മറവിയും പിറവിയും മഴയും ഈച്ചരവാരിയരുടെ ജന്മശതാബ്ദി ചിന്തകള്‍
By വി. മോഹനകൃഷ്ണന്‍ | Published: 07th November 2021 05:34 PM |
Last Updated: 07th November 2021 05:34 PM | A+A A- |

'ഓര്‍മ്മകളിലേക്ക് നിഴലും നിലാവും മഴയുമായി' വരുന്ന രാജന്റെ ഓര്‍മ്മച്ചിത്രം പ്രൊ. ടി.വി. ഈച്ചരവാരിയര്‍ വരച്ചതാണ്. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പൊലീസ് ക്യാമ്പില്‍വെച്ച് കൊലചെയ്യപ്പെട്ട കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍ എന്ന സ്ഥാനമാണ് ഈച്ചരവാരിയരെ മറ്റൊരാളാക്കിയത്. ''മകന്‍ മരിച്ചാല്‍ അച്ഛനോ അച്ഛന്‍ മരിച്ചാല്‍ മകനോ കൂടുതല്‍ ദുഃഖം'' എന്ന ഉത്തരമില്ലാത്തൊരു ചോദ്യം കൂടി ഉന്നയിച്ചാണ് അദ്ദേഹം ഓര്‍മ്മയായത്. ഈച്ചരവാരിയരുടെ ജന്മശതാബ്ദി വര്‍ഷമാണിത്.
അനുഭവസാന്ദ്രമായ ജീവിതത്തിന്റേയും ഓര്‍മ്മകളുടേയും അവസാനകാലത്ത് വിശേഷണങ്ങളും കാല്പനിക ഭാരങ്ങളുമില്ലാതെ തന്റെ നഷ്ടങ്ങളും വിഷാദങ്ങളും ഈച്ചരവാരിയര്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് (ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍). ഓര്‍മ്മക്കുറിപ്പുകളുടെ അവസാന അദ്ധ്യായത്തിലാണ് ഈച്ചരവാരിയരുടെ ഭാഷ പ്രകൃതിയിലേക്കും ആത്മീയതയിലേക്കും കമ്യൂണിസ്റ്റ് ഭാവനകളിലേക്കുമെല്ലാം സഞ്ചരിക്കുന്നത്. അപ്പോള്‍ പിതൃദുഃഖവും രാജന്റെ കുട്ടിക്കാലവും മഴയുമെല്ലാം ഇടകലര്‍ന്ന് ആഖ്യാനം സാന്ദ്രവും കാവ്യാത്മകവുമാകുന്നു. ''കഴിഞ്ഞ രാത്രിയില്‍ മഴപെയ്തിരുന്നു. ജനലുകളിലേക്ക് വെള്ളിവെളിച്ചമായി മിന്നലുകള്‍. സമയം ഒരുപാട് വൈകിയിരിക്കണം. ചുറ്റും ഗാഢനിദ്രയുടെ താളമുണ്ട്. മകളുടെ വീടായ ശ്രീവിഹാറിന്റെ ജനലുകള്‍ തുറന്നിട്ടാല്‍ പടിഞ്ഞാറേ ചിറ. മിന്നലില്‍ തിളങ്ങുന്ന ജലം. മഴ ജ്വലിച്ചു വീഴുകയാണ്.'' തുടര്‍ന്ന് കുട്ടിക്കാലത്ത് ''ചെരിച്ചു മേഞ്ഞ ഓടിനു മുകളില്‍ പെയ്തുവീഴുന്ന മഴയുടെ സംഗീതത്തെ'' കുറിച്ചാലോചിക്കുന്നു. മഴയായമഴയൊക്കെ നനഞ്ഞ് കര്‍ക്കടകക്കാറ്റില്‍ തണുത്തുവിറച്ച് വന്നിരുന്ന ചേര്‍പ്പിലെ കമ്യൂണിസ്റ്റുകാരിലേക്കെത്തുന്നു ഓര്‍മ്മകള്‍. പെരുമഴപെയ്യുന്ന രാത്രികളില്‍പ്പോലും കമ്യൂണിസ്റ്റുകാരന്റെ ചിന്തയും ഹൃദയവും പ്രകാശമാനമായിരുന്നു എന്നോര്‍ക്കുന്നു. അന്നത്തെ കമ്യൂണിസ്റ്റുകാരുടെ കണ്ണുകളിലെ പ്രകാശം ഇന്നും അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. സാഹിത്യവും കവിതയുമൊന്നും കോളേജില്‍ ഹിന്ദി അദ്ധ്യാപകനായിരുന്ന ഈച്ചരവാരിയര്‍ക്ക് അന്യമല്ല. ''മരിച്ചിട്ടും എന്തിനാണ് നിങ്ങളവനെ മഴയത്തു നിര്‍ത്തിയിരിക്കുന്നത്'' എന്നു ചോദിച്ചുകൊണ്ടും ''പെരുമഴ എന്നിലേക്ക് പെയ്തുവീഴട്ടെ'' എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് അദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അവസാനിപ്പിക്കുന്നത്. ഭൂതഭാവികാലങ്ങളെ കൂട്ടിയിണക്കുന്ന പിറവിയാകുന്നു മഴ.

പുത്രശോകത്തില്‍ നീറിത്തീര്‍ന്ന സങ്കല്പാതീത ജീവിതത്തിന്റെ പേരാണ് ഈച്ചരവാരിയര്‍. ''മകനെത്തേടിയുള്ള ഒരച്ഛന്റെ യാത്ര, അച്ഛനെത്തേടിയുള്ള മകന്റെ യാത്രയേക്കാള്‍ വിഷാദഭരിതവും ക്ലേശകരവുമാണെ''ന്ന് അദ്ദേഹം മനസ്സിലാക്കി. ഈച്ചരവാരിയരുടെ തുടര്‍ജീവിതം രാജന്റെ പിതാവെന്നതിലുപരി മനുഷ്യാവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യങ്ങള്‍ക്കും വേണ്ടിയുള്ള അനന്തമായ യാത്രകളായിരുന്നു. രാജന്റെ മരണവും ഈച്ചരവാരിയരുടെ ജീവിതവും കൊണ്ടെഴുതപ്പെട്ടതാണ് അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക ജീവിതങ്ങള്‍. അടിയന്തരാവസ്ഥയ്ക്കുശേഷം ഉയിര്‍ത്തെണീറ്റ കേരളത്തിലെ ചുവന്ന ആധുനികതയ്ക്ക് ഊര്‍ജ്ജം പകര്‍ന്നവയിലൊന്ന് രാജന്റെ അദൃശ്യസാന്നിദ്ധ്യമായിരുന്നു. അതിനെ ജ്വലിപ്പിച്ചു നിര്‍ത്തിയത് ഈച്ചരവാരിയരാണ്.
അനലോഗ് കാലത്ത് സംഭവിച്ച രാജന്റെ മരണം വാമൊഴിയും വരമൊഴിയും ദൃശ്യങ്ങളുമടക്കമുള്ള വിവിധ ആഖ്യാനരൂപങ്ങളായും ഓര്‍മ്മയിലൂടെയുള്ള ഭൂതസഞ്ചാരങ്ങളായും നിലനില്‍ക്കുന്നു. പത്രറിപ്പോര്‍ട്ടുകളും കോടതിവിധികളും മാറ്റിനിര്‍ത്തിയാല്‍ ഈച്ചരവാരിയരുടെ സ്മരണകളും പിറവി (ഷാജി എന്‍. കരുണ്‍) എന്ന സിനിമയുമാണ് രാജനെ സംബന്ധിക്കുന്ന രണ്ടു പ്രധാന ആഖ്യാനങ്ങള്‍. ഈച്ചരവാരിയരുടെ പുസ്തകം വസ്തുതകളെ സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യാനുള്ള പരിശ്രമമാണ്. അച്ഛനും അമ്മയും മകനുമെല്ലാം ചേര്‍ന്ന കുടുംബതലവും മനുഷ്യാവകാശങ്ങളുടെ രാഷ്ട്രീയതലവും അതിലുണ്ട്. 'പിറവി' എന്ന സിനിമ പുത്രശോകം എന്ന വൈകാരികതയെ സാര്‍വ്വലൗകികവും 'സ്ഥലകാലാതീത'വുമായി അവതരിപ്പിക്കുന്നു. രാജന്‍ സംഭവത്തെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും എന്നാല്‍ അതിനു പുറത്തുകടക്കാന്‍ വ്യഗ്രതപ്പെടുകയുമാണ് സിനിമ.
2
രാജന്‍ സംഭവം സത്യാനന്തരകാലത്ത് പല പുതിയ പാഠങ്ങളും അവതരിപ്പിക്കുന്നുണ്ട്. നുണകള്‍ സത്യങ്ങളായി അവതരിപ്പിക്കാന്‍ ശ്രമിച്ചതിന്റേയും ഹൈക്കോടതിയുടെ ചരിത്രപരമായ ഇടപെടലിലൂടെ സത്യം വെളിവാക്കപ്പെട്ടതിന്റേയും അരനൂറ്റാണ്ട് പഴക്കമുള്ള ഉദാഹരണങ്ങളിലൊന്നാണ് രാജന്റെ കൊലപാതകം. ഇന്ദിരാഗാന്ധി തന്റെ വിജയം സ്വപ്നംകണ്ട് 1977 ഫെബ്രുവരി മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും അടിയന്തരാവസ്ഥയില്‍ ഇളവുവരുത്തുകയും ചെയ്തതിനാല്‍ കോടതികള്‍ക്ക് അവയുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുകിട്ടിയിരുന്നു. 1976 മാര്‍ച്ച് 1-നാണ് രാജനെ കോളേജില്‍നിന്ന് പിടിച്ചുകൊണ്ടു പോകുന്നത്. പിറ്റേ ദിവസം തന്നെ രാജന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.1 എന്നാല്‍ പൊലീസും ഭരണാധികാരികളും പല കഥകളും പ്രചരിപ്പിച്ചിരുന്നതുകൊണ്ടും മകന്‍ മരിച്ചുപോയി എന്ന് കരുതാനുള്ള വൈമനസ്യം കാരണവും പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഈച്ചരവാരിയര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതിയുടെ ഇടപെടല്‍ സുഗമമാക്കിയ മറ്റൊരു കാര്യവും 1977 മാര്‍ച്ച് മാസത്തില്‍ നടന്നു. തുടര്‍ഭരണം സ്വപ്നംകണ്ട് തെരഞ്ഞെടുപ്പിനിറങ്ങിയ ഇന്ദിരാഗാന്ധി അധികാരത്തില്‍നിന്ന് തൂത്തെറിയപ്പെടുകയും ജനതാപാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തു. ഇന്ദിരാഗാന്ധിയും സഞ്ജയ്ഗാന്ധിയും പരാജയപ്പെട്ടു. തുടര്‍ന്ന് അടിയന്തരാവസ്ഥ പൂര്‍ണ്ണമായി പിന്‍വലിക്കപ്പെട്ടു. കേരളത്തില്‍ മാത്രം മുഴുവന്‍ ലോക്സഭാ സീറ്റുകളും 111 നിയമസഭാ സീറ്റുകളുമായി കോണ്‍ഗ്രസ്സ് മുന്നണി വലിയ വിജയം നേടി. അതുവരെ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്‍ മുഖ്യമന്ത്രിയായി. കരുണാകരന്റെ നേതൃത്വത്തിലുള്ള തുടര്‍ഭരണം രാജന്‍ കേസിന് പലവിധത്തിലും പ്രതികൂലമായെങ്കിലും ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തിയിരുന്നെങ്കില്‍ ഈ സംഭവം എന്നേയ്ക്കുമായി ഇരുട്ടിലാഴുമായിരുന്നു. അധികാരത്തിന്റെ വിഭ്രാന്തിയില്‍ അടിയന്തരാവസ്ഥ തുടരുകയും കോടതികള്‍ നിസ്സഹായമായി പോവുകയും ചെയ്യുമായിരുന്നു.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയും ജസ്റ്റിസ് ഖാലിദും ചേര്‍ന്ന് 1977 ഏപ്രില്‍ 13-ന് പുറപ്പെടുവിച്ച വിധിയില്‍ തങ്ങളുടെ അധികാരത്തെപ്പറ്റിയും ഈ കേസിന്റെ പൂര്‍വ്വമാതൃകയില്ലായ്മയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഹാജരാക്കപ്പെടേണ്ടയാള്‍ തടങ്കലിലാണോ എന്നതിന്റെ സത്യാവസ്ഥതന്നെ കോടതിക്കു കണ്ടെത്തേണ്ടിവന്ന ആദ്യാനുഭവമായിരുന്നു അത്. ''വ്യക്തിസ്വാതന്ത്ര്യം ഒരു വ്യക്തിയുടെ ഏറ്റവും വിലപ്പെട്ട മൗലികാവകാശമായിരിക്കെ, ഈ കേസിലെപ്പോലെ, സംസ്ഥാനത്തെ പൊലീസ് സേനയുടെ പിന്‍ബലമുള്ള അധികാരികള്‍ ഒരു വ്യക്തിയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് അയാളുടെ ആ അവകാശം ഇല്ലാതാക്കിയിട്ടുള്ളതായി ഞങ്ങള്‍ക്കു ബോദ്ധ്യമുള്ളപ്പോള്‍ ആ വ്യക്തിയെ വിട്ടയപ്പിക്കുന്നതിനുള്ള അധികാരം പ്രയോഗിക്കാന്‍ ഈ കോടതിക്കു കഴിയുകയില്ലെന്നു തെളിയിക്കാത്തിടത്തോളം ഞങ്ങള്‍ക്കു തൃപ്തിയാവുകയില്ല... സമാനതയോ കീഴ്വഴക്കമോ ഇല്ലാത്ത അസാധാരണമായ ഒരു നടപടിക്രമമാണ് ഞങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഇങ്ങനെ ചെയ്യുന്നതിനുള്ള ഞങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യാനാവില്ല. എന്തുകൊണ്ടെന്നാല്‍ സത്യം കണ്ടെത്തുകയും സങ്കടനിവൃത്തി വരുത്തുകയുമെന്ന ലക്ഷ്യംനേടാനാണ് ഞങ്ങള്‍ ഈ നടപടിക്രമം അനുവര്‍ത്തിക്കുന്നത്. ഈ കോടതിയുടെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനുതകുന്ന മറ്റൊരു ഉപായത്തെക്കുറിച്ചു ചിന്തിക്കാന്‍ ഞങ്ങള്‍ക്കാകുന്നില്ല.'' ഈ കേസിലുള്‍പ്പെട്ടിട്ടുള്ള പ്രശ്നം നിയമപരമെന്നതിനേക്കാള്‍ കൂടുതല്‍ മനുഷ്യത്വപരമാണ് എന്നുകൂടി കോടതി സൂചിപ്പിക്കുന്നു. തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൂര്‍ണ്ണബോദ്ധ്യം വന്ന ശേഷമാണ് രാജനെ ഹാജരാക്കണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിക്കുന്നത്.
കോടതിയില്‍ മനപ്പൂര്‍വ്വം കള്ളസത്യവാങ്ങ്മൂലം നല്‍കിയതിന്റെ പേരില്‍ കരുണാകരനെതിരെ നടപടികള്‍ ആരംഭിക്കാന്‍ കോടതി തീരുമാനിച്ചതിനാല്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നു. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ആ മുന്നണിതന്നെ ശിഥിലമാകുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അടിയന്തരാവസ്ഥയേയും അതിന്റെ നൃശംസതകളേയും ഒന്നടങ്കം പിന്തുണക്കേണ്ട ഗതികേടിലായിരുന്ന സി.പി.ഐ, ആര്‍.എസ്.പി തുടങ്ങിയ കക്ഷികള്‍ മുന്നണി വിട്ട് പുറത്തുവന്നു. കോണ്‍ഗ്രസ്സ് തന്നെ രണ്ടായി പിളര്‍ന്നു. മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന് അടിയന്തരാവസ്ഥക്കാലത്ത് രാജിവെയ്ക്കാന്‍ പോലും കഴിയുമായിരുന്നില്ല. ''മേനോന്‍ മുഖ്യമന്ത്രിക്കസേര വിട്ടിറങ്ങിയാല്‍ വീട്ടില്‍ തിരിച്ചെത്തുമായിരുന്നില്ല'' എന്നതായിരുന്നു സ്ഥിതി.
''ഇനി നമ്മള്‍ ഈ ദുരന്തകഥയുടെ അന്ത്യത്തിലേക്ക് കടക്കുകയാണ്'' എന്ന മുഖവുരയോടെയാണ് കള്ളസത്യവാങ്ങ്മൂലത്തിന്റെ പേരില്‍ നടപടിയെടുക്കാനുള്ള ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയുടെ ഉത്തരവ് ആരംഭിക്കുന്നത്. ''രാജന്‍ പരപീഡനാനന്ദികളായ പൊലീസുകാരുടെ ഈ ലോകത്തുനിന്ന്, ഇവിടേക്ക് ഒരിക്കലും തിരിച്ചുവരാതിരിക്കാന്‍ രക്ഷപ്പെട്ടുപോയതായി ഞങ്ങളെ അറിയിച്ചിരിക്കെ ഈ കേസിലെ നടപടികള്‍ അവസാനിക്കണം. എന്തുകൊണ്ടെന്നാല്‍ ഹേബിയസ് കോര്‍പ്പസ് പരാതിയില്‍ കോടതിയുടെ ജോലി ജീവിച്ചിരിക്കുന്നയാളിനെ ഹാജരാക്കാന്‍ നിര്‍ബ്ബന്ധിക്കുക മാത്രമാണ്.'' തങ്ങളുടെ നിസ്സഹായതയും കടുത്ത വിമര്‍ശനവും കേസിന്റെ അസാധാരണത്വവുമെല്ലാം കോടതി പ്രകടിപ്പിക്കുന്നു. ഇരുപതുമാസത്തോളം നീണ്ട പൗരാവകാശലംഘനങ്ങളെ നിസ്സഹായമായി നോക്കിനില്‍ക്കേണ്ടിവന്ന സുപ്രധാന ഭരണഘടനാ സ്ഥാപനത്തിന്റെ ഉത്സാഹമത്രയും ആ വാക്കുകളിലുണ്ട്.

സത്യവും നുണയും വിവേചിച്ചറിയുകയും രാജന്റെ കസ്റ്റഡിയും കൊലപാതകവും സംശയാതീതമായി തെളിയിക്കുകയും ചെയ്യുന്ന വലിയ കര്‍ത്തവ്യമാണ് കോടതി ഏറ്റെടുത്തത്. കേസ് വാദിച്ച അഡ്വക്കേറ്റുമാരായ ഈശ്വരയ്യരും രാംകുമാറും രാജനെ പിടിച്ചുകൊണ്ടുപോയതു മുതല്‍ ധൈര്യപൂര്‍വ്വം ഇടപെട്ട കോളേജ് പ്രിന്‍സിപ്പല്‍ ബഹാവുദ്ദീന്‍, സാക്ഷി പറയാനെത്തിയ രാജന്റെ സഹപാഠികളും നാട്ടുകാരും, സഹായസമിതി രൂപീകരിച്ച് കൂടെ നിന്നവരുമടക്കം കേരളീയ സമൂഹമൊന്നാകെ ഈച്ചരവാരിയര്‍ക്കൊപ്പമുണ്ടായിരുന്നു. ''അസുഖകരമായ ഈ കേസിലെ രജതരേഖ'' എന്നാണ് പ്രിന്‍സിപ്പല്‍ ബഹാവുദ്ദീന്‍ നല്‍കിയ സാക്ഷിമൊഴിയെ കോടതി വിശേഷിപ്പിച്ചത്. രാജനേയും ഏതാനും വിദ്യാര്‍ത്ഥികളേയും പിടിച്ചുകൊണ്ടുപോയി എന്നറിഞ്ഞ അദ്ദേഹം വെറുതെയിരുന്നില്ല. പിറ്റേന്നു തന്നെ വീട്ടുകാരെ വിവരമറിയിച്ചു. എന്നിട്ട് കക്കയം ക്യാമ്പിലേക്ക് ജയറാം പടിക്കലിനെ കാണാന്‍ പോയി. സിംഹത്തിന്റെ ഗുഹയിലേക്ക് കയറിപ്പോകുന്നതിന് തുല്യമായിരുന്നു അതെന്നാണ് ഈച്ചരവാരിയര്‍ ആ നടപടിയെ വിശേഷിപ്പിക്കുന്നത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാന്‍ നിര്‍ദ്ദേശിച്ചത് ഈശ്വരയ്യരായിരുന്നു. അന്ന് അത്തരമൊരു ഹര്‍ജിയെക്കുറിച്ച് ആരുമധികം കേട്ടിട്ടില്ല. കേരളത്തിലെ മൂന്നേ മൂന്ന് എം.പിമാരാണ് ഈ കേസില്‍ ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തിയതെന്ന് ഈച്ചരവാരിയര്‍ എഴുതുന്നുണ്ട്. എ.കെ.ജി, പാട്യം രാജന്‍, വി. വിശ്വനാഥ മേനോന്‍ എന്നിവരായിരുന്നു അവര്‍. വളരെ താല്പര്യപൂര്‍വ്വം ഇടപെടുകയും ഇന്ദിരാഗാന്ധിക്ക് കത്തയക്കുകയും ചെയ്ത എ.കെ.ജിക്ക് അതിന്റെ വിസ്ഫോടനാത്മകമായ പരിണാമങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല. ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അദ്ദേഹത്തിന്റെ മരണം.
അടുത്ത പരിചയമുണ്ടായിട്ടും കാരുണ്യം ലേശമില്ലാത്തവരെന്ന് ഈച്ചരവാരിയര്‍ക്ക് ബോദ്ധ്യപ്പെട്ട രണ്ടുപേര്‍ കരുണാകരനും അച്യുതമേനോനുമാണ്. കരുണാകരനെക്കുറിച്ച് ഈച്ചരവാരിയര്‍ പ്രതീക്ഷയൊന്നും പുലര്‍ത്തുന്നില്ല. എന്നാല്‍, അച്യുതമേനോനുവേണ്ടി അദ്ദേഹം ഒരദ്ധ്യായം തന്നെ മാറ്റിവെച്ചു. മറ്റുപല അദ്ധ്യായങ്ങളിലും അച്യുതമേനോനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടി വരുന്നുമുണ്ട്. അവസാന അദ്ധ്യായത്തിലെത്തുമ്പോഴും ആ ഓര്‍മ്മകളാണ് അദ്ദേഹത്തെ ദഹിപ്പിച്ചുകൊണ്ടിരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്‍ക്കട്ടാ തിസീസിന്റെ കാലത്ത് അര്‍ദ്ധരാത്രി തന്നെ വിളിച്ചുണര്‍ത്തിയ ക്ഷീണിച്ചവശനായ മേനോനെ അദ്ദേഹം ഓര്‍ക്കുന്നു. ''തളര്‍ന്ന കണ്ണുകളും ഷേവ് ചെയ്യാത്ത മുഖവും. പക്ഷേ, ആ കണ്ണുകളില്‍നിന്ന് തീക്ഷ്ണവും വിഭ്രമിപ്പിക്കുന്നതുമായ കാരുണ്യം ഇറ്റുവീണുകൊണ്ടിരുന്നു.'' രാജന്റെ തിരോധാനത്തില്‍ ഒരിടപെടലും നടത്താന്‍ അച്യുതമേനോന്‍ തയ്യാറായില്ലെന്നതു മാത്രമല്ല, തന്നെ നിന്ദിക്കാനും ശ്രമിച്ചത് മകന്റെ നഷ്ടത്തോളം വലിയ വ്യാകുലതയായി അവശേഷിച്ചു. എങ്കിലും ''കാരുണ്യം നക്ഷത്രങ്ങളായി പൊഴിഞ്ഞുവീണ ആ കമ്യൂണിസ്റ്റുകാരന്റെ കണ്ണുകളും ഷേവു ചെയ്യാത്ത മുഖവും'' അദ്ദേഹം ചേര്‍ത്തുപിടിക്കുകയാണ്.

കേരളീയരുടെ പൊതുവികാരം വാരിയര്‍ ക്കൊപ്പം നിന്നപ്പോഴും രാജനെ നിന്ദിക്കാനും കരുണാകരനെ ന്യായീകരിക്കാനും ഉത്സാഹിച്ച മാധ്യമങ്ങളുണ്ടായിരുന്നു. 'മലയാള മനോരമ' രാജനെ അധിക്ഷേപിക്കുന്ന ഒരു എഡിറ്റോറിയല്‍ തന്നെ എഴുതി. ഈയിടെ അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പത്രാധിപരായ 'അസാധു'വിന്റെ കാര്യം രസകരമായിരുന്നു. ആദ്യമവര്‍ രാജനെ അനുകൂലിച്ചുകൊണ്ട് എഴുതി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ രാജനെ നിന്ദിച്ചുകൊണ്ടും! 'വീക്ഷണം', 'ജനയുഗം' തുടങ്ങിയവയും അതേ പാത പിന്തുടര്‍ന്നു. എന്നാല്‍, 'മാതൃഭൂമി' പത്രാധിപരായിരുന്ന കെ.പി. കേശവമേനോന്‍ ഇക്കാര്യത്തില്‍ താല്പര്യപൂര്‍വ്വം ഇടപെടുകയും നിസ്സഹായതയ്ക്കിടയിലും അടിയന്തരാവസ്ഥയില്‍ ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് സെന്‍സര്‍ഷിപ്പിന്റെ കണ്ണുവെട്ടിച്ച് ഒരു എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 'കക്കയം ക്യാമ്പ് കഥപറയുന്നു' എന്ന ലേഖന പരമ്പരയിലൂടെ 'ദേശാഭിമാനി'യിലെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് രാജന്‍ സംഭവത്തിന്റെ അന്തര്‍മണ്ഡലമാകെ ജനങ്ങള്‍ക്കു മുന്നില്‍ വെളിവാക്കി.
കരുണാകരനു ശേഷം മുഖ്യമന്ത്രിയായ എ.കെ. ആന്റണിയും രാജന്‍ സംഭവത്തോടും അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളോടും ക്രിയാത്മകമായല്ല പ്രതികരിച്ചത്. കൊലപാതകക്കേസില്‍ പ്രതിഭാഗത്ത് പ്രഗല്‍ഭരായ അഭിഭാഷകരുടെ നിരതന്നെ ഉണ്ടായിരുന്നതിനാല്‍ ഒരു സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അതിനുള്ള ചെലവ് വഹിച്ചുകൊള്ളാമെന്നുമുള്ള ഈച്ചരവാരിയരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അടിയന്തരാവസ്ഥയില്‍ രക്തസാക്ഷിയായ ഒരു 'വില്ലേജ് ഓഫീസ'റുടെ ഭാര്യക്ക് ജോലി കൊടുക്കണമെന്ന അഭ്യര്‍ത്ഥനയും ചെവിക്കൊണ്ടില്ല.2
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലുള്ള വിധിയുടെ തുടര്‍ച്ചയായുള്ള കേസുകള്‍ക്കൊന്നും പ്രതീക്ഷിച്ച ഫലപ്രാപ്തിയുണ്ടായില്ല. കൊലക്കുറ്റം തെളിയിക്കാനാവാത്തതിനാല്‍ വിചാരണ നടന്ന കോയമ്പത്തൂര്‍ കോടതിയില്‍നിന്ന് പ്രതികള്‍ക്കെല്ലാം ലഘുശിക്ഷകളാണ് ലഭിച്ചത്. അപ്പീലില്‍ അതും റദ്ദാക്കപ്പെട്ടു. പ്രതികളായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ തിരിച്ചെത്തുകയും ഉദ്യോഗക്കയറ്റം നേടുകയും വിരമിക്കുകയും ചെയ്തു. കരുണാകരന്‍ വീണ്ടും സംസ്ഥാന മുഖ്യമന്ത്രിയായി. കേരളത്തില്‍ നക്സലൈറ്റുകളെ ഇല്ലായ്മ ചെയ്തത് തന്റെ ഭരണമികവായി അദ്ദേഹം പറഞ്ഞുനടന്നു. കോടതി വിധിച്ച നഷ്ടപരിഹാരത്തുക അന്നത്തെ നായനാര്‍ സര്‍ക്കാര്‍ ഈച്ചരവാരിയര്‍ക്കു ഉടനടി നല്‍കിയതിനാല്‍ പ്രസ്തുത തുക ഉപയോഗിച്ചുകൊണ്ടാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജന്റെ സ്മാരകമായി ഒരു വാര്‍ഡ് നിര്‍മ്മിക്കപ്പെട്ടു.
രാജന്‍ സംഭവത്തില്‍ പലരീതിയില്‍ ഇടപെട്ടവരും പരാമര്‍ശിക്കപ്പെട്ടവരുമായവരില്‍ ഏതാണ്ടെല്ലാവരും ഓര്‍മ്മയായിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും അവരുയര്‍ത്തിവിട്ട വിക്ഷോഭ ങ്ങളുടെ അലകള്‍ പരോക്ഷമായെങ്കിലും കേരളസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.

3
ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്‌കാരം ''അതു യഥാര്‍ത്ഥത്തില്‍ എങ്ങനെയായിരുന്നു'' എന്ന കണ്ടെത്തലല്ല, മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തില്‍ മിന്നിമറയുന്ന ഒരോര്‍മ്മയെ കയ്യെത്തിപ്പിടിക്കലാണ് എന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറയുന്നുണ്ട്.
രാജന്‍ സംഭവം കഴിഞ്ഞ് 12 വര്‍ഷങ്ങളാകുമ്പോഴാണ് 'പിറവി' (1988) എന്ന സിനിമ പുറത്തിറങ്ങുന്നത്. രാജന്‍ സംഭവത്തിന്റെ ദൃശ്യാഖ്യാനമെന്ന രീതിയിലാണ് 'പിറവി'യെ മലയാളി പ്രേക്ഷകര്‍ കണ്ടത്. അതേസമയം മലയാളികളുടെ ബോധതലത്തില്‍ അപ്പോഴും ജ്വലിച്ചുനില്‍ക്കുന്ന ഒരു ഓര്‍മ്മയുടെ രാഷ്ട്രീയസത്തയെ നിരാകരിക്കുന്നതാണ് സിനിമയെന്ന് പലരും കരുതി. കാണാതായ മകനെത്തേടിയുള്ള ഒരു പിതാവിന്റെ അന്വേഷണങ്ങളിലായിരുന്നു സിനിമയുടെ ഊന്നല്‍. രാഷ്ട്രീയബന്ധങ്ങളും കാലവുമെല്ലാം സിനിമയ്ക്കു പുറത്തായിരുന്നു. 1988-ലെ സര്‍ക്കാര്‍ കലണ്ടര്‍ ചുവരിലുണ്ടെങ്കിലും സിനിമയിലെ സ്ഥലകാലങ്ങള്‍ അതിനും പുറകിലാണ്. ദേശീയ അന്തര്‍ദ്ദേശീയ രംഗങ്ങളില്‍ സിനിമയ്ക്ക് വലിയ അംഗീകാരങ്ങള്‍ നേടാനായി. എന്നാല്‍, ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പിറവിക്ക് മികച്ച നടനുള്ള അവാര്‍ഡ് മാത്രമാണ് ലഭിച്ചത്.3 സിനിമയുടെ ആഖ്യാനവും രാഘവചാക്യാരെ അവതരിപ്പിച്ച പ്രേംജിയുടെ അഭിനയമികവും പിറവിയെ സ്ഥലകാലമുക്തമായ സൗന്ദര്യാനുഭവമാക്കി. അത് വിദേശീയരും അന്യഭാഷക്കാരുമായ പ്രേക്ഷകരേയും ജൂറികളേയും ആകര്‍ഷിച്ചു. രാജന്‍ സംഭവത്തെക്കുറിച്ച് നിരക്ഷരനായ ഏതൊരാള്‍ക്കും ആ സിനിമ വേറൊരു രീതിയില്‍ കാണാനാവും. എന്നാല്‍, ആ കാലത്തിലൂടെ കടന്നുവന്ന വലിയൊരു വിഭാഗം മലയാളി പ്രേക്ഷകര്‍ക്ക് തങ്ങളുടെ സമീപ ഭൂതകാലം അതില്‍ കണ്ടെത്താനായില്ല.4
സിനിമയില്‍ രാഘവചാക്യാരെ (ഈച്ചരവാരിയര്‍) അവതരിപ്പിച്ചത് പ്രേംജിയാണ്. ആ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മറ്റു കഥാപാത്രങ്ങളുടെ അസ്തിത്വവും പ്രതിനിധാനവും നാം കണ്ടെത്തുന്നത്. പ്രേംജി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പിതൃബിംബവും ഈച്ചരവാരിയരുമായുള്ള സാമ്യവുമെല്ലാം ചേര്‍ത്തുവെച്ചുകൊണ്ടാണ് മലയാളി പ്രേക്ഷകര്‍ രാജന്റെ ചരിത്രത്തിലേക്ക് പ്രവേശിക്കുന്നത്. മലയാളി കണ്ട പിതൃബിംബമായിരിക്കില്ല ഇതര പ്രേക്ഷകര്‍ കണ്ടത്.
പെയ്യാന്‍ പോകുന്ന മഴയുടെ അന്തരീക്ഷത്തില്‍ തുടങ്ങി തോരാമഴയില്‍ അവസാനിക്കുന്നതാണ് സിനിമയുടെ ആഖ്യാനം. സിനിമയുടെ ആരംഭത്തിലുള്ള ഉപനിഷല്‍സൂക്തങ്ങള്‍ ഒരച്ഛന്‍ തന്നെയാകമാനം മകനു കൈമാറുന്നതിനെക്കുറിച്ചാണ്. പുഴയാല്‍ ചുറ്റപ്പെട്ട് വല്ലപ്പോഴുമെത്തുന്ന ബസ് കാത്തിരിക്കുന്ന നാടും വായനശാലയും പ്രൈമറിസ്‌കൂളും തോണിക്കാരനുമെല്ലാം ചേര്‍ന്ന പ്രാചീന ഗ്രാമം പുറംലോകവുമായുള്ള ബന്ധം പരിമിതമാക്കുകയും രാഘവചാക്യാരുടെ ദുരന്തത്തിന് തീവ്രതയേറ്റുകയും ചെയ്യുന്നു. പുറംലോകവുമായുള്ള കണ്ണിയാണ് രഘു. എന്‍ജിനീയറിംഗിനു പഠിക്കുന്ന മകന്‍ വന്നിട്ടുവേണം രോഗിയായ അമ്മയുടെ ഓപ്പറേഷന്‍ നടത്താന്‍. അമ്മയ്ക്കുള്ള മരുന്നും രഘു വരുമ്പോള്‍ കൊണ്ടുവരും. രഘു തോണിക്കാരന് കാലിലെ ആണിക്കുള്ള മരുന്നു കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്. രഘുവും അമ്മയുമൊരുമിച്ചിരുന്ന് പാട്ടുകള്‍ പാടും. കോളേജില്‍ മന്ത്രിയെ കളിയാക്കുന്ന പാട്ടുപാടിയതാണ് സ്പെഷ്യല്‍ ബ്രാഞ്ചുകാര്‍ അവനെ പിടിച്ചുകൊണ്ടുപോകാനുള്ള കാരണമെന്ന് പറയപ്പെടുന്നു. പത്രത്തില്‍ വന്ന വാര്‍ത്ത ചാക്യാരും കണ്ടിട്ടുണ്ടെങ്കിലും അത് വീട്ടുകാരെ അറിയിക്കാനുള്ള ധൈര്യമില്ലാതെ കഴിയുകയാണ്.

യാത്രയുടേയും കാത്തിരിപ്പിന്റേയും പ്രതീകങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. അവയ്ക്കുമേല്‍ അനാദിയായ മഴ നിരന്തരം പെയ്യുന്നു. പൊലീസും മന്ത്രിയുമടക്കം എല്ലാവരും വിധിയുടെ പ്രതീകങ്ങളാവുന്നു. മരണത്തിന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിക്കൊണ്ട് നിരന്തരം കാലന്‍ കോഴിയുടെ ശബ്ദം മുഴങ്ങുന്നു. മകനെത്തേടിയുള്ള അവസാനിക്കാത്ത കാത്തിരിപ്പ് അതിരു നിശ്ചയിക്കാത്ത പ്രമേയമാണ്.
4
'പിറവി' രാജന്‍ സംഭവത്തിന്റെ സമ്പൂര്‍ണ്ണമായ ആഖ്യാനമല്ലെങ്കിലും ഈച്ചരവാരിയരുടെ ശരീരത്തേയും ചിന്തയേയും അത് പിന്തുടരുന്നുണ്ട്. (പ്രേംജിയുടെ ആവശ്യപ്രകാരം 'പിറവി' കണ്ട ഈച്ചരവാരിയര്‍ ഒരച്ഛന്റെ മനോവിഷമം ശരിക്കും അഭിനയിച്ചുകാണിക്കാന്‍ പ്രേംജിക്കായി എന്നു പറഞ്ഞു).
'പിറവി' പുറത്തിറങ്ങുന്ന കാലത്ത് പത്രറിപ്പോര്‍ട്ടുകളും കോടതിവിധികളും വാമൊഴിക്കഥകളുമാണ് രാജനെക്കുറിച്ചുള്ള ആഖ്യാനങ്ങളായി നിലവിലുണ്ടായിരുന്നത്. അതിനുശേഷമാണ് ഈച്ചരവാരിയരുടെ ഓര്‍മ്മക്കുറിപ്പുകള്‍ (2003) പുറത്തിറങ്ങുന്നത്. ഓര്‍മ്മക്കുറിപ്പുകളിലെ അവിരാമമായ കാത്തിരിപ്പ്, നിരന്തരം പെയ്യുന്ന മഴ എന്നിവയുടെ കാവ്യാത്മക വിവരണങ്ങള്‍ ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത് സിനിമയോടാണ്. 'കരുതിവെച്ച ഒരിലച്ചോറ്' എന്ന അദ്ധ്യായത്തോടെ ആരംഭിക്കുന്ന ഓര്‍മ്മകള്‍ മഴയില്‍ മുങ്ങിപ്പോകുന്ന തന്നെക്കുറിച്ചുള്ള പരാമര്‍ശത്തോടെ സമാപിക്കുന്നു. ഇതിനിടയ്ക്ക് കല്‍ക്കട്ട തിസ്സീസ് കാലത്ത് അച്യുതമേനോനും മറ്റു കമ്യൂണിസ്റ്റുകാരും നനഞ്ഞ മഴയടക്കം പലതരം മഴകള്‍ കടന്നുവരുന്നു. സിനിമയിലുള്ളതും ഇവ തന്നെയാണ്: ഈച്ചരവാരിയര്‍ എന്ന പിതൃബിംബവും കാത്തിരിപ്പും മഴയും. ഈച്ചരവാരിയര്‍ രേഖപ്പെടുത്തും മുന്‍പേ ആ മഴ സിനിമയില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നു. എന്നാലതില്‍ കമ്യൂണിസ്റ്റുകാര്‍ നനഞ്ഞ മഴയില്ല. സിനിമയില്‍ കൈമോശം സംഭവിച്ച മറ്റൊന്ന് ഈച്ചരവാരിയര്‍ക്കൊപ്പം നിന്ന കേരളീയ മനസ്സാക്ഷിയുടെ സാന്നിദ്ധ്യമാണ്. രാഘവചാക്യാരുടെ ഏകാന്തതയും ഒറ്റപ്പെടലും അന്യാദൃശമാക്കാന്‍ സമൂഹത്തെ ഏറെക്കുറെ മാറ്റിനിര്‍ത്തുകയാണ് സിനിമ ചെയ്തത്. കൂടെനിന്ന ജനസഞ്ചയമാണ് യഥാര്‍ത്ഥത്തില്‍ ഈച്ചരവാരിയരെ സൃഷ്ടിച്ചത്. ഇടയ്ക്കിടെ നിസ്സഹായനാവുന്നുണ്ടെങ്കിലും സിനിമയിലെപ്പോലെ തീര്‍ത്തും ഒറ്റപ്പെട്ടു പോയിട്ടില്ല അദ്ദേഹം.

മലയാളികളുടെ ഓര്‍മ്മകളിലേക്ക് അവരറിയാതെ സന്ദര്‍ശനത്തിനെത്തുന്ന ഭൂതസഞ്ചയമാണ് അടിയന്തരാവസ്ഥയും രാജനും ഈച്ചരവാരിയരുമെല്ലാം. ജനങ്ങള്‍ അടിയന്തരാവസ്ഥയെ മറന്നിരിക്കുന്നുവെന്നും അതൊരു വലിയ വിപത്താണെന്നും അടിയന്തരാവസ്ഥയുടെ കറുത്ത കൈകള്‍ നശിച്ചിട്ടില്ല, അവ മാളത്തില്‍ പത്തിതാഴ്ത്തി ഇരിപ്പാണെന്നും ഈച്ചരവാരിയര്‍ ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ എഴുതിയത് ദീര്‍ഘദൃഷ്ടിയോടെയായിരുന്നു. അടിയന്തരാവസ്ഥ ഓര്‍മ്മയില്‍ നിരന്തരം സൂക്ഷിക്കപ്പെടേണ്ട കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഈച്ചരവാരിയര്‍ പല ആഖ്യാനരൂപങ്ങളായി അതില്‍ നിറഞ്ഞുനില്‍ക്കും. ചരിത്രത്തിന് പല അടരുകളുണ്ട്. നാസി കൂട്ടക്കൊല സംബന്ധിച്ച എണ്ണമറ്റ ആഖ്യാനങ്ങള്‍ ഇതിനുദാഹരണമാണ്. ഹോളോകാസ്റ്റിന് ശേഷം ജൂതസമൂഹം സ്വീകരിച്ച നിലപാടുകളിലൊന്ന് ''ഒരിക്കലും മറക്കാതിരിക്കുക'' എന്നതായിരുന്നു. കക്കയം ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ നാസി ക്യാമ്പിനെക്കുറിച്ച് ഈച്ചരവാരിയരും ഓര്‍ക്കുന്നുണ്ട്.
ഒച്ചയും കാഴ്ചകളും രേഖപ്പെടുത്തിവെയ്ക്കാനുള്ള സംവിധാനങ്ങള്‍ വ്യാപകമാവുന്നതിനും അതൊരു ശീലമാവുന്നതിനും മുന്‍പുള്ള അനലോഗ് കാലത്താണ് രാജന്‍ ജീവിച്ചുമരിച്ചത്. മഴപൊഴിയുന്ന രാത്രിയില്‍ രാജന്റെ കാസറ്റിലാക്കിയ പാട്ടുകളില്‍ ചിലത് വിലകുറഞ്ഞ ടേപ്പ് റെക്കോര്‍ഡറിലിട്ട് ഈച്ചരവാരിയര്‍ കേള്‍ക്കുമായിരുന്നു. വിഷാദം മുറ്റിയ ഒരു ഗാനമായി രാജന്‍ അദ്ദേഹത്തോട് സംവദിച്ചിരുന്നു.
കുറിപ്പുകള്‍:
1. കെ. വേണുവിന്റെ നേതൃത്വത്തില്‍ നടന്ന നക്സലൈറ്റ് ആക്ഷനായിരുന്നു കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണം. അതിനെത്തുടര്‍ന്നാണ് കക്കയം ക്യാമ്പ് സ്ഥാപിക്കപ്പെട്ടതും സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന രാജനടക്കമുള്ളവര്‍ പീഡനങ്ങള്‍ക്കിരയായതും. വേണ്ടത്ര ആസൂത്രണമോ പഠനങ്ങളോ കൂടാതെ നക്സലൈറ്റ് പ്രസ്ഥാനം നടപ്പാക്കിയ ആക്ഷനുകളിലൊന്നായിരുന്നു അതെന്ന് അതിന്റെ കമാണ്ടറായിരുന്ന കെ. വേണു തന്നെ പിന്നീട് വിമര്‍ശനം നടത്തുകയുണ്ടായി. ജയറാം പടിക്കലിനെ കൊലപ്പെടുത്താനുള്ള പ്ലാന്‍ ഇതിലേറെ രസകരമായിരുന്നു. ചെറിയ കന്മഴുകൊണ്ട് വെട്ടിക്കൊല്ലാനായിരുന്നു പരിപാടി. വധിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന് കൊച്ചിയിലെത്തിയ അമേരിക്കയിലെ ഇടതുപക്ഷനേതാവായ വനിതയെ സ്വീകരിക്കാന്‍ പോകേണ്ടിവന്നതിനാല്‍ അത് നടന്നതുമില്ല. ഇതിന്റെയെല്ലാം അനന്തരഫലമായ പൊലീസ് ഭീകരതയ്ക്കിരയായതാകട്ടെ, നക്സലൈറ്റുകള്‍ മാത്രമായിരുന്നില്ല. (ഇന്ത്യാ ടുഡേ/ ജൂലായ് 6-20, 1995)
2. അങ്ങാടിപ്പുറം ബാലകൃഷ്ണനാണ് ഈ ഉദ്യോ ഗസ്ഥന്‍. സര്‍വ്വേ വകുപ്പിലെ ജീവനക്കാരനാ യിരുന്ന ബാലകൃഷ്ണനും കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലാവുന്നത്. അറസ്റ്റ്‌ചെയ്തു കൊണ്ടുപോകുമ്പോള്‍ ജീപ്പില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ കന്നാസ് തട്ടിമറിച്ചിട്ട് തീകൊടുക്കുകയും കൂടെയുള്ള ഡി.വൈ.എസ്.പിയെ ചേര്‍ത്തു പിടിക്കുകയും ഇരുവരും അഗ്‌നിക്കിരയാവുകയും ചെയ്തു. ബാലകൃഷ്ണന്റെ ഭാര്യ ദേവകിക്ക് നീണ്ട പരിശ്രമങ്ങള്‍ ക്കൊടുവില്‍ ആശ്രിതനിയമനവ്യവസ്ഥയില്‍ ജോലി ലഭിച്ചു. പൊന്നാനി ബ്ലോക്ക് ഗവ. ഓഫീസില്‍ ജോലി ചെയ്തിരുന്ന ദേവകി സര്‍വ്വീസിലിരിക്കെയാണ് മരിച്ചത്. സത്യന്‍ ഒഡേസ്സ സംവിധാനം ചെയ്ത 'അഗ്‌നിരേഖ' അങ്ങാടിപ്പുറം ബാലകൃഷ്ണനെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. രാജന്റെ കുടുംബം അനുഭവിച്ചതിലും വലിയ യാതനകളിലൂടെയാണ് ദേവകിയും കുട്ടികളും കടന്നുപോയത്.
3. കാന്‍ ഫെസ്റ്റിവലില്‍ പാം ഡി ഓര്‍, ദേശീയതലത്തില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, ശബ്ദലേഖകന്‍ എന്നീ അവാര്‍ഡുകള്‍ 'പിറവി'ക്ക് ലഭിച്ചു. സംസ്ഥാനത്ത് 'ഒരേ തൂവല്‍ പക്ഷികള്‍' (രവീന്ദ്രന്‍) ആയിരുന്നു മികച്ച ചിത്രം. കെ.പി. കുമാരന്‍ (രുഗ്മിണി) മികച്ച സംവിധായകനുമായി.
4.'പിറവി'ക്കു സമാനമായ അനുഭവഘടനയുള്ള ഒരു സിനിമയാണ് അടുത്ത കാലത്ത് പുറത്തിറങ്ങിയ 'മായിഘട്ട്: ക്രൈം നം. 103/2005' (സംവിധാനം: ആനന്ദ് മഹാദേവന്‍). പൊലീസ് സ്റ്റേഷനില്‍വെച്ച് ഉരുട്ടിക്കൊലയ്ക്ക് വിധേയനായ മലയാളിയായ ഉദയകുമാറിനെക്കുറിച്ചുള്ള പ്രസ്തുത ചിത്രം മറാത്തിഭാഷയിലാണ്. വ്യത്യസ്തമായ സ്ഥലകാലങ്ങളിലും സാമൂഹ്യസന്ദര്‍ഭങ്ങളിലും ആവിഷ്‌കരിക്കപ്പെട്ട സിനിമയില്‍ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ നേരിട്ടു പ്രത്യക്ഷപ്പെടുന്നുണ്ട്. ഈച്ചരവാരിയര്‍ നടത്തിയ പോരാട്ടങ്ങള്‍ക്കു സമാനമായിരുന്നു പ്രഭാവതിയമ്മയുടേതും. സിനിമയിലും ജീവിതത്തിലും പൊലീസ് ഭീകരതയ്ക്കെതിരായ നിയമയുദ്ധത്തില്‍ അവര്‍ വിജയം നേടി.