വെള്ളിയാഴ്ചയെ ഭയക്കുന്ന അഫ്ഗാനികള്‍

'ഇതാണ് സത്യം. ഇതു മാത്രമാണ് സത്യം' എന്ന നിലപാടിലേക്ക് ഏതെങ്കിലും മതവിഭാഗം നീങ്ങിയാല്‍ അവിടെ അപരമതപുച്ഛവും അസഹിഷ്ണുതയും ആവിര്‍ഭാവിക്കുക സ്വാഭാവികമാണ്
വെള്ളിയാഴ്ചയെ ഭയക്കുന്ന അഫ്ഗാനികള്‍

'ഇതാണ് സത്യം. ഇതു മാത്രമാണ് സത്യം' എന്ന നിലപാടിലേക്ക് ഏതെങ്കിലും മതവിഭാഗം നീങ്ങിയാല്‍ അവിടെ അപരമതപുച്ഛവും അസഹിഷ്ണുതയും ആവിര്‍ഭാവിക്കുക സ്വാഭാവികമാണ്. സത്യത്തിന്റെ കുത്തകയവകാശപ്പെടുന്നവര്‍ക്ക് അന്യമതവിഭാഗങ്ങള്‍ പിന്തുടരുന്നത് അസത്യമാണെന്നു വിചാരിക്കാനേ സാധിക്കൂ. തങ്ങള്‍ സത്യത്തിന്റെ പടയാളികളാണെന്നും അസത്യത്തിനെതിരെ അടരാടുകയെന്നത് തങ്ങളുടെ ധര്‍മ്മമാണെന്നുമുള്ള ധാരണയ്ക്ക് അത്തരക്കാര്‍ വശംവദരായാല്‍ അസത്യത്തിന്റെ അനുയായികളും പ്രചാരകരുമെന്നു തങ്ങള്‍ കരുതുന്നവര്‍ക്കെതിരെ അവര്‍ ആയുധമെടുക്കും.

അഫ്ഗാനിസ്താനില്‍ ഇപ്പോള്‍ നാം കാണുന്നത് അതാണ്. കഴിഞ്ഞ രണ്ടു വെള്ളിയാഴ്ചകളില്‍ (ഒക്ടോബര്‍ 8-നും 15-നും) ആ രാജ്യത്തെ രണ്ടു പ്രമുഖ ശിയ മുസ്ലിം പള്ളികളില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടന്നു. ഒക്ടോബര്‍ എട്ടിന് സ്ഫോടനമുണ്ടായത് കുണ്ടുസ് പ്രവിശ്യയുടെ തലസ്ഥാന നഗരമായ കുണ്ടുസില്‍ സ്ഥിതിചെയ്യുന്ന ശിയ പള്ളിയിലാണ്. പ്രസ്തുത ആക്രമണത്തില്‍ അറുപതിലേറെപ്പേര്‍ കൊല്ലപ്പെടുകയും ഒട്ടനവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 15-ന് കാണ്ഡഹാറിലെ ബീബി ഫാത്തിമ മസ്ജിദ് എന്നറിയപ്പെടുന്ന ശിയ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചത് 47 പേര്‍.

ശിയ മുസ്ലിങ്ങളുടെ പള്ളികളില്‍ വെള്ളിയാഴ്ച ദിവസം ജുമുഅ പ്രാര്‍ത്ഥനയ്ക്ക് വരുന്നവരെ വധിക്കാന്‍ ചാവേര്‍ സ്ഫോടനം ആസൂത്രണം ചെയ്തവര്‍ അമുസ്ലിങ്ങളൊന്നുമല്ല. മുസ്ലിങ്ങള്‍ തന്നെയാണവര്‍. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍ സുന്നി മുസ്ലിങ്ങള്‍. അഫ്ഗാനിസ്താനിലെ ഭൂരിപക്ഷ സമുദായം സുന്നി മുസ്ലിം സമുദായമാണ്. ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന ശിയ മുസ്ലിങ്ങള്‍ അന്നാട്ടിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമത്രേ. അവരില്‍ത്തന്നെ ഭൂരിഭാഗവും ഹസാര വംശത്തില്‍പ്പെട്ടവരാണ്.

ലോകത്താകമാനം സുന്നി മുസ്ലിങ്ങള്‍ ശിയ മുസ്ലിങ്ങളെ പൊതുവെ വിവേചന കണ്ണോടേയും അവജ്ഞയോടേയുമാണ് വീക്ഷിച്ചു പോന്നിട്ടുള്ളത്. തങ്ങള്‍ യഥാര്‍ത്ഥ ഇസ്ലാം എന്നു കരുതിപ്പോരുന്ന ഇസ്ലാമില്‍നിന്നു വ്യതിചലിച്ചവരാണ് ശിയ വിഭാഗം എന്നു സുന്നി വിഭാഗം വിലയിരുത്തുന്നു. മുസ്ലിങ്ങള്‍ക്കുവേണ്ടി പ്രത്യേകം സൃഷ്ടിക്കപ്പെട്ട പാകിസ്താനില്‍ പോലും ശിയ മുസ്ലിങ്ങള്‍ മുന്‍പെന്നപോലെ ഇപ്പോഴും പീഡിതരാണ്.

ശിയ മുസ്ലിങ്ങള്‍ക്കു നേരെ ആ രാജ്യത്ത് സുന്നി തീവ്രവാദികള്‍ നടത്തിയ പരശ്ശതം ആക്രമണങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. 2015-ല്‍ ഇറാഖ്-സിറിയ മേഖലയില്‍ ഇസ്ലാമിക് സ്റ്റെയ്റ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐ.എസ്.ഐ.എസ്) തേരോട്ടം നടത്തിയ നാളുകളില്‍ ക്രിസ്തുമതത്തിലും യസീദി മതത്തിലും പെട്ടവരെ മാത്രമല്ല, ശിയ ഇസ്ലാമില്‍പ്പെട്ടവരേയും വകവരുത്തേണ്ട ശത്രുക്കളായാണ് ആ ഭീകരവാദ പ്രസ്ഥാനം കണ്ടത്. നിരവധി ശിയ മുസ്ലിങ്ങള്‍ ഐ.എസ്. ഭീകരരുടെ തോക്കിനും വാളിനുമിരയാവുകയും ചെയ്തു.

കഴിഞ്ഞ ആഗസ്റ്റ് 15 തൊട്ട് അഫ്ഗാനിസ്താനില്‍ ഭരണചക്രം തിരിക്കുന്നത് താലിബാനാണെങ്കിലും മുകളില്‍ പറഞ്ഞ രണ്ടു ചാവേര്‍ സ്ഫോടനങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് അവരല്ല, മറിച്ച് ഐ.എസ്.ഐ.എസ് കിങ്കരന്മാരാണ്. ഇസ്ലാമിസ്റ്റ് സ്റ്റെയ്റ്റ് ഓഫ് ഖൊറാസാന്‍ (ഐ.എസ്.കെ) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതും ആറു വര്‍ഷം മുന്‍പ് അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇറാഖില്‍ കര്‍മ്മപഥത്തില്‍ കൊണ്ടുവന്നതുമായ ഐ.എസ്.ഐ.എസ്സിന്റെ ശാഖകളില്‍ ഒന്നാണ് ഈ സംഘം. അവരുടെ ദൃഷ്ടിയില്‍ അല്ലാഹു മുഹമ്മദ് നബിക്ക് നല്‍കിയ മതം സുന്നി ഇസ്ലാമാണ്. ശിയ ഇസ്ലാം വ്യാജ ഇസ്ലാമാണെന്നും അത് സുന്നി ഇസ്ലാമിന്റെ ശത്രുവാണെന്നും ഉറച്ചു വിശ്വസിക്കുന്ന ഐ.എസ്, ശിയ ഇസ്ലാമിനും അതിന്റെ അനുയായികള്‍ക്കുമെതിരേയുള്ള യുദ്ധത്തെ ദൈവമാര്‍ഗ്ഗത്തിലുള്ള വിശുദ്ധ യുദ്ധം (ജിഹാദ്) ആയാണ് പരിഗണിക്കുന്നത്.

ഇതു പറയുമ്പോള്‍ താലിബാന്‍ ശിയ ഇസ്ലാമിനെ അംഗീകരിക്കുന്ന സംഘടനയാണെന്നു കരുതരുത്. ആ സംഘടനയും സുന്നി ഇസ്ലാമിനെ മാത്രമാണ് ദൈവദത്തമായ സത്യമതമായി അടയാളപ്പെടുത്തുന്നത്. ശിയ ഇസ്ലാം ഉള്‍പ്പെടെ മറ്റെല്ലാ മതങ്ങളേയും താലിബാനും ചേര്‍ക്കുന്നത് ശത്രുമതപ്പട്ടികയില്‍ത്തന്നെയാണ്. ശിയ മുസ്ലിങ്ങളെ പൊതുവിലും ഹസാര വംശജരായ ശിയ മുസ്ലിങ്ങളെ വിശേഷിച്ചും ഉന്മൂലനാര്‍ഹരായ അവിശ്വാസികള്‍ (കാഫിറുകള്‍) ആയാണ് താലിബാന്‍ കണക്കാക്കിപ്പോരുന്നത് എന്നതിന്റെ തെളിവ് മുന്‍കാലത്ത് അവര്‍ ആ വിഭാഗത്തിനെതിരെ കൈക്കൊണ്ട ഹിംസാത്മക നടപടികള്‍ തന്നെ.

വേണ്ടത്ര ഇസ്ലാമികമല്ലേ താലിബാന്‍?

12-13 നൂറ്റാണ്ടുകളില്‍ ജീവിച്ച, മംഗോള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചെങ്കിസ്ഖാന്റെ വംശീയ പിന്മുറക്കാരാണ് ഹസാര ശിയാക്കള്‍ എന്നു പറയപ്പെടുന്നു. 16-ാം നൂറ്റാണ്ടിലാണ് അവര്‍ ശിയ ഇസ്ലാം സ്വീകരിച്ചത്. മധ്യ അഫ്ഗാനിസ്താനിലെ ഹസാരജത്ത് എന്ന മേഖലയില്‍ അധിവസിച്ചുപോന്ന അവരുടെ ഭാഷയുടെ പേര് ഹസാരഗി. മൂന്നേ മുക്കാല്‍ കോടി ജനസംഖ്യയുള്ള അഫ്ഗാനിസ്താനില്‍ 40 ലക്ഷത്തോളം ഹസാര ശിയ മുസ്ലിങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ജനസംഖ്യയുടെ 12 ശതമാനം വരും അവര്‍. ആ വിഭാഗത്തോട് താലിബാന്‍ വെച്ചുപുലര്‍ത്തിയ വെറുപ്പിന്റെ ആഴവും കാഠിന്യവും മനസ്സിലാക്കാന്‍ 1990-കളില്‍ താലിബാന്റെ കമാണ്ടറായിരുന്ന മൗലവി മുഹമ്മദ് ഹനീഫ് നടത്തിയ പ്രഖ്യാപനത്തിലേക്ക് നോക്കിയാല്‍ മതി. മൗലവി ഒട്ടും മനസ്സാക്ഷിക്കുത്തില്ലാതെ പറഞ്ഞു: ''ഹസാര ശിയാക്കള്‍ മുസ്ലിങ്ങളല്ല. അവരെ നിങ്ങള്‍ക്ക് കൊല്ലാം.'' കമാണ്ടറുടെ ഉത്തരവിന് പ്രായോഗിക രൂപം നല്‍കാന്‍ താലിബാന്‍ കാപാലികര്‍ രംഗത്തിറങ്ങി. ഹസാര ശിയാക്കളുടെ നേതാവായിരുന്ന അബ്ദുല്‍ മസാരിയെ 1995-ല്‍ അവര്‍ കൊലപ്പെടുത്തി.വധിക്കപ്പെട്ട തങ്ങളുടെ നേതാവിന്റെ പ്രതിമ ഹസാരകള്‍ സ്ഥാപിച്ചപ്പോള്‍ അത് ഇടിച്ചു തകര്‍ക്കുകയും ചെയ്തു താലിബാന്‍ ഗുണ്ടകള്‍. അവിടെ നിന്നില്ല അവരുടെ രോഷവാഴ്ച. ബാമിയാന്‍, യകാവോലാംഗ് എന്നിവിടങ്ങളില്‍ അവര്‍ ഹസാര ശിയ മുസ്ലിങ്ങളെ കൂട്ടക്കശാപ്പ് നടത്തി. 1998-ല്‍ മസാറെ ശരീഫ് എന്ന നഗരത്തില്‍ മൗലവി മുഹമ്മദ് ഹനീഫിന്റേയും മുല്ല ഉമറിന്റേയും പടയാളികള്‍ സംഹാരതാണ്ഡവമാടി. നൂറുകണക്കിന് ഹസാരെ ശിയാക്കളാണ് മസാറെ ശരീഫില്‍ നിഷ്‌കരുണം വധിക്കപ്പെട്ടത്.

ഹസാരകളോടുള്ള മനോഭാവത്തില്‍ ഇപ്പോള്‍ താലിബാന്‍ മാറ്റം വരുത്തിയിട്ടുണ്ടോ? തങ്ങളുടെ പ്രഥമവാഴ്ചക്കാലമായിരുന്ന 1996-2001-ല്‍ പ്രകടിപ്പിച്ച മതഭ്രാന്തില്‍നിന്നും ആശയകാര്‍ക്കശ്യത്തില്‍നിന്നും താല്‍ക്കാലികമായെങ്കിലും അല്പം പിന്നോട്ട് പോകാന്‍ പുതിയ കാലത്ത് താലിബാന്‍ നേതൃത്വം നിര്‍ബ്ബന്ധിക്കപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരവും പിന്തുണയും ലഭിക്കാതെ തങ്ങള്‍ക്ക് ഭരണരംഗത്ത് മുന്നോട്ടു പോകാനാവില്ലെന്ന തിക്തസത്യം അവര്‍ തിരിച്ചറിയുന്നു. ഹസാര ശിയാക്കളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും ലിബറല്‍ ചിന്താഗതിക്കാര്‍ക്കും നേരെ മുന്‍ ഭരണനാളുകളില്‍ അനുവര്‍ത്തിച്ച അതിപ്രാകൃത നയം പിന്തുടര്‍ന്നാല്‍ വൈദേശിക സഹായം ലഭിക്കില്ലെന്ന് താലിബാന്‍ തലവന്മാര്‍ക്കറിയാം. ഭരണരംഗത്ത് തുടരണമെങ്കില്‍ കുറച്ചുകാലത്തേക്കെങ്കിലും തെല്ലും മിതത്വം പാലിക്കാതെ നിവൃത്തിയില്ല എന്നിടത്താണ് ഇപ്പോള്‍ അവരുടെ നില്‍പ്പ്.

പക്ഷേ, താലിബാനെ അങ്ങനെ വിടാന്‍ ഇസ്ലാമിക് സ്റ്റെയ്റ്റ് ഓഫ് ഖൊറാസാന്‍ തയ്യാറല്ല. ആവശ്യമായ അളവില്‍ ഇസ്ലാമികമല്ല താലിബാന്‍ എന്നത്രേ ഐ.എസ് തീവ്രവാദികളുടെ നിലപാട്. പാന്‍ ഇസ്ലാമിസ്റ്റ് കാഴ്ചപ്പാടുള്ള അവര്‍ക്ക് അഫ്ഗാനിസ്താന്‍ ഒരു പരീക്ഷണശാലയാണ്. തങ്ങള്‍ നെഞ്ചേറ്റിയ അതിയാഥാസ്ഥിതികവും അപരമതദ്വേഷപരവുമായ സുന്നി ഇസ്ലാമിന്റെ ഭരണപരീക്ഷണാലയമായത്രേ അവര്‍ അഫ്ഗാനിസ്താനെ കാണുന്നത്. താലിബാന് പാന്‍ ഇസ്ലാമിസ്റ്റ് കാഴ്ചപ്പാടില്ല. പഷ്തു ഗോത്രീയതയും ഇസ്ലാമിസവും സമാസമം ചേര്‍ത്ത ഒരു ഭീകരവാദ പ്രത്യയശാസ്ത്രമാണ് അവരുടേത്. അതിനാല്‍ത്തന്നെ പഷ്തു ഗോത്രീയതയുടെ ഭാഗമല്ലാത്ത ഐ.എസ്സുകാരെ തങ്ങളുടെ സഹകാരികളാക്കുന്നതില്‍ അവര്‍ക്ക് പൊതുവെ വൈമുഖ്യമാണുള്ളത്.

എന്നുവെച്ച് ശിയ മുസ്ലിങ്ങള്‍ ഐ.എസ്സിനേക്കാള്‍ കുറഞ്ഞ ഭീഷണിയായി താലിബാനെ കാണുന്നു എന്നു കരുതേണ്ടതില്ല. ഇരു തീവ്രവാദ സംഘങ്ങളേയും പേടിച്ചുകഴിയുന്നവരാണ് യഥാര്‍ത്ഥത്തില്‍ അഫ്ഗാനിലെ ശിയ മുസ്ലിങ്ങള്‍. കഴിഞ്ഞ മേയില്‍ കാബൂളില്‍ ഹസാര ശിയാക്കള്‍ക്ക് മേധാവിത്വമുള്ള ദഷ്‌തെ ബര്‍ചി എന്ന പ്രദേശത്തുള്ള സ്‌കൂളിനു മുന്‍പില്‍ ഐ.എസ് ഭീകരര്‍ ബോംബാക്രമണം നടത്തിയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 60-ല്‍പ്പരം പേര്‍ക്കാണ്. അവരില്‍ മിക്കവരും ഹസാരാ ശിയാക്കളായിരുന്നു. ആ മനുഷ്യക്കുരുതിയെ അപലപിക്കുന്നതിനു പകരം ആഹ്ലാദിക്കുകയായിരുന്നു താലിബാനികള്‍. തങ്ങള്‍ ചെയ്യേണ്ടത് ഐ.എസ് ചെയ്തു എന്നതായിരുന്നു അവരുടെ മനോഭാവം.

ഈ ഭീതിദ യാഥാര്‍ത്ഥ്യങ്ങള്‍ തങ്ങളെ തുറിച്ചുനോക്കുന്ന ദുഃസ്ഥിതി നിലനില്‍ക്കെ അഫ്ഗാനിസ്താനിലെ ശിയ മുസ്ലിങ്ങള്‍ വെള്ളിയാഴ്ചകളെ ഭയന്നാണ് ഇപ്പോള്‍ കഴിയുന്നത്. പള്ളികളില്‍ സമൂഹപ്രാര്‍ത്ഥന നടക്കുന്ന വെള്ളിയാഴ്ചകളില്‍ ചാവേര്‍ സ്‌ഫോടനങ്ങളിലൂടെ തങ്ങള്‍ കൊല്ലപ്പെടാം എന്ന ഭയാശങ്ക ശിയ മുസ്ലിങ്ങളെ നിരന്തരം വേട്ടയാടുന്നു. ജീവനോടെ തിരിച്ചുപോരാം എന്ന ഉറപ്പോടെ മസ്ജിദിലേക്ക് കയറിച്ചെല്ലാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇന്നവര്‍. അറബി അനറബിയേക്കാളോ വെളുത്തവന്‍ കറുത്തവനേക്കാളോ ശ്രേഷ്ഠനല്ല എന്ന പ്രവാചക വചനം ഉദ്ധരിച്ച് മുഹമ്മദ് നബിയുടെ മാനവസമത്വബോധത്തിലും ഹൃദയവിശാലതയിലും അടിവരയിടുന്നവയാണ് എല്ലാ മുസ്ലിം സംഘടനകളും. നബിയുടെ ഹൃദയവിശാലതയെവിടെ, അദ്ദേഹത്തിന്റെ അനുയായിത്വം അവകാശപ്പെടുന്ന ഐ.എസ്സുകാരുടേയും താലിബാനികളുടേയും ഹൃദയവിശാലതയെവിടെ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com