നാട്ടിന്‍പുറത്തെ ചട്ടമ്പിയും നഗരത്തിലെ മാന്യന്മാരും

തിരുവനന്തപുരം അപകടം പിടിച്ച സ്ഥലമാണ് എന്നാണ് ആ മുന്നറിയിപ്പ്. ആ നഗരത്തെ സുരക്ഷിതമാക്കുന്ന ചുമതലയാണല്ലോ ഡി.സി.പി എന്ന നിലയില്‍ ഇപ്പോള്‍ എന്റേത്
പത്മനാഭസ്വാമി ക്ഷേത്രം
പത്മനാഭസ്വാമി ക്ഷേത്രം

'മോനേ, തിരുവനന്തപുരത്തിനാണേ പോണത്.'' സ്‌കൂള്‍ ഫൈനല്‍ പാസ്സായി, പ്ലീഡര്‍ഷിപ്പിനു പഠിക്കാന്‍ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടുന്ന ഒരു കുട്ടനാടന്‍ കൗമാരക്കാരനോട് അമ്മ പറഞ്ഞതാണ്. ഏതാണ്ട് നൂറു വര്‍ഷം മുന്‍പാണിത്. ആ കൗമാരക്കാരനാണ് തകഴി ശിവശങ്കരപ്പിള്ള എന്ന മഹാനായ എഴുത്തുകാരനായി വളര്‍ന്നത്. തന്റെ സാഹിത്യജീവിതത്തിന് അടിസ്ഥാനമിട്ട ആ പോക്കിന് പുറപ്പെടുന്ന നേരത്ത് 'അമ്മ ഗദ്ഗദ വാണിയായി' നല്‍കിയ മുന്നറിയിപ്പിന്റെ കാര്യം തകഴി ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം അപകടം പിടിച്ച സ്ഥലമാണ് എന്നാണ് ആ മുന്നറിയിപ്പ്. ആ നഗരത്തെ സുരക്ഷിതമാക്കുന്ന ചുമതലയാണല്ലോ ഡി.സി.പി എന്ന നിലയില്‍ ഇപ്പോള്‍ എന്റേത്.     

നഗരങ്ങള്‍ പലവിധ അപകടങ്ങള്‍ പതിയിരിക്കുന്ന ഇടമാണ് എന്ന ധാരണ എല്ലാ കാലത്തും ഉള്ളതാണെന്നു തോന്നുന്നു. എനിക്കും അതുണ്ടായിരുന്നു. പൊലീസില്‍ ചേരുന്നതിനു മുന്‍പ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ നിയമന ഉത്തരവുമായി ബോംബെയ്ക്കു ട്രെയിന്‍ കയറുമ്പോള്‍ എന്റെ മനസ്സിലും നിറയെ ഉല്‍ക്കണ്ഠകളായിരുന്നു. വായിച്ചറിഞ്ഞ സീരിയല്‍ കില്ലര്‍ രാമന്‍ രാഘവന്‍ മുതല്‍ ഹാജി മസ്താന്‍ വരെ വിരാജിക്കുന്ന നഗരത്തിലേക്കാണല്ലോ യാത്ര. ഭാഗ്യത്തിന് 'ധാരാവി' 'ധാരാവി' എന്ന് അന്ന് കേട്ടിട്ടില്ല. വെളുപ്പാന്‍കാലത്ത് വിക്ടോറിയ ടെര്‍മിനസ് റെയിവേ സ്റ്റേഷനില്‍ (ഇപ്പോഴത്തെ ഛത്രപതി ശിവാജി ടെര്‍മിനസ്) വലിയൊരു ബാഗുമായി ചെന്നിറങ്ങുമ്പോള്‍ ചുറ്റും കാണുന്ന ഓരോ മനുഷ്യനേയും സംശയത്തോടെയാണ് നോക്കിയത്. അവരില്‍ ചിലരെങ്കിലും എന്നെയും അങ്ങനെ നോക്കിയിരിക്കാം! അല്പം ധൈര്യമൊക്കെ നടിച്ച് പുറത്തേക്കിറങ്ങി. എനിക്ക് പോകേണ്ടിയിരുന്നത് അധികം അകലെയല്ലാത്ത സെന്റ് സേവിയേഴ്സ് കോളേജിലായിരുന്നു. സ്റ്റേഷനില്‍നിന്ന് കോളേജിലെത്താനുള്ള വഴി കൃത്യമായി രേഖപ്പെടുത്തിയത് എന്റെ നിയമന ഉത്തരവിനോടൊപ്പം ലഭിച്ചിരുന്നു. ഏതാനും അടി നടന്നപ്പോള്‍ വഴി തെറ്റിയോ എന്നൊരു സംശയം. അധികം അകലെയല്ലാതെ കണ്ണട ധരിച്ച വെളുത്തു തടിച്ച ഒരു കഷണ്ടിക്കാരനെ കണ്ടു. വെളുപ്പിനെ നടക്കാന്‍ ഇറങ്ങിയതാകണം. അദ്ദേഹത്തിന്റെ അടുത്തുചെന്ന് സെന്റ് സേവിയേഴ്സിലേയ്ക്കുള്ള വഴി ചോദിച്ചു. അത് കൃത്യമായും വിശദമായും പറഞ്ഞുതന്ന ശേഷം ഒരാളോടും ഇനി വഴി ചോദിക്കരുതെന്നും കൂടി പറഞ്ഞു. 'Don't trust anyone here' (ഇവിടെ ഒരാളേയും വിശ്വസിക്കരുത്) എന്നായിരുന്നു മുന്നറിയിപ്പ്. തന്റെ പ്രായവും കഷണ്ടിയും ഒക്കെ കണ്ടായിരിക്കും ഞാനദ്ദേഹത്തെ സമീപിച്ചതെന്നും എന്നാല്‍ അതൊന്നുംകൊണ്ട് കാര്യമില്ലെന്നും പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അത്രയ്ക്ക് മനുഷ്യനെ ഭയക്കേണ്ട സ്ഥലമാണോ ഇത്; അത്ഭുതം തോന്നി. പട്ടി, പാമ്പ്, പ്രേതം, ഭൂതം ഇത്യാദികളായിരുന്നു പണ്ടെന്നെ പേടിപ്പിച്ചിരുന്നതെങ്കില്‍ ശരിക്കും ഭയക്കേണ്ട സൃഷ്ടി മനുഷ്യന്‍ തന്നെ എന്നത് എനിക്ക് പുതിയ അറിവായിരുന്നു. 

കുറ്റകൃത്യങ്ങളുടെ തലസ്ഥാനം

തലസ്ഥാന നഗരങ്ങള്‍ പൊതുവേ കുറ്റകൃത്യങ്ങളുടേയും തലസ്ഥാനമാണ്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ തലസ്ഥാനങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കും കുപ്രസിദ്ധമാണല്ലോ. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വലിയ നഗരങ്ങളേക്കാള്‍ ഏറെ മെച്ചപ്പെട്ട അവസ്ഥ ആയിരുന്നു തിരുവനന്തപുരം, അന്നും ഇന്നും. പക്ഷേ, തൊണ്ണൂറുകളുടെ മദ്ധ്യമായപ്പോള്‍ തലസ്ഥാന നഗരത്തിലെ കുറ്റകൃത്യങ്ങള്‍ പൊതുമണ്ഡലത്തില്‍ വലിയ വിഷയമായി മാറിയിരുന്നു. എന്നാല്‍ അതിന്മേലുള്ള സാമൂഹ്യ ഇടപെടലിന്റെ കാര്യത്തില്‍ നഗരവും ഗ്രാമവും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ തന്നെ എന്റെ ജന്മസ്ഥലമായ ഹരിഹരപുരം എന്ന ഗ്രാമത്തില്‍ കുട്ടിക്കാലത്ത് ഞാനൊരു അടിപിടി കണ്ടു. മൂന്നാളുകള്‍ ചേര്‍ന്ന് ഒരു ചെറുപ്പക്കാരനെ തല്ലാന്‍ തുടങ്ങുകയാണ്. പെട്ടെന്ന് ചട്ടമ്പി പരിവേഷം ഉണ്ടായിരുന്ന ഒരാള്‍ ആ ഒറ്റയാനുവേണ്ടി മുന്നോട്ടു വന്നു. കണ്ടുനിന്ന മുതിര്‍ന്ന വ്യക്തികള്‍ ഉടന്‍ അയാളെ വിലക്കി: ''അത് ക്രിസ്ത്യാനികള്‍ തമ്മിലുള്ള പ്രശ്‌നമാണ്; അവര്‍ തന്നെ തീര്‍ത്തുകൊള്ളും,'' എന്നായിരുന്നു അവരുടെ ന്യായം. വിലക്കിനു വഴങ്ങി 'ചട്ടമ്പി' പിന്‍മാറി. എന്നിട്ടയാള്‍ പറഞ്ഞു: ''അല്ല സാറെ, ഇതെന്തു ന്യായമാണ്. മൂന്നാളുകള്‍ ചേര്‍ന്ന് ഒരാളെ തല്ലുന്നു. തന്റേടമുണ്ടെങ്കില്‍ ഒറ്റയ്‌ക്കൊറ്റയ്ക്കല്ലെ അടിക്കേണ്ടത്.'' അതായിരുന്നു 'ചട്ടമ്പി'യുടെ ധാര്‍മ്മിക ഉല്‍ക്കണ്ഠ. കേട്ടപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി. അയാളെ വിലക്കിയവര്‍ കണ്ടത് അയാളുടെ ഇടപെടല്‍ പ്രശ്‌നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുമോ എന്നതായിരുന്നു. 'ചട്ടമ്പി' അതൊരു മാനുഷിക പ്രശ്നമായും 'സാറ'ന്മാര്‍ അതൊരു ക്രിസ്ത്യാനി പ്രശ്നമായും കണ്ടു. ശരിതെറ്റുകള്‍ക്കപ്പുറം നാട്ടിന്‍പുറത്തൊരു പ്രശ്‌നമുണ്ടായാല്‍, അതിലാരെങ്കിലുമൊക്കെ ഇടപെടും. തിരുവനന്തപുരം സിറ്റിയില്‍ അത് വളരെ കുറവായിരുന്നു. നഗരജീവിതത്തിന്റെ പൊതുസ്വഭാവം അങ്ങനെയാണ്. കുറ്റകൃത്യമുണ്ടായാല്‍ അത് അതിനിരയായവരുടേയും പൊലീസിന്റേയും പ്രശ്‌നമാണ്. കണ്ടുനില്‍ക്കുന്നവര്‍ കണ്ടുനില്‍ക്കും. ചിലപ്പോള്‍ അപൂര്‍വ്വ ദൃശ്യം കണ്ടതിന്റെ സൗഭാഗ്യത്തില്‍ സന്തോഷിച്ചെന്നും വരാം. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥ കുളത്തില്‍ ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിന് ദൃക്സാക്ഷികള്‍ ധാരാളമുണ്ടായിരുന്നു. അപ്പോഴേയ്ക്കും സജീവമായി തുടങ്ങിയിരുന്ന വാര്‍ത്താ ചാനല്‍ അത്യപൂര്‍വ്വ കാഴ്ചയുടെ 'ദര്‍ശനസായൂജ്യം' നമുക്കും പകര്‍ന്നുതന്നു. ഇന്നാണെങ്കില്‍ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ആ കര്‍മ്മം നിര്‍വ്വഹിക്കും. എം. മുകുന്ദന്റെ വിഖ്യാത കഥ 'ഡല്‍ഹി 1981' ഈ വിഷയം ആവിഷ്‌കരിക്കുന്നുണ്ട്. നഗരജീവിതത്തില്‍ ഇരയുടെ നിസ്സഹായതയും വേട്ടക്കാരന്റെ ക്രൂരതയും കാഴ്ചക്കാരന്റെ അധമമായ 'ആസ്വാദന'വും എല്ലാം അതിലുണ്ട്. കാലക്രമേണ കേരളത്തിന്റെ തലസ്ഥാന നഗരവും ഇക്കാര്യത്തില്‍ ദേശീയ നിലവാരത്തിലേയ്ക്കുയരുന്നുണ്ടായിരുന്നു. 

ഡി.സി.പി ആയി തിരുവനന്തപുരത്ത് എത്തുമ്പോള്‍ അവിടെ കുട്ടിക്കാലത്ത് നാട്ടിന്‍പുറത്ത് ഞാന്‍ കണ്ടപോലുള്ള 'ചട്ടമ്പി'കള്‍ തീരെ ഇല്ല. ഉള്ളവരെല്ലാം 'മാന്യന്‍മാര്‍' മാത്രം. പൊലീസ് സ്റ്റേഷന്‍, കോടതി തുടങ്ങിയ ഏര്‍പ്പാടുകളൊന്നും 'മാന്യന്മാര്‍'ക്ക് ചേര്‍ന്നതല്ലല്ലോ. ഇത് നഗരത്തില്‍ പൊലീസിനു വലിയ ബുദ്ധിമുട്ടുണ്ടാക്കി. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നത് പൊലീസാണെങ്കിലും അതില്‍ പൊതുജനങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട്. കേസ് അന്വേഷണത്തിലും പിന്നീട് കോടതിയിലും കുറ്റം തെളിയിക്കുന്നതിനു സാക്ഷിപറയാന്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. 

വിനോദ് തോമസ്
വിനോദ് തോമസ്

ഈ 'സാക്ഷിപ്രശ്‌നം' അല്പം കൗതുകകരമായ ഒരു അനുഭവത്തിലേയ്ക്ക് നയിച്ചതോര്‍ക്കുന്നു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍ ഒരു കൊലപാതകമുണ്ടായി. രാത്രിയിലായിരുന്നു സംഭവം. വിനോദ് തോമസ് എന്ന യുവ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു അവിടെ അസിസ്റ്റന്റ് കമ്മിഷണര്‍. അയാളും സഹപ്രവര്‍ത്തകരുമെല്ലാം രാത്രിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് നേരം പുലരും മുന്‍പേ കുറ്റം തെളിയിക്കുകയും കുറ്റവാളിയെ കണ്ടെത്തി അറസ്റ്റുചെയ്യുകയും ചെയ്തു. എല്ലാം ശുഭകരമായി തീര്‍ന്നപ്പോഴാണ് സാക്ഷിപ്രശ്‌നം ഉടലെടുത്തത്. സംഭവത്തിനു നിര്‍ണ്ണായകമായ ഒരു സാക്ഷി മാത്രമേ ഉണ്ടായിരുന്നുള്ളു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്ന ആ മനുഷ്യന്‍ പൊലീസുമായി സഹകരിച്ചു. കേസ് കോടതിയിലെത്തുമ്പോള്‍ ഈ സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ചാല്‍ കേസ് പരാജയപ്പെടുമെന്നും അതുകൊണ്ട് കൂടുതല്‍ സാക്ഷികള്‍ വേണമെന്നുമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. കൃത്യത്തിനു സാക്ഷികളില്ലാതെ എന്തുചെയ്യും? 'പ്ലാന്റ്' ചെയ്യുക എന്നതായിരുന്നു പൊലീസിലെ നടപ്പ് സമ്പ്രദായം. 'പ്ലാന്റ്' ചെയ്യുക എന്നാല്‍ കളവായി സാക്ഷികളെ ചേര്‍ക്കുക എന്നാണ്. 'സത്യം' തെളിയിക്കാന്‍ കുറച്ച് 'കള്ളം' ആകാം എന്നതാണ് അതിന്റെ 'ന്യായം.' ഇങ്ങനെ ചില 'ന്യായ'ങ്ങളിന്മേലാണ് നമ്മുടെ മഹത്തായ നീതിന്യായവ്യവസ്ഥ എന്ന സുവര്‍ണ്ണരഥത്തിന്റെ ചക്രമുരുളുന്നത് എന്നത് പരമ രഹസ്യമൊന്നുമല്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെഞ്ചിയിട്ടും ഒരാളേയും 'പ്ലാന്റ്' ചെയ്യേണ്ട എന്നതായിരുന്നു വിനോദ് തോമസിന്റെ നിലപാട്. രണ്ടു പേരും കൂടി 'കേസ്' എന്റെ 'കോടതി'യില്‍ കൊണ്ടുവന്നു. എന്റെ സര്‍വ്വീസില്‍ ഇത്തരത്തിലുള്ള ആദ്യത്തേയും അവസാനത്തേയും 'കേസാ'യിരുന്നു അത്. എന്റെ വിധി വിനോദ് തോമസിന് അനുകൂലമായിരുന്നു. നിയമപ്രകാരം തെളിവ് എണ്ണിനോക്കിയല്ല, തൂക്കം നോക്കിയാണ് കോടതി വിലയിരുത്തുന്നത് എന്ന് പൊലീസ് അക്കാഡമിയിലെ ക്ലാസ്സ്മുറിയില്‍ കൃഷ്ണചാരി സാര്‍ പറഞ്ഞ വിജ്ഞാനം വിളമ്പി. അതിനപ്പുറം യുവ ഐ.പി.എസ്‌കാരന്റെ ആദര്‍ശദൃഢതയില്‍ ഉള്ളില്‍ സന്തോഷം തോന്നി. കൂട്ടത്തില്‍ പറയട്ടെ ഈ തര്‍ക്കത്തിനപ്പുറം സത്യസന്ധനായ ആ സര്‍ക്കിളിനോടും ഞങ്ങള്‍ക്ക് മതിപ്പുണ്ടായിരുന്നു. 'എന്റെ കോടതി' തീരുമാനിച്ചിട്ടും അവര്‍ തൃപ്തരായില്ല. ഇരുവരും കൂടിയാലോചിച്ച് മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വിദഗ്ദ്ധ അഭിപ്രായം തേടാന്‍ തീരുമാനിച്ചു. വിനോദ് തോമസ് പോകുകയും ചെയ്തു. സര്‍ക്കിള്‍ ഒരു സാക്ഷിക്കുവേണ്ടിയാണ് കെഞ്ചിയതെങ്കില്‍ 'അപ്പീല്‍ കോടതി' മിനിമം മൂന്ന് സാക്ഷികള്‍ കൂടി എങ്കിലും വേണം എന്നാണ് 'വിധിച്ചത്'. അതിന്റെ ഞെട്ടലും നിരാശയും വിനോദ് തോമസ് എന്നോട് പങ്കിട്ടു. പിന്നീട് എറണാകുളം കമ്മിഷണറായും പലക്കാട് എസ്.പിയായും എല്ലാം നീതിബോധത്തോടെ പ്രവര്‍ത്തിച്ച വിനോദ് തോമസ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി ഐ.പി.എസില്‍നിന്ന് നേരത്തെ സ്വയം വിടവാങ്ങിയപ്പോള്‍ എനിക്ക് കടുത്ത നിരാശ തോന്നി. മൂല്യബോധമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് കേരളത്തിനു നഷ്ടമായത്. മൂല്യബോധം ആര്‍ക്കു വേണം? ആ ചരക്കിന് കേരളത്തിലെ രാഷ്ട്രീയ, ഔദ്യോഗിക കമ്പോളത്തില്‍ വല്ലാതെ വിലയിടിഞ്ഞ് തുടങ്ങിയിരുന്നു. അതിനൊരു താങ്ങ്വിലയെക്കുറിച്ച് ആരും ഉല്‍ക്കണ്ഠപ്പെടുന്നുമില്ല. 

ഗുണ്ടായിസവും ബ്ലേഡ് പലിശയും

അക്കാലത്ത് നഗരത്തിലെ കുറ്റകൃത്യങ്ങള്‍ പൊതുവേ ഗുണ്ടാ പ്രവര്‍ത്തനം എന്ന ലേബലിലാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സിനിമാതിയേറ്ററുകളില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്നവര്‍ മുതല്‍ പോക്കറ്റടിക്കാരും വ്യാജവാറ്റുകാരും മയക്കുമരുന്ന് കച്ചവടം നടത്തുന്നവരും കൂലിത്തല്ലുകാരും കള്ളക്കടത്തുകാരും എല്ലാം ഗുണ്ടകള്‍ തന്നെ. ചെറിയ കുറ്റകൃത്യങ്ങളിലാണ് പല മാഫിയ തലവന്മാരുടേയും തുടക്കം എന്നതും വസ്തുതയാണ്. കുപ്രസിദ്ധ അന്താരാഷ്ട്ര മാഫിയാ തലവന്‍ ഛോട്ടാ രാജന്റെ തുടക്കം മുംബൈയില്‍ സിനിമാടിക്കറ്റ് കരിഞ്ചന്തയിലായിരുന്നു. 

ഡി.സി.പിയായി ചുമതലയേറ്റ് അധികം വൈകാതെ ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടു. സിറ്റിയില്‍ എന്തോ ആവശ്യത്തിന് സ്വന്തം കാറില്‍ വന്ന ഒരു കുടുംബം തമ്പാന്നൂരില്‍നിന്നും മടങ്ങുകയായിരുന്നു. തിരക്കൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പിറകെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നു വന്ന ഒരു സംഘം കാര്‍ ബലമായി തടഞ്ഞ് വെട്ടുകത്തിയും മറ്റും കാട്ടി ഭീഷണിപ്പെടുത്തി എല്ലാപേരേയും പുറത്തിറക്കി വിട്ടിട്ട് കാറുമായി കടന്നുകളഞ്ഞു. വയര്‍ലെസ്സിലാണ് സംഭവം കേട്ടത്. കണ്‍ട്രോള്‍ റൂമില്‍നിന്നു മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും വാഹനം കണ്ടെത്തുന്നതിനും മറ്റും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് കേട്ടുകൊണ്ടാണ് ഞാന്‍ പൊലീസ് ആസ്ഥാനത്ത് ഒരു മീറ്റിങ്ങിനു കയറിയത്. പിന്നീട് ഞാന്‍ ഈ കേസിന്റെ എഫ്.ഐ.ആര്‍ ചോദിക്കുമ്പോള്‍ എഫ്.ഐ.ആര്‍ എടുത്തിട്ടില്ല എന്ന് മനസ്സിലായി. അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞത് ലോണ്‍ വീഴ്ച വരുത്തിയതിന് ഒരു ഫിനാന്‍സ് കമ്പനി കാര്‍ തിരികെ എടുത്തതാണെന്നും അതിന് കേസെടുക്കാറില്ലെന്നും ആയിരുന്നു. വാഹനലോണില്‍ വീഴ്ചവരുമ്പോള്‍ വാഹനം ധനകാര്യസ്ഥാപനത്തിനു തിരികെ എടുക്കാം എന്നാണ് വ്യവസ്ഥ എന്നത് ശരിതന്നെ. പക്ഷേ, തിരികെ എടുക്കല്‍ എന്ന് പറയുന്നത് അത്ര സുഗമമല്ല. ലോണ്‍ തിരികെ അടയ്ക്കാന്‍ വീഴ്ചയുണ്ടായ ഉടനെ ധനകാര്യസ്ഥാപനത്തിന്റെ പ്രതിനിധി, നേരെ വാഹന ഉടമയെ കണ്ട് കാര്യം പറയുകയും അദ്ദേഹം ഉടനെ തിരികെ ഏല്പിക്കുകയുമല്ല സംഭവിക്കുന്നത്. മറിച്ച് വാഹനം തിരികെ എടുക്കലിന്റെ മേഖല കറതീര്‍ന്ന ഗുണ്ടാപ്രവര്‍ത്തനം തന്നെയായിരുന്നു. സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടകള്‍ ആയിരിക്കും ഈ പ്രവര്‍ത്തനത്തിന്റെ നേതൃത്വം. കത്തി, കഠാര, വടിവാള്‍ ഒക്കെയാണ് ഇവരുടെ പ്രവര്‍ത്തന ഉപകരണങ്ങള്‍. അതുകൊണ്ട് കാര്‍ തട്ടിയെടുത്ത സംഭവത്തിന് ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുപ്പിച്ചു. കേസെടുക്കുക മാത്രമല്ല, വാഹനം പിടിക്കാന്‍ ഗുണ്ടകളെ നിയോഗിച്ച ധനകാര്യ സ്ഥാപനത്തിന്റെ ചുമതലപ്പെട്ടവരും പ്രതിയാകും എന്നായി. 

ഡി.സി.പി എന്ന നിലയില്‍ ഞാന്‍ ഊന്നല്‍ നല്‍കിയത് ഗുണ്ടായിസത്തെ അമര്‍ച്ച ചെയ്യാന്‍ ഇങ്ങനെ നിയമത്തിന്റെ സാദ്ധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുക എന്നതാണ്. നിയമത്തിന്റെ അരികുപറ്റിയുള്ള ധനകാര്യസ്ഥാപനങ്ങളുടെ വാഹനപിടിത്തം പോലുള്ള പ്രവര്‍ത്തനങ്ങളാണ് ഗുണ്ടായിസം വളര്‍ത്തുന്നത്. ഇതുപോലുള്ള സ്ഥാപനങ്ങളില്‍ പല തലങ്ങളിലും ജോലി ചെയ്യുന്നത് സര്‍വ്വീസില്‍നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും. വാഹനം പിടിച്ചെടുക്കലിന്റെ പേരിലുള്ള ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് നിയമത്തിന്റെ പരിരക്ഷയുണ്ട് എന്ന നിലയില്‍ ചില വ്യാഖ്യാനങ്ങളും തല്പരകക്ഷികള്‍ നടത്തിയിരുന്നു. അവര്‍ക്കെല്ലാം പലവിധ ഉപദേശകരും ഉണ്ടാകുന്നത് സ്വാഭാവികമാണല്ലോ. വാഹനം പിടിച്ചെടുക്കലിന്റെ പേരിലുള്ള പ്രവര്‍ത്തനത്തിന് ചില ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പിന്തുണ നല്‍കിയിട്ടുണ്ട് എന്ന അപ്രിയ സത്യം പറയാതെ വയ്യ.

ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ക്രമേണ വന്‍കിട കുറ്റകൃത്യങ്ങളിലും പങ്കാളികളാകാം. അങ്ങനെ കുറ്റവാളികള്‍ തഴച്ചുവളരുന്നതിന് അനുകൂലമായ സാഹചര്യം ഉണ്ടാകുമ്പോഴാണ് അതിനു സംഘടിതമായ മാഫിയാ സ്വഭാവം കൈവരുന്നത്. ധനകാര്യസ്ഥാപനങ്ങളുടെ വണ്ടിപിടിത്തം അതിലേക്കാണ് നയിക്കുന്നത്. 

ഉപഭോഗ സംസ്‌കാരത്തിന്റെ പ്രലോഭനത്തിന് മനുഷ്യന്‍ കീഴടങ്ങിത്തുടങ്ങിയ കാലം കൂടിയായിരുന്നു അത്. സ്വന്തം വരുമാനത്തിനുള്ളില്‍ ജീവിക്കുന്നതാണ് വിവേകം എന്നത് പഴഞ്ചന്‍ സങ്കല്പമായി. ഇല്ലാത്ത പണം ചെലവഴിക്കുന്നതാണ് സാമര്‍ത്ഥ്യം എന്നതായി പുതിയ തത്ത്വശാസ്ത്രം. അങ്ങനെ ഒരുപാട് ഉപഭോഗസ്വപ്നങ്ങള്‍ പൂവണിഞ്ഞപ്പോള്‍ അത് വലിയ ദുരന്തങ്ങളും സൃഷ്ടിച്ചു. യഥാര്‍ത്ഥ വളര്‍ച്ച ഉണ്ടായത് തത്ത്വദീക്ഷയില്ലാതെ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കു മാത്രം. അതിന്റെയൊക്കെ ഉപോല്പന്നമായിരുന്നു ഗുണ്ടായിസത്തിന്റെ വളര്‍ച്ച. നിയമം അനുവദിക്കാത്തതും എന്നാല്‍ നിയമാനുസരണം എന്ന വ്യാജേന നടത്തുന്നതുമായ ഗുണ്ടാപ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥ രാഷ്ട്രീയ പിന്‍ബലവും വളരെ വലുതാണ്. ഈ മൂന്നുകൂട്ടരേയും പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം അഴിമതിയാണ്. 

ഇതുപോലൊരു അവിഹിത കൂട്ടായ്മയുടെ പിന്‍ബലത്തില്‍ ഗുണ്ടായിസം വലിയതോതില്‍ അരങ്ങേറിയിരുന്നത് മറ്റൊരിനം സാമ്പത്തിക ഇടപാടിലാണ്. അതാണ് 'ബ്ലേഡ്' എന്ന് ജനകീയമായി അറിയപ്പെടുന്ന കൊള്ളപ്പലിശയുടെ ലോകം. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഇരയുടെ രക്ഷകനായാണ് കൊള്ളപ്പലിശക്കാരന്‍ പ്രത്യക്ഷപ്പെടുക. ഈ മനുഷ്യന് വിലപിടിപ്പുള്ള വസ്തു നഗരഹൃദയത്തിലോ അതുപോലുള്ള വലിയ ഡിമാന്റുള്ള പ്രദേശത്തോ ഉണ്ടാകും. അതില്‍ കണ്ണുവെച്ചുകൊണ്ടുതന്നെയായിരിക്കും 'ബ്ലേഡി'ന്റെ നീക്കം. ആ വസ്തു നിശ്ചിത കാലത്തേയ്ക്ക് ഈടായി എഴുതി വന്‍പലിശയ്ക്ക് രൂപ കടം വാങ്ങും. അതില്‍ കുടുങ്ങുന്ന വ്യക്തി ഏതാണ്ട് ചൂണ്ടയില്‍ കടിച്ച മീനിന്റെ അവസ്ഥയിലാകും. പിന്നെ അയാള്‍ക്ക് രക്ഷപ്പെടാനാകില്ല. മീന്‍ വലിക്കുന്തോറും കുരുക്ക് മുറുകുകയേയുള്ളു. നിശ്ചിത സമയത്തിനകം പണവും പലിശയും തിരികെ നല്‍കി വസ്തുവിന്റെ രജിസ്‌ട്രേഷന്‍ മാറ്റിയെഴുതിക്കാന്‍ കഴിയാതെ വരും. യഥാര്‍ത്ഥ കടത്തിന്റെ എത്രയോ ഇരട്ടി വിലപിടിപ്പുള്ള വസ്തു ആയിരിക്കും. ഇവിടെയാണ് 'ബ്ലേഡി'ന്റെ നിയന്ത്രണത്തിലുള്ള ഗുണ്ടാസംഘം രംഗപ്രവേശം ചെയ്യുന്നത്. അവരെ ഉപയോഗിച്ച് അതിന്റെ അവകാശം ഏറ്റെടുക്കാനുള്ള ശ്രമമാണ്. ഈ 'കളി'യില്‍ മിക്കവാറും രാഷ്ട്രീയ പിന്‍ബലവും പൊലീസും ഉണ്ടാകും. ഗുണ്ടാഭീഷണിയില്‍നിന്ന് രക്ഷനേടാന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുമ്പോള്‍ ഈ കൂട്ടുകെട്ടിന്റെ ഭാഗമാണ് പൊലീസ് ഉദ്യോഗസ്ഥനെങ്കില്‍ അയാളും ബ്ലേഡിന്റെ സഹായത്തിനെത്തും. അത് വളരെ എളുപ്പവുമാണല്ലോ. കാരണം, വസ്തുവിന്റെ രേഖ ബ്ലേഡിന് അനുകൂലമാണ് എന്ന ന്യായവാദം ഉന്നയിക്കും. എന്നാല്‍, അമിതപലിശ നിയമവിരുദ്ധമാണല്ലോ എന്നത് സൗകര്യപൂര്‍വ്വം പൊലീസും അവഗണിക്കും. മാത്രവുമല്ല, രേഖ സാധുവാണെങ്കില്‍പ്പോലും വസ്തു കൈമാറ്റം നടപ്പാക്കേണ്ടത് ഗുണ്ടായിസത്തിലൂടെയല്ല, മറിച്ച് സിവില്‍ നിയമനടപടിയിലൂടെയാണ് എന്ന് പറയാന്‍ പൊലീസ് ഉദ്യോഗസ്ഥന് അറിയാഞ്ഞിട്ടല്ല. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ പോലുള്ള നഗരങ്ങളില്‍ ഗുണ്ടായിസം വളരുന്നതിന്റെ അടിസ്ഥാന കാരണം ഇത്തരം അവിഹിത സാമ്പത്തിക ശക്തികളും രാഷ്ട്രീയവും പൊലീസും തമ്മിലുള്ള ചങ്ങാത്തം തന്നെയാണ്. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി എന്തിനും 'ധൈര്യ'മുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ കിട്ടിയാല്‍ അഴിമതിക്കാരനായ രാഷ്ട്രീയക്കാരന് അയാളൊരു വലിയ കറവപ്പശുവാണ്. ഇങ്ങനെ ഒരുപാട് പശുക്കളെ പോറ്റാനുള്ള തൊഴുത്ത് സ്വന്തമായുള്ള രാഷ്ട്രീയക്കാര്‍ കാലാകാലങ്ങളില്‍ നമ്മുടെ വന്‍നഗരങ്ങളിലുണ്ടാകും. ഇത്തരം പശുക്കളും പശുപാലകരും അവിഹിത ബിസിനസ്സുകാരും ഉള്‍പ്പെടുന്ന കൂട്ടായ്മ നിലനില്‍ക്കുന്നിടത്തോളം കാലം ഗുണ്ടാനിയമമല്ല, മറ്റെന്ത് വജ്രായുധം പ്രയോഗിച്ചാലും ഗുണ്ടായിസം കുറയില്ല. 

തലസ്ഥാനത്ത് എന്നോടൊപ്പമുണ്ടായിരുന്ന സത്യസന്ധനായ ഒരു അസിസ്റ്റന്റ് കമ്മിഷണര്‍ വളരെ വേദനയോടെ സ്വന്തം അനുഭവം പറഞ്ഞു. അദ്ദേഹമന്ന് ശംഖുമുഖത്തായിരുന്നു. ഒരു ദിവസം വയര്‍ലെസ്സിലൂടെ സന്ദേശം വന്നു, കോഴിക്കോട് റൂറലിലോട്ട് സ്ഥലം മാറ്റിക്കൊണ്ട്. ആരുടേയോ കടുത്ത അപ്രീതി ആയിരുന്നു കാരണമെന്നു വ്യക്തം. അന്വേഷണത്തില്‍ കാര്യം മനസ്സിലായി. അസിസ്റ്റന്റ് കമ്മിഷണര്‍ വലിയൊരു 'പാതകം' ചെയ്തു. ചോദിക്കാനും പറയാനുമൊക്കെ ആളുണ്ടായിരുന്ന ഒരു സാമൂഹ്യവിരുദ്ധനെതിരെ ക്രിമിനല്‍ പ്രോസീഡിയര്‍ കോഡനുസരിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്രെ. കുറച്ചൊക്കെ അറിയപ്പെടുന്ന 107 വകുപ്പനുസരിച്ച് ഗുണ്ടയെ നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, ഗുണ്ടയ്‌ക്കൊന്നും സംഭവിച്ചില്ല. സംഭവിച്ചത് അസിസ്റ്റന്റ് കമ്മിഷണര്‍ക്കായിരുന്നു. സര്‍ക്കാര്‍ ഉത്തര കേരളത്തെ സേവിക്കാന്‍ പറ്റിയ ആളാണെന്നു മനസ്സിലാക്കി അദ്ദേഹത്തെ അങ്ങോട്ടോടിച്ചു. വര്‍ഷം രണ്ടുകഴിഞ്ഞിട്ടും ഇതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ധാര്‍മ്മികരോഷം അടങ്ങിയിരുന്നില്ല. പക്ഷേ, ഈ ഗുണ്ടയുടെ പ്രഭാവം അധികനാള്‍ നീണ്ടുനിന്നില്ല. പിന്നീടൊരു സബ്ബ് ഇന്‍സ്പെക്ടര്‍ അയാളെ കസ്റ്റഡിയിലെടുത്തു. അപ്പോഴേയ്ക്കും ഗുണ്ടയുടെ ശുക്രന്‍ അസ്തമിച്ചിരുന്നു. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ പഴയ രക്ഷാകര്‍ത്താക്കള്‍ നിസ്സഹായരായിക്കഴിഞ്ഞിരുന്നു. 'കാലാവസ്ഥാ വ്യതിയാനം' മനസ്സിലാക്കാതെ പിന്നെയും സബ്ബ് ഇന്‍സ്പെക്ടറെ വിരട്ടിയാല്‍ എന്താണ് സംഭവിക്കുക? സബ്ബ് ഇന്‍സ്പെക്ടറാകട്ടെ, ഗുണ്ടകളുടെ കാര്യത്തില്‍ അടിച്ചൊതുക്കല്‍ തത്ത്വശാസ്ത്രത്തില്‍ അകമഴിഞ്ഞു വിശ്വസിച്ചിരുന്ന ഒരാളുമായിരുന്നു. അയാളെ മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയപ്പോള്‍ പൊലീസിനെതിരെ പരാതിയൊന്നും പറഞ്ഞതായി കണ്ടില്ല. കുറേ നാള്‍ മുന്‍പ് മറ്റെവിടെനിന്നോ സ്ഥലം മാറി തിരുവനന്തപുരത്തെത്തിയ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ആ അവസരത്തില്‍ വീട്ടുസാധനങ്ങള്‍ ഇറക്കുന്ന കാര്യത്തില്‍ അദ്ദേഹത്തോടും ഗുണ്ടായിസം കാണിച്ചുവത്രെ. ഇങ്ങനെ അവര്‍ തമ്മില്‍ ഒരു മുന്‍പരിചയം ഉണ്ടായിരുന്നതുകൊണ്ട് പൊലീസിനെതിരെ പരാതിയൊന്നും ഉണ്ടായിരുന്നില്ല. ജാമ്യാപേക്ഷ ഹൈക്കോടതിവരെ പോയെങ്കിലും അയാള്‍ക്ക് ജയിലില്‍നിന്നു പെട്ടെന്ന് മോചനം കിട്ടിയില്ല. ഹൈക്കോടതിയില്‍ പ്രോസിക്യൂഷനുവേണ്ടി അക്കാലത്ത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായിരുന്ന കല്ലട സുകുമാരന്‍ വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ആ കടമ്പകടക്കില്ല, എന്നവര്‍ക്ക് ബോദ്ധ്യമായപ്പോള്‍ അയാളുടെ വൃദ്ധയായ അമ്മ മകനുവേണ്ടി എന്നെ വന്നു കണ്ടു. മകന്‍ കുറ്റവാളിയായി എന്നതുകൊണ്ട് മാത്രം അമ്മ, അമ്മയല്ലാതാകില്ലല്ലോ. എനിക്കവരുടെ അവസ്ഥയില്‍ വിഷമം തോന്നി. എങ്കിലും മകന്റെ പ്രവൃത്തികള്‍ മറ്റു പല അമ്മമാര്‍ക്കും വലിയ വേദന ഉണ്ടാക്കുന്നുണ്ടെന്നും ജയിലില്‍നിന്നിറങ്ങിയാല്‍ അക്കാര്യം ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും ഞാന്‍ സൗമ്യമായി അവരോട് പറയാതിരുന്നില്ല. 

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാനറിഞ്ഞു, അയാള്‍ ഒരു സംഘടനയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ഭാരവാഹി ആയെന്ന്. ആദി മഹാകവി വാല്മീകി മഹര്‍ഷിയെ ഓര്‍മ്മിപ്പിച്ചു ആ പരിണാമം. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com