തുറക്കാത്ത പുസ്തകം

കൊച്ചിരാജ്യത്തെ ആദ്യ സംസ്‌കൃത സ്‌കൂള്‍ സ്ഥാപിച്ച, സംസ്‌കൃതം, തമിഴ്, മലയാളം, ഭാഷകളില്‍ കനപ്പെട്ട സംഭാവന ചെയ്ത് കടന്നുപോയ നെന്മാറ നാരായണന്‍ നായരെ മറക്കാന്‍ നമുക്ക് അധികസമയം വേണ്ടിവന്നില്ല
നെന്മാറ പി നാരായണൻ നായർ
നെന്മാറ പി നാരായണൻ നായർ

ക്ഷോഭത്തിന്റേയും കമനീയതയുടേയും വിരുദ്ധ മിശ്രിതത്താല്‍ നികന്നതാണ് സംസ്‌കൃതമെന്ന സമുദ്രം. ആ വാരിധിയെ ശ്വാസോച്ഛ്വാസംപോലെ ശീലമാക്കാന്‍ യത്‌നിച്ച ഒരു തലമുറയുടെ കളരിയായിരുന്നു ഒരിക്കല്‍ കേരളമെന്നതിന് എത്രയോ തെളിവുകളുണ്ട്. അത് സാഹിത്യമായിക്കോട്ടെ, ഗണിതമായിക്കോട്ടെ, ജ്യോതിഷമോ ജ്യോതിശാസ്ത്രമോ ആയിക്കോട്ടെ എത്രയോ പ്രതിഭകളെ കരയിലിരുത്തി കഥ പറഞ്ഞാണ് അന്ന് ഭാരതപ്പുഴ ഒഴുകിയിരുന്നത്. ഇവര്‍ക്കൊന്നും അന്ന് സംസ്‌കൃതമൊരു അലങ്കാരമായിരുന്നില്ല. ക്രയവിക്രയമെന്നപോല്‍ വ്യവഹാരത്തില്‍ നിരന്തരം ഇടപെട്ട് പ്രതിഭയെ പ്രതിഷ്ഠിക്കാനാവുന്ന ഒരു സാര്‍വ്വജനീനത അതില്‍ ഒട്ടും അസാധാരണമായിരുന്നില്ല. പുഴയേപ്പോലെതന്നെ ഒഴുകുക എന്നത് അതിന്റെ ജനിതകോദ്ദേശ്യവുമായിരുന്നു.

മലയാളത്തിലുപരിയായി സൈദ്ധാന്തിക കേരളത്തിന്റെ വ്യവഹാര ഭാഷയെന്ന സല്‍പ്പേര് ലഭിച്ചത് സംസ്‌കൃതത്തിനായതിനു കാരണം തെരഞ്ഞാല്‍ ചാതുര്‍വര്‍ണ്ണ്യത്തിലേക്കു നീളുന്ന വരമ്പായിരിക്കും കാണുക. നമ്പൂതിരിമാരും അവര്‍ക്കു പിന്നില്‍ പിഷാരടി, വാര്യര്‍ തുടങ്ങിയ അമ്പലവാസികളുടെ കയ്യിലും വിരലിലെണ്ണാവുന്ന ചില നായന്മാരുടെ കയ്യിലുമാണ് ഈ ഭാഷയൊരിക്കല്‍ അയത്നലളിതമായത്.

സംസ്‌കൃതത്തിലാണ് ബലവും അധികാരവും ലീനമായിരിക്കുന്നതെന്നതിനാല്‍ അക്കാലത്ത് അതിന്റെ പഠനം വിശേഷപ്പെട്ട ഒന്നായി കണക്കു കൂട്ടിയിരുന്നു. സംഗമ ഗ്രാമമാധവന്റെ ഗണിത - ജ്യോതിശാസ്ത്ര വംശാവലിയുടെ സംവേദന ഭാഷ സംസ്‌കൃതമായിരുന്നതുപോലെ തന്നെ പലയിടത്തും ഇത്തരം കൂട്ടായ്മകളുടെ പൊതുഭാഷ സംസ്‌കൃതമായിരുന്നു എന്നു കാണാം. അക്കാലത്ത് കേരളം സന്ദര്‍ശിച്ച പല ജസ്യൂട്ട് പാതിരിമാര്‍ ഈ ഭാഷ പഠിച്ചിരുന്നതായി കാണുന്നുണ്ട്. മാമാങ്ക കാലത്ത് ഭാരതപ്പുഴയുടെ കരയിലിരുന്ന് ഗണിത സൂത്രവാക്യങ്ങളെക്കുറിച്ച് തര്‍ക്കിച്ച നമ്പൂതിരിമാരുടെ സമീപം ആകാംക്ഷയോടെ നിന്നിരുന്ന പാതിരിമാര്‍ ഈ ഗണിതങ്ങള്‍ പാശ്ചാത്യ ലോകത്ത് എത്തിച്ചിരുന്നതായി പരാതിയുണ്ടായിട്ടുമുണ്ട്. ന്യൂട്ടന് രണ്ടു നൂറ്റാണ്ടു മുന്‍പേ കേരളക്കരയില്‍ തഴച്ചുവളര്‍ന്ന 'കാല്‍ക്കുലസ്', സംസ്‌കൃതം പഠിച്ച പാതിരിമാര്‍ കടല്‍ കടത്തി പുതിയ കുപ്പിയില്‍ പഴയ വീഞ്ഞായി തിരിച്ചുവരികയാണ് ഉണ്ടായതെന്ന ആക്ഷേപത്തെ ഇപ്പോഴും പാശ്ചാത്യന് കൃത്യമായി ഖണ്ഡിക്കാനായിട്ടില്ല.

കൊടുങ്ങല്ലൂര്‍ കളരിയില്‍ സാഹിത്യവും കലയും പുഷ്പിണിയായതുപോലെ ഇന്നത്തെ പാലക്കാട്ടും 1920-'30-കളില്‍ സംസ്‌കൃത പഠനത്തിനും പ്രയോഗത്തിനും ഒറ്റപ്പെട്ടതെങ്കിലും ശക്തമായ നീക്കം നടന്നതായി കാണുന്നുണ്ട്. കൊച്ചി രാജ്യത്ത് തൃപ്പൂണിത്തുറയില്‍ 1914-ല്‍ സ്ഥാപിതമായ സംസ്‌കൃത പാഠശാല എന്നറിയപ്പെട്ട സംസ്‌കൃത കോളേജ് ഒരുപക്ഷേ, ഇതിനു പ്രചോദനമായിരിക്കാം. എന്നാല്‍, തൃപ്പൂണിത്തുറയിലെ പാഠശാലയില്‍ അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലായിരുന്നു. പാലക്കാട് ജില്ലയിലെ സംസ്‌കൃത പഠനത്തിന് ലക്കിടി കിള്ളിക്കുറിശ്ശി മംഗലത്തെ സംസ്‌കൃത കളരികള്‍ വലിയ പങ്കുവഹിച്ചതായി കാണാം. അത് അവിടെ തഴച്ചുവളര്‍ന്ന കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലകളുടെ അനിവാര്യ പശ്ചാത്തലം മാത്രമല്ല. സംസ്‌കൃത പ്രേമം മൂത്തവരെ കണ്ടില്ലെന്നു നടിക്കാനാവില്ല. 1916-ലാണ് കിള്ളിക്കുറിശ്ശിമംഗലം പഴേടത്ത് മനക്കല്‍ ശങ്കരന്‍ നമ്പൂതിരി 'ബാലകോല്ലാസിനി' സംസ്‌കൃത പാഠശാല സ്ഥാപിച്ചത്. മനക്കലെ പത്തായപ്പുരയില്‍ ഏതാനും വിദ്യാര്‍ത്ഥികളെ നിലത്തിരുത്തി പഠിപ്പിച്ചാണ് ആരംഭം. കഥകളിക്കു കണ്ണുനല്‍കിയ മാണി മാധവചാക്യാരെപ്പോലുള്ള പ്രഗത്ഭ ശിഷ്യര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ശിഷ്യരായിരുന്നു. 1940-ലാണ് അഡ്വാന്‍സ്ഡ് സംസ്‌കൃതം സ്‌കൂളായി ഇത് ഉയര്‍ത്തപ്പെടുന്നത്.

എന്നാല്‍, ഇതിനു മുന്‍പേ തന്നെ പാലക്കാട് പട്ടാമ്പിയില്‍ പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മ 1888-ല്‍ 'സാരസ്വതോദ്യോതിനി' സംസ്‌കൃത മഹാപാഠശാല ആരംഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യരായിരുന്നു മഹാകവി പി., ആറ്റൂര്‍ കൃഷ്ണപിഷാരടി, കെ.പി. നാരായണപിഷാരടി, തപോവനസ്വാമി തുടങ്ങിയവര്‍. ആറ്റൂര്‍ കൃഷ്ണ പിഷാരടിയാവട്ടെ, മണ്ണാര്‍ക്കാട് മൂപ്പില്‍ നായരേയും അനിയനേയും സംസ്‌കൃതം പഠിപ്പിച്ച ശേഷം തിരുവനന്തപുരത്ത് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ സംസ്‌കൃതം ട്യൂട്ടറുമായി. പട്ടാമ്പിയിലെ ഈ പാഠശാലയാണ് പിന്നീട് സര്‍ക്കാര്‍ സംസ്‌കൃത കോളേജായി ഉയര്‍ത്തപ്പെടുന്നത്. ഏറ്റവുമവസാനം, 60000 ശ്ലോകങ്ങളിലൂടെ സംസ്‌കൃതത്തിലെ ഏറ്റവും ബൃഹത് ഗ്രന്ഥമായ 'തീര്‍ത്ഥപാദപുരാണ'ത്തിലൂടെ ചട്ടമ്പിസ്വാമികളുടെ ജീവിതം കുറിച്ച പ്രൊഫ. എ.വി. ശങ്കരനും പാലക്കാടന്‍ സംസ്‌കൃത ശ്രേണിയില്‍പ്പെടും.

നാരായണൻ നായർ പ്രസാധനം ചെയ്ത ശ്രീ കാർത്തിക മാസ മഹാത്മ്യം
നാരായണൻ നായർ പ്രസാധനം ചെയ്ത ശ്രീ കാർത്തിക മാസ മഹാത്മ്യം

തമിഴ്നാടുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പാലക്കാടിന്റെ കിഴക്കന്‍ പ്രദേശമായ നെന്മാറയിലും സംസ്‌കൃതമെന്ന കൊടുങ്കാറ്റടിക്കുന്നതായി കാണാം. രായിരങ്കണ്ടത്തു ഗോവിന്ദമേനോന്‍ എന്ന പണ്ഡിതപ്രമാണിയുടെ ശിഷ്യനായി വളര്‍ന്ന പി. നാരായണന്‍ നായര്‍ സംസ്‌കൃതത്തിലും മലയാളത്തിലും തമിഴിലും മഹാവൃക്ഷമായി നിലകൊണ്ടതായി കാണാം. നാരായണന്‍ നായരുടെ അനിയന്റെ മകന്‍ വിശ്വനാഥന്‍ നായരായിരുന്നു നാരായണന്‍ നായരുടെ വത്സല ശിഷ്യന്‍. ഗുരുവിനോളം മസ്തകം വികസിച്ച ശിഷ്യന്‍ എന്നു പറയുന്നതാവും ശരി. തന്റെ ഗുരുവും ശിഷ്യനും പണ്ഡിതരായിരുന്നു എന്നതാണ് നാരായണന്‍ നായരുടെ ഭാഗ്യം. വാര്‍ഷിക വളയങ്ങള്‍ വേണ്ടോളം കടുപ്പിച്ച് ഒരു വൃക്ഷത്തിനു പിന്നീട് വളരുക എളുപ്പമാണല്ലോ.

കേരളത്തിലെ ശാന്തിനികേതനം

ഭാഷാസ്‌നേഹി, സാമൂഹിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ വിദഗ്ദ്ധന്‍ എന്നീ നിലകളില്‍ സ്വക്ഷേത്രം വിപുലീകരിച്ച നെന്മാറ പി. നാരായണന്‍ നായരുടെ പേരില്‍ ആദ്യം തിരുകപ്പെട്ട രണ്ടു തൂവലുകള്‍ കൊച്ചി രാജ്യത്തെ ആദ്യ സംസ്‌കൃത പാഠശാലയായ ലക്ഷ്മിനിലയം അപ്പര്‍ പ്രൈമറി സ്‌കൂള്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അക്ഷീണ യത്‌നഫലമായി, കൊല്ലവര്‍ഷം 1068-ല്‍ ആരംഭിച്ച ബാലികാ പാഠശാല എന്നിവയുടെ സ്ഥാപനമാണ്. പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് വീടുവീടാന്തരം കയറിയിറങ്ങി വിദ്യാഭ്യാസത്തിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കാന്‍ ഒരുപാട് വിയര്‍ത്തു എന്നതാണ് നാരായണന്‍ നായരെ വ്യതിരിക്തനാക്കുന്നത്. കൊച്ചി രാജ്യത്തെ ആദ്യ സംസ്‌കൃത സ്‌കൂള്‍ എന്നതിനാല്‍ ലക്ഷ്മിനിലയത്തെ കേരളത്തിലെ ശാന്തിനികേതനം എന്ന് ആളുകള്‍ താലോലിച്ചു. 300 രൂപയില്‍ നിര്‍മ്മിച്ച നെടുമ്പുരയില്‍ തുടക്കത്തില്‍, രണ്ടാം ക്ലാസ്സ് വരെയായിരുന്നു അദ്ധ്യയനം. പിന്നീടിത് അഞ്ചാം ക്ലാസ്സ് വരെയായി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സ്‌കൂള്‍ സ്ഥാപിച്ച വ്യക്തിയായിരുന്നു നാരായണന്‍ നായരുടെ ഗുരു ഗോവിന്ദമേനോന്‍. പ്രചോദനത്തിന്റെ ചോര വത്സലശിഷ്യനിലും ഒഴുകാതെ തരമില്ലല്ലോ. നാരായണന്‍ നായര്‍ മരിച്ച് ആറു ദശകത്തിനു ശേഷം, ശോചനീയതയില്‍ കാടുപിടിച്ച ഈ ചരിത്ര വിദ്യാലയവും അവിടെയുള്ള നാരായണന്‍ നായര്‍ ഹാളും ഇന്ന് സുഖസുഷുപ്തിയില്‍! സ്‌കൂളിനു പ്രായം 97.

ഗുരുവും ശിഷ്യനും മാത്രമല്ല നാരായണന്‍ നായരെ വളര്‍ത്തിയത്. പണ്ഡിത കേസരി കൊല്ലങ്കോട് ഗോപാലന്‍ നായര്‍, തപോവനസ്വാമി തുടങ്ങിയ ചങ്ങാതിമാര്‍ക്കും അതില്‍ പങ്കുണ്ട്. ഈ ചങ്ങാതിമാരുടെ കുങ്കുമ സായാഹ്നങ്ങള്‍ സംസ്‌കൃത മുഖരിതവുമായിരുന്നു. തര്‍ക്കവും കവിതയും അലങ്കാരവും കൊണ്ട് സാഹിത്യത്തിന്റെ സജീവ ചോരയോട്ടം നിലനിര്‍ത്തിയതായിരുന്നു ആ കാലം. പരീക്ഷിത്ത് തമ്പുരാന്റെ പീഠികയോടു കൂടി പ്രസിദ്ധീകരിച്ച രായിരങ്കണ്ടത്ത് ഗോവിന്ദമേനോന്റെ അലങ്കാരഗ്രന്ഥമായ 'കേരള കുവലയാനന്ദ'ത്തിന് ഇടവും വലവും നിന്ന് വഴിയൊരുക്കിയ കൂട്ടുകെട്ടായിരുന്നു അത്. ഈ പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവിനെ പരിചയപ്പെടുത്തുന്നത് പി. നാരായണന്‍ നായര്‍ തന്നെയാണ്.

കമ്പരാമായണം ഒന്നാം ഭാ​ഗം- നാരായണൻ നായരുടെ വ്യാഖ്യാനം
കമ്പരാമായണം ഒന്നാം ഭാ​ഗം- നാരായണൻ നായരുടെ വ്യാഖ്യാനം

സംസ്‌കൃതം, മലയാളം, തമിഴ് എന്നീ മൂന്നു ഭാഷകളില്‍ അസാമാന്യ പാടവമുണ്ടായിരുന്ന നാരായണന്‍ നായരെ അദ്ദേഹം രചിച്ച കൃതികളുടെ അഗാധതയാണ് ചരിത്രത്തില്‍ ഉറപ്പിക്കുന്നത്. കുട്ടിക്കാലത്തെ ശ്രീരാമോദന്തം, കൃഷ്ണവിലാസം തുടങ്ങി രഘുവംശത്തിലൂടെ നീണ്ട സംസ്‌കൃത പഠനത്തിന് രായിരങ്കണ്ടത്ത് ഗോവിന്ദമേനോനിലൂടെ തുടര്‍ച്ച കാണുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ തമിഴ് ജ്ഞാനകേന്ദ്രം വ്യക്തമല്ല. തമിഴില്‍ പ്രത്യേക ഗുരുവില്ലെങ്കിലും ആനന്ദപോതിനി എന്ന തമിഴ് മാസിക കുട്ടിക്കാലത്ത് വായിച്ചിരുന്നതായി കാണുന്നു. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ സീനിയര്‍ മലയാളം പണ്ഡിറ്റായി ജോലി നോക്കുന്ന കാലമായിരിക്കാം നാരായണന്‍ നായരെ തമിഴ് ഭാഷ കാര്യമായി പ്രണയിച്ചത്. കൊച്ചിയിലെ ആദ്യ ഗ്രാമോദ്ധാരണ മന്ത്രിയായിരുന്ന അമ്പാട്ട് ശിവരാമമേനോന്‍, ചേറ്റൂര്‍ മാധവന്‍ നായര്‍ ഇവരൊക്കെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നാരായണന്‍ നായരുടെ ശിഷ്യരായിരുന്നു.

അദ്ധ്യാപന ജീവിതത്തില്‍നിന്നും വിരമിച്ച ശേഷമാണ് നാരായണന്‍ നായര്‍ ഗ്രന്ഥരചന തുടങ്ങുന്നത്. അതിനാല്‍ അനുഭവത്തിന്റെ കാതല്‍ ആ രചനകളില്‍ കനത്തുകിടന്നു. എന്നാല്‍, അതിനു മുന്‍പുതന്നെ ലക്ഷ്മീഭായ്, രാജഹംസം, രാജര്‍ഷി സദ്ഗുരു, ശ്രീരാമകൃഷ്ണ തുളസീ സുഗന്ധം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ അച്ചടിച്ചു വന്നിരുന്നു. മൂന്നു ഭാഷകളേയും കരതലത്തിലിട്ട് അമ്മാനമാടിയിരുന്ന ഇദ്ദേഹത്തിന് തമിഴിനോട് ഒരു പണത്തൂക്കം ഇഷ്ടം കൂടുതലുണ്ടോ എന്നു സംശയിക്കുന്നതായി പലരും പറഞ്ഞിട്ടുണ്ട്. തിരുപ്പതി കോണ്‍ഗ്രസ്സിലേക്ക് കൊച്ചി സര്‍ക്കാര്‍ അയച്ച മുണ്ടശ്ശേരിക്ക് തന്റെ മലയാള വാദങ്ങള്‍ക്കാസ്പദമായ വസ്തുതകള്‍, ചിലപ്പതികാരം ചികഞ്ഞ് നല്‍കിയത് പി. നാരായണന്‍ നായരായിരുന്നു എന്നതില്‍ അദ്ദേഹത്തിന്റെ ധിഷണ വെളിപ്പെടുന്നുണ്ട്. ഈ തമിഴ് ജ്ഞാനത്തെക്കുറിച്ച് അപ്പന്‍ തമ്പുരാന്‍ വാ തോരാതെ പറഞ്ഞിട്ടുമുണ്ട്. അയോദ്ധ്യയിലെ വിദ്യുത് സദസ്സില്‍നിന്ന് സംസ്‌കൃത ജ്ഞാനത്തിന് വിദ്യാഭൂഷണം,സംസ്‌കൃത വിശാരതന്‍ തുടങ്ങിയ ബിരുദം ലഭിച്ചതുപോലെ തന്നെ 1957-ല്‍ മദ്രാസ് തമിഴ് എഴുത്താളര്‍ സംഘത്തില്‍നിന്നും മുപ്പൊഴിപ്പുലവര്‍ എന്ന ബിരുദവും ലഭിച്ചു.

കൊച്ചി രാജാവിന്റെ ഷഷ്ഠിപൂര്‍ത്തി സ്മാരകമായുണ്ടായ മലയാള ഭാഷാ പരിഷ്‌കരണ കമ്മിറ്റിയുടെ ആവശ്യാര്‍ത്ഥം തമിഴിലെ പഞ്ച മഹാകാവ്യങ്ങളായ 'ചിലപ്പതികാരം', അതിന്റെ തുടര്‍ച്ചയെന്നോണമുള്ള 'മണിമേഖല' എന്നിവ, നാരായണന്‍ നായര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. 12000 പാട്ടുകള്‍കൊണ്ട് കമ്പര്‍ രചിച്ച രാമായണത്തിലെ ബാലകാണ്ഡത്തില്‍ അഹല്യാമോക്ഷം വരെയുള്ള ഭാഗം ലളിതവും സരസവുമായി മലയാളത്തില്‍ വ്യാഖ്യാനിച്ചു. ഇതിലെ ഏതാനും പദ്യങ്ങള്‍ വ്യാഖ്യാനസഹിതം സാഹിത്യപരിഷത് മാസികയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കൊച്ചി ദിവാന്‍ ഷണ്‍മുഖം ചെട്ടിയുടെ നിര്‍ദ്ദേശപ്രകാരം പുസ്തകത്തിന്റെ 100 പ്രതികള്‍ സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി. മഹാകവി ഉള്ളൂര്‍ ഈ വ്യാഖ്യാനത്തെ പ്രശംസിക്കുന്നതിനൊപ്പം ഇതിന്റെ ഉത്തരഭാഗത്തിനും പുറനാനൂറിനും വ്യാഖ്യാനമുണ്ടാവട്ടെ എന്ന് ആശിക്കുന്നതായും രേഖപ്പെടുത്തി.

എന്നാല്‍, കമ്പരാമായണത്തിന്റെ മറ്റു കാണ്ഡങ്ങളും വ്യാഖ്യാനിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ നാരായണന്‍ നായര്‍ പറയുന്നുണ്ടെങ്കിലും കാലം അതിനു സമ്മതിച്ചില്ല. ബാലകാണ്ഡത്തിന്റെ ഉത്തരഭാഗം മാത്രം ആരും തുറക്കാത്ത നോട്ടുപുസ്തകത്തില്‍ ഉറക്കം മതിയാവാതെ കിടന്നു.

മലയാളഭാഷയെ സമ്പുഷ്ടമാക്കാന്‍ ഭൂ പാലമംഗളം ഗാനങ്ങളും ശ്ലോകങ്ങളും ശ്രീസ്തുതി, ഉഭയഭാഷാ പാണ്ഡിത്യം വെളിപ്പെടുത്തുന്ന സംസ്‌കൃതത്തിലെ പത്മ പുരാണാന്തര്‍ഗതമായ കൃത്തിക പുരാണത്തിന്റെ തര്‍ജ്ജമയായ കാര്‍ത്തിക മാസമാഹാത്മ്യം കിളിപ്പാട്ട് തുടങ്ങിയവയും പ്രസിദ്ധീകരിച്ചു. എല്ലാം ആഴമുള്ളവ. കാര്‍ത്തികമാസ മാഹാത്മ്യ രചനയില്‍ മൂലഗ്രന്ഥത്തിന്റെ മൂന്നു പതിപ്പുകള്‍ പരിശോധിച്ച് യുക്തമെന്നു കണ്ട 31 അദ്ധ്യായങ്ങളാണ് ഉപയോഗിച്ചത്. മലയാളം ലെക്‌സിക്കണില്‍ നാരായണന്‍ നായരുടെ സംഭാവനയായ 204 പ്രാദേശിക പദങ്ങള്‍, അവയുടെ അര്‍ത്ഥം, വിശദീകരണം ഇവ സഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരയിട്ട നോട്ടുപുസ്തകത്തില്‍ പെന്‍സില്‍ മുനയില്‍ വാര്‍ന്ന വടിവൊത്ത അക്ഷരങ്ങള്‍ മൂന്നു ജനലുകളാണ് തുറന്നിട്ടത്. അവ മൂന്നു ഭാഷയിലേക്കു വീശിയ വെളിച്ചമായത് നിയോഗം.

നെന്മാറ പി നാരായണൻ നായർ
നെന്മാറ പി നാരായണൻ നായർ

ചിലപ്പതികാരം ആസ്പദമാക്കിയ കണ്ണകീ കോവലം

തമിഴില്‍നിന്ന് മലയാളത്തിലേക്കു മാത്രമല്ല സംസ്‌കൃതത്തിലേക്കും ദേശാടനം നടത്തിയിട്ടുണ്ട് നാരായണന്‍ നായര്‍. അത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണുതാനും. ചിലപ്പതികാരത്തെ ആസ്പദമാക്കി രചിച്ച 'കണ്ണകീ കോവലം' അക്കാലത്ത് ഏറെ ചര്‍ച്ചയായ കൃതിയാണ്. ഔചിത്യ ദീക്ഷ, അനതിദീര്‍ഘവും ആവര്‍ജ്ജകവുമായ വര്‍ണ്ണന, ശബ്ദാര്‍ത്ഥ സൗഷ്ഠവം, രസപൂര്‍ണ്ണത തുടങ്ങിയ ഗുണങ്ങളാണ് അന്നത്തെ നിരൂപകര്‍ ഈ കൃതിയില്‍ ചൊരിഞ്ഞത്.

ഈ കൃതിയുടെ മേന്മയെക്കുറിച്ച് ജി. ശങ്കരക്കുറുപ്പ്, വള്ളത്തോള്‍, ഉള്ളൂര്‍, കൊല്ലങ്കോട് ഗോപാലന്‍ നായര്‍, ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ. വി. രാഘവന്‍, പുത്തേഴത്ത് രാമന്‍ മേനോന്‍ തുടങ്ങിയവരൊക്കെ അത്യാഹ്ലാദത്തോടെ എഴുതിയിട്ടുണ്ട്.

കൃഷ്ണവിലാസകാവ്യത്തെ അനുസ്മരിപ്പിക്കുന്ന ആറു സര്‍ഗ്ഗങ്ങളില്‍ വിരിഞ്ഞ 'കണ്ണകീ കോവല'ത്തിലെ കാവേരിവര്‍ണ്ണനയെക്കുറിച്ച് അക്കാലത്ത് ചര്‍ച്ചകള്‍ ഏറെയുണ്ടായി. 86-ാം വയസ്സില്‍ എഴുതിയ 'കണ്ണകീകോവല'മെന്ന സംസ്‌കൃത പ്രൗഢിക്ക് മുഖവുരയെഴുതിയത് സി.പി. രാമസ്വാമി അയ്യരായിരുന്നു. ഡല്‍ഹി സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ഭാരതീയ കവിതകള്‍ എന്ന സമാഹാരത്തില്‍ 'കണ്ണകീകോവല'ത്തിലെ കാവേരിവര്‍ണ്ണന ഉള്‍പ്പെടുത്തുകയും ഈ കൃതിയുടെ ഏതാനും കോപ്പികള്‍ 1958-ല്‍ അണ്ണാമല യൂണിവേഴ്സിറ്റി വാങ്ങുകയും ചെയ്തു. ഇക്കാലത്തു തന്നെയാണ് തിരുക്കുറല്‍ തര്‍ജ്ജമയും നിര്‍വഹിച്ചത്. നവതിയുടെ പൂര്‍ണ്ണിമയിലാണ് ഈ രചനകള്‍ മിഴിവാര്‍ന്നത്.

ത്രിഭാഷാ പണ്ഡിതനായ നെന്മാറ നാരായണന്‍ നായരെ വളരെ പെട്ടെന്ന് മറന്നുപോയതിന് ഉദാഹരണമാണ് ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ സൃഷ്ടികള്‍. ഇനിയും പ്രസിദ്ധീകരിക്കാത്ത പ്രൗഢ ഗ്രന്ഥങ്ങളുടെ കയ്യെഴുത്തുപ്രതികള്‍ പാലക്കാടുണ്ട്. പദ്യരൂപത്തിലുള്ള തിരുക്കുറല്‍ സംസ്‌കൃത തര്‍ജ്ജമയും കമ്പ രാമായണത്തിലെ ബാലകാണ്ഡം ഉത്തരാര്‍ദ്ധം മലയാള തര്‍ജ്ജമയും അതില്‍ തലയെടുത്തു നില്‍ക്കുന്നു. ഭാഷാശാകുന്തളം നാടകവും ചില്ലറ കവിതകളെന്ന പേരിലുള്ള കിളിപ്പാട്ട്, തിരുവാതിരപ്പാട്ട്, ഗാനങ്ങള്‍ എന്നിവയുടെ സമാഹാരവും ഇതില്‍പ്പെടും. കൂടാതെ വിവേക ചൂഡാമണി മൂലവും വ്യാഖ്യാനവും, ദി വ യാര്‍ പ്രണീതമായ മുതുരൈ എന്നു സുപ്രസിദ്ധമായ വാക്കുണ്ടാം മൂലവും വ്യാഖ്യാനവും ശിവപ്രകാശാനന്ദ സ്വാമികളുടെ നണ്ണെറി മൂലവും വ്യതിയാനവും തുടങ്ങി എത്രയോ അപ്രകാശിത ലേഖനങ്ങളും.

സംഘകാലാനന്തരം എഴുതപ്പെട്ട തിരുവള്ളുവരുടെ തിരുക്കുറല്‍ തര്‍ജ്ജമ നാരായണന്‍ നായര്‍ പൂര്‍ത്തിയാക്കുന്നത് തന്റെ 91-ാം വയസ്സിലാണ്. 92-ാം വയസ്സിലാണ് ആ ജീവിതം അവസാനിക്കുന്നത്. മരിക്കുന്നതുവരേയും ത്രിഭാഷകളില്‍ സാഹിത്യം ശ്വസിച്ച വിദ്യാഭൂഷണം നെന്മാറ പി. നാരായണന്‍ നായര്‍ക്കുള്ള ഉചിതമായ സ്മാരകം ആ അപ്രകാശിത കയ്യെഴുത്തു പ്രതികള്‍ അച്ചടിക്കുക എന്നുതന്നെയാണ്. അടഞ്ഞ നോട്ടുപുസ്തകം തിരഞ്ഞ് ഒരാള്‍ വരിക തന്നെ വേണം. ശിഷ്യനും പണ്ഡിതനുമായിരുന്ന നെന്മാറ വിശ്വനാഥന്‍ നായര്‍ ഗുരുവിന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ്. നമുക്കിന്ന് എളുപ്പത്തില്‍ ഒരുക്കാവുന്ന സ്മാരകവും ഇതുതന്നെ. ഭാഷാ-സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകരിക്കുന്ന ഈ കൃതികളുടെ പ്രസിദ്ധീകരണം സാഹിത്യ അക്കാദമി, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, മലയാള-സംസ്‌കൃത സര്‍വ്വകലാശാലകള്‍ തുടങ്ങിയവയ്ക്ക് ആലോചിക്കാവുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ബൃഹത്തും വിലപ്പെട്ടതുമായ ഗ്രന്ഥശേഖരവും ഭാഗ്യമുള്ള ഒരു ലൈബ്രറിയെ കാത്തിരിക്കുകയാണ്.

ലക്ഷ്മീ നിലയം സംസ്കൃത സ്കൂൾ
ലക്ഷ്മീ നിലയം സംസ്കൃത സ്കൂൾ

യഥാര്‍ത്ഥത്തില്‍ സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകള്‍ പരസ്പരം കൈകോര്‍ത്തു പിടിച്ചുനില്‍ക്കുന്ന ഒരു ഭാവിയുണ്ടാവുകയാണെങ്കില്‍ അവിടെ വരയിട്ട നോട്ടുപുസ്തകവും കടലാസു പെന്‍സിലുമായി നെന്മാറ പി. നാരായണന്‍ നായരുണ്ടാവും മുന്‍പന്തിയില്‍.

കൊച്ചി രാജ്യത്തെ ആദ്യ സംസ്‌കൃത സ്‌കൂള്‍ സ്ഥാപിച്ച് 12 വര്‍ഷം അതിന്റെ പ്രധാന അദ്ധ്യാപകനും മാനേജറുമായി; നെന്മാറ പഞ്ചായത്ത്, നായര്‍സമാജം, പരസ്പര സഹായസംഘം തുടങ്ങിയവയുടെ പ്രസിഡന്റായി; കൊച്ചി ഭാഷാ പരിഷ്‌കരണ കമ്മിറ്റി, പാഠ്യപുസ്തക കമ്മിറ്റി, പ്രാഥമിക വിദ്യാഭ്യാസ അന്വേഷണ കമ്മിറ്റി എന്നിവയിലെ അംഗമായി; സംസ്‌കൃതം, തമിഴ്, മലയാളം തുടങ്ങിയ ഭാഷയില്‍ കനപ്പെട്ട സംഭാവന ചെയ്ത് കടന്നുപോയ നെന്മാറ പടിഞ്ഞാറേ പാറയില്‍ നാരായണന്‍ നായരെ മറക്കാന്‍ നമുക്ക് അധികസമയം വേണ്ടിവന്നില്ല. ആ മഹാ പണ്ഡിതന്‍ ഭൂമി വിട്ടിട്ട് ഇപ്പോള്‍ കൃത്യം 61 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com