നൊബേല്‍ പുരസ്‌കാരം; അധിനിവേശത്തിന്റേയും പലായനത്തിന്റേയും ഗാഥ

പ്രവാസത്തിന്റെ മനഃപീഡകള്‍ വടുകെട്ടി നില്‍ക്കുന്ന അക്ഷരങ്ങളാല്‍ ആഫ്രിക്കയുടെ സ്വത്വശൈഥില്യം ആവിഷ്‌ക്കരിച്ച് നൊബേല്‍ പുരസ്‌കാരത്തിനര്‍ഹനായ അബ്ദുള്‍ റസാഖ് ഗുര്‍നയുടെ എഴുത്തും ജീവിതവും
അബ്ദുൾ റസാഖ് ​ഗുർന
അബ്ദുൾ റസാഖ് ​ഗുർന

''My cotnry is abandoned
My osul has left me
I have no home'
             - Adonis  

രു വീടും നാടുമില്ലാത്തതിന്റെ ദുഃഖം പ്രവാസികളായ എഴുത്തുകാരെ എന്നും വേട്ടയാടുന്നുണ്ട്. സിറിയന്‍   ലെബനീസ് കവിയായ അഡോണിസ് തന്റെ 'എലിജി ഫോര്‍ ദി ടൈം അറ്റ് ഹാന്‍ഡ്' എന്ന കവിതയില്‍ കരള്‍ പിളര്‍ക്കുന്ന പ്രവാസദുഃഖത്തെ ആവിഷ്‌കരിക്കുന്നുണ്ട്. ഇതു കേവലം വൈയക്തികമായ ദുഃഖമല്ല. പാരമ്പര്യത്തില്‍നിന്നും പൈതൃകത്തില്‍നിന്നും പറിച്ചെറിയപ്പെട്ട് സ്വത്വനാശത്തിന്റെ ഉല്‍ക്കടമായ വേദനകള്‍ സാമൂഹിക - രാഷ്ട്രീയ അനുഭവമാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവരാണ് ജനതയെ എന്നും ആവേശം കൊള്ളിച്ചിട്ടുള്ളവര്‍. 

'ട്രീ  ഓഫ് ഫയര്‍' എന്ന കവിതയില്‍ 
''My people 
have died as fires
die - without at race' എന്നും അഡോണിസ് വിലപിക്കുന്നുണ്ട്. പ്രവാസത്തിന്റെ ആകുലതകളാണ് ആഫ്രിക്കന്‍ വംശജനായ അബ്ദുള്‍ റസാഖ് ഗുര്‍നയുടെ എഴുത്തിലും മുഖ്യ പ്രമേയമായി നിലകൊള്ളുന്നത്. 

കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ സാന്‍സിബര്‍ ദ്വീപസമൂഹത്തില്‍ ജനിച്ച്, വംശീയ വിദ്വേഷത്തിന്  ഇരയായി സ്വന്തം ദേശം ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട് 1960- കളില്‍ ഇംഗ്ലണ്ടിനെ അഭയം പ്രാപിക്കുകയും ചെയ്ത അബ്ദുള്‍ റസാഖ് ഗുര്‍നയ്ക്കാണ് സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം.  ഇംഗ്ലണ്ടിലെ കെന്റ് യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് പ്രൊഫസ്സറായി വിരമിച്ച ഗുര്‍ന കോളനിയനന്തര സാഹിത്യത്തെക്കുറിച്ച് സവിശേഷമായ പഠനം നിര്‍വ്വഹിച്ചിട്ടുള്ള എഴുത്തുകാരനാണ്. 

ഇന്തോനേഷ്യയുടെ ഇരുളടഞ്ഞ, അസ്വസ്ഥഭരിതമായ ഭൂതകാലത്തെ വിചാരണയ്ക്കെടുക്കുന്ന  എക കുര്‍ണിയവാനെപ്പോലെ ആഫ്രിക്കയുടെമേല്‍ അധിനിവേശത്തിന്റെ നഖങ്ങളാഴ്ത്തി കൊത്തിവലിക്കാന്‍ ആര്‍ത്തിപൂണ്ട സാമ്രാജ്യത്വ ശക്തികളെ ഓര്‍മ്മയുടെ പ്രതിക്കൂട്ടില്‍ നിറുത്തി വിചാരണ ചെയ്യുകയാണ് അബ്ദുള്‍ റസാഖ് ഗുര്‍ന. 

അധിനിവേശത്തിന്റെ കടുംകയ്പേറിയ അനുഭവങ്ങളും കോളനിയനന്തരകാലം സാക്ഷ്യം വഹിച്ച പലായനത്തിന്റെ അസുഖകരമായ ജീവിതാവസ്ഥകളും ഈ എഴുത്തുകാരന്റെ തൂലികയില്‍നിന്ന് ഊര്‍ജ്ജപ്രവാഹമായി മാറുന്നു. പ്രവാസത്തിന്റെ മന:പീഡകള്‍ വടു കെട്ടി നില്‍ക്കുന്ന അക്ഷരങ്ങളാല്‍ ആഫ്രിക്കയുടെ സ്വത്വശൈഥില്യത്തെ ആവിഷ്‌കരിച്ച അബ്ദുള്‍ റസാഖ് ഗുര്‍നയ്ക്കു ലഭിച്ച ഈ വിശിഷ്ട പുരസ്‌കാരം എന്തുകൊണ്ടും സമര്‍ഹമായ ഒരു സംഭവമായിത്തീര്‍ന്നിരിക്കുന്നു. 

വേര്‍പാടിന്റെ ഓര്‍മ്മ (Memory of Departure) മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ജീവിതാനന്തരം (After Lives) വരെയുള്ള കൃതികളില്‍ കിഴക്കേ ആഫ്രിക്കയുടെ വൈവിധ്യപൂര്‍ണ്ണമായ മനുഷ്യാവസ്ഥകളെ സര്‍വ്വസാധാരണതയുടെ വൈവിധ്യരഹിതമായ ആവിഷ്‌കാരത്തിനു ബദലായി അത്യന്തം  വ്യതിരിക്തമായ ചിത്രീകരണംകൊണ്ട് ഗുര്‍നയുടെ സാഹിത്യം വേറിട്ടുനില്‍ക്കുന്നു എന്ന് നൊബേല്‍ പുരസ്‌കാര സമിതിയുടെ അധ്യക്ഷനായ ആന്‍ഡേര്‍സ് ഓള്‍സണ്‍ നിരീക്ഷിക്കുന്നുണ്ട്. 

1994-ലെ ബുക്കര്‍ പുരസ്‌കാരത്തിനു ഗുര്‍നയുടെ 'പാരഡൈസ്' എന്ന നോവല്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കോളനിവാഴ്ചയുടെ അനന്തരഫലമായി വേരുകള്‍ നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവന്ന കിഴക്കന്‍ ആഫ്രിക്കന്‍ ജനതയുടെ  ധര്‍മ്മസങ്കടങ്ങളെ സഹാനുഭൂതിയോടും സൂക്ഷ്മതയോടുംകൂടി ഗുര്‍ന തന്റെ എഴുത്തിലൂടെ നിരന്തരം പിന്തുടരുന്നു എന്നും ഓള്‍സണ്‍ അഭിപ്രായപ്പെടുന്നുണ്ട്.

വോള്‍ സോയിങ്കയ്ക്കു ശേഷം ആദ്യമായാണ് ഒരു ആഫ്രിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. സാഹിത്യവൃത്തങ്ങളില്‍ ഗുര്‍ന അത്രയധികം അറിയപ്പെട്ടിരുന്നില്ല. ഈ അഭിമാനകരമായ പുരസ്‌കാരലബ്ധിയുമായി ബന്ധപ്പെട്ട് മറ്റു പലരുടേയും  പേരുകളാണ് അഭ്യൂഹങ്ങളില്‍പ്പെട്ടിരുന്നത്. ബ്ലൂംസ്ബെറിയുടെ എഡിറ്റര്‍ പറയുന്നതുപോലെ, ആരും ഇതുവരെ അദ്ദേഹത്തെ ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ജീവിച്ചിരിക്കുന്ന ആഫ്രിക്കന്‍ എഴുത്തുകാരില്‍ ഗുര്‍ന ഏറ്റവും മുന്‍പന്തിയില്‍ത്തന്നെയുണ്ട് എന്ന് ബ്ലൂംസ്ബെറി പത്രാധിപര്‍ അലെക്സാന്ദ്ര പറയുന്നത് വെറുതെയല്ല. കണ്ടെത്താന്‍ വൈകിയ ഒരു പ്രതിഭാശാലി തന്നെയാണ് ഗുര്‍ന.

ഈ എഴുത്തുകാരന്റെ  ആഫ്റ്റര്‍ ലൈവ്സ് എന്ന നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ സര്‍വ്വാദരണീയമായ ഈ പുരസ്‌കാരത്തിന് അദ്ദേഹം എന്തുകൊണ്ടും അര്‍ഹനാണെന്നു ബോധ്യമായി. ആവിഷ്‌കാരത്തിലെ അനായാസതയും സ്വച്ഛന്ദതയുമാണ് ഗുര്‍നയുടെ രചനാപരമായ സവിശേഷത. കറുത്തവര്‍ഗ്ഗക്കാരന്റെ സ്വത്വ പ്രതിസന്ധികളെ, അവന്‍ കടന്നുപോയിട്ടുള്ള ആത്മസംഘര്‍ഷങ്ങളുടെ സത്യസന്ധമായ നേര്‍ക്കാഴ്ചകളെ എല്ലാ വിശദാംശങ്ങളോടു കൂടിയും സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കാനുള്ള ഗുര്‍നയുടെ മിടുക്ക് (carefully constructed narratives) ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിച്ചു എന്നുവേണം പറയാന്‍. 

പ്രവാസവും (exile) കുടിയേറ്റവും (immigration) പലായനവും (exodus) ഒക്കെ ഗുര്‍നയുടെ എഴുത്തില്‍ കെട്ടിയിറക്കപ്പെട്ട ബാഹ്യസാന്നിധ്യമോ അപരയാഥാര്‍ത്ഥ്യമോ ആയല്ല പ്രത്യക്ഷപ്പെടുന്നത്. കുടിയേറ്റം എന്ന പദം വാസ്തവത്തില്‍ ഗുര്‍നയുടെ നോവലുകളിലെ പ്രതിപാദ്യത്തിനു ചേര്‍ന്നതല്ല. സ്ഥാനഭ്രംശം (displacement) എന്നോ മറ്റോ വ്യവഹരിക്കപ്പെടേണ്ട പ്രതിഭാസമാണ് അത്.  പ്രവാസം എന്നു പറയുന്നത് ജീവിതഭദ്രത തേടി, കച്ചവടം, തൊഴില്‍ ഇവ ചെയ്ത് വരുമാനം കണ്ടെത്തി സുഖമായി ജീവിക്കാന്‍ പോവുന്ന താല്‍ക്കാലിക വാസമാണ് മിക്കപ്പോഴും. 

പ്രവാസികള്‍ക്കു നാടിനെക്കുറിച്ച് ഗൃഹാതുരത സ്വാഭാവികമാണെങ്കില്‍ കുടിയേറ്റം ചെയ്യുന്നവര്‍ക്ക് അതുണ്ടാവണമെന്നില്ല. എന്നേക്കുമായി നാടുപേക്ഷിച്ച്, ജനിച്ച നാടിനെ ഒരളവോളം വെറുത്ത് മറ്റൊരു സ്ഥലത്ത് പുതിയ ജീവിതം കരുപ്പിടിപ്പിക്കാനുള്ള പുത്തന്‍ പ്രതീക്ഷയുമായാണ് അവര്‍ പോകുന്നത്. എന്നാല്‍ അഭയാര്‍ത്ഥി (Refugee) എന്ന പദത്തിന് ഇതില്‍നിന്നു ഭിന്നമായ അര്‍ത്ഥമാണുള്ളത്. അഭയാര്‍ത്ഥികള്‍ ഒരു ഗത്യന്തരവുമില്ലാതെ നാടുവിട്ട് പലായനം ചെയ്യാന്‍ നിര്‍ബ്ബന്ധിതരാവുന്നു.

അവര്‍ക്കു ജനിച്ച നാടിനോട് വിരോധമുണ്ടാവാന്‍ വഴിയില്ല. അവര്‍ ജന്മനാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്നവര്‍ ആണ്. അവരുടെ പ്രയാണം നിയതമായ ലക്ഷ്യമില്ലാത്ത ഒന്നാണ്. പാപി ചെല്ലുന്നേടം പാതാളം എന്ന നിലയാണ് അവര്‍ക്കുള്ളത്. അനിശ്ചിതത്വമാണ് അഭയാര്‍ത്ഥിയുടെ മുഖമുദ്ര. പ്രവാസി ആഫ്രിക്കക്കാരനാവുമ്പോള്‍ വംശീയ വിദ്വേഷത്തിന്റെ അപമാനവും കൂടി ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നു. ദാരിദ്ര്യവും രോഗവും അപമാനവും അവനെ/ളെ തേടിയെത്തുന്നു. ഇവര്‍ ദേശം വിട്ടു പോവുന്നത് അധിനിവേശം, യുദ്ധം, വംശീയവെറി, ഗോത്രപരമായ ഭ്രഷ്ട് എന്നീ തീവ്ര യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനാവാതെ വരുന്നതിനാലാണ്.
തകര്‍ച്ചയുടെ വക്കില്‍നിന്നാണ് അവര്‍ ഓടിയകലുന്നത്.  സ്റ്റീന്‍ ബെക്കിന്റെ 'ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍' (The Grapes of Wrath) എന്ന നോവലില്‍ കൃഷി നശിച്ച് ഒക്ലഹോമയിലേക്കു തൊഴില്‍ തേടിപ്പോകുന്ന മനുഷ്യരുടെ കഥയാണു പറയുന്നത്. അത് കുടിയേറ്റമാണ്. 

1948-ല്‍ ജനിച്ച അബ്ദുള്‍ റസാഖ് പതിനെട്ടാമത്തെ വയസ്സില്‍ ജനിച്ച രാജ്യം വിടാന്‍ നിര്‍ബ്ബന്ധിതനാവുന്നു. 1963-ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം അവസാനിക്കുകയും വിപ്ലവത്തെത്തുടര്‍ന്ന് സാന്‍സിബര്‍ ദ്വീപിന്റെ ഭരണം പ്രസിഡണ്ട് അബൈദ് കരുമയുടെ നിയന്ത്രണത്തിന്‍ കീഴിലാവുകയും ചെയ്തു. കരുമ അറബ് വംശജര്‍ക്കെതിരെ കടുത്ത വംശീയ പീഡനങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത സാഹചര്യത്തില്‍ ഗുര്‍ന ഇംഗ്ലണ്ടിലേക്ക് കുടിയേറിപ്പാര്‍ത്ത് തന്റെ പ്രവാസജീവിതമാരംഭിച്ചു. 

ഗുര്‍നയുടെ മാതൃഭാഷ സ്വാഹിലി ആയിരുന്നെങ്കിലും ആ ഭാഷയില്‍ കാര്യമായ സാഹിത്യരചനയൊന്നും ഉണ്ടായില്ല. ഇംഗ്ലീഷ് ഭാഷയിലാണ് ഗുര്‍നയുടെ സാഹിത്യം പിറവി കൊണ്ടത്. അധീശശക്തിയുടെ ഭാഷകൊണ്ടുതന്നെ അധീശത്വത്തെ വിചാരണ ചെയ്യുക എന്ന തന്ത്രമായിരുന്നോ അത്? മാതൃഭാഷയോട് പോളിഷ് അമേരിക്കന്‍ എഴുത്തുകാരനായ ഐസാക് ബാഷെവിസ് സിംഗര്‍ക്കുണ്ടായിരുന്ന ആത്മബന്ധം ഗുര്‍നയ്ക്കില്ലാത്തതുകൊണ്ടാണ് ഇതെന്നു പറഞ്ഞുകൂടാ.

1978-ല്‍ സാഹിത്യത്തിന് നൊബേല്‍ പുരസ്‌കാരം ലഭിച്ച സിംഗറും ഹിറ്റ്ലറുടെ ജൂത വിരോധം നിമിത്തം ജന്മനാടായ പോളണ്ടിനെ ഉപേക്ഷിച്ച് അമേരിക്കയിലേക്കു പലായനം ചെയ്യുകയായിരുന്നു. ജര്‍മനിയുടെ അധിനിവേശം സൃഷ്ടിച്ച പീഡകളില്‍നിന്ന് കുതറിയോടുകയായിരുന്നു ഗുര്‍നയും എന്നത് ചരിത്രത്തിലെ കറുത്ത ഫലിതങ്ങളിലൊന്നാണ്. എന്നാല്‍, സിംഗറുടെ പല മേജര്‍ കൃതികളും യിദ്ദിഷ് ഭാഷയിലാണ് രചിക്കപ്പെട്ടത്. യിദ്ദിഷ് ഭാഷയോട് സിംഗര്‍ക്ക് വലിയ ഹൃദയബന്ധമായിരുന്നുള്ളത്. സ്വാഹിലിയിദ്ദിഷ് ഭാഷ പോലെ വികസിതമായ ഒരു ഭാഷയാണോയെന്നറിയില്ല. 

കോളനിയനന്തര സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കു പുറമേ പത്തോളം നോവലുകളും ചെറുകഥാ സമാഹാരങ്ങളുമാണ് ഗുര്‍നയുടെ    സാഹിത്യ സംഭാവന. പോര്‍ച്ചുഗീസ്, ജര്‍മന്‍, ബ്രിട്ടീഷ്, അറബ് രാഷ്ട്രങ്ങളുടെ അധിനിവേശവും ടാന്‍സാനിയയിലെ രാഷ്ട്രീയ സംക്ഷോഭങ്ങള്‍ ഉളവാക്കിയ നീറുന്ന ഓര്‍മ്മകളും പ്രവാസത്തിന്റെ ബഹുവിധങ്ങളായ ഉദ്വേഗങ്ങളും, അടിമകളായി വില്‍ക്കപ്പെട്ട ഒരു ജനതയുടെ നിസ്സഹായതകളുമാണ് ഗുര്‍നയുടെ സാഹിത്യത്തെ കരുപ്പിടിപ്പിച്ചത്. അസ്തിത്വത്തെ നടുവെ പിളര്‍ക്കുന്ന ഓര്‍മ്മകള്‍കൊണ്ടാണ് ആ സാഹിത്യത്തിന്റെ ഊടും പാവും നെയ്തിട്ടുള്ളത്. മനുഷ്യമനസ്സിനെ മഥിക്കുന്ന തിരയടങ്ങാത്ത ഓര്‍മ്മകളാണ് എക്കാലത്തേയും മികച്ച സാഹിത്യത്തെ സൃഷ്ടിക്കുന്നത്. യൂഗോസ്ലാവിയന്‍ നോവലിസ്റ്റ് ഈവോ ആന്‍ഡ്രീച്ചിന്റെ ഡ്രീനാ നദിയിലെ പാലം (The Bridge On The Drina) എന്ന നോവലില്‍ വംശീയയുദ്ധങ്ങള്‍ വിതയ്ക്കുന്ന കെടുതികളുടെ ഭീതിദമായ ഓര്‍മ്മകളെയാണ് ആവിഷ്‌കരിക്കുന്നത് എന്നും ഓര്‍മ്മിക്കാം ഇവിടെ.

Memory of Departure (1987) എന്ന നോവലിലും ഓര്‍മ്മകളുടെ ഈ വേലിയേറ്റം ദര്‍ശിക്കാം. Pilgrim's Way (1988), ഉീേേശല (1990), Paradisല (1994), By the Sea ( 2001), Desertion (2005), The Last Gift (2011), In Gravel Heart (2017), After Lives (2020) എന്നിവയാണു പ്രധാന കൃതികള്‍. 

കിഴക്കന്‍ ആഫ്രിക്കയിലേക്ക് ഗുര്‍ന ഗവേഷണ സംബന്ധമായി നടത്തിയ യാത്രയില്‍ നിന്നുരുത്തിരിഞ്ഞ പ്രമേയമാണ് 'പാരഡൈസ്' എന്ന നോവലില്‍ പരിചരിക്കപ്പെട്ടിട്ടുള്ളത്. ആഫ്രിക്കന്‍ വനാന്തരത്തിലൂടെയുള്ള കഥാനായകനായ യൂസഫിന്റെ യാത്ര വിവരിക്കുന്ന ഈ കൃതിക്ക് ജോസഫ് കോണ്‍റാഡിന്റെ 'ഹാര്‍ട്ട് ഓഫ് ഡാര്‍ക്നെസ്' എന്ന നോവല്‍ പ്രചോദനമാവുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലെ കിഴക്കന്‍ ആഫ്രിക്കയിലെ കോളനിവാഴ്ചയുടെ പശ്ചാത്തലത്തില്‍ ഖുറാനിലെ യൂസഫിന്റെ കഥ പുനരാവിഷ്‌കരിക്കുകയാണ് പറുദീസ എന്ന നോവലില്‍. കോണ്‍റാഡിന്റെ നോവല്‍ യൂറോപ്യന്‍ വംശീയാധിപത്യത്തിനെതിരെ ഉയര്‍ന്ന സര്‍ഗ്ഗാത്മക വിമര്‍ശനമായി എണ്ണപ്പെടുന്നു. സാമ്രാജ്യത്വവും വംശീയതയുമാണ് കോണ്‍റാഡിന്റെ നോവലില്‍ കേന്ദ്ര പ്രമേയം. പാരഡൈസ് അവസാനിക്കുന്നിടത്ത് 'ആഫ്റ്റര്‍ ലൈവ്സ്' തുടങ്ങുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കമാണ് ഈ നോവലിന്റെ പശ്ചാത്തലമായി വര്‍ത്തിക്കുന്നത്. 

'Khalifa was twetny - six years old when he met the merchant Amur Biashra' എന്ന വാക്യത്തില്‍ തുടങ്ങുന്ന നോവലില്‍ ആഫ്രിക്കയിലെ സാന്‍സിബറില്‍ കൊള്ളപ്പലിശയ്ക്കു പണം നല്‍കുന്ന ഗുജറാത്തി സഹോദരന്മാരുടെ സ്വകാര്യ ബാങ്കില്‍ ജോലി നോക്കുന്ന ബിയാസ്ഹാരയെ നാം പരിചയിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത്, കിഴക്കനാഫ്രിക്കയില്‍ തദ്ദേശീയരുടെമേല്‍ പിടിമുറുക്കിയ അധിനിവേശ ശക്തികളുടെ ആക്രമണവും അതേത്തുടര്‍ന്നുണ്ടായ നിരവധി വംശീയ പ്രതിസന്ധികളുമാണ് ജീവിതാനന്തരം എന്ന നോവലില്‍ വിവരിക്കപ്പെടുന്നത്.

ജീവിതാനന്തരം 

സാന്‍സിബറിലെ ക്വാസിമിന്റെ കുടുംബകഥ പറഞ്ഞുകൊണ്ട് കിഴക്കന്‍ ആഫ്രിക്കയുടെ  ജീവിതാവസ്ഥകളിലേക്ക് പ്രവേശിക്കുകയാണ് നോവലിസ്റ്റ്. ക്വാസിമിന്റെ പുത്രന്‍ ഖലീഫ, അമുര്‍ ബിയാസ്ഹാരയുടെ മകന്‍ നാസര്‍ ബിയാസ്ഹാര, ഹംസയുടെ മകന്‍ ഇല്യാസ് - ഇവരുടെ കുടുംബകഥകളില്‍ കേന്ദ്രീകരിച്ചാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. ഹംസ, ഇല്യാസ്, ഖലീഫ എന്നീ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളുടെ ചിത്രീകരണത്തിലൂടെ ആഫ്രിക്കയുടെ രാഷ്ട്രീയവും ചരിത്രവും അധിനിവേശത്തിന്റെ ആക്രമണോത്സുകതയും അതിന് ഇരകളായി മാറി ആത്മനാശം സംഭവിച്ചു വീണ്ടെടുക്കാനാവാത്ത ശൈഥില്യങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരു ജനതയെ നോവലില്‍ നാം കണ്ടുമുട്ടുന്നു. 

ജര്‍മന്‍കാര്‍ പട്ടണത്തിലെത്തിച്ചേര്‍ന്ന വര്‍ഷമാണ് ഒരു പ്രൈവറ്റ് ട്യൂട്ടറുടെ അടുക്കല്‍ ഖലീഫയുടെ പഠനം ആരംഭിക്കുന്നത്. ബുഷിരി കലാപം നടക്കുന്ന കാലമായിരുന്നു അത്.  

അമുര്‍ ബിയാസ്ഹാര തന്റെ കച്ചവടം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു. ഖലീഫ  ബിയാസ്ഹാരയുടെ കണക്കെഴുത്തുകാരനായി ജോലിയില്‍ പ്രവേശിക്കുന്നു. അറബുകളും വാസ്വാഹിലി തീരദേശ കച്ചവടക്കാരും ജര്‍മന്‍ അധിനിവേശത്തെ ചെറുത്തു. ജര്‍മന്‍, ബ്രിട്ടീഷ്, ഫ്രെഞ്ച്, ബെല്‍ജിയന്‍, പോര്‍ച്ചുഗീസ്, ഇറ്റലി എന്നീ സാമ്രാജ്യത്വ ശക്തികള്‍ നേരത്തേ തന്നെ ആഫ്രിക്കയുടെ മേല്‍ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. ജര്‍മന്‍ സാമ്രാജ്യം രൂപംകൊടുത്ത ഷുട്‌സ്ട്രൂപ്പ് എന്ന സേന ദേശവാസികളെ മര്‍ദ്ദിച്ചൊതുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ''കേണല്‍ വിസ്സ്മാന്റേയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ അസ്‌കാരി  എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ കൂലിപ്പടയാളികളുടെ സൈന്യമായ ഷുട്സ്ട്രൂപ്പ് അക്കാലത്ത് പിരിച്ചുവിട്ട, സുഡാനിലെ മഹ്ദിക്കെതിരെ ബ്രിട്ടീഷുകാരെ സേവിച്ചിരുന്ന നൂബി പടയാളികളും ഈസ്റ്റാഫ്രിക്കയിലെ തെക്കന്‍ പോര്‍ച്ചുഗീസുകാര്‍ റിക്രൂട്ട് ചെയ്ത ഷാംഗാന്‍ സുലുക്കളുമായിരുന്നു.'' (പുറം 11) ബ്രിട്ടീഷുകാരും ജര്‍മനിയും തമ്മിലുള്ള അധികാരത്തിനുവേണ്ടിയുള്ള കിടമത്സരവും യുദ്ധവും ഇറ്റലിയുടെ അബിസീനിയയ്ക്കു നേര്‍ക്കുള്ള ബലാല്‍ക്കാരവും ഒക്കെ നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്. 

സാമ്രാജ്യത്വം അതിന്റെ ക്രൂരതകള്‍ ആഫ്രിക്കയുടെമേല്‍ നാനാവിധമായി അഴിച്ചുവിട്ടപ്പോള്‍ ചെറുത്തു നില്‍പ്പിന്റെ സമരമുഖങ്ങളും പ്രവര്‍ത്തനനിരതമായി. അതില്‍, ഒരു പ്ലാന്റര്‍ ആയിരുന്ന അല്‍ ബുഷിരി ഇബ്ന്‍ സലിം അല്‍ ഹാര്‍ത്തിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപമായിരുന്നു പ്രധാനം. അറബുകളുടേയും സ്വാഹിലി വംശത്തിന്റേയും പിന്തുണയോടുകൂടി നടത്തിയ ഈ പ്രതിരോധം അല്‍ ബുഷിരി വിപ്ലവം എന്നറിയപ്പെട്ടു. ബുഷിരി വിപ്ലവം ടാന്‍ഗാ നഗരത്തിനു വടക്ക് ലിന്‍ഡി, തെക്ക് മികിന്‍ഡാനി എന്നിവിടങ്ങളിലേക്കും പെട്ടെന്നു വ്യാപിച്ചു. ബാഗമോയോയിലും ഡാര്‍- എസ്- സലാമിലും ഒഴികെ ജര്‍മന്‍ അധിനിവേശത്തിനു തിരിച്ചടിയുണ്ടായി. 1889-ല്‍ മൊംബാസയിലേക്കു രക്ഷപ്പെടുന്നതിനിടയില്‍ ബുഷിരിയെ പിടികൂടി കോര്‍ട്ട് മാര്‍ഷല്‍ ചെയ്യുകയും പാന്‍ഗാനിയില്‍ വച്ച് പരസ്യമായി കഴുവിലേറ്റുകയും ചെയ്തു. തുടര്‍ന്ന് ക്രമസമാധാനവും പരിഷ്‌കൃതിയും കൊണ്ടുവരാനുള്ള അവരുടെ ദൗത്യത്തിന്റെ അടയാളമായി അല്‍ ബുഷിരിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ബാഗമായോയിലെ കോട്ടയെ ഒരു ജര്‍മന്‍ കമാന്‍ഡ് പോസ്റ്റാക്കി മാറ്റി. ബാഗമായോ പഴയ കാരവന്‍ കച്ചവടത്തിന്റെ അതിര്‍ത്തികേന്ദ്രവും  കടല്‍ത്തീരത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമായിത്തീര്‍ന്നിരുന്നു. തുടര്‍ന്ന് നീണ്ട എട്ടു വര്‍ഷത്തെ യുദ്ധത്തിനു ശേഷം വാഹിഹി പ്രദേശം (Wahehe) കീഴടക്കുകയും വിപ്ലവകാരികളെ അടിച്ചമര്‍ത്തുകയും ചെയ്തു. വിജയോന്മാദത്തില്‍ ജര്‍മന്‍ അധികാരികള്‍ വാഹിഹി നേതാവ് മാക്വാവയെ ശിരച്ഛേദം ചെയ്ത്  വിജയമുദ്രയായി തല ജര്‍മനിയിലേക്ക് അയക്കുകയും ചെയ്തു. 

മാജി മാജി യുദ്ധത്തിന്റെ അവസാന കാലത്താണ് ഖലീഫയും ആഷയും വിവാഹിതരാകുന്നത്. കയറ്റുമതി ലാക്കാക്കി തദ്ദേശീയരെക്കൊണ്ട് പരുത്തിക്കൃഷി നിര്‍ബ്ബന്ധിതമായി ചെയ്യിക്കുന്ന ജര്‍മന്‍ അധികാരികളുടെ നയത്തിനെതിരായി നയിച്ച സമരമായിരുന്നു മാജി മാജി വിപ്ലവം. ഇസ്ലാമികവും അനിമിസ്റ്റിക്കു(സ്ഥലം, വസ്തുക്കള്‍, ഇതര ജീവജാലങ്ങള്‍ ഇവയ്ക്കെല്ലാം ആത്മീയതയുണ്ടെന്ന് അനിമിസ്റ്റുകള്‍ വിശ്വസിക്കുന്നു)മായിരുന്നു മാജി മാജി യുദ്ധം. ഈ വിപ്ലവത്തെ അങ്ങേയറ്റം കിരാതമായ വിധത്തിലാണ് ജര്‍മന്‍ അധീശവര്‍ഗ്ഗം അടിച്ചമര്‍ത്തിയത്. മിലിട്ടറി ശക്തികൊണ്ടു മാത്രം വിപ്ലവത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ അവര്‍ ജനങ്ങളെ പട്ടിണിയിലേക്കു തള്ളിവിട്ടു. ഗ്രാമങ്ങള്‍ ചുട്ടെരിച്ചു. കൃഷിയിടങ്ങള്‍ നശിപ്പിച്ചു. കളപ്പുരകള്‍ കൊള്ളയടിച്ചു. ആഫ്രിക്കക്കാരുടെ ശരീരങ്ങള്‍ പാതയോരങ്ങളിലെ കഴുമരങ്ങളില്‍ തൂങ്ങിയാടി. 

അബ്ദുൾ റസാഖ് ​ഗുർന
അബ്ദുൾ റസാഖ് ​ഗുർന

സ്വത്വാന്വേഷണത്തിന്റെ ആവിഷ്‌ക്കരണം

ഈ ക്രൂരതകള്‍ നടമാടിയിരുന്ന പ്രദേശത്തായിരുന്നു ഖലീഫയും ആഷയും ജീവിച്ചിരുന്നത്. സാമ്രാജ്യത്വ മോഹവുമായി ആഫ്രിക്കയിലെത്തിയ അധിനിവേശ ശക്തികളില്‍ ജര്‍മനിയാണ് ഏറ്റവും ഒടുവിലെത്തിയത്. പിടിച്ചടക്കിയ പ്രദേശത്തെ ജനങ്ങളെ നാഗരികതയിലേക്കു നയിക്കാന്‍ ശ്രമം നടത്തുന്നുണ്ട് അവര്‍. അക്രമംകൊണ്ടു മാത്രം അധിനിവേശം പുലരുകയില്ല എന്നു തിരിച്ചറിഞ്ഞ് മലേറിയ, കോളറ എന്നീ രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനു നടപടികള്‍ സ്വീകരിച്ചു അവര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളി, റോഡ് തുടങ്ങിയ പരിഷ്‌കാരത്തിന്റെ വേഷം എടുത്തണിയുകയും ചെയ്യുന്നതിലൂടെ മതിപ്പ് ഉളവാക്കാനുള്ള ശ്രമവും തുടര്‍ന്നു. 

നോവലില്‍ പ്രാതിനിധ്യ സ്വഭാവമുള്ള മറ്റൊരു പ്രധാന കഥാപാത്രമാണ് ഇല്യാസ്. പട്ടിണി നിമിത്തം വീടുവിട്ടുപോകുന്ന ഇല്യാസ് അമുര്‍ ബിയാസ്ഹാരയുടെ മരണത്തിനു തൊട്ടു മുന്‍പാണ് നഗരത്തിലെത്തുന്നത്. എഴുത്തും വായനയും അറിയുന്ന ഇല്യാസ് സിസാല്‍ എസ്റ്റേറ്റില്‍ ജോലിക്കു കയറുന്നു. ഖലീഫയുമായി ചങ്ങാത്തത്തിലായ ഇല്യാസ് അവന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബ്ബന്ധത്തിനു വഴങ്ങി സ്വന്തം ഗ്രാമത്തിലേക്ക് എത്തുന്നു. അപ്പന്‍ ഹസന്‍ രോഗം മൂര്‍ച്ഛിച്ച് മരണമടഞ്ഞിരുന്നു. ഇളയ മകള്‍ അഫിയയെ ബന്ധുക്കള്‍ക്ക് വളര്‍ത്താനേല്പിച്ച് അമ്മ മരിക്കുന്നു. ഇല്യാസ് അവിടെയെത്തുമ്പോള്‍ എട്ടു വയസ്സു മാത്രമുള്ള അഫിയ കഠിനമായ വീട്ടുവേലകള്‍ എടുക്കുന്ന കാഴ്ചയാണു കാണുന്നത്. യുഗോയുടെ പാവങ്ങളിലെ കൊസത്തിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് അഫിയ. അവളെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു ഇല്യാസ്. അയാള്‍ ജര്‍മന്‍ സൈന്യത്തില്‍ ചേരുമ്പോള്‍ വീണ്ടും അഫിയ അമ്മായിയുടെ അടുത്തേക്കു പോവുന്നു. അവള്‍ എഴുതുകയും വായിക്കുകയും ചെയ്യുമ്പോള്‍ അമ്മാവന്‍ ചോദിക്കുന്നുണ്ട്, 'Why does a girl need to write? So she can write to a pimp?'  (പുറം 41) തുടര്‍ന്ന് ഖലീഫ അവളുടെ സംരക്ഷണം ഏറ്റെടുക്കുന്നു.  

ജര്‍മന്‍ സൈന്യത്തില്‍ ചേര്‍ന്ന ഹംസ എന്ന യുവാവാണ് നോവലിലെ നായക കഥാപാത്രം. 'പാരഡൈസ്' എന്ന നോവലിലെ യൂസഫിനെ ഓര്‍മ്മിപ്പിക്കുന്നു ഹംസ എന്നു നിരൂപകര്‍ പറയുന്നു. സുമുഖനായ അയാളെ ജര്‍മന്‍ ഓഫീസര്‍ ലൈംഗിക ചൂഷണം ചെയ്യുന്നു. സൈനികര്‍ ഒരു പുരുഷ വാല്യക്കാരനെ വച്ചുപൊറുപ്പിക്കുന്നത് അവരുടെ ലൈംഗികദാഹം ശമിപ്പിക്കുന്നതിനാണ്! ജര്‍മന്‍ സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ മുറിവുകളോടെയാണെങ്കിലും ഹംസ രക്ഷപ്പെടുന്നു. ഈ ഹംസയാണ് അഫിയയെ വിവാഹം കഴിക്കുന്നത്. ഹംസയ്ക്കും അഫിയയ്ക്കും ജനിച്ച പുത്രന് അവളുടെ സഹോദരന്റെ പേരു തന്നെ നല്‍കുന്നു. ഇല്യാസ് ബാലനായിരിക്കുമ്പോള്‍ നടക്കുന്ന വഴിയില്‍ ഉച്ചത്തില്‍ സംസാരിക്കുമായിരുന്നു. ചിലപ്പോള്‍ മുറിയടച്ചിരുന്ന് സ്ത്രീകളുടെ ശബ്ദത്തില്‍ വിലപിക്കും.  ഹെര്‍ബലിസ്റ്റുകൂടിയായ ഒരു മന്ത്രവാദിനി അവന്റെ ഈ വൈകല്യത്തിനു ശമനമേകുന്നു. അവന്റെയുള്ളില്‍ പൊട്ടിവിടരാന്‍ വെമ്പിയ ഒരു കഥാകാരനെ ഇപ്രകാരം പ്രതീകഭംഗിയോടെ അവതരിപ്പിക്കുകയാണ് ഇവിടെ. പിന്നീട് അവന്‍ കഥകള്‍ എഴുതിത്തുടങ്ങി. കുട്ടിയുടെ സര്‍ഗ്ഗാത്മകത വികാസം പ്രാപിക്കുന്നതിനെ അതിമനോഹരമായാണ് നോവലില്‍ വിവരിക്കുന്നത്. ഹംസ പറയാറുണ്ടായിരുന്ന കഥകള്‍ അവനെ ആഴത്തില്‍ മഥിച്ചിരുന്നു. 'The boy has a rich imagination' ഖലീഫ അവന്റെ സര്‍ഗ്ഗാത്മകതയെ തിരിച്ചറിയുന്നുണ്ട്. ഗുര്‍നയുടെ ബാല്യത്തെത്തന്നെയാണ് നാം ഇവിടെ വായിക്കുന്നതെന്ന് നിസ്സംശയം പറയാം. 
 
ജര്‍മന്‍ സൈന്യത്തില്‍ ചേര്‍ന്ന അഫിയയുടെ സഹോദരന്‍ ഒരിക്കലും തിരിച്ചുവരുന്നില്ല. ഹംസയുടെ മകന് ജര്‍മനിയില്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ് കിട്ടുന്നു. അവന്‍ ഇല്യാസിനെ അന്വേഷിച്ച് ജര്‍മനിയില്‍ പലയിടത്തും അലയുന്നു. ഒടുവില്‍ ഏലിയാസ് എസ്സന്‍ എന്ന പേരില്‍ നാസികളുടെ സൈന്യത്താലുണ്ടായിരുന്നയാള്‍  ഇല്യാസ് തന്നെയാണെന്നു തിരിച്ചറിയുന്നു. ജര്‍മന്‍ യുവതിയെ വിവാഹം കഴിച്ച കുറ്റത്തിന് ജര്‍മനിയിലെ തടവറയില്‍ കഴിയവെ മകന്‍ പോളുമൊത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കൊല്ലപ്പെടുന്നു ഇരുവരും. 
    
ഇവിടെ നാം ശ്രദ്ധിക്കേണ്ടുന്ന കാര്യം  ഇല്യാസ് തന്റെ കുടുംബത്തിന്റെ, വിശാലമായ അര്‍ത്ഥത്തില്‍ വംശത്തിന്റെ വേരുകള്‍ അന്വേഷിച്ച് പഴയ ആഫ്രിക്കന്‍ ഗ്രാമത്തിലേക്കു പോവുന്നതും പില്‍ക്കാലത്ത് ഇല്യാസിനെ അന്വേഷിച്ച് ഹംസയുടെ മകന്‍ ഇല്യാസ് അലയുന്നതും ഒക്കെ ഈ സ്വത്വാന്വേഷണത്തിന്റെ തലത്തില്‍ വേണം മനസ്സിലാക്കുവാന്‍. നഷ്ടപ്പെട്ട വേരുകള്‍ തേടിയുള്ള യാത്രയായി പരിണമിക്കുകയാണ് ഗുര്‍നയുടെ സാഹിത്യ ജീവിതവും.

റഫറന്‍സ് 
1. After Lives - Abdulrazak Gurna - Bloomsbury publication
2. https://www.theguardian.com/books/oct/07/abdulrazak-gurnah-wins-the-2021nobel prize-in-literature.
3. https://www.nobelprize.org/prizes/literature/2021/bio-bibliography. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com