ജീവിതമേ, നന്ദി എന്ന് കവിതയില്‍ വായിക്കാം; ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതത്തിലില്ല
By താഹ മാടായി | Published: 26th October 2021 02:56 PM |
Last Updated: 26th October 2021 02:56 PM | A+A A- |

കര്‍ഷക പ്രക്ഷോഭം / ഫയല്‍ ചിത്രം
കൊവിഡ് കാലം കഴിഞ്ഞുവെന്ന് ഉറപ്പിച്ചു പറയാവുന്ന സാഹചര്യമല്ലെങ്കിലും മനുഷ്യരുടെ ശബ്ദങ്ങളും ഗന്ധങ്ങളും മസാല ദോശയുടെ മണവും രുചിയുമുള്ള സായാഹ്നങ്ങളും തിരിച്ചുവന്നു. വീണ്ടും 'കിളി'കളുടെ ശബ്ദം കേട്ടുതുടങ്ങി. കണ്ണൂര്‍, കോഴിക്കോട്, ഇരിട്ടി, ഇരിക്കൂര്‍.. തുടങ്ങി ദേശനാമങ്ങള്‍ ബസ് സ്റ്റാന്റുകളില്‍ കാറ്റില്‍ പറന്നുതുടങ്ങി. അടഞ്ഞ തൊണ്ടകള്‍ തുറന്നു. രുചികളുടെ മായികമായ അനുഭവം തൊണ്ടയെ / വയറിനെ വീണ്ടും ആനന്ദിപ്പിച്ചു തുടങ്ങി.
ബസുകളില്‍ ചന്ദ്രികയുടേയും രാധാസിന്റേയും ലവന്ററിന്റേയും ഗന്ധങ്ങള്‍ തിരിച്ചുവന്നു. പുലരികളില്‍ നമ്മെ സ്വയം നഷ്ടപ്പെടുത്തുന്ന പെണ്‍ഗന്ധങ്ങളൊക്കെ തിരിച്ചു ബസില്‍ കയറി. ഈ ഗന്ധങ്ങളെയൊക്കെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നല്ലൊ കൊവിഡ്. കാറ്റില്‍, സാരിത്തുമ്പ് ഇത്തിരി പറക്കുമ്പോള്‍ കാണുന്ന മോഹനരാഗത്തിനു നന്ദി. എത്ര കാലമായി ബസില്‍ മുന്നിലൂടെ സ്ത്രീകള്‍ കയറുമ്പോള്‍ ഇത്തിരിയൊന്നു പൊങ്ങുമ്പോള്‍ വെളിപ്പെടുന്ന പെണ്ണഴകിന്റെ സൗന്ദര്യം കണ്ടിട്ട്. കൊവിഡ് കാഴ്ചയുടെ അഴകുകളെല്ലാം കവര്‍ന്നിരുന്നു.
ഹോട്ടലിലെ ആവി പറക്കുന്ന ചായ ഓര്‍മ്മകളെ ഏതെല്ലാമോ വഴികളിലൂടെ നടത്തിക്കുന്നു.
കാല്പനികമായ ഇത്തരം വ്യക്തിഗത ആനന്ദങ്ങള്‍ക്കപ്പുറം എല്ലാം പഴയതുപോലെ തുടരുന്നു. അധികാരത്തിന്റെ ഭയാനകമായ തുറിച്ചുനോട്ടം അതേപോലെതന്നെ ഇന്ത്യന്‍ കര്‍ഷകര്‍ നേരിടുന്നു. ഭരണകൂടമാണോ കൊവിഡാണോ കൂടുതല്‍ അപകടകാരി? ഇന്ത്യന്‍ ജനതയെ പരസ്പരം സാമൂഹ്യമായി അകറ്റിനിര്‍ത്തുന്നത് ആര്‍? മാസ്‌ക്, മുദ്രിതമായ ചുണ്ടുകളുള്ള ഒരു ജനതയുടെ ചിഹ്നമായി മാറുകയാണ്. ശബ്ദങ്ങളും ഗന്ധങ്ങളും തിരിച്ചു വരുമ്പോഴും നീതി നിസ്സംഗതയോടെ എവിടെയൊക്കെയോ സ്തംഭിച്ചുനില്‍ക്കുന്നു.
കൊവിഡ് കാലത്തെ ഏറ്റവും ദുഃഖകരമായ അനുഭവത്തിലൂടെ കടന്നുപോകുന്നവര്‍ പ്രവാസികളാണ്. ഫ്‌ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍, കൊവിഡ് പോസിറ്റീവായാല്‍ റീഫണ്ട് ചെയ്യാന്‍ കഴിയാത്തവിധമുള്ള മനുഷിക വിരുദ്ധത - ഇതൊന്നും എവിടെയും വലിയ ശബ്ദത്തില്‍ രേഖപ്പെടുത്തുന്നില്ല. എന്നിട്ടും, അവര്‍ യാത്ര തുടരുന്നു. അതിജീവനത്തിന്റെ പാഠങ്ങള്‍ അവര്‍ തന്നെയാണെഴുതുന്നത്. മീനിന്റെ വില മീന്‍ വില്‍പ്പനക്കാര്‍ ആഗ്രഹിക്കുന്നവിധം കൊടുത്തു മാതൃക കാണിച്ച ഗള്‍ഫ് പ്രവാസികള്‍.
ആത്മീയ വ്യാപാരികള്‍ വൈകാതെ ഉച്ചഭാഷിണികളുമായി തെരുവുകളില്‍ പ്രത്യക്ഷപ്പെടും. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഉദ്ബോധനങ്ങള്‍ തുടരും. ചിന്തിക്കുന്ന സ്ത്രീകള്‍ക്ക് മതങ്ങളുടെ നരക വാഗ്ദാനങ്ങള്‍ തുടരും. തെരുവില്‍ കര്‍ഷകര്‍ വീണു മരിക്കുമ്പോള്‍ മെത്രാന്‍ നാര്‍ക്കോട്ടിക് ജിഹാദ് പറഞ്ഞ് അപരനിന്ദയില്‍ അരമന സ്വര്‍ഗ്ഗങ്ങളില്‍ ഉലാത്തിക്കൊണ്ടിരിക്കും.
നമ്മുടെ എഴുത്തുകാരോ? അവാര്‍ഡുകള്‍ക്കും സ്ഥാനലബ്ധികള്‍ക്കും വേണ്ടിയുള്ള നിര്‍ലജ്ജമായ ശ്രമങ്ങള്‍ തുടരും. ഇടതുപക്ഷ കവി ഫാസിസ്റ്റ് കൂടാരത്തിലേക്ക് തലയില്‍ മുണ്ടിട്ടു കയറി ആശീര്‍വ്വാദം വാങ്ങും. താരശരീരങ്ങള്‍ ഒരു തെരുവിലേയും രക്തം കാണാതെ, ആത്മരതിയുടെ തടാകത്തിലെ നീരാട്ടങ്ങള്‍ തുടരും.
കൊവിഡ് മാറുമ്പോഴും തെരുവിലെ രക്തം അതേപോലെയുണ്ടാവും. വ്യക്തികള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെട്ട, വാക്സിനേറ്റഡ് ആയ ശരീരമായി മാറുമ്പോഴും ജനാധിപത്യം അതിന്റെ രോഗാതുരമായ പ്രവര്‍ത്തനശൈലികള്‍ തുടരുന്നു. ആരോഗ്യം നഷ്ടപ്പെട്ട ജനാധിപത്യ വ്യവസ്ഥയില്‍, ആരോഗ്യമുള്ള ശരീരം നടത്തുന്ന സമരമാണ് കര്‍ഷക സമരം. ശരീരത്തിന്റെ രാഷ്ട്രീയം, അന്നത്തിന്റെ രാഷ്ട്രീയം.
ഗന്ധങ്ങളും ശബ്ദങ്ങളും തിരിച്ചു വരുമ്പോഴാണ് നാം ഭയത്തോടെ മനസ്സിലാക്കുന്നത്, ജീവിതം അതേ പോലെ തുടരുകയാണല്ലൊ എന്ന്. ജീവിതമേ, നന്ദി - എന്ന് കവിതയില്‍ വായിക്കാം. ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതത്തിലില്ല.
രണ്ട്:
മുസ്ലിം പ്രഭാഷകര്‍ ഇനി പാട്ട് കേള്‍ക്കട്ടെ
കെ.എച്ച്. താനൂര്‍ പൊതുവേദിയില്‍ വന്ന് പാടാറുണ്ടോ എന്നറിയില്ല. ഈ പാട്ടുകാരനില്‍ നിന്നാണ് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ തുടങ്ങി യുവനിരയിലെ ശ്രദ്ധേയരായ ഖവ്വാലി ഗായകര്‍ അവരുടെ സംഗീതാത്മകമായ പ്രചോദനം കണ്ടെത്തുന്നത് എന്നറിയാം. കെ.എച്ച്. താനൂരിന്റെ ശബ്ദം, അദ്ദേഹം തന്നെ എഴുതി ചിട്ടപ്പെടുത്തുന്ന വരികള്‍ - അഗാധമായ ആത്മനിര്‍വൃതിയിലേക്ക് ആസ്വാദകരെ കൊണ്ടുപോകുന്നു. ടാഗോര്‍ വരികള്‍, ഈയൊരു സന്ദര്‍ഭത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍, എത്ര മനോഹരമാണവിടുത്തെ ഗാനാലാപന ശൈലി...
കെ.എച്ച്. താനൂരിന്റെ പാട്ട് കേള്‍ക്കുമ്പോള്‍, ദൈവത്തിനും ആസ്വാദകര്‍ക്കുമിടയില്‍ വാക്കുകള്‍ അതിലോലമായ ആത്മാനുഭവമായി നിറയുന്നു. ഹാര്‍മോണിയത്തിലൂടെ കെ.എച്ച്. താനൂരിന്റെ വിരലുകള്‍ സ്വയം ലയിച്ചു നീങ്ങുന്നു; പാടുന്നവനിലും കേള്‍ക്കുന്നവരിലും ഓരേ ആനന്ദം പുറത്തേക്കൊഴുക്കുന്നു.
സൂഫിയാനാ ഗീതങ്ങളില്‍ ഏറ്റവും മൗലികമായ വാക്കുകളുടെ തുള്ളിച്ചാട്ടങ്ങള്‍ കെ.എച്ച്. താനൂരിന്റെ ഗാനാലാപനത്തില്‍ കേള്‍ക്കാം. ഗസലുകളുടെ പ്രധാന ബിംബങ്ങളായ രാത്രി, നിലാവ്, വീഞ്ഞ്, മൃത്യുബോധം - ഇതില്‍നിന്ന് വ്യത്യസ്തമായ ചില ആത്മീയ സൂചനകളിലൂടെ തീര്‍ത്തും ലളിതമായ, ആസ്വാദ്യകരമായ രീതിയില്‍ പാട്ടു വഴി തീര്‍ക്കുന്നു, കെ.എച്ച്. താനൂര്‍.
''ആവതുണ്ടാവും കാലം
അല്ലലില്ലാത്ത നേരം...''
എന്നു തുടങ്ങിയ സൂഫിയാന കലാമായാലും
''കൂടക്കകത്തുള്ള കോഴി
ചലിക്കുമ്പോള്‍
കോഴിയും കൂടെ ചലിക്കും പോലെ...''
എന്നു തുടങ്ങുന്ന ഗീതമായാലും, ഉള്ളിലേക്ക് വലിച്ചുകൊണ്ടു പോകുന്ന വരികളാണ്.
എന്നാല്‍, കെ.എച്ച്. താനൂരിന്റെ സൂഫിയാന ഗീതങ്ങള്‍ അടിയന്തരമായി കേള്‍പ്പിക്കേണ്ടത് കേരളത്തിലെ ചില മുസ്ലിം മതപ്രഭാഷകരെയാണ്. സിംസാറുല്‍ ഹഖിനെപ്പോലെയുള്ള മത പ്രഭാഷകര്‍ സൂഫിയാന കലാം കേള്‍ക്കുകയാണെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. എല്ലാവര്‍ക്കും തുല്യമായി സ്നേഹം പങ്കിടുന്ന ഒരു ദൈവത്തെക്കുറിച്ച് അതുവഴി അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. മറ്റൊരു മുസ്ലിം മതപ്രഭാഷകനെ മമ്മൂട്ടിയുടെ ജന്മദിനം വല്ലാതെ ഹാലിളക്കി. സത്യത്തില്‍ മലയാളി മുസ്ലിങ്ങളുടെ ഉണര്‍വ്വുകള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് ഒരു പറ്റം മുസ്ലിം പ്രഭാഷകരിലാണ്.
കേരളത്തിലെ മുസ്ലിങ്ങള്‍ മതം, രാഷ്ട്രീയം എന്നിവകൊണ്ട് ശാക്തീകരിക്കപ്പെട്ടതിനേക്കാള്‍ മാപ്പിളപ്പാട്ടുകള്‍, കല, സിനിമ, വിദ്യാഭ്യാസം, വ്യവസായം - എന്നിവകൊണ്ട് മുഖ്യധാര സമൂഹവുമായി എന്‍ഗേജാവുന്നുണ്ട്. പാട്ടുകൊണ്ട് സംഭവിച്ച ഒരു സാമൂഹിക ഇഴുകിച്ചേരല്‍ കേരളത്തില്‍ മുന്‍പേ സംഭവിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചതു കാരണം, ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും സംഗീതസാന്ദ്രമാക്കാന്‍ മലയാളി മുസ്ലിങ്ങള്‍ക്കു സാധിച്ചു. മട്ടുപ്പാവിലിരുന്നു കല്യാണരാവുകളില്‍ ബാബുരാജും കോഴിക്കോട് അബ്ദുല്‍ ഖാദറും പാട്ടുപാടി. ഇപ്പോള്‍ മുട്ടിപ്പാട്ടുകളിലൂടെ യൗവ്വനങ്ങള്‍ ആഘോഷരാവുകള്‍ക്ക് ഏറെ ഹൃദ്യമായ ഒരന്തരീക്ഷമുണ്ടാക്കുന്നു. മറ്റൊരു കോണില്‍ കെ.എച്ച്. താനൂരും സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും സൂഫിയാന ഗീതങ്ങള്‍ ആലപിച്ച് കാലുഷ്യങ്ങള്‍ക്ക് അയവ് വരുത്തുന്നു.
മലയാളി മുസ്ലിങ്ങള്‍ ഇങ്ങനെയൊക്കെ മുന്നോട്ടു പോകുമ്പോള്‍ ഏറെ അസ്വസ്ഥരാവുന്നത്, നാം വിചാരിക്കുന്നതുപോലെ, ഇതര സമുദായങ്ങളല്ല. സ്വന്തം സമുദായത്തിലെ ചെറിയൊരു വിഭാഗം മതപ്രഭാഷകരും മതമൗലിക വാദത്തെ വെളിപ്പിച്ചെടുക്കുന്ന ചിലരുമാണ്. എന്തു കൊണ്ടാണ് അവര്‍ അസ്വസ്ഥരാവുന്നത്?
വലിയൊരു വിഭാഗം മുസ്ലിം പുരുഷന്മാരുടെ മനസ്സാണ് അവരുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. കലയില്‍, ചിന്തകളില്‍, അറിവുകളുടെ നാനാവിധം പരിസരങ്ങളില്‍ മുസ്ലിം യൗവ്വനം കുതിക്കുകയാണ്. മതം വേണമെങ്കിലും, പൗരോഹിത്യത്തിന്റെ രക്ഷാകര്‍ത്തൃത്വം മുസ്ലിം യൗവ്വനങ്ങള്‍ ആഗ്രഹിക്കുന്നില്ല. പാട്ടില്‍, സിനിമയില്‍, പുതിയ ഉണര്‍വ്വുകള്‍. ഓത്തുപള്ളികളോട് മലയാളികള്‍ക്കുള്ള ഇഷ്ടം ഒരു പാട്ടുകൊണ്ടാണെന്ന് ഓര്‍ക്കുക; മതപ്രഭാഷണം കേട്ടുണ്ടായ ഇഷ്ടമല്ല. ഓത്തുപള്ളിയില്‍ പോകാത്ത വടകര കൃഷ്ണദാസാണ് ആ പാട്ടിന് ഇപ്പോഴും നമ്മെ സ്വയം നഷ്ടപ്പെടുത്തി മറ്റെവിടെയോ എത്തിക്കുന്ന ആ സംഗീതം നല്‍കിയത്. പാട്ടു പാടുമ്പോള്‍ / കേള്‍ക്കുമ്പോള്‍ ആ സദസ്സില്‍നിന്ന് അതീതമായ ആനന്ദമുണ്ടാവുന്നു. അതുകൊണ്ട് മതപ്രഭാഷകരെ, അടിയന്തരമായി നിങ്ങള്‍ നല്ല പാട്ടുകള്‍ കേള്‍ക്കണം.