹം ആവശ്യപ്പെടും. എത്രയോ വലിയ കുട്ടിക്കൂട്ടങ്ങളേയും പാട്ടുകൊണ്ട് വരുതിയിലാക്കുന്ന മാന്ത്രികവിദ്യ എത്രയോ ഞങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്!
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥകള്‍ക്കു പുസ്തകം വിറ്റ് കമ്മീഷന്‍ കഴിച്ചുള്ള തുക നല്‍കിയാല്‍ മതി. പ്രതിഫലം നല്‍കേണ്ടതില്ല. ഈ സമ്പ്രദായം ആദ്യമായി ആവിഷ്‌കരിച്ചത് വി.കെ.എസ്സാണ്.
2018-ല്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ കൊല്ലത്തുള്ള വസതിയില്‍ ഒത്തുകൂടി. ഡോ. എം.പി. പരമേശ്വരന്റെ നേതൃത്വത്തില്‍. ഒന്നാമത്തെ കലാജാഥാ അംഗങ്ങള്‍. എല്ലാവര്‍ക്കും വി.കെ.എസ്. ഭക്ഷണം നല്‍കി. പിന്നീട് മുഴുവന്‍ അംഗങ്ങളും ഒന്നിച്ച് 2019 ജനുവരി 25-ന് ആലപ്പുഴയില്‍ ഒത്തുകൂടി. ഡോ. തങ്കപ്പന്‍, കെ.കെ. കൃഷ്ണകുമാര്‍, ഡോ. എം.ആര്‍. ഗോപിനാഥന്‍, എം.പി. പരമേശ്വരന്‍, കരിവെള്ളൂര്‍ മുരളി, പ്രൊഫ. എ.ജെ. വിഷ്ണു തുടങ്ങിയവര്‍. ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു ദിവസമായിരുന്നു അത്. പിന്നീട് ഒന്നിക്കാന്‍ കഴിയാത്ത കാലം വന്നു. രണ്ടുമാസം മുന്‍പ് ഞങ്ങള്‍ കുറേയൊക്കെ അവശനിലയില്‍ അദ്ദേഹത്തെ കണ്ടു; മകളുടെ വീട്ടില്‍ ചികിത്സയ്ക്കിടെ. കൊവിഡ് അദ്ദേഹത്തിന്റെ എല്ലാ ശക്തിയും കവര്‍ന്നെടുത്തത് കഷ്ടിച്ച് ഒരു മാസം മുന്‍പാണ്.
കടുത്ത പ്രമേഹം അലട്ടുമ്പോള്‍പോലും ജനകീയ പരിപാടികള്‍ക്കും വിദ്യാഭ്യാസ പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും വേണ്ടി യൂത്ത് ക്വയറും സ്വാഗതഗാനങ്ങളും ചിട്ടപ്പെടുത്താന്‍ ഭക്ഷണംപോലും ഉപേക്ഷിച്ചു കഠിനാധ്വാനം ചെയ്യുന്നതു പലവട്ടം കണ്ടിട്ടുണ്ട്.
കവിതയുടെ കരുത്തറിഞ്ഞ കൗമാര പ്രതിഭകളും കുട്ടിക്കൂട്ടങ്ങളും വി.കെ.എസ്സിന്റെ ശൈലി പിന്തുടരും. അദ്ദേഹത്തിന്റെ ആലാപനശൈലി വശമാക്കിയ കോട്ടയ്ക്കല്‍ മുരളി, ചെറായി ഹരി, ചേന്ദമംഗലം നവീന്‍ തുടങ്ങിയ അനേകം പ്രതിഭകളെ ശിഷ്യന്മാരായി കൊണ്ടുനടന്നു പ്രതീക്ഷയുടെ നാമ്പുകള്‍ അവരില്‍ നിക്ഷേപിച്ചിട്ടാണ് അദ്ദേഹം യാത്ര പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates