സ്ത്രീപക്ഷ രാഷ്ട്രീയത്തിലെ ഇടതുകരുത്ത്

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത വനിതാ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും സംസാരിക്കുന്നു
സിഎസ് സുജാത/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
സിഎസ് സുജാത/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

''രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം കഴിഞ്ഞു. പക്ഷേ, തീരുമാനമെടുക്കുന്ന വേദികളില്‍ സ്ത്രീകളുടെ മതിയായ പ്രാതിനിധ്യത്തിനുവേണ്ടി ഇപ്പോഴും സമരം ചെയ്യേണ്ടിവരികയാണ്. ഭരണഘടനാശില്പികള്‍ പ്രതീക്ഷിക്കാത്ത സാഹചര്യമാണിത്. ദേവഗൗഡ ഗവണ്‍മെന്റിന്റെ കാലത്ത് ലോക്സഭയില്‍ വനിതാസംവരണ ബില്ല് അവതരിപ്പിച്ചിട്ട് 25 വര്‍ഷമായി. ഇപ്പോഴും 14.8 ശതമാനമേയുള്ളു സ്ത്രീപ്രാതിനിധ്യം. സമീപരാജ്യങ്ങളില്‍ പലതും നമ്മളേക്കാള്‍ മെച്ചമാണ്'' സി.എസ്. സുജാത പറയുന്നു. നിയമനിര്‍മ്മാണസഭകളിലെ വനിതാസംവരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തു തിരിച്ചുവന്ന ഉടനെയാണ് സുജാതയുമായി സംസാരിച്ചത്. സ്ത്രീസംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചിട്ട് കാല്‍നൂറ്റാണ്ടു തികഞ്ഞിട്ടും നിയമമാക്കാത്തതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ സ്ത്രീസംഘടനകള്‍ നടത്തിയ പ്രതിഷേധം. 

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വന്ന്, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശ്രദ്ധേയ സ്ത്രീമുഖങ്ങളിലൊന്നായി മാറിയ സുജാത സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. കേരള സര്‍വ്വകലാശാലയിലെ ആദ്യ വനിതാ സിന്‍ഡിക്കേറ്റംഗം; ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗവും വനിതാസംവരണത്തിലൂടെയും അല്ലാതേയുമായി രണ്ടുതവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. രണ്ടാം വട്ടം പ്രസിഡന്റായിരിക്കെ മാവേലിക്കരയെ പ്രതിനിധീകരിച്ച് ലോക്സഭയിലേക്ക്. ജനപക്ഷ, സ്ത്രീപക്ഷ ഇടപെടലുകളില്‍ സ്വന്തം അടയാളം പതിപ്പിച്ച പാര്‍ലമെന്ററി പ്രവര്‍ത്തനകാലം. 

പി. സതീദേവിയെ സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയായി നിയമിച്ചപ്പോള്‍ മഹിളാ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തു വന്ന ഒഴിവിലാണ് സംസ്ഥാന ട്രഷററായിരുന്ന സി.എസ്. സുജാതയെ പാര്‍ട്ടി നിയോഗിച്ചത്. വ്യക്തിപരമായും സംഘടനാപരമായും അവര്‍ക്കിത് ഇതുവരെ തുടര്‍ന്നുവന്ന പ്രവര്‍ത്തനങ്ങളുടെ സ്വാഭാവിക തുടര്‍ച്ച മാത്രം. പക്ഷേ, വിട്ടുവീഴ്ച ഇല്ലാത്ത മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിശ്രമിക്കാന്‍ നേരമില്ലാത്ത കാലമാണ്. അതുകൊണ്ടുതന്നെ, ഈ പുതിയ ചുമതല കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ സുജാതയ്ക്ക് പുതിയ ഊര്‍ജ്ജംകൂടിയായി മാറുന്നു. ''മഹിളാ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൂടുതല്‍ വലിയ സ്ത്രീമുന്നേറ്റങ്ങള്‍ ഉണ്ടാവുകതന്നെ ചെയ്യും'' -അവര്‍ വ്യക്തമാക്കുന്നു.

സിഎസ് സുജാത മഹിളാ അസോസിയേഷൻ പ്രസിഡന്റ് സൂസൻ കോടിയോടൊപ്പം സംസ്ഥാന സമിതി ഓഫീസിൽ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
സിഎസ് സുജാത മഹിളാ അസോസിയേഷൻ പ്രസിഡന്റ് സൂസൻ കോടിയോടൊപ്പം സംസ്ഥാന സമിതി ഓഫീസിൽ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

സ്ത്രീകളുടെ സുരക്ഷയും വിദ്യാഭ്യാസവും സാമൂഹിക പദവിയും മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്ന കേരളത്തില്‍ സുരക്ഷയ്ക്കും അന്തസ്സുള്ള ജീവിതത്തിനും വേണ്ടി സ്ത്രീകള്‍ പുതിയ പ്രക്ഷോഭങ്ങള്‍ നടത്തേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണോ? 

പുരുഷകേന്ദ്രീകൃതമായ ഒരു സാമൂഹിക വ്യവസ്ഥിതിയിലാണ് നമ്മള്‍ ജീവിക്കുന്നത്. അതു മുറിച്ചുകടക്കാന്‍ വളരെ ശക്തമായ പോരാട്ടം അനിവാര്യമാണ്. ഞാനൊക്കെ സ്വപ്നം കാണുന്ന സോഷ്യലിസ്റ്റു വ്യവസ്ഥിതിയില്‍ മാത്രമേ ഈ സ്ഥിതിക്കു പൂര്‍ണ്ണമായി മാറ്റമുണ്ടാവുകയുള്ളൂ. എന്തൊക്കെ പറഞ്ഞാലും പഴയ സോവിയറ്റ് യൂണിയന്‍ തകര്‍ന്നുവെന്നു പറഞ്ഞാലും ആദ്യമായി സ്ത്രീകള്‍ക്കു വോട്ടവകാശം നല്‍കിയത് അവിടെയാണ്; അമേരിക്കയിലല്ല. ഭരണത്തില്‍ പങ്കാളിത്തമുള്‍പ്പെടെ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍, ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാനും ഒന്നിച്ചു ജീവിക്കാന്‍ കഴിയാതെ വന്നാല്‍ ഡിവോഴ്സ് ചെയ്യാനുമുള്ള അവകാശം ഇതൊക്കെ ആദ്യം നടപ്പാക്കിയത് സോവിയറ്റ് യൂണിയനാണ്, സോഷ്യലിസമാണ്. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ എല്ലാത്തരത്തിലുമുള്ള വിവേചനങ്ങള്‍ സ്ത്രീകള്‍ അനുഭവിക്കുകയാണ്. സ്ത്രീകള്‍ എല്ലാക്കാലത്തും നേരിടേണ്ടിവരുന്ന ദൈനംദിന ബുദ്ധിമുട്ടുകളുമുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്നത് കൂടുതല്‍ സ്ത്രീകള്‍ക്കാണ്; കുഞ്ഞുങ്ങളുടെ പട്ടിണി, അതിക്രമങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം ഇതെല്ലാമുണ്ട്. അഞ്ചുമിനിറ്റില്‍ ഒരു സ്ത്രീയെങ്കിലും രാജ്യത്ത് ആക്രമിക്കപ്പെടുന്നു. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അതിക്രമങ്ങളില്‍ത്തന്നെ ശിക്ഷിക്കപ്പെടുന്നവ കുറവ്. കോണ്‍ഗ്രസ് തുടങ്ങിവച്ച നയങ്ങള്‍ ബി.ജെ.പി അതിനേക്കാള്‍ തീവ്രമായി നടപ്പാക്കുന്നതിന്റെ ഫലമാണ് ഇതൊക്കെ. പക്ഷേ, മറ്റൊരു സംസ്ഥാനത്തുമില്ലാത്ത മെച്ചപ്പെട്ട അവസ്ഥ കേരളത്തിലുണ്ട്. ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറവാണെന്നു മാത്രമല്ല, ഭരണത്തിലുള്ള പങ്കാളിത്തം വളരെ കൂടുതലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംവരണം 50 ശതമാനമാണെങ്കിലും കേരളത്തില്‍ സ്ത്രീപ്രാതിനിധ്യം 60 ശതമാനത്തിലും കൂടുതലാണ്. തൊഴിലുറപ്പു പദ്ധതി ഏറ്റവും ഫലപ്രദമായി നടക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ കേരളമുണ്ട്. കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപികമാര്‍ക്ക് പ്രസവാനുകൂല്യം തുടങ്ങിയവ ഈ ഇടതുപക്ഷ ഗവണ്‍മെന്റാണ് നേടിക്കൊടുത്തത്. ഇതിനെല്ലാമുപരിയായി വികസനത്തിലെ സ്ത്രീപങ്കാളിത്തം ഉറപ്പാക്കിയത് ഇടതുപക്ഷ ഗവണ്‍മെന്റുകളാണ്. പൊതുബജറ്റിന്റെ 19.47 ശതമാനം സ്ത്രീകള്‍ക്കു നീക്കിവെച്ചു; രാജ്യത്തിതു ചരിത്രമാണ്. ചെറിയ കാര്യമല്ല. ഇന്ത്യയില്‍ മറ്റൊരു ഗവണ്‍മെന്റും സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇത്രയും തുക നീക്കിവയ്ക്കുന്നില്ല. ഇതെല്ലാം വളരെ പ്ലസ്സായി ഞങ്ങള്‍ കാണുകയാണ്. നവോത്ഥാന നായകര്‍ തുടങ്ങിവച്ചത് 1957-ലെ ഗവണ്‍മെന്റ് മുന്നോട്ടുകൊണ്ടുപോയി. വി.എസ്. ഗവണ്‍മെന്റിന്റെ കാലത്ത് സ്ത്രീകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം നടപ്പാക്കി; ജെന്‍ഡര്‍ ബജറ്റ് കൊണ്ടുവന്നു. സ്ത്രീകള്‍ ഇരകളാക്കപ്പെടുന്ന സംഭവങ്ങളിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും എന്നു സ്ത്രീകള്‍ക്കു നല്‍കിയ വാഗ്ദാനം ഒന്നാം പിണറായി ഗവണ്‍മെന്റ് പാലിച്ചു. പള്ളീലച്ചനായാലും സ്വാമിയായാലും മുസ്ലിയാരായാലും ജിഷ കേസിലെ പ്രതിയായാലും സൂപ്പര്‍ താരമായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന വാക്ക് ഞങ്ങള്‍ പാലിച്ചു. സ്ത്രീപക്ഷ കേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. കുടുംബശ്രീയെ ശക്തിപ്പെടുത്തി. കേരളത്തിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനം തന്നെയാണ് അത്. 

സ്ത്രീധന പീഡന കൊലപാതകങ്ങള്‍, ഏകപക്ഷീയമായ പ്രണയം നിരാകരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന കൊലപാതകങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ ഇതൊക്കെ കേരളത്തില്‍പ്പോലും കൂടി വരുന്നു. നമ്മള്‍ എങ്ങനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്? 

ഇതെല്ലാം പറയുമ്പോഴും സമീപകാലത്ത് ഉണ്ടാകുന്ന സംഭവങ്ങള്‍ വല്ലാത്ത പ്രയാസമുണ്ടാക്കുന്നുണ്ട്. അടിക്കടി സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകുന്നു. സ്ത്രീധന നിരോധന നിയമം വന്നിട്ട് ആറു പതിറ്റാണ്ടു കഴിഞ്ഞു. ഇന്നും പരാതിപ്പെടാറില്ല ആളുകള്‍. സ്ത്രീധനത്തിനെതിരെ പരാതിപ്പെടാന്‍ ഇന്നയിന്ന ഓഫീസര്‍മാര്‍ ഉണ്ടെന്നുപോലും പല ആളുകള്‍ക്കും അറിയില്ല. അവിടെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഈ സര്‍ക്കാര്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ എല്ലാ ജില്ലകളിലും നിയമിച്ചത്. പാഠ്യപദ്ധതിയില്‍ സ്ത്രീപുരുഷ തുല്യതയെക്കുറിച്ചു പഠിപ്പിക്കുമെന്ന് ഗവണ്‍മെന്റ് തീരുമാനമെടുത്തു. അതൊരു പ്രധാന കാര്യമാണല്ലോ. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇന്ത്യന്‍ ഭരണഘടന തുല്യ അവകാശം ഉറപ്പു നല്‍കുന്നു എന്നു വിശ്വാസമില്ലാത്ത എത്രയോ ആളുകളുണ്ട്. കുടുംബത്തില്‍നിന്നാണ് തുല്യ പരിഗണന കൊടുത്തുതുടങ്ങേണ്ടത്. പക്ഷേ, മിക്കപ്പോഴും എന്തു കാര്യമായാലും അത് അവനു കൊടുത്തേക്ക്, ഒരു ആണ്‍കുട്ടിയല്ലേ എന്നാണ് കുടുംബങ്ങളില്‍ പറയുന്നത്. ഈ സ്ഥിതി മാറണം. അടുത്തകാലത്തു സ്ത്രീകള്‍ക്കെതിരെ ഉണ്ടായ സംഭവങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷനും ഇക്കാര്യത്തില്‍ ഏറ്റവും ശക്തമായ നിലപാടു സ്വീകരിക്കുന്നുണ്ട്. ഈ സംഭവങ്ങളുണ്ടായ എല്ലാ സ്ഥലങ്ങളിലും മഹിളാ അസ്സോസിയേഷന്‍ നേതാക്കള്‍ പോവുകയും കുടുംബത്തിലുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു മാത്രമായില്ല എന്നു തികഞ്ഞ ബോധ്യമുള്ളതുകൊണ്ടാണ്, 'മാറ്റണം മനോഭാവം സ്ത്രീകളോട്' എന്ന ക്യാംപെയ്ന്‍ ഞങ്ങള്‍ തുടങ്ങിയത്. പൊതുസമൂഹത്തില്‍ ഇപ്പോഴുള്ള മനോഭാവത്തില്‍ മാറ്റം വന്നേ മതിയാകൂ. ശക്തമായ ബോധവല്‍ക്കരണ പരിപാടി താഴെവരെ നടത്താന്‍ പോവുകയാണ്. സ്ത്രീകള്‍ക്കു മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും. ഇടതുപക്ഷ വിദ്യാര്‍ത്ഥി- യുവജന സംഘടനകളും വളരെ നല്ല പരിപാടികളുമായി മുന്നോട്ടു പോകുന്നുണ്ട്. കാമ്പസുകളെ ജനാധിപത്യവല്‍ക്കരിക്കണം. കാമ്പസിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം രാഷ്ട്രീയമാണെന്നു പറഞ്ഞവരുണ്ട്. പക്ഷേ, രാഷ്ട്രീയം പോകുന്ന കാമ്പസുകളില്‍ വരുന്നത് അരാജക പ്രവണതയാണ്. കുടുംബങ്ങളേയും ജനാധിപത്യവല്‍ക്കരിക്കണം. വലിയ തോതിലുള്ള ക്യാംപെയ്ന്‍ ഇതുവരെ നടത്തിയിട്ടുണ്ട്. അതു ശക്തമായി മുന്നോട്ടു കൊണ്ടുപോകും. പാലാ സെന്റ് തോമസ് കോളേജില്‍ കൊല്ലപ്പെട്ട നിഥിനയുടെ വീട്ടില്‍ ചെന്നപ്പോള്‍ എന്തു പറയണം എന്ന് അറിയാതായിപ്പോയി. എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുകയാണ് ഇനി വേണ്ടത്. അതിനു സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ശക്തമായ നടപടികളാണ് എടുക്കുന്നത്. 

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ്. പക്ഷേ, വകുപ്പുണ്ടായെങ്കിലും സ്വതന്ത്ര വകുപ്പല്ല, സ്വതന്ത്ര മന്ത്രിയില്ല, അതിനു മാത്രമായി സെക്രട്ടറി പോലുമില്ല. പേരിനൊരു വകുപ്പായി ആരോഗ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുകയാണ്. വിചിത്രമായ കാര്യം സാമൂഹിക നീതിവകുപ്പ് മറ്റൊരു മന്ത്രിക്കുമാണ്. ഈ സ്ഥിതിക്കു മാറ്റമുണ്ടാക്കി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വതന്ത്ര വകുപ്പ് വേണം എന്ന ആവശ്യം മഹിളാ അസ്സോസിയേഷന്‍ ഭരണ നേതൃത്വത്തോട് ഉന്നയിച്ചിട്ടുണ്ടോ? 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വകുപ്പ് കൂടുതല്‍ ശക്തിപ്പെടുത്തണം എന്ന നിര്‍ദ്ദേശം ഞങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. പ്രത്യേക വകുപ്പ് രൂപീകരിച്ചതിനു ഗവണ്‍മെന്റിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. മഹിളാ അസ്സോസിയേഷന്‍ സമ്മേളനത്തില്‍ ഉയര്‍ന്ന ആവശ്യം എന്ന നിലയില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമായിരുന്നു സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനു സ്വതന്ത്ര വകുപ്പ്. രണ്ടുമൂന്നു കാര്യങ്ങള്‍ പറഞ്ഞിരുന്നു. വനിതാ മന്ത്രിമാരുടെ എണ്ണം കൂട്ടണമെന്നു പറഞ്ഞു. ഒന്നാം പിണറായി ഗവണ്‍മെന്റില്‍ രണ്ടും ഇത്തവണ മൂന്നും മന്ത്രിമാരുണ്ടായി. ഇപ്പോള്‍ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനുള്ള വകുപ്പും സാമൂഹിക നീതി വകുപ്പും രണ്ടു മന്ത്രിമാരുടെ ചുമതലയിലാണ്. വീണാ ജോര്‍ജും ബിന്ദു ടീച്ചറും ഈ വകുപ്പുകള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകതന്നെ ചെയ്യും. നിലവിലുള്ള പരിമിതികളെല്ലാം പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോകും. മുഖ്യമന്ത്രി ആ കാര്യത്തില്‍ നല്ല നിലപാടു സ്വീകരിക്കുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. 

സിഎസ് സുജാത ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് കാർഷിക മേളയിൽ പങ്കെടുക്കുന്നു
സിഎസ് സുജാത ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് കാർഷിക മേളയിൽ പങ്കെടുക്കുന്നു

രാജ്യത്തു പൊതുവേ സ്ത്രീകളുടെ സാമൂഹിക ജീവിതം മുന്‍പെന്നത്തേക്കാള്‍ പിന്നോട്ടു പോകുന്നതിന് സംഘപരിവാറിന്റെ രാഷ്ട്രീയ മേധാവിത്വം ഇടയാക്കിയിട്ടില്ലേ. കേരളത്തിലും വര്‍ഗ്ഗീയ സംഘടനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടിവരുന്നു. അതിനെതിരെ ഫലപ്രദമായ എന്തുതരം ഇടപെടലുകള്‍ക്കാണ് പ്രസക്തി? 

ഞങ്ങള്‍ ഇത് ഏറ്റവും ശക്തമായി ക്യാംപെയ്ന്‍ ചെയ്യുന്നവരാണ്. വര്‍ഗ്ഗീയവാദം വന്നാലും വിഘടനവാദം വന്നാലും മഹാമാരി വന്നാലും യുദ്ധം വന്നാലും ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണ്. മഹിളാ അസ്സോസിയേഷന്റെ പരിപാടിയില്‍ത്തന്നെ അതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഏറ്റവും പ്രധാന ഇരകള്‍ സ്ത്രീകളാണ്. ഇന്ത്യയിലെ വര്‍ഗ്ഗീയ ശക്തികളും അതുതന്നെയാണു ചെയ്യുന്നത്. ഗുജറാത്തായാലും മുസഫര്‍നഗര്‍ ആയാലും ഏതു വര്‍ഗ്ഗീയ കലാപത്തിലും ഏറ്റവുമധികം കഷ്ടപ്പെട്ടത് സ്ത്രീകളാണ്. കര്‍ഷക ആത്മഹത്യകളുടേയും ദുരന്തഫലം ഏറ്റവുമധികം അനുഭവിക്കുന്നത് സ്ത്രീകളാണ്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുണ്ട്. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിനുള്ള മികച്ച പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്ത്രീകളിലെ വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരായ പ്രചാരണം ശക്തമായി നടത്തുന്നു. വര്‍ഗ്ഗീയവല്‍ക്കരണത്തിനു രാജ്യവ്യാപകമായി സംഘപരിവാര്‍ ആസൂത്രിത പരിപാടികളാണു നടത്തുന്നത്. ഞങ്ങള്‍ക്കു ശേഷിയുള്ള സംസ്ഥാനങ്ങളില്‍ മാത്രമല്ല, കുറച്ചെങ്കിലും സ്വാധീനമുള്ള സംസ്ഥാനങ്ങളിലും ശക്തമായ പ്രചാരണമാണു നടത്തുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയുടേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയുടേയും ഇരകള്‍ സ്ത്രീകളാണ്. ആ നിലയില്‍ത്തന്നെയാണ് ഞങ്ങള്‍ പ്രചാരണം സംഘടിപ്പിക്കുന്നത്. 

ഏതു പാര്‍ട്ടിയുടേതായാലും നേതൃത്വത്തില്‍ സ്ത്രീകള്‍ ഇപ്പോഴും രണ്ടാംതരക്കാരായി മാത്രം പരിഗണിക്കപ്പെടുന്ന സ്ഥിതിയില്ലേ. അതിനു തെളിവല്ലേ, ലോക്സഭയിലും നിയമസഭകളിലും സ്ത്രീപ്രാതിനിധ്യം തീരെക്കുറഞ്ഞിരിക്കുന്നത്. 140 അംഗ കേരള നിയമസഭയില്‍ സ്ത്രീകള്‍ 10 പേര്‍ മാത്രമാണ്. ഇടതുപക്ഷമാണ് ഇക്കാര്യത്തില്‍ കുറച്ചെങ്കിലും പുരോഗമനപരമായ നടപടികളെടുക്കുന്നത്. പൊതുവായി സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകാതെ സംവരണത്തിനുവേണ്ടി സമരം ചെയ്തിട്ടു കാര്യമുണ്ടോ? 

ഇക്കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കണം. ഞങ്ങള്‍ക്കു പറയാന്‍ കഴിയുന്ന എല്ലാ വേദികളിലും ഞങ്ങള്‍ ഇതു പറയുന്നുണ്ട്. സി.പി.എം അക്കാര്യത്തിലൊരു ശരിയായ നിലപാടെടുത്തു തുടങ്ങി. വനിതാ സംവരണ ബില്‍ പാസ്സാക്കണം എന്ന നിലപാട് ഇടതുപിന്തുണയോടെ ഭരിച്ച ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തു മുന്നോട്ടു വച്ചത് ഇടതുപക്ഷമാണ്. ബില്‍ കൊണ്ടുവന്ന 1996-ല്‍ത്തന്നെ അതിനുവേണ്ടി ഏറ്റവും ശക്തമായി പൊരുതിയത് സുശീലാ ഗോപാലനും ഗീതാ മുഖര്‍ജിയുമാണ്. മുന്‍പ് ഞങ്ങളുടെ പാര്‍ട്ടിയില്‍ താഴെത്തട്ടില്‍ സ്ത്രീകളുടെ എണ്ണം കുറവായിരുന്നു. ഇപ്പോഴതു മാറി. എല്ലായിടത്തും ബ്രാഞ്ച് ഘടകങ്ങള്‍ മുതല്‍ സ്ത്രീപ്രാതിനിധ്യം വര്‍ധിച്ചതിനു തെളിവാണ് സമ്മേളനങ്ങളില്‍ കാണുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരുടെയൊക്കെ എണ്ണം വളരെയധികം കൂടി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായും സ്ത്രീകള്‍ വരുന്നു. അതിനു മുകളിലേക്കുള്ള സമ്മേളനങ്ങള്‍ നടക്കുന്നതേയുള്ളു. പൊതുപ്രവര്‍ത്തനത്തിലേക്കു വരുന്ന സ്ത്രീകളുടെ എണ്ണം കൂടി. പക്ഷേ, ഇതുപോരാ. ഇനിയും വര്‍ധിക്കണം. സി.പി.എം ആ കാര്യത്തില്‍ ഒരു പോസിറ്റീവ് സ്റ്റാന്റാണ് എടുത്തിട്ടുള്ളത്. എല്ലാ പാര്‍ട്ടികളിലും സ്ത്രീകള്‍ കൂടുതലായി കടന്നുവന്നേ മതിയാവുകയുള്ളൂ. ജനസംഖ്യയില്‍ പകുതി വരുന്ന സ്ത്രീകള്‍ പാര്‍ട്ടികളിലേക്കു വരുന്നതിന് ആവശ്യമായ നടപടികള്‍ അതാതു പാര്‍ട്ടികള്‍ എടുക്കണം. ഇക്കാര്യത്തില്‍ ഇടതുപക്ഷം പ്രത്യേകിച്ചും സി.പി.എമ്മാണ് ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. നിയമസഭയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇപ്പോള്‍ എണ്ണം കൂടി. അതുകൊണ്ടുമാത്രം പോരാ; ഇനിയും കൂടണം. നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടാന്‍ വനിതാ സംവരണ നിയമം വരേണ്ടത് അത്യാവശ്യമാണെന്ന് അതുകൊണ്ടാണ് പറയുന്നത്. ഞാന്‍ ആദ്യം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത് സംവരണത്തിലാണ്. പിന്നീട് സംവരണമില്ലാതേയും പ്രസിഡന്റായി പാര്‍ട്ടി എന്നെ നിയോഗിച്ചു. 

അന്ധവിശ്വാസങ്ങളുടേയും സമൂഹത്തിലെ എല്ലാത്തരം തിരിച്ചുപോക്കുകളുടേയും പ്രധാന ഇര സ്ത്രീയാണല്ലോ. ശബരിമല സമരം, പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളുടെ വര്‍ദ്ധന, ചില വിഭാഗങ്ങളിലെ വിശ്വാസത്തിന്റെ പേരിലുള്ള സാക്ഷ്യം പറച്ചില്‍ തുടങ്ങിയതൊക്കെ ഉദാഹരണം? 

ഒരുകാലത്തു നിലനിന്ന എല്ലാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കിയ സമൂഹമാണ് കേരളം. അതില്‍ നവോത്ഥാന നായകരും ഇടതുപക്ഷ പ്രസ്ഥാനവും വലിയ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെപ്പതുക്കെ അവ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഞങ്ങള്‍ അതിനെ ഗൗരവത്തോടെയാണു കാണുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ വിപുലമായ ക്യാംപെയ്നിലേക്ക് ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ നേരത്തേതന്നെ പോയിട്ടുണ്ട്; അതു കൂടുതല്‍ ശക്തമായി തുടരും. 

സിഎസ് സുജാത
സിഎസ് സുജാത

സ്ത്രീകളേയും പൊതുസമൂഹത്തേയും കൂടെ നിര്‍ത്താന്‍ മുന്‍പത്തെ രീതിയിലുള്ള സ്ത്രീസംഘടനാ പ്രവര്‍ത്തനം മതിയാകുമോ? പഴയ സംഘടനാരീതികളില്‍ മാറ്റം ആവശ്യമാണെന്നു കരുതുന്നുണ്ടോ? 

1981-ലാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ എന്ന പേര് ഞങ്ങള്‍ സ്വീകരിച്ചത്; കൊടിയുടെ നിറം വെള്ളയായത്; ജനാധിപത്യം സമത്വം സ്ത്രീവിമോചനം എന്ന മുദ്രാവാക്യം അംഗീകരിച്ചത്. ഞങ്ങള്‍ നടത്തിയ പോരാട്ടം ചെറുതൊന്നുമല്ല. പല നിയമനിര്‍മ്മാണങ്ങളും വന്നതില്‍ ആ പോരാട്ടങ്ങള്‍ക്കു വലിയ പങ്കുണ്ട്. തൊഴിലുറപ്പു നിയമമാകട്ടെ, വിവരാവകാശ നിയമമാകട്ടെ, ഗാര്‍ഹിക പീഡനവിരുദ്ധ നിയമമാകട്ടെ, ഇങ്ങനെ നിരവധി സാമൂഹിക പ്രാധാന്യമുള്ള നിയമങ്ങളില്‍ മഹിളാ അസ്സോസിയേഷന്റെ പോരാട്ടംകൂടിയാണ് ഫലം കണ്ടത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 (എ) ഭേദഗതി ചെയ്ത് ആ വകുപ്പിന്റെ പല്ലും നഖവും ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റവും ശക്തമായി ഞങ്ങള്‍ ഇടപെട്ടു. അതുള്‍പ്പെടെ ഞങ്ങള്‍ നടത്തിയ വലിയ ഇടപെടലുകളുണ്ട്. അവയുടെ ഫലമായാണ് ഇന്നു കാണുന്ന പല നേട്ടങ്ങളുമുണ്ടായത്. അതുകൊണ്ട്, ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ ടിപ്പിക്കലാണ്, യാന്ത്രികമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്നതൊരു പ്രചരണം മാത്രമാണ്. സ്ത്രീകള്‍ ഇന്ന് അനുഭവിക്കുന്ന ഈ നേട്ടങ്ങളുടെ പിന്നില്‍ ഈ സംഘടനയുടെ കരുത്തുണ്ട് എന്നു മനസ്സിലാക്കാത്തവരാണ് ഇതു പറയുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ ആദ്യം നിശ്ചയിച്ച കൂലി അറുപത് രൂപയായിരുന്നു. അതു മാറ്റിയെടുക്കുന്നതിനുവേണ്ടി ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ എത്ര ഇടപെടല്‍ നടത്തിയെന്ന് അറിയാമോ? ഒരു ഉദാഹരണം സൂചിപ്പിച്ചെന്നേയുള്ളു. ഓരോ കാര്യത്തിലും ഏറ്റവും ശരിയായ നിലപാടുകളാണു സ്വീകരിക്കുന്നത്. 498 (എ)യുടെ വിഷയം വന്നപ്പോള്‍ ലക്ഷക്കണക്കിനു സ്ത്രീകളുടെ ഒപ്പാണ് ഞങ്ങള്‍ ശേഖരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചത്. ഞങ്ങള്‍ നല്ലതുപോലെ ഇടപെട്ടിട്ടുണ്ട്; പക്ഷേ, പുതിയ കാലത്ത് പുതിയ ഒരുപാട് വിഷയങ്ങള്‍ വരുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളൊന്നും പണ്ടു ചര്‍ച്ചയില്‍ ഉള്ളതായിരുന്നില്ലല്ലോ. പഴയതില്‍നിന്നു വ്യത്യസ്തമായി, ചില സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറവു വരുന്നു. കുറ്റകൃത്യങ്ങള്‍ വേറെ രൂപത്തില്‍ വരുന്നു. ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോള്‍ മഹിളാ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൂടുതല്‍ വലിയ സ്ത്രീമുന്നേറ്റങ്ങള്‍ ഉണ്ടാവുകതന്നെ ചെയ്യും. വലിയ സംഘടനയാണ് ഞങ്ങള്‍; ഇന്ത്യയില്‍ സ്ത്രീകളുടെ ഏറ്റവും വലിയ സംഘടന; കേരളത്തില്‍ ഏറ്റവും ശക്തമായ സ്ത്രീസംഘടന. വളരെ സമര്‍ത്ഥരായ കേഡര്‍മാര്‍ താഴെ വരെ ഞങ്ങള്‍ക്കുണ്ട്. മിടുക്കരാണ്. നല്ല ചടുലമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഞങ്ങളില്‍ നിന്നുണ്ടാകും.

മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ അഭിമാനം സംരക്ഷിക്കാന്‍ പരാതിയുമായി വനിതാകമ്മീഷനെ സമീപിക്കേണ്ടിവന്നതിനെ എങ്ങനെ കാണുന്നു. പാര്‍ട്ടിക്കപ്പുറത്തെ മാനം ഇല്ലേ ഈ വിഷയത്തിന്? 

തീര്‍ച്ചയായും. അതുകൊണ്ടുതന്നെയകാണം വനിതാ കമ്മിഷന്‍ ഈ വിഷയത്തില്‍ വളരെ ശരിയായ നിലപാടാണു സ്വീകരിച്ചത്. വളരെ കരുത്തോടെയാണ് ആ കുട്ടികള്‍ അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഇനിയും സ്ത്രീകളെ ഇങ്ങനെ അമര്‍ത്തിവച്ചു കൊണ്ടുപോകാനൊന്നും കഴിയില്ല. ''അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം വേണം, മുഖ്യധാരയിലേക്കു വരണം'' എന്ന് മുസ്ലിം ലീഗിന്റെ സമാദരണീയരായ മുന്‍കാല നേതാക്കള്‍ പറഞ്ഞതൊക്കെ അവര്‍ ക്വോട്ട് ചെയ്തു തുടങ്ങി. വളരെ നന്നായി ഇന്നത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അവര്‍ക്കു കഴിയുന്നുണ്ട് എന്നാണ് സംസാരം കേട്ടപ്പോള്‍ മനസ്സിലായത്. എല്ലാക്കാലത്തും സ്ത്രീകളെ അടിച്ചമര്‍ത്തിയിടാന്‍ കഴിയില്ല. അവര്‍ ഉണര്‍ന്നെണീക്കും. 

സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജ കേരളത്തിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ചുള്‍പ്പെടെ പറഞ്ഞത് വലിയ ചര്‍ച്ചയായല്ലോ. മഹിളാ അസ്സോസിയേഷന്‍ അങ്ങനൊരു സാഹചര്യം കാണുന്നുണ്ടോ? 

ആനി രാജയുടെ പ്രസ്താവനയ്ക്കു മുഖ്യമന്ത്രി കൃത്യമായി മറുപടി പറഞ്ഞു. ഞാന്‍ അതിനപ്പുറത്തേക്ക് ഒന്നും പറയേണ്ടതില്ല. അവരുടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ഇക്കാര്യത്തില്‍ മറുപടി പറഞ്ഞു. കേരളത്തില്‍ നമുക്കു കാണാന്‍ കഴിയുന്നത്, സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കുന്നുണ്ട് എന്നാണ്. മുഖ്യമന്ത്രി നേരിട്ട് അത് പരിശോധിച്ചു തന്നെയാണു പോകുന്നത്. ഒരു പരാതിയുമായി ഒരാള്‍ വന്നാല്‍, പ്രത്യേകിച്ച് സ്ത്രീകള്‍ വന്നാല്‍ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നാണ് പൊലീസിനു മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഗവണ്‍മെന്റ് അതില്‍ കണിശമാണ്. 
 

സിഎസ് സുജാത
സിഎസ് സുജാത

സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ മാത്രം പൊരുതുകയും പുരുഷന്മാര്‍ കാഴ്ചക്കാരാവുകയും ചെയ്യുന്ന സ്ഥിതി എന്തുകൊണ്ടാണ് ഇപ്പോഴും മാറാത്തത്? 

അങ്ങനെയുള്ളവരുണ്ട്. പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടുന്ന സംഭവങ്ങളില്‍ അവരെ എത്ര മോശമായാണു ചിത്രീകരിക്കുന്നത്. സൈബര്‍ ലോകത്തെ കമന്റുകള്‍ ഒന്നു നോക്കിയാല്‍ത്തന്നെ ഇതു വ്യക്തമാകും. സ്ത്രീ ഒരു രണ്ടാംകിടക്കാരി, അല്ലെങ്കില്‍ കാല്‍ക്കീഴില്‍ കിടക്കേണ്ടവള്‍ എന്ന ചിന്താഗതി; സ്ത്രീ ഉണര്‍ന്നെണീക്കേണ്ട യാതൊരു കാര്യവുമില്ല എന്ന മനോഭാവം. ഇതില്‍ അടിസ്ഥാനപരമായ മാറ്റം വരണം. പുരുഷമേധാവിത്വ മനോഭാവം ഭരിക്കുമ്പോള്‍ വീട്ടിലെ ആണ്‍കുട്ടി പോലും താന്‍ പറയുന്നതാണ് എല്ലാം എന്നും താന്‍ പറയുന്നതുപോലെ എന്തുകൊണ്ട് അവള്‍ കേള്‍ക്കുന്നില്ല എന്നും ചിന്തിക്കും. അതു നമ്മുടെ കുറ്റമാണ്. നമ്മള്‍ പിന്തുടര്‍ന്നുവരുന്ന രീതി അതാണ്. പെണ്‍കുട്ടി ഉള്ളതുകൊണ്ട് ജീവിക്കാന്‍ പഠിക്കണം, അന്യവീട്ടില്‍ പോയി ജീവിക്കാനുള്ളതാണ് എന്നാണ് പഠിപ്പിക്കുന്നത്. അതിനു മാറ്റം വരണം. താഴെനിന്നു കുഞ്ഞുങ്ങളെ അതു പഠിപ്പിക്കണം. അതിനാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. തുല്യരാണ് എന്നു പറഞ്ഞു പഠിപ്പിക്കണം. നിനക്ക് ഉപദ്രവിക്കാനുള്ളതല്ല കൂടെപ്പിറന്ന പെണ്‍കുട്ടി എന്നു മനസ്സിലാക്കിക്കൊടുക്കണം. തനിക്കുള്ള എല്ലാ അവകാശങ്ങളും അതേ നിലയില്‍ അവള്‍ക്കും ഉണ്ടെന്ന് അവനു മനസ്സിലാകണം. നീ അവളെ ആക്ഷേപിക്കാന്‍ പാടില്ല; അങ്ങനെ ചെയ്താല്‍ നീ കുറ്റക്കാരനാണ് എന്ന് അറിയാതെ അവന്‍ വളരുന്നത് അവനെ പഠിപ്പിക്കാത്തതുകൊണ്ടാണ്. ഈ കൊലപാതകങ്ങള്‍ നടത്തിയ ആണ്‍കുട്ടികളുടെ കുടുംബവും തകര്‍ന്നുപോവുകയാണ്. അതുകൊണ്ടാണ് പറയുന്നത്, കുടുംബത്തില്‍ നല്ല രീതിയില്‍ പറഞ്ഞു പഠിപ്പിച്ച് ആണ്‍കുട്ടികളെ വളര്‍ത്തണം എന്ന്. 

മറ്റൊന്ന്, കുടുംബങ്ങള്‍ക്കകത്ത് വലിയ തോതിലുള്ള പീഡനം നടക്കുന്നു എന്നതാണ്. ഗാര്‍ഹിക പീഡന നിരോധന നിയമം പാര്‍ലമെന്റ് പാസ്സാക്കുമ്പോള്‍ കേരളത്തില്‍ ഇത്രയും കേസുകള്‍ ഉണ്ടാകുമെന്ന് നമ്മളാരെങ്കിലും കരുതിയോ? പക്ഷേ, ഓരോ വര്‍ഷത്തേയും കേസുകളെടുക്കുമ്പോള്‍ സ്ഥിതി അതല്ല. കുടുംബങ്ങള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന നിരവധി സ്ത്രീകളുണ്ട്. കുടുംബത്തില്‍നിന്നു വേണം മാറ്റം തുടങ്ങാന്‍. അതുപോലെ ഗൗരവമുള്ള മറ്റൊന്നാണ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു പരാതി പറയാനുള്ള ഇന്റേണല്‍ കമ്മിറ്റികളുടെ സ്ഥിതി. എം.പി ആയിരിക്കെ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം എന്ന നിലയില്‍ ഇന്ത്യയിലെ തൊഴില്‍മേഖല മുഴുവന്‍ സന്ദര്‍ശിക്കാന്‍ സാധിച്ചിരുന്നു. അസംഘടിത തൊഴിലാളി ക്ഷേമ ബില്ല് പാര്‍ലമെന്റില്‍ വന്നപ്പോള്‍ അതിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി എല്ലാ തൊഴില്‍ മേഖലകളും സന്ദര്‍ശിക്കാന്‍ സഖാവ് സുധാകര്‍ റെഡ്ഡി ചെയര്‍മാനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പോയിടത്തെല്ലാം ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി (ഐ.സി.സി) ഉണ്ടോ എന്നു ഞങ്ങള്‍ ചോദിച്ചിരുന്നു. പലയിടത്തുമില്ല; ഉള്ളയിടങ്ങളില്‍ത്തന്നെ കടലാസില്‍ മാത്രം. പരാതി പറയാന്‍ ആളുകള്‍ക്കു ഭയമാണ്. കേരളത്തില്‍ ആ സ്ഥിതി പരിഹരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനമെടുത്തു നടപ്പാക്കിവരികയാണ്. തൊഴിലിടങ്ങളില്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരമുള്ള ഐ.സി.സി ഉണ്ടായിരിക്കണം. ഉണ്ടായാല്‍ മാത്രം പോരാ, സ്ത്രീകള്‍ക്ക് നിര്‍ഭയമായി പരാതികള്‍ കൊടുക്കാനും അഭിപ്രായം പറയാനും സാധിക്കുകയും വേണം. അഭിപ്രായം പറഞ്ഞാല്‍ അവളുടെ കഥ അതോടുകൂടി കഴിയും എന്ന സ്ഥിതി വരാന്‍ പാടില്ല. വിവേചനമായാലും ലൈംഗിക അതിക്രമമായാലും അവസാനിപ്പിക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ ഉണ്ടാകണം; കമ്മിറ്റി ഇല്ലാത്തിടത്ത് രൂപീകരിക്കണം. ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിനു ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇതോടു ചേര്‍ത്തുപറയാനുള്ള മറ്റൊരു കാര്യം, സംസ്ഥാന വനിതാ കമ്മിഷന്‍ നിയമപ്രകാരം രൂപീകരിച്ച ജാഗ്രതാ സമിതികളെക്കുറിച്ചാണ്. ആ സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചാല്‍ താഴെയുണ്ടാകുന്ന ഒരുപാടു പ്രശ്‌നങ്ങള്‍ നമുക്കു പരിഹരിക്കാന്‍ കഴിയും. വനിതാ കമ്മിഷന്‍ മുന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈനെപ്പോലെ തന്നെ ഇപ്പോഴത്തെ അദ്ധ്യക്ഷ പി. സതീദേവിക്കും സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളുടെ കരുത്തുറ്റ പശ്ചാത്തലമാണുള്ളത്. ചുമതലയേറ്റ ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ജാഗ്രതാസമിതികളുടെ കാര്യം അവര്‍ കൃത്യമായി പറഞ്ഞു. ആ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുമെന്നു ഗവണ്‍മെന്റും പറഞ്ഞിട്ടുണ്ട്. 

കേരളത്തില്‍ അസംഘടിത മേഖലയില്‍ കൂടുതലും സ്ത്രീകളാണല്ലോ. അവര്‍ക്കുവേണ്ടി എന്താണ് മഹിളാ അസ്സോസിയേഷന്റെ കര്‍മ്മ പദ്ധതി? 

തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ കൂടിയാണ്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ആദ്യത്തെ കശുവണ്ടിത്തൊഴിലാളി യൂണിയനാണ് ഞാന്‍ പ്രസിഡന്റായ മാവേലിക്കര താലൂക്ക് കശുവണ്ടിത്തൊഴിലാളി യൂണിയന്‍. അസംഘടിത മേഖലയിലെ വിവേചനങ്ങളെക്കുറിച്ച് നന്നായി അറിയാം. ജോലിക്ക് അനുസരിച്ചുള്ള കൂലി പലപ്പോഴും കിട്ടുന്നില്ല. ഏറ്റവും വലിയ ചൂഷണം സ്വകാര്യമേഖലയിലാണ് നടക്കുന്നത്. ഭക്ഷണം കഴിക്കാന്‍പോലും സ്ഥലമില്ലാത്ത തൊഴിലിടങ്ങളുണ്ട്. വസ്ത്രം മാറാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും സ്ഥലമില്ല. ഇതിനൊക്കൈ എതിരായി വര്‍ഷങ്ങളായി സി.ഐ.ടി.യു, പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ അതിനു പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ്. ഒരു പരിധിവരെ അതൊക്കെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. ഫാക്ടറികളിലൊക്കെ ചെന്നാല്‍ മുന്‍പത്തെപ്പോലെയല്ല സ്ഥിതി. വലിയ മാറ്റങ്ങള്‍ വരുത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, വലിയ പ്രതിസന്ധികളിലൂടെയാണ് ആ വ്യവസായങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്നത് എന്ന യാഥാര്‍ത്ഥ്യം നമുക്കറിയാം. കശുവണ്ടിയാകട്ടെ, കയര്‍മേഖലയാകട്ടെ, മത്സ്യമേഖലയാകട്ടെ, അവിടങ്ങളിലൊക്കെ പണിയെടുക്കുന്ന തൊഴിലാളികള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ പല രോഗങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. സി.ഐ.ടി.യു അതു നന്നായി പഠിച്ചിട്ടുണ്ട്. ഞങ്ങള്‍ അത് പ്രത്യേകമായി ശ്രദ്ധിക്കാനും തീരുമാനിച്ചിട്ടുണ്ട്. അങ്കണവാടി, ആശ ഒക്കെ വന്നപ്പോള്‍ എല്ലാ സഹായങ്ങളും ചെയ്ത സംഘടനയാണ്. തൊഴിലാളി സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ക്കു വളരെയധികം സഹായിക്കാന്‍ കഴിയും; അതില്‍ ഉറച്ച നിലപാടുള്ളവരാണ്. 

വിദ്യാർത്ഥി നേതാവായിരുന്ന കാലത്ത്
വിദ്യാർത്ഥി നേതാവായിരുന്ന കാലത്ത്

സ്ത്രീകളുടെ വീട്ടുജോലിക്കു ശമ്പളം നല്‍കണം എന്ന സുപ്രീംകോടതിയിലെ സര്‍ക്കാര്‍ പരാമര്‍ശത്തോടുള്ള നിലപാട് എന്താണ്. സ്ത്രീകളുടെ വീട്ടുജോലി വരുമാനമുള്ളതാകേണ്ടതല്ലേ? 

വളരെ പോസിറ്റീവായാണ് ഞങ്ങള്‍ അതിനെ കാണുന്നത്. പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ, അല്ലെങ്കില്‍ ജോലിക്കു പോകുന്ന സ്ത്രീകളെ നോക്കൂ. എന്തൊക്കെ ചെയ്യണം? മുറ്റമടിക്കണം; ഭക്ഷണമുണ്ടാക്കണം; കൊച്ചുങ്ങളെ നോക്കണം; പ്രായമായ രക്ഷാകര്‍ത്താക്കള്‍ ഉണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ നോക്കണം; ചുറ്റുപാടുമുള്ള എല്ലാ കാര്യങ്ങളും നോക്കണം. എന്നിട്ടുവേണം സ്വന്തം ജോലിക്കു പോകേണ്ടത്. വൈകിട്ടു വരുമ്പോഴും നേരേ അടുക്കളയിലേക്കു കയറുകയാണ്. രാവിലെ ചെയ്ത പല കാര്യങ്ങളും ആവര്‍ത്തിക്കേണ്ടി വരുന്നു. അതാണ് സ്ത്രീ കുടുംബത്തിനകത്തും പുറത്തും ചെയ്യുന്ന ജോലികള്‍. എത്രയോ മണിക്കൂര്‍ വീട്ടിനുള്ളില്‍ ജോലിചെയ്യുന്ന സ്ത്രീക്കും ഒരു ജോലിയുമില്ല എന്നല്ലേ പറയുന്നത്. കുടുംബിനികള്‍ക്ക് പെന്‍ഷന്‍ എന്നു പറഞ്ഞപ്പോള്‍ അയല്‍ക്കാരായ സഹോദരിമാരൊക്കെ പറയുന്നത്, എന്തൊരു സമാധാനമായി എന്നാണ്. നമ്മുടെ ജോലി ഗവണ്‍മെന്റ് അംഗീകരിക്കുന്നല്ലോ. മാടുകളെപ്പോലെയാണ് സ്ത്രീകള്‍ ജോലി ചെയ്യുന്നത്. ആ പണി ആര് കണക്കിലെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (ജി.ഡി.പി) വലിയൊരു ശതമാനം ഈ സ്ത്രീകളുടെ അദ്ധ്വാനംകൂടിയാണ്. വീട്ടമ്മമാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കും എന്ന ഗവണ്‍മെന്റ് നിലപാടിനെ ഞങ്ങള്‍ വളരെ നന്നായി സ്വാഗതം ചെയ്യുന്നു. 

ലൈംഗിക വിദ്യാഭ്യാസമാണോ അതോ ജെന്‍ഡര്‍ വിദ്യാഭ്യാസമാണോ വേണ്ടത്? 

രണ്ടും കൊടുക്കണം. പാഠപുസ്തകത്തില്‍ ജെന്‍ഡര്‍ വിദ്യാഭ്യാസം വരാന്‍ പോകുന്നുണ്ടല്ലോ. തുല്യതയെക്കുറിച്ചു നല്ല രീതിയിലുള്ള അദ്ധ്യാപനം ഉണ്ടാകും. അതുപോലെ ലൈംഗിക വിദ്യാഭ്യാസവും വേണം. വനിതാ കമ്മിഷന്‍ ഇക്കാര്യത്തില്‍ പോസിറ്റീവായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അപ്പോള്‍ത്തന്നെ ഇതിനൊക്കെ എതിരേ നില്‍ക്കുന്ന ശക്തികളുടെ ഉള്ളിലിരിപ്പ് പുറത്തുവന്നു. ലൈംഗിക വിദ്യാഭ്യാസം കൊടുക്കുകതന്നെ വേണം. അതു കൊടുക്കാത്തതിന്റെ കുഴപ്പം പ്രതികരണങ്ങളില്‍ മുതല്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ വരെ കാണുന്നുണ്ട്. മാറും; മാറ്റണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com