'സാര്‍ ആ പൊലീസുകാരന്‍ വിജയന്‍ മരിച്ചു'- അതൊരു കാളരാത്രിയുടെ തുടക്കമായിരുന്നു

പത്രഭാഷയില്‍, നഗരത്തെ 'കിടുകിടാ വിറപ്പിച്ച' ഒരു ഗുണ്ടയുടെ കഥ പേട്ട പൊലീസ് സ്റ്റേഷനിലിരുന്ന് അയാളില്‍നിന്നുതന്നെ ഞാന്‍ കേട്ടു
കുത്തേറ്റു മരിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ വിജയന്റെ മൃ‍തദേഹത്തിൽ മുഖ്യമന്ത്രി ഇകെ നായനാർ അന്തിമോപചാരം അർപ്പിക്കുന്നു
കുത്തേറ്റു മരിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ വിജയന്റെ മൃ‍തദേഹത്തിൽ മുഖ്യമന്ത്രി ഇകെ നായനാർ അന്തിമോപചാരം അർപ്പിക്കുന്നു

ത്രഭാഷയില്‍, നഗരത്തെ 'കിടുകിടാ വിറപ്പിച്ച' ഒരു ഗുണ്ടയുടെ കഥ പേട്ട പൊലീസ് സ്റ്റേഷനിലിരുന്ന് അയാളില്‍നിന്നുതന്നെ ഞാന്‍ കേട്ടു. നന്നായി പടാനും അയാള്‍ക്കു കഴിവുണ്ട്. ഇടയ്ക്കയാള്‍ പാട്ടുംപാടി. ഉള്ളത് പറഞ്ഞാല്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പല 'കലാപ്രതിഭ'കളേയും വെല്ലുന്നതായിരുന്നു ഗുണ്ടയുടെ പാട്ട്. പറഞ്ഞിട്ടെന്ത് കാര്യം; അയാളെ 'ലൈക്ക്' ചെയ്തത് പൊലീസുകാര്‍ മാത്രം. പാട്ടും ആസ്വാദനവുമായി മുന്നോട്ടുപോകുമ്പോള്‍ ഇടയ്‌ക്കൊരു പൊലീസുകാരന്‍ ചോദിച്ചു: ''എടാ, നിനക്ക് പേടിയൊന്നും ഇല്ലേ?'' 'നഗരത്തെ കിടുകിടാ വിറപ്പിക്കുന്ന', ഒരുപാട് വെട്ടും കുത്തും കേസിലെ പ്രതിയോടാണ് ഈ ചോദ്യം. ''അയ്യോ സാറെ ആദ്യം എനിക്ക് ഭയങ്കര പേടിയായിരുന്നു.'' അയാളും കൂട്ടുകാരും തുടക്കത്തില്‍ ഒരടിപിടിയില്‍ ഉള്‍പ്പെട്ട സംഭവം പറഞ്ഞു. അന്നയാളുടെ പേരില്‍ കേസ് ഒന്നുമില്ല. കൂട്ടുകാരനെ തല്ലിയതിന് എന്തെങ്കിലും പകരം ചെയ്യണം എന്നൊരു ആലോചനയായിരുന്നു തുടക്കം. രണ്ടടികൊടുത്ത് ഒന്ന് വിരട്ടിവിടുക എന്നായിരുന്നു പ്ലാന്‍. എന്നാല്‍, എതിരാളിക്കും കൂട്ടുകെട്ടുണ്ട്; അവരും കരുത്തരാണ് എന്നൊരു തോന്നലുണ്ടായി. മുന്‍കരുതലായി ഒരു കത്തികൂടി കരുതാം എന്ന് ഒരാള്‍ പറഞ്ഞു; മറ്റുള്ളവര്‍ അതിനോട് യോജിച്ചു. എല്ലാവരും കൂടി കത്തി നമ്മുടെ നായകനെയാണ് ഏല്പിച്ചത്. അവര്‍ ബുദ്ധിമാന്മാരായിരുന്നിരിക്കണം. ആദ്യം പേടി തോന്നിയെങ്കിലും കുത്താനൊന്നും പ്ലാനില്ലായിരുന്നു എന്നതില്‍ ആശ്വാസം കണ്ടു. കത്തി പുറത്തെടുക്കേണ്ടിവരില്ല എന്ന ധൈര്യത്തില്‍ അയാളതു വാങ്ങി. പക്ഷേ, സൗഹൃദസംഘം എതിരാളിയെ തേടിയെത്തിയപ്പോള്‍ അയാളും കൂട്ടുകാര്‍ക്കൊപ്പമായിരുന്നു. പകരം ചോദിക്കാന്‍ പോയവര്‍ക്ക് തല്ല് കിട്ടും എന്ന് ഏതാണ്ടുറപ്പായി. നിവൃത്തിയില്ലാതെ അയാള്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്തു. ''സാറെ പേടിച്ചു പേടിച്ചാണ് ഞാനതെടുത്തത്. അതു കണ്ടതോടെ അവന്മാരെല്ലാം വിരണ്ടോടി. അങ്ങനെ ഞങ്ങളും രക്ഷപ്പെട്ടു.'' അതായിരുന്നു അയാളുടെ തുടക്കം. അയാള്‍ക്ക് ഭയമുണ്ട്. പക്ഷേ, മറ്റുള്ളവരും ഭീരുക്കളാണെന്ന് അയാള്‍ മനസ്സിലാക്കി. അങ്ങനെ കത്തിയിലൂടെ സംഭരിച്ച ധൈര്യവുമായി ആ പ്രയാണം മുന്നേറിയപ്പോള്‍ അയാളറിയാതെ പല ലേബലുകളും അയാളുടെമേല്‍ പതിഞ്ഞു. 

കുറ്റവാളികള്‍ക്ക് മാധ്യമങ്ങളില്‍ക്കൂടി ലഭിക്കുന്ന പരിവേഷവും അവര്‍ക്ക് കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനു സഹായകമായി. 'വീരപ്പന്‍', 'സിംഹം', 'പുലി' തുടങ്ങിയ വിശേഷണങ്ങളോടെ വരുന്ന പത്രവാര്‍ത്തകള്‍ പല കുറ്റവാളികളും സൂക്ഷിച്ചുവച്ച് പ്രയോജനപ്പെടുത്തിയിരുന്ന അനുഭവങ്ങളുമുണ്ട്. പത്രവാര്‍ത്തയെ പരാമര്‍ശിക്കുമ്പോള്‍ ഒരു കൊച്ചു സംഭവം പറയേണ്ടതുണ്ട്. അക്കാലത്ത് ഗുണ്ടാക്കഥകള്‍ പത്രവാര്‍ത്തയിലെ കൗതുകകരമായ ഒരിനമായിരുന്നുവെന്ന് തോന്നുന്നു. പൊലീസിന്റെ നിയമപരമായ ചുമതലകള്‍ നിര്‍വ്വഹിക്കുക എന്നതിനപ്പുറം അതൊക്കെ വീരഗാഥകളാക്കി അതില്‍ കഥാപാത്രമാകുവാനും വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാനും എനിക്ക് ഔത്സുക്യം തോന്നിയിരുന്നില്ല. പൊതുനന്മയ്ക്ക് ഉതകുന്ന വിവരങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാത്രം മാധ്യമങ്ങളെ ആശ്രയിക്കാം എന്നാണ് കരുതിയത്. അതുകൊണ്ട് പൊലീസിന്റെ ഭാഗത്തുനിന്ന് വീരകഥകള്‍ പൊതുവെ കുറവായിരുന്നു. അങ്ങനെയിരിക്കെ ഒരു പത്രം ഗുണ്ടാക്കഥകളുടെ വാര്‍ത്താപരമ്പര തിരുവനന്തപുരം സിറ്റി പേജില്‍ തുടങ്ങി. ചെറുതും വലുതും പഴയതും പുതിയതും ആയ കുറേ കഥകള്‍ ഉണ്ടായിരുന്നു. കോഴി മോഷണം മുതല്‍ വ്യാജവാറ്റുവരെ ഗുണ്ടാചരിത്രത്തിലെ അദ്ധ്യായങ്ങളായി. ഒരു ദിവസം ലേഖകന്‍ എന്നെയും വിളിച്ചിരുന്നു. പൊലീസിന്റെ ഭാഗം പറഞ്ഞാല്‍ അതും വലിയ വാര്‍ത്തയാക്കാമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തയാക്കാനൊന്നുമില്ലെന്നും എല്ലാം പണ്ടു ചെയ്തിരുന്നതുതന്നെ എന്നും മറുപടി നല്‍കി. പരമ്പരയെത്തുടര്‍ന്ന് പൊലീസ് പുതുതായി ഒന്നും ചെയ്തിട്ടില്ല, ഞാന്‍ വ്യക്തമാക്കി. പക്ഷേ, നിനച്ചിരിക്കാതെ ഗുണ്ടാപരമ്പര അവസാനിച്ചു. ആ ലേഖകന്‍ മറ്റെന്തോ കാര്യത്തിനു വിളിച്ചപ്പോള്‍, ഞാനതേപ്പറ്റി ആരാഞ്ഞു. പരമ്പരയില്‍ പരാമര്‍ശിച്ചിരുന്ന ഒരു വ്യക്തിയുടെ പരാതി മൂലമാണ് അത് അകാലചരമം പ്രാപിച്ചത്. അത് 'പരാതിയായിരുന്നോ ഭീഷണിയായിരുന്നോ' എന്നെനിക്ക് സംശയം തോന്നി. ഏതായാലും 'ഗുണ്ട'യുടെ ഇടപെടലിലൂടെ ഗുണ്ടാപരമ്പര അവസാനിച്ചതില്‍ എനിക്കശേഷം സന്തോഷം തോന്നിയില്ല. ഭയം ഒരു യാഥാര്‍ത്ഥ്യമാണ്, പത്രപ്രവര്‍ത്തകനും; അത് പിന്നീട് കൂടുതലറിഞ്ഞു. 

വിജയന്റെ ധീരസ്മരണ

അക്കാലത്ത് തലസ്ഥാനത്ത് ഗുണ്ടാ നമ്പര്‍ വണ്‍ എന്ന് പറയാമായിരുന്നത് '...ഗോപന്‍' എന്നൊരു കഥാപാത്രമായിരുന്നു. വാര്‍ത്തകളിലൂടെയും കെട്ടുകഥകളിലൂടെയും സമാനതകളില്ലാത്ത ക്രൂരതയുടേയും കുറ്റകൃത്യങ്ങളുടേയും ചരിത്രം പേറിയ ഒരു കഥാപാത്രമായി മാറിയിരുന്നു അയാളന്ന്. ജയിലിനകത്തും പുറത്തും ആയിരുന്നു അയാളുടെ ജീവിതം. ഞാന്‍ ഡി.സി.പിയായി വന്ന് കുറേ കഴിഞ്ഞപ്പോള്‍ അയാള്‍ തലസ്ഥാനത്തുനിന്ന് അപ്രത്യക്ഷനായ പോലെ തോന്നി. അയാള്‍ ജയിലിനു പുറത്തായിരുന്നുവെങ്കിലും തിരുവനന്തപുരത്ത് കുറ്റകൃത്യങ്ങളിലൊന്നും ഉള്‍പ്പെട്ടില്ല. അങ്ങനെയിരിക്കെ '...ഗോപന്‍' കൊല്ലം ജില്ലയുടെ പ്രാന്തപ്രദേശങ്ങളില്‍ ചില കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി വിവരം കിട്ടി. തലസ്ഥാനത്തും അയാളുടെ പേരില്‍ വാറണ്ടുകള്‍ ഉണ്ടായിരുന്നതുകൊണ്ട് പൊലീസ് അന്വേഷിച്ചിരുന്നു. എസ്.ഐ. വിമല്‍കുമാര്‍ അയാളെ കൊല്ലത്തുനിന്നും അറസ്റ്റ് ചെയ്യുന്നതില്‍ വിജയിച്ചു. അയാളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം വിമല്‍ എന്നെ കണ്ടു. ''സാര്‍ അവനോട് വല്ലതും പറഞ്ഞിട്ടുണ്ടോ?'' എന്ന് ചോദിച്ചു. കൗതുകം കലര്‍ന്ന ചിരിയോടെയാണത് ചോദിച്ചത്. ''ഞാനെന്ത് പറയാന്‍?'' എനിക്ക് കാര്യം മനസ്സിലായില്ല. ''അല്ലാ സാറെന്തോ പറഞ്ഞതുകൊണ്ടാണ് തിരുവനന്തപുരം വിട്ടത് എന്നാണ് ...ഗോപന്‍ പറയുന്നത്.'' പെട്ടെന്ന് എനിക്ക് എല്ലാം വ്യക്തമായി. ഞാന്‍ ഡി.സി.പിയായി ചുമതലയേറ്റ് അധികം വൈകുംമുന്‍പേ എസ്.ഐ ആയിരുന്ന ഷറഫുദീന്‍ ഈ വിദ്വാനെ അറസ്റ്റ് ചെയ്തിരുന്നു. ആ അവസരത്തില്‍ അയാളെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍വച്ച് ഞാന്‍ കണ്ടിരുന്നു. അയാളുടെ പേരിലുള്ള കൊള്ളയുടേയും കൊലപാതകങ്ങളുടേയും സ്ത്രീകളെ ഉപദ്രവിച്ചതിന്റേയും എല്ലാം ചിത്രം മനസ്സിലുണ്ടായിരുന്നു. ആളെ കണ്ടാല്‍, കറുത്ത് മെലിഞ്ഞ ഒരു കൊച്ചു മനുഷ്യന്‍. അയാളോട് കുറച്ചു സമയം മാത്രമേ ഞാന്‍ സംസാരിച്ചുള്ളു. ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ: ''തിരുവനന്തപുരം സിറ്റിയില്‍ തുടരുകയാണെങ്കില്‍ നിന്റെ ജീവന്‍ അപകടത്തിലായിരിക്കും'' എന്ന സന്ദേശം നല്‍കാന്‍ ശ്രമിച്ചു. അതുകൊണ്ട് ജീവന്‍ വേണമെങ്കില്‍ തിരുവനന്തപുരം വിട്ടുപൊയ്‌ക്കൊള്ളണം എന്ന നിലയില്‍ എന്തൊക്കെയോ സംസാരിച്ചിട്ട് ഞാന്‍ വേഗം മടങ്ങി. എന്റെ 'ഭീഷണി' അപ്പോള്‍ത്തന്നെ ഞാന്‍ മറന്നെങ്കിലും അയാള്‍ മറന്നില്ല. ഡി.സി.പി വലിയ അപകടകാരിയാണെന്ന് അയാള്‍ ധരിച്ചിരിക്കണം. ജാമ്യത്തിലിറങ്ങിയ ശേഷം അയാള്‍ കൊല്ലത്തേയ്ക്ക് താമസം മാറ്റി. നഗരവാസികളുടെ മനസ്സില്‍ ഭീതിപരത്തിയ ഗുണ്ടയുടെ മനസ്സിനേയും ഭരിച്ചിരുന്ന വികാരം ഭയം തന്നെയാണ്. സൈബീരിയന്‍ തടവറയിലെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിശ്രുത എഴുത്തുകാരനായ ഫയദോര്‍ ദസ്തോവിസ്‌കി രചിച്ച ഗ്രന്ഥമാണ് 'The house of the dead' (മരിച്ചവരുടെ വീട്). ധാരാളം കൊടും കുറ്റവാളികളേയും ക്രൂരരായ ജയില്‍ ഉദ്യോഗസ്ഥരേയും അതില്‍ കാണാം. പുറമേ 'ഭീകരന്മാരായി' അവിടെ കാണപ്പെട്ട പലരും യഥാര്‍ത്ഥത്തില്‍ ഭീരുക്കളായിരുന്നു എന്നാണ് കഥാകാരന്റെ വിലയിരുത്തല്‍. സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യന്റെ മനസ്സ് എവിടെയും ഒന്നുതന്നെയാകണം. അതില്‍ സ്ഥലകാല ഭേദമില്ലെന്നു തോന്നുന്നു.
 
പൊലീസ് ഉദ്യോഗസ്ഥന്‍ ഒരോ ചുവടുവെയ്പും കൃത്യമായി ആലോചിച്ചുറച്ച് ആത്മവിശ്വാസത്തോടെ നടത്തേണ്ടതാണ് എന്ന് ഞാനെവിടെയോ എഴുതിയിട്ടുണ്ട്. ആലോചിച്ചു തന്നെ ആണെങ്കിലും വലിയ ഉറപ്പില്ലാതെ എന്നു മാത്രമല്ല, അസ്വസ്ഥതയോടെ നിര്‍വ്വഹിച്ച ഒരു കാര്യം ഇവിടെ പറയേണ്ടതുണ്ട്. അതും നഗരത്തിലെ ഗുണ്ടാഭീഷണിയില്‍നിന്നും സംരക്ഷിക്കുന്നതിനുതകും എന്ന നിലയില്‍ ചെയ്തതാണ്. പലവിധ കാരണങ്ങള്‍കൊണ്ട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ധാരാളം മനുഷ്യരുണ്ട്. ഭിക്ഷാടനം എന്ന നിലയില്‍ ചുറ്റിത്തിരിയുന്നവരും അതിന്റെ മറവില്‍ ചെറുതും വലുതുമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും ഉണ്ടാകും. വഴിയാത്രക്കാരുടേയും മറ്റും ശ്രദ്ധ ബോധപൂര്‍വ്വം തെറ്റിച്ച് പണം തട്ടിയെടുത്ത ധാരാളം സംഭവങ്ങളുണ്ടായി. ഇങ്ങനെ നഗരത്തില്‍ ചുറ്റിക്കറങ്ങുന്നവരില്‍ വലിയൊരു പങ്കും തിരുവനന്തപുരം ജില്ലയ്ക്കപ്പുറം തമിഴ്നാട്ടില്‍നിന്നുള്ളവരായിരുന്നു. ഇവരെല്ലാം രാത്രികാലത്ത് കൂടുതലും റോഡരികിലും മറ്റും കിടന്നുറങ്ങുന്നവരാണ്. തമിഴ്നാട്ടില്‍നിന്ന് സംഘടിതമായി ഭിക്ഷക്കാരെ കൊണ്ടുവരുന്നുണ്ടോ എന്ന സംശയമുണ്ടായിരുന്നു. ചിലര്‍ക്ക് ഭിക്ഷാടനവും ഒരു ലാഭകരമായ ബിസിനസ്സ് ആയിരുന്നു. ഈ പ്രശ്‌നത്തിനു പരിഹാരം എന്താണ് എന്നത് പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. അവസാനം ഞങ്ങളൊരു കുറുക്കുവഴി കണ്ടെത്തി. രാത്രി അസമയത്ത് പൊതുസ്ഥലത്ത് കിടന്നുറങ്ങുന്നവരെയെല്ലാം വലിയ പൊലീസ് വാഹനത്തില്‍ കയറ്റി തമിഴ്നാട് അതിര്‍ത്തിയില്‍ കൊണ്ടുവിടുക. അത് നടപ്പാക്കുകതന്നെ ചെയ്തു. ജനങ്ങളോട് ഏറ്റവും മാന്യമായി ഇടപഴകുന്ന ഉദ്യോഗസ്ഥരുടെ ചുമതലയില്‍, ഒരു കാരണവശാലും ബലപ്രയോഗമോ മോശമായ ഭാഷയോ ഉണ്ടാകരുത് എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയാണ് ഈ നാടുകടത്തല്‍ നടപ്പാക്കിയത്. അങ്ങനെയൊക്കയാണോ കുറ്റകൃത്യങ്ങള്‍ തടയാന്‍ ശ്രമിക്കേണ്ടത് എന്നു ചോദിച്ചാല്‍ അത് ശരിയായില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
 
ഇങ്ങനെ നഗരത്തിലെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനു കുറേയേറെ നടപടികളുമായി മുന്നോട്ട് പോയപ്പോള്‍ എനിക്ക് മാനസികമായി വലിയ നിരാശ തോന്നിയ ഒരു സംഭവമുണ്ടായി. അത് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്ന ഒരു യുവ സബ്ബ് ഇന്‍സ്പെക്ടറുടെ സസ്പെന്‍ഷന്‍ ആയിരുന്നു. സത്യത്തില്‍ വളരെ ആത്മാര്‍ത്ഥതയോടെ രാപ്പകലില്ലാതെ ജോലി ചെയ്തിരുന്ന എസ്.ഐമാരും പൊലീസുകാരും തന്നെയായിരുന്നു സാമൂഹ്യവിരുദ്ധരെ അമര്‍ച്ചചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളികള്‍. സസ്പെന്‍ഷന് ആധാരമായ സംഭവം ഒരു അറസ്റ്റായിരുന്നു. അറസ്റ്റിലായ യുവാവിന്റെ പേരില്‍ കോടതിയുടെ വാറണ്ട് നിലവിലുണ്ടായിരുന്നു. ഭരണകക്ഷിക്കാരന്‍ എന്ന ബലത്തില്‍ അയാള്‍ അവഗണിച്ചതാകാം. അത്തരം വാറണ്ടുകള്‍ നടപ്പാക്കുന്നതിനും മറ്റു ചില പരിശോധനകള്‍ക്കുമായി ഒരു രാത്രി, മുഴുവന്‍ ഉദ്യോഗസ്ഥരും സജീവമായിരുന്നു. പക്ഷേ, നേരം പുലര്‍ന്നപ്പോള്‍ ഒരു അറസ്റ്റ് ഭരണകക്ഷിയുടെ അഭിമാനപ്രശ്‌നമായി. സബ്ബ് ഇന്‍സ്പെക്ടര്‍ സസ്പെന്‍ഷനിലുമായി. ഇക്കാര്യത്തില്‍ എനിക്കുള്ള എതിര്‍പ്പ് ഡി.ജി.പിയെ നേരിട്ട് അറിയിക്കേണ്ടതാണെന്നു തോന്നി. ഞാന്‍ പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയെ കണ്ടു. ആര്‍. രാധാകൃഷ്ണനായിരുന്നു ഡി.ജി.പി. അദ്ദേഹം വളരെ സൗമ്യതയോടെ എന്നോട് ഇരിക്കാന്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുബ്ബറാവു സാറും മുറിയിലുണ്ടായിരുന്നു. 'Sir, I have to tell you osmething unpleasant' (സര്‍, എനിക്ക് അങ്ങയോട് പ്രിയങ്കരമല്ലാത്ത ഒരുകാര്യം പറയാനുണ്ട്) എന്നാണ് ഞാന്‍ തുടങ്ങിയത്. അത് കേട്ടപാടെ, സുബ്ബറാവു സാര്‍ 'Should I go?' എന്ന് ചോദിച്ചു. 'No Sir' എന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം, രാഷ്ട്രീയ പരിഗണനയിന്മേലുള്ള സസ്പെന്‍ഷന്‍ നടപടി സിറ്റിപൊലീസിന്റെ ആത്മവീര്യത്തെ ദോഷകരമായി ബാധിച്ചു എന്ന് അറിയിക്കാനാണ് ഞാന്‍ വന്നത് എന്ന് പറഞ്ഞു. കീഴുദ്യോ ഗസ്ഥരുടെ ആത്മവീര്യം എങ്ങനെ വളര്‍ത്താം എന്നതില്‍ കുറച്ച് മാനേജ്‌മെന്റ് വിജ്ഞാനം പകര്‍ന്നുതരുക മാത്രമേ അവിടെ സംഭവിച്ചുള്ളു. ആ ജ്ഞാനഭാരവുമായി ഞാന്‍ വേഗം പുറത്തിറങ്ങി.

തൊട്ടുപിറകെ നഗരത്തെ വിറപ്പിച്ച വലിയ സംഭവങ്ങളുണ്ടായി. ഒരിക്കലും മറക്കാത്ത ദിവസമാണത്, 1996 ജൂലൈ 10. അന്നു രാത്രി 8 മണികഴിഞ്ഞ് ഓഫീസില്‍ നിന്നിറങ്ങുന്നത് പ്രത്യേക സന്തോഷത്തോടെയാണ്. തിരുവനന്തപുരം സിറ്റി കേന്ദ്രീകരിച്ച് ലോട്ടറി ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതിനെതിരെ നടപടി സ്വീകരിക്കാന്‍ ചില രഹസ്യാന്വേഷണങ്ങള്‍ നടത്തിവരുകയായിരുന്നു. ചില വന്‍തോക്കുകള്‍ പിന്നില്‍നിന്നും നിയന്ത്രിച്ച ഈ പ്രവര്‍ത്തനത്തെക്കുറിച്ച് നിര്‍ണ്ണായക വിവരം അന്നു ലഭിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അടുത്ത നടപടികള്‍ ചര്‍ച്ച ചെയ്ത് ധാരണയായ ശേഷമാണ് ഞാന്‍ വീട്ടിലേയ്ക്കിറങ്ങിയത്. വീട്ടിലെത്തി അധികം കഴിയും മുന്‍പെ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സി.വി. രാജീവന്റെ ഫോണ്‍ വന്നു. ''സാര്‍, ഒരു പൊലീസുകാരന് കുത്തേറ്റിട്ടുണ്ട്. തമ്പാനൂരിനടുത്ത് ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡ്യൂട്ടിയിലായിരുന്ന ഒരു വിജയന്‍ ആണ്.'' അതിനപ്പുറം ഒന്നും അറിയില്ലായിരുന്നു. പൊലീസുകാരന്‍ ആക്രമിക്കപ്പെട്ടത് അതീവ ഗൗരവമുള്ള സംഭവമാണല്ലോ. അയാളുടെ അവസ്ഥ എന്താണെന്ന് അപ്പോളറിയില്ലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് വിവരം തേടാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടയില്‍ വീണ്ടും രാജീവന്റെ ഫോണ്‍: ''സാര്‍ വഞ്ചിയൂര്‍ ലിമിറ്റില്‍ ഒരു ബാറിനു സമീപം ഒരാള്‍ കുത്തേറ്റ് മരിച്ച നിലയില്‍ കിടക്കുന്നു.'' മരിച്ചതാരാണെന്നോ കുത്തിയതാരാണെന്നോ ഒന്നുമറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സില്‍ വ്യക്തതവരുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ രാജീവന്റെ മൂന്നാമത്തെ ഫോണ്‍. ആ ശബ്ദത്തില്‍ കടുത്ത നിരാശ വായിച്ചെടുക്കാം. ''സാര്‍ ആ പൊലീസുകാരന്‍ വിജയന്‍ മരിച്ചു.'' അതൊരു കാളരാത്രിയുടെ തുടക്കമായിരുന്നു. 

ഞാന്‍ വീണ്ടും പുറത്തിറങ്ങി. നേരെ പോയത് ജനറല്‍ ആശുപത്രിയിലേയ്ക്കാണ്. അവിടെ വിജയനെ കണ്ടു. ശരിക്കും അരോഗദൃഢഗാത്രന്‍. മരിച്ചു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നി. അധികസമയം അവിടെ നില്‍ക്കാനായില്ല. സ്ഥലത്തുണ്ടായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറോടും മറ്റ് ഉദ്യോഗസ്ഥരോടും അത്യാവശ്യം ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ഞാന്‍ സംഭവങ്ങളുണ്ടായ സ്ഥലത്തേയ്ക്ക് നീങ്ങി. വയര്‍ലെസ്സിലൂടെ മുഴുവന്‍ ഉദ്യോഗസ്ഥരോടും നമുക്ക് ഈ വെല്ലുവിളി നേരിടണം എന്ന രീതിയില്‍ വളരെ കുറച്ചു മാത്രമേ ഞാന്‍ സംസാരിച്ചുള്ളു. കൂടുതലൊന്നും എനിക്ക് പറയേണ്ടിവന്നില്ല എന്നതാണ് സത്യം. സിറ്റിയിലെ ഉദ്യോഗസ്ഥന്മാര്‍ ആ രാത്രിയില്‍ നടത്തിയ പ്രവര്‍ത്തനം അഭിമാനകരമായിരുന്നു. യുവാക്കളായ എസ്.ഐമാരും പൊലീസുകാരും കൊടുങ്കാറ്റിന്റെ വേഗവും ഊര്‍ജ്ജസ്വലതയുമാണ് കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രകടിപ്പിച്ചത്. നഗരത്തിന്റെ ഊടുവഴികളിലും ഇരുണ്ട ഇടങ്ങളിലും എല്ലാം സംശയിക്കാവുന്ന വ്യക്തികളെ തേടി കാര്യക്ഷമമായി അവര്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ചു. പരിചയസമ്പന്നരായ സി.ഐമാരും ഡി.വൈ.എസ്.പിമാരുമെല്ലാം ഈ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കാനിടയുള്ളവരുടെ സാദ്ധ്യത കണ്ടെത്താന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. നിശ്ശബ്ദമായി, എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച മറ്റൊരു വിഭാഗം സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിലെ പൊലീസുകാരായിരുന്നു. സിറ്റിപൊലീസ് ഒരു മനസ്സോടെ ആ രാത്രിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മുഴുവന്‍ ഉദ്യോഗസ്ഥരും എണ്ണയിട്ട യന്ത്രം പോലെ സജീവമായി. രാത്രിയുടെ മണിക്കൂറുകള്‍ മുന്നോട്ടുപോകുമ്പോള്‍ ഒരുപാട് വിവരങ്ങള്‍ വന്നുകൊണ്ടിരുന്നു. അതിനിടെ ഓവര്‍ബ്രിഡ്ജ് പരിസരത്ത് ബാര്‍ ഹോട്ടലിനു സമീപം ഇടറോഡില്‍ അക്രമികളുടെ കുത്തേറ്റു മരിച്ച യുവാവിനെ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. ആ യുവാവിനെ തിരിച്ചറിയാന്‍ അല്പം സമയമെടുത്തു. നഗരത്തില്‍ വീഡിയോ ഗ്രാഫറായി ജോലിചെയ്തിരുന്ന ബിനുലാലിനെ പിന്നീട് തിരിച്ചറിഞ്ഞു. അയാളുടെ ദേഹത്ത് മുതുകിലും വയറിലുമെല്ലാം കുത്തേറ്റ പാടുണ്ടായിരുന്നു. അക്രമികള്‍ ഏതാണ്ട് തുരുതുരാ കുത്തി പരിക്കേല്പിച്ചതുപോലെയാണ് കാണപ്പെട്ടത്. സാധാരണ പിടിച്ചുപറിക്കുവേണ്ടിയുള്ള കുറ്റകൃത്യത്തില്‍ അത്രത്തോളം മുറിവ് ഉണ്ടാകാറില്ല. ഒരുപക്ഷേ, ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വലിയ തോതിലുള്ള ആക്രമണമുണ്ടാകാം. ആ യുവാവിനെതിരായ ആക്രമണത്തെ കേന്ദ്രീകരിച്ച് ഏതെങ്കിലും വ്യക്തിവിരോധമോ മറ്റോ ഉണ്ടാകാനുള്ള സാദ്ധ്യതയും പരിശോധിക്കാതിരുന്നില്ല.

സിറ്റിപൊലീസ് ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കൊലപാതകത്തിനു മുന്നേയുള്ള മണിക്കൂറുകളില്‍ നഗരത്തില്‍ തമ്പാനൂരിലും കിഴക്കേ കോട്ടയിലുമെല്ലാം അന്നുണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ള ഒരുപാടു പേരെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ലഭിച്ചു. വളരെ പ്രതീക്ഷയുളവാക്കിയ ഒരു വിവരം തമ്പാനൂരിലെ ഒരു സിനിമാ തീയേറ്ററില്‍ സെക്കന്റ് ഷോ വിടുന്ന സമയത്ത് കാണപ്പെട്ട ഒരു ഗുണ്ടയെക്കുറിച്ചാണ്. അയാളെ നേരം പുലരുംമുന്‍പേ കണ്ടെത്തി ചോദ്യം ചെയ്തു. ഞാന്‍ നേരിട്ടു ചോദ്യം ചെയ്യലിന് പങ്കെടുത്തു. പക്ഷേ, അയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കുറ്റകൃത്യത്തിലേയ്ക്ക് വെളിച്ചം വീശിയില്ല. ഞങ്ങള്‍ക്ക് പലേടത്തുനിന്നും ലഭിച്ച വിവരങ്ങളില്‍ ചിലത് ശ്രദ്ധേയമായിരുന്നു. അക്കാലത്ത് സ്പെഷ്യല്‍ ബ്രാഞ്ചില്‍ എന്നോടൊപ്പമുണ്ടായിരുന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ പ്രസാദ് ഒരു വിവരം കണ്ടെത്തി. സംഭവത്തിനു തൊട്ടടുത്ത ദിവസം വലിയതുറയ്ക്കടുത്തൊരു വീട്ടില്‍ ഒരു യുവാവിന്റെ രക്തം പുരണ്ട ഉടുപ്പ് കഴുകുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആ യുവാവ് സമീപകാലത്തായി ചില അവിശുദ്ധ കൂട്ടുകെട്ടുകളില്‍ പെട്ടിരുന്നുവത്രെ. 

രാവിലെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ എന്റെ മുന്നില്‍ എസ്.ഐ ഷറഫുദീന്‍ തനിക്ക് രഹസ്യവിവരം നല്‍കുന്ന ഒരുവനെ ഹാജരാക്കി. കാഴ്ചയില്‍ വെളുത്ത്, അല്പം വണ്ണമുള്ള മന്ദബുദ്ധിയെപ്പോലെ തോന്നിക്കുന്ന ഒരു യുവാവ്. ഞാനയാളോട് ചോദിച്ചു: ''എന്താ നിന്റെ പേര്?'' ''മണിക്കുട്ടന്‍.'' ''നിനക്ക് തൊഴിലെന്താണ്?'' ''പോക്കറ്റടി.'' ഒരു കൂസലുമില്ലാത്ത മറുപടി. രസകരമായിരുന്നു അയാളുമായുള്ള സംഭാഷണം. മണിക്കുട്ടന്റെ ബുദ്ധിക്ക് കുഴപ്പമൊന്നുമില്ല. അയാള്‍ തലേദിവസത്തെ സംഭവത്തെക്കുറിച്ച് വിലപ്പെട്ട വിവരം നല്‍കി. സംശയകരമായ സാഹചര്യത്തില്‍ അയാള്‍ നാലുപേരെ കണ്ടു. അതിലൊരാളെ അയാള്‍ക്ക് കൃത്യമായി അറിയാം. മറ്റൊരാളെക്കുറിച്ച് കുറെ വിവരങ്ങള്‍ അയാള്‍ക്കുണ്ട്. രണ്ടു പേര്‍ അയാള്‍ക്ക് തീര്‍ത്തും അറിയാത്തവരാണ്. എങ്കിലും അവരുടെ വിവരണം നല്‍കാന്‍ അയാള്‍ക്ക് കഴിഞ്ഞു. ഇങ്ങനെ ദ്രുതഗതിയില്‍ അന്വേഷണം മുന്നോട്ടുപോയി. കുറ്റവാളികളെക്കുറിച്ചുള്ള വ്യക്തമായ വിവരം ഞങ്ങള്‍ക്കു ലഭിച്ചു. അവരെ കണ്ടെത്താനുള്ള അന്വേഷണം കന്യാകുമാരിയിലേയ്ക്കും നീണ്ടു.

സിറ്റി പൊലീസ് ഏകമനസ്സോടെ ഈ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോഴും ചില സ്ഥാപിത താല്പര്യക്കാര്‍ മറ്റൊരു അജണ്ട നടപ്പാക്കാന്‍ പിന്നണിയില്‍ ശ്രമിക്കുന്നതായി സിറ്റിയിലെ എന്റെ ചില സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഈ സന്ദര്‍ഭം ഉപയോഗിച്ച് എന്നെ മാറ്റുക എന്നതായിരുന്നുവത്രെ ആ അജണ്ട. ഉപജാപങ്ങള്‍ അവഗണിച്ച് നമുക്ക് കുറ്റവാളികളെ വേഗം പിടിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് ഞാനവരോട് പറഞ്ഞു. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതില്‍ എന്റെ സഹപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച അന്വേഷണ മികവും സാഹസികതയും ഉജ്ജ്വലമായിരുന്നു. അക്കാലത്ത് ഫോര്‍ട്ടിലെ പ്രൊബേഷണറി എസ്.ഐ ആയിരുന്ന സൈബുദീനും അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ശശീന്ദ്രനും അപകടകാരിയായ ഒരു പ്രതിയെ ദീര്‍ഘദൂരം പിന്തുടര്‍ന്നോടിയാണ് കീഴ്പെടുത്തിയത്. പൊലീസുകാരനുള്‍പ്പെടെ രണ്ടുപേരെ കൊലപ്പെടുത്തിയ പ്രതിയെ ഒറ്റയ്ക്ക് കീഴ്പെടുത്തുന്നതിലെ അപകടം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വളരെ വലുതായിരുന്നു. അത്രയ്ക്ക് അര്‍പ്പണബോധം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുമ്പോള്‍ കുറ്റവാളികള്‍ക്ക് ബഹുദൂരം ഓടാനാകില്ല. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ കുറ്റവാളികളും വലയിലായപ്പോള്‍ അത് കുറ്റാന്വേഷണത്തില്‍ അഭിമാനിക്കാവുന്ന നേട്ടമായി മാറി. കേസ് അന്വേഷണം അതിവേഗം വിജയത്തിലെത്തിച്ചത് സിറ്റിയിലെ ഉദ്യോഗസ്ഥരുടെ മാതൃകാപരമായ ടീം വര്‍ക്കുകൊണ്ട് മാത്രമാണ്. അതില്‍ എടുത്തുപറയേണ്ടത് യുവ എസ്.ഐമാരുടേയും മറ്റും അസാധാരണമായ വീറും വാശിയും അര്‍പ്പണവുമാണ്.
 
പക്ഷേ, വിജയത്തിലും ആ മരണങ്ങളുടെ ദുഃഖം ബാക്കിയായി. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനുള്ള അക്രമമാണ് ബിനുലാലിന്റെ മരണത്തിലേയ്ക്ക് നയിച്ചത്. നാഗര്‍കോവില്‍ സ്വദേശി രാമയ്യന്‍ എന്ന ആളിനു നേരെ സമാനമായ അക്രമമുണ്ടായപ്പോള്‍ അയാളുടെ സഹായത്തിനെത്തിയതാണ് പൊലീസ് ഉദ്യോഗസ്ഥനായ വിജയന്‍. അങ്ങനെ അക്രമികളില്‍നിന്ന് ഒരു മനുഷ്യനെ രക്ഷിക്കാനുള്ള ധീരമായ ശ്രമത്തിനിടയിലാണ് വിജയന് കുത്തേറ്റത്. ആ സഹപ്രവര്‍ത്തകന്റെ ജീവത്യാഗം അഭിമാനകരമാണ്. അതെന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സംഭവവുമാണ്. സമൂഹം വിലമതിക്കുന്ന സമാധാനജീവിതത്തിന്റെ വിലയാണ് ആ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍. നഴ്സായ ഭാര്യയും രണ്ട് കൊച്ചുകുട്ടികളും ആയിരുന്നു വിജയന്റെ കുടുംബം. വിജയന്റെ രണ്ടു മക്കളില്‍ ഒരാള്‍ അഭിന്‍ വി.പി. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഇന്റലിജന്‍സ് മേധാവി ആയിരിക്കുമ്പോള്‍ അവിടെ ജോലിയില്‍ ചേരാന്‍ അമ്മയുമൊത്ത് എന്നെ കണ്ടു. അച്ഛന്റെ മരണത്തെ തുടര്‍ന്നുള്ള നിയമനം ആയിരുന്നു. മരണത്തിന് ഏറ്റവും വലിയ വില നല്‍കിയത് ആ അമ്മയും രണ്ട് മക്കളുമാണല്ലോ എന്ന് ഞാനോര്‍ത്തു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com