സ്ത്രീവിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കാണാപ്പുറങ്ങള്‍

സര്‍ക്കാര്‍ കണക്കുകളില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവരെല്ലാം അഭ്യസ്തവിദ്യരാണ്. ആ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അഭ്യസ്ത വിദ്യരിലെ തൊഴിലില്ലായ്മാ നിരക്ക് കണക്കുകൂട്ടുന്നത്
സ്ത്രീവിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കാണാപ്പുറങ്ങള്‍

ഴിഞ്ഞ ഓണക്കാലത്ത് ഒരു ചാനല്‍ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ ഏറ്റവുമധികം ഉന്നത വിദ്യാഭ്യാസം നേടിയ  സ്ത്രീകളുള്ള പ്രദേശം കേരളമാണെന്നു പറയുന്നതു കേട്ടു. സര്‍ക്കാര്‍ കണക്കുകളില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവരെല്ലാം അഭ്യസ്തവിദ്യരാണ്. ആ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അഭ്യസ്ത വിദ്യരിലെ തൊഴിലില്ലായ്മാ നിരക്ക് കണക്കുകൂട്ടുന്നത്. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമായ സ്ത്രീകളുടെ കണക്കിന്റെ  അടിസ്ഥാനത്തിലാണെന്നു ഞാന്‍ കരുതുന്നു. കേരള സര്‍വ്വകലാശാലയില്‍ ഒരു വിഷയമൊഴികെ എല്ലാറ്റിലും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളില്‍ പകുതിയിലധികം സ്ത്രീകളാണെന്നു രണ്ടു പതിറ്റാണ്ട് മുന്‍പ് ഈ ലേഖകന്‍ യാദൃച്ഛികമായി മനസ്സിലാക്കുകയുണ്ടായി. രണ്ടുമൂന്നു കൊല്ലം കഴിഞ്ഞ് ആ നില തുടരുകയാണോ എന്ന് അന്വേഷിച്ചപ്പോള്‍ എല്ലാ വിഷയങ്ങളിലും ആണുങ്ങളെക്കാള്‍  പെണ്ണുങ്ങളാണെന്നറിഞ്ഞു. സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളിലെ സ്ഥിതിയും സമാനമാണെന്നും അറിഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകളനുസരിച്ച് 2004-'5 അദ്ധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് 232 ആണുങ്ങളും 185 പെണ്ണുങ്ങളും പി.എച്ച്.ഡി ഗവേഷണ ബിരുദ പഠനത്തിലേര്‍പ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസമേഖലയില്‍ ആണ്‍കുട്ടികള്‍ക്ക് മുന്‍തൂക്കമുള്ള ഏക വിഭാഗം അതായിരുന്നു. എം.എയ്ക്ക് പഠിച്ചുകൊണ്ടിരുന്ന 7,443 പേരില്‍ 5,581 പേര്‍ പെണ്‍കുട്ടികളായിരുന്നു. ആണ്‍കുട്ടികള്‍ 1,862 മാത്രം. എം.എസ്സിക്ക് പഠിച്ചിരുന്ന 8,192 പേരില്‍ പെണ്‍കുട്ടികള്‍ 6,616, ആണ്‍കുട്ടികള്‍ 1,576. എം. കോമിനു ആകെ കുട്ടികള്‍ 2,591, ആണ്‍കുട്ടികള്‍ 852, പെണ്‍കുട്ടികള്‍ 1,739.

ബിരുദ പഠനരംഗത്തും പെണ്‍കുട്ടികള്‍ തന്നെയായിരുന്നു മുന്നില്‍. ബി.എയ്ക്ക് ആണ്‍കുട്ടികള്‍ 23,004, പെണ്‍കുട്ടികള്‍  45,618. ബി.എസ്സിക്ക് ആണ്‍കുട്ടികള്‍ 20,791, പെണ്‍കുട്ടികള്‍ 45,114. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സ്ഥിതി അല്പം വ്യത്യസ്തമായിരുന്നു. മെഡിസിനിലും അനുബന്ധ വിഷയങ്ങളിലും പെണ്‍കുട്ടികള്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും എന്‍ജിനീയറിംഗിലും അനുബന്ധ വിഷയങ്ങളിലും ആണ്‍കുട്ടികള്‍ പിടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, ഉന്നത വിദ്യാഭ്യാസമേഖലയ്ക്കുമേല്‍ പെണ്‍കരങ്ങള്‍ വ്യക്തമായും പിടിമുറുക്കിയിരുന്നു: ആകെ പെണ്‍കുട്ടികള്‍ 1,84,170, ആകെ ആണ്‍കുട്ടികള്‍ 1,28,985.

രാഷ്ട്രീയ കേരളത്തിന് ഉന്നത വിദ്യാഭ്യാസരംഗത്തെ സ്ത്രീ മുന്നേറ്റം നേരത്തെ പ്രഖ്യാപിക്കാമായിരുന്നെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ ലിംഗ അനുപാതം 1,084 ആണ്. അതായത് 1,000 ആണുങ്ങളുള്ളിടത്ത് 1,084 പെണ്ണുങ്ങള്‍. അഭ്യസ്തവിദ്യരില്‍ വ്യത്യാസം 1,000 ആണുങ്ങളുള്ളിടത്ത് 1,428 പെണ്ണുങ്ങള്‍ എന്ന നിലയിലേക്ക് വര്‍ദ്ധിക്കുന്നു.

ഇത് സാമൂഹിക പ്രസക്തിയുള്ള വസ്തുതയാണ്. സാമൂഹിക പിന്നോക്കാവസ്ഥയില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും സമാനമായ സ്ത്രീമുന്നേറ്റം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടുകയായിരുന്ന പട്ടികജാതികളില്‍പ്പെട്ട 29,179 പേരില്‍ 18102 പേരും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട 3,311  പേരില്‍ 1,876 പേരും പെണ്‍കുട്ടികളായിരുന്നു.

പഠനവും തൊഴിലും

ഒന്നാം ക്ലാസ്സില്‍ പ്രവേശിക്കുന്നവരെല്ലാം ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ വരെ എത്തുന്നില്ലെന്ന് നമുക്കറിയാം. ധാരാളം പേര്‍ ഓരോരോ ഘട്ടത്തില്‍ പല കാരണങ്ങളാല്‍ കൊഴിഞ്ഞുപോകുന്നു. ചിലര്‍ സാമ്പത്തിക കാരണങ്ങളാല്‍ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതരായതാവാം. മറ്റുള്ളവര്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മാത്രം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ട് ഉപജീവനം നടത്താനാകും പോയത്.  ഇതിന്റെയൊക്കെ ഫലമായി ലിംഗ അനുപാതം 1000:1084-ല്‍നിന്ന് 1000:1428 ആയി വര്‍ദ്ധിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് വിട്ടുപോയവരിലേറെയും ആണുങ്ങളായിരുന്നു എന്നാണ്. ഈ വസ്തുതയെ കേരളത്തിലെ തൊഴില്‍രംഗത്തെ കുറഞ്ഞ സ്ത്രീപ്രാതിനിധ്യവുമായി ബന്ധപ്പെടുത്തിയാണ് കാണേണ്ടത്. സംസ്ഥാന തൊഴില്‍രംഗത്തെ സ്ത്രീപ്രാതിനിധ്യം  2017-'18ല്‍ 16.4 ശതമാനം മാത്രമായിരുന്നു. ഇത് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. സ്ത്രീകള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി പങ്കെടുക്കാന്‍ തയ്യാറായതിന്റെ ഫലമായി അടുത്ത കൊല്ലം സ്ത്രീപങ്കാളിത്തം 20.4 ശതമാനമായി ഉയര്‍ന്നതായി ധനമന്ത്രിയായിരിക്കെ ഡോ. തോമസ് ഐസക് വെളിപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് സ്ത്രീകളിലെ തൊഴിലില്ലായ്മാനിരക്ക് 14.1 ശതമാനമാണ്. ഇതും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. പുരുഷന്മാരിലെ നിരക്ക് 2.9 ശതമാനം മാത്രമാണ്. തൊഴിലന്വേഷകരില്‍ 63 ശതമാനത്തിലധികം സ്ത്രീകളാണ്. ഇതെല്ലാം നേരത്തെ പഠനം മതിയാക്കി തൊഴില്‍ തേടി ഇറങ്ങുന്നതില്‍നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നുണ്ടോ എന്നറിയില്ല. ഒരുപക്ഷേ, ഇവയെക്കാളൊക്കെ നിര്‍ണ്ണായകമാകുന്ന ഘടകം വിവാഹം വൈകുന്നതാകാം. പഠനം തുടരുന്നിടത്തോളം മറ്റുള്ളവരുടെ കാര്യത്തില്‍ അമിത താല്പര്യമെടുക്കുന്ന അയല്‍വാസികളില്‍നിന്നും മറ്റ് അഭ്യുദയകാംക്ഷികളില്‍നിന്നും അനിവാര്യമായും ഉയരുന്ന 'കല്യാണമായില്ലേ?' എന്ന ചോദ്യം ഒഴിവാക്കാമല്ലോ.      

മന്ത്രി ഗോവിന്ദന്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കിടയിലെ വലിയ സ്ത്രീസാന്നിധ്യം  ഭരണനേട്ടമാണെന്നോ സ്ത്രീപദവി ഉയരുന്നതിനു തെളിവാണെന്നോ ഒന്നും അവകാശപ്പെട്ടില്ല. എന്നാല്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ചവര്‍ക്കിടയിലും സ്ത്രീകള്‍ കൈവരിച്ച വലിയ നേട്ടത്തിനനുസൃതമായി സമൂഹത്തില്‍ സ്ത്രീപദവി എന്തുകൊണ്ട് ഉയരുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ലളിതമായ ഉത്തരം പെണ്ണുങ്ങള്‍ എണ്ണത്തില്‍ കൂടുതലാണെങ്കിലും, അവര്‍ ആണുങ്ങളെക്കാള്‍ വിദ്യാസമ്പന്നരാണെങ്കിലും ഇത് ആണാധിപത്യം നിലനില്‍ക്കുന്ന നാടാണെന്നതാണ്.  

സമൂഹത്തില്‍ പ്രകടമാകുന്ന മാറ്റങ്ങളുടെ കാരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താതെ തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍  അവയെ വ്യാഖ്യാനിക്കാനുള്ള കഴിവ് ഉന്നതസ്ഥാനീയര്‍ക്കുണ്ട്. ഒരുദാഹരണം നല്‍കാം. ഗള്‍ഫ് പ്രവാസം അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന കാലത്ത് തങ്ങള്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിയതുകൊണ്ടാണ് കേരളീയര്‍ക്ക് വിദേശത്ത് ജോലി കണ്ടെത്താനാകുന്നതെന്ന് ഒരു നേതാവ് പറയുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ആദ്യകാല ഗള്‍ഫ് പ്രവാസികളില്‍ ഒരു വലിയ വിഭാഗം വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലി നേടിയവരായിരുന്നില്ല. നാട്ടില്‍ ജോലി കിട്ടാന്‍ പ്രയാസമായതുകൊണ്ട് വിദ്യാഭ്യാസം കിട്ടാഞ്ഞവരും കിട്ടിയവരും ഗള്‍ഫിലേക്ക് പോയി. അവിടത്തെ വേതനസേവന വ്യവസ്ഥകള്‍ കൂടുതല്‍ മെച്ചപ്പെട്ടതായതുകൊണ്ട് നാട്ടില്‍ ജോലി കിട്ടിയവരും അങ്ങോട്ട് പോയി. ചുരുക്കത്തില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസം നല്‍കിയതുകൊണ്ടല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാഞ്ഞതുകൊണ്ടാണ് മലയാളികള്‍ പ്രവാസികളായത്. പൗരന്മാരുടെ  ഇത്തരത്തിലുള്ള പ്രയാണത്തെ കുറിക്കാന്‍ ഇംഗ്ലീഷില്‍ ഒരു പ്രയോഗമുണ്ട്: They voted with their feet (അവര്‍ കാലുകള്‍കൊണ്ട് വോട്ടു ചെയ്തു). ഇവിടെ ഈവിധത്തില്‍ ഭരണാധികാരികള്‍ക്കെതിരെ കാലുകള്‍കൊണ്ട് വോട്ടു ചെയ്തവര്‍ തെരഞ്ഞെടുപ്പു വരുമ്പോള്‍ വിമാനത്തില്‍ കയറി അതേ ഭരണാധികാരികള്‍ക്ക് കൈകള്‍ കൊണ്ട് വോട്ട് ചെയ്യാനെത്തും! ഇത് ഒരു കേരള വിരോധാഭാസം.   

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മലയാളികള്‍  നേരത്തെ തിരിച്ചറിഞ്ഞിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ശ്രീനാരായണഗുരു ഉപദേശിച്ചു. വൈദിക സമൂഹം ജാതി നിയമങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും ജോലിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നായന്മാര്‍ക്കെതിരേയും  വിവേചനം കാട്ടിയിരുന്നു. ഫലത്തില്‍ ഉന്നത ഉദ്യോഗങ്ങള്‍ ബ്രാഹ്മണര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരുന്നു. നായര്‍ പ്രമാണിമാര്‍ മുന്‍കയ്യെടുത്ത് തയ്യാറാക്കി 1891-ല്‍  തിരുവിതാംകൂര്‍ മഹാരാജാവിനു നല്‍കിയ മലയാളി മെമ്മോറിയലിലെ പ്രധാന ആവശ്യം പരദേശ ബ്രാഹ്മണര്‍ക്ക്  നല്‍കിപ്പോരുന്ന ഉയര്‍ന്ന തസ്തികകളിലേക്ക് തങ്ങളെ പരിഗണിക്കണമെന്നായിരുന്നു.

ദളിത് അവകാശ പോരാളി അയ്യന്‍കാളി 1937-ല്‍ ഗാന്ധിയോട് വെളിപ്പെടുത്തിയ  ജന്മാഭിലാഷം തന്റെ സമുദായത്തില്‍ പത്ത് ബിരുദധാരികള്‍ ഉണ്ടായിക്കാണാന്‍  ആഗ്രഹിക്കുന്നുവെന്നായിരുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ സ്ത്രീവിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം കല്പിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളെ  അയ്യന്‍കാളി സ്‌കൂളില്‍ ചേര്‍ക്കാന്‍ കൈപിടിച്ച് കൊണ്ടുപോയതോര്‍ക്കുക. നൂറില്‍പ്പരം കൊല്ലം മുന്‍പ് ഒരു മലയാളി യുവതി ആദ്യമായി ബിരുദാനന്തര ബിരുദം നേടിയപ്പോള്‍ കേരളമൊട്ടുക്ക് സ്വീകരണങ്ങള്‍ നല്‍കപ്പെട്ടു; അതെല്ലാം നമ്മുടെ നവോഥാന ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളാണ്.   

വിദ്യ പ്രബുദ്ധതയിലേക്ക് നയിക്കണമെന്നില്ലെന്ന് ഇന്നു നാം തിരിച്ചറിയുന്നു. ബിരുദവും സര്‍ക്കാരുദ്യോഗവും സാമൂഹിക പദവി  ഉയര്‍ത്തണമെന്നില്ലെന്നും. ഉന്നത വിദ്യാഭ്യാസരംഗത്തെ സമീപകാല സ്ത്രീമുന്നേറ്റത്തെ കഴിഞ്ഞ നൂറ്റാണ്ടിന്റെ  മദ്ധ്യത്തില്‍ നിലച്ചുപോയ നവോത്ഥാന ത്തിന്റെ തുടര്‍ച്ചയായി കാണാനാവില്ല. വീട്ടിനകത്തും പുറത്തും ആണാധിപത്യത്തിനു വഴങ്ങിക്കൊണ്ട് കഴിയാന്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ബഹുഭൂരിപക്ഷം സ്ത്രീകളും മാനസികമായി തയ്യാറാകുന്നതുകൊണ്ട് ഈ സ്ത്രീ മുന്നേറ്റം ആണ്‍കോയ്മയുടെ സംരക്ഷകരായ മത-ജാതി-രാഷ്ട്രീയ മേലാളന്മാരെ അലോസരപ്പെടുത്തുന്നില്ല.   
 
രാഷ്ട്രീയ-സാമൂഹിക  മതിലുകള്‍ കെട്ടാനുള്ള ഇഷ്ടികകള്‍ അതിനപ്പുറം പോകാനുള്ള സാധ്യത തെളിയുമ്പോള്‍, അവരുടെ കണ്ണില്‍, അവ പുറത്തെറിയേണ്ട പുകഞ്ഞ കൊള്ളികളാണ്. ഇതിനു തെളിവായി കെ.ആര്‍. ഗൗരി മുതല്‍ സിസ്റ്റര്‍ ലൂസി കളപ്പുര തുടങ്ങിയവരിലൂടെ മുസ്ലിം ലീഗ് ഈയിടെ സ്ഥാനഭ്രഷ്ടരാക്കിയ ഹരിതയുടെ മുന്‍ഭാരവാഹികള്‍ വരെ നമ്മുടെ മുന്നിലുണ്ട്. ആണാധിപത്യത്തിന്റെ ഉത്തമ സ്ത്രീസങ്കല്പമാണ് അഭ്യസ്തവിദ്യയായ നൂര്‍ബീനാ റഷീദ് ഹരിതയെ നയിക്കാന്‍ ലീഗ് പുതുതായി കണ്ടെത്തിയ യുവതികളുടെ മുന്നില്‍ ഈയിടെ അവതരിപ്പിച്ചത്. ഹരിതവിഷയത്തില്‍ ലീഗ് നേതൃത്വം എടുത്ത നടപടികളില്‍നിന്ന് അതിന്റ ഉത്തമ പുരുഷ സങ്കല്പവും വായിച്ചെടുക്കാം.     

ഇപ്പോള്‍ അടിക്കടി പുറത്തുവരുന്ന സ്ത്രീപീഡന കൊലകള്‍  സംബന്ധിച്ച വാര്‍ത്തകള്‍ സര്‍ക്കാരിന്റെ കണ്ണില്‍ ഒറ്റപ്പെട്ട സംഭവങ്ങളാകാം. പക്ഷേ, അവ അതിവേഗം ശീലത്തിന്റെ സ്വഭാവം ആര്‍ജ്ജിക്കുകയാണ്. ഈ സംഭവങ്ങളില്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം മാധ്യമങ്ങള്‍ സാധാരണഗതിയില്‍  നമ്മെ അറിയിക്കാറില്ല. പക്ഷേ, മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളില്‍നിന്നും ഇവരില്‍ പലരും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചവരുടെ പട്ടികയില്‍ പെടുന്നവരാകണം. മകളെ ഇരുനൂറു പവനില്‍ പൊതിഞ്ഞ്, ആഡംബര കാറില്‍ അടക്കം ചെയ്ത് ഭര്‍ത്താവിനു നല്‍കിയ വാത്സല്യനിധിയായ അച്ഛന്‍ ആ കുട്ടിക്ക് കഴിവിനൊത്ത് വിദ്യാഭ്യാസം നല്‍കാനും ശ്രമിച്ചിരിക്കുമല്ലോ.

സ്ത്രീവിദ്യാഭ്യാസ മുന്നേറ്റത്തോടൊപ്പം സ്ത്രീധനവും സ്ത്രീപീഡനവും മുന്നേറുന്നു! മറ്റൊരു കേരള വിരോധാഭാസം! ഉന്നത വിദ്യാഭ്യാസം നേടിയശേഷവും വീട്ടമ്മയായി കഴിയുന്ന നിരവധി പേര്‍ കേരളത്തിലുണ്ട്. അങ്ങനെയുള്ളവരുടെ എണ്ണം കുറയുകയാണെന്നു തോന്നുന്നു. സമീപകാലത്ത് പുറത്തുവന്ന ചില വാര്‍ത്തകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വ്വകലാശാലകള്‍, സഹകരണമേഖല  എന്നിങ്ങനെ പല തുറകളിലും  തൊഴില്‍ തേടുന്നവര്‍ക്ക് അവശ്യം വേണ്ടത് രാഷ്ട്രീയ സ്വാധീനമാ ണെന്നു സൂചിപ്പിക്കുന്നു. വേണ്ടപ്പെട്ടവര്‍ക്ക്  ജോലി നല്‍കാനായി യോഗ്യതാ മാനദണ്ഡം ഏതവസരത്തിലും മാറ്റാനുള്ള  അവകാശം തങ്ങള്‍ക്കുണ്ടെന്നു വിശ്വസിക്കുന്ന ജനാധിപത്യവിശ്വാസികള്‍ ഇവിടെയുണ്ട്. ഇതിനേയും നമുക്ക് നീളുന്ന കേരള വിരോധാഭാസ പട്ടികയില്‍ ചേര്‍ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com