പടക്കപ്പലുകള്‍ പോയ്മറഞ്ഞശേഷം റഷ്യന്‍ സിനിമ
By വിജയകൃഷ്ണന്‍ | Published: 04th November 2021 04:47 PM |
Last Updated: 04th November 2021 04:47 PM | A+A A- |

1930-കള്‍ക്കുശേഷം ഒരു അന്‍പത് കൊല്ലത്തോളം ഫിലിം സൊസൈറ്റികളിലും ഫിലിം മേളകളിലും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉയര്‍ന്നുകേട്ട ഒരു ചോദ്യമുണ്ട്. നിശ്ശബ്ദ സിനിമയുടെ കാലത്ത് ഐതിഹാസികമായ പങ്കുവഹിച്ച റഷ്യന്‍ സിനിമകളെവിടെ എന്നതായിരുന്നു ആ ചോദ്യം. റഷ്യ മറഞ്ഞു സോവിയറ്റ് യൂണിയനായിക്കഴിഞ്ഞിരുന്നു. സോവിയറ്റ് ബാലകഥാപുസ്തകങ്ങള്‍ കേരളീയ സമൂഹത്തില്‍ പ്രചാരമാര്‍ജ്ജിച്ചിരുന്നു. റഷ്യന്‍ സാഹിത്യകുലപതികളുടെ പാരമ്പര്യം പാസ്റ്റര്‍നാക്കിലൂടെയും സോള്‍ഷെനിറ്സനിലൂടെയും ഷോളോഖോവിലൂടെയും തുടര്‍ന്നു. എന്നാല്‍, സിനിമയില്‍ അങ്ങനെയൊരു പിന്തുടര്‍ച്ചയുണ്ടായില്ല. ''നമ്മെ സംബന്ധിച്ചേടത്തോളം എല്ലാ കലകളിലും വച്ച് ഏറ്റവും മഹത്തരം സിനിമയാണ്'' എന്നു പ്രഖ്യാപിച്ച ലെനിന്റെ കാലശേഷം കുളേഷോവിന്റേയും ഐസന്‍സ്റ്റൈനിന്റേയും വെര്‍ട്ടോവിന്റേയുമൊക്കെ ചിത്രങ്ങള്‍ വരേണ്യവിഭാഗത്തിന്റേതായി മുദ്രകുത്തപ്പെട്ടു. സോവിയറ്റ് സിനിമ ഫലത്തില്‍ സോഷ്യലിസ്റ്റ് റിയലിസം എന്ന ഏകസിദ്ധാന്തത്തിലേക്കു ചുരുങ്ങി. സിനിമകളുടെ എണ്ണം കുറയുകയും പുറത്തുവന്നവ നിയന്ത്രണങ്ങളുടെ നുകത്തില്‍ ബന്ധിക്കപ്പെടുകയും ചെയ്തു. ഐസന്‍സ്റ്റൈന്‍ പുതിയ സിനിമകള്‍ ചെയ്യാനുള്ള അദമ്യമോഹവുമായി ഹോളിവുഡിലേയ്ക്കും മെക്സിക്കോയിലേയ്ക്കും പലായനം ചെയ്തു.

1955-നു ശേഷം നിയന്ത്രണങ്ങള്‍ക്ക് അയവു വന്നപ്പോള്‍ ചലച്ചിത്രരംഗം പരിമിതമായ തോതിലെങ്കിലും ചലനാത്മകമായി. 'ഒഥല്ലോ' (1955), 'ഡെസ്ടിനി ഓഫ് എ മാന്‍' (1959), 'വാര്‍ ആന്‍ഡ് പീസ്' (1965) തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് സുപരിചിതനായ സെര്‍ഗി ബോന്ദാര്‍ചുക്ക്, 'ബാലഡ് ഓഫ് എ സോള്‍ജ്യര്‍' (1959), 'ദെയര്‍ വാസ് ആന്‍ ഓള്‍ഡ് കപ്പിള്‍' (1965) മുതലായ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗ്രിഗറി ചുഖ്റായി, 'അലക്സാണ്ടര്‍ പുഷ്‌കിന്‍' (1950), 'ലിബറേഷന്‍' (1970, '71) എന്നീ ചിത്രങ്ങളുടെ സംവിധായകനായ യൂറി ഒസറോവ് എന്നിവരായിരുന്നു ഈ കാലയളവിലെ പ്രമുഖ സംവിധായകര്‍. 1958-ല്‍ മിഖായില്‍ കലട്ടസോവിന്റെ 'ദി ക്രെയിന്‍സ് ആര്‍ ഫ്ലയിങ്' കാന്‍ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാം നേടി. ഈ പുരസ്‌കാരം കരസ്ഥമാക്കുന്ന ഏക സോവിയറ്റ് ചിത്രമാണത്. 1960-കളിലും 70-കളിലും സോവിയറ്റ് ചിത്രങ്ങള്‍ പലവിധ നിയന്ത്രണങ്ങളും നേരിട്ടു. ദൃശ്യങ്ങളില്‍ കട്ടുകള്‍ വരുത്തുക, റീ എഡിറ്റിങ് ആവശ്യപ്പെടുക, സംഭാഷണങ്ങളില്‍ മാറ്റം നിര്‍ദ്ദേശിക്കുക എന്നിവയൊക്കെ സോവിയറ്റ് സംവിധായകര്‍ നേരിടേണ്ടിവന്നു. റിലീസുകളില്‍ കാലതാമസം വരുത്തുക, ഫെസ്റ്റിവലുകളില്‍ പോകാന്‍ വിലക്കേര്‍പ്പെടുത്തുക, ക്രെഡിറ്റ് ടൈറ്റിലുകളില്‍ ചിലതൊക്കെ സെന്‍സര്‍ ചെയ്യുക എന്നിങ്ങനെ വേറെയുമുണ്ടായിരുന്നു കടമ്പകള്‍. എന്നിട്ടും ഇക്കാലഘട്ടത്തില്‍ പല പ്രതിഭകളും നാമ്പെടുത്തു. തര്‍ക്കോവ്സ്‌കി, കൊഞ്ചലോവ്സ്‌കി, പരാഞ്ജനോവ്, മിഖാല്ക്കോവ്, ക്ലീമോവ്, പാര്‍ഫിലോവ് അങ്ങനെ സോവിയറ്റ് സിനിമയില്‍ പ്രത്യാശ പകര്‍ന്ന പലരുടേയും രംഗപ്രവേശമുണ്ടായി. എന്നാല്‍, ഇവരില്‍ പലരുടേയും ചിത്രങ്ങള്‍ പുറം ലോകം കണ്ടത് പെരിസ്ട്രോയിക്കയ്ക്കു ശേഷമാണ്. 1970-കളില്‍ സോവിയറ്റ് സിനിമയും വിദേശസിനിമയും തമ്മിലുള്ള വിടവ് വര്‍ദ്ധമാനമാകുകയാണുണ്ടായത്. സ്വദേശത്ത് നിരോധിക്കപ്പെടുകയോ തടഞ്ഞുവയ്ക്കപ്പെടുകയോ ചെയ്ത ചിത്രങ്ങളാണ് വിദേശ ഫെസ്റ്റിവലുകളില്‍ തരംഗങ്ങളുയര്‍ത്തിയത്. ഹോളിവുഡ് സിനിമകള്‍ നിരോധിക്കപ്പെട്ടിരുന്ന അക്കാലയളവില്‍ അതിന്റെ അഭാവം പരിഹരിച്ചത് ഇന്ത്യന്‍ സിനിമകളാണ്. ഇന്ത്യയുടെ രാജ്കപൂര്‍ സോവിയറ്റ് ജനതയുടെ താരസമ്രാട്ടായി.

തര്‍ക്കോവ്സ്‌കി കാലം
റഷ്യയില്‍ ജനിച്ച ഏറ്റവും വലിയ ചലച്ചിത്രകാരന്‍ എന്ന് ആന്ദ്രി തര്‍ക്കോവ്സ്‌കിയെ നിസ്സംശയമായും വിശേഷിപ്പിക്കാം. ആകെ ഏഴു ചിത്രങ്ങളേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ. അവയില്‍ത്തന്നെ അഞ്ചെണ്ണം മാത്രമാണ് സോവിയറ്റ് യൂണിയനില്‍ നിര്‍മ്മിക്കപ്പെട്ടത്. ബാക്കി രണ്ടെണ്ണം ഇറ്റലിയിലും സ്വീഡനിലുമാണ് സാക്ഷാല്‍ക്കരിക്കപ്പെട്ടത്. തര്‍ക്കോവ്സ്‌കിയെ ഏറ്റവും മഹാനായ സംവിധായകനെന്ന് വിശേഷിപ്പിച്ചത് ഇന്‍ഗ് മര്‍ ബര്‍ഗ്മാനാണ്. തര്‍ക്കോവ്സ്‌കിയുടെ സിനിമയ്ക്കു മുന്നില്‍ നില്‍ക്കുന്ന ആസ്വാദകന്‍ താഴിട്ടുപൂട്ടിയ ഒരു കെട്ടിടത്തിനു മുന്നില്‍ താക്കോല്‍ നഷ്ടപ്പെട്ടു നില്‍ക്കുന്ന ആളെപ്പോലെയാണെന്നാണ് ബര്‍ഗ്മാന്‍ പറഞ്ഞത്. ഒരിക്കല്‍ ആ കെട്ടിടത്തിനകത്തേയ്ക്കു കയറാന്‍ കഴിഞ്ഞാല്‍ യഥാര്‍ത്ഥ സിനിമയെന്തെന്ന് നിങ്ങളറിയും. തര്‍ക്കോവ്സ്‌കിയുടെ അവസാന ചിത്രമായ 'സാക്രിഫൈസി'നു വേണ്ടി അദ്ദേഹത്തെ സ്വീഡനിലേയ്ക്കു ക്ഷണിച്ചതും അവിടെ സൗകര്യങ്ങളൊരുക്കിയതും ബര്‍ഗ്മാന്‍ തന്നെ. ബര്‍ഗ്മാന്റെ സ്ഥിരം ഛായാഗ്രാഹകനായ സ്വെന്‍ നിക് വിസ്റ്റാണ് ആ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ളത്.

1962-ല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'ഇവാന്‍സ് ചൈല്‍ഡ് ഹുഡി'ലൂടെ തന്നെ തര്‍ക്കോവ്സ്‌കി ലോകശ്രദ്ധയാകര്‍ഷിച്ചു. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം ഗോള്‍ഡന്‍ ലയണ്‍ നേടി. വിഖ്യാത റഷ്യന്‍ ഐക്കണ്‍ പെയിന്ററായ ആന്‍ഡ്രി റുബ്ളേവിന്റെ ജീവിതകഥയാണ് തര്‍ക്കോവ്സ്‌കി അടുത്തതായി സിനിമയിലേയ്ക്ക് പകര്‍ത്തിയത്. 'ആന്‍ഡ്രി റുബ്ളേവ്' (1965) എന്ന ഈ ചിത്രം അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങി പല തവണ അദ്ദേഹത്തിനു മാറ്റി മാറ്റി എഡിറ്റ് ചെയ്യേണ്ടിവന്നു. ഒരുവിധം അധികാരികള്‍ക്ക് തൃപ്തികരമായ ഒരു പതിപ്പ് 1971-ല്‍ റിലീസ് ചെയ്യപ്പെട്ടു. 1969-ല്‍ മറ്റൊരു പതിപ്പ് കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. 1972-ല്‍ പുറത്തുവന്ന 'സൊളാരിസാ'ണ് സോവിയറ്റ് അധികാരികള്‍ക്ക് പൂര്‍ണ്ണ തൃപ്തി നല്‍കിയ ഏക തര്‍ക്കോവ്സ്‌കി ചിത്രമെന്നു പറയാം. കാരണമുണ്ട്. ഒരു ബഹിരാകാശക്കപ്പലില്‍ നടക്കുന്ന സംഭവമായിട്ടാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. വിശ്രുത ഹോളിവുഡ് ചിത്രമായ '2001: എ സ്പേസ് ഒഡീസ്സി'ക്ക് സോവിയറ്റ് യൂണിയന്‍ നല്‍കുന്ന മറുപടിയായിട്ടാണ് അധികാരികള്‍ ഇതിനെ കണ്ടത്. എന്നാല്‍, തര്‍ക്കോവ്സ്‌കിയെ സംബന്ധിച്ചിടത്തോളം ഇതൊരു ബഹിരാകാശ യാത്രയല്ല. അവനവന്റെ ആത്മാവിലേയ്ക്കുള്ള യാത്രയാണ്. യന്ത്രങ്ങളുടെ മരവിച്ച ശബ്ദങ്ങള്‍ക്കിടയില്‍ പ്രകൃതിയുടെ മാസ്മരസംഗീതത്തിനുവേണ്ടി ചെവിയോര്‍ക്കുന്ന മനുഷ്യന്റെ ഏകാകിതയെക്കുറിച്ചാണ് തര്‍ക്കോവ്സ്‌കി പറയുന്നത്.

തര്‍ക്കോവ്സ്‌ക്കിയുടെ ഏറ്റവും ആത്മകഥാപരമായ ചിത്രമാണ് 'മിറര്‍' (1974). യുദ്ധത്താല്‍ പീഡിതരായ കുട്ടികളെ ഓര്‍ക്കുന്ന ഈ ചിത്രത്തില്‍ അദ്ദേഹം പിതാവായ കവി ആര്‍സനി അലെക്സാന്‍ ഡ്രോവിച്ച് തര്‍ക്കോവ്സ്‌കിയുടെ കവിതകള്‍ ഉപയോഗിച്ചിട്ടുണ്ട്. തര്‍ക്കോവ്സ്‌കി എന്ന വ്യക്തിയും ആ വ്യക്തിയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന വ്യക്തികളും 'മിററി'ല്‍ പ്രതിഫലിക്കുന്നു. ഈ ചിത്രം പഥ്യമാവാത്ത അധികാരികള്‍ അതിന് 'തേര്‍ഡ് കാറ്റഗറി'യാണ് ചാര്‍ത്തിക്കൊടുത്തത്. അതിനാല്‍, വളരെ കുറച്ചു തിയേറ്ററുകളില്‍ മാത്രമേ അത് പ്രദര്‍ശിപ്പിക്കപ്പെട്ടുള്ളൂ. മാത്രമല്ല, രാജ്യത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്യുന്നവരായി തേര്‍ഡ് കാറ്റഗറി സംവിധായകരെ മുദ്രകുത്താനും സാധ്യതയുണ്ടായിരുന്നു. അപ്പോള്‍ മുതല്‍ക്കാണ് വിദേശത്ത് ചിത്രനിര്‍മ്മാണം നടത്തുന്നതിനെപ്പറ്റി തര്‍ക്കോവ്സ്‌കി ചിന്തിക്കാന്‍ തുടങ്ങിയത്. ഭൂമിയില്‍ നിപതിച്ച ഒരു ഉല്‍ക്കാഖണ്ഡത്തിലേയ്ക്കുള്ള യാത്രയുടെ ആഖ്യാനമാണ് 'സ്റ്റാക്കര്‍' (1979). ഭൗതികവും ആത്മീയവുമായ തകര്‍ച്ചയുടെ അവശിഷ്ടങ്ങളിലൂടെയാണ് സ്റ്റാക്കറുടെ യാത്ര പുരോഗമിക്കുന്നത്. നിര്‍മ്മാണവേളയില്‍ പല പ്രതിസന്ധികളെയും ഈ ചിത്രം നേരിടുകയുണ്ടായി. ഛായാഗ്രാഹകനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് മറ്റൊരാളെ ഛായാഗ്രഹണം ഏല്പിക്കേണ്ടതായി വന്നുകൂടി. ഹൃദയാഘാതം മൂലം തര്‍ക്കോവ്‌സ്‌ക്കിക്ക് കുറേ നാള്‍ ജോലി ചെയ്യാന്‍ കഴിയാതെ വരികയുമുണ്ടായി.
1979-ല്‍ തര്‍ക്കോവ്സ്‌കി തന്റെ സുഹൃത്തും ചലച്ചിത്രകാരനുമായ ആന്ദ്രി കൊഞ്ചലോവ്സ്‌കിയുടെ തിരക്കഥയെ അവലംബിച്ച് 'ദി ഫസ്റ്റ് ഡേ' എന്നൊരു ചിത്രത്തിന്റെ പണികള്‍ ആരംഭിച്ചു. തിരക്കഥ അംഗീകാരത്തിനായി സെന്‍സര്‍മാര്‍ക്ക് നല്‍കുമ്പോള്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാനായി ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഷൂട്ടിങ് പകുതിയായപ്പോള്‍ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു. തിരക്കഥയില്‍ വരുത്തിയ മാറ്റത്തെപ്പറ്റി സെന്‍സര്‍മാര്‍ അറിഞ്ഞതാണ് കാരണം. 'ദി ഫസ്റ്റ് ഡേ' അലസിയതോടെ 'സ്റ്റാക്കര്‍' തര്‍ക്കോവ്സ്‌കിയുടെ അവസാന റഷ്യന്‍ ചിത്രമായി മാറി.

തര്‍ക്കോവ്സ്‌ക്കിയുടെ അടുത്ത ചിത്രം നിര്‍മ്മിക്കപ്പെട്ടത് ഇറ്റലിയിലാണ്. 'നൊസ്റ്റാള്‍ജിയ' (1983) എന്ന ഈ ചിത്രത്തിലൂടെ വീണ്ടും തര്‍ക്കോവ്സ്‌കി എന്ന വ്യക്തിയും കഥാപാത്രവും ഒന്നാവുകയാണ്. സോവിയറ്റ് യൂണിയന്‍ വിട്ടുപോയ തര്‍ക്കോവ്സ്‌കിയെ പിന്തുടര്‍ന്ന ഗൃഹാതുരത്വം 'നൊസ്റ്റാള്‍ജിയ'യിലെ കഥാനായകനില്‍ പ്രതിഫലിക്കുന്നു. സ്വീഡനിലാണ് അദ്ദേഹത്തിന്റെ അവസാന ചിത്രമായ 'സാക്രിഫൈസ്' (1986) നിര്‍മ്മിക്കപ്പെട്ടത്. തര്‍ക്കോവ്സ്‌കി ചിത്രങ്ങളില്‍ എന്നും അന്തര്‍ധാരയായി വര്‍ത്തിച്ചിരുന്ന ആത്മീയബോധം മുകള്‍പ്പരപ്പില്‍ ഒഴുകുകയാണ് 'സാക്രിഫൈസി'ല്‍. ജീവിതാന്ത്യത്തോടടുത്ത് അദ്ദേഹത്തിന്റെ ചെയ്തികളില്‍ അസാധാരണമായ പ്രവചനസ്വഭാവമുണ്ടായിരുന്നു. തര്‍ക്കോവ്സ്‌കി ഇറ്റലിയിലേക്ക് പോയത് 'നൊസ്റ്റാള്‍ജിയ' നിര്‍മ്മിച്ചശേഷം റഷ്യയിലേക്ക് തിരിച്ചുചെല്ലുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. 'നൊസ്റ്റാള്‍ജിയ'യിലെ നായകനായ ഗോര്‍ച്ചക്കോവ് ഇറ്റലിയിലേയ്ക്കു പോകുന്നതും ഹ്രസ്വസന്ദര്‍ശനത്തിനുശേഷം റഷ്യയിലേക്ക് മടങ്ങുക എന്ന ഉദ്ദേശ്യത്തോടെ തന്നെ. ഗോര്‍ച്ചക്കോവ് റഷ്യയിലേയ്ക്കു മടങ്ങുന്നതേയില്ല. തര്‍ക്കോവ്സ്‌ക്കിയും മടങ്ങിപ്പോകുന്നില്ല. ആ വര്‍ഷം തന്നെ പാരീസില്‍ വച്ചാണ് ലങ് കാന്‍സര്‍ ബാധിച്ച തര്‍ക്കോവ്സ്‌കി മരണമടയുന്നത്.

തര്‍ക്കോവ്സ്‌ക്കിയെക്കാള്‍ വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ചലച്ചിത്രകാരനാണ് സെര്‍ഗി പരാജനോവ്. 1954 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തില്‍ പത്തു ഫീച്ചര്‍ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അതില്‍ത്തന്നെ നിരോധിക്കപ്പെട്ടവയുണ്ട്. തടസ്സങ്ങള്‍കൊണ്ട് പൂര്‍ത്തിയാവാതെ പോയതുമുണ്ട്. 'ഷാഡോസ് ഓഫ് ഫോര്‍ഗോട്ടെന്‍ ആന്‍സസ്റ്റേഴ്സ്' (1964)ന് മുന്‍പുള്ള ചിത്രങ്ങളെ അദ്ദേഹം സ്വയം അംഗീകരിക്കുന്നുമില്ല. പുതിയൊരു ആവിഷ്‌കരണ രീതിയാണ് 'ഷാഡോസി'ല്‍ അദ്ദേഹം പരീക്ഷിച്ചത്. നാടോടികലാരൂപങ്ങളുടെ ശൈലിയായിരുന്നു അതിന്റേത്. കളറും ബ്ലാക്ക് ആന്‍ഡ് വൈറ്റും സൗന്ദര്യാത്മകമായും ധ്വനിനിര്‍ഭരമായും ഉപയോഗിച്ചു. സോവിയറ്റ് യൂണിയന്‍ അന്ന് അംഗീകരിച്ചിരുന്ന ഏക പ്രസ്ഥാനമായ സോഷ്യലിസ്റ്റ് റിയലിസത്തില്‍നിന്ന് പൂര്‍ണ്ണമായും അകന്നുനിന്ന ഒരു ചിത്രമായിരുന്നു അത്. നിരന്തരമായ ഇടപെടലുകളുണ്ടായെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ അദ്ദേഹം 'കളര്‍ ഓഫ് ദി പോംഗ്രനേറ്റ്സ്' (1969) എന്ന മറ്റൊരു മനോഹര ചിത്രം പുറത്തിറക്കി. സോവിയറ്റ് അധികാരികള്‍ക്കുണ്ടായ അപ്രീതിയുടെ ഫലമായി 1973-ല്‍ ബലാത്സംഗം, സ്വവര്‍ഗ്ഗാനുരാഗം, കൈക്കൂലി തുടങ്ങി കെട്ടിച്ചമച്ച കേസുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ ജയിലിലടച്ചു. നാല് വര്‍ഷത്തിനുശേഷം ജയില്‍ മോചിതനായെങ്കിലും വീണ്ടും രണ്ടു പ്രാവശ്യം കൂടി അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 'കളര്‍ ഓഫ് പോംഗ്രനേറ്റ്സ്' പുറത്തിറങ്ങിയ 1969-നു ശേഷം പിന്നീട് അദ്ദേഹത്തിന് ഒരു ചിത്രം നിര്‍മ്മിക്കാന്‍ കഴിഞ്ഞത് 1985-ല്‍ മാത്രമാണ്. ഇതിനിടെയുള്ള ജയില്‍വാസകാലത്ത് അനേകം പാവകളും ചെറുപ്രതിമകളും അദ്ദേഹം നിര്‍മ്മിച്ചു. 'ദി ലെജന്‍ഡ് ഓഫ് സുര്‍റാം ഫോര്‍ട്രെസ്സ്' (1985), 'ആഷിക് കേരീബ്' (1988) എന്നിവയാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. 'ആഷിക് കേരിബ്' അസര്‍ബൈജാന്‍ പശ്ചാത്തലത്തിലുള്ള ഒരു നാടോടിഗായകന്റെ കഥയാണ്. ഈ ചിത്രം അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത് തന്റെ പ്രിയസുഹൃത്തായ തര്‍ക്കോവ്‌സ്‌ക്കിക്കും ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കുമാണ്. 1990-ല്‍ 'ദി കണ്‍ഫെഷന്‍' എന്ന ചിത്രം നിര്‍മ്മിക്കുന്നതിനിടെ അദ്ദേഹം മരണമടഞ്ഞു. മരണവാര്‍ത്തയറിഞ്ഞ് ഫെഡറിക്കോ ഫെല്ലിനി, ഗുലീറ്റാ മാസിന, ഫ്രാന്‍സിസ്‌കോ റോസി, ആല്‍ബര്‍ട്ടോ മൊറേവിയ, ബെര്‍ണാഡോ ബെര്‍തോലൂച്ചി, മാര്‍സെല്ലോ മാസ്ട്രോയനി എന്നിവര്‍ സംയുക്തമായി റഷ്യയിലേക്കയച്ച അനുശോചനക്കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: ''പരാജനോവിന്റെ മരണത്തോടെ സിനിമയ്ക്ക് നഷ്ടപ്പെട്ടത് അതിന്റെ മാന്ത്രികന്മാരിലൊരാളെയാണ്. പരാജനോവിന്റെ ഭ്രമകല്പനകള്‍ ലോകമെങ്ങുമുള്ള ജനങ്ങളെ എക്കാലത്തും ആകര്‍ഷിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യും.''

ഹോളിവുഡിലേക്ക് പോയ കൊഞ്ചലോവ്സ്‌കി
തര്‍ക്കോവ്സ്‌ക്കിയുടെ സുഹൃത്തും അദ്ദേഹത്തിന്റെ ചില ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായിരുന്നെങ്കിലും സോവിയറ്റ് യൂണിയന്റെ വിലക്കുകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞ സംവിധായകനാണ് ആന്ദ്രി കൊഞ്ചലോവ്സ്‌കി. നിയന്ത്രണങ്ങളുടെ ഒരു നീണ്ട കാലഘട്ടം സോവിയറ്റ് യൂണിയനില്‍നിന്നും മാറി ഹോളിവുഡില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ദി ഫസ്റ്റ് ടീച്ചര്‍' (1964) സോവിയറ്റ് യൂണിയനില്‍ നന്നായി സ്വീകരിക്കപ്പെട്ടു. എന്നാല്‍, രണ്ടാമത്തെ ചിത്രമായ 'ആസ്യാ ക്ലാഷിനാസ് സ്റ്റോറി' (1967) തടഞ്ഞുവയ്ക്കപ്പെട്ടു. ഇരുപതു വര്‍ഷത്തിനുശേഷമാണ് ആ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അപ്പോഴും ആ ചിത്രത്തിന്റെ പുതുമയും കലാപ്രചുരിമയും നഷ്ടപ്പെട്ടിരുന്നില്ല. തുര്‍ഗനേവിന്റെ 'എ നെസ്റ്റ് ഓഫ് ജന്റില്‍ ഫോക്കും' (1969) ചെഖോവിന്റെ 'അങ്കിള്‍ വാന്യ' (1970)യും അദ്ദേഹം സിനിമയിലേയ്ക്ക് പകര്‍ത്തി. 1979-ല്‍ 'സൈബീരിയാഡ്' എന്ന ചിത്രം പുറത്തുവന്നശേഷം അദ്ദേഹം അമേരിക്കയിലേയ്ക്കു പോയി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഹോളിവുഡ് ചിത്രങ്ങള്‍ 'മരിയാസ് ലവേഴ്സ്' (1984 ), 'റണ്‍ എവേ ട്രെയിന്‍' (1985), 'ടാംഗോ ആന്‍ഡ് ക്യാഷ്' (1989) തുടങ്ങിയവയാണ്. തൊണ്ണൂറുകളില്‍ കാലാവസ്ഥ അനുകൂലമായപ്പോള്‍, അദ്ദേഹം റഷ്യയിലേക്ക് മടങ്ങി. 'ഹോബ്സ് ഓഫ് ഫുള്‍സ്' (2002 ), 'ദി നട്ട് ക്രാക്കര്‍' (2010), 'ദി പോസ്റ്റ്മാന്‍സ് വൈറ്റ് നൈറ്റ്സ്' (2010), 'പാരഡൈസ്' (2016 ), 'ഡിയര്‍ കോമ്രേഡ്‌സ്' (2020) തുടങ്ങിയവയാണ് അദ്ദേഹം റഷ്യയില്‍ ചെയ്ത പ്രസിദ്ധ ചിത്രങ്ങള്‍.

പെരിസ്ട്രോയിക്കയ്ക്കുശേഷം റഷ്യന്‍ സിനിമ അതിന്റെ പാരമ്പര്യത്തിന്റെ വഴി തന്നെ പിന്തുടരാന്‍ തുടങ്ങി. 1986-ല്‍ പുതിയ യുഗത്തിന്റെ വരവറിയിച്ചുകൊണ്ട് ശ്രദ്ധേയങ്ങളായ കുറേ ചിത്രങ്ങള്‍ പുറത്തുവന്നു. വാസിലി പിച്ചുലിന്റെ 'ലിറ്റില്‍ വേരാ', യൂറിസ് പോഡ്‌നിക്കിന്റെ 'ഈസ് ഇറ്റ് ഈസി ടു ബി യങ്?', കരേന്‍ ഷഖ്‌നാസറോവിന്റെ 'സീറോഗ്രാഡ്' എന്നിവ അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്. ടെങ്കിസ് അബുലാഡ്‌സേയുടെ 'റിപ്പെന്റന്‍സ്' ഞെട്ടിക്കുന്ന ഒരു അനുഭവമായാണ് സ്വീകരിക്കപ്പെട്ടത്. സ്റ്റാലിന്റെ ക്രൂരതകളെക്കുറിച്ചുള്ള വാര്‍ത്തകളൊക്കെ കെട്ടുകഥകളായി തള്ളിക്കളഞ്ഞിരുന്ന കേരളീയ സമൂഹവും കണ്ണുതുറപ്പിക്കുന്ന ചലച്ചിത്രസാക്ഷ്യമായാണ് 'റിപ്പന്റന്‍സി'നെ സ്വീകരിച്ചത്. ഒരു പട്ടണത്തിലെ മേയര്‍ മരിക്കുമ്പോള്‍ അയാളുടെ ക്രൂരതകള്‍ എണ്ണിയെണ്ണിപ്പറയുകയാണ് ഈ ചിത്രത്തില്‍. പ്രതീകാത്മകമായി സ്റ്റാലിന്‍ അവതരിപ്പിക്കപ്പെടുന്നു. മുന്‍പ് നിരോധിക്കപ്പെട്ട ആശയങ്ങളൊക്കെ റഷ്യന്‍ സിനിമയിലേയ്ക്ക് മടങ്ങിയെത്തി. ഒപ്പം, മുന്‍പ് നിരോധിക്കപ്പെട്ട ചിത്രങ്ങളും. 1978-ല്‍ പൂര്‍ത്തിയായെങ്കിലും നിരോധിക്കപ്പെട്ടിരുന്ന അലക്സാണ്ടര്‍ സൊക്കുറോവിന്റെ 'ദി ലോണ്‍ലി വോയിസ് ഓഫ് മാന്‍' ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങിയത്. സോവിയറ്റ് സെന്‍സര്‍മാര്‍ക്കെതിരായ പോരാട്ടത്തില്‍ തന്നെ ധാര്‍മ്മികമായി പിന്തുണച്ച തര്‍ക്കോവ്സ്‌ക്കിക്കാണ് അദ്ദേഹം ചിത്രം സമര്‍പ്പിച്ചത്.

ഗ്ലാസ്നോസ്റ്റിനുശേഷം സൊക്കുറോവിന്റെ ചലച്ചിത്രജീവിതത്തില്‍ ഇടര്‍ച്ചകളുണ്ടായില്ല. 'മദര്‍ ആന്‍ഡ് സണ്‍' (1996) എന്ന ചിത്രത്തോടെ സോക്കുറോവ് ലോകസിനിമയില്‍ അനിഷേധ്യമായ സ്ഥാനം നേടി. ആസന്നമൃത്യുവായ ഒരമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ അസാധാരണമായ ആവിഷ്‌കരണമാണത്. 'മദര്‍ ആന്‍ഡ് സണ്ണി'ന്റെ തുടര്‍ച്ചയെന്നോണമാണ് 'ഫാദര്‍ ആന്‍ഡ് സണ്‍' (2003) അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പരാജിതരും ആത്മനാശമടയുന്നവരുമായ ഭരണാധികാരികളെക്കുറിച്ചുള്ള ഒരു ചിത്രത്രയവും സൊക്കുറോവിന്റേതായുണ്ട്. ഹിറ്റ്ലറെപ്പറ്റി പ്രതിപാദിക്കുന്ന 'മൊളോക്ക്' (1999), ലെനിന്‍ കേന്ദ്രകഥാപാത്രമാവുന്ന 'ടോറസ്' (2000), ജാപ്പനീസ് ചക്രവര്‍ത്തി ഹിറോ ഹിതോവിന്റെ ജീവിതാന്ത്യം ചിത്രീകരിക്കുന്ന 'ദി സണ്‍' (2004) എന്നിവയാണ് ട്രിലജിയിലുള്‍പ്പെടുന്ന ചിത്രങ്ങള്‍. ഒറ്റ ഷോട്ടിന് ആശയോല്പാദനശേഷിയില്ലെന്നും ഒന്നിലേറെ ഷോട്ടുകള്‍ ചേരുമ്പോഴാണ് അര്‍ത്ഥമുണ്ടാകുന്നതെന്നും പഠിപ്പിച്ച റഷ്യന്‍ സിനിമയിലെ ഒരു പുത്തന്‍ കൂറ്റുകാരന്‍ ഒരേയൊരു ഷോട്ട് കൊണ്ട് തൊണ്ണൂറ്റിയൊന്‍പത് മിനിട്ട് ദൈര്‍ഘ്യമുള്ള ഫീച്ചര്‍ ചിത്രം സാക്ഷാല്‍ക്കരിക്കുന്ന അവിശ്വസനീയ കാഴ്ചയാണ് സൊക്കുറോവിന്റെ 'റഷ്യന്‍ ആര്‍ക്കി' (2002) ല്‍ നാം ദര്‍ശിക്കുന്നത്. ഇത്തരം ആഖ്യാനം സ്വപ്‌നം കണ്ടവരാണ് ഹിച്ച്കോക്കും മാക്സ് ഒഫല്‍സും. ഫിലിമില്‍ അത് തികച്ചും അസാധ്യമായതുകൊണ്ട് 'ദി റോപ്പി'ല്‍ കട്ട് ചെയ്യാത്ത ഒറ്റ ഷോട്ട് എന്ന പ്രതീതി ജനിപ്പിക്കാനേ ഹിച്ച്‌കോക്കിനു കഴിഞ്ഞുള്ളു. ഡിജിറ്റല്‍ സാങ്കേതികതയിലേയ്ക്കുള്ള സിനിമയുടെ മാറ്റം സൊ ക്കുറോവിന്റെ ആശയ സാക്ഷാല്‍ക്കാരത്തിനു സഹായകമായി. 'റഷ്യന്‍ ആര്‍ക്കി'നുശേഷം ഒറ്റ ഷോട്ട് സിനിമകളുടെ വലിയ നിരതന്നെയുണ്ടായിട്ടുണ്ട്. എന്നാല്‍, അതിനൊന്നിനും 'റഷ്യന്‍ ആര്‍ക്കി'ന്റെ ഐതിഹാസിക മാനത്തെ പിന്നിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സെയിന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലുള്ള മുപ്പത്തിയഞ്ച് മുറികളിലായിട്ടാണ് ആയിരത്തോളം അഭിനേതാക്കളുള്ള ആ ഒറ്റഷോട്ട് ചിത്രീകരിച്ചത്. ഒറ്റ ഷോട്ടാണെങ്കിലും കാലത്തിന്റെ തുടര്‍ച്ച അതിനില്ല. കാലഘട്ടങ്ങള്‍ പലതും ഇഴപിണഞ്ഞു കിടക്കുകയാണ് ഇവിടെ. റഷ്യയുടെ ചരിത്രത്തിലൂടെയുള്ള പ്രയാണമാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നത്.

റിട്ടേണ്‍, എലേന, ലെവിയാത്തന്‍
2017-ല്‍ ഐ.എഫ്.എഫ്.കെയുടെ സമഗ്ര സംഭാവനാ അവാര്‍ഡ് നല്‍കി കേരളം അലക്സാണ്ടര്‍ സൊക്കുറോവിനെ ആദരിച്ചു. 1991-നു ശേഷം റഷ്യന്‍ സിനിമയില്‍ നിര്‍മ്മാണം വര്‍ദ്ധിച്ചു. മറ്റു രാജ്യങ്ങളുമായി സഹകരിച്ചുള്ള നിര്‍മ്മിതിയിലും വര്‍ദ്ധനവുണ്ടായി. പാവേല്‍ ലുങ് ഗിന്റെ 'ടാക്സി ബ്ലൂസ്', വിത്താലി കാനേവ്സ്‌ക്കിയുടെ 'ഫ്രീസ് ഡൈ കം ടു ലൈഫ്', ലിഡിയ ബോബ്‌റോവയുടെ 'ഹെയ്, യു ഗീസ്' എന്നീ ചിത്രങ്ങളൊക്കെ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തെ പശ്ചാത്തലമാക്കി നിര്‍മ്മിക്കപ്പെട്ടവയാണ്. സോവിയറ്റ് കാലഘട്ടത്തില്‍ പലവിധ വിലക്കുകള്‍ നേരിട്ട നികിതാ മിഖാല്‍ക്കോവ് (ക്ലോസ് ടു ഏദന്‍, ബേണ്‍ട് ബൈ ദി സണ്‍), അലക്സി ജര്‍മന്‍ (ഖ്‌റുസ്ത)ല്യോവ്, മൈ കാര്‍! ഹാര്‍ഡ് ടു ബി എ ഗോഡ്), വലേരി തോഡറോവ്സ്‌കി (കാത്യ ഇസ്മൈലോവ) തുടങ്ങിയവര്‍ക്കൊക്കെ പുതിയ ചിത്രങ്ങളുമായി രംഗത്തു വരാന്‍ കഴിഞ്ഞു.
2000-നു ശേഷം റഷ്യന്‍ സിനിമയിലുണ്ടായ ഏറ്റവും വലിയ താരോദയം ആന്ദ്രി സൈ്വഗിന്‍സേവിന്റേതാണ് .'ദി റിട്ടേണ്‍' (2003) എന്ന ആദ്യ ചിത്രത്തോടെതന്നെ ലോകമെങ്ങുമുള്ള ചലച്ചിത്രാസ്വാദകരുടെ ശ്രദ്ധാകേന്ദ്രമായി മാറി അദ്ദേഹം. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ അതിന് ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരവും ലഭിച്ചു. അച്ഛനില്ലാതെ വളര്‍ന്ന ആന്ദ്രിയുടേയും ഇവാന്റേയും ജീവിതത്തിലേയ്ക്ക് പന്ത്രണ്ടു വര്‍ഷത്തെ വിയോഗത്തിനുശേഷം അച്ഛന്‍ മടങ്ങിയെത്തുന്നിടത്തുനിന്നാണ് കഥ ആരംഭിക്കുന്നത്. ഇളകിപ്പോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കുക ശ്രമകരമാവുകയാണ്. അച്ഛന്റെ വരവോടെ അകല്‍ച്ച നേരിടുന്ന സഹോദരന്മാര്‍ ക്ഷണികമായ സാന്നിദ്ധ്യത്തിനുശേഷം അച്ഛന്‍ അന്ത്യയാത്ര ആരംഭിക്കുന്നതോടെ വീണ്ടും ഒന്നാവുകയാണ്. യുദ്ധങ്ങളുടേയും വേര്‍പാടുകളുടേയും മൃത്യുവിന്റേയും നിഴല്‍പ്പാടുകള്‍ പതിഞ്ഞുകിടക്കുന്ന ഒരു ചലച്ചിത്രസ്മരണികയാണ് 'ദി റിട്ടേണ്‍.' 'ദി ബാനിഷ്മെന്റ്' (2007), 'എലേന' (2011) എന്നീ ചിത്രങ്ങളില്‍ സൈ്വഗിന്‍സേവ് വിജയഗാഥകള്‍ ആവര്‍ത്തിച്ചു. സൈ്വഗിന്‍സേവിന്റെ ഏറ്റവും മികച്ച ചിത്രമെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന 'ലെവിയാത്തന്‍' 2014-ല്‍ പുറത്തുവന്നു. ആ പേരിലുള്ള ഐതിഹാസിക സത്വം ഈ പടത്തിലില്ല. എന്നാല്‍, അതിന്റെ ചെറുപതിപ്പുകളായ മുതലകളും തിമിംഗലങ്ങളുമുണ്ട്. പിന്നെ, അതിനോട് കിടപിടിക്കുന്ന മനുഷ്യവികാരങ്ങളുണ്ട്. സമകാലിക റഷ്യയിലെ അഴിമതിയുടേയും നീതിനിഷേധങ്ങളുടേയും കഥയാണ് സൈ്വഗിന്‍സേവ് പറയുന്നത്. അതാകട്ടെ, നമ്മുടെ നാടിലേതിനു തികച്ചും തുല്യം എന്ന് നമുക്ക് തോന്നുകയും ചെയ്യും. ആധുനിക സമൂഹത്തിന് ലെനിനും സ്റ്റാലിനുമൊക്കെ എന്തുമാത്രം അനഭിമതരായിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. 'ദി റിട്ടേണ്‍' മുതല്‍ക്കു തന്നെ സൈ്വഗിന്‍സേവിന്റെ ചലച്ചിത്രകലയെ അനുധാവനം ചെയ്യുന്ന ഒരു ആസ്വാദകസമൂഹം ഇന്ത്യയിലുണ്ട്. അതുകൊണ്ട് ഐ.എഫ്.എഫ്.ഐയില്‍ 'ലെവിയാത്തന്‍' മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണമയൂരം കരസ്ഥമാക്കിയപ്പോള്‍ തീര്‍ത്തും സമുചിതമായ ഒരു വിധിനിര്‍ണ്ണയമായി ഗോവയിലെ പ്രതിനിധികള്‍ അത് കൊണ്ടാടി.

സൈ്വഗിന്‍സേവിന്റെ 'ലവ്‌ലെസ്സ്' (2017) എന്ന ചിത്രവും സാര്‍വ്വദേശീയമായ പ്രശ്നങ്ങളുള്‍ക്കൊള്ളുന്നു. ദമ്പതിമാര്‍ പിരിയുമ്പോള്‍ മക്കള്‍ അനാഥരായിപ്പോകുന്ന അവസ്ഥയാണ് 'ലവ്‌ലെസ്സി'ല്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഴെന്യയും ബോറിസും വേര്‍പിരിയുന്നത് പരസ്പരസ്നേഹം നഷ്ടപ്പെടുന്നതുകൊണ്ടാണ്. ഴെന്യയ്ക്ക് ആന്റണ്‍ എന്ന ധനികനോട് സ്നേഹമുണ്ട്. അയാള്‍ക്ക് മുതിര്‍ന്നൊരു മകളുണ്ട് എന്നതുപോലും അവള്‍ക്ക് ഒരു തടസ്സമാവുന്നില്ല. ബോറിസ് സ്നേഹിക്കുന്ന മാഷയാവട്ടെ, അയാളില്‍നിന്നു തന്നെ ഗര്‍ഭിണിയായിരിക്കുകയാണ്. ഴെന്യയ്ക്കും ബോറിസിനും പരസ്പരമുള്ള സ്നേഹരാഹിത്യത്തെക്കാള്‍ എത്രയോ ആഴമേറിയതാണ് പന്ത്രണ്ടു വയസ്സുകാരനായ മകന്‍ അല്യോഷയോടുള്ള സ്നേഹരാഹിത്യം. അവനെ ആര് ഏറ്റെടുക്കും എന്ന തര്‍ക്കത്തില്‍ അവരേര്‍പ്പെടുമ്പോള്‍ അതെല്ലാം കേള്‍ക്കുന്ന അല്യോഷയുടെ ഉള്ളുരുക്കമാണ് ചിത്രത്തിന്റെ ആദ്യഭാഗത്ത് നിറഞ്ഞുനി

ല്‍ക്കുന്നത്. അച്ഛനമ്മമാരുടെ വേര്‍പിരിയല്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അല്യോഷ അപ്രത്യക്ഷനാകുന്നു. അവനെത്തേടിയുള്ള അന്വേഷണങ്ങളാണ് ചിത്രത്തില്‍ പിന്നീട് നടക്കുന്നത്. ചിത്രാവസാനത്തിലും അവന്‍ കാണാമറയത്തുതന്നെയാണ്. എന്നാല്‍, വിശ്വസിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം കാട്ടിക്കൊണ്ടാണ് സൈ്വഗിന്‍സേവ് ചിത്രം അവസാനിപ്പിക്കുന്നത്.
തനിക്ക് രാഷ്ട്രീയമില്ലെന്നാണ് സൈ്വഗിന്‍സേവ് അവകാശപ്പെടാറ്. എന്നാല്‍, അതിരൂക്ഷമായ സാമൂഹിക വിമര്‍ശനമുണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍. 'ലെവിയാത്തനി'ലെ തടാകത്തില്‍ അദൃശ്യനായ ഭീകര ജലജന്തുവിന്റെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഓളങ്ങള്‍പോലെ രാഷ്ട്രീയബോധത്തിന്റെ ചിറ്റോളങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെമ്പാടും കാണാം.
