'നിന്റെ ഭര്‍ത്താവിനെ പേടിച്ച് ഞങ്ങളെല്ലാം ക്ലബ്ബില്‍ നിന്നും മദ്യം തൊടാത്ത ഡ്രൈവറേയും കൊണ്ടാണ് ഇപ്പോള്‍ മടങ്ങുന്നത്'

By എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)  |   Published: 31st October 2021 12:43 PM  |  

Last Updated: 31st October 2021 12:43 PM  |   A+A-   |  

hemachandran

 

രാണ് ഈ സാധാരണക്കാരന്‍ (common man)? പ്രതിഭാശാലിയായിരുന്ന കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണ്‍ ഈ പ്രശ്‌നം അഭിമുഖീകരിച്ചിട്ടുണ്ട്. അരനൂറ്റാണ്ട് കാലം അദ്ദേഹത്തിന്റെ 'ദി കോമണ്‍മാന്‍' കാര്‍ട്ടൂണ്‍ നമ്മെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ഒരാളെ സാധാരണക്കാരന്‍ എന്ന് കരുതുമ്പോളായിരിക്കുമത്രേ അയാളുടെ വ്യക്തിത്വത്തിന്റെ മറ്റേതെങ്കിലും അംശമോ പുതിയ വിവരമോ ശ്രദ്ധയില്‍ വരുന്നത്. അതോടെ അയാളുടെ സാധാരണത്വം നഷ്ടമാകും. തിരുവനന്തപുരം നഗരത്തിലെ പൊലീസുകാര്‍ക്കും ഇതൊരു ദൈനംദിന പ്രശ്‌നമാണ്. അധികാരകേന്ദ്രങ്ങള്‍ ധാരാളമുള്ള ഒരിടമാണ് തിരുവനന്തപുരം. തലസ്ഥാന നഗരങ്ങളുടെ പൊതുസ്വഭാവം അതാണ്. അവിടെയാണ് ഗതാഗത നിയന്ത്രണം മുതല്‍ ക്രമസമാധാനപാലനം വരെയുള്ള ഉത്തരവാദിത്വം പൊലീസ് നിര്‍വ്വഹിക്കേണ്ടത്. നിയമം അതിനുള്ള അധികാരവും പൊലീസിനു നല്‍കിയിട്ടുണ്ട്. ഈ ചുമതല നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി പലതരത്തിലുള്ള ഇടപെടലുകള്‍ ദൈനംദിനം പൊലീസിനു നടത്തേണ്ടിവരും. അത് ഗതാഗത നിയമലംഘനമാകാം; വി.ഐ.പി സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശമാകാം; അങ്ങനെ പലതുമാകാം. 

നമ്മുടെ നാട്ടില്‍ നിയമത്തിന്റെ മുന്നിലെ തുല്യത എന്ന സങ്കല്പം നിയമപുസ്തകത്തില്‍ നിന്നിറങ്ങി പൊതുനിരത്തില്‍ കടക്കുന്നതോടുകൂടി അപ്രത്യക്ഷമാകുന്ന ഒന്നാണ്. ഒരു പ്രമുഖ വ്യക്തിയുടെ അനുഭവക്കുറിപ്പുകള്‍ വായിച്ചതോര്‍ക്കുന്നു. ഡല്‍ഹിയിലെ ഒരു നിര്‍ണ്ണായക സുരക്ഷാ പ്രതിസന്ധിഘട്ടത്തില്‍ തന്റെ വാഹനത്തിന്റെ പാസ്സ് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നേരെ തട്ടിക്കയറുന്നതില്‍ കാണിച്ച ഔത്സുക്യം അദ്ദേഹം ആവേശത്തോടെ വിവരിക്കുന്നുണ്ട്. അതേ വ്യക്തി വിദേശത്തുവച്ച് തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പിക്കാതെ, ഹോട്ടല്‍മുറിക്കു പുറത്തുകടന്നപ്പോള്‍ അത് ചൂണ്ടിക്കാട്ടിയ സുരക്ഷാ ഉദ്യോഗസ്ഥന്റെ കര്‍മ്മോന്മുഖതയെ പ്രശംസിക്കുമ്പോഴും ആവേശത്തിനു കുറവില്ല. നാട്ടിലാകുമ്പോള്‍ നിയമം സാധാരണക്കാരനു മാത്രം എന്ന് ആര്‍ക്കാണറിയാത്തത്? എന്നാല്‍, ആരാണ് ഈ സാധാരണക്കാരന്‍? അയാളെ എങ്ങനെ കണ്ടെത്തും എന്നതാണ് നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം. നഗരത്തില്‍ സാധാരണക്കാരില്‍ പലരും ഏതെങ്കിലും അധികാരകേന്ദ്രത്തിന്റെ ചുറ്റുവട്ടത്തിനുള്ളിലായിരിക്കും. അതോടെ അയാളെ സാധാരണക്കാരന്റെ ഗണത്തില്‍പ്പെടുത്തിയാല്‍ പൊലീസുകാരന്‍ പുലിവാല്‍ പിടിച്ചതുതന്നെ. 

ചെറിയ ഒരടിപിടി കേസുമായി ബന്ധപ്പെട്ട് എനിക്കൊരു ഫോണ്‍ വന്നു. ഉയര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് വിളിച്ചത്. പരാതിക്കാരന്റെ കേസില്‍ നടപടി വൈകിപ്പിക്കരുതെന്ന ന്യായമായ ആവശ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. അതുറപ്പാക്കാം എന്നു ഞാന്‍ പറഞ്ഞു. അദ്ദേഹം തൃപ്തനായില്ലെന്നു തോന്നി. പരാതിക്കാരന്‍ സെക്രട്ടറിയേറ്റിലെ ഒരു പ്യൂണ്‍ ആണെന്നു മാത്രമല്ല, അയാള്‍ അവിടെ ഏതോ ഒരു സംഘടനയുടെ ഭാരവാഹിയാണെന്നും ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ എനിക്ക് തലവേദനയാകുമെന്നും ഓര്‍മ്മിപ്പിച്ചു. കേട്ടാല്‍ തോന്നുക എന്റെ തല സംരക്ഷിക്കാന്‍ അദ്ദേഹം സഹായിക്കുകയാണെന്ന്.

അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് വഴങ്ങാത്തവര്‍

ഇന്ന് സര്‍വ്വവ്യാപിയായ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍, സി.സി. ടിവി, സ്പീഡ് ക്യാമറ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പണ്ടില്ലല്ലോ. അങ്ങനെയാകുമ്പോള്‍ പൊതുനിരത്തുകളിലും സ്വകാര്യയിടങ്ങളിലും പൊലീസ് നടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ച് ആക്ഷേപമുണ്ടായാല്‍ സ്വതന്ത്രമായി നിജസ്ഥിതി അറിയാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവരും. പ്രശ്‌നങ്ങള്‍ രൂക്ഷമാകുക ട്രാഫിക്ക് നിയമങ്ങള്‍ നടപ്പാക്കുന്നതിലാണ്. ഒരു ദിവസം ഉച്ചസമയത്ത് ട്രാഫിക്ക് സി.ഐ. ഗിരീശന്‍ വയര്‍ലെസ്സില്‍ ട്രാഫിക്ക് പൊലീസ് സ്റ്റേഷനെ വിളിക്കുന്നതു കേട്ടു. തമ്പാനൂരില്‍ ഗതാഗതതടസ്സം സൃഷ്ടിക്കുന്ന ഒരു മാരുതി കാര്‍ നീക്കാന്‍ അടിയന്തര ഇടപെടല്‍ വേണം എന്ന് ആവശ്യപ്പെടുകയാണ്. ഡ്രൈവര്‍ കാറിലില്ലെന്നും അടുത്ത സീറ്റിലിരിക്കുന്ന സ്ത്രീ പൊലീസിനോടും നാട്ടുകാരോടും തട്ടിക്കയറുകയാണെന്നും പറയുന്നതു കേട്ടു. സംഭാഷണം കേട്ടാല്‍ ആ ഉദ്യോഗസ്ഥന്‍ സംഘര്‍ഷത്തിന്റെ നടുവിലാണെന്നു വ്യക്തം. തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു ഗിരീശന്‍. ട്രാഫിക്ക് തടസ്സങ്ങളും പൊലീസ് ഇടപെടലും ചില്ലറ തര്‍ക്കങ്ങളും നിത്യ സംഭവമായതുകൊണ്ട് ഞാനതു കൂടുതല്‍ ശ്രദ്ധിച്ചില്ല. 

എന്നാല്‍, തൊട്ടടുത്ത ദിവസം ഒരു പ്രധാന പത്രത്തിന്റെ ഒന്നാം പേജില്‍ ഈ സംഭവം വലിയ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടു. വാര്‍ത്ത ട്രാഫിക്ക് പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു ആക്ഷേപം. തമ്പാനൂര്‍ പോലെ തിരക്കുള്ള സ്ഥലത്ത് തെറ്റായി വാഹനം പാര്‍ക്ക് ചെയ്ത്, വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനെക്കുറിച്ചൊന്നും വാര്‍ത്തയില്‍ പറഞ്ഞില്ല. കാറിലിരുന്ന പെണ്‍കുട്ടി കേരളത്തിനു പുറത്ത് ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥിനിയും ഒരു ഉയര്‍ന്ന സൈനികോദ്യോഗസ്ഥന്റെ മകളുമാണെന്നും പരാമര്‍ശിച്ചിരുന്നു. വാര്‍ത്ത കണ്ടപ്പോള്‍ തലേ ദിവസം ഞാന്‍ വയര്‍ലെസ്സില്‍ കേട്ട സംഭാഷണം ഓര്‍ത്തു. കൂടുതല്‍ അന്വേഷിച്ചതില്‍ വാര്‍ത്ത വല്ലാതെ വളച്ചൊടിച്ചതും ഏകപക്ഷീയവുമാണെന്നും വ്യക്തമായിരുന്നു. മാര്‍ഗ്ഗതടസ്സം നീക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനോട് ഇംഗ്ലീഷും മലയാളവും കലര്‍ത്തി ധിക്കാരപരമായാണ് കാറിലുണ്ടായിരുന്ന സ്ത്രീ സംസാരിച്ചത്. സൈന്യത്തിലുള്ള തന്റെ അച്ഛനേക്കാള്‍ താഴ്ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോസ്ഥന്‍ എന്ന ചിന്ത അവരുടെ പെരുമാറ്റത്തെ സ്വാധീനിച്ചിരുന്നപോലെ തോന്നി. അത് അവിടെ കൂടിയ ആളുകളെ പ്രകോപിപ്പിച്ചുവെന്നാണ് മനസ്സിലായത്. തികഞ്ഞ സത്യസന്ധനും മാന്യനുമായ ആ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചുള്ള വാര്‍ത്തയ്ക്കു പിന്നില്‍ എന്തോ ഒരു സ്വാധീനം പ്രവര്‍ത്തിച്ചിരിക്കണം എന്നു തോന്നി. അല്ലെങ്കില്‍ പൊതുഇടത്തുവെച്ച് ധാരാളം ആളുകളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഒരു കാര്യത്തില്‍ അത്രയ്ക്ക് തെറ്റിദ്ധാരണ ഉണ്ടാകുവാന്‍ ബുദ്ധിമുട്ടാണ്. സത്യസന്ധനായ ആ ഉദ്യോഗസ്ഥനെക്കുറിച്ച് പരാതി ഉണ്ടായിരുന്നത് സ്ഥാപിതതാല്പര്യക്കാരായ ഏതാനും സ്വകാര്യ ബസ് ഉടമകള്‍ക്കു മാത്രമായിരുന്നു. അയാള്‍ കേസെടുത്താല്‍ ഒരു 'അഡ്ജസ്റ്റ്‌മെന്റി'നും തയ്യാറാകില്ലത്രെ. അത് വലിയ പാതകമാണല്ലോ. മറ്റു പലരും അഴിമതിക്ക് കൂട്ടുനിന്ന് കേസ് ഒഴിവാക്കുന്നു; ഈ ഉദ്യോഗസ്ഥന്‍ വഴങ്ങുന്നില്ല എന്നതാണ് പ്രശ്നം. 

നഗരത്തില്‍ പിന്നെയും ധാരാളം 'അഡ്ജസ്റ്റുമെന്റുകളെ'ക്കുറിച്ചു കേട്ടു. ഒരു ബാര്‍ ഹോട്ടലുടമ ആയിടെ ഓഫീസില്‍ വച്ച് എന്നെ കണ്ടു. അടുത്ത ബന്ധു ഉള്‍പ്പെട്ട കേസിനെക്കുറിച്ച് ചില പ്രശ്‌നങ്ങളുമായാണ് അദ്ദേഹം വന്നത്. പറഞ്ഞ കാര്യം കേട്ടപ്പോള്‍ അതിന്റെ മാനുഷിക വശം എനിക്ക് ബോദ്ധ്യപ്പെട്ടു. അതിനുശേഷം അബ്കാരി മേഖലയും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചു. പല ഉദ്യോഗസ്ഥര്‍ക്കും നിശ്ചിത നിരക്കില്‍ മാസം തോറും പണം നല്‍കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, എല്ലാ ഉദ്യോഗസ്ഥരും അത്തരക്കാരായിരുന്നില്ല. അക്കാര്യത്തില്‍ സഹപ്രവര്‍ത്തകരെക്കുറിച്ച് എനിക്കുണ്ടായിരുന്ന വിലയിരുത്തലും അദ്ദേഹം പറഞ്ഞതും ഏതാണ്ട് പൊരുത്തപ്പെട്ടു, ഒരാളുടെ കാര്യത്തിലൊഴികെ. ആ ഉദ്യോഗസ്ഥനോട് ഇക്കാര്യം വ്യംഗ്യമായി സൂചിപ്പിച്ചപ്പോള്‍ മുഖം വല്ലാതെ വിളറിയത് ഞാന്‍ കണ്ടു. പിന്നീട് അയാള്‍ തെറ്റായ പ്രലോഭനത്തെ ചെറുത്തു എന്നാണെന്റെ ധാരണ. ''എന്തുകൊണ്ട് നിങ്ങള്‍ ഇങ്ങനെ പണം കൊടുക്കുന്നു? അല്ലാതെ ബിസിനസ്സ് നടത്തിക്കൂടെ?'' എന്ന് ഹോട്ടലുടമയോട് ചോദിച്ചു. ''സാര്‍, ഒരു മാസം അല്പം വൈകിയാല്‍ മതി, ബാറിനു മുന്നില്‍ പൊലീസ് ജീപ്പിട്ട് വാഹന പരിശോധന തുടങ്ങും. പിന്നെ അവിടെ ബിസിനസ്സ് നടക്കുമോ? അതുകൊണ്ട് പൊലീസുമായി ഒരു 'അഡ്ജസ്റ്റുമെന്റി'ല്ലാതെ ഈ ബിസിനസ്സ് ഒരടി മുന്നോട്ട് പോകില്ല.'' എന്നായിരുന്നു മറുപടി.

അധികം വൈകാതെ ഈ 'അഡ്ജസ്റ്റ്മെന്റ്' നേരിട്ട് എന്റെ വഴിയും വന്നു. അപ്പോഴേയ്ക്ക് ഞാന്‍ വീണ്ടും വിജിലന്‍സിലെത്തിയിരുന്നു. ആലപ്പുഴയില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ച ഡോക്ടര്‍ സുരേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിയ വിവരം ഞാനറിഞ്ഞു. ഡോക്ടറുമായി അടുപ്പമുണ്ടായിരുന്ന, അന്ന് ഡി.ഐ.ജി ആയിരുന്ന സെന്‍കുമാര്‍ സാറിനെ ഇക്കാര്യം അറിയിക്കാന്‍ ഞാന്‍ ഫോണ്‍ വിളിച്ചു. കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു: ''ജില്ലയിലേക്ക് ഒരു എസ്.പി വേണം; ഹേമചന്ദ്രനാണ് പറ്റിയ ആളെന്ന് ഡി.ജി.പി പറഞ്ഞു; പക്ഷേ, ഹേമചന്ദ്രന്‍ തിരുവനന്തപുരം വിടില്ലെന്നും അദ്ദേഹം പറഞ്ഞു.'' അതെന്നെ പ്രകോപിപ്പിച്ചു. ''ഏതെങ്കിലും സ്ഥലത്തേ ജോലി ചെയ്യൂ എന്ന് ഞാനിന്നേവരെ ആരോടും പറഞ്ഞിട്ടില്ല;'' അല്പം ധാര്‍മ്മിക രോഷം മറുപടിയിലുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ അക്കാര്യം ഡി.ജി.പിയോട് സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത ദിവസം അദ്ദേഹം എന്നെ ഫോണ്‍ ചെയ്തു. ''ഹേമചന്ദ്രാ, അത് നടക്കത്തില്ല; ഞാന്‍ ഡി.ജി.പിയെ കണ്ട് കാര്യം പറഞ്ഞു. അദ്ദേഹം ഉടന്‍ ആരെയോ ഫോണ്‍ ചെയ്ത് സംസാരിച്ചു. സംഭാഷണത്തിനിടയില്‍ 'അഡ്ജസ്റ്റ്മെന്റ്', 'അഡ്ജസ്റ്റ്മെന്റ്' എന്ന് രണ്ട് മൂന്ന് പ്രാവശ്യം പറയുന്നത് കേട്ടു. ഫോണ്‍ വെച്ച ശേഷം 'അത് നടക്കില്ല' എന്നുമാത്രം ഡി.ജി.പി പറഞ്ഞു.'' 'അഡ്ജസ്റ്റ്മെന്റ്' പരീക്ഷയില്‍ എനിക്ക് പാസ്സ് മാര്‍ക്ക് കിട്ടിയില്ലെന്നു തോന്നുന്നു. എ പ്ലസ് മിടുക്കന്മാരുടെ ബാഹുല്യം അവിടെയും ഉണ്ടായിരുന്നിരിക്കണം. 

'അഡ്ജസ്റ്റ്‌മെന്റ്' ഇല്ലാത്ത മേഖലകള്‍ കുറവാണെന്നു തോന്നുന്നു. ഭരണം മുതല്‍ സിനിമ വരെ അത് നീളുന്നു. ലോകം മുന്നോട്ടുപോകുന്നത് അതിന്മേലാണ്. വൈകാതെ ഈ വാക്ക് മലയാളം നിഘണ്ടുവില്‍ സ്ഥാനം പിടിക്കും. ''ഇംഗ്ലീഷില്‍നിന്ന് മലയാള ഭാഷയ്ക്ക് ലഭിച്ച പദം; അധാര്‍മ്മികമോ അസാന്മാര്‍ഗ്ഗികമോ ആയ നേട്ടത്തിനുവേണ്ടിയുള്ള പരസ്പര സഹകരണം'' എന്നായിരിക്കും വ്യാഖ്യാനം. 

ടിപി സെൻകുമാർ

സീറ്റില്ല, ബസ് കസ്റ്റഡിയില്‍ 

അഡ്ജസ്റ്റ്മെന്റ് വിരുദ്ധനായ ട്രാഫിക് ഇന്‍സ്പെക്ടറെ പ്രതിക്കൂട്ടിലാക്കിയ വാര്‍ത്താപ്രശ്നം പരിഹാരമാകാതെ നില്‍ക്കുകയാണ്. ശരിതെറ്റുകളൊന്നും നോക്കാതെ തല്‍ക്കാലം കുറുക്കുവഴി അയാളെ സസ്പെന്‍ഡ് ചെയ്യുകയാണ്. വെറും അഡ്ജസ്റ്റ്മെന്റ്. തങ്ങളുടെ വാര്‍ത്തയ്ക്ക് ഉടന്‍ പ്രതികരണമുണ്ടായി എന്നത് ഒരു ദിവസം ആ പത്രവും ആഘോഷിക്കും. പിന്നീട് അയാളെ തിരിച്ചെടുക്കുകയോ പ്രമോട്ട് ചെയ്യുകയോ എന്തുമാകാം. അതാരും കാര്യമായെടുക്കാറില്ല. ഞങ്ങളേതായാലും കുറുക്കുവഴി സ്വീകരിച്ചില്ല. ഉദ്യോഗസ്ഥനെതിരെ വന്ന ആക്ഷേപം നിഷേധിച്ച്, ഗതാഗതപ്രശ്‌നം സൃഷ്ടിച്ച സംഭവത്തിന്റെ വിവരങ്ങള്‍ ചേര്‍ത്ത് പൊലീസ് ഔദ്യോഗികമായിത്തന്നെ ആ വാര്‍ത്ത നിഷേധിച്ചു. മറ്റെല്ലാ പത്രങ്ങള്‍ക്കും അത് ബോധ്യപ്പെട്ടു. ആക്ഷേപകരമായ വാര്‍ത്ത നല്‍കിയ പത്രം ഒറ്റപ്പെട്ടു. വാര്‍ത്ത, ന്യായീകരിക്കാനാവാത്തവിധം പൊലീസ് വിരുദ്ധമായെന്ന് അതെഴുതിയ ലേഖകനും തോന്നിയിരിക്കണം. അക്കാര്യത്തില്‍ പൊലീസിന്റെ ഭാഗം വിശദമായി നല്‍കാമെന്നു പറഞ്ഞ് ആ ലേഖകന്‍ എന്നെ വിളിച്ചു. വ്യക്തിപരമായി ഒരു ഉദ്യോഗസ്ഥന് ആക്ഷേപകരമായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് അയാളുടെ ഭാഗംകൂടി കേള്‍ക്കേണ്ടതായിരുന്നില്ലേ മാധ്യമധര്‍മ്മം എന്നുമാത്രം സൗമ്യമായി ഞാന്‍ ചോദിച്ചു. ആ വിഷയം അങ്ങനെ അവസാനിച്ചു. 

ഇങ്ങനെ അനര്‍ഹമായ ആക്ഷേപങ്ങള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ ഉണ്ടാകാമെങ്കിലും അതിനൊരു മറുവശം കൂടിയുണ്ട്. വിമര്‍ശനമര്‍ഹിക്കുന്ന, ഗൗരവമുള്ള കാര്യങ്ങള്‍ പലതും മാധ്യമശ്രദ്ധ കിട്ടാതെ പോകുന്നുമുണ്ട്. കാരണങ്ങള്‍ പലതാകാം. അത്തരമൊരു സംഭവം എന്റെ ശ്രദ്ധയില്‍പ്പെട്ടത് സിറ്റി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ മുഖേനയാണ്. സംഭവം നടന്നത് രാത്രിയിലാണ്. തമ്പാനൂരില്‍നിന്നും കേരളത്തിനകത്തും പുറത്തുമുള്ള മറ്റു നഗരങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യവാഹനങ്ങള്‍ അന്നുണ്ട്. ഇന്നും അതുണ്ട്. ഈ വാഹനങ്ങള്‍ കോണ്‍ട്രാക്റ്റ് ക്യാരേജ് എന്ന ഇനത്തില്‍ വരുന്നതാണ്. അതായത് സാധാരണ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പോലെ ഓരോയിടത്ത് നിര്‍ത്തി ആളെ കയറ്റാനും ഇറക്കാനും അവയ്ക്കനുമതിയില്ല. ഗതാഗതമേഖലയില്‍ പൊതുജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സാധാരണയായി പൊലീസിലേയും ഗതാഗതവകുപ്പിലേയും ഉദ്യോഗസ്ഥര്‍ മറ്റു പരാതികളില്ലെങ്കില്‍ ഇവയുടെ ഓട്ടത്തില്‍ ഇടപെടാറില്ല. എന്നാല്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു വരുമാന മാര്‍ഗ്ഗവുമാണ്. നേരത്തെ സൂചിപ്പിച്ച 'അഡ്ജസ്റ്റ്മെന്റ്' തന്നെ. അങ്ങനെയിരിക്കെ ഒരു ദിവസം അര്‍ദ്ധരാത്രി കഴിഞ്ഞ നേരത്ത് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന ഒരു ഡി.വൈ.എസ്.പി എറണാകുളത്ത് പോകുവാനായി അത്തരം ഒരു ബസില്‍ കയറി. അദ്ദേഹം കയറുമ്പോള്‍ത്തന്നെ ബസ്, യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. അദ്ദേഹത്തിനു ലഭിച്ചത് ബസിന്റെ പിന്നിലെ സീറ്റാണ്. കണ്ടക്ടറുടെ കുഴപ്പമല്ല; അതുമാത്രമേ ഒഴിവുണ്ടായിരുന്നുള്ളു. ബസ് എറണാകുളത്തിനാണ് പോകേണ്ടത്. ഡി.വൈ.എസ്.പി മുന്‍വശത്ത് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബസ് പുറപ്പെട്ടു കഴിഞ്ഞിരുന്നു. പാവം കണ്ടക്ടര്‍ മുന്‍സീറ്റിലിരുന്ന പലരോടും പറഞ്ഞുനോക്കിയെങ്കിലും ആരും വഴങ്ങിയില്ല. അവരെ തെറ്റുപറയാന്‍ കഴിയില്ലല്ലോ. ബസില്‍ സീറ്റിന്റെ കാര്യത്തില്‍ ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്കല്ലേ പ്രത്യേക പരിഗണനയ്ക്ക് അര്‍ഹതയുള്ളു. ആഗ്രഹിച്ച സീറ്റ് ലഭിക്കാതെ വന്നപ്പോള്‍ ഡി.വൈ.എസ്.പിക്ക് ദേഷ്യം വന്നിരിക്കണം. അദ്ദേഹം യാത്ര തുടരുന്നില്ലെന്ന് കണ്ടക്ടറോട് പറഞ്ഞു. കേശവദാസപുരം കഴിഞ്ഞപ്പോള്‍ ബലമായി ബസ് നിര്‍ത്തിച്ച് പുറത്തിറങ്ങി. പിന്നീട് അദ്ദേഹം ചെയ്തത് നേരെ കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ ചെയ്ത് താന്‍ കയറിയ വാഹനത്തിന്റെ വിവരം നല്‍കി. ആ ബസ് കോണ്‍ട്രാക്റ്റ് ക്യാരേജ് വ്യവസ്ഥ ലംഘിച്ച് ഓടുകയാണെന്നും ഉടന്‍ കസ്റ്റഡിയിലെടുത്ത് കന്റോണ്‍മെന്റില്‍ കൊണ്ടിടണമെന്നും നിര്‍ദ്ദേശിച്ചു. സമയം രാത്രി ഒരുമണി കഴിഞ്ഞിരുന്നു. കണ്‍ട്രോള്‍ റൂം അതുതന്നെ ചെയ്തു. ഒരു പൊലീസ് വാഹനം ആ ബസ് മെഡിക്കല്‍ കോളേജിനടുത്തുവെച്ച് തടഞ്ഞ് പൊലീസ് സ്റ്റേഷനിലേക്കയച്ചു. യാത്രക്കാരനായി ബസില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥന്‍, ഇഷ്ടപ്പെട്ട ഇരിപ്പിടം കിട്ടാതെ വന്നപ്പോള്‍ പുറത്തിറങ്ങി 'നിയമപാലക'നായി അതേ വാഹനം കസ്റ്റഡിയിലെടുക്കുകയാണ്. അസമയത്ത് അതിലെ യാത്രക്കാര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് അശേഷം ചിന്തിച്ചില്ല. സ്വന്തം 'അധികാരത്തിന്റെ വലിപ്പം' ബസ് ജീവനക്കാരേയും ഉടമയേയും അറിയിക്കണമല്ലോ. ഈ സംഭവത്തില്‍ ഒരു പരാതിയും എനിക്കു കിട്ടിയില്ല. അതെന്നെ അത്ഭുതപ്പെടുത്തി. ഇങ്ങനെ എന്തും സഹിക്കുന്ന സാധാരണ മനുഷ്യരും ധാരാളമുണ്ട്. അല്ലെങ്കില്‍ പരാതിപ്പെട്ടാല്‍ അതും പുലിവാലാകുമോ എന്ന ഉല്‍ക്കണ്ഠയാണോ എന്നറിയില്ല. അതല്പം അസാധാരണമായിരുന്നു. ഒരു പത്രവും ഇതേക്കുറിച്ചെഴുതിയില്ല. അവര്‍ അറിഞ്ഞിട്ടുണ്ടാകില്ല. 

വിവരം സ്പെഷല്‍ ബ്രാഞ്ചുകാര്‍ എന്നോട് പറഞ്ഞപ്പോള്‍ അത് കടുത്ത അധികാര ദുര്‍വിനിയോഗം ആണെന്ന് എനിക്കു തോന്നി. അതിന്മേല്‍ ഒരന്വേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടവരൊന്നും സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. 'വ്യവസായ സൗഹൃദം' എന്ന പ്രയോഗം പോലും നിലവില്‍ വന്നിട്ടില്ലാത്ത കാലമാണത്. പൊലീസിനെതിരെ അവരെങ്ങനെ മൊഴി നല്‍കും? അവര്‍ക്കും ശീലം 'അഡ്ജസ്റ്റുമെന്റ്' തന്നെ ആയിരുന്നിരിക്കണം. ഇത്തരത്തിലുള്ള അധികാര പ്രയോഗം ആ രാത്രിയില്‍ യാത്രക്കാര്‍ക്കുണ്ടാക്കിയ ദുരിതമാണ് ഗൗരവമായി തോന്നിയത്. പരാതിയൊന്നും ആരും പറഞ്ഞിരുന്നില്ലെങ്കിലും സംഭവം മാധ്യമങ്ങളിലൊന്നിലും വന്നില്ലെങ്കിലും അതിന്മേല്‍ ഞാന്‍ ഡി.ജി.പിക്കൊരു റിപ്പോര്‍ട്ട് അയച്ചു. വസ്തുതകള്‍ വിശദീകരിച്ച ശേഷം തെളിവുനല്‍കാന്‍ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തില്‍ ആ ഉദ്യോഗസ്ഥനെ ഇത്തരം അധികാര ദുര്‍വിനിയോഗത്തിനു സാദ്ധ്യതയില്ലാത്ത ഏതെങ്കിലും തസ്തികയിലേയ്ക്ക് മാറ്റണം എന്നായിരുന്നു ശുപാര്‍ശ. പക്ഷേ, നടപടിയൊന്നും കണ്ടില്ല. റിപ്പോര്‍ട്ട് അയച്ചശേഷം അതിനു പുറകെ പിന്തുടര്‍ന്നു പോകുന്ന രീതി എനിക്കില്ലായിരുന്നു. അങ്ങനെ ഞാനതങ്ങ് മറന്നു. മാസങ്ങള്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും വിജിലന്‍സിലേയ്ക്ക് മാറി. അവിടെയിരിക്കെ എനിക്ക് പഴയ ഡി.വൈ.എസ്.പിയുടെ ഫോണ്‍ വന്നു. ''എന്നെ സസ്പെന്റ് ചെയ്യാന്‍ സാര്‍ റിപ്പോര്‍ട്ടെങ്ങാനും അയിച്ചിരുന്നോ?'' എന്നു ചോദിച്ചു. സസ്പെന്റ് ചെയ്യാന്‍ റിപ്പോര്‍ട്ട് അയച്ചില്ലെന്നും എന്നാല്‍ സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ഒരു റിപ്പോര്‍ട്ട് അയിച്ചിരുന്നുവെന്നും അതിന്റെ വസ്തുതകളും പറഞ്ഞുകൊടുത്തു. അതിന്മേലായിരിക്കണം, അയാള്‍ സസ്പെന്‍ഷന്‍ ആയതായി സെക്രട്ടറിയേറ്റില്‍നിന്നും അറിഞ്ഞുവത്രേ. സര്‍ക്കാര്‍ തീരുമാനം എന്റെ ശുപാര്‍ശയ്ക്കുമപ്പുറമായിരുന്നുവെങ്കിലും അത് അധികമാണെന്നു തോന്നിയില്ല. അതെന്തുകൊണ്ട് ഇത്ര വൈകി എന്നുമാത്രം മനസ്സിലായില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന കണ്ടെത്തല്‍ നടത്തിയ അജ്ഞാത പ്രതിഭയോട് ബഹുമാനം തോന്നി.

സ്ഥാനമോ വലിപ്പമോ ഒന്നും നോക്കാതെ ആരായാലും നിയമനടപടി കൃത്യമായി സ്വീകരിക്കണമെന്നും പൊലീസിന്റെ പെരുമാറ്റം അന്തസ്സുള്ളതായാല്‍ മാത്രം മതി എന്നും നിരന്തരം ഉദ്യോഗസ്ഥരോട് പറയാറുണ്ടായിരുന്നു. പക്ഷേ, 'നാട്ടില്‍ പ്രഭുക്കളെ കണ്ടാലറി'യുന്ന പ്രായോഗിക ജ്ഞാനമുള്ള ഉദ്യോഗസ്ഥര്‍ അന്നും 'അഡ്ജസ്റ്റ്മെന്റുകള്‍' ചിലത് നടത്തുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ന്യൂനതയ്ക്കപ്പുറം അതിനൊരു പൊതു സ്വഭാവം കൂടി ഉണ്ടായിരുന്നു. ഉദാഹരണത്തിന് മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നൊരു നിര്‍ദ്ദേശം നല്‍കിയപ്പോളെല്ലാം പരിശോധന മിക്കവാറും ചാരായഷാപ്പിന്റെ പരിസരത്തായി ചുരുങ്ങി. അന്ന് ചാരായം നിരോധിച്ചിരുന്നില്ല. അപൂര്‍വ്വമായി ഏതെങ്കിലും ബാര്‍ ഹോട്ടലും പരിശോധനയ്ക്ക് വിധേയമാകാം. പക്ഷേ, പ്രധാന ഹോട്ടലുകളോ വലിയ ബാറുകളോ ഒരു കാരണവശാലും ആരും തിരഞ്ഞെടുക്കില്ല. വന്‍കിട ക്ലബ്ബുകളും പരിധിക്കു പുറത്തായിരുന്നു. മദ്യപാനികള്‍ക്കിടയിലും അലിഖിതമായൊരു 'ജാതിവ്യവസ്ഥ' നിലവിലുണ്ടെന്നു തോന്നി. അക്കാലത്ത് ഞാനൊരു ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തത് ഓര്‍ക്കുന്നു. ഞങ്ങള്‍ കണ്ടെത്തിയത് മദ്യപാനികള്‍ മൂന്നു തരമാണ്. ഒന്നാമത്തേത് കള്ളുഷാപ്പിലും ചാരായഷാപ്പിലും പോകുന്നവര്‍. അതാണ് അടിസ്ഥാന വര്‍ഗ്ഗം. അന്നത്തെ ഉപരിവര്‍ഗ്ഗം എന്നത് ബാര്‍ ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍; വീട്ടില്‍ തന്നെ സ്വന്തം ബാറുള്ളവരുടെ സ്ഥാനം 'അതുക്കും മേലെ'യാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ 'വര്‍ഗ്ഗരഹിത' സമീപനം സ്വീകരിക്കാന്‍ ചില ഇടപെടലുകള്‍ നടത്തി. ഈ 'വിപ്ലവം' ചെറുതായി ഫലം കണ്ടെന്നു തോന്നുന്നു. ആയിടെ ഒരു മുന്‍ ചീഫ് സെക്രട്ടറി 'കളിയും കാര്യവും' കലര്‍ത്തി ഒരു ചടങ്ങില്‍വെച്ച് എന്റെ ഭാര്യയോട് പറഞ്ഞു: ''നിന്റെ ഭര്‍ത്താവിനെ പേടിച്ച് ഞങ്ങളെല്ലാം ക്ലബ്ബില്‍നിന്നും മദ്യം തൊടാത്ത ഡ്രൈവറേയും കൊണ്ടാണ് ഇപ്പോള്‍ മടങ്ങുന്നത്.'' 

1996-ലെ പുതുവത്സരാഘോഷം പ്രത്യേകം ഓര്‍ക്കുന്നു. നഗരം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷ ലഹരിയിലേക്കടുക്കുമ്പോള്‍ പൊലീസിന്റേതു വലിയ ഉത്തരവാദിത്വമാണല്ലോ. രാത്രി മുഴുവന്‍ പൊലീസ് വാഹനത്തില്‍ എല്ലാം കണ്ടും കേട്ടും നഗരം ചുറ്റിക്കറങ്ങി. വലിയ ചെലവുള്ള പഞ്ചനക്ഷത്രം മുതല്‍ താഴോട്ട് ഓരോരുത്തര്‍ക്കും കീശയുടെ വലിപ്പമനുസരിച്ച് ആളോഹരി ആനന്ദം സുലഭമായിരുന്നു. അങ്ങനെ ചുറ്റിക്കറങ്ങി തീരപ്രദേശത്ത് പൂന്തുറനിന്നും ബീമാപ്പള്ളി വഴി ശംഖുമുഖത്തേയ്ക്ക് പോകുമ്പോള്‍ ചെറിയതുറയില്‍ റോഡ് നിറയെ ആളുകള്‍. എന്നോടൊപ്പമുണ്ടായിരുന്ന പൊലീസുകാരന്‍ രാജന്‍ പറഞ്ഞു: ''സാറെ അവന്മാരെല്ലാം നല്ല വെള്ളമാണ്. നമുക്ക് തിരിച്ചുപോയാലോ?'' പാവങ്ങളുടെ ആഘോഷവും കാണാമെന്നു പറഞ്ഞ് കാറവിടെ നിര്‍ത്തി. ഞാനും രാജനും യൂണിഫോമിലായിരുന്നു. റോഡ് നിറഞ്ഞുനിന്ന ആഘോഷക്കാരുടെ അടുത്തേയ്ക്ക് ഞാന്‍ നടന്നു. ആവേശം അല്പം കുറഞ്ഞപ്പോള്‍ പൊലീസ് വാഹനം വല്ല കുഴപ്പവുമാണോ എന്നവര്‍ സംശയിച്ചതായി തോന്നി. 'ഹാപ്പി ന്യൂ ഇയര്‍', ഞാന്‍ പറഞ്ഞു. ഉടന്‍ ആവേശത്തോടെ അവരെല്ലാം 'സാറെ, ഹാപ്പി ന്യൂ ഇയര്‍' എന്ന് വീണ്ടും വീണ്ടും പറഞ്ഞു. കുറേ നേരം ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ ശേഷം എനിക്ക് പോകാന്‍ അവര്‍ തന്നെ വഴിയുണ്ടാക്കി. ചില ബക്കറ്റുകളില്‍നിന്നും പലരും എന്തോ മുക്കി കുടിക്കുന്നുമുണ്ട്. അതാണവരുടെ ആഘോഷത്തിന്റെ ലഹരി. നിയമപാലകന്‍ അതൊന്നും ശ്രദ്ധിച്ചില്ല. മറ്റൊരു അഡ്ജസ്റ്റ്മെന്റ്!
 
(തുടരും)